സുനില്‍ പി. ഇളയിടം എന്ന ഇടത് ബുദ്ധിജീവിയുടെ അധാര്‍മ്മികതയും സത്യസന്ധതയില്ലായ്മയും സാംസ്‌കാരിക ഹീനതയും തുറന്നുകാട്ടുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നത് കേരളത്തിലെ പൊതു മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചു. ഇടത് സാംസ്‌കാരിക നായകരുടെ അപ്പോസ്തലനായി സ്വയം അവരോധിക്കാന്‍ ശ്രമിച്ച ഇളയിടം ചൊറിയന്‍പുഴുവിനേക്കാള്‍ അറപ്പുണ്ടാക്കുന്ന ഒരു നികൃഷ്ടജീവിയാണെന്ന് സംസ്‌കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കി. ഒരു ജനാധിപത്യ ഭരണസംവിധാനത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണത അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഒരു ആരോപണം പോലും ഉണ്ടാകാതെ അധികാരത്തിന്റെ ഇടനാഴിയിലൂടെ അല്പം പോലും ചെളി പറ്റാതെ നടന്നുനീങ്ങിയവരുണ്ട്. സി. അച്യുതമേനോനെ കുറിച്ച് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബു പോള്‍ എഴുതിയിരുന്നു; അധികാരത്തിന്റെ ഇടനാഴിയില്‍ മാര്‍ജ്ജാരപാദനായാണ് അദ്ദേഹം നടന്നുനീങ്ങിയതെന്ന്. നിയമനങ്ങളിലെ അഴിമതി നേരത്തെയും ഉണ്ടായിട്ടുണ്ട്. സി പി എം നേതാവായിരുന്ന ഇമ്പിച്ചിബാവ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ചാര്‍മിനാറിന്റെ കവറില്‍ പോലും നിയമന ഉത്തരവ് കൊടുത്തുവെന്ന് അതിശയോക്തിപരമായെങ്കിലും പറഞ്ഞത് അന്നത്തെ അഴിമതിയുടെ ഊക്ക് കാട്ടാനായിരുന്നു. സി. എച്ച്. മുഹമ്മദ്‌കോയ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴും ഇതേപോലെ രസകരമായ ആരോപണം ഉയര്‍ന്നിരുന്നു. കുട നന്നാക്കുന്ന കോയമാരെ മുഴുവന്‍ അറബി അദ്ധ്യാപകരായി നിയമിച്ചതുകൊണ്ട് കേരളത്തില്‍ കുട നന്നാക്കാന്‍ ആളെ കിട്ടാതായെന്ന് നിയമസഭയിലാണ് ആരോപണം ഉയര്‍ന്നത്. ഔപചാരിക വിദ്യാഭ്യാസമില്ലാതെ മഹല്ലിലും മദ്രസയിലും ഓത്ത് പഠിച്ച് നടന്നവരെ മുഴുവന്‍ അദ്ധ്യാപകരാക്കിയത് അന്നായിരുന്നു.
ഇപ്പോള്‍ വീണ്ടും സര്‍വ്വകലാശാലകളിലെ പിന്‍വാതില്‍ നിയമനം സജീവ ചര്‍ച്ചാവിഷയമാവുകയാണ്. പ്രമുഖ സി പി എം നേതാക്കളുടെ ബന്ധുക്കളാണ് നിയമനം ലഭിച്ചവരില്‍ ഏറെയും. യോഗ്യതയില്ലാത്തവരും കുറഞ്ഞ യോഗ്യതയുള്ളവരും, മികച്ച യോഗ്യതയുള്ളവരെയും സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെയും പിന്‍തള്ളി രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം സര്‍വ്വകലാശാലകളിലും മറ്റ് ഉന്നത തസ്തികകളിലും നിയമനം നേടുന്നത് യോഗ്യതയുള്ളവര്‍ കണ്ണീരോടെ കണ്ടുനില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി നിയമനം നേടിയത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. കോളേജ് അദ്ധ്യാപന പരിചയവും പബ്ലിക്കേഷനും ഒക്കെയുള്ളവരെ പുറംതള്ളി ഹൈസ്‌ക്കൂള്‍ അദ്ധ്യാപിക മാത്രമായിരുന്ന നിനിതയെ നിയമിച്ചത് തങ്ങളുടെ ശുപാര്‍ശ കാറ്റില്‍ പറത്തിയാണെന്ന് വിഷയവിദഗ്ദ്ധര്‍ പരസ്യമായി പറഞ്ഞതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. തങ്ങള്‍ മാര്‍ക്ക് കൊടുക്കാത്ത ആളിന് ഒന്നാംറാങ്ക് കിട്ടിയത് വൈസ്ചാന്‍സലറുടെ നേതൃത്വത്തില്‍ നടത്തിയ ക്രമക്കേടാണെന്ന് അവര്‍ തുറന്നടിച്ചു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം സി പി എമ്മും ഇടതുപക്ഷവും നടത്തുന്ന ഈ നഗ്നമായ അഴിമതിയും പക്ഷപാതവുമാണ്. നിനിതയ്ക്കു പിന്നാലെ മുന്‍ എം പി പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്‍ കേരളാ സര്‍വ്വകലാശാലയിലും ഡി വൈ എഫ് ഐ നേതാവ് എ.എ. റഹീമിന്റെ സഹോദരി ഷീജ സ്‌കോള്‍ കേരളയിലും കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ ആയും മുന്‍ എം പി പി. രാജീവിന്റെ ഭാര്യ വാണി കേസരി കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ഡയറക്ടറായും എ. എന്‍. ഷംസീര്‍ എം എല്‍ എയുടെ ഭാര്യ സഹല കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായതും രാഷ്ട്രീയത്തിന്റെ വഴിക്കുതന്നെയായിരുന്നു. സഹലയുടെ നിയമനം പിന്നീട് കോടതി തടഞ്ഞു. കലിക്കറ്റ് സര്‍വ്വകലാശാലയിലും സഹല അപേക്ഷകയായി ഉണ്ടായിരുന്നെങ്കിലും വന്‍ ജനരോഷവും പ്രക്ഷോഭവും ഭയന്ന് തിരുകിക്കയറ്റാന്‍ തയ്യാറായില്ല.
കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഈ ഉദാരമായ നിയമന സോഷ്യലിസം നടപ്പിലാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാനാകില്ല. ഒരുപക്ഷേ, കേരളത്തിലെ ഒരു മികച്ച ഭരണാധികാരി ആകേണ്ടിയിരുന്ന പിണറായി വിജയന്‍ ചരിത്രത്തിലെ ഏറ്റവും പ രാജയപ്പെട്ട മുഖ്യമന്ത്രിയാകാനുള്ള കാരണവും നിയമന വിവാദവും പിന്‍വാതില്‍ നിയമനവും തിരുകിക്കയറ്റലും പിന്നെ അഴിമതിയും ഒക്കെത്തന്നെയാണ്. സരിതയ്ക്ക് പകരം അതിനേക്കാള്‍ വലിയ സ്വപ്‌നയും പിന്നെ സ്വര്‍ണ്ണക്കടത്തും സ്വപ്‌നയുടെ നിയമനവും ഒക്കെ വേറെയും. എല്ലാ സി പി എം മുന്‍ എം പിമാരുടെയും എം എല്‍ എമാരുടെയും കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സ്ഥലമാണോ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസരംഗവും? ഇരട്ടച്ചങ്കനാണെന്നും എല്ലാം മാറ്റും എല്ലാം ശരിയാക്കും എന്നൊക്കെ പറഞ്ഞുവന്നിട്ട് നാടോടിക്കാറ്റിലെ പവനായിയെ പോലെ മാറിയ പിണറായിയെ കാണുമ്പോള്‍ ഇന്ന് മലയാളികളുടെ മനസ്സില്‍ ഉയരുന്ന ചിരി സഹതാപത്തിന്റേതാണോ പരിഹാസത്തിന്റേതാണോ എന്ന് തിരിച്ചറിയാനാവുന്നില്ല.
കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമന വിവാദം അതിശക്തമായപ്പോഴാണ് വ്യാസനെയും ബുദ്ധനെയും തിരുത്തുന്ന മഹാപണ്ഡിതനെന്ന് ഇടതുപക്ഷം വാഴ്ത്തുന്ന, ധര്‍മ്മപുത്രരുടെ ധാര്‍മ്മികതയിലെ നേരിയ പിഴവ് പോലും ചൂണ്ടിക്കാട്ടുന്ന സാംസ്‌കാരിക നായകന്‍, ബഹുമുഖ പ്രതിഭ ഒക്കെയായ സുനില്‍ പി. ഇളയിടത്തിന്റെ നിയമനത്തിലെ പിന്നാമ്പുറക്കഥകള്‍ പുറത്തുവന്നത്. ഇടതു സഹയാത്രികനാണെങ്കിലും സത്യത്തിനു വേണ്ടി നിലപാടെടുക്കുന്ന അഡ്വ. എ. ജയശങ്കര്‍ വീഡിയോയിലൂടെ പുറത്തുവിട്ടത് സാമൂഹ്യമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയായി. ഇളയിടം അടക്കമുള്ള സി പി എമ്മുകാരുടെ തൊലിക്കട്ടി കാണ്ടാമൃഗത്തെയും വെല്ലുന്നതായതുകൊണ്ട് ഒരക്ഷരം മിണ്ടിയിട്ടില്ല. അഭിമാനബോധമുള്ള മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ജോലി രാജിവെയ്ക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമായിരുന്നു. 1997 ലാണ് കാലടി യൂണിവേഴ്‌സിറ്റിയില്‍ സുനില്‍ പി. ഇളയിടം നിയമനത്തിന് അപേക്ഷിച്ചത്. 211 പേരായിരുന്നു അപേക്ഷകര്‍. അപേക്ഷിച്ചവരില്‍ പകുതിയും അദ്ധ്യാപന പരിചയം ഉള്ളവരും ഡോക്ടറേറ്റ് നേടിയവരുമായിരുന്നു. പക്ഷേ, ഉന്നത യോഗ്യതയുള്ളവരെ മുഴുവന്‍ ഒഴിവാക്കി ഡോക്ടറേറ്റ് പോലും ഇല്ലാത്തവരെയാണ് നിയമിച്ചത്. നിയമനം കിട്ടിയ ആറുപേരുടെയും അഭിമുഖത്തിലെ മാര്‍ക്കടക്കം ഇപ്പോള്‍ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നു.
ഒരുപക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖരായ പണ്ഡിതരും ധര്‍മ്മാചരണം ജീവിതവ്രതമാണെന്ന് നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്ത ശകുനികളായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. വൈസ്ചാന്‍സലര്‍ ഡോ. എന്‍.പി. ഉണ്ണി, പ്രിന്‍സിപ്പള്‍ ഡീന്‍ ഡോ.എന്‍. വി. പി. ഉണിത്തിരി, വകുപ്പുമേധാവി ഡോ. സ്‌കറിയ സക്കറിയ, സിന്‍ഡിക്കേറ്റ് അംഗം ഡോ. ശരത്ചന്ദ്രന്‍, വിഷയവിദഗ്ദ്ധര്‍ ഡോ. ഒ. എം. അനുജന്‍, ഡോ. കെ.എം. പ്രഭാകര വാര്യര്‍ ഇവരെല്ലാം കേരളത്തിലെ, മലയാള സാഹിത്യത്തിലെ എണ്ണംപറഞ്ഞവരാണ്. മൂല്യബോധമില്ലാത്ത, ധാര്‍മ്മികതയില്ലാത്ത, സത്യസന്ധതയില്ലാത്ത വെറും ഏഴാംകൂലികളായിരുന്നു ഇവരെന്ന് ഇന്റര്‍വ്യൂവിന്റെ മാര്‍ക്കുകള്‍ കണ്ടാല്‍ മനസ്സിലാകും. നിയമനം ലഭിച്ച പ്രതിഭകള്‍ ഇവരൊക്കെയായിരുന്നു.
ഷംസാദ് ഹുസൈന്‍ കെ.ടി.- യോഗ്യത നെറ്റ് മാത്രം. ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്ക് 150 ല്‍ 126.
സന്തോഷ് എച്ച്.കെ. – യോഗ്യത നെറ്റ് മാത്രം. ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 126.
സുനില്‍ പി. ഇളയിടം – യോഗ്യത ജെ ആര്‍ എഫും നെറ്റും. ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 132.
ബിച്ചു മലയില്‍ – യോഗ്യത എം ഫില്‍ മാത്രം. ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 120.
തോമസ് താമരശ്ശേരി – യോഗ്യത എം ഫില്‍ മാത്രം. ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 60
സജിത കെ.ആര്‍. -യോഗ്യത നെറ്റ് മാത്രം. ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 120. സജിത കെ.ആര്‍. അഭിമുഖത്തിന് എത്തുമ്പോള്‍ ഡോ. സ്‌കറിയ സക്കറിയയുടെ കീഴില്‍ ഗവേഷണം നടത്തുകയായിരുന്നു. മരപ്പൊട്ടന്മാരുടെ സംസ്ഥാന സമ്മേളനമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് എന്ന് തെളിയുന്നത് ഒഴിവാക്കിയവരുടെ പട്ടിക കാണുമ്പോഴാണ്. ഡോ. കെ.എം. അനില്‍ (ഇന്റര്‍വ്യൂ മാര്‍ക്ക് 150 ല്‍ 46) ഡോ. പി. ആന്റണി (150/54), ഡോ. കെ.എം. ഭരതന്‍ (150/48), ഡോ.സി.ജെ. ജോര്‍ജ്ജ് (150/42), ഡോ. പി.എം. ഗിരീഷ് (150/48), ഡോ. പി.എസ്. ജ്യോതിലക്ഷ്മി (150 ല്‍ 48), ഡോ പി.കെ. കുശലകുമാരി (150/30), ഡോ. നുജും എ. (150/30), ഡോ. പി.കെ. രാജശേഖരന്‍ (150/36), കെ. ആര്‍. ടോണി (150/47), ഡോ. ഉമര്‍ തറമേല്‍ (150/24), ഡോ. കെ. വീരാന്‍കുട്ടി (150/48) ഇങ്ങനെയായിരുന്നു പുറത്തായവരുടെ മാര്‍ക്ക് നില. ഈ പ്രഗത്ഭനായ വൈസ് ചാന്‍സലറും ഡീനും അടക്കം മൂന്നും നാലും മാര്‍ക്ക് വീതം കൊടുത്ത് ഒഴിവാക്കിയ ഡോ.പി.കെ. രാജശേഖരന്‍ അടക്കമുള്ള കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും സാഹിത്യവിമര്‍ശകരും ഉള്‍പ്പെട്ടവരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുനില്‍ പി. ഇളയിടത്തിന് ഉണ്ടോ? സി പി എമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കി കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്ക് പട്ടിക തയ്യാറാക്കിയത് എന്നാണ് അഡ്വ. എ. ജയശങ്കര്‍ പറയുന്നത്. പാര്‍ട്ടിയിലെ വിടുപണിക്കാര്‍ക്കും അരിവെപ്പുകാര്‍ക്കും പാര്‍ട്ടി പത്രക്കാര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതാണോ സര്‍വ്വകലാശാലാ നിയമനങ്ങള്‍?
എന്നിട്ടും സുനില്‍ പി. ഇളയിടം കേരളസമൂഹത്തിനോട് ധാര്‍മ്മികതയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയാണ്. ധര്‍മ്മപുത്രരുടെ ധാര്‍മ്മിക വ്യതിചലനത്തെ കുറിച്ചും ബുദ്ധന്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ കുറിച്ചും ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍ വൈദികസങ്കല്പത്തേക്കാള്‍ ഈശ്വരനിഷേധത്തോടാണ് അടുത്തു നില്‍ക്കുന്നതെന്നുമൊക്കെ അദ്ദേഹം പ്രഖ്യാപിക്കുന്നു. സൂര്യന് കീഴിലുള്ള സകലതിനെയും ദോഷൈകദൃക്കിനെ പോലെ കാണുന്ന, എല്ലാറ്റിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള, എല്ലാവരെയും ധാര്‍മ്മികത പഠിപ്പിക്കാനുള്ള ഗുരുഭൂതനാണ് താനെന്ന് അവകാശപ്പെടുന്ന സുനില്‍ പി. ഇളയിടം ഇത്ര കുടിലബുദ്ധിയും സംസ്‌കാര ഹീനനും തന്‍കാര്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പാഴ്ജന്മവുമാണെന്ന് വിവരാവകാശ രേഖകള്‍ കൊണ്ടുവന്ന വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ഇനി മലയാളികളെ ധര്‍മ്മവും സംസ്‌കാരവും പഠിപ്പിക്കാന്‍ ഇളയിടം വരരുത്. പാര്‍ട്ടിക്ക് വാലാട്ടുന്നതിന് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നല്‍കിയ അക്ഷരശ്രീ പുരസ്‌കാരം പണ്ട് ജി. സുധാകരന്‍ പറഞ്ഞതുപോലെ നായയുടെ കഴുത്തില്‍ തൂക്കിയിടുന്നതായിരുന്നു ഇതിലും ഭേദം.