ദ്വാരകവാസികള്‍ അടുത്ത ദിവസം നേരത്തേ ഉണര്‍ന്നതുപോലെ തോന്നി. ഒരു യുവാവിനെ കാണാതായിരിക്കയല്ലേ? അവര്‍ അവിടവിടെ കൂട്ടംകൂടി സ്വകാര്യമായും ഉറക്കെയും
സംസാരിച്ചു തുടങ്ങി.
”അറിഞ്ഞില്ലേ? സ്യമന്തക രത്‌നത്തിന്‍മേല്‍ കൃഷ്ണന്റെ കൊതി പറ്റിയത്രെ! അതുകൊണ്ടിപ്പോള്‍ എന്തായീന്നോ? സത്രാജിത്തിനു രത്‌നം നഷ്ടമായി, അനിയനും നഷ്ടമായി!”
ചില സ്ത്രീകള്‍ ഏറ്റുപിടിച്ചു.
”ശരിയാണ് വെണ്ണക്കൊതിയനല്ലേ കൃഷ്ണന്‍? മോഷ്ടിക്കുമ്പോള്‍ എത്ര കലങ്ങളാണ് തകര്‍ത്തുകളഞ്ഞതെന്നോ? ഗോപസ്ത്രീകള്‍ ഇപ്പൊഴും പറയും.” മറ്റൊരുത്തി പറഞ്ഞു.
അപ്പറഞ്ഞതില്‍ സത്യമുണ്ടെന്നാ തോന്നുന്നത്. രത്‌നം തട്ടിയെടുക്കാന്‍ ചെന്നപ്പോള്‍ അത് ധരിച്ചവനെയും കൊന്നുപോയതാകാം. കൊല്ലലൊന്നും കൃഷ്ണനു പുതിയ കാര്യമല്ലല്ലോ. വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുലയൂട്ടാന്‍ വന്ന പൂതനയെവരെ കൊന്നതല്ലേ?”
”ങ! എന്തു പറയാനാണ്! ചൊട്ടയിലെ ശീലം ചുടല വരെ” എന്നല്ലേ ചൊല്ല്? മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ പറഞ്ഞു. ”ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം!” എന്നു പ്രമാണം തന്നെയുണ്ട്.
ഇത്രയും കേള്‍ക്കേ ഒരു വൃദ്ധന്‍ ദേഷ്യത്തോടെ ചോദിച്ചു: ”നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്? രത്‌നം എവിടെയാണെന്നറിയില്ല. അതു ധരിച്ചുപോയ ആള്‍ മരിച്ചു എന്നോ, ആരെങ്കിലും കൊന്നുവെന്നോ ഉറപ്പിക്കാന്‍ ജഡം കണ്ടു കിട്ടിയിട്ടുമില്ല. എന്നിട്ടും നിങ്ങള്‍ കൃഷ്ണന്റെ മേല്‍ കുറ്റം ചാര്‍ത്തി അപവാദം പറയുന്നതു ശരിയല്ല.
ഏഷണിയും പരദൂഷണവും പാടില്ല കേട്ടോ. തീക്കനല്‍ അല്പം മതി; വീടായാലും നാടായാലും കത്തി നശിക്കാന്‍!”
”മതിയപ്പൂപ്പാ, പറഞ്ഞത്” വേറൊരു മദ്ധ്യവയസ്‌കന്‍ ഇടപെട്ടു. കൃഷ്ണനെ അത്രയ്ക്കങ്ങു വിശ്വസിക്കാന്‍ വയ്യ. കാണാന്‍ സുന്ദരന്‍, മാന്യന്‍! നന്നായി ചിരിച്ചു കാണിച്ചു, കൊണ്ടുപോയി കുഴിയില്‍ വീഴ്ത്തും! ചിലപ്പോള്‍ അവിടെ വന്നു പിടിച്ചുകേറ്റുകയും ചെയ്യും! കള്ളത്തരങ്ങളേയുള്ളൂ കയ്യില്‍! ്യൂഞാനൊന്നും പറയുന്നില്ല.”
നാട്ടിലെങ്ങും ഇത്തരം സംഭാഷണങ്ങള്‍ നടക്കുന്നതു ചാരന്മാരും ചങ്ങാതിമാരും വഴി കൃഷ്ണന്‍ അറിഞ്ഞു. ”കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ/ കക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍” എന്നുവരെ ഒരാള്‍ ചോദിച്ചിരിക്കുന്നു.
എല്ലാം കേട്ടപ്പോള്‍ കൃഷ്ണന്‍ വലിയ മനോവിഷമത്തിലായി. പ്രസേനജിത്തിന് എന്തുപറ്റി എന്ന സത്യം കണ്ടെത്തിയേ പറ്റൂ. തന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റവും അപവാദവും അപ്പോഴേ ഒഴിഞ്ഞുപോകൂ. ജനങ്ങള്‍ക്കു വിശ്വാസം വരൂ. അതിനു താന്‍ തന്നെ മുന്നിട്ടിറങ്ങണമെന്നു കൃഷ്ണന്‍ തീരുമാനിച്ചു.
രണ്ടു ദിവസം കൂടി കാത്തിരുന്നു നോക്കി. ഇല്ല. അപവാദത്തിന്റെ കാട്ടുതീ പടരുകയാണ്. കൃഷ്ണന്‍ പിന്നെ വൈകിയില്ല. വിശ്വസ്തരും സമര്‍ത്ഥരുമായ നാലു യാദവരെ സഹായത്തിന് കൂട്ടി കാട്ടിലേയ്ക്കു പുറപ്പെട്ടു.
എന്തിനാണ്? എവിടേയ്ക്കാണ്? എപ്പോള്‍ വരും? എന്നൊന്നും ആരോടും കൃത്യമായി പറയാതെയായിരുന്നു യാത്ര.
കൃഷ്ണനും സംഘവും കാടിന്റെ ഉള്ളിലേയ്ക്കുള്ളിലേയ്ക്കു കയറിച്ചെന്നു. ഓരോരുത്തരും കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ചുറ്റിലും സൂക്ഷ്മമായി നിരീക്ഷിയ്ക്കും. അതിനാല്‍ പതുക്കെയുമാണ് പോയിരുന്നത്, യുദ്ധത്തിനോ പന്തയത്തിനോ പോകുന്നതല്ലല്ലോ.
അങ്ങനെ വളരെ ചെന്നപ്പോള്‍ തെളിഞ്ഞ ഒരു സ്ഥലത്ത് അതാ, ഒരു മൃതദേഹം!
കൃഷ്ണനാണ് ആദ്യം കണ്ടത്. എല്ലാവരും കുതിരയെ നിര്‍ത്തി കൃഷ്ണന്‍ ജഡത്തിനരികിലേയ്ക്കു ശ്രദ്ധാപൂര്‍വ്വം ചെന്നു നോക്കി. രാജകീയ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിനാല്‍ പ്രസേനജിത്തുതന്നെയെന്നു മനസ്സിലാവുകയും ചെയ്തു. പക്ഷേ രത്‌നമാല കാണാനില്ല!
ചുറ്റിലും നോക്കിയപ്പോഴാണ് സിംഹത്തിന്റെ കാല്പാടുകള്‍ കണ്ടത്. അതിലൂടെ ഒരു കാര്യം ഊഹിക്കാവുന്നതേയുള്ളൂ. സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു, പ്രസേനജിത്ത്.
അതുമാത്രം അറിഞ്ഞാല്‍ പോരല്ലോ. സ്യമന്തകമാലയെവിടെ? തിളക്കമുള്ള ആ വസ്തു കൗതുകത്തോടെ കടിച്ചെടുത്തു സിംഹം പോയിരിക്കുമോ? കൃഷ്ണന്‍ സിംഹത്തിന്റെ കാല്പാടുകള്‍ നോക്കി അല്‍പനേരം നിന്നു.
(തുടരും)