ചന്ദ്രശേഖര്‍ ആസാദും ഭഗത് സിങ്ങും അടക്കമുള്ള ധീരരക്തസാക്ഷികള്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ഹോമിച്ച ഭാരത ഭൂവില്‍, അര്‍ജന്റീനയില്‍ നിന്നും വന്ന്, ക്യൂബയില്‍ ശല്യമായി, ഫിഡല്‍ കാസ്‌ട്രോ പറഞ്ഞുവിട്ട, ബൊളീവിയന്‍ സൈന്യത്തിന്റെ പിടിയിലായപ്പോള്‍ ജീവനു വേണ്ടി യാചിച്ച ചെഗുവേരയുടെ ചിത്രവുമേന്തി ‘വിപ്ലവകാരികള്‍’ എന്ന് അഹങ്കരിക്കുന്ന ഒരുകൂട്ടം നേതാക്കന്മാരുടെ പിണിയാളുകളായി മാറിയ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം. ഏകാധിപത്യവും ഭീതിയും വിതച്ചില്ലെങ്കില്‍ സ്വതന്ത്ര ചിന്തയുടെ ഒരു തീപ്പൊരിയെങ്കിലും വീണാല്‍ തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന് അറിയുന്ന നേതാക്കളും സംഘടനയും. പ്രധാനമായും സര്‍ക്കാര്‍ കോളേജുകളില്‍, സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനയുടെയും മാര്‍ക്‌സിസ്റ്റ് അനുഭാവികളായ പ്രിന്‍സിപ്പല്‍മാരുടെയും യൂണിവേഴ്‌സിറ്റി സ്റ്റാഫിന്റെയും സഹായത്തോടെ മാത്രം സംഘടന നിലനിര്‍ത്തുന്നവര്‍. വാസ്തവത്തില്‍ എസ്എഫ്‌ഐയിലും വനിതാ മതിലിലും പങ്കെടുത്തിരുന്നവര്‍ മാത്രം വോട്ട് ചെയ്തിരുന്നുവെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റുകളും ഇടതുപക്ഷത്തിനു ലഭിച്ചേനെ. പക്ഷേ, ലഭിച്ചത്, ഇംഗ്ലീഷ് അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഒരു എല്‍എല്‍ബി അഡ്വക്കേറ്റ് മാത്രം.
കുട്ടികളുടെ മേലുള്ള അധീശത്വം, ആക്രമണങ്ങളില്‍ ഊന്നിയ വിധേയത്വം, ഭയത്തിന്റെ മനഃശാസ്ത്രം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം. ഇതാണ് ഇവര്‍ ചെയ്യുന്നത്. ഗുരുക്കന്മാരോടുള്ള വന്ദനം പാലക്കാട്ടെ ഗവണ്‍മെന്റ് വിക്‌ടോറിയാ കോളേജിലും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും എറണാകുളത്ത് മഹാരാജാസ് കോളേജിലും നാം കണ്ടതാണ്. കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതിന്റെ വിരോധമായിരുന്നു പ്രിന്‍സിപ്പലിനോട് തീര്‍ത്തത്.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സംഘടനാ പ്രവര്‍ത്തനം. ആകെയുള്ളത്, കേരളം എന്ന തുരുത്തില്‍ ഇപ്പോള്‍ നിലനില്ക്കുന്ന ഭരണത്തിന്റെ തണലില്‍ പോലീസിലെ സഖാക്കളെയും, യൂണിവേഴ്‌സിറ്റിയിലെ സഖാക്കളെയും, പിഎസ്‌സിയിലെ സഖാക്കളെയും ചേര്‍ത്തുവെച്ചുള്ള ഒരു ഏകാധിപത്യ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനം. കമ്പ്യൂട്ടറിനെതിരെ, വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം ചെയ്ത്, സ്വാശ്രയത്തിനെതിരെ സമരം ചെയ്ത്, രക്തസാക്ഷികളെ സൃഷ്ടിച്ച് അവസാനം അതെല്ലാം തങ്ങളുടെ വരുതിയില്‍ ആക്കിയ നേതാക്കള്‍. ഏതാനും ക്രിമിനല്‍ നേതാക്കളെ സൃഷ്ടിക്കാന്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും അവരുടെ കുടുംബങ്ങളെയും കണ്ണീര്‍ കുടിപ്പിക്കുന്ന തത്വശാസ്ത്രം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരം എന്തുകൊണ്ട് ഇത്രത്തോളം താഴെ പോയി എന്നു ചോദിക്കുന്നവരോട് അതിനുള്ള ഏറ്റവും പ്രധാന ഉത്തരമായി ചൂണ്ടിക്കാട്ടാനുള്ളത്, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയ ഈ ഏകാധിപത്യവാദികളായ വിദ്യാര്‍ത്ഥി സംഘടന ആണെന്ന് കാണാം.
1970 കള്‍ക്കുശേഷം ഏകദേശം 50 ല്‍ താഴെ കുട്ടികളാണ് കലാലയങ്ങളില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത്. അടുത്ത കാലത്ത് പന്തളത്തും കണ്ണൂരും എറണാകുളത്തുമൊക്കെ ചില മതതീവ്രവാദ സംഘടനകള്‍ അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയും, നിഷ്ഠൂരമായ ആക്രമണങ്ങളിലൂടെയും കോളേജ് ക്യാമ്പസുകളില്‍ പ്രവേശിക്കുകയുണ്ടായി. മാന്നാറില്‍ പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ കല്ലെറിഞ്ഞ് കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്തായാലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആവുമ്പോഴാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ഈ ഗതി വരുന്നത്. മാനവ വികസന സൂചികയിലും സാക്ഷരതയുടെ കാര്യത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ കലാലയങ്ങള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നാശത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ്. യൂണിവേഴ്‌സിറ്റി കോളേജ് പോലെ കേരളത്തിന്റെ അഭിമാനമായിരുന്ന, എത്രയോ അഭിമാനതാരകങ്ങളെ സൃഷ്ടിച്ച ഒരു കോേളജിന് ഇപ്പോള്‍ കാണുന്ന ദുര്യോഗം കേവലം ആ കോളേജിന്റേത് മാത്രമല്ല, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഒരു പരിച്‌ഛേദം കൂടിയാണ് നാം അവിടെ കാണുന്നത്. റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം കൊണ്ടുവന്ന വ്‌ളാഡിമര്‍ ലെനിന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നത് അവരുടെ ഒന്നാമത്തെ കടമ പഠിക്കുക എന്നതാണ് രണ്ടാമത്തെ കടമ പഠിക്കുക എന്നതാണ്; മൂന്നാമത്തെ കടമയും പഠിക്കുക എന്നതാണ് എന്നാ ണ്. കമ്മ്യൂണിസ്റ്റ് വിപ്ലവം ആദ്യം നടന്ന സോവിയറ്റ് യൂണിയനില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശം ഇതായിരുന്നു.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ധാരാളം വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുത്തു, ത്യാഗം അനുഭവിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ വളരുന്ന സ്ഥിതിയുളവായി. ഏതാനും ചിലര്‍തങ്ങള്‍ക്ക് വളരാനുള്ള വളം മാത്രമാക്കി വിദ്യാര്‍ത്ഥികളെ മാറ്റി. പല വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയക്കാരുടെ കയ്യിലുള്ള ചങ്ങലയില്‍ ബന്ധിക്കപ്പെട്ട മൃഗങ്ങളെപ്പോലെയായി. പൂര്‍ണ നിയന്ത്രണം രാഷ്ട്രീയ മേലാളന്. ഇങ്ങനെയാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്താണ് ചെയ്യുന്നതെന്ന് അറിയാതെ, എന്തും ചെയ്യുന്ന പ്രായമായതുകൊണ്ട് കുട്ടിക്കുരങ്ങനെ കൊണ്ട് ചൂടുചോറ് വാരിക്കാന്‍ നേതാക്കന്മാര്‍ക്കും വളരെ സൗകര്യമായിരുന്നു. 1947 ഓഗസ്റ്റ് 15 നുശേഷം കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ഒരു ‘ലെനിന്‍’ ഭാരതത്തില്‍ ഇല്ലാതെ പോയി. അതു കൂടാതെ മതേതരത്വത്തിന്റെയും, സോഷ്യലിസത്തിന്റെയും ഭാഗമായി ഭാരതീയ സംസ്‌കാരം പഠിക്കുന്നതു തന്നെ വിലക്കപ്പെട്ടു.’മാതാ ദൈവം, പിതാ ദൈവം ദൈവം താന്‍ ഗുരുനാഥനും’ എന്നുള്ള ഭാരതീയ അടിസ്ഥാന ചിന്ത തൂത്തെറിയപ്പെട്ടു. എസ്എഫ്‌ഐ പാലക്കാട് വിക്‌ടോറിയ കോളേജിലും, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലും കേരളാ യൂണിവേഴ്‌സിറ്റിയിലും അഭിവന്ദ്യരായ വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കു നേരെ നടത്തിയ ശാരീരികവും മാനസികവുമായ അപമാനങ്ങള്‍ ഇപ്പോള്‍ നടന്ന കത്തിക്കുത്തിനെക്കാള്‍ എത്രയോ ഭീകരമായിരുന്നു! അതൊന്നും എസ്എഫ്‌ഐക്കാര്‍ക്കു നേരെ ആയിരുന്നില്ല എന്നതു കൊണ്ടാണോ ഇപ്പോള്‍ അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ ബാഹ്യമായെങ്കിലും പ്രവര്‍ത്തന നിരതരാകുന്നത്? ഇതെല്ലാം ശരിയായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാണ്. ശരിയായ അസുഖം രാഷ്ട്രീയക്കാര്‍ക്കുവേണ്ടി രാഷ്ട്രീയ സംരക്ഷണം വളര്‍ത്തുന്ന അക്രമി-ഗുണ്ടാമാഫിയകളാണ്. രാഷ്ട്രീയ സംരക്ഷണമൊന്നുമില്ലാതെ അവര്‍ക്കൊന്നും നിലനില്പില്ല. ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും, രാഷ്ട്രീയ യജമാനന്മാര്‍ക്കും അവരില്ലാതെ നിലനില്പില്ല എന്ന ഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങള്‍ ആയപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് രക്തസാക്ഷികളെയും, രക്തസാക്ഷി ആചരണ ദിനങ്ങളെയും ആയിരുന്നു. ഓരോ വിദ്യാര്‍ത്ഥി പ്രസ്ഥാനവും അഭിമാനം കൊള്ളുന്നത് തങ്ങളുടെ സംഘടനയില്‍ നിന്നുണ്ടായ രക്തസാക്ഷികളുടെ എണ്ണത്തെ ഓര്‍ത്തായി. പതുക്കെ പതുക്കെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ കാര്യങ്ങള്‍ ഏറ്റെടുത്തു. അങ്ങനെയാണ് ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും കയ്യൂക്കുള്ളവര്‍ക്കു മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യം എന്ന നിലയിലേയ്ക്ക് കലാലയങ്ങള്‍ മാറിയത്. ഇതിന് ഏറ്റവും സഹായകരമായി നിന്നത് ഇത്തരം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ അധ്യാപക സംഘടനകളുമാണ്. വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞും വളരെയധികം പേര്‍ വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ ഇത്തരം കലാലയങ്ങളില്‍ കയ്യൂക്ക് നടത്താനായി തുടര്‍ന്നു.
വിദ്യാലയങ്ങളില്‍ എന്തു നടന്നാലും പോലീസ് കയറേണ്ടതില്ല എന്ന ധാരണ പോലീസിലെ പല മുതിര്‍ന്ന ഓഫീസര്‍മാരും എടുത്തിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം കലാലയങ്ങള്‍ക്കുള്ളില്‍ അക്രമകാരികള്‍ക്ക് സാധാരണ വിദ്യാര്‍ത്ഥികളെ ഭയത്തിന്റെ മുള്‍മുനയില്‍, മര്‍ദ്ദനം കൊണ്ടും ഭീഷണികള്‍ കൊണ്ടും നിര്‍ത്താനായി. രാഷ്ട്രീയ-പോലീസ്-യൂണിവേഴ്‌സിറ്റി സംരക്ഷണം ഇവര്‍ ഉറപ്പാക്കി.
ഇനി അഥവാ, ഏതെങ്കിലും കേസുകളില്‍ പെട്ടാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ പോലും സര്‍ക്കാരുകള്‍ പിന്‍വലിക്കാന്‍ നടപടികള്‍ എടുത്തുകൊള്ളും. ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് സെക്ഷന്‍ 321 പ്രകാരം വളരെ അര്‍ഹമായ കാര്യങ്ങളില്‍ മാത്രം സ്വീകരിക്കേണ്ട നടപടികള്‍ പോലീസിനെ മൃഗീയമായി ആക്രമിച്ചവര്‍ക്കും, പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും എല്ലാം ബാധകമായി. 25 ഉം 30 ഉം കേസുകള്‍ ഉണ്ടായിരുന്നാല്‍ പോലും തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ അവയെല്ലാം പിന്‍വലിക്കപ്പെടും എന്ന ഉറപ്പ് ഈ അക്രമകാരികള്‍ക്കുണ്ടായി. തൊഴില്‍ മേഖലയിലും, പൊതുവെ സാമാന്യ ജനങ്ങളുടെ ഇടയിലും സ്വാധീനം കുറഞ്ഞപ്പോള്‍ പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഒരു വിഭാഗം മാത്രമായി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാറി. കലാലയങ്ങളില്‍ ചേര്‍ന്ന് വളരാന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥികള്‍ പലരും അവര്‍ ഒരിക്കലും ആഗ്രഹിക്കാത്ത സമരരംഗങ്ങളിലേയ്ക്കും, പ്രക്ഷോഭരംഗങ്ങളിലേയ്ക്കും, ആക്രമണ രംഗങ്ങളിലേയ്ക്കും ഭീഷണിയുടെയും, ഭയത്തിന്റെയും നിഴലില്‍ വലിച്ചിഴക്കപ്പെട്ടു.
ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും കേള്‍ക്കുന്നതുപോലെ ആര് എന്ത് ധരിക്കണം, എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, എവിടെ ഇരിക്കണം എന്നൊക്കെപോലും നിശ്ചയിക്കുന്നത് ഈ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കളായി. ഓരോ വിദ്യാലയങ്ങളിലും ലിങ്‌ത്തോ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്രകാരമുള്ള പരാതി പരിഹാര ഫോറങ്ങള്‍ വേണ്ടതായിരുന്നു. എന്നാല്‍ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും രാഷ്ട്രീയ ചട്ടുകങ്ങള്‍ ആയതോടു കൂടി അത്തരം പരാതിപരിഹാര മാര്‍ഗങ്ങള്‍ ഇല്ലാതായി.
യൂണിവേഴ്‌സിറ്റികളെ നിയന്ത്രിക്കുന്ന വൈസ്ചാന്‍സലര്‍മാര്‍ പലരും രാഷ്ട്രീയ ഭിക്ഷാംദേഹികളായി സ്ഥാനം നേടിയവരായി. ഐന്‍സ്റ്റീനെ പോലും വൈസ്ചാന്‍സലര്‍ ആയി ക്ഷണിക്കാന്‍ ധീരത കാണിച്ച കേരളാ യൂണിവേഴ്‌സിറ്റിയിലും മറ്റു യൂണിവേഴ്‌സിറ്റികളിലും പലപ്പോഴും രാഷ്ട്രീയ ഏറാന്‍മൂളികള്‍ വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ വൈസ്ചാന്‍സലര്‍ തസ്തികകളില്‍ നിരന്നു. അങ്ങനെ വന്നപ്പോള്‍ അവരുടെ വിധേയത്വം രാഷ്ട്രീയ നേതൃത്വത്തോടായി. കേരളാ യൂണിവേഴ്‌സിറ്റിയില്‍ 2005-06 കാലഘട്ടങ്ങളില്‍ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേയ്ക്കുള്ള പരീക്ഷയും, അതിനെ തുടര്‍ന്ന് പുറത്തുവന്ന കാര്യങ്ങളും യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയം എത്രമാത്രം സ്വാധീനം ഉറപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെ പരീക്ഷകളുടെ വിശ്വാസ്യതയും, സുതാര്യതയും നഷ്ടപ്പെടുന്നു. സ്വന്തം പേരു പോലും എഴുതാന്‍ അറിയില്ലെങ്കിലും ഇവരില്‍ പലരും എല്‍എല്‍ബിയും, എംഎയും, ഡോക്റ്ററേറ്റുമൊക്കെ എടുക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോയി മുഴുവന്‍ മലയാളികള്‍ക്കും അപമാനമാകുന്ന വിധത്തില്‍ ഭരണഘടന (Constitution)- എന്നതുപോലും നോക്കിവായിക്കാനറിയാതെ Constipation- (മലബന്ധം) എന്നു പറയുന്ന വിധത്തിലെത്തുന്നു. വാസ്തവത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഈയൊരു സംഭവത്തില്‍ നിന്നു തന്നെ വ്യക്തമാകുന്നതാണ്.
യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രധാന ഉദ്ദേശ്യം തന്നെ സമരം നടത്തുന്നതിന് എളുപ്പത്തില്‍ കുട്ടികളെ കിട്ടുക എന്നതാക്കി മാറ്റി. ആട്ടിന്‍ക്കൂട്ടങ്ങള്‍ എന്നപോലെ അവിടെയുള്ള കുട്ടികള്‍ പഠനത്തിനു പകരം ഇത്തരം കാര്യങ്ങളിലേയ്ക്കാണ് വലിച്ചിഴക്കപ്പെട്ടത്. ഇപ്പോഴും സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന രീതിയില്‍ ആണ് ഈ കുട്ടികള്‍ പ്രതികരിക്കുന്നത് കാണുന്നത്. ഈ എസ്എഫ്‌ഐയെ അല്ല ഞങ്ങള്‍ കണ്ടത് എന്നൊക്കെ പറയുമ്പോള്‍ എസ്എഫ്‌ഐക്കാരനല്ല, കെഎസ്‌യുക്കാരനോ, എബിവിപിക്കാരനോ, എഐഎസ്എഫ്ക്കാരനോ ഒക്കെയാണ് കുത്തുകിട്ടിയിരുന്നതെങ്കില്‍ തങ്ങള്‍ ഈ പ്രതികരണം നടത്തുമായിരുന്നില്ല എന്ന് ദ്യോതിപ്പിക്കുന്നുണ്ട് പല കുട്ടികളുടെയും ഭാവങ്ങള്‍. പ്രീഡിഗ്രി കോളജ് തലത്തില്‍ നിന്നും മാറ്റപ്പെട്ട് സ്‌കൂള്‍ തലത്തിലേയ്ക്ക് ആയതോടുകൂടി, രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടകള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത വിധം ആയതോടു കൂടി, ഡിഗ്രി കോളേജുകളും, ചില സാങ്കേതിക കോളേജുകളും ആണ് വിദ്യാര്‍ത്ഥി-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയത്. പ്രവേശനം നടക്കുമ്പോള്‍ മുതല്‍ അനഭിമതരായവര്‍ അവിടെ പ്രവേശനം എടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ സ്‌പോട്ട് അഡ്മിഷന്‍ പോലും. പലപ്പോഴും പ്രവേശനത്തിന്റെ അറിയിപ്പ് പോലും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറില്ല. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ വന്നു കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ ഭീതിയുടെയും മര്‍ദ്ദനങ്ങളുടെയും ഭീഷണിയാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാനാകാതെ കഴിയേണ്ടി വരുന്നു. അധ്യാപകര്‍ക്കോ, പ്രിന്‍സിപ്പാളിനോ പരാതി കൊടുത്താല്‍ അവരില്‍ നിന്നും ശരിയായ നടപടികള്‍ ഇല്ലാതാകുകയും മറിച്ച് ഇത്തരം ക്രിമിനലുകള്‍ക്ക് സഹായകരമായ നടപടികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ക്രിമിനലുകള്‍ ക്ലാസ്സുകളില്‍ വരുമ്പോള്‍ അധ്യാപകര്‍ ഇറങ്ങിക്കൊടുക്കണമത്രെ. രാഷ്ട്രീയ അടിമത്വത്തിനു വേണ്ടി വളരെയധികം അധ്യാപകര്‍ ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. പലപ്പോഴും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ പൂര്‍ണമായും കോപ്പി അടിക്കപ്പെടുകയോ, മറ്റാളുകള്‍ എഴുതുകയോ ഒക്കെ ചെയ്യപ്പെടുന്നു. കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും കിട്ടാത്ത വിധം ഒരു ദിവസം പോലും ക്ലാസ്സില്‍ ഇരിക്കാത്തവര്‍ മാര്‍ക്കില്‍ മുന്നിലെത്തുന്നു. സ്വന്തം അധ്യാപകരില്‍ നിന്നും പോലീസില്‍ നിന്നും യാതൊരു നീതിയും ലഭിക്കാതെ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍, കൂടുതല്‍ അടിമത്തത്തിന് വിധേയരാകേണ്ടി വരുന്നവര്‍, ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേയ്ക്ക് രക്ഷപ്പെടുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ നോക്കിയാല്‍ എങ്ങനെയാണ് 30 വര്‍ഷത്തോളമായി ഒരു വിദ്യാര്‍ത്ഥി സംഘടനക്ക് കോളേജിന്റെ കുറെ മുറികള്‍ പതിച്ചു നല്‍കിയത്? ഇതില്‍ അവിടെയുള്ള അധ്യാപകര്‍ക്കും, പ്രിന്‍സിപ്പാളിനും ഉത്തരവാദിത്വമെന്താണ്? വിദ്യാര്‍ത്ഥികളെ മാനസികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്നതിന് ഇവര്‍ക്കുള്ള ഉത്തരവാദിത്വമെന്ത്? യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കഴിഞ്ഞ 5 വര്‍ഷംകൊണ്ട് 187 പേരാണത്രെ കോളേജ് മാറിപ്പോയത്!
ഇതിനിടയില്‍ സംഭവിക്കുന്ന മറ്റൊന്നുണ്ട്. പലപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളായതു കൊണ്ട് പോലീസിന് കയറാന്‍ പാടില്ല എന്ന തെറ്റായ ധാരണയിലാണ് ഇവിടെയുള്ള പലരും അക്രമങ്ങള്‍ക്ക് വഴിമരുന്ന് ഇടാറ്. ഒരു കാലഘട്ടത്തില്‍ സാമാന്യേന നല്ല രീതിയില്‍ ചലിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പതുക്കെ പതുക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വാലുകളായി മാറി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നതിനുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളായി അവ മാറ്റപ്പെടുകയും ചെയ്തു. തികച്ചും രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനത്തിലാണ് പിന്നീട് ഊന്നല്‍ ഉണ്ടായത്. ആട്ടിന്‍ക്കൂട്ടങ്ങളെപ്പോലെ ആട്ടി തെളിക്കപ്പെടുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഇഷ്ടമായാലും അല്ലെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധപൂര്‍വ്വമാണ് ഇത്തരത്തിലുള്ള സമരങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടിരുന്നത്. അത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ പലപ്പോഴും അക്രമങ്ങള്‍ക്കും മറ്റു വിധത്തിലുള്ള അതിക്രമങ്ങള്‍ക്കും ഇരയാകുമായിരുന്നു.
ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നതിന് അധ്യാപകരിലുള്ള സംഘടനകളും അതീവ ജാഗ്രത കാട്ടിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മാറി അവര്‍ രാഷ്ട്രീയ ഉപകരണങ്ങള്‍ ആയതോടെ ജനാധിപത്യം ഒട്ടും ഇല്ലാതായ കോളജ് ക്യാമ്പസുകളില്‍ അഡ്മിഷന്‍ പോലും അതാത് വിദ്യാര്‍ത്ഥി സംഘടനകളുടെ നിയന്ത്രണത്തിലായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പലപ്പോഴും വലിയ കല്ലേറും, മറ്റു പലപ്പോഴും പെട്രോള്‍ ബോംബേറും നടത്താറുണ്ട്. മിക്കവാറും സമയങ്ങളില്‍ ഇത് അനുഭവിക്കേണ്ടി വരുന്നത് പോലീസുകാരാണ്. 2006 ലെ ആദ്യമാസങ്ങളില്‍ തിരഞ്ഞെടുപ്പ് വരുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളായിരുന്നു അധികവും. ജീവനുകള്‍ പൊലിയുന്ന പല പ്രക്ഷോഭങ്ങള്‍ക്കു ശേഷവും, തങ്ങള്‍ എന്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നുവോ അതേ കാര്യങ്ങള്‍ അതിലും തീവ്രതയോടെ നടപ്പാക്കുകയായിരുന്നു നേതൃത്വങ്ങള്‍. സ്വാശ്രയ കോളേജ് സമരങ്ങള്‍ക്കും മറ്റും പിന്നെ എന്തുപറ്റിയെന്ന് നോക്കിയാല്‍ മതി. കമ്പ്യൂട്ടര്‍വല്‍ക്കരണവും, അതിനെതിരെയുള്ള സമരങ്ങളും മറ്റൊരു ഉദാഹരണമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിമകളായി തികച്ചും മാറിയതാണ് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപചയത്തിനു കാരണം. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരും ധാരാളം കയറിക്കൂടി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടായിരുന്നു.
ഒരു ദിവസം തികച്ചും അനാവശ്യമായി യൂണിവേഴ്‌സിറ്റി കോളേജിനു മുന്‍പില്‍ റോഡ്‌സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു നേരെയും, പോലീസുകാര്‍ക്കു നേരെയും പെട്രോള്‍ ബോംബെറിഞ്ഞു. ചില പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് ജീപ്പിന് തീ പിടിക്കുകയും ചെയ്തു. ഇത് ചെയ്ത അക്രമികള്‍ യൂണിവേഴ്‌സിറ്റി കോളേജിലേയ്ക്കാണ് ഓടി കയറിയത്. യൂണിവേഴ്‌സിറ്റി കോളേജില്‍ കയറി അവരെ പിടിക്കുന്നതിന് അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ഭയമായിരുന്നു. സംഭവം അറിഞ്ഞ് ഐജിപി സൗത്ത്‌സോണ്‍ ഓഫീസില്‍ നിന്നും ഞാന്‍ അവിടെയെത്തി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ഗേറ്റ് അടച്ച് ചില അധ്യാപകര്‍ തന്നെ പോലീസ് കയറാതിരിക്കാന്‍ ശ്രമിച്ചു. പോലീസിന് കോളേജ് പരിശോധിക്കണമെന്ന് ഞാന്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പ്രിന്‍സിപ്പല്‍.
കുറച്ചുസമയം കാത്തുനിന്ന ശേഷം ഗേറ്റ് പൊക്കിയെടുത്ത് കോളേജിനുള്ളിലേക്ക് വളരെ കൃത്യമായ ക്രമത്തില്‍ തന്നെ പോലീസ് പ്രവേശിച്ചു. ഇതറിഞ്ഞ് എകെജി സെന്ററില്‍ ഉണ്ടായിരുന്ന വിവിധ സിപിഎം നേതാക്കള്‍ അവിടെയെത്തി. മാത്രമല്ല, അവിടുത്തെ വിദ്യാര്‍ത്ഥികള്‍ അല്ലെങ്കിലും പുറത്തു നിന്നുള്ള കുറെയധികം വിദ്യാര്‍ത്ഥി നേതാക്കള്‍ പോലീസിനെ തടയുന്നതിന് ചില ശ്രമങ്ങള്‍ നടത്തി. എസ്എഫ്‌ഐ നേതാക്കളായിരുന്ന സിന്ധു ജോയി, സ്വരാജ്, ഷംസീര്‍ എന്നിവരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. പോലീസിനെ പരമാവധി തെറി പറഞ്ഞ് പ്രകോപിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പരീക്ഷ നടത്തിയിരുന്ന ഹാളുകളില്‍ ഒഴികെ എല്ലായിടത്തും പോലീസ് പരിശോധന നടത്തി.
എകെജി സെന്ററിന്റെ ഭാഗത്തുള്ള മതിലിനു മുകളിലായുള്ള കമ്പിവലകള്‍ രക്ഷപ്പെടുന്നതിനായി മാറ്റിവെച്ചിരുന്നു. അതുവഴി ആയിരുന്നു ഇത്തരം ക്രിമിനലുകള്‍ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. കോളേജിലെ പ്രവേശനത്തിന് വന്ന ഒരു വിദ്യാര്‍ത്ഥിയെയും പോലീസ് ഉപദ്രവിച്ചിട്ടില്ല. വളരെ പ്രകോപനം സൃഷ്ടിച്ചിട്ടും തികഞ്ഞ സംയമനത്തോടെയാണ് പോലീസ് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചത്. കോളേജില്‍ കയറി പോലീസ് അതിക്രമം നടത്തി എന്ന പ്രചരണം നടത്താനായി സര്‍വ്വവിധത്തിലും ശ്രമിച്ചിട്ടും, പോലീസിന്റെ സംയമനം അതെല്ലാം ഇല്ലാതാക്കി.
അതിനുശേഷം ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഗള്‍ഫില്‍ നിന്നും നിരവധി കോളുകളാണ് എനിക്ക് ലഭിച്ചത്. പലര്‍ക്കും പറയാനുണ്ടായിരുന്നത്, അവര്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നവരാണെന്നും ഇപ്പോഴതില്‍ ദുഃഖിക്കുന്നുവെന്നും, എവിടെയാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നതെന്നും, അവിടമെല്ലാം അവര്‍ക്ക് അറിയാമെന്നുമായിരുന്നു. പേലീസുമായി ഒരു സംഘര്‍ഷത്തിന് പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ എന്റെ പേരില്‍ വ്യക്തിപരമായ ആക്ഷേങ്ങള്‍ ഉന്നയിക്കാനായി ശ്രമം. അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന സിന്ധു ജോയിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുവരെയായി ആക്ഷേപം. ഏഷ്യാനെറ്റിന്റെ ക്യാമറയില്‍ എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയ അതിക്രമങ്ങള്‍ കൃത്യമായി ഉണ്ടായിരുന്നതുകൊണ്ട് ഇക്കാര്യങ്ങള്‍ ക്ലച്ച് പിടിച്ചില്ല.
ഏതായാലും എന്നെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കണമെന്ന് ഞാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന ഭരത് ഭൂഷണ്‍ ആയിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ എന്റെ പേരിലുണ്ടായ ആക്ഷേപങ്ങള്‍ തികച്ചും അസത്യമായിരുന്നുവെന്നും പോലീസ് നടപടികള്‍ തികച്ചും മാതൃകാപരമായിരുന്നുവെന്നും കണ്ടെത്തി. അന്ന് എസ്എഫ്‌ഐയുടെ നേതൃനിരയില്‍ നിന്ന് എനിയ്ക്കും പോലീസിനുമെതിരെ തെറിയഭിഷേകം നടത്തിയവരില്‍പ്പെട്ട പലരും പിന്നീട് സിപിഎമ്മിന്റെ നേതൃതലത്തില്‍ എത്തിയിട്ടുണ്ട്. അന്നത്തെ എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥിനി ഐക്കണ്‍ ആയിരുന്ന സിന്ധു ജോയി പിന്നീട് അതില്‍ നിന്നെല്ലാം മാറി മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ എത്തപ്പെട്ടു.
നിരവധി നല്ല വിദ്യാര്‍ത്ഥികളുടെ, പലപ്പോഴും വളരെ ദുഷ്‌ക്കരമായ ജീവിത സാഹചര്യങ്ങളില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്ന മാതാപിതാക്കളുടെ എല്ലാ പ്രതീക്ഷകളും നശിപ്പിക്കുന്ന കുറച്ച് നേതാക്കന്മാരെ വളര്‍ത്താനായി ഹോമിക്കപ്പെടുന്ന ഒരു വിഭാഗമായി മാത്രം പല വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മാറിയിട്ടുണ്ട്. യാതൊരുവിധ ജനാധിപത്യ ബോധവുമില്ലാത്ത, തങ്ങള്‍ക്ക് സ്വാധീനമുള്ള കോളേജുകളില്‍ പുറമെ നിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് ഭീതി പരത്തി, എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിച്ച് തങ്ങളുടെ വരുതിയില്‍ വരുത്തി രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണിവ. അതിന്റെ അനുഭവങ്ങളില്‍ നിന്നാണ് പണ്ട് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച പലരും എന്നെ വിളിച്ച് അവരുടെ അഭിപ്രായം അറിയിച്ചത്.
എന്തായാലും വലിയ വലിയ നേതാക്കളുടെ മക്കളൊക്കെ സ്വാശ്രയ കോളേജുകളിലും മറ്റും പഠിക്കുന്നു. അവര്‍ തങ്ങളുടെ രക്ഷകര്‍ത്താക്കളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തങ്ങള്‍ എപ്പോഴും എതിര്‍ത്തിരുന്ന ബൂര്‍ഷ്വാ കമ്പനികളില്‍ കയറിപ്പറ്റുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളുടെ ജീവിതങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഈ നേതാക്കളുടെ മക്കള്‍ പഠിച്ചില്ലെങ്കില്‍ പോലും വളരെ സമൃദ്ധമായ ജീവിതം ഉറപ്പാണ്. അചിരേണ ഈ വസ്തുതകള്‍ എല്ലാവരും മനസ്സിലാക്കുന്ന മുറയ്ക്ക് ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ ഒന്നുകില്‍ നന്നാകേണ്ടി വരും; അല്ലെങ്കില്‍ സ്വയമേവ ഇല്ലാതാകും.
ഏകാധിപത്യമുള്ള ഇത്തരം കോളേജുകളില്‍ ഇവരുടെ തണലില്‍ പലപ്പോഴും കടന്നുവരുന്നത് വര്‍ഗീയ തീവ്രവാദ ഗ്രൂപ്പുകളാണ്. അഡ്മിഷന്‍ എടുക്കുന്ന സമയത്തും മറ്റും വളരെ സമര്‍ത്ഥമായി തങ്ങളുടെ അടിസ്ഥാനപരമായ അസ്ഥിത്വം മറച്ചുവെച്ച് പ്രവേശനം നേടും. അതിനുശേഷം അവര്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങും. അപ്പോഴാണ് അവിടുത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനം മറ്റുള്ളവരെ നേരിടുന്നവരെ പോലെ ഇവരെയും അക്രമം കൊണ്ട് വരുതിയിലാക്കാന്‍ ശ്രമിക്കുക. എന്നാലിവര്‍ അങ്ങനെ വരുതിയിലാകുന്നവര്‍ അല്ല. പലപ്പോഴും അത്തരം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കു തന്നെ ഇവരുടെ പുറത്തുള്ള വിഭാഗങ്ങളില്‍ നിന്ന് വളരെ കടുത്ത തിരിച്ചുള്ള ആക്രമണം നേരിടേണ്ടി വരും. അതോടെ ഏകാധിപതികളായ വിദ്യാര്‍ത്ഥി പ്രസ്ഥാനം പേടിച്ച് പത്തി മടക്കും. അടുത്ത വര്‍ഷം മുതല്‍ ഈ തീവ്രവാദ പ്രസ്ഥാനങ്ങളിലേയ്ക്ക് കൂടുതല്‍ ആളെത്തും. മാത്രമല്ല, ഏകാധിപത്യം കൊണ്ടു നടക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് എതിര്‍പ്പുള്ള വിദ്യാര്‍ത്ഥികള്‍ ഈ തീവ്രവാദപ്രസ്ഥാനത്തെ പിന്തുണക്കാന്‍ തുടങ്ങും. അതാണ് ഇപ്പോള്‍ പല കോളജുകളിലും നടക്കുന്നത്. ഏകാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അക്രമസ്വഭാവത്തെ അതിതീവ്ര അക്രമം കൊണ്ട് നേരിടുകയും അതിലൂടെ ക്യാമ്പസുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുകയാണ് ഈ ഭീകരവാദ ഗ്രൂപ്പുകള്‍.
യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാത്രമല്ല സംശയത്തിന്റെ നിഴലിലാകുന്നത്. പിഎസ്‌സി പരീക്ഷകളും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളും വലിയ സംശയത്തിന്റെ നിഴലിലാണ്. കേരളത്തിനു പുറത്തുനിന്നുള്ള ഒരു ഏജന്‍സി ഇക്കാര്യങ്ങളെപ്പറ്റി അന്വേഷിച്ചാലേ സത്യം പുറത്തു വരൂ. പിഎസ്‌സി വഴി നിയമനം ലഭിച്ചവരുടെ പൂര്‍വ്വകാല ചരിത്രം കൂടി പരിശോധിക്കേണ്ടി വരും. മാത്രമല്ല, തികച്ചും നിഷ്പക്ഷമായി രാഷ്ട്രീയത്തിനതീതമായി, പരിശോധിച്ച് ആരൊക്കെ ഇതില്‍ ഇടപെടുന്നുവെന്ന് സിഡിആര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കേണ്ടതാണ്. പിഎസ്‌സിയുടെ വിശ്വാസ്യതയും, സുതാര്യതയും നിലനിര്‍ത്തേണ്ടത് ജനാധിപത്യ കേരളത്തിലെ പൊതുസമൂഹത്തെ, വിശിഷ്യാ തൊഴിലന്വേഷകരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. സിന്‍ഡിക്കേറ്റുകളിലും, സെനറ്റുകളിലുമെല്ലാം രാഷ്ട്രീയ സ്വാധീനം മാറ്റി വിദ്യാഭ്യാസത്തിന്റെയും, സാമൂഹികമായ അറിവിന്റെയും അടിസ്ഥാനത്തിലുള്ളവര്‍ വന്നാലെ യുണിവേഴ്‌സിറ്റികള്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെ പഠനവും അതോടൊപ്പം സര്‍ഗാത്മകതയും അവരുടെ കായിക-കലാ കഴിവുകളും പരിപോഷിപ്പിക്കുന്ന സ്ഥലം കൂടിയാണ് സര്‍വകലാശാലകള്‍. അവിടെ രാഷ്ട്രീയ സ്വാധീനം വഴി ഗ്രേസ് മാര്‍ക്ക് കിട്ടുന്ന വിധത്തില്‍ 161 പേര്‍ പങ്കെടുത്തഒന്നാം സ്ഥാനത്ത് ഉണ്ടാകരുത്.
യൂണിവേഴ്‌സിറ്റി കോളേജിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും അഭിമാനിക്കാവുന്ന ചരിത്രം നിലനിര്‍ത്തുന്നതിന് അതിനെ ഒരു പൂര്‍ണസമയ ഗവേഷണ സ്ഥാപനമാക്കണം. ഡിഗ്രി, എംഎ പഠനങ്ങള്‍ കാര്യവട്ടം ക്യാമ്പസിലേയ്ക്കും മറ്റു കോളേജുകളിലേയ്ക്കും മാറ്റണം. കേരളത്തിന്റെ ഒരു പൊതു അഭിമാനമായ ഗവേഷണ സെന്ററാക്കി, വിദേശത്തു നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഗവേഷണം നടത്തുന്ന കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജിനെ മാറ്റിയെടുക്കണം. ഇത് നടക്കണമെങ്കില്‍ ഇവിടുത്തെ ജനത ഒന്നാകെ അതിനുവേണ്ടി പ്രവര്‍ത്തിക്കണം. കേരളത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയും ഗുണമേന്മയില്‍ മുന്നോട്ടു വരുന്നതിന് ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണ്. സുപ്രീം കോടതിയുടെയും കേരളാ ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ കൂടി പാലിച്ചുള്ള, സ്വതന്ത്രമായി എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള ഇടങ്ങളായിരിക്കണം കലാലയങ്ങള്‍. ആ കലാലയങ്ങളിലേയ്ക്ക് പുറത്തു നിന്നുള്ള നേതാക്കള്‍ എത്തണമെങ്കില്‍ പ്രിന്‍സിപ്പാളിന്റെയോ, പ്രിന്‍സിപ്പാള്‍ അധികാരപ്പെടുത്തുന്ന പ്രധാന അധ്യാപകന്റെയോ അനുവാദം വാങ്ങണം. ഒരു കാരണവശാലും ഒരു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കോളേജ് ക്യാമ്പസിനുള്ളില്‍ മുറികള്‍ അനുവദിക്കരുത്.
ലെനിന്‍ പറഞ്ഞതുപോലെ വിദ്യാര്‍ത്ഥികളുടെ ആദ്യ കടമ പഠനമാണ്. ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മാഫിയകളില്‍ നിന്നും സ്വതന്ത്രമാക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന വിധത്തില്‍ ഒരു പൊളിച്ചെഴുത്ത് നടത്തുന്നതിനും ഇടയാക്കുകയാണെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് അതൊരു വലിയ നേട്ടമായേനെ. എന്നാല്‍ താല്‍ക്കാലികമായി ഉണ്ടായ തിരിച്ചടികള്‍ നേരിടാനായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി എടുക്കുന്ന നടപടികള്‍ മാത്രമായാല്‍ പൂര്‍വ്വാധികം ശക്തിയോടെ ക്രിമിനല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ക്യാമ്പസുകള്‍ അടക്കിവാഴും. പൊതുസമൂഹവും, മാധ്യമങ്ങളും, ജുഡീഷ്യറിയും, എല്ലാ രക്ഷിതാക്കളും ഈ വിധത്തിലേയ്ക്ക് കലാലയങ്ങള്‍ മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.