ഭാരതത്തിലെ പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തില്‍ വിജയിച്ചുവരുമ്പോഴും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഈ ചൈനീസ് മഹാമാരി പടയോട്ടം നടത്തുകയാണ്. അപ്പോഴും കോവിഡ് പരിശോധന കൂട്ടാനോ നിയന്ത്രണം കര്‍ശനമാക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഈ ചൈനീസ് മഹാമാരിയോട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്‌ക്കെന്താ മൃദുസമീപനമുണ്ടോ എന്നാണ് ജനം ചോദിക്കുന്നത്. ചൈനയുടെ വകയായ എന്തിനോടും സഖാക്കള്‍ക്കുള്ള പ്രിയം ആര്‍ക്കും അറിയാത്തതല്ലല്ലോ. അമേരിക്കയില്‍ ട്രമ്പ് മാറി ബൈഡന്‍ വന്നപ്പോള്‍ ചൈനയോടുള്ള നിലപാട് മാറ്റുമെന്നായിരുന്നു സഖാക്കള്‍ കരുതിയത്. അതുകൊണ്ട് ബൈഡന്റെ വിജയം മതിമറന്നാഘോഷിക്കാന്‍ പോലും സഖാക്കള്‍ തയ്യാറായി.
ബൈഡന്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ട്രമ്പിന്റെ നയം അപ്പടി പിന്തുടരുന്നതാണ് കണ്ടത്. ചൈനീസ് സാമ്രാജ്യത്വ മോഹത്തിന് വിലങ്ങുതടിയായി ട്രമ്പ് ആരംഭിച്ച ക്വാഡ് സഖ്യം അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയാണ് ബൈഡന്‍. ക്വാഡ് സഖ്യത്തിലുള്ളത് ഭാരതവും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുമാണ്. അഫ്ഘാനിസ്ഥാനും റഷ്യയും നേപ്പാളും ബംഗ്ലാദേശുമൊക്കെ ചൈനയോടല്ല ഭാരതത്തോടാണ് അടുപ്പം കാണിക്കുന്നത്. ഇതുകണ്ട് സഹിക്കവയ്യാതെയാണ് ചൈനയെ ഒറ്റപ്പെടുത്തുന്നു എന്ന് മുന്‍ (വിശ്രമത്തിലിരിക്കുന്നു) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വിലപിച്ചത്. അതു തന്നെയാണ് പാര്‍ട്ടിപത്രം ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതും കേരളത്തിലെ കോവിഡ് വ്യാപനവും കൂട്ടിവായിച്ചാല്‍ സഖാക്കളുടെ പുതിയ മുദ്രാവാക്യം ഇങ്ങനെയാവും: ”ഞങ്ങളിലില്ലാ ഭാരത രക്തം, ഞങ്ങളിലുള്ളത് ചൈനീസ് രക്തം, ഞങ്ങളിലുള്ളത് കോവിഡ് രക്തം.”