നെഹ്‌റുവിനേക്കാള്‍ നന്നായി ഇന്ത്യയെ കണ്ടെത്തിയ ജര്‍മ്മന്‍കാരനാണ് പോള്‍ ദൊയ്‌സന്‍. അദ്ദേഹം മഹാദാര്‍ശനികനായിരുന്ന ഷോപ്പനോറുടെ പാതയിലൂടെ തന്നെ ജീവിതത്തെ കീറിമുറിച്ച് പരിശോധിച്ചു. കഠിനമായ സത്യദാഹവുമായി അലഞ്ഞു. മനുഷ്യന്റെ വിപുലവും ഉപദ്രവകരവുമായ ആസക്തിയുടെ അലകള്‍ ലോകമാകെ വ്യാപിക്കുകയാണ്. ഇതിനിടയില്‍ ശാന്തി എങ്ങനെ തേടും? ശാന്തി മിഥ്യയാണോ? ആഗ്രഹങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടാല്‍, അല്ലെങ്കില്‍ വേണ്ടെന്ന് വച്ചാല്‍ പിന്നെ മനുഷ്യജീവിതം കൊണ്ട് എന്താണ് പ്രയോജനം? ഇതെല്ലാം മനസ്സില്‍ മുഴങ്ങിയിരുന്നതുകൊണ്ട് ദൊയ്‌സന്‍ തന്റെ സത്യദര്‍ശനം പാശ്ചാത്യരുടെ വിമര്‍ശനങ്ങള്‍ കേട്ട് മറച്ചുവച്ചില്ല.
1845 മുതല്‍ 1919വരെയാണ് ദൊയ്‌സന്റെ കാലഘട്ടം. അത് ആത്മീയമായ ചര്‍ച്ചകളുടെയും സ്വയം കണ്ടെത്തലുകളുടെയും കോലാഹലങ്ങള്‍ നിറഞ്ഞതായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകള്‍ മനുഷ്യന്റെ ആഗ്രഹം, സാക്ഷാത്കാരം, ലക്ഷ്യം തുടങ്ങിയ പ്രശ്‌നങ്ങളെപ്പറ്റി തര്‍ക്കിച്ചുകൊണ്ടിരുന്നു. ഷോപ്പനോര്‍ ജീവിതം ദുഃഖവും തിന്മയുമാണെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. പക്ഷേ, ദൊയ്‌സന്‍ അതിനു കീഴടങ്ങിയില്ല. അദ്ദേഹം തന്റേതായ പാത സ്വീകരിച്ചു. അതിന്റെ ഫലമായുണ്ടായതാണ് ദൊയ്‌സന്റെ ദ ഫിലോസഫി ഓഫ് ഉപനിഷത്‌സ്, ദ എലമെന്റ്‌സ് ഓഫ് മെറ്റാഫിസിക്‌സ്, ഔട്ട്‌ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി തുടങ്ങിയ കൃതികള്‍.
ഇന്ത്യന്‍ തത്ത്വശാസ്ത്രങ്ങളോടുള്ള താത്പര്യം മുത്ത് ദൊയ്‌സന്‍ തന്റെ പേര് ദേവസേന എന്ന് മാറ്റിവിളിക്കുക പോലും ചെയ്തു. എന്തുകൊണ്ടാണ് അദ്ദേഹം പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളുടെ ചര്‍ച്ചകളില്‍ നിന്ന് വഴുതിമാറി ഒരു പരല്‍മീനിനെപ്പോലെ ഇന്ത്യയുടെ ചിന്തകളുടെ ജലാശയങ്ങള്‍ക്കടിയിലൂടെ നീങ്ങിയത്. സ്വാമി വിവേകാനന്ദനുമായുള്ള സൗഹൃദം ഒരു നിമിത്തമാണോ?
ദൊയ്‌സന്റെ ആത്മീയമായ മനോഭാവം, സ്വഭാവം, ബുദ്ധിയുടെ പ്രത്യേകത എല്ലാം കുറേക്കുടി മൂല്യങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു. ഒരാള്‍ സ്വയം ധാര്‍മ്മികജീവിതം നയിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് പാശ്ചാത്യരുടെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു. അത് ഒരു പെരുമാറ്റ രീതിയായി വികസിക്കണം. ദൈവത്തെ ഉപാസിക്കുന്നതും മറ്റുള്ളവരോട് ഇടപെടുന്നതും സ്വന്തം മോക്ഷത്തെ മാത്രം ലക്ഷ്യമാക്കി കൊണ്ടുള്ളതാണെങ്കില്‍ അത് നിഷ്പ്രയോജനകരമായിരിക്കും. സ്വന്തം മോക്ഷമല്ല ഭാരതത്തിന്റെ തത്ത്വശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് അസന്നിഗ്ദ്ധമായി ദൊയ്‌സന്‍ പറഞ്ഞു.
ഇന്ത്യയുടെ ജ്ഞാനത്തിന്റെ അന്തഃസത്ത ദൊയ്‌സന്റെ കാഴ്ചപ്പാടില്‍ ഇതാണ്: വിമോചനത്തിന്റെ ആദര്‍ശം, വ്യക്തിപരമായ ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, ഒരു പ്രപഞ്ചസത്തയായി മനുഷ്യനായി മാറുന്നതിലൂടെയുള്ള പുതിയ പിറവി എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹൃദയത്തില്‍ തളംകെട്ടി കിടക്കുന്ന അസുഖകരമായ ആഗ്രഹങ്ങളെ നശിപ്പിക്കുന്നതിലൂടെ നശ്വരമായത് അനശ്വരമാകും. ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കി പറയുന്നു: ”അനശ്വരമായ ഒരു സത്തയുണ്ട്. സ്ഥലത്തിനും കാലത്തിനും അപ്പുറമുള്ളത്. ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ക്കും അസ്തിത്വത്തിനും അപ്പുറമുള്ളത്, അതാണ് എല്ലാ പ്രകൃതിരൂപങ്ങളിലും ഉള്ളത്. ഇത് ഞാന്‍ അനുഭവിക്കുന്നത് പൂര്‍ണവും അവിഭാജ്യവും എന്ന നിലയിലാണ്; എന്റെ അന്തഃകരണത്തിന്റെ തലത്തില്‍, എന്റേതായ സത്തയാണത് – അതാണ് ആത്മാവ്.”
ഒരു നാടകവേദി
നാടകവേദിയെപ്പറ്റി പല സിദ്ധാന്തങ്ങളുമുണ്ട്. പരമ്പരാഗതമായി നമ്മള്‍ കണ്ടുവരുന്ന സ്റ്റേജ് നാടകങ്ങള്‍ ഒരു തനിയാവര്‍ത്തനമാണ്. ആള്‍ക്കൂട്ടത്തിനോട് ഒരു കഥ പറയുക എന്നതിനപ്പുറം മറ്റൊരു ബാധ്യതയും ഇത്തരം ബഹുജന നാടകവേദികള്‍ക്കില്ല. അവര്‍ ജീവിതാനുഭവങ്ങളെ, അതിന്റെ ഉറവിടങ്ങളിലേക്ക് സത്യസന്ധമായി അന്വേഷിക്കുന്നില്ല. അവര്‍ക്ക് സൗന്ദര്യാത്മകതയോ കലയോ ആവശ്യമില്ല. അവര്‍ പൂര്‍വ്വകാലങ്ങളിലെ അഭിനയമാതൃകകളെ പുനരാവിഷ്‌കരിക്കുകയാണ് ചെയ്യുന്നത്. അതിവൈകാരികത ഒരാവശ്യമായി വരുന്നു. പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതിനുപകരം രോഷാകുലനും കുശുമ്പനുമാക്കുന്നു. അവന്റെ ചപലവികാരങ്ങളെ മുതലെടുക്കുന്നു. ഇത്തരം നാടകങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് പുതുതായി ഒന്നും തന്നെ കൊടുക്കുന്നില്ല. അവരെ ഒരു ചക്കിനുചുറ്റും നടത്തിക്കുകയാണ്. ആള്‍ക്കൂട്ടത്തെ ഇളക്കുന്ന സ്റ്റേജ് നാടകങ്ങളുടെ അധഃപതനത്തിനു കാരണമായത്, അത് സമകാലിക ജീവിതത്തോട് പ്രതികരിക്കാതെ, അതിന്റെ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ, മാറിനിന്നതുകൊണ്ടാണ്. ദസ്തയെവ്‌സ്‌കിയുടെ ‘കരമസോവ് സഹോദരന്മാര്‍’ എന്ന ബൃഹത് നോവല്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കഥാപ്രസംഗമാക്കാന്‍ വി.സാംബശിവന്‍ കാണിച്ച താത്പര്യം അര്‍ത്ഥവത്താണ്. കാരണം അത് കഥാപ്രസംഗ കലയെ ലോകാവബോധത്തിനൊപ്പം എത്തിക്കുകയാണ്. ഇന്ന് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടോ? ഇന്ന് ഏതെങ്കിലും കഥാപ്രസംഗകലാകാരന്‍ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984, റോബര്‍ട്ടോ ബൊലാലനായുടെ 2666, ശീര്‍ഷേന്ദു മുഖോപാദ്ധ്യായയുടെ ചക്ര തുടങ്ങിയ നോവലുകള്‍ കഥാപ്രസംഗമായി അവതരിപ്പിക്കുമോ? അതുകൊണ്ട് ആ കലയും സമകാലികമായി പിടിച്ചുനില്‍ക്കാനാവാതെ താഴെ വീണു.
പ്രൊഫഷണല്‍ നാടകങ്ങളിലേക്ക് ലോകനിലവാരമുള്ള പ്രമേയങ്ങള്‍ തിരിച്ചുവന്നാലേ അതിനു മധ്യവര്‍ഗ പ്രേക്ഷകരെ നേടാനാകൂ.
എന്നാല്‍ ഇന്ത്യന്‍ തിയേറ്റര്‍ എന്ന സങ്കല്പം നമ്മള്‍ തേടേണ്ടത് അനുഷ്ഠാനകലകളിലും നാടോടിക്കഥകളിലും പുരാണങ്ങളിലും പ്രാചീന പ്രതീകങ്ങളിലുമാണ്. മുടിയേറ്റ്, തെയ്യം, കളമെഴുത്ത്, കൃഷ്ണനാട്ടം, തുള്ളല്‍, സര്‍പ്പംപാട്ട്, കഥകളി, പടയണി, തീയാട്ട് തുടങ്ങിയ കലാരൂപങ്ങളില്‍ നിന്ന് നാം പ്രാചീനമായ നാടകീയത സ്വാംശീകരിച്ച് അതിനെ സമകാലികമായ നാടകാവതരണരീതിയുമായി വിളക്കിച്ചേര്‍ക്കേണ്ടതുണ്ട്. ഗിരീഷ് കര്‍ണാടിന്റെ ‘ഹയവദന’യുടെ മൂലം കഥാസരിത് സാഗരത്തിലാണുള്ളത്. അദ്ദേഹത്തിന്റെ യയാതി മഹാഭാരതത്തില്‍ നിന്നാണല്ലോ. ചില മിത്തുകള്‍ അതുഗ്രമായി നമ്മുടെ വൈകാരികാവിഷ്‌കാരങ്ങള്‍ക്ക് വാതില്‍ തുറന്നുതരുന്നു.
വായന
സ്വത്വം എന്ന് ഒരു ലേഖനത്തില്‍ തന്നെ പത്ത് തവണയെങ്കിലും ഉരുവിടാതെ ഉത്തരാധുനിക പ്രൊഫസര്‍ വിമര്‍ശകര്‍ക്ക് സ്വസ്ഥത കിട്ടില്ലായിരുന്നു. ഉത്തരാധുനികര്‍ സാഹിത്യത്തെ ദളിത്, സ്ത്രീ, സ്വവര്‍ഗാനുരാഗി, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നെല്ലാം വിഭജിച്ചുവല്ലോ. ഇത്തരം വിഭജനങ്ങളൊക്കെ വിപണിയെ ലക്ഷ്യമാക്കിയുള്ളതാണ്. എല്ലാതരം മനുഷ്യത്വവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവനാകണം എഴുത്തുകാരന്‍. അവന് ഒരു ജാതിയുടെയും സന്ദേശവാഹകനാകേണ്ട കാര്യമില്ല. അങ്ങനെ ചെയ്താല്‍, അത് അപൂര്‍ണമായ സംവേദനമാകും. എപ്പോഴും അപര്യാപ്തതയിലേക്ക്, അപൂര്‍ണതയിലേക്ക്, അനീതിയിലേക്ക്, വിഷാദത്തിലേക്ക് അവന്റെ മനസ്സ് ചെല്ലേണ്ടതുണ്ട്. അതാണ് സംവേദനത്തിന്റെ മഹത്വം.
ഭാഷയുടെ എല്ലാത്തരം ആഴങ്ങളും ഉള്‍ക്കൊള്ളുമ്പോള്‍ ഇത് ആവിഷ്‌കരിക്കാനാകും. അതിന്റെ ജീനിയസ് എന്ന് പറയുന്നത്, സമ്പൂര്‍ണമായ രസങ്ങളുടെ അനുഭവമാണ്.
‘പച്ചക്കുതിര’ മാസിക പക്ഷപാതപരമായ രാഷ്ട്രീയ മാസികയാണ്. അതില്‍ ഒരു പ്രത്യേക മനോഭാവമുള്ള രാഷ്ട്രീയ ലേഖനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
അരുന്ധതിറോയിയുടെയും ആനന്ദിന്റെയും ലേഖനങ്ങള്‍ കപടമായ ആദര്‍ശവാദത്തെയാണ് ഉദാഹരിക്കുന്നത്. ഒരു സാംസ്‌കാരിക പൊങ്ങച്ചത്തിന്റെ വര്‍ണ്ണബലൂണുകളായി ഈ എഴുത്തുകാര്‍ ഉപയോഗിക്കപ്പെടുന്നു. ഇവര്‍ തങ്ങളുടെ സ്വകീയമായ സൗന്ദര്യാനുഭവങ്ങളെ വിസ്മരിച്ചപോലെയാണ് കാണപ്പെടുന്നത്.
ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉണ്ടാകാവുന്ന മാനസികാവസ്ഥയെക്കുറിച്ച് ശ്രീകാന്ത് കോട്ടക്കല്‍ (പച്ചക്കുതിര) എഴുതുന്നു. ഇതുപോലൊരു ‘മഹാകാര്യം’ കണ്ടുപിടിച്ചു തന്നതിന് ലേഖകനെ നമസ്‌കരിക്കുകയാണ്! ഇത്രയും ബുദ്ധിശൂന്യവും ആഴമില്ലാത്തതുമായ ഒരു കുറിപ്പ് സമീപകാലത്തെങ്ങും വായിച്ചിട്ടില്ല. ഇതൊക്കെ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് മനസ്സിലാകുന്നില്ല. അര്‍ഹതപ്പെട്ട നല്ല ലേഖനങ്ങള്‍ മാറ്റിവച്ചിട്ടായിരിക്കുമല്ലോ ഈ പൈങ്കിളിയൊക്കെ വെളിച്ചം കാണുന്നത്.
ആധുനിക ലോകത്തെ വിദ്യാഭ്യാസത്തെപ്പറ്റി അമൃത് ജി.കുമാര്‍ ഇങ്ങനെ എഴുതുന്നു: ”കാരക്ടര്‍ മോള്‍ഡിംഗിനെക്കാള്‍ പ്രാധാന്യം പേഴ്‌സണാലിറ്റി ഡെവല്പ്‌മെന്റിനു ലഭിക്കുന്നു. ആഗോളനിലവാരം കൊണ്ട് അളക്കപ്പെടുന്നതാണ് വ്യക്തിത്വം അഥവാ പേഴ്‌സണാലിറ്റി എന്നത്. അതേസമയം കാരക്ടറാകട്ടെ, പ്രാദേശികമായി വ്യത്യാസപ്പെടുന്നു. പുതിയ വിദ്യാഭ്യാസനയം വിവക്ഷിക്കുന്നത് ഈ മൂല്യങ്ങള്‍ക്കൊന്നും അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല, മറിച്ച് ആഗോളനിലവാരം പുലര്‍ത്തുന്ന വ്യക്തികള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മതി എന്നാണ്”. ഇത് പുതിയ നയമാണെന്ന് പറയുന്നത് തെറ്റാണ്. മത്സരപ്പരീക്ഷകള്‍ തുടങ്ങിയകാലം മുതല്‍ ഈ അന്തരീക്ഷമുണ്ട്. ആഗോളവത്ക്കരണമാണ് ഇതിനു ആക്കം കൂട്ടിയത്. വിദ്യാഭ്യാസം നേടുന്ന ഒരു വ്യക്തി ഇന്ന് ഏതെങ്കിലും പ്രദേശത്തിന്റെ മാത്രം ഉല്പന്നമല്ല; അയാള്‍ ഈ ലോകത്തിന്റെ പൊതുവിഭവമായി മാറുകയാണ്. അയാള്‍ വ്യക്തി എന്നതിലുപരി ഒരു പ്രകൃതിവിഭവമാണ്. അയാളുടെ കയ്യിലുള്ള പ്രത്യേക തൊഴില്‍ വൈഭവം അഥവാ അറിവ് ലോകത്തില്‍ എവിടെയും ഉപയോഗിക്കാനാകണം. കാരണം അയാള്‍ക്ക് ജീവിതകാലമത്രയും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങാനുള്ള സാഹചര്യം ഇന്നില്ല. ഗ്രാമങ്ങള്‍ പട്ടണങ്ങളോ നഗരങ്ങളോ ആയി രൂപാന്തരപ്പെടുന്നു. ഗ്രാമ-നഗര വൈരുദ്ധ്യത്തിന് ഇന്ന് പ്രസക്തിയില്ല. കാരണം വൈ ഫൈ ലഭിക്കുന്നത് ഗ്രാമത്തിലായാലും നഗരത്തിലായാലും അതിന്റെ ഉപയോഗം ഒരുപോലെയാണ്.
വിദ്യാഭ്യാസത്തിലെ സ്വഭാവരൂപീകരണം ഇനി സാധ്യമാകാന്‍ പ്രയാസമായിരിക്കും. പകരം കുടുംബങ്ങളില്‍ അതിന് അവസരമുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മത്സരപ്പരീക്ഷ വേണ്ടെന്ന് വയ്ക്കുക. അവരെ നല്ല മനസ്സോടെ പിന്തുടരുക. നമ്മളില്‍ ദയ ഉണ്ടെങ്കിലേ നമ്മുടെ കുട്ടികളില്‍ ദയ ഉണ്ടാകൂ. നമുക്ക് സ്‌നേഹമുണ്ടെങ്കിലേ കുട്ടികളില്‍ സ്‌നേഹം കാണൂ. ഇത് മനസ്സിലാക്കിയാല്‍ മതി.
ബ്രിട്ടീഷ് പാര്‍ലമെന്റിനെ കേരളത്തിലെ ഈഴവര്‍ ജാതീയമായി അനുഭവിച്ച പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് സ്വാമി വിവേകാനന്ദന്‍ ഇടപെട്ടകാര്യം മാധവദാസ് (കേസരി) എഴുതിയത് ശ്രദ്ധേയമായി. ഇംഗ്ലണ്ട് സന്ദര്‍ശിക്കുകയായിരുന്ന ജി. പരമേശ്വരന്‍ പിള്ളയെ ഇക്കാര്യം നിറവേറ്റുന്നതിനായി ഡോ. പല്‍പ്പുവാണ് ചുമതലപ്പെടുത്തിയത്. ഇത് സാധ്യമായത് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ പരിചയമുണ്ടായിരുന്ന സിസ്റ്റര്‍ നിവേദിതയ്ക്ക് സ്വാമി ഒരു കത്തെഴുതിയതിലൂടെയാണ്.
പ്രഗത്ഭനായ നാഡീരോഗ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഡോ. രാജശേഖരന്‍ നായരുമായി അഗസ്റ്റിന്‍ പാംപ്ലാനി നടത്തിയ അഭിമുഖത്തില്‍ (എഴുത്ത്) ഇങ്ങനെ വായിക്കാം:
”ആയുര്‍വ്വേദ ചികിത്സയുടെ സങ്കല്പം ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനുമില്ല. ഞങ്ങളുടെ ഏറ്റവും വലിയ പ്രയാസം ഞങ്ങളുടെ വൈദ്യശാസ്ത്രത്തിന് വലിയ ഫിലോസഫിയൊന്നുമില്ല എന്നതാണ്. ആയുര്‍വ്വേദത്തിനു ഫിലോസഫിയാണ് കൂടുതലും. മനസ്സ് എന്ന പാമ്പിനെ ശമിപ്പിക്കാന്‍ കഴിവുള്ള ബുദ്ധന്റെ മുന്നില്‍ മാത്രം ഡോക്ടര്‍ നമിക്കുന്നുവെന്ന് പറഞ്ഞാണ് ആയുര്‍വ്വേദം തുടങ്ങുന്നത്. തൃഷ്ണയായിട്ടുള്ള കണ്ണുകളും ശിരസ്സുമുള്ള, ക്രോധത്തിലുള്ള പാമ്പിനെ ശമിപ്പിക്കാന്‍ കഴിവുള്ള, ചിന്തയും അറിവുമുള്ളവന്റെ മുന്നില്‍ എന്റെ ശിരസ്സ് നമിക്കുന്നുവെന്ന് പറഞ്ഞാണ് അഷ്ടാംഗഹൃദയം തുടങ്ങുന്നത്. ഇതിനേക്കാള്‍ നല്ലൊരു ആശയം വേറെയില്ല.”
നുറുങ്ങുകള്‍
- $മാഗസിനുകളുടെ കവര്‍ ചിത്രത്തില്‍ എന്ത് അച്ചടിച്ചുവരുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയുടെ കവറില്‍ എന്ന കുപ്രസിദ്ധ മോഷ്ടാവും കുത്തുകേസില്‍ പ്രതിയുമായ ആട് ആന്റണിയുടെ പടം അടിച്ചുവന്നു. തുടര്‍ന്നുള്ള ലക്കങ്ങളില്‍ അവര്‍ സാഹിത്യകാരന്മാരുടെ ഫോട്ടോ അച്ചടിച്ചു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? പണ്ട് ഒരു മാഗസിന്‍ കവര്‍ എന്ന് പറയുന്നത് ബുദ്ധിപരമായ പക്വതയുടെ ഒരറിവും ഉദ്‌ബോധനവുമായിരുന്നു; ഇന്ന് അത് വ്യക്തി താല്പര്യവും സഹായിക്കലും ജീര്‍ണതയുമായി പടര്‍ന്നിരിക്കുന്നു.
- ഇന്ത്യയിലെ പത്ത് കോമിക് ജീനിയസ്സുകളെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ വി.കെ.എന്‍ ആയിരിക്കും. കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍ തുടങ്ങിയവരുടെ ശ്രേണിയിലാവും വി.കെ.എന്നും വരുക. വി.കെ.എന്നിന്റെ ജീവചരിത്രം രസകരമായി എഴുതാന്‍ കെ. രഘുനാഥന്‍ എന്ന നോവലിസ്റ്റിനു കഴിഞ്ഞു. ‘മുക്തകണ്ഠം വി.കെ.എന്‍’ എന്ന ജീവിതകഥ പ്രസിദ്ധീകരിച്ചിരിക്കുന്നു.
- ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ശതവാര്‍ഷികത്തില്‍, കുല്‍ദീപ് നയ്യാര്‍ എഴുതിയ ഭഗത്‌സിംഗിന്റെ ജീവചരിത്രം – ‘രക്തസാക്ഷി’ (പരിഭാഷ: കെ.യാസിന്‍ അഷ്‌റഫ്) പ്രസിദ്ധീകരിച്ചത് ഉചിതമായി (പ്രണത)
ഇന്റര്‍നെറ്റ് ഓഫ് ഓള്‍ തിംഗ്‌സ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രധാന പ്രവണതയും അനുഭവവുമാണ് ഇന്റര്‍നെറ്റ് ഓഫ് ഓള്‍ തിംഗ്‌സ്. ഏതൊരു വസ്തുവും ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്കുള്ള യാത്രയിലാണ്. എല്ലാറ്റിനെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഒരു മഹായാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ജിമെയില്‍, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, യുട്യൂബ് തുടങ്ങിയവ നമ്മുടെ സകല ജീവിതാവസ്ഥകളെയും നിയന്ത്രിക്കുകയാണിപ്പോള്‍. ഒരു നിമിഷംപോലും ഇതില്‍ നിന്ന് വേര്‍പെടാനാവാത്ത അവസ്ഥ. ഒരു പുസ്തകമോ, ഫോട്ടോയോ, പാട്ടോ, സംഭാഷണമോ, സംഭവമോ ഉണ്ടായാല്‍ അത് തത്സമയം ഇന്റര്‍നെറ്റില്‍ എത്തുന്നു. എന്തിന് ഭക്ഷണം കഴിക്കാനും പ്രേമിക്കാനും ഇപ്പോള്‍ ഇന്റര്‍നെറ്റ് വേണം.
സത്യജിത് റായ്
ഇന്ത്യയില്‍ ജനിച്ച് ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി, അപരാജിതോ, ജല്‍സാഗര്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ എക്കാലത്തെയും ക്ലാസിക്കുകളായി ആഘോഷിക്കപ്പെടുന്നു.