മാര്‍പാപ്പ മതം ഇന്ത്യയിലേക്ക് കൊണ്ടുവന്ന പോര്‍ച്ചുഗീസുകാര്‍ ഈ മതത്തെ ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി നടത്തിയ ഉദയംപേരൂര്‍ സുന്നഹദോസ് വ്യക്തമായ ഗൃഹപാഠത്തോട് കൂടിയിട്ടാണ് നടത്തിയത്. (ഉദയംപേരൂര്‍ സുന്നഹദോസിനെ കുറിച്ച് മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്). അതില്‍ മൊത്തം 250-ഓളം തീരുമാനങ്ങളാണ് എടുത്തത്. ഇതെല്ലാം തദ്ദേശീയരായ മാര്‍തോമ ക്രൈസ്തവ വിശ്വാസികളുടെ അതുവരെ നിലനിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസ ആചാരങ്ങളെ നിഷേധിക്കുന്നതും തകര്‍ക്കുന്നതുമായിരുന്നു. സമ്മേളനാനന്തരം നിലവിലെ ആചാരങ്ങള്‍ സമൂലം മാറ്റി. മാര്‍തോമ സഭയുടെ പെരുന്നാളുകളും ഒഴിവു ദിനങ്ങളും മാറ്റി പകരം റോമന്‍ കത്തോലിക്ക സഭയുടെ ദിനങ്ങള്‍ നിശ്ചയിച്ചു. പുതിയ നൊയമ്പുകള്‍ നിശ്ചയിച്ചു. മുതിര്‍ന്നവരെയും ഗുരുക്കന്മാരെയും കാണുമ്പോള്‍ ‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ’ എന്ന യേശു നാമം കൈകൂപ്പി ഉച്ചരിക്കുവാനും ഈ സ്തുതി സ്വീകരിക്കുന്നവര്‍ ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ എന്ന് തിരിച്ച് പറയണമെന്നും നിഷ്‌കര്‍ഷിച്ചു. അതുവരെ ഇവിടത്തെ ക്രൈസ്തവര്‍ മരിച്ചാല്‍ വീട്ടില്‍ തന്നെ അടക്കം ചെയ്യുന്ന പതിവായിരുന്നു. അത് നിര്‍ത്തി പകരം പള്ളി സെമിത്തേരികളില്‍ അടക്കം ചെയ്യുവാന്‍ നിയമം ഉണ്ടാക്കി. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍.
ഈ നാട്ടിലെ സംസ്‌കാരവുമായി ഇഴുകി ചേര്‍ന്ന് മാര്‍തോമക്കാര്‍ക്കുണ്ടായ എല്ലാ ആചാരങ്ങളെയും കരിമ്പട്ടികയില്‍ പെടുത്തിയ റോമന്‍ സഭക്കാര്‍ അവരുടെ സ്വന്തമായ ലത്തിന്‍ ആചാരങ്ങളെ സഭക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചു. അങ്ങനെ കേരള സഭക്ക് മുകളില്‍ വൈദേശിക ആചാരങ്ങള്‍ കടന്നു കയറി. കൂനന്‍ കുരിശ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് പൗരസ്ത്യസഭയിലേക്ക് തിരിച്ച് പോയ തങ്ങളുടെ കൂട്ടാളികള്‍ എല്ലാ സംസ്‌ക്കാരിക തനിമയോടും കൂടി തങ്ങളുടെ പൂര്‍വാചാരങ്ങളെ അനുഷ്ഠിക്കുന്നത് കണ്ട് റോമന്‍ കത്തോലിക്ക സഭക്കുള്ളില്‍പ്പെട്ട സുറിയാനികള്‍ വീര്‍പ്പ് മുട്ടി. മാത്രമല്ല പോര്‍ച്ചുഗീസ് പാതിരിമാരാല്‍ മതം മാറി വന്ന കേരള തീരത്തെ മുക്കുവന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഇവരുടെ സംസ്‌കാരങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നുവെന്നതാണ് കാരണം. നമ്പൂതിരി പശ്ചാത്തലത്തില്‍ നിന്ന് വന്നവരെന്ന് സ്വയം കരുതുന്ന പഴയ മാര്‍തോമക്കാരും മിഷണറിമാരുടെ വലയിലും പ്രലോഭനങ്ങളിലും പെട്ട് മതം മാറിയ ഭൂരിപക്ഷ മുക്കുവരും തമ്മിലുള്ള ജാതി ബോധ വിവേചനം വളരെ വലുതായിരുന്നു. ‘മതം മാറി പോര്‍ച്ചുഗീസുകര്‍ പറയുന്നതെല്ലാം ശരിയെന്ന് പറഞ്ഞ് നടക്കുന്നവരെ ലത്തിന്‍ കത്തോലിക്കര്‍ എന്നാണ് കേരളക്കര വിളിച്ചത്. ഇവിടെ റോമില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ബിഷപ്പുമാരെല്ലാം അവരുടെ ലത്തിന്‍ ആചാരങ്ങള്‍ ദയാദാക്ഷിണ്യമില്ലാതെ സഭക്കുള്ളില്‍ പ്രയോഗിച്ചു. ആചാരങ്ങള്‍ തിരിച്ച് വരണമെങ്കില്‍ വൈദേശിക മെത്രാന്‍ വാഴ്ച അവസാനിക്കണം.’ റോമാ സഭക്ക് ഉള്ളില്‍പ്പെട്ട സുറിയാനികള്‍ തങ്ങള്‍ക്കും കൂടി സ്വീകാര്യമായ നാടന്‍ മെത്രാനുവേണ്ടി മുറവിളി കൂട്ടുവാന്‍ തുടങ്ങി. മാര്‍പാപ്പ തൊട്ട് സകലമാന പേര്‍ക്കും ഇവര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും ഫലിച്ചില്ല. തങ്ങളുടെ പരമ്പരാഗത സുറിയാനി ആചാര സംരക്ഷണം മാത്രമായിരുന്നു അവരുടെ നിവേദന ലക്ഷ്യം’.
ലത്തിന്‍ റോമാ ഗ്രൂപ്പില്‍ അകപ്പെട്ട സുറിയാനിക്കാര്‍ അന്ത്യോഖ്യ അനുബന്ധ സഭകളെപ്പോലെ സ്വതന്ത്ര സഭയാകുവാന്‍ മോഹിച്ചു. അവരും തങ്ങളുടെ മുന്‍ഗാമികളെപ്പോലെ തന്ത്രങ്ങള്‍ മെനഞ്ഞു. അവര്‍ മെസപ്പോട്ടോമിയയിലെ പാത്രിയാര്‍ക്കിസായ ജോസഫ് ഔദോ എന്നയാളെ സമീപിച്ചു. ഔദോ അഭിഷേക അധികാരത്തോടെ രണ്ട് ബിഷപ്പുമാരെ കേരളത്തിലേക്കയച്ചു. അവരുടെ പേര് മാര്‍ റോക്കോസും മാര്‍ മേലൂസും എന്നുമായിരുന്നു. തങ്ങള്‍ക്കെതിരെ വന്ന ഈ ഓപ്പറേഷനെ റോമസഭ തകര്‍ത്തു. ഭീഷണി തന്നെയായിരുന്നു തന്ത്രം. ഈ തന്ത്രം വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാക്കോബായ സുറിയാനി സഭ പോലെ ഒരു മെസപ്പോട്ടോമിയന്‍ സഭയും കേരളത്തില്‍ ഉണ്ടാകുമായിരുന്നു’.
റോമ സഭക്കുള്ളില്‍ നില്‍ക്കാം. പക്ഷെ തങ്ങള്‍ക്ക് തങ്ങളുടെ സുറിയാനി വിശ്വാസ പാരമ്പര്യം നിലനിര്‍ത്തുന്ന സാഹചര്യം ഉണ്ടാകണമെന്ന് അവര്‍ വാശി പിടിച്ചു. ദാരിദ്ര്യ രേഖയില്‍ തൊട്ട് നില്‍ക്കുന്ന കേരള ലത്തിന്‍ വിഭാഗത്തോട് അവര്‍ പരമാവധി അകന്ന് നിന്നു. അവര്‍ക്ക് സഭയല്ല പുരാതന നസ്രാണി പാരമ്പര്യമായിരുന്നു വലുത്.
കാലമേറെ കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ആഗോള റോമാ സഭയിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. ആഗോളതലത്തില്‍ സഭകള്‍ തമ്മിലുള്ള മല്‍സരവും പ്രശ്‌നങ്ങളും കൂടി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടവും പ്രൊട്ടസ്റ്റന്റ് സഭയും റോമാ സഭയിലെ സുറിയാനികളെ ഉന്നംവെക്കുകയും മറ്റ് സഭകളില്‍ പിളര്‍പ്പുണ്ടാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളും കൂടിയായപ്പോള്‍ തങ്ങള്‍ പാഷാണ്ഡതയെന്ന് പറഞ്ഞ് അവഗണിച്ച സുറിയാനി വിശ്വാസികളെ റോമസഭക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങിനെ 1896 ല്‍ സുറിയാനി കത്തോലിക്കര്‍ക്ക് മൂന്ന് മെത്രാന്മാരെ മാര്‍പാപ്പ നിയമിച്ചു. എറണാകുളം, തൃശ്ശൂര്‍, ചങ്ങനാശ്ശേരി എന്നിവയായിരുന്നു ആസ്ഥാനം.
പക്ഷെ എന്നിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. റോമാ സഭക്കുള്ളില്‍ രണ്ട് ആരാധനാ സമ്പ്രദായങ്ങള്‍ നിലനിന്നു. രണ്ട് പള്ളികളും രണ്ട് സെമിത്തേരികളും എല്ലാം രണ്ട്. സുറിയാനിക്കാര്‍ സമ്പന്നരായിരുന്നു.
1923 ല്‍ ഗത്യന്തരമില്ലാതെ മാര്‍പാപ്പ തങ്ങളോടൊപ്പമുള്ള സുറിയാനിക്കാര്‍ക്ക് സീറോ മലബാര്‍ സഭ എന്ന പേരില്‍ ഒരു സഭയുണ്ടാക്കി കൊടുത്തു. അങ്ങിനെ മാര്‍പാപ്പ സഭ പ്രയോഗികമായി ഇവിടെയും ഒരേ സമയം രണ്ട് വഞ്ചിയില്‍ കാല്‍വെച്ചു.
ഈ സമയത്ത് ബാവ കക്ഷി, മെത്രാന്‍ കക്ഷി യുദ്ധം നന്നായി നടക്കുന്നുണ്ടായിരുന്നു. നല്ല സമ്പത്തും സംഘടനാ ശേഷിയുമുള്ള റോമാ സഭക്കൊപ്പം ചേര്‍ന്നാലും സുറിയാനി വിശ്വാസം നിലനിര്‍ത്താമെന്ന സന്ദേശം മാര്‍പാപ്പ ഈ സീറോ മലബാര്‍ സഭ പ്രഖ്യാപനത്തിലൂടെ നടത്തി. അത് ഗുണം ചെയ്തു – 1930ല്‍ യാക്കോബായക്കാരനായ മാര്‍ ഇവാനിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മാര്‍പാപ്പ പക്ഷത്തേക്ക് മാറി. ഈ മാറ്റം ഒരു നല്ല തുടക്കമായി മാര്‍പാപ്പ കണ്ടു. ഇത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു സഭ കൂടി അവര്‍ ഉണ്ടാക്കി. ഇതാണ് സീറോ മലങ്കര സഭ.
ഇങ്ങനെയുള്ള മതപരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ദേശീയ നേതാക്കളെയും തങ്ങളുടെ വരുതിയിലാക്കുവാന്‍ അക്കാലത്ത് സഭകള്‍ ശ്രമിച്ചിരുന്നു. മഹാത്മാ ഗാന്ധി തന്നെ നല്ലൊരു ഉദാഹരണം. മഹാത്മ ഗാന്ധിയെപ്പോലെ ഒരാളെ കിട്ടിയാല്‍ വലിയൊരു ജനസമൂഹത്തെ ഒറ്റയടിക്ക് മതം മാറ്റുവാന്‍ കിട്ടുമെന്ന ദീര്‍ഘവീക്ഷണമായിരുന്നു ഈ നിരന്തര ശ്രമത്തിന് പിന്നില്‍. ഗാന്ധിയെപ്പോലെ വിശ്വ പൗരനായ ഒരാള്‍ക്ക് മിഷണറിമാരുമായി നടത്തിയിട്ടുള്ള തര്‍ക്ക സംവാദങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതേണ്ടി വന്നിട്ടുണ്ടെങ്കില്‍ മിഷണറി സമൂഹം എന്ത് മാത്രം ഇദ്ദേഹത്തെ അലോസരപ്പെടുത്തിയിട്ടുണ്ടാകും.
മഹാത്മാവിന്റെ ജീവിതകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥയില്‍ ഒരുപാട് സ്ഥലത്ത് ഇദ്ദേഹം മിഷണറിമാരുടെ പ്രലോഭനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട സംഭവങ്ങള്‍ എഴുതിയിട്ടുണ്ട്. ‘മതപരമായ അന്ത:ക്ഷോഭം’ എന്ന അദ്ധ്യായം ഇതിനൊരു ഉദാഹരണമാണ്. ഗാന്ധിജി എഴുതി ‘ക്രൈസ്തവ സുഹൃത്തുക്കളുമായുള്ള എന്റെ അനുഭവങ്ങളിലേക്ക് വീണ്ടും തിരിയുവാന്‍ സമയമായിരിക്കുന്നു. എന്റെ ഭാവിയെപ്പറ്റി മി: ബേക്കര്‍ ഗാന്ധിജി ദക്ഷി ണാഫ്രിക്കയില്‍ താമസിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ക്രൈസ്തവ സുഹൃത്ത് ഉല്‍ക്കണ്ഠപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം എന്നെ വെല്ലിങ്ടണ്‍ മതസമ്മേളനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. മതബോധം ദീപ്തമാക്കുവാന്‍, അഥവാ വേറെ വാക്കുകളില്‍ പറഞ്ഞാല്‍ സ്വയം ശുദ്ധീകരിക്കുവാന്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവര്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്തുമായിരുന്നു. മതപരമായ നവീകരണം എന്നോ പുനരുദ്ധാരണം എന്നോ ഇതേപറ്റി പറയാം. വെല്ലിങ്ടണ്‍ മതസമ്മേളനം ഇത്തരത്തിലുള്ള ഒന്നായിരുന്നു. സ്ഥലത്തെ പ്രധാന വൈദീകന്‍ റവ: ആന്‍ഡ്രു മുറെ ആയിരുന്നു അതിന്റെ അദ്ധ്യക്ഷന്‍. സമ്മേളനത്തിലെ തീക്ഷ്ണമായ മതാന്തരീക്ഷവും അതില്‍ സംബന്ധിക്കുന്നവരുടെ ഉല്‍സാഹവും ശുഷ്‌കാന്തിയും എന്നെ അനിവാര്യമായും ക്രിസ്തുമതത്തെ ആശ്ലേഷിക്കാന്‍ പ്രേരിപ്പിക്കുമെന്ന് മി: ബേക്കര്‍ പ്രതീക്ഷിച്ചു.
”ഈ സമ്മേളനം ഭക്തരായ ക്രൈസ്തവരുടെ ഒരു കൂട്ടായ്മ ആയിരുന്നു -അവരുടെ വിശ്വാസത്തില്‍ ഞാന്‍ ആനന്ദിച്ചു. റവ: മുറെയുമായി ഞാന്‍ പരിചയപ്പെട്ടു. പലരും എനിക്കായി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടു. അവരുടെ പ്രാര്‍ത്ഥനാ ഗാനങ്ങളില്‍ ചിലത് എനിക്കിഷ്ടപ്പെട്ടു. അവ മാധുര്യമുള്ളവയായിരുന്നു.
ആ സമ്മേളനം മൂന്ന് ദിവസം നീണ്ടുനിന്നു. അതില്‍ പങ്കെടുത്തവരുടെ ഈശ്വരഭക്തി എനിക്ക് ബോധ്യമാകുകയും ബഹുമാന്യമായി തോന്നുകയും ചെയ്തു. എന്നാല്‍ എന്റെ വിശ്വാസം – മതം – മാറുന്നതിന് ഒരു ന്യായവും ഞാന്‍ കണ്ടില്ല. ഒരു ക്രിസ്ത്യാനിയായാല്‍ മാത്രമേ എനിക്ക് മോക്ഷം പ്രാപിക്കുവാന്‍, അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ പോകുവാന്‍ കഴിയു എന്ന് വിശ്വസിക്കുക എനിക്ക് അസാദ്ധ്യമായിരുന്നു. അത് ചില ക്രൈസ്തവ സുഹൃത്തുക്കളോട് ഞാന്‍ തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. പക്ഷെ വേറെ നിവൃത്തിയില്ലായിരുന്നു.
എന്റെ വൈഷമ്യങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളവയായിരുന്നു. മനുഷ്യാവതാരം വരിച്ച ഏക ദൈവപുത്രന്‍ യേശുവാണെന്നും അവനില്‍ വിശ്വസിക്കുന്നവന് മാത്രമേ നിത്യജീവിതമുള്ളൂ എന്നും പറയുന്നത് എനിക്ക് വിശ്വസിക്കാവുന്നതിനും അപ്പുറമായിരുന്നു. ദൈവത്തിന് മക്കളുണ്ടാകാമെങ്കില്‍ നമ്മളെല്ലാം അദ്ദേഹത്തിന്റെ മക്കളാണ്. യേശു ദൈവത്തെപ്പോലെ അല്ലെങ്കില്‍ ദൈവം തന്നെ ആണെങ്കില്‍ എല്ലാ മനുഷ്യരും ദൈവത്തെപ്പോലെയുള്ളവരും ദൈവം തന്നെ ആകാവുന്നവരും ആണ്. യേശു തന്റെ മരണവും രക്തവും കൊണ്ട് ലോകത്തിന്റെ പാപങ്ങള്‍ പരിഹരിച്ചു എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കാന്‍ എന്റെ ബുദ്ധി തയ്യാറായിരുന്നില്ല. ആലങ്കാരികമായി അതില്‍ കുറെ സത്യം ഉണ്ടാകാം. കൂടാതെ ക്രിസ്തുമത പ്രകാരം മനുഷ്യര്‍ക്ക് മാത്രമേ ആത്മാവുള്ളു. മറ്റ് ജീവജാലങ്ങള്‍ക്കില്ല. അവയെ സംബന്ധിച്ചേടത്തോളം മരണമെന്നാല്‍ പൂര്‍ണമായ വിനാശമാണ്. എന്റെ വിശ്വാസം ഇതിന് വിപരീതമായിരുന്നു. എനിക്ക് യേശുവിനെ ഒരു രക്തസാക്ഷിയായി സ്വീകരിക്കുവാന്‍ കഴിയും. ത്യാഗത്തിന്റെ മൂര്‍ത്തിമദ്ഭാവമായും ദൈവീക ഗുരുവായും അദ്ദേഹത്തെ ഞാന്‍ സ്വീകരിക്കുന്നു. പക്ഷെ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും സമ്പൂര്‍ണനായ മനുഷ്യനായി കണക്കാക്കുവാന്‍ വയ്യ. അദ്ദേഹത്തിന്റെ കുരിശ്മരണം ലോകത്തിന് മഹത്തായൊരു ദൃഷ്ടാന്തമാണ്. എന്നാല്‍ അതിന് നിഗൂഢമോ അദ്ഭുതകരമോ ആയ എന്തെങ്കിലും മഹിമ ഉണ്ടെന്ന് എന്റെ മനസ്സിന് അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല. ക്രൈസ്തവ തത്ത്വങ്ങളില്‍ ദാര്‍ശനികമായി അസാധാരണമായൊന്നും ഉണ്ടായിരുന്നില്ല. ത്യാഗത്തിന്റെ കാര്യത്തില്‍ ഹൈന്ദവര്‍ ക്രൈസ്തവരെ വളരെ പിന്നിലാക്കിയതായും ഞാന്‍ കണ്ടു. ക്രിസ്തുമതത്തെ ഒരു സമ്പൂര്‍ണ മതമായോ എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായോ കണക്കാക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രൈസ്തവ സുഹൃത്തുക്കള്‍ എന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിച്ചിരുന്നത് പോലെ മുസ്ലിം സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. അബ്ദുള്ള സേട്ട് എന്നെ എപ്പോഴും ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാന്‍ പ്രോത്‌സാഹിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ സൗന്ദര്യത്തെപ്പറ്റി അദ്ദേഹത്തിന് എപ്പോഴും എന്തെങ്കിലും തീര്‍ച്ചയായും പറയാനുണ്ടായിരുന്നു.’
മിഷണറി പ്രവര്‍ത്തനം എന്നും എവിടെയും ആദ്യാവസാനം ഒരു വെട്ടിപ്പിടുത്തമായിരുന്നു. മറ്റൊരു നിലക്ക് നോക്കിയാല്‍ അതൊരു ബുദ്ധിപരമായ വ്യായാമമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ സഭയും മിഷണറിയും രംഗത്ത് ഇറങ്ങിയിരുന്നത്. അവര്‍ക്ക് ചെറിയവനെന്നോ വലിയവനെന്നോ വത്യാസമുണ്ടായിരുന്നില്ല. അടിമയായ പൊയ്കയില്‍ യോഹന്നാന് നേരെ നീട്ടിയ ചൂണ്ട തന്നെയാണ് നമ്മുടെ രാഷ്ടപിതാവായ മഹാത്മാഗാന്ധിക്ക് നേരെ നീട്ടിയതും. സ്ഥലകാല വ്യത്യാസമുണ്ടെന്ന് മാത്രം.
ഒരു വ്യക്തിയുടെ ജീവിതം ആ കാലഘട്ടത്തിന്റെ ചരിത്രം പറയും എന്ന് പറയാറുണ്ട്. മതപരിവര്‍ത്തന മാഫിയയുടെ പ്രവര്‍ത്തനങ്ങളുമായി വളരെ അടുത്ത് ഇടപഴകുവാനും അവരുടെ തന്ത്രങ്ങളെ അതേ നാണയത്തില്‍ നേരിടുവാന്‍ മാത്രമല്ല അതിനെ ശാസ്ത്രീയമായി വിലയിരുത്തുവാനും കഴിഞ്ഞ ഒരാളായിരുന്നു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തെ വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്തുവെന്നുള്ളതാണ് മഹാത്മാഗാന്ധിയുടെ പ്രത്യേകത. സനാതന ധര്‍മത്തിന് മുമ്പില്‍ സെമിറ്റിക് മത ചിന്തകള്‍ എത്ര നിഷ്പ്രഭമാണെന്ന് ഗാന്ധി തെളിയിച്ചു മഹാത്മ ഗാന്ധി ആദ്യാവസാനം മതപരിവര്‍ത്തനത്തിനും ഗോവധത്തിനുമെല്ലാം എതിരായിരുന്നു. ഗാന്ധിയുടെ മാതൃകാ രാജ്യമായ രാമരാജ്യ സങ്കല്പ ത്തില്‍ മതപരിവര്‍ത്തനമോ ഗോവധമോ ഒന്നും ഉണ്ടായിരുന്നില്ല.
മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ മുതല്‍ അദ്ദേഹത്തിന്റെ ചിന്തകളുടെ ക്രോഡീകരിച്ച പുസ്തക രൂപമായ ‘ഗാന്ധി സാഹിത്യ’ത്തില്‍ വരെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ മതാനുഭവങ്ങളാണ്. മഹാത്മാഗാന്ധിയെ മതം മാറ്റുവാന്‍ വേണ്ടി അദ്ദേഹത്തെ സമീപിച്ച നിരവധി പേരോട് അദ്ദേഹം നടത്തിയ സംവാദങ്ങള്‍ ലോകോത്തര നിലവാരമുള്ള ഒന്നായി ക്രൈസ്തവ മത പണ്ഡിതന്മാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുള്ളതാണ്. 79 വയസ്സ് വരെ ജീവിച്ച മഹാത്മാവിന്റെ ജീവിതത്തില്‍ 60 വര്‍ഷവും മതപരിവര്‍ത്തന സമ്മര്‍ദ്ദ ശക്തികളുടെ കൂടെയായിരുന്നു. ഗാന്ധിജി മതപരിവര്‍ത്തനക്കാരെക്കുറിച്ച് യങ് ഇന്ത്യയില്‍ 1925ല്‍ ഇങ്ങനെ എഴുതി. ‘മതം മാറ്റണമെന്ന ഭീഷണി പ്രയോഗിക്കുന്നവര്‍ക്ക്, എന്റെ വിനീതാഭിപ്രായത്തില്‍ മതത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാ. മതം ഒരു ജീവന്മരണ കാര്യമാണ്. വസ്ത്രങ്ങള്‍ മാറ്റുന്നത് പോലെ ഒരാള്‍ മതം മാറാറില്ല. അയാളതിനെ ശ്മശാനത്തിനപ്പുറത്തേക്കും കൊണ്ടുപോകുന്നു. മറ്റൊരാളെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയും ഒരുവന്‍ മതവിശ്വാസിയാകാറില്ല. അയാള്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നത് മറിച്ചാകാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടാണ്. കൂറുള്ള ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ മറ്റേതു സ്ത്രീയെക്കാളുമേറെ സ്‌നേഹിക്കുന്നു. അവളുടെ വഞ്ചന പോലും അയാളെ കൂറില്ലാത്തവനായി തീര്‍ക്കുകയില്ല. ആ ബന്ധം രക്തബന്ധത്തേക്കാള്‍ കവിഞ്ഞതാണ്. അതുപോലെ തന്നെയാണ് മതത്തോടുള്ള ബന്ധവും. അതിന് വല്ല വിലയുമുണ്ടെങ്കില്‍ അത് ഹൃദയത്തിന്റെ കാര്യമാണ്. കൂടുതല്‍ ഉന്നതമായ ഒരു സ്ഥാനം പിടിച്ചടക്കിയ ഹിന്ദുക്കള്‍ ചെയ്യുന്ന ദ്രോഹത്തെ വകവയ്ക്കാതെ സ്വന്തം ഹിന്ദു മതമനുസരിച്ച് ജീവിക്കുന്ന ‘അയിത്തക്കാരന്‍’ കൂടുതല്‍ ഔന്നദ്ധ്യം അവകാശപ്പെട്ടതുകൊണ്ട് തന്നെ തന്റെ ഹിന്ദു മതത്തെ നിഷേധിച്ച് ആഢ്യത്വം നടിക്കുന്ന ഹിന്ദുവിനേക്കാള്‍ ശ്രേഷ്ഠനായ ഹിന്ദുവാണ്. അതിനാല്‍ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍, എന്റെ അഭിപ്രായത്തില്‍ സ്വന്തം മതത്തെ വഞ്ചിക്കുന്നവരാണ്.”
ഇന്ത്യയില്‍ അതിന്റെ സംസ്‌കാരത്തിനും ദേശീയതക്കും എതിരായിട്ടാണ് മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം പ്രവര്‍ത്തിച്ചത്. കള്ളപ്പണമായിരുന്നു എക്കാലത്തും അതിന്റെ ശക്തി. മതപരിവര്‍ത്തനത്തെക്കുറിച്ച് ഗാന്ധിയന്‍ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയ ഒരു ദേശീയ നയം തന്നെ നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
(ഈ പരമ്പര അവസാനിച്ചു)
പഠനത്തിനും വിശകലനത്തിനുമായി തെരഞ്ഞെടുത്ത പുസ്തകങ്ങള്‍
1) എന്റെ സത്യാനേഷണ പരീക്ഷണ കഥ – എം.കെ.ഗാന്ധി
2) തത്വചിന്തയും മതവും – എം.കെ.ഗാന്ധി
3) വേദശബ്ദ രത്‌നാകരം – ഡി. ബാബുപോള്‍
4) വേലുത്തമ്പി ദളവ-സുദര്‍ശന്‍ കാര്‍ത്തി കേയന്‍
5) ക്രെസ്തവവല്‍ക്കരണം ഭാരതത്തില്‍. – അരുണ്‍ ഷൂരി
6) മലങ്കര നസ്രാണികള്‍ വാല്യം 2-ഇസഡ്. എം.പാറേട്ട്
7) മലങ്കര നസ്‌റാണികള്‍ വാല്യം 3
8) ഗോവയിലെ മതം മാറ്റം – ആര്‍.ഹരി
9) ഭാരത സഭാ ചരിത്രം – പ്രൊഫ.റവ. ഡോ. സേവ്യര്‍ കൂടപ്പുഴ
10) പൗരസ്ത്യ ക്രൈസ്തവ സഭകള്‍-ഒരാമുഖം-ഡിക്കന്‍ ഗ്രീഗര്‍ ആര്‍.കൊള്ളനുര്‍
11) ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം-ഇഗ്‌നാത്തിയോസ് യാക്കോബ് തൃതിയന്‍ പാത്രിയാര്‍ക്കിസ്
12) മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ-പ്രൊഫ.ഫാ.ജോസഫ് കുളത്രാമണ്ണില്‍
13) ഭാരത സഭാ ചരിത്രം-അഡ്വ.ജേക്കബ് പുളിക്കല്‍
14) ക്രിസ്ത്യാനികള്‍-ബോബി തോമസ്
15) ദളിത് ക്രൈസ്തവര്‍ കേരളത്തില്‍ – പോള്‍ ചിറക്കരോട്
16) അടിവേരുകള്‍-ഡോ:ജോണ്‍ ഓച്ചന്തുരുത്ത്
17) ദീപാര്‍ച്ചന – എന്‍.ജെ.ജോസഫ് നെല്ക്കുന്നശ്ശേരി
18) വര്‍ത്തമാന പുസ്തകം-പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍
19) കേരള ചരിത്രം-എ ശ്രീധരമേനോന്‍
20) ഇന്ത്യാ ചരിത്രം-എ ശ്രീധരമേനോന്‍
21) വിദേശികള്‍ കപ്പലിറങ്ങുന്നു -പുറത്തൂര്‍ ശ്രീധരന്‍
22) കേരളം 600 കൊല്ലം മുമ്പ് -വേലായുധന്‍ പണിക്കശ്ശേരി
23) വിശുദ്ധ ജോസഫ് വാസ് -ഫാ: ജേക്കബ് തെക്കേമുറി
24) ഗോണ്‍സാലോ ഗാര്‍സിയ-ജോണ്‍ ഈര വേലി
25) മോറന്‍ എന്ത് തോ -സി ഡി തിമത്തി
26) ഉദയംപേരൂര്‍ സുന്നഹദോസ് -ജോസഫ് പുലിക്കുന്നേല്‍
27) അയ്യാ വൈകുണ്ഠനാഥന്‍.-പി.സുന്ദരം സ്വാമികള്‍
28) നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍ -പ്രൊ.ജെ.ഡാര്‍വിന്‍
29) യേശുവും സഭയും -ജോര്‍ജ് മൂലേച്ചാലില്‍
30) സ്‌നേഹപൂര്‍വം സേവ്യര്‍ – ബിജു ഇളമ്പ ച്ചം വീട്ടില്‍
31) ഉദയംപേരൂര്‍ സുന്നഹദോസിന്റെ കനോന കള്‍. – ഓശാന സ്റ്റഡിസ്
32) ക്രിസ്തിയ സ്വത്വവും സാംസ്‌ക്കാരിക ദേശീയതയും – റവ.ഡോ.ഇ.സി.ജോണ്‍.
33) മതപരി വര്‍ത്തനം ക്രൈസ്തവ സമീപനം – മോസ്റ്റ് റവ.ഡോ.ഐ- യേശുദാസന്‍
34) തിരുവിതാംകൂര്‍ ചരിത്രം-പി.ശങ്കുണ്ണി മേനോന്‍
35) ചന്നാര്‍ ലഹള. – എന്‍.കെ.ജോസ്
36) ദിവാന്‍ മണ്‍റോ – എന്‍.കെ.ജോസ്
37) പുലയ ലഹള – എന്‍.കെ.ജോസ്
38) പൊയ്കയില്‍ യോഹന്നാന്‍. – എം.ആര്‍.. രേണുകുമാര്‍
39) ആചാര്യ അയ്യങ്കാളി. – ടി.എ .മാത്യൂസ്
40) ഇന്ത്യന്‍ ജാതി വ്യവസ്ഥ. – ഡോ.ജോണ്‍ വില്‍സണ്‍