അഹത്തൊള്ളമെത്രാന്‍ പോര്‍ച്ചുഗീസ് റോമന്‍ കത്തോലിക്ക മിഷണറിമാരാല്‍ കൊല ചെയ്യപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ടതിന് ശേഷംറോമന്‍ വിരുദ്ധര്‍ നടത്തിയ വിശ്വാസ വിസ്‌ഫോടനമായ കൂനന്‍ കുരിശ് സത്യത്തെക്കുറിച്ച് മുന്‍ ലക്കങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റോമന്‍ കത്തോലിക്ക സഭയോട് എതിര്‍പ്പുള്ള സുറിയാനി സഭാ വിശ്വാസികളായ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി പള്ളിയില്‍ തടിച്ച് കൂടി റോമാ സഭയില്‍ നിന്നും മാര്‍പാപ്പയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് തങ്ങളുടെ പൂര്‍വ സഭയായ മാര്‍തോമസഭ പുനഃസ്ഥാപിക്കുന്നതാണ് ഈ സംഭവം. 1653 ലാണ് ഇത്.
കൂനന്‍ കുരിശിന് നായകത്വം വഹിച്ച ഇട്ടിത്തൊമ്മന്‍ കത്തനാരെ പറ്റി മുമ്പേ പറഞ്ഞിട്ടുണ്ട്. അനുകൂലിക്കുന്നവര്‍ക്ക് വീരാരാധനയും എതിര്‍ക്കുന്നവര്‍ക്ക് ശത്രുവുമായ ഒരു കഥാപാത്രം യാക്കോബായക്കാര്‍ക്ക് പ്രിയപുത്രനും റോമന്‍ കത്തോലിക്കരുടെ പ്രഖ്യാപിത ശത്രുവും ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്ക് താല്‍പര്യമില്ലാത്ത ഒരു വ്യക്തിയുമായിട്ടാണ് ചരിത്രത്തിലെ ഇയാളുടെ സ്ഥാനം.
സുറിയാനി സഭയിലെ പുരോഹിതനായ തോമ ആര്‍ക്കദിയോകനെ തന്റെ കാലശേഷം കേരളത്തിലെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് അഹത്തൊള്ള മെത്രാന്‍ ഇട്ടി തൊമ്മന് നല്‍കിയതായി പറയപ്പെടുന്ന ചരിത്രത്തില്‍ പ്രമുഖ്യ സ്ഥാനമുള്ള വിവാദ കത്തുണ്ട്. കല്‍പ്പന എന്നാണ് ഇതിനെയാക്കോബായക്കാര്‍ വിളിക്കുന്നത്.ഇങ്ങനെയൊരു കത്ത് ഇല്ലെന്നാണ് യാക്കോബായ വിരുദ്ധരുടെ വാദം. ഈ കത്ത് കാണിച്ച് തന്റെ വലംകൈയായ തോമയെ ഇട്ടി തൊമ്മന്‍ പാത്രിയാര്‍ക്കീസാക്കി വാഴിച്ചു. റോമന്‍ കത്തോലിക്കരിലെ ലാറ്റിന്‍ വിഭാഗത്തിന്റെ ‘ഭാരത സഭാചരിത്രത്തില്‍’ അഡ്വ.ജേക്കബ് പുളിക്കന്‍ ഇങ്ങനെ എഴുതുന്നു ”ഇട്ടി തൊമ്മന്‍ കത്തനാരുടെ കുതന്ത്രങ്ങള്‍ വീണ്ടും തുടര്‍ന്നു. തന്റെ കാലശേഷം ആര്‍ക്കദിയോക്കനെ പാത്രിയാര്‍ക്കീസായി അവരോധിക്കാന്‍ മാര്‍പാപ്പ തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് അഹത്തൊള്ള ഒരു കത്ത് നേരത്തെ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം (ഇട്ടി തൊമ്മന്‍) പ്രചരണം നടത്തി. ഇടപ്പള്ളി പള്ളിയിലെ മൂന്ന് നൊയമ്പിനോടനുബന്ധിച്ച് വലിയ ജനക്കൂട്ടത്തിനു മുമ്പാകെ കത്തനാര്‍ (ഇട്ടി തൊമ്മന്‍) അങ്ങിനെയൊരു വ്യാജ കത്തും ഒരു വ്യാജ ഉത്തരവും ഉയര്‍ത്തി കാണിക്കുകയും തുടര്‍ന്ന് ആര്‍ക്കദിയോയ്ക്കന്‍ തോമാസിനെ ഇന്ത്യ മുഴുവനും ചൈനയുടെയും മഹോന്നത പാത്രിയാര്‍ക്കീസായി അവരോധിക്കുകയും ചെയ്തു.
ഇട്ടി തൊമ്മനെ റോമന്‍ കത്തോലിക്കര്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവായി കണ്ടു. കൂനന്‍ കുരിശിന് ശേഷം 10 വര്‍ഷം കഴിഞ്ഞ് 1663ല്‍ ഡച്ചു സൈന്യം കൊച്ചിയില്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തുകയും ഇവിടെ ഭരിച്ചിരുന്ന പോര്‍ച്ചുഗീസ് ബിഷപ്പ് സെബാസ്ത്യാനായോട് നാടുവിടാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഇവിടത്തെ സഭാപ്രവര്‍ത്തനം ഒരു അവിയല്‍ പരുവത്തില്‍ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു. റോമന്‍ കത്തോലിക്കനായബിഷപ്പ് സെബാസ്ത്യാനാസ് പോകുന്ന പോക്കില്‍ മാര്‍തോമക്കാരെ സുഖിപ്പിക്കുവാന്‍ ഒരു അടവ് നയം എടുക്കുകയും നാട്ടുകാരനും സുറിയാനിക്കാരനുമായ ചാണ്ടിയെ മെത്രാനാക്കുകയും ഒപ്പം ഇട്ടി തൊമ്മനെയും ആര്‍ച്ച് ദിയോക്കന്‍ തോമാസിനെയും സഭയില്‍ നിന്ന് പുറത്താക്കി സഭാ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍തോമക്കാരനെ ബിഷപ്പ് ആക്കിയതിലൂടെ തങ്ങള്‍ക്ക് അവരോട് ഒരു പ്രശ്‌നവും ഇല്ലെന്ന് കാണിക്കുവാന്‍ ചാണ്ടി മെത്രാനെമുമ്പില്‍ നിര്‍ത്തി കത്തോലിക്ക സഭ നടത്തിയ ഒരു കളിയായിരുന്നു ഇത്. ഇട്ടി തൊമ്മന്റെ ആള്‍ക്കാരെ സഭ മാറ്റുവാന്‍ റോമന്‍കത്തോലിക്ക സഭ വലിയ ശ്രമങ്ങള്‍ നടത്തി. പഴയ സുഹൃത്തുക്കളായ ഇട്ടി തൊമ്മനും മെത്രാന്‍ചാണ്ടിയും നേര്‍ക്ക്‌നേര്‍ ഏറ്റുമുട്ടി. മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ എന്ന യാക്കോബായ സുറിയാനി ചരിത്രം ഇങ്ങനെ പറയുന്നു: സുറിയാനി സഭയെ മൊത്തമായി റോമാ സഭയിലേക്ക് ചേര്‍ക്കുവാനായി ധനം, ഭീഷണി, പ്രലോഭനം തുടങ്ങിയ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റി നോക്കിയെങ്കിലും ഒന്നിനും വഴങ്ങാതെ സുറിയാനിക്കാര്‍ ഇട്ടി തൊമ്മന്റെയും അര്‍ക്കാദിയോക്കന്റെയും കൂടെ പാറപോലെ ഉറച്ചു നിന്നു.
റോമാ സഭയും മാര്‍തോമ സഭയും തമ്മിലുള്ള വടംവലി രൂക്ഷമായിരിക്കേ 1665 ല്‍ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ ബാവ എന്ന് പേരുള്ള ഒരു അന്ത്യോഖ്യ മെത്രാന്‍ സിറിയയില്‍ നിന്ന് ഇവിടെയെത്തി. ഇദ്ദേഹം യാക്കോബായ വിഭാഗത്തില്‍പ്പെടുന്ന ആളായിരുന്നു. ഈ യാക്കോബായ മെത്രാനാണ് തങ്ങളുടെ സഭയുടെ ആശയപരമായ പിളര്‍പ്പിന് കാരണക്കാരനെന്നാണ് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പറയുന്നത്. ക്രൈസ്തവ പൗരോഹിത്യ രീതിയനുസരിച്ച് ഉയര്‍ന്ന പുരോഹിതനില്‍ നിന്ന് യഥാവിധി പൗരോഹിത്യ അനുഗ്രഹം കിട്ടാത്ത ആളുകളെ പുരോഹിതന്മാരായി വിശ്വാസികള്‍ കണക്കാക്കുകയില്ല. ഇതനുസരിച്ച് അനുഗ്രഹം കിട്ടാത്ത ആര്‍ക്കദിയോക്കന്‍ തോമയെ അംഗീകരിക്കുവാന്‍ ഒരു വിഭാഗം വിശ്വാസികള്‍ വിസമ്മതിച്ചു. പലവരും എതിര്‍ സഭയിലേക്ക് പോകുവാന്‍ തുടങ്ങി. സേവ്യര്‍ കൂടപ്പുഴ എഴുതുന്നു: ‘മാര്‍തോമ ക്രിസ്ത്യാനികളുടെ അപേക്ഷയനുസരിച്ച് അന്ത്യോഖ്യയിലെ യാക്കോബായ പാത്രിയാര്‍ക്കിസ് മാര്‍ ഗ്രിഗോറിയസ് എന്ന മെത്രാനെ കേരളത്തിലേക്കയച്ചു.1665 ല്‍ അദ്ദേഹം ഇവിടെയെത്തി. നിലവിലുണ്ടായിരുന്ന (റോമന്‍ കത്തോലിക്കരാല്‍ 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ വെച്ച് വികൃതമാക്കപ്പെട്ടതെന്ന് സുറിയാനിക്കാര്‍ കരുതുന്ന) പൗരസ്ത്യ സുറിയാനി ആരാധനാരീതിക്ക് പകരം സുറിയാനി അന്ത്യോഖ്യന്‍ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചു. യാക്കോബായ സഭയുടേത് മാത്രമായ നിലവിലുണ്ടായിരുന്ന പ്രത്യേക പാരമ്പര്യങ്ങള്‍ക്ക് മാര്‍ ഗ്രിഗോറിയോസ് പ്രാധാന്യം കൊടുത്തില്ല. മാര്‍ തോമ ക്രിസ്ത്യാനികളുടെ പുരാതന പൗരസ്ത്യ പാരമ്പര്യങ്ങളില്‍ ചിലതൊക്കെ പുനരുദ്ധരിച്ചു. ഒരു അന്ത്യോഖ്യന്‍ മെത്രാന്‍ ഇത് ചെയ്തതിനാല്‍ പുനരുദ്ധരിക്കപ്പെട്ട രീതിക്ക് ക്രമേണ അന്ത്യോഖ്യന്‍ എന്ന പേരു കിട്ടാനിടയായി. അങ്ങനെ മലങ്കര നസ്രാണിസമുദായം പുരാതനകാലം മുതല്‍ വിലമതിച്ച് ആചരിച്ചിരുന്ന പൗരസ്ത്യ സുറിയാനി ആരാധനാ ക്രമവും പാരമ്പര്യങ്ങളും ക്രമേണ നഷ്ടപ്പെടുവാനിടയാക്കിയ ഒരു പുത്തന്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു.
ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ എത്തിയതോടെ സുറിയാനിക്കാര്‍ ഉണര്‍ന്നു. തങ്ങള്‍ക്കും ഒരു മാതൃസഭയും അപ്പോസ്തലിക പിന്തുടര്‍ച്ച പാരമ്പര്യവും മേല്‍പുരോഹിതന്മാരും ഉണ്ടെന്ന തോന്നല്‍ അവര്‍ക്കുമുണ്ടായി. പക്ഷെ ഇവര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ റോമാ സഭക്കാര്‍ വിജയിച്ചിരുന്നു. കൂനന്‍ കുരിശ് സംഭവത്തോടെ ആകെ കലങ്ങിമറിഞ്ഞ് നിന്നിരുന്ന മാര്‍തോമ സുറിയാനി സഭക്കാര്‍ രണ്ട് ചേരിയായി തിരിഞ്ഞു. ഒന്ന് ചാണ്ടി മെത്രാന്‍ പക്ഷവും മറ്റൊന്ന് ഗ്രിഗോറിയോസ് പക്ഷവും. നേരത്തെ പറഞ്ഞതുപോലെ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീല്‍ ബാവ ഇവിടെ നിലനിന്നിരുന്ന പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച് പ്രാര്‍ത്ഥനകളിലും ആചാരങ്ങളിലും യാക്കോബായ അന്ത്യോഖ്യന്‍ രീതികള്‍ ധാരാളമായി സഭയില്‍ പ്രയോഗിക്കുവാന്‍ തുടങ്ങി. ഈ പുതിയ രീതി സ്വീകരിക്കുന്നവരെ പുത്തന്‍ കൂറ്റുകാര്‍ എന്ന് വിളിച്ചു. ഇവര്‍ അന്ത്യോഖ്യയുമായുള്ള ബന്ധം ദൃഢമാക്കുകയും യാക്കോബായക്കാര്‍ എന്ന് അറിയപ്പെടുകയും ചെയ്തു. ഇവിടെ നിലവിലുണ്ടായിരുന്ന പൗരസ്ത്യ സുറിയാനി ആരാധനാക്രമം ആചരിച്ചിരുന്ന മാര്‍തോമ ക്രിസ്ത്യാനികള്‍ പഴയ കൂറ്റുകാരായി അറിയപ്പെട്ടു.
1811-1815 കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ റസിഡന്റും ദിവാനുമായിരുന്ന കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം തനിക്ക് കഴിയാവുന്ന പോലെ യാക്കോബായ സമുദായക്കാരെ നിയമിച്ചു. കൂടാതെ യാക്കോബായ റബ്ബാനായ (റബ്ബാന്‍ എന്നാല്‍ സെമിനാരി പഠനം കഴിഞ്ഞ് ബിഷപ്പിന് മുമ്പുള്ള പൗരോഹിത്യ അവസ്ഥ. ഇവര്‍ സന്യാസ ജീവിതം നയിക്കണം) ഇട്ടൂപ്പ് റബ്ബാന് കോട്ടയത്ത് ഒരു സെമിനാരി സ്ഥാപിക്കുവാനുള്ള സ്ഥലവും സാമ്പത്തിക സഹായങ്ങളും ചെയ്ത് കൊടുത്തു. 1808 ഡിസംബര്‍ ഒന്നാം തിയ്യതി 10500 രൂപ 8% പലിശക്ക് സുറിയാനി സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രാസിലെ ബ്രിട്ടീഷ് ബാങ്കില്‍ ഇട്ടു കൊടുത്തു. യാക്കോബായ വിഭാഗക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ നേരിടേണ്ടി വന്നിട്ടുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരമെന്നപേരില്‍ രാജാവിന്റെ വകയായി 3000 പു വരാഹന്‍ (10500 രൂപ) ബ്രിട്ടീഷ് റസിഡന്റിന്റെ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപം ഇട്ടു എന്ന് പിന്നീടിത് അറിയപ്പെട്ടു. ഇതിന്റെ 5 വര്‍ഷത്തെ പലിശയായ 3000 പു വരാഹനെടുത്ത് മണ്‍റോ ഇട്ടുപ്പ് റമ്പാന്ന് നല്‍കി സെമിനാരി പണി തുടങ്ങി.ഈ പണം നല്‍കല്‍ പിന്നീട് വട്ടിപ്പണം എന്ന പേരില്‍ അറിയപ്പെട്ടു. സെമിനാരിയുടെ സ്ഥലവും പണവുമെല്ലാം തിരുവിതാംകൂര്‍ രാജ്ഞി വകയായി ഇഷ്ടദാനം എന്ന പേരിലായിരുന്നു. എല്ലാം മണ്‍റോ തന്നെ സ്വന്തം ഇഷ്ടപ്രകാരം തിരുവിതാംകൂറിന്റെ സ്ഥലമെടുത്ത് രാജ്ഞിയുടെതെന്ന വ്യാജേന സുറിയാനിക്കാര്‍ക്ക് തോന്നിയപോലെ കൊടുക്കുകയായിരുന്നു. രാജ്ഞിക്ക് സുറിയാനിയെന്നോ റോമനെന്നോ പ്രൊട്ടസ്റ്റന്റെന്നോ ഒന്നും വ്യത്യാസമുണ്ടായിരുന്നില്ല. സുറിയാനിക്കാരെ സ്വാധീനിച്ച് ഏത് വിധവും തങ്ങളുടെ കൂടെനിര്‍ത്തേണ്ട ആവശ്യം രാജ്ഞിക്കല്ല മണ്‍റോക്കായിരുന്നു. മണ്‍റോയുടെ കെണിയുടെ ഇരയായിരുന്നു രാജ്ഞിയും തിരുവിതാംകൂറിന്റെ സ്ഥലവും പണവുമെല്ലാം.
1819 ല്‍ ഡയനീഷ്യസ് നാലാമന്‍ എന്ന പേരില്‍ തദ്ദേശീയനായ ഒരാള്‍ മെത്രാനായി വാഴിക്കപ്പെട്ടു. ഈ ഡയനീഷ്യസ് നാലാമന്‍ തൊഴിയൂരില്‍ പീലിക്‌സിനോസ്എന്ന പേരില്‍ വേറെ ഒരു മെത്രാനെ വാഴിച്ചിരുന്നു. ഇങ്ങനെയിരിക്കേ 1825 ല്‍ അന്ത്യോഖ്യയില്‍ നിന്നും പാത്രിയാര്‍ക്കിസിന്റെ പ്രതിനിധിയായി മാര്‍ അത്തനാസിയോസ് എന്നയാള്‍ മെത്രാനായി ഇവിടെ എത്തി. ഈ മെത്രാന്‍ ഡയനീഷ്യസിനെയും ഡയനീഷ്യസ് വാഴിച്ച തൊഴിയൂര്‍ മെത്രാനെയും അംഗീകരിച്ചില്ലെന്ന് മാത്രമല്ല താനാണ് അന്ത്യോഖ്യപാത്രിയാര്‍ക്കിസിന്റെ കൈവെപ്പ് (അംഗീകാരം) ഉള്ള മെത്രാനെന്ന് അവകാശപ്പെടുകയും താന്‍ നിയമിക്കുന്നവര്‍ മാത്രമാണ് കൈവെപ്പുള്ള യഥാര്‍ത്ഥ മെത്രാന്‍മാര്‍ എന്ന്അവകാശപ്പെടുകയും ചെയ്തു.ഈ മെത്രാന്‍ മേല്‍ക്കോയ്മ വിഷയം ചര്‍ച്ചയായി, തര്‍ക്കമായി, വിവാദമായി. യാക്കോബായ വിശ്വാസികള്‍ രണ്ടു ചേരിയായി തിരിഞ്ഞു. അന്ത്യോഖ്യന്‍ മെത്രാന്‍ വിഭാഗം കോട്ടയം സെമിനാരി ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന നില വന്നു.
ഈ വിഷയത്തിലും മണ്‍റോയുടെ സി.എം.എസ് സഭ തന്ത്രപൂര്‍വം ഇടപെട്ടു. ഒരു കഷ്ണമെങ്കില്‍ ഒരു കഷ്ണം. പോരുന്നത് പോരട്ടെ എന്നതായിരുന്നു ഇവിടെയും സി.എം.എസ് സഭയുടെ നിലപാട്. അന്ത്യോഖ്യന്‍ പക്ഷത്തിന്റെ കൂടെ നില്‍ക്കണോ അതോ ഡയനീഷ്യസ് നാലാമനെന്ന തദ്ദേശീയ മെത്രാന്റെ കൂടെ നില്‍ക്കണോ എന്നതായിരുന്നു ചിന്ത.അന്ത്യോഖ്യയുടെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ നല്ലത് പ്രാദേശിക മെത്രാനായ ഡയനീഷ്യസ് നാലാമന്റെ കൂടെ നില്‍ക്കുന്നതാണെന്ന് ബ്രിട്ടീഷ് പാതിരിമാര്‍ തിരിച്ചറിഞ്ഞു. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന തിരുവിതാംകൂര്‍ രാജാവിനെക്കൊണ്ട് തദ്ദേശീയ മെത്രാനായ ഡയനീഷ്യസ് നാലാമനെ അംഗീകരിപ്പിക്കുകയും അന്ത്യോഖ്യാ മെത്രാനെ നാടുകടത്തുകയും ചെയ്തു. 1826 ല്‍ ആയിരുന്നു ഇത്. സുറിയാനി സഭക്കുള്ളില്‍ നിരന്തരമായി പ്രശ്‌നങ്ങളും വഴക്കുകളും നിലനില്‍ക്കുന്നതിനാല്‍ മെത്രാന്‍ ആരായിരിക്കണമെന്ന് ഔദ്യോഗികമായി നിശ്ചയിക്കുന്നതിനുള്ള അധികാരം 1816 മുതല്‍ തിരുവിതാംകൂറിലെയും കൊച്ചിയിലേയും രാജാക്കന്മാര്‍ക്ക് ലഭിച്ചിരുന്നു. ഇങ്ങനെയൊരു അധികാരം തങ്ങള്‍ക്ക് ഇടപെടുവാന്‍ പാകത്തില്‍ രാജാവില്‍ നിക്ഷിപ്തമാക്കിയതിന് പിന്നില്‍ ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് സഭയുടെ ബുദ്ധിയായിരുന്നു. അധികാരം രാജാക്കന്മാരുടെ പേരില്‍ ആയിരുന്നുവെങ്കിലും കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പ്രൊട്ടസ്റ്റന്റ് സഭക്കാരായിരുന്നുവെന്ന് മാത്രം.
പ്രാദേശിക മെത്രാന്മാര്‍ തന്നെ നാട്ടില്‍ മതി എന്ന കാര്യത്തില്‍ പ്രൊട്ടസ്റ്റന്റ് സഭ ഒരു അനൗദ്യോഗിക തീരുമാനം എടുത്തിരുന്നു. കാരണം കൈകാര്യം ചെയ്യുവാന്‍ എളുപ്പം അവരാണ് എന്നതായിരുന്നു. പ്രൊട്ടസ്റ്റന്റ് സഭക്കാകട്ടെ പറ്റാവുന്ന സഭകള്‍ക്കുള്ളിലെല്ലാം തങ്ങളുടെ അനുഭാവികളെ കണ്ടെത്തി കുത്തിക്കയറ്റണമെന്ന തീരുമാനവും ഉണ്ടായിരുന്നു. ഇങ്ങനെ കണ്ടെത്തിയവരില്‍ ഒരാളായിരുന്നു എബ്രഹാം മല്‍പ്പാന്‍. (സുറിയാനി ഭാഷയില്‍ കുര്‍ബ്ബാന എഴുതാനും വായിക്കുവാനും അറിയുന്ന ആളെ വിളിക്കുന്ന പേരാണ് മല്‍പ്പാന്‍. സഭാ അദ്ധ്യക്ഷന്മാരായ തിരുമേനിമാരെ വരെ സുറിയാനി പഠിപ്പിക്കുന്ന ആള്‍ ഗുരുസ്ഥാനീയര്‍) ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് സ്വാധീനത്തിനടിമപ്പെട്ട് കന്യകാമറിയത്തിന്റെ വിഗ്രഹം തകര്‍ക്കുകയും മരാമണിലെ തിരുനാള്‍ ആഘോഷം നിര്‍ത്തലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡയനീഷ്യസ് നാലാമന്‍ മെത്രാന്‍ മല്‍പ്പാനെയും കൂട്ടരെയും യാക്കോബായ സഭയില്‍ നിന്ന് പുറത്താക്കി. സഭാ പണ്ഡിതനായ മല്‍പ്പാനെയും സംഘത്തെയും ഉപയോഗിച്ച് യാക്കോബായ സഭയെ പിടിച്ചെടുക്കാനായിരുന്നു പ്രൊട്ടസ്റ്റന്റ് സഭയുടെ പദ്ധതി. പുറത്തായതോടെ മല്‍പ്പാന്‍ പദ്ധതി മാറ്റി. തന്റെ സഹോദരപുത്രനായ മാത്യുവിനെ ഇയാള്‍ പൗരോഹിത്യ പട്ടത്തിനായി അന്ത്യോഖ്യയിലേക്കയച്ചു. രണ്ട് വര്‍ഷം അവിടത്തെ പാത്രിയാര്‍ക്കിസിനൊടൊപ്പം കൂടിയ മാത്യു മെത്രാന്‍ പട്ടം നേടി. ഇതോടെ ഇയാള്‍ കൈവെപ്പ് അംഗീകാരമുള്ള മെത്രാനായി. ഇയാള്‍ മാര്‍ മാത്യൂസ് അത്തനാസിയോസ് എന്ന പേരില്‍ നാട്ടില്‍ തിരിച്ചെത്തി. ഇതോടെ ഒരേ സ്ഥലത്ത് 2 മെത്രാന്മാരായി. ഡയനീഷ്യസ് നാലാമനും മാത്യു മെത്രാനും. ഇവര്‍ തമ്മില്‍ യഥാര്‍ത്ഥ മെത്രാനാരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. എബ്രഹാം മല്‍പ്പാനും ഇത്ര മാത്രമേ ഉദ്ദേശിച്ചുള്ളു. പക്ഷെ ഇതൊരു വലിയ തര്‍ക്കങ്ങളുടെ തുടക്കമായിരുന്നു.