കാര്യങ്ങളെല്ലാം ശരിയാക്കി പെട്ടെന്ന് മടങ്ങാമെന്ന് കരുതി ഇന്ത്യയിലെത്തിയ പാത്രിയാര്‍ക്കിസ് പത്രോസിന് ഇവിടെ വന്നപ്പോഴാണ് സംഗതികളുടെ പരപ്പും ആഴവും മനസ്സിലായത്. രണ്ട് വര്‍ഷമാണ് പാത്രിയാര്‍ക്കിസ് ഈ മലങ്കര സഭയില്‍ പ്രശ്‌നങ്ങളും ചുമന്ന് നടന്നത്. മുളന്തുരുത്തിയില്‍ തന്റെ സുറിയാനി മതസമ്മേളനം (സുന്നഹദോസ്) വിളിച്ച് ചേര്‍ത്ത് തന്റെ വിഭാഗത്തിന് ഒരു വ്യവസ്ഥാപിതമായ ഭരണ സംവിധാനം ഉണ്ടാക്കി. നിരവധി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു. പാത്രിയാര്‍ക്കിസ് പത്രോസ് ഇവിടത്തെ ആരാധനാ രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി. വിശുദ്ധരുടെ രൂപങ്ങള്‍ വണങ്ങുന്ന പതിവ് കര്‍ശനമായി നിരോധിച്ചു. വൈദികര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമല്ലാതാക്കി. ഇടവക പട്ടക്കാരാകാനുള്ളവരെല്ലാം വിവാഹം ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചു. വൈദിക വസ്ത്രം കറുത്തതായിരിക്കണമെന്നും അതു എപ്പോഴും ധരിച്ചു കൊണ്ട് നടക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചു.
കേസില്‍പ്പെട്ട പള്ളികളില്‍ ഒന്നൊന്നായി തിരുവിതാംകൂര്‍ കോടതികള്‍ വിധികള്‍ പ്രസ്താവിച്ചിരുന്നു. പല പള്ളികളിലും ആഴ്ചകള്‍ ഇടവിട്ട് പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ഇരു വിഭാഗത്തിനും അനുവാദം നല്‍കുന്ന രീതിയിലൊക്കെയായിരുന്നു വിധി. പള്ളി ആരുടേതാണെന്ന് പറയാതിരിക്കുകയും വാദിയോടും പ്രതിയോടും തര്‍ക്ക സ്ഥലത്ത് മാറി മാറി കയറിക്കൊള്ളുവാനും പറയുന്ന തരത്തിലുള്ള വിചിത്രവിധികളായിരുന്നു വന്നുകൊണ്ടിരുന്നത്. നിരണം, തുമ്പമണ്‍, ഓമല്ലൂര്‍, റാന്നി, പുത്തന്‍കാവ്, മാവേലിക്കര, കോഴഞ്ചേരി, കല്ലുപ്പാറ എന്നി പള്ളികളില്‍ ഇത്തരം അവ്യക്തമായ വിധികളിലൂടെ ഇരുവിഭാഗവും പ്രാര്‍ത്ഥനകള്‍ നടത്തി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്ത ഇത്തരം വിധികളിലൂടെ പളളി തര്‍ക്കം കാലങ്ങളോളം നിലനിര്‍ത്തുവാനും ഇരുകൂട്ടരെയും കൂടുതല്‍ കൂടുതല്‍ അകറ്റുവാനും ബ്രിട്ടീഷ് കമ്പനിക്കായി.
മാത്യൂസ് പക്ഷം അവര്‍ക്ക് സ്വാധീനമുള്ള പളളികളില്‍ നിന്നെല്ലാം പാത്രിയാര്‍ക്കിസ് പക്ഷത്തെ പുറത്താക്കി. മാവേലിക്കര, തുമ്പമണ്‍, വെണ്‍മണി, മക്കാംകുന്ന്, പുത്തന്‍കാവ്, കല്ലുപ്പാറ എന്നീ പള്ളികളില്‍ പാത്രിയാര്‍ക്കിസ് പക്ഷം പുറത്തായി. തിരിച്ചും പാത്രിയാര്‍ക്കിസ് പക്ഷവും പുറത്താക്കി. വെറും കൈയ്യും വീശി വന്ന് മെത്രാനായ മാത്യൂസിനെ സംബന്ധിച്ചിടത്തോളം കിട്ടുന്നതെല്ലാം ലാഭമായിരുന്നു.
അതിഗംഭീരമായ സഭ. ലക്ഷക്കണക്കിന് സമ്പന്നരായ വിശ്വാസികള്‍. കാര്യക്ഷമമല്ലാത്ത നേതൃത്വം. രാജ്യം ഭരിക്കുന്ന ഭരണകൂടം തന്നെ സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. തന്റെ കൈവശമുള്ള മലങ്കര സഭയെ പൊളിച്ച് പറയുവാന്‍ പാത്രിയാര്‍ക്കിസ് പത്രോസ് തീരുമാനിച്ചു. ഇതിനായി കാര്യമായ പദ്ധതികള്‍ തയ്യാറാക്കി മുളന്തുരുത്തിയില്‍ മതസമ്മേളനം വിളിച്ചു. മുളന്തുരുത്തി സുന്നഹദോസ് എന്നറിയപ്പെട്ട ഈ സമ്മേളനത്തിന് സഭാ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്.
1876 ജൂണ്‍ 15ന് പാത്രിയാര്‍ക്കിസ് നേരിട്ടാണ് മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു ചേര്‍ത്തത്. അന്ന് തിരുവിതാംകൂറില്‍ 2,95,770 സുറിയാനി ക്രൈസ്തവര്‍ ഉണ്ടായിരുന്നു. ഇത്രയും സുറിയാനി ക്രൈസ്തവര്‍ക്ക് അന്ന് വരെ ഒരു മെത്രാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു മലങ്കര സഭയില്‍. ഇത്രയും പേര്‍ക്ക് ഒരു മെത്രാപ്പോലിത്ത പോരാ എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാത്രിയാര്‍ക്കിസ് മലങ്കര സഭയെ ഏഴ് രൂപതകളായി (ഭദ്രാസനം) വിഭജിച്ചു. ഇത് കൂടാതെ ഈ ഏഴ് രൂപതകളിലും മെത്രാന്മാരെ നിയമിക്കാനുള്ള അധികാരവും പാത്രിയാര്‍ക്കിസില്‍ നിക്ഷിപ്തമാക്കി. കൂടാതെ മലങ്കര സിറിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ എന്ന സഭാ പ്രതിനിധി സഭയും ഉണ്ടാക്കി. മുതിര്‍ന്ന മെത്രാനായിരിക്കും ഇതിന്റെ അദ്ധ്യക്ഷന്‍. പാത്രിയാര്‍ക്കിസ് വിഭജിച്ച ഏഴ് രൂപതകള്‍ക്കും മെത്രാന്മാരെയും വാഴിക്കുകയും മെത്രാന്മാര്‍ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന് കീഴ്‌പ്പെട്ടിരിക്കുന്നവരും പാത്രിയാര്‍ക്കിസിന് മെത്രാന്മാരെ വാഴിക്കാനും പുറത്താക്കുവാനും അധികാരം ഉണ്ടെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.
അന്ന് വരെ ഏക മെത്രാനായിരുന്ന, സര്‍വ്വവിധ അധികാരങ്ങളും കൈയ്യാളിയിരുന്ന ഡയനിഷ്യസ് അഞ്ചാമന് ഇത് തീരെ പിടിച്ചില്ല. പാത്രിയാര്‍ക്കിസ് ഏഴാക്കിയെങ്കിലും ഡയനിഷ്യസ് അത് പരിഗണിക്കാതെ മലങ്കരസഭ ഒന്നാണെന്ന കാഴ്ചപ്പാടില്‍ ഏഴ് രൂപതകളിലും ഡയനിഷ്യസ് ഇടപെട്ടു. 1877 ല്‍ പള്ളിക്കേസുകളൊക്കെ ഇവിടെയുള്ളവരെ ഏല്‍പ്പിച്ച് പാത്രിയാര്‍ക്കീസ് സിറിയയിലേക്ക് തിരിച്ച് പോയി. കേരളത്തിലെ (പുത്തന്‍കൂര്‍) സുറിയാനിക്കാര്‍ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെ കീഴില്‍ ഔദ്യോഗികമായി യാക്കോബായ സഭയുടെ ഭാഗമായത് ഈ മുളന്തുരുത്തി സുന്നഹദോസിലാണ്.
1877 ല്‍ ബ്രിട്ടീഷ് പിന്തുണയുള്ള മാത്യൂസ് അന്തരിച്ചു – ഈ മാത്യൂസ് തന്റെ പിന്തുടര്‍ച്ചവകാശിയായി നിയമിച്ചിരുന്ന തോമസ്, മാര്‍ തോമസ് അത്താനിയോസ് എന്ന പേരില്‍ സ്ഥാനമേറ്റു. ബ്രിട്ടീഷ് പിന്തുണയുണ്ടായിരുന്ന ഈ പക്ഷം അപ്പോഴേക്കും പരിഷ്‌ക്കരണവാദികള്‍ എന്ന് പരക്കെ അറിയപ്പെട്ട് തുടങ്ങിയിരുന്നു. പ്രൊട്ടസ്റ്റന്റു സഭ സ്വയമായും അവരെ തൊട്ടു നില്‍ക്കുന്നവരെയും ക്രൈസ്തവ സഭാ ചരിത്രം വിളിച്ചിരുന്ന പേരാണ് പരിഷ്‌ക്കരണവാദികള്‍.
പാത്രിയാര്‍ക്കിസ് പോയി രണ്ട് വര്‍ഷം കഴിഞ്ഞ് 1879 ല്‍ ഡയനിഷ്യസ് സ്വത്തുക്കള്‍ക്കായി കേസ് കൊടുത്തു. അന്തരിച്ച മാത്യൂസിന്റെ കൈവശം ഉണ്ടായിരുന്നതും ഇപ്പോള്‍ പിന്‍ഗാമി തോമസ് കൈവശം വെച്ചു കൊണ്ടിരിക്കുന്നതുമായ സഭാ സ്വത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു കേസ്. പാത്രിയാര്‍ക്കിസിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെയും രാജ്ഞിയുമായും ബ്രിട്ടീഷുകാരുമായും ഉന്നത തലത്തില്‍ നടത്തിയ ചര്‍ച്ചകളുടെയും ഫലമായി പള്ളിക്കേസില്‍ നിഷ്പക്ഷ നിലപാട് മതിയെന്നൊരു ധാരണയില്‍ ബ്രിട്ടീഷുകാര്‍ എത്തിയിരുന്നു. ഇത് ഡയനീഷ്യസിന് ഗുണം ചെയ്തു. കേസുകളില്‍ ഭൂരിഭാഗവും ഡയനീഷ്യസ് പക്ഷം വിജയിച്ചു. പരിഷ്‌ക്കരണ തോമസ് പക്ഷത്തിന്റെ സ്വത്തു വഹകള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടു.
പരിഷ്‌ക്കരണ തോമസ് പക്ഷം ഈ പ്രതിസന്ധിയെ അതിജീവിക്കുവാന്‍ മാര്‍തോമ ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷന് രൂപം കൊടുത്തു. അവര്‍ക്ക് ബ്രിട്ടന്റെ പിന്തുണയുമുണ്ടായിരുന്നു. അവര്‍ വിദ്യാലയങ്ങളും ആശ്രമങ്ങളുമായി കുറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും 1895 ല്‍ മരാമണ്‍ കണ്‍വെന്‍ഷന്‍ എന്ന പ്രൊട്ടസ്റ്റന്റു വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ആത്മീയ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. യാക്കോബായ സഭയ്ക്കുള്ളില്‍ ബ്രിട്ടീഷ് മിഷണറിമാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉണ്ടായ സഭയാണിത്. നവീകരണ കക്ഷിയെന്നും നവീകൃത യാക്കോബായക്കാരെന്നും ആരംഭകാലത്ത് ഇവര്‍ അറിയപ്പെട്ടിരുന്നു. (ഡോ. സേവ്യര്‍ കൂടപ്പുഴ)
മുളന്തുരുത്തി സുന്നഹദോസിനെ തുടര്‍ന്ന് പാത്രിയര്‍ക്കിസ് ഏഴായി വിഭജിച്ച മലങ്കര സഭയെ ഏഴിനെയും ഒന്നാക്കി കണക്കാക്കി കൈവശം വെച്ച് അധികാരം ആസ്വദിച്ച ഡയനീഷ്യസ് അഞ്ചാമന്‍ (ദിവന്നാസ്യോസ് ) 1909 ജൂലായ് 11ന് അന്തരിച്ചു. ഇദ്ദേഹം മരിക്കുന്നതിന് മുമ്പായി തന്റെ വിശ്വസ്തരായ വട്ടശ്ശേരില്‍ ഗീവര്‍ഗിസ് മല്‍പ്പാന്‍ എന്നയാളെയും പൗലോസ് മല്‍പ്പാനെയും മെത്രാന്‍ പട്ടത്തിനായി ജറുസലേമിലേക്കയച്ചു. അന്ന് ജറുസലേമില്‍ ഉണ്ടായിരുന്ന അബ്ദുള്ള പാത്രിയാര്‍ക്കിസ് 1908 മെയ് 31 ന് ഇവര്‍ക്ക് മെത്രാന്‍ പട്ടം നല്‍കി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മല്‍പ്പാന്‍, ഗീവര്‍ഗീസ് ഡയനീഷ്യസ് ആറാമന്‍ (ദിവന്നാസിയോസ് ആറാമന്‍ ) എന്ന പേരിലും പൗലോസ് മല്‍പ്പാന്‍, കുറിലോസ് എന്നും അറിയപ്പെട്ടു. ഡയനീഷ്യസ് അഞ്ചാമന്റെ മരണശേഷം ആറാമന്‍ ചുമതലയേറ്റു. ഇദ്ദേഹവും തന്റെ മുന്‍ഗാമിയെപ്പോലെ മലങ്കര സഭയെ ഒന്നായി ഭരിക്കുവാനാണ് ഇഷ്ടപ്പെട്ടത്.
ഇന്ത്യയിലെ സെമറ്റിക്ക് മതങ്ങള്‍ പൊതുവില്‍ തങ്ങളുടെ വിദേശ പൈതൃക ബന്ധത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരാണ്. ക്രൈസ്തവ സഭകളും അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ ഈ സഭകളുടെ ഒരു ചരട് വിദേശത്താണ്. മുളന്തുരുത്തി സുന്നഹദോസ് നടത്തി തിരിച്ച് പോയ പാത്രിയാര്‍ക്കിസ് 1909 ല്‍ സിറിയയില്‍ വെച്ച് അന്തരിച്ചു. പകരം അബ്ദുള്‍ മസി എന്നയാള്‍ പാത്രിയാര്‍ക്കിസായി.
അന്ത്യോഖ്യസഭയുടെ ആസ്ഥാനമായ ഇന്നത്തെ സിറിയ മുസ്ലിം ആക്രമണത്തിന് ഇരയാകുകയും നൂറ്റാണ്ടുകളായി മുസ്ലിം മതഭരണം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ്. മുസ്ലിമുകള്‍ അല്ലാത്തവരുടെ മതസ്വാതന്ത്യം ഘട്ടം ഘട്ടമായി പരിമിതപ്പെടുത്തുകയും പിന്നീടിത് പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്തു. സഭാ തലവന്മാരായ പാത്രിയാര്‍ക്കിസുമാര്‍ക്ക് പോലും മുസ്ലിം ഭരണാധികാരികളുടെ അനുവാദത്തോടു കൂടി മാത്രമേ സഞ്ചാര സ്വാതന്ത്യം പോലും ഉണ്ടായിരുന്നുള്ളു. പുതിയ പാത്രിയാര്‍ക്കിസായ അബ്ദുള്‍മസിയെ സിറിയ ഭരണകൂടം പുറത്താക്കുകയും പകരം സിറിയന്‍ രാജാവിന്റെ വിധേയനായ അബ്ദുള്ള രണ്ടാമനെ പാത്രിയാര്‍ക്കിസാക്കുകയും ചെയ്തു (ആദ്യത്തെ ആളുടെ പേര് അബ്ദുള്‍ മസി. രണ്ടാമത്തേത് അബ്ദുള്ള) ഈ അബ്ദുള്ളയാണ് ഗിവര്‍ഗിസിനെയും പൗലോസിനെയും കൈവെപ്പ് അഭിഷേകം ചെയ്തത്.ഇവര്‍ നാട്ടിലെത്തി മെത്രാന്‍ സ്ഥാനമേറ്റു.
1909 ല്‍ ഡയനിഷ്യസ് അഞ്ചാമന്‍ മരിച്ചതിനെ തുടര്‍ന്ന് ഗിവര്‍ഗിസിനെ ഡയനീഷ്യസ്് ആറാമന്‍ (ദിവാന്നാസിയോസ് ഗിവര്‍ഗിസ്)എന്ന പേരില്‍ മെത്രാനായി വാഴിച്ചു. മുളന്തുരുത്തി സുന്നഹദോസില്‍ വെച്ച് മലങ്കര സഭയുടെ അലകും പിടിയും മാറ്റി എല്ലാം അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസില്‍ കേന്ദ്രീകരിച്ച പാത്രിയാര്‍ക്കിസിന്റെ നടപടികളില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം സഭക്കുള്ളില്‍ ഉണ്ടായിരുന്നു. അതുവരെ മെത്രാന്‍മാര്‍ക്കും സഭയ്ക്കും ഉണ്ടായിരുന്ന സ്വാതന്ത്യം പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയതായി ചുമതല ഏറ്റ ഡയനിഷ്യസ് ആറാമനും ഈ സ്വതന്ത്രവാദി പക്ഷത്തായിരുന്നു.
1910 ല്‍ അബ്ദുള്ള രണ്ടാമന്‍ പാത്രിയാര്‍ക്കിസ് കേരളത്തില്‍ വരികയും കോട്ടയത്ത് സഭാ സുന്നഹദോസ് വിളിച്ച് ചേര്‍ക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ വെച്ച് ഡയനിഷ്യസ് ആറാമന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അന്ത്യോഖ്യന്‍ മേല്‍ക്കോയ്മക്കെതിരെ വലിയ കലാപം ഉണ്ടാക്കി. പാത്രിയാര്‍ക്കിസ് അബ്ദുള്ള, ഡയനിഷ്യസ് ആറാമനെ സഭയില്‍ നിന്ന് പുറത്താക്കുകയും കുറിലോസ് എന്ന നാമം സ്വീകരിച്ച പൗലോസിനെ മെത്രാനാക്കുകയും ചെയ്തു. മുമ്പ് മുളന്തുരുത്തി സുന്നഹദോസില്‍ വെച്ച് പാത്രിയാര്‍ക്കിസ് പത്രോസ് രൂപീകരിച്ച മലങ്കര അസോസിയേഷന്‍ ഇപ്പോഴത്തെ പാത്രിയാര്‍ക്കിസ് അബ്ദുള്ളയുടെ തീരുമാനം തള്ളിക്കളയുകയും ഡയനിഷ്യസ് ആറാമനെ തന്നെ മെത്രാനായി നിലനിര്‍ത്തുകയും ചെയ്തു. പാത്രിയാര്‍ക്കിസിനെ തള്ളി മെത്രാനെ നിലനിര്‍ത്തിയ ഈ വിഭാഗം അന്ന് മുതല്‍ മെത്രാന്‍ കക്ഷിയെന്ന് അറിയപ്പെട്ടു. അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെ കൂടെ നിന്നവര്‍ ബാവ കക്ഷി എന്നറിയപ്പെട്ടു.
(തുടരും)