സമ്പത്തും അധികാരവും എവിടെയെല്ലാം കേന്ദ്രീകരിക്കുന്നുവോ അവിടെയെല്ലാം ഭിന്നതയും സംഘര്‍ഷവും ഉടലെടുക്കുന്നുവെന്നത് ഒരു അനുഭവസാക്ഷ്യമാണ്. അതിനുള്ള കാരണങ്ങള്‍ അതിനുള്ളില്‍ നിന്നു തന്നെ ഉയര്‍ത്തെഴുന്നേറ്റ് വരും. ലോകത്തിലുള്ള എല്ലാ മതങ്ങളിലും ഇത് ഉണ്ടായിട്ടുണ്ട്. മുസ്ലിം സമൂഹത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ചോരചിന്തുന്ന ഹിംസാത്മകമായ സംഘര്‍ഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ സഭാ സമൂഹങ്ങളില്‍ ചോര ചിന്തുന്നില്ലെങ്കിലും സംഘര്‍ഷങ്ങള്‍ ശക്തമായി തന്നെ ഉണ്ട്. ഭൂരിപക്ഷം സംഘര്‍ഷങ്ങളും സഭകള്‍ക്ക് ഉള്ളിലാണ് നടക്കുന്നതെങ്കിലും സഭകള്‍ തമ്മിലുള്ള സംഘര്‍ഷം പരസ്യമായി നടക്കുന്ന ഒരു സ്ഥലമാണ് ഭാരതം.
കേരളത്തില്‍ കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സഭാ തര്‍ക്കം. മെത്രാന്‍ കക്ഷി, ബാവ കക്ഷി എന്ന പേരിലും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി സഭ എന്ന പേരിലുമൊക്കെ ഇത് അറിയപ്പെടുന്നു. സഭാ ബന്ധം കുറവുള്ള ആളുകള്‍ക്ക് ഈ രണ്ട് പേരും ഒന്നാണെന്ന് വരെ തോന്നാറുണ്ട്. സഭാ തര്‍ക്കം വലിയ വലിയ കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം ഇന്ന് തെരുവ് സംഘര്‍ഷത്തിലാണ്. ഈ സഭകള്‍ക്കുള്ളിലെ വിശ്വാസി സമൂഹത്തിനപ്പുറമുള്ള വ്യക്തികളില്‍ വലിയൊരു വിഭാഗത്തിന് ഇന്നും ഈ തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണമോ ചരിത്രമോ അറിയില്ല. ഇതിനൊരു പ്രധാനകാരണം കേരളീയമോ ഭാരതീയമോ അല്ലാത്ത ഒരുപാട് പ്രശ്‌നങ്ങളും പദങ്ങളും വൈദേശിക ബന്ധമുള്ള വിശ്വാസങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള സ്ഥാനമാനങ്ങളുടെ ശ്രേണിയും ആധിക്യവുമാണ്. ഒരു ചെറിയ ഉദാഹരണം പറയാം. ഇന്ത്യയിലെ സുറിയാനിസഭാചരിത്രം എന്ന ഒരു പുസ്തകമുണ്ട്. ആ പുസ്തകത്തിന്റെ രചയിതാവിന്റെ പേര് ‘പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയാര്‍ക്കിസ്’ എന്നാണ്. സഭകള്‍ക്കുള്ളിലെ വ്യാകരണങ്ങളും അര്‍ത്ഥങ്ങളും അറിയാത്ത ഒരാള്‍ ഈ പേര് വായിക്കുന്നതോടെ വിഷമിച്ച് പോകും.
ബാവ കക്ഷി, മെത്രാന്‍ കക്ഷി എന്നീ രണ്ട് കൂട്ടരുടെയും കരുത്ത് അവരുടെ സഭാ പാരമ്പര്യമാണ്. പാരമ്പര്യത്തിന്റെ മേന്മയെ ചൊല്ലിയുള്ള അവകാശ തര്‍ക്കങ്ങളാണ് കേസിലും സംഘര്‍ഷത്തിലും എത്തി നില്‍ക്കുന്നത്. ക്രിസ്തുവിനെക്കുറിച്ചുള്ള പാരമ്പര്യം മാത്രമല്ല മറിച്ച് ക്രിസ്തു ശിഷ്യന്മാരുടെയും പിന്‍ഗാമികളുടെയും പാരമ്പര്യങ്ങളെക്കൂടിക്കുറിച്ചുള്ള കയറ്റിറക്കങ്ങളാണ് കലഹത്തിന്റെ അടിസ്ഥാനം. ഭാരതീയ പാരമ്പര്യം, അന്തോഖ്യാപാരമ്പര്യം, പൗരസ്ത്യ പാരമ്പര്യം, പേര്‍ഷ്യന്‍ പാരമ്പര്യം എന്നൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യത്യസ്ത പാരമ്പര്യങ്ങള്‍ അറിയണമെങ്കില്‍ ഇതുമായി ബന്ധിപ്പിച്ച് സഭാ ചരിത്രത്തെ ഒന്നുകൂടി വായിക്കേണ്ടി വരും. നമുക്ക് ഈ സഭകളെ പറയുവാനുള്ള എളുപ്പത്തിന് വേണ്ടി ഓര്‍ത്തഡോക്‌സ് സഭയെന്നും യാക്കോബായ സഭയെന്നും വിളിക്കാം.
ഓര്‍ത്തഡോക്‌സ് സഭാ തല്‍പ്പരനായ പ്രൊ. റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ഭാരത സഭ ചരിത്രം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു.പതിനാറാം നൂറ്റാണ്ട് വരെ ഭാരതത്തിലെ ക്രൈസ്തവര്‍ മാര്‍തോമ ക്രിസ്ത്യാനികള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മിശിഹായുടെ (യേശുവിന്റെ ) (വായനക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കുവാന്‍ വേണ്ടിബ്രാക്കറ്റുകള്‍ ലേഖകന്റെ വക)പന്ത്രണ്ട് ശിഷ്യരിലൊരുവനായ മാര്‍തോമാസ്ലിഹയുമായുള്ള ബന്ധമാണ് ഈ പേരിന് നിദാനം. നസ്‌റത്തുകാരനായ ഈശോയുടെ അനുഗാമികള്‍ എന്ന നിലയില്‍ നസ്രാണി മാപ്പിളമാര്‍ എന്നും ഇവര്‍ അറിയപ്പെട്ടിരുന്നു. വിശാല റോമാ സാമാജ്യത്തിന് വെളിയില്‍ സുഗന്ധദ്രവ്യങ്ങള്‍ക്ക് പേരുകേട്ട കേരളം കേന്ദ്രമാക്കി ആദിമ നൂറ്റാണ്ട് മുതല്‍ തന്നെ ഒരു അപ്പോസ്തലിക സഭ (മാര്‍തോമാ സ്ലീഹയുമായുള്ള ബന്ധത്തിനാല്‍) വളര്‍ന്നു വന്നു. (അപ്പോസ്തലന്‍ എന്നാല്‍ സ്ഥാനപതി, പ്രതിപുരുഷന്‍, അയക്കപ്പെട്ടവന്‍ എന്നൊക്കെ അര്‍ത്ഥം) സഭാപരമായും സാമുദായികമായും തനതായൊരു ജീവിതശൈലി അവര്‍ സ്വായത്തമാക്കി. അയല്‍ സഭയായ പേര്‍ഷ്യന്‍ സഭയുമായി കേരള സഭ അടുത്ത ബന്ധം പുലര്‍ത്തി. ഒരേ അപ്പോസ്തലനില്‍ നിന്ന് ആവിര്‍ഭവിച്ച പേര്‍ഷ്യന്‍ സഭയേയും ഇന്ത്യന്‍ സഭയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റു പല ഘടകങ്ങളും ഉണ്ടായിരുന്നു.
മാര്‍തോമ നസ്രാണി സഭയുടെ ആരാധനാക്രമവും ആചാരങ്ങളും ഭാഷയും ഭാരതീയ പാരമ്പര്യങ്ങളും ഭരണരീതിയും ശിക്ഷണങ്ങളും അറിയാത്ത പാശ്ചാത്യ (വിദേശ ) മെത്രാന്മാര്‍ ഒരു പൗരസ്ത്യ സഭയെ (ഇവിടെ കേരള സഭ എന്നര്‍ത്ഥത്തില്‍) മൂന്ന് നൂറ്റാണ്ട് അടക്കി ഭരിച്ച ചരിത്രം (1599 ലെ ഉദയംപേരൂര്‍ സുന്നഹദോസ് തൊട്ടുള്ള ചരിത്രം) തിരുസഭയുടെ ചരിത്രത്തില്‍ വേറെങ്ങും ഉണ്ടായിട്ടില്ല. ഇവിടത്തെ ആത്മാഭിമാനമുള്ള നസ്രാണികള്‍ക്ക് ഈ വിദേശമേല്‍ക്കോയ്മയുടെ മുമ്പില്‍ അടിയറ പറയുവാനോ നിസ്സംഗത പാലിക്കുവാനോ സാധിച്ചില്ല. മൂന്നു നൂറ്റാണ്ടുകള്‍ അവര്‍ പടപൊരുതി. എന്നാല്‍ ഈ കാലയളവില്‍ വിദേശമേല്‍ക്കോയ്മയുടെ ഫലമായി സമുദായം ഭിന്നിക്കപ്പെട്ടു. മാര്‍തോമ നസ്രാണികള്‍ പല സമൂഹങ്ങളായാണ് ഇന്ന് അറിയപ്പെടുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ,, മാര്‍തോമസുറിയാനി സഭ- തൊഴിയൂര്‍ സഭ; സുറായ സഭ തുടങ്ങിയവ ഇപ്രകാരം ഭിന്നിച്ച് മാറിയവയില്‍പ്പെടുന്നു.
ക്രൈസ്തവ സഭകളെ ആഗോളതലത്തില്‍ പാശ്ചാത്യ സഭയെന്നും പൗരസ്ത്യ സഭകളെന്നും രണ്ടായി തിരിക്കുന്നു. പാശ്ചാത്യ സഭയുടെ തലസ്ഥാനം റോമും പൗരസ്ത്യ സഭാ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും (തുര്‍ക്കി) ആയിരുന്നു. കാലക്രമത്തില്‍ പാശ്ചാത്യ വിഭാഗത്തില്‍ പെടാത്ത സഭകളെയെല്ലാം പൗരസ്ത്യ സഭകള്‍ എന്ന് വിളിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ഇന്ത്യയും മാര്‍തോമക്കാരും പൗരസ്ത്യ സഭയുടെ ഭാഗമായി. സേവ്യര്‍ കൂടപ്പുഴ എഴുതുന്നു: ഈശോ സംസാരിച്ച ഭാഷയില്‍ തന്നെ ഇവിടെ രൂപം കൊണ്ടതാണ് പൗരസ്ത്യ സുറിയാനി ആരാധനാക്രമം. ഇപ്രകാരം മാര്‍തോമ ക്രിസ്ത്യാനികള്‍ക്ക് സുറിയാനി ആരാധനാക്രമത്തിലൂടെ പവിത്രമായ ആദിമസഭയുടെ ഈ ജറുസലേം പാരമ്പര്യം ലഭിക്കുവാന്‍ ഭാഗ്യമുണ്ടായി. സുറിയാനി ഭാഷയിലൂടെ തങ്ങള്‍ക്ക് ലഭിച്ച ആരാധനാക്രമം പിതാവായ മാര്‍തോമശ്ലീഹയില്‍ നിന്ന് നേരിട്ടു ലഭിച്ചതാണെന്ന് അവര്‍ എന്നും ഉറച്ച് വിശ്വസിച്ചിരുന്നു. തോമാസ് ശ്ലീഹയുമായി ബന്ധപ്പെട്ടിട്ടുള്ള നാല് സഭകളില്‍ ഒന്നാണ് മാര്‍തോമാ ക്രിസ്ത്യാനികളുടെ ഭാരത സഭ. എദേസ്സാ സഭ, സെലൂഷ്യ – സ്റ്റെസി ഫോണ്‍ സഭ, പേര്‍ഷ്യന്‍ സഭ എന്നിവയാണ് മറ്റ് സഭകള്‍. ഈ സഭകളുടെയെല്ലാം അപ്പോസ്തലിക പൈതൃകം തോമാശ്ലീഹയില്‍ നിന്നാകുന്നു. തങ്ങളുടെ പൊതു പിതാവായി നാല് സഭകളും തോമാശ്ലീഹയെ ബഹുമാനിക്കുന്നു.
ഇതാണ് ഭാരത സഭ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ വിശ്വാസത്തിന്റെ കാതല്‍. എന്നാല്‍ മലങ്കര ഓര്‍ത്തോഡോക്‌സ് യാക്കോബായ സുറിയാനി സഭയുടെ വിശ്വാസം കുറച്ച് വ്യത്യസ്തമാണ്. യാക്കോബായക്കാര്‍ അന്ത്യോഖ്യന്‍ ആരാധനക്രമത്തിന്റെ ആരാധകരാകുന്നു. അവര്‍ തങ്ങളുടെ മഹത്തായ മാര്‍തോമാ പാരമ്പര്യം സംരക്ഷിക്കുന്നതിന് ഒപ്പം വൈദേശികമായ അന്ത്യോഖ്യന്‍ പാരമ്പര്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുവന്നുവെന്നതാണ് ഇവരുടെ ഭിന്നിപ്പ്. എന്നാല്‍ അന്ത്യോഖ്യകാകട്ടെ ശ്രേഷ്ഠമായൊരു ക്രൈസ്തവ പാരമ്പര്യം ഉണ്ട് താനും.
ജറുസലേം കഴിഞ്ഞാല്‍ പൗരസ്ത്യ ദേശത്ത് ക്രൈസ്തവ സമൂഹം വളര്‍ന്നത് അന്ത്യോഖ്യയിലാണ്. ഇന്ന് ഈ ദേശം സിറിയയിലാണ്. ക്രിസ്തു ശിഷ്യനായ പത്രോസ് ഇവിടെ സഭ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. 7 വര്‍ഷക്കാലം ഇദ്ദേഹം ഇവിടെ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും 2 വര്‍ഷം പാത്രിയാര്‍ക്കിസായി പ്രവര്‍ത്തിക്കുകയും ചെയ്തു. (ഡോ: ഡി. ബാബുപോളിന്റെ വേദ ശബ്ദരത്‌നാകരം ബൈബിള്‍ നിഘണ്ടുവില്‍ പാത്രിയാര്‍ക്കിസിന്റെ അര്‍ത്ഥം ഇങ്ങനെയാണ്. കുലപതി, പൂര്‍വപിതാവ്. ക്രൈസ്തവ സഭയില്‍ സഭാധ്യക്ഷനാണ് പാത്രിയാര്‍ക്കിസ്- അന്തോഖ്യാ, അലക്‌സാന്ത്രിയ, റോം എന്നീ നഗരങ്ങളില്‍ മെത്രാന്മാര്‍ക്ക് നാലാം നൂറ്റാണ്ട് മുതല്‍ ഈ സ്ഥാനപ്പേര് നല്‍കുന്നു. അന്ത്യോഖ്യാപാത്രിയാര്‍കിസ് തന്നെ ഒന്നിലധികം – എന്നാല്‍ അവര്‍ക്കാര്‍ക്കും സഭയുടെ പരമാധ്യക്ഷത ഇല്ല.) പത്രോസ് തന്റെ ശിഷ്യന്മാരായ എവോദോസ്യോസിനെയും ഇഗ്‌നാത്തിയോസ് നൂറോനെയും വാഴിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം (അന്ത്യോഖ്യായുടെ മൂന്നാമത്തെ പാത്രിയാര്‍ക്കിസാണ് ഇഗ്‌നാത്തിയോസ്. ഇഗ്‌നാത്തിയോസ്, അത്തനാസ്യോസ്, ഗ്രിഗോറിയോസ്, ദിവന്നാസ്യോസ്, കുറിലോസ് എന്നിങ്ങനെയുള്ള പേരുകളെല്ലാം ക്രിസ്തുവിന്റെ ശിഷ്യന്മാരുടെയും പുണ്യവാളന്മാരുടെയും പര്യായങ്ങളും അനുഗ്രഹപേരുകളുമാണ്. ഇത്തരം അനുഗ്രഹ നാമങ്ങളാണ് സുറിയാനി പൈതൃകമുള്ള സഭാധികാരികള്‍ സഭാ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ സ്വീകരിക്കാറ്. സര്‍വ സഭകളുടെയും മാതാവ് എന്ന സ്ഥാനവും അന്ത്യോഖ്യന്‍ സഭക്കാണ്. ഇന്നു അവിടം മുസ്ലിം രാഷ്ട്രമാണ്. സഭയും സിംഹാസനവുമൊന്നും അവിടെയില്ല.
കേരളത്തിലെ ഈ അന്ത്യോഖ്യന്‍ ഭാരതസഭ വടംവലിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1599 ജൂണ്‍ 20 നാണ് ഉദയംപേരൂര്‍ സുന്നഹദോസ് (സമ്മേളനം) നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ കച്ചവടത്തിനും റോമന്‍ കത്തോലിക്ക മത പ്രചരണത്തിനുമായി വന്ന പോര്‍ച്ചുഗീസ് ആര്‍ച്ച് ബിഷപ്പ് മെനേസിസ് ഇവിടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന മാര്‍തോമാ ക്രിസ്ത്യാനികളെ പരിവര്‍ത്തനം ചെയ്ത് റോമന്‍ കത്തോലിക്ക സഭയാക്കുവാന്‍ വേണ്ടി വലിയൊരു പദ്ധതി തയ്യാറാക്കി. അതനുസരിച്ച് രാജാവിനെ വരെ സ്വാധീനിച്ച് മാര്‍തോമയ്ക്കാരെ ഭീഷണിപ്പെടുത്തി നടത്തിയ ഒരു മത സമ്മേളനമാണ് ഉദയംപേരൂര്‍ സുന്നഹദോസ്. (മുന്‍ ലക്കങ്ങളില്‍ ഇതിന്റെ വിശദ വിവരങ്ങളുണ്ട്) 6 ദിവസം നീണ്ടുനിന്ന ഈ മത സമ്മേളനം തീരുന്നത് റോമന്‍ കത്തോലിക്ക സഭയിലേക്ക് എല്ലാ മാര്‍തോമസഭക്കാരും ലയിച്ച് ചേര്‍ന്നു എന്ന ഉടമ്പടിയിലായിരുന്നു. മാര്‍തോമസഭ തലവനായ അര്‍ക്കദിയോക്കന്‍ (ഇതൊരു സ്ഥാനപ്പേരാണ്. മാര്‍തോമ സഭാ സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അനിഷേധ്യ നേതാവ് എന്നര്‍ത്ഥം) പറങ്കി ബിഷപ്പായ മെനസിസ് പറഞ്ഞ എല്ലായിടത്തും ഒപ്പ് വെച്ച് കൊടുത്തു. അന്ന് പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്നു കൊച്ചി രാജ്യം. ക്രൈസ്തവ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായം എന്ന് പൗരസ്ത്യ സഭകളും ഭാരത സഭാ ചരിത്രത്തിലെ നവോത്ഥാനം എന്ന് റോമന്‍ കത്തോലിക്ക സഭക്കാരും വിളിക്കുന്ന ഒന്നാണ് ഉദയംപേരൂര്‍ മതസമ്മേളനം.
എന്നാല്‍ ഈ നിര്‍ബന്ധിത സഭാ പരിവര്‍ത്തനം മാര്‍തോമസഭക്കാര്‍ക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. അവരെ സംബന്ധിച്ചേടത്തോളം ഇതൊരു മതപരിവര്‍ത്തനം തന്നെയായിരുന്നു. അവര്‍ പോര്‍ച്ചുഗീസ് കത്തോലിക്ക മിഷണറിമാരില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പൗരസ്ത്യദേശത്തേക്ക് കത്തുകള്‍ അയച്ചു. ക്രിസ്തുവും ക്രിസ്തുമതവും വൈദേശികമാണെന്നും അതിനാല്‍ അവിടന്നുള്ള മതാധികാരികളുടെ അനുഗ്രഹം (സഭ ഭാഷയില്‍ കൈവെപ്പ്, അഭിഷേകം എന്നൊക്കെ പറയും) ഉണ്ടെങ്കിലെ ഇവിടത്തെ പൗരോഹിത്യത്തിന് വിശുദ്ധിയുണ്ടാകുകയുള്ളുവെന്ന വിശ്വാസത്തിന് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്.
1653 ല്‍ സുറിയാനി പൗരസ്ത്യ ദേശത്ത് നിന്ന് ഒരു പുരോഹിതന്‍ വേഷപ്രച്ഛന്നനായി സൂററ്റില്‍ വന്നിറങ്ങി. റോമന്‍ കത്തോലിക്കരായ പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. ഇദ്ദേഹം അന്ത്യോഖ്യ പാത്രിയാര്‍ക്കിസിനാല്‍ അയക്കപ്പെട്ട ഒരു യാക്കോബായ (അന്ത്യോഖ്യന്‍ പാരമ്പര്യം അനുസരിച്ചുള്ള പൂര്‍വ പിതാമഹന്മാരില്‍ ഒരാളാണ് യാക്കോബ്. അന്ത്യോഖ്യന്‍ പാരമ്പര്യമുള്ള എല്ലാ കുര്‍ബാനകളിലും ഈ നാമം അനുസ്മരിക്കപ്പെടുന്നു. (മതചര്യകളില്‍ ഈ വിശുദ്ധന്റെ നാമത്തില്‍’ പ്രധാന്യം കൊടുക്കുന്നവരാണ് ഇവര്‍) മെത്രാനാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇദ്ദേഹത്തെപ്പറ്റി മലങ്കര സഭക്കാര്‍ വിശ്വസിക്കുന്നത് ഇദ്ദേഹം മലങ്കര സഭയെ രക്ഷിക്കുവാന്‍ അന്ത്യോഖ്യായില്‍ നിന്ന് അയക്കപ്പെട്ട ഇഗ്‌നാത്തിയോസ് അഹത്തുള്ള പാത്രിയാര്‍ക്കിസാണെന്നാണ്. ഇദ്ദേഹം അഹത്തൊള്ള മെത്രാന്‍ എന്ന് വിളിക്കപ്പെട്ടു. ഭാരതത്തില്‍ എത്തിയ ഇദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ തടങ്കലിലാക്കി മൈലാപ്പൂരില്‍ കൊണ്ട് സൂക്ഷിച്ചു. ഈ സമയത്ത് മൈലാപ്പൂരില്‍ തോമാസ് ശ്ലീഹയുടെ കബറിടം സന്ദര്‍ശിക്കാനെത്തിയ ചെങ്ങനൂര്‍ക്കാരന്‍ ഇട്ടി ശെമ്മാശനും (ശെമ്മാശന്‍ എന്നാല്‍ സെമിനാരി വിദ്യാര്‍ത്ഥി ) കുറവിലങ്ങാട്ട് കുര്യന്‍ ശെമ്മാശനും യാദൃച്ഛികമായി അഹത്തൊള്ളയെ കാണുവാന്‍ ഇടയായി. ഇദ്ദേഹം മാര്‍തോമ സഭയുടെ ദയനീയമായ അവസ്ഥ മനസ്സിലാക്കുകയും മെത്രാഭിഷേകം ഒഴികെയുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ ഗിവര്‍ഗിസ് ആര്‍ക്കദിയോക്കനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കല്‍പ്പന ഈ ശെമ്മാശന്‍മാര്‍വഴി കൊടുത്തയക്കുകയും ചെയ്തുവെന്നാണ് പൗരസ്ത്യ സഭക്കാര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു കല്‍പ്പന പച്ചക്കള്ളമാണെന്ന് കത്തോലിക്ക സഭക്കാര്‍ ആണയിട്ട് പറയുന്നു.കത്തോലിക്കസഭ വിരുദ്ധ വിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരില്‍ മൈലാപ്പൂരില്‍ നിന്ന് ഗോവയിലെ മത വിചാരണ കേന്ദ്രത്തിലേക്ക് അഹത്തൊള്ളയെ കൊണ്ടു പോകുന്ന വിവരം ശെമ്മാശന്‍മാരില്‍ നിന്ന് അറിഞ്ഞ വിശ്വാസികള്‍ തങ്ങളുടെ പിതാവിനെ (അഹത്തൊള്ളയെ) രക്ഷപ്പെടുത്തുന്നതിന് വേണ്ടി കൊച്ചിയില്‍ തടിച്ചു കൂടിയെങ്കിലും പോര്‍ച്ചുഗിസുകാര്‍ ഇദ്ദേഹത്തെ കടലില്‍ വെച്ച് കഴുത്തില്‍ കല്ലുകെട്ടി വെള്ളത്തില്‍ മുക്കി കൊന്നു എന്നാണ് യാക്കോബായസുറിയാനിക്കാര്‍ പറയുന്നത്. എന്നാല്‍ അഹത്തൊള്ളക്ക് അങ്ങിനെയൊരു രക്തസാക്ഷിത്വം എതിര്‍വിഭാഗമായ ഓര്‍ത്തോഡക്‌സ് സുറിയാനികള്‍ കൊടുക്കുന്നില്ല. ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഡോ: സേവ്യര്‍ കൂടപ്പുഴ അഹത്തൊള്ളയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്.’ മാര്‍തോമാ കൃസ്ത്യാനികള്‍ ആവതു ശ്രമിച്ചിട്ടും അഹത്തൊള്ളക്ക് അവരെ കാണാനോ മലബാറില്‍ കാലുകുത്താനോ സാധിച്ചില്ല. പോര്‍ട്ടുഗലില്‍ എത്തിയ ശേഷം അദ്ദേഹത്തെ (അഹത്തൊള്ളയെ) റോമിലേക്ക് അയച്ചു. മാര്‍ഗമധ്യേ പാരീസില്‍ ദിവംഗതനായി. 1654-ലെ ഒരു റിപ്പോര്‍ട്ടില്‍ പാരീസില്‍ മാര്‍അഹത്തൊള്ള ദിവംഗതനായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചരിത്രവിവരണത്തിലൂടെ ഓര്‍ത്തഡോക്‌സ് സഭ യാക്കോബായ സഭയുടെ വലിയൊരു പുണ്യവാളന്‍ ചരിത്രം തകര്‍ത്തു കളയുകയാണ്. കഴുത്തില്‍ കല്ലു കെട്ടിവെള്ളത്തില്‍ മുക്കിക്കൊന്ന അഹത്തൊള്ളയുടെ ശരീരത്തില്‍ നിന്ന് കെട്ടുകള്‍ അഴിഞ്ഞ് കല്ല് മാറുകയും ശരീരം കടലിലൂടെ ഒഴുകി നീങ്ങി ആലപ്പുഴയിലെ ആര്‍ത്തുങ്കല്‍ കടപ്പുറത്ത് എത്തുകയും വെളുത്ത് സുന്ദരമായ വേഷവിധാനങ്ങളോടെയുള്ള ഈ (മൃത) ശരീരം കണ്ട് മുക്കുവന്‍മാര്‍ വെളുത്തച്ഛന്‍ എന്ന് വിളിക്കുകയും ചെയ്തുവെന്നാണ് കഥ. ഇദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയ വഴിയിലുണ്ടായിരുന്ന രോഗികള്‍ സുഖം പ്രാപിച്ചു. നിരവധി അക്രൈസ്തവര്‍ ഇത് കണ്ട് മാനസാന്തരപ്പെട്ടു. ഇദ്ദേഹം വലിയൊരു രോഗശാന്തിക്കാരനായി മാറി. അങ്ങിനെ വാഴ്ത്തപ്പെട്ടവനായി. എന്തായാലും വെളുത്തച്ഛന്‍ ഇപ്പോഴും രോഗശാന്തിയൊക്കെ നല്‍കുന്ന പുണ്യവാളനാണ്. വെളുത്തച്ഛന്‍ കഥ ഒഴിവാക്കിയാല്‍ സുറിയാനി സഭയുടെ രണ്ടാം ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണഭൂതനായ വീരനായകനും ധീര രക്തസാക്ഷിയുമാണ് അഹത്തൊള്ള.