പ്രൊട്ടസ്റ്റന്റ് പക്ഷക്കാരനായ മാത്യൂസ് അത്താനിയോസിന്റെ കൈകളില്‍ തങ്ങളുടെ സഭ സുരക്ഷിതമല്ലെന്ന തോന്നല്‍ മാര്‍തോമവിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കുന്നതില്‍ കൂറിലോസും സംഘവും വിജയിച്ചു. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ യോഗം ചേര്‍ന്ന് കുന്നംകുളത്ത് പുലിക്കോട്ടില്‍ ജോസഫ് കശീശയെ (സുറിയാനി സഭകളില്‍ പുരോഹിതനെ വിളിക്കുന്ന പേരാണ് കശീശാ) മെത്രാനാക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തെ മലങ്കര മെത്രാനായി വാഴിച്ച് തരണമെന്ന അപേക്ഷയോടെ അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കിസ് ബാവയുടെ അടുക്കലേക്ക് അയച്ചു. ഇതിനെ തുടര്‍ന്ന് പുലിക്കോടു ജോസഫിനെ മലങ്കര മെത്രാനായി പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് യാക്കോബ് ദ്വിതീയന്‍ നിയമിക്കുകയും മാത്യൂസ് അത്താനിയോസിനെ പൗരോഹിത്യ കര്‍മങ്ങളില്‍ നിന്ന് മുടക്കുകയും (വിലക്കുകയും) ചെയ്തു. പിന്നിട് യാക്കോബായ സുറിയാനി ചരിത്രത്തില്‍ ഈ മാത്യൂസ് മുടക്കപ്പെട്ട മാത്യൂസ് എന്നറിയപ്പെട്ടു. പുലിക്കോട്ട് ജോസഫ് ഡയനിഷ്യസ് അഞ്ചാമന്‍ (ജോസഫ് ദിവന്നാസിയോസ്) എന്ന പേര് സ്വീകരിച്ച് തിരിച്ച് വരികയും ചെയ്തു.
തന്നെ മലങ്കര മെത്രാനായി നിയമിക്കണമെന്നുള്ള ഡയനിഷ്യസ് അഞ്ചാമന്റെ അഭ്യര്‍ത്ഥന തിരുവിതാംകൂര്‍ രാജാവ് അംഗീകരിച്ചില്ല.
അതിനിടയില്‍ മാത്യൂസ് മെത്രാനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരെന്നുമായി വിശ്വാസികള്‍ രണ്ട് ചേരിയായി മാറിക്കഴിഞ്ഞിരുന്നു. തര്‍ക്കം പള്ളികളിലേക്കും വ്യാപിച്ചു. ബ്രിട്ടീഷ് സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷകരമായ കാര്യമായിരുന്നു. വലിയ മുതല്‍മുടക്കൊന്നുമില്ലാതെ വെറും കുരുട്ട് ബുദ്ധി വെച്ച് കളിച്ച് കുറെ വിശ്വാസികളും പള്ളി സ്വത്തുക്കളും തങ്ങളുടെ വരുതിയില്‍ കിട്ടുകയെന്ന് വെച്ചാല്‍ സന്തോഷിക്കാതെ ഇരിക്കുന്നതെങ്ങിനെ?
നാമമാത്ര രാജാവിനെ വെച്ച് തിരുവിതാംകൂറിന്റെ യഥാര്‍ത്ഥ ഭരണം കൈയാളിയിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനി- പ്രൊട്ടസ്റ്റന്റ് സഭ സഖ്യമായിരുന്നെന്ന് നമ്മള്‍ പല തവണ കണ്ടു. രാജ്യം ഭരിക്കുന്നവരുടെ കടമ രാജ്യത്തിനകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ഇവിടെ നേരെ തിരിച്ചായിരുന്നു. ഈ തര്‍ക്കങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കോടതികളില്‍ എത്തിക്കുവാനും അങ്ങിനെ തങ്ങള്‍ നിയന്ത്രിക്കുന്ന കോടതികളിലൂടെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പുകള്‍ ഉണ്ടാക്കുവാനുമുള്ള അവസരം ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തില്‍ ഉടമസ്ഥാവകാശത്തെക്കുറിച്ച് തീരുമാനിക്കുവാന്‍ കേസ് കൊടുക്കുവാന്‍ ഇവര്‍ ഇരുകൂട്ടരോടും നിര്‍ദ്ദേശിച്ചു. അന്ത്യോഖ്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് കുറുക്കന്റെ കൈയില്‍ കോഴിയെ സംരക്ഷിക്കുവാന്‍ ഏല്‍പ്പിക്കുന്ന പോലെയായിരുന്നു. ഇന്ത്യയിലെ സുറിയാനി സഭാചരിത്രം എന്ന പുസ്തകത്തില്‍ അക്കാലത്തെ കോടതികളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ദിവാനിയോസ് എന്ന മെത്രാന്‍ കേസ് കൊടുക്കുവാന്‍ പോകുന്നതാണ് സന്ദര്‍ഭം. അക്കാലത്ത് തിരുവിതാംകൂറില്‍ സിവില്‍ കോടതികളോ മറ്റേതെങ്കിലും കോടതികളോ ഇല്ലായിരുന്നു. അപ്പോള്‍ ദിവാനിയോസ് ഒരു വ്യവഹാരം കൊടുത്താല്‍ ഏത് ജഡ്ജി കേള്‍ക്കും? തിരുവിതാംകൂറില്‍ തന്റെ പരാതി കേട്ട് വിധി നിര്‍ണയത്തിന് അധികാരമുള്ള ഒരേ ഒരു കേന്ദ്രം ബ്രിട്ടീഷ് റസിഡന്റ് ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ റസിഡന്റ് തന്നെ (പ്രൊട്ടസ്റ്റന്റ് ) മിഷണറിമാരുടെ കക്ഷിയായിരുന്നതിനാല്‍ പാവം ദിവാന്നിയോസിന് എന്ത് ചെയ്യുവാന്‍ സാധിക്കും. അതുകൊണ്ട് റസിഡന്റിന്റെ പക്കല്‍ തന്നെ തന്റെ കേസ് അവതരിപ്പിക്കുകയല്ലാതെ ദിവന്നാസിയോസിന് രക്ഷാമാര്‍ഗം ഒന്നുമില്ലായിരുന്നു. വ്യവഹാരം കൊടുത്തയുടന്‍ തന്നെ സുറിയാനി സഭയുടെ സ്വത്തുക്കള്‍ ദിവന്നാസിയോസിനും മിഷണറിമാര്‍ക്കുമായി ഭാഗിക്കുവാന്‍ റസിഡന്റ് വിധിച്ചു. വസ്തുക്കളില്‍ സിംഹഭാഗവും (പ്രൊട്ടസ്റ്റന്റ്) മിഷണറിമാര്‍ക്കായിരുന്നു. മദ്രാസ് ഗവര്‍ണര്‍ മുമ്പാകെ ദിവന്നാസിയോസ് അപ്പീല്‍ ബോധിപ്പിക്കുകയും അദ്ദേഹം കേസ് തീര്‍ക്കാനായി ഒരു ഉന്നതാധികാര കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. റസിഡന്റിന്റെ മുന്‍ വിധിയില്‍ നിന്ന് അല്‍പ്പം വത്യസ്തമായി 1840 ഏപ്രില്‍ നാലാം തീയതി കമ്മറ്റി വിധി പ്രസ്താവിച്ചു. ആംഗ്ലിക്കന്‍ മിഷണറിമാരുടെ വരവിന് മുമ്പുള്ള എല്ലാ സ്വത്തുക്കളും സുറിയാനിക്കാര്‍ക്ക് ഉള്ളതും മിഷണറിമാരുടെ വരവിന് ശേഷമുള്ള സുറിയാനി സ്വത്തുക്കള്‍ ആംഗ്ലിക്കര്‍ക്ക് ഉള്ളതുമായിരിക്കും.അങ്ങിനെ സെമിനാരിയും സ്വത്തുക്കളും സര്‍ക്കാരില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയും സുറിയാനി സഭക്ക് ഉള്ളതായി തീര്‍ന്നു. മണ്‍ട്രോ തുരുത്തും കോളേജ് കെട്ടിടവും വസ്തുക്കളും മിഷണറിമാരുടേതുമായി. ഇത് ഇവിടെ പ്രത്യേകം എഴുതുവാന്‍ കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിന് ശേഷമാണ് ഇന്ത്യയില്‍ നവോത്ഥാനവും ജനാധിപത്യവും സ്ഥിതിസമത്വവുമൊക്കെ ഉണ്ടായതെന്ന് വാഴ്ത്തുന്ന കൂലി ചരിത്ര രചനകള്‍ ഇന്നും ധാരാളമായി വാഴ്ത്തപ്പെടുന്നതു കൊണ്ട് കൂടിയാണ്. സുറിയാനി അച്ചന്‍ മുകളില്‍ പറഞ്ഞത് തന്നെയായിരുന്നു ബ്രിട്ടീഷുകാരുടെ നീതിബോധം.
ഭാരത സഭാചരിത്രത്തില്‍ അഡ്വ: ജേക്കബ് പുളിക്കന്‍ എഴുതുന്നു. യാക്കോബായക്കാര്‍ തങ്ങളുടെ മത്സരം പള്ളികളില്‍ നിന്ന് കോടതികളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഒട്ടേറെ കേസുകള്‍ ഇരു ഭാഗങ്ങളും ഫയല്‍ ചെയ്തു. ഗവണ്‍മെന്റിന്റെ ഔദ്യോഗിക അംഗീകാരം മാത്യൂസ് അത്തനാസിയോസിനായിരുന്നതിനാല്‍ ഒട്ടുമിക്ക കേസുകളും അദ്ദേഹത്തിന്റെ വിഭാഗം തന്നെ ജയിക്കുകയും അങ്ങിനെ അവര്‍ ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെ പിന്തുണയുണ്ടായിരുന്ന മാര്‍ ഡയനിഷ്യസ് അഞ്ചാമന്റെ കൂടെയായിരുന്നു. കേസുകളില്‍ തന്റെ കക്ഷിക്ക് നേരിട്ടു കൊണ്ടിരിക്കുന്ന പരാജയങ്ങളെ അതിജീവിക്കുവാന്‍ വേണ്ടി മാര്‍ ഡയനിഷ്യസ് അഞ്ചാമന്‍ അന്ത്യോഖ്യസഭാ തലവനോട് മലങ്കര സഭ സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങിനെ 1874 ല്‍ യാക്കോബായ വിശ്വാസിയായ പാത്രിയാര്‍ക്കിസ് പത്രോസ് (ഇഗ്‌നേഷ്യസ് പീറ്റര്‍) മൂന്നാമന്റെ മലങ്കര സഭാ സന്ദര്‍ശനത്തിന് കളമൊരുങ്ങി.
മലങ്കര സഭയിലെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം പ്രൊട്ടസ്റ്റന്റ് സഭയുടെ ഇടപെടലാണെന്നും അത് ഇല്ലാതാക്കാതെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുകയില്ലെന്നും പാത്രിയാര്‍ക്കിസ് പക്ഷം വിലയിരുത്തിയിരുന്നു. സഭയുടെ അടിച്ചമര്‍ത്തപ്പെട്ട അവകാശങ്ങളെ സംരക്ഷിക്കുവാന്‍ ആദ്യം ബ്രിട്ടീഷ് ആസ്ഥാനമായ ലണ്ടനിലേക്ക് പോകുവാനും വിക്ടോറിയ രാജ്ഞിയെ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുവാനും തീരുമാനമായി. 1874 ആഗസ്റ്റ് 14 ന് പാത്രിയാര്‍ക്കിസും സംഘവും ലണ്ടനിലേക്ക് കപ്പല്‍ കയറി. 10 ദിവസത്തെ കടല്‍യാത്രക്കുശേഷം ലണ്ടനിലെത്തി രാജ്ഞിയെ കണ്ട പാത്രിയാര്‍ക്കിസ് സംഘം രാജ്ഞിയുടെ ഇന്ത്യന്‍ കാര്യങ്ങള്‍ നോക്കുന്ന മന്ത്രിക്ക് ഇവിടത്തെ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു കത്ത് കൊടുത്തു.
എന്ത് അടിസ്ഥാനത്തിലാണോ ബ്രിട്ടീഷ് കമ്പനിയും പ്രൊട്ടസ്റ്റന്റു സഭയും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ദേവസ്വം എന്നൊരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്ന് കൊള്ളയടിച്ചത് അതിന് സമാനമായി സുറിയാനി വിമതനായ മുടക്കപ്പെട്ട മാത്യു അത്താനിയോസ് എന്നൊരാളെ മുന്നില്‍ നിര്‍ത്തി ബ്രിട്ടീഷ് കമ്പനി സുറിയാനി പള്ളികളെ കൈകാര്യം ചെയ്യുവാന്‍ നടത്തുന്ന ശ്രമങ്ങളോടുള്ള പ്രതിരോധവും സങ്കടം പറച്ചിലുമാണ് ബ്രിട്ടീഷ് രാജ്ഞിക്കു കൊടുത്തഈ കത്ത്. കത്തിലൂടെ ആയിരം വര്‍ഷങ്ങള്‍ തങ്ങള്‍ കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന പള്ളികളില്‍ നിന്നും വിശ്വാസികളെയും ഞങ്ങളുടെ പട്ടക്കാരെയും അയാള്‍ (മാത്യൂസ്)പുറത്താക്കിയിരിക്കുന്നു. കൂടാതെ പള്ളികളെയും അവയിലെ വരുമാനങ്ങളെയും അയാള്‍ കൊള്ളയടിച്ച് അവയുടെ ആചാരങ്ങളെയും കാനോനുകെളയും (നിയമങ്ങള്‍) അയാള്‍ നിര്‍മുലപ്പെടുത്തിയിരിക്കുന്നു. ( ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രം).
പാത്രിയാര്‍ക്കിസും സംഘവും ഇംഗ്ലണ്ടില്‍ 7 മാസം താമസിക്കുകയും കരുക്കള്‍ നീക്കുകയും ചെയ്തു. എല്ലാ കരുനീക്കത്തിന്റെയും അടിസ്ഥാനം സുറിയാനി വിമതനും തങ്ങളുടെ പ്രഖ്യാപിത ശത്രുവുമായ മുടക്കപ്പെട്ട മാത്യുഅത്തനാസിയോസിന് ഇന്ത്യയിലെ ബ്രിട്ടീഷ് സംഘം ഔദ്യോഗികമായി നല്‍കിയ മെത്രാന്‍ സ്ഥാനം പിന്‍വലിക്കുകയെന്നതായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അനുകൂലമായ വ്യക്തമായ സന്ദേശം ഇന്ത്യയിലേക്കയപ്പിക്കുന്നതില്‍ പാത്രിയാര്‍ക്കിസ് പക്ഷം വിജയിച്ചു
1875 മെയ് 22-ാം തിയ്യതി ലണ്ടനില്‍ നിന്ന് മലങ്കരയിലെത്തിയ പത്രോസ് പാത്രിയാര്‍ക്കിസിന് അതിഗംഭീരമായ സ്വീകരണങ്ങള്‍ കിട്ടി. സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് പാത്രിയാര്‍ക്കിസ് വരെ ഞെട്ടി. മലങ്കര സഭയെ കുറിച്ച് അതുവരെ കേട്ടറിവ് മാത്രമേ പാത്രിയാര്‍ക്കീസുമാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. മറുവശത്തേക്ക് പോയിരുന്ന നിരവധി വിശ്വാസികളും പള്ളികളും മടങ്ങിയെത്തി പത്രോസ് പക്ഷത്തായി. ഈ പാത്രിയാര്‍ക്കിസായ പത്രോസ് മൂന്നാമനാണ് കേരളത്തില്‍ എത്തുന്ന ആദ്യത്തെ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസ്. അതുവരെ ഇവിടെ നിന്ന് പൗരോഹിത്യ പട്ടം ആവശ്യമുള്ളവര്‍ അന്ത്യോഖ്യയില്‍ (സിറിയ) പോയി പാത്രിയാര്‍ക്കിസില്‍ നിന്ന് യഥാവിധി മെത്രാന്‍ പട്ടം തേടി വരികയായിരുന്നു പതിവ്.
മാത്യൂസിന്റെ മെത്രാന്‍ പട്ടം പിന്‍വലിക്കുന്നതില്‍ നീതി പൂര്‍വമായ തീരുമാനം എടുക്കുവാന്‍ ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിട്ടും പാത്രിയാര്‍ക്കിസ് വിരുദ്ധനായ മാത്യു അത്തനാസിയോസിനോട് ബ്രിട്ടീഷ് കമ്പനിയും പ്രൊട്ടസ്റ്റന്റു മിഷണറിമാരും പ്രത്യേക പരിഗണന കാണിച്ചു. ജൂണ്‍ 21-ാം തിയ്യതി കൊച്ചിയില്‍ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പാത്രിയാര്‍ക്കിസ് 26-ാം തിയ്യതി അവിടെ എത്തിച്ചേര്‍ന്നു. 1875 സെപ്തംബറില്‍ മാത്യൂസിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂര്‍ രാജാവ് കല്‍പ്പന ഇറക്കിയെങ്കിലും മദ്രാസ് ഗവര്‍ണര്‍ ഈ തീരുമാനം നടപ്പിലാക്കാതെ വെച്ച് നീട്ടി.
തിരുവിതാംകൂര്‍ രാജാവിനെ സംബന്ധിച്ചിടത്തോളം പള്ളി തര്‍ക്കത്തില്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ക്ക് കാലതാമസം ഉണ്ടായില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റ് സഭയുടെ താല്‍പര്യങ്ങള്‍ അനവധിയായിരുന്നു. അവര്‍ ഹിന്ദു സമൂഹത്തെ ജാതി പറഞ്ഞ് തമ്മിലടിപ്പിച്ച് കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ച കളി സുറിയാനിയിലും നടത്തി. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് കേസുകള്‍ അവസാനിപ്പിച്ച് പള്ളി സ്വത്തും സഭാധികാരവും കൈക്കലാക്കി പോകാമെന്നതായിരുന്നു പാത്രിയാര്‍ക്കിസിന്റെ വിചാരം. എത്രയും പെട്ടെന്ന് കേസുകള്‍ തീര്‍ക്കുവാന്‍ പാത്രിയാര്‍ക്കിസ് തിരുവിതാംകൂര്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇവിടെയും കളി നടന്നു. പതിവുപോലെ ബ്രിട്ടീഷ് കമ്പനിയുടെ താല്‍പ്പര്യം രാജാവിലൂടെ ഉത്തരവായി പുറത്ത് വന്നു. അന്ത്യോഖ്യന്‍ സഭയുടെതാണ് മലങ്കര സുറിയാനി സഭ എന്ന് അംഗീകരിച്ച രാജാവ് സഭാ സ്വത്തുകളുടെ കാര്യത്തില്‍ ഇരുപക്ഷത്തോടും കോടതിയില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചു. പള്ളികള്‍ മലങ്കര സഭയുടെതാണെങ്കില്‍, മലങ്കര സഭ അന്ത്യോഖ്യയുടെതാണെങ്കില്‍, പിന്നെ കേസുകള്‍ എന്തിന്? പാത്രിയാര്‍ക്കിസ് വിഭാഗത്തിന്റെ ചോദ്യത്തിന് ബ്രിട്ടീഷ് കമ്പനി ചെവി കൊടുത്തില്ല. കോടതി മുറികള്‍ സഭാ സ്വത്തുക്കളുടെ തര്‍ക്കഭൂമിയായി മാറി. വിശ്വാസികള്‍ തമ്മില്‍ അകന്നു.
പാത്രിയാര്‍ക്കിസിന്റെ മലങ്കര സഭ സന്ദര്‍ശനം സഭകള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടലിന്റെ വേദിയാക്കി മാറ്റുവാന്‍ ബ്രിട്ടീഷ് കമ്പനി ശ്രമിച്ചു. മാവേലിക്കര ,റാന്നി, നിരണം, മണര്‍കാട്, എന്നിങ്ങനെ പല സ്ഥലങ്ങളിലും പാത്രിയാര്‍ക്കിസിന് എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പല സ്ഥലങ്ങളിലും പാത്രിയാര്‍ക്കിസും സമാന്തരമായി മാത്യൂസും പള്ളികള്‍ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. മാത്യൂസ് കൈവെപ്പ് നല്‍കി പുരോഹിതന്മാരാക്കിയവരില്‍ ഭൂരിഭാഗവും യോഗ്യരല്ലെന്ന് പാത്രിയാര്‍ക്കിസ് പക്ഷം വിധിച്ചു. മറുപക്ഷം ഇത് അംഗീകരിച്ചില്ല. തങ്ങളുടെതെന്ന് സുറിയാനിക്കാര്‍ കരുതുന്നതും അപ്പോള്‍ മാത്യൂസിന്റെ നിയന്ത്രണത്തിലായിരുന്നതുമായ കോട്ടയം സെമിനാരിയില്‍ താമസിക്കുവാന്‍ ചെന്ന പാത്രിയാര്‍ക്കിന് തിരുവിതാംകൂര്‍ ദിവാന്‍ സെമിനാരി നിഷേധിച്ചു. പ്രാര്‍ത്ഥനകളും കുര്‍ബാനകളും പലയിടത്തും അലങ്കോലപ്പെട്ടു. ബ്രിട്ടീഷ് റസിഡന്റ് മേജര്‍ ഒലിവെയുടെ നേതൃത്വത്തില്‍ സുറിയാനി സഭയെ രണ്ടാക്കുവാനുള്ള പദ്ധതികള്‍ മുന്നോട്ട് പോകുകയായിരുന്നു.