യാക്കോബായ സഭ ബാവ കക്ഷിയെന്നും മെത്രാന്‍ കക്ഷിയെന്നും രണ്ടായി പിരിഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കങ്ങളും സംഘട്ടനങ്ങളും ഉണ്ടായി. അന്ത്യോഖ്യ പാത്രിയാര്‍ക്കിസ് തങ്ങളുടെ അനുഗ്രഹവും പാരമ്പര്യവുമുള്ളത് ബാവ കക്ഷിക്കാണെന്ന് പ്രഖ്യാപിച്ചു. വിഘടിത മെത്രാന്‍ വിഭാഗത്തിന് എല്ലാ തരത്തിലുമുള്ള അഭിഷേകങ്ങളും പത്രിയാര്‍ക്കിസ് മുടക്കി. ഡയനിഷ്യസ് ആറാമന്റെ കൈവശമുള്ള സ്വത്തുക്കള്‍ കിട്ടുന്നതിനായി ഈ അന്ത്യോഖ്യന്‍ കുറിലോസ് പക്ഷം തിരുവിതാംകൂര്‍ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. അപ്പോഴും ആ പഴയ പ്രശ്‌നം മെത്രാന്‍ കക്ഷിക്ക് മുമ്പില്‍ വീണ്ടും ഉയര്‍ന്നു വന്നു. അതായത് അന്ത്യോഖ്യ പാത്രിയാര്‍ക്കിസിന്റെ കൈവെപ്പും മെത്രാഭിഷേകവുമില്ലാതെ ഒരു ക്രൈസ്തവ സഭ എങ്ങിനെ എത്ര നാള്‍ നിലനില്‍ക്കും? എങ്ങിനെയായിരിക്കും അതിന്റെ ആത്മീയ പിന്തുടര്‍ച്ച? വിശ്വാസമാണ് പ്രശ്‌നം.
കൂദാശ കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിശുദ്ധ തൈലത്തിന് വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ട്. ഈ തൈലം പാത്രിയാര്‍ക്കിസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധമാക്കുന്ന ചടങ്ങാണ് മൂറോന്‍ കുദാശ. പാത്രിയാര്‍ക്കിസുമാര്‍ കീഴ്ഘടകങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നത് ഈ വിശുദ്ധ തൈലത്തിന്മേലുള്ള തങ്ങളുടെ അധികാരം കാട്ടിയിട്ടാണ്. പാത്രിയാര്‍ക്കിസ് തൊട്ടാലേ ഈ തൈലം വിശുദ്ധമാകു. ഇങ്ങനെയുള്ള തൈലം സ്വന്തമായി ഉണ്ടാക്കി ഡയനിഷ്യസ് ആറാമന്‍ പാത്രിയാര്‍ക്കിസിനെ വെല്ലുവിളിച്ചു.
ബാവ കക്ഷിയേയും അന്ത്യോഖ്യന്‍ സഭയേയും ഒരുപോലെ ഞെട്ടിച്ച ഒരു കരുനീക്കമാണ് മെത്രാന്‍ കക്ഷി നടത്തിയത്. സിറിയയിലെ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായി പാത്രിയാര്‍ക്കിസ് സ്ഥാനത്ത് നിന്ന് വിലക്കപ്പെട്ട് കഴിഞ്ഞിരുന്ന അബ്ദുള്‍ മസിയെ (ഇദ്ദേഹത്തെ അബ്ദേദു മിശിഹ പാത്രിയാര്‍ക്കിസ് എന്നും വിളിക്കുന്നു) സമീപിക്കുവാന്‍ മെത്രാന്‍ പക്ഷം തീരുമാനിച്ചു. മുസ്ലിം ഭരണകൂടത്തിന്റെ വിലക്കിനെ തുടര്‍ന്ന് പണിയില്ലാ പാത്രിയാര്‍ക്കിസായി ഇരിക്കുന്ന മസി മലങ്കര സഭയുടെ ക്ഷണം ആവേശപൂര്‍വ്വം സ്വീകരിച്ചു. താനാണ് അന്ത്യോഖ്യയുടെ യഥാര്‍ത്ഥ പാത്രിയാര്‍ക്കിസെന്നും സിറിയ ഭരണകൂടം സ്ഥാപിച്ച അബ്ദുള്ള രണ്ടാമന്‍ സിറിയന്‍ ഭരണകൂടത്തിന്റെ പാവയാണെന്നും മസി പ്രഖ്യാപിച്ചു.
1912ല്‍ അബ്ദുള്‍ മസിയാണ് യഥാര്‍ത്ഥ പാത്രിയാര്‍ക്കിസ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മെത്രാന്‍ കക്ഷിക്കാര്‍ മസിയെ കേരളക്കരയില്‍ കൊണ്ടുവന്നു. ഇവിടെ എത്തിയ മസി മെത്രാന്‍ കക്ഷിയെ ഒരു സ്വയംഭരണ അവകാശമുള്ള സ്വതന്ത്ര സഭയായി പ്രഖ്യാപിച്ചു. ഇവിടെ വന്നു മൂന്ന് മെത്രാന്മാരെ വാഴിക്കുകയും തന്റെ വരവിന് കാരണക്കാരനായ ഡയനിഷ്യസ് ആറാമനെ ‘കിഴക്കിന്റെ കതോലിക്കോസ് ‘എന്ന പദവി നല്‍കിക്കൊണ്ട് മെത്രാപ്പോലീത്തയായി ഉയര്‍ത്തുകയും ചെയ്തു.കൂടാതെ പാത്രിയാര്‍ക്കിസിന്റെ പേരിന്റെ മുമ്പില്‍ മാത്രം വെക്കാറുള്ള പരിശുദ്ധ എന്ന പദം കാതോലിയോസിന് മുന്നിലും വെക്കുവാന്‍ അനുവാദം നല്‍കി കാതോലിക്കോസിനെ പാത്രിയാര്‍ക്കിസിന് ഒപ്പം ഉയര്‍ത്തി.
വിശിഷ്ട ഗുണങ്ങളുള്ള പ്രാദേശിക സഭകള്‍ക്ക് കിട്ടുന്ന പദവിയാണ് കാതോലിക്കോസ്. പേര്‍ഷ്യന്‍ സഭയുടെ അദ്ധ്യക്ഷനെ വിളിച്ചിരുന്ന പേരാണിത്. പാത്രിയാര്‍ക്കിസിന്റെ അനുവാദമില്ലാതെ തന്നെ മെത്രാന്മാരെയും പുരോഹിതന്മാരെയും വാഴിക്കാന്‍ അധികാരമുള്ള ആളാണ് കാതോലിക്കോസ്. എഡി 498 ല്‍ പേര്‍ഷ്യയിലെ കാതോലിക്കോസ് പാത്രിയാര്‍ക്കിസ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ചിട്ടുള്ളതായി ചരിത്രം ഉണ്ടെങ്കിലും കാതോലിക്കോസിനെ ഒരു സ്വതന്ത്ര സ്ഥാനമായിട്ടാണ് കണ്ടിട്ടുള്ളത്. മലങ്കര സഭയെ മസി പാത്രിയാര്‍ക്കിസ് കാതോലിക്കോസിന് കീഴിലേക്ക് ഉയര്‍ത്തിയതോടെ അന്ത്യോഖ്യന്‍ കൈവെപ്പ് ഇല്ലാതെ തന്നെ മെത്രാന്മാരെ വരെ വെക്കാമെന്നായി. അന്ത്യോഖ്യയുമായി വിശ്വാസപരമായ കേവല ബന്ധം മാത്രം. ഭരണപരമായ എല്ലാ നിയമനങ്ങളും അഭിഷേകങ്ങളും പ്രാദേശികമായി നടത്താം. മെത്രാന്മാര്‍ ചേര്‍ന്ന് കാതോലിക്കോസിനെ തെരഞ്ഞെടുക്കാമെന്ന് കൂടി പാത്രിയാര്‍ക്കിസ് മസി ഇവര്‍ക്ക് അധികാര പത്രം നല്‍കി. അതായത് മെത്രാന്മാരിലൂടെ കാതോലിക്കോസും കാതോലിക്കോസിലൂടെ മെത്രാന്മാരും നിലനില്‍ക്കും. ഇനി മുതല്‍ സഭാപരമോ ഭരണപരമോ ആയ കാര്യങ്ങള്‍ക്ക് വേണ്ടി ഒരാളും സിറിയയിലേക്ക് പോകേണ്ടതില്ല. ഒരേസമയം അന്ത്യോഖ്യയുമായുള്ള ആത്മീയ ബന്ധവും കിട്ടി സ്വതന്ത്ര സഭ സ്ഥാനവും കിട്ടി, പിന്നീട് ഈ വിഭാഗം തങ്ങളുടെ പേര് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എന്നാക്കി മാറ്റി.
പിന്നീട് ഇരു വിഭാഗങ്ങളും തമ്മില്‍ സ്വത്തുക്കള്‍ക്ക് വേണ്ടിയുള്ള കേസിന്റെ പെരുമഴയാണ്. സമുദായ കേസ് എന്നറിയപ്പെടുന്ന ഈ കേസുകളുടെ വിശദാംശങ്ങള്‍ നമ്മുടെ വിഷയത്തിന്റെ ഭാഗമല്ലാത്തതിനാല്‍ അതിലേക്ക് പോകുന്നില്ല.
1876 ലെ മുളന്തുരുത്തി സുന്നഹദോസില്‍ യാക്കോബായ പാത്രിയാര്‍ക്കിസ് സഭയുടെ കെട്ടുറപ്പിനും അന്ത്യോഖ്യന്‍ സഭയുടെ മേധാവിത്വത്തിനും വേണ്ടി ഉണ്ടാക്കിയ ചട്ടക്കൂടുകളും നിയന്ത്രണങ്ങളുമായിരുന്നു ബാവ കക്ഷി മെത്രാന്‍ കക്ഷി പിളര്‍പ്പിനുള്ള ഒരു പ്രധാന കാരണമെന്ന് കാണാം. ഭരണ സൗകര്യത്തിനായി മലങ്കര സഭയെ ഏഴായി വിഭജിച്ചു. എന്നാല്‍ അവിടെ പാത്രിയാര്‍ക്കിസിന് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രം മെത്രാന്മാരെ വാഴിക്കുവാന്‍ സ്വയം അധികാരപ്പെടുത്തുകയും ചെയ്ത നടപടി വിശാലമായ ജനാധിപത്യ ക്രമത്തില്‍ വളര്‍ന്നുവന്ന മാര്‍തോമ സഭയുടെ പൈതൃകം പേറുന്ന ഒരു സഭക്ക് ചേര്‍ന്നതായിരുന്നില്ല. പത്രോസ് മൂന്നാമന്‍ പാത്രിയാര്‍ക്കിസ് തനിക്ക് (അന്ത്യോഖ്യക്ക്) ഗുണകരമാകുവാന്‍ വേണ്ടി ഉണ്ടാക്കിയ വ്യവസ്ഥകള്‍ തന്നെ ഉപയോഗിച്ചാണ് എതിര്‍പക്ഷം മെത്രാന്‍ കക്ഷിയുണ്ടാക്കി സ്വതന്ത്ര സഭയായത്. സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ കെട്ടുറപ്പിന് വേണ്ടി പാത്രിയാര്‍ക്കിസ് ഉണ്ടാക്കിയ മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി തന്നെയാണ് പാത്രിയാര്‍ക്കിസ് വിരുദ്ധ മെത്രാന്‍ ചേരിയുടെ ഉദയത്തിന് കാരണമായതില്‍ ഒരു ഘടകം. കേരളത്തില്‍ സുറിയാനി സഭയുടെ ഒരു മെത്രാപ്പോലിത്ത പാത്രിയാര്‍ക്കിസിനാല്‍ അംഗീകരിക്കപ്പെടണമെങ്കില്‍ അദ്ദേഹം പാത്രിയാര്‍ക്കിസില്‍ നിന്നോ അദ്ദേഹം അയക്കുന്ന പ്രതിനിധിയില്‍ നിന്നോ കൗദാശികാഭിഷേകം സ്വീകരിക്കണമെന്ന വ്യവസ്ഥ മസി ഭേദഗതി ചെയ്യുകയും ഈ പൗരോഹിത്യ അധികാരം ഇവിടത്തെ മെത്രാന്‍ കക്ഷിക്ക് നല്‍കുകയും ചെയ്തു. ഇതോടെ സിറിയയില്‍ പോകാതെ തന്നെ ഇവിടെ സഭാധികാരികളെ വാഴിക്കാമെന്നായി.
സുറിയാനി സഭ പിന്നെയും പല പിളര്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചു.1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിലൂടെ പോര്‍ച്ചുഗീസുകാര്‍ അധികാരം ഉപയോഗിച്ച് ബലമായി മാര്‍പാപ്പയുടെ റോമന്‍ കത്തോലിക്ക സഭയിലെത്തിച്ച മാര്‍ത്തോമ നസ്രാണികളില്‍ കുറെ പേര്‍ കൂനന്‍ കുരിശ് സത്യത്തെ തുടര്‍ന്ന് തങ്ങളുടെ പൂര്‍വ സഭയിലേക്ക് തിരികെ പോയെങ്കിലും കുറെ പേര്‍ പോര്‍ച്ചുഗീസുകാരോടൊപ്പം മാര്‍പാപ്പ സഭയില്‍ ഉറച്ച് നിന്നു. ഇവരൊക്കെയാണ് ചരിത്രത്തില്‍ പിന്നീട് സീറോ മലബാര്‍ സഭക്ക് കാരണക്കാരായത്.
ഉദയംപേരൂര്‍ സുന്നഹദോസ് റോമന്‍ കത്തോലിക്ക സഭക്ക് മാത്രം പ്രസിദ്ധവും ബാക്കിയുള്ളവര്‍ക്കെല്ലാം കുപ്രസിദ്ധവുമാണ്. ചരിത്രത്തില്‍ ഇതൊരു അട്ടിമറിയാണ്. ഭാരത സഭ ചരിത്രത്തില്‍ ഡോ. സേവ്യര്‍ കൂടപ്പുഴ എഴുതുന്നതിങ്ങനെയാണ് ”പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഇവിടത്തെ ക്രിസ്ത്യാനികളുടെ, മാര്‍ത്തോമ ശ്ലിഹയില്‍ നിന്ന് ലഭിച്ച പൈതൃകത്തില്‍ വേരുറച്ച സുറിയാനി ആരാധനക്രമവും ആചാരരീതികളും അവര്‍ക്ക് ഒട്ടും രുചിച്ചില്ല. ലത്തിനില്‍ നിന്ന് (ആരാധനക്ക് ലത്തീന്‍ ഭാഷയും റോമന്‍ രീതികളും ഉപയോഗിക്കുന്ന ക്രൈസ്തവരാണ് ലത്തിന്‍ കത്തോലിക്കര്‍ 🙂 വിഭിന്നമായതെന്തും ശിശ്മയും (തെറ്റും) പാഷണ്ഡതയു(തെറ്റാണന്ന് അറിഞ്ഞു കൊണ്ട് തന്നെ വിശ്വസിക്കല്‍) മായിരുന്നു അവരുടെ ദൃഷ്ടിയില്‍. (ഇവിടത്തെ) മാര്‍തോമ ക്രിസ്ത്യാനികള്‍ ലത്തില്‍ റിത്തില്‍ നിന്ന് (ലത്തിന്‍ ആരാധന ക്രമം) വ്യത്യസ്തമായ പൗരസ്ത്യ സുറിയാനി ആരാധന പാരമ്പര്യമാണ് പുരാതന കാലം മുതല്‍ പാലിച്ചു പോന്നത്. ഇത് തങ്ങളുടെ പൂര്‍വ്വികര്‍ക്ക് മാര്‍തോമാശ്ലീഹയില്‍ നിന്ന് നേരിട്ട് ലഭിച്ചതാണെന്നും അതിനോടുള്ള വിശ്വസ്ത മാര്‍തോമാ മാര്‍ഗത്തോടാണെന്നും അവര്‍ പരമ്പരാഗതമായി വിശ്വസിച്ച് പോന്നു. ആധിപത്യ മനോഭാവത്തോടെ പ്രവര്‍ത്തിച്ച പോര്‍ച്ചുഗീസുകാരുടെ വീക്ഷണത്തില്‍ ഈ സുറിയാനി പാരമ്പര്യം നെസ്‌തോറിയനിസത്തിന്റെ (തെറ്റായ വിശ്വാസങ്ങളെ സൂചിപ്പിക്കുന്ന പദം) വകഭേദമാണ് പോലും. അതുകൊണ്ട് നെസ്‌തോറിയന്‍ പാഷണ്ഡതയുടെ ഈ ഉറവിടങ്ങളില്‍ നിന്നും മാര്‍തോമാ നസ്രാണികളെ മോചിപ്പിച്ച് തങ്ങളുടെ അധികാരത്തിന്‍ കീഴിലാക്കി ലത്തിന്‍ ക്രമങ്ങള്‍ നടപ്പിലാക്കുകയെന്നതായിരുന്നു പോര്‍ച്ചുഗീസുകാരുടെ മുഖ്യ ലക്ഷ്യം. മാര്‍തോമാ നസ്രാണികളെ സ്വാധീനിച്ച് വശത്താക്കിയാല്‍ പോര്‍ച്ചുഗലിന്റെ ആധിപത്യം ഇന്ത്യയില്‍ സ്ഥാപിക്കുവാന്‍ കഴിയുമെന്ന് പോര്‍ച്ചുഗീസുകാര്‍ വ്യാമോഹിച്ചു. അവരുടെ കാഴ്ചപ്പാടില്‍ ഇതിനെല്ലാം വിഘാതം പൗരസ്ത്യ സുറിയാനി സഭയുമായിട്ടുള്ള ബന്ധമായിരുന്നു. സുറിയാനി മെത്രാന്മാര്‍ കേരളത്തില്‍ പ്രവേശിക്കാതിരിക്കുവാന്‍ ഓര്‍മൂസ് തുറമുഖത്ത് പറങ്കികള്‍ സുശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
കേരളത്തിലെ ഈ മാര്‍ തോമ സഭാ വിഭാഗത്തില്‍ കടന്ന് കയറുവാനും ഈ വിഭാഗത്തെ ഇല്ലായ്മ ചെയ്യുവാനും പോര്‍ച്ചുഗലിലും റോമിലും നടന്ന ഗൂഢാലോചനയുടെ ഫലമായി ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ റോമന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് മെനേസീസ് എന്നയാളെ ചുമതലപ്പെടുത്തി. ഇദ്ദേഹം 1597 ഡിസംബര്‍ 19 ന് ലത്തിന്‍ പാത്രിയാര്‍ക്കിസിന് എഴുതിയ കത്ത് ഇങ്ങനെയാണ് ‘ഈ ദൂഷ്യങ്ങളൊക്കെ (മാര്‍ തോമവിശ്വാസം) പരിഹരിക്കുന്നതിനും അവരുടെ പക്കലേക്ക് പോകുന്നതിനും അവരുടെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു’ ക്രിസ്തു മതേതരന്‍ ആയ രാജാവ് സ്വകാര്യ ലാഭത്തിന് വേണ്ടി എന്നോട് സ്‌നേഹ ഭാവത്തില്‍ വര്‍ത്തിക്കും. ഞാന്‍ വൈദികരുടെ ഒരു സുന്നഹദോസ് കൂട്ടി റോമാ സഭയുടെ അധീനതയില്‍ അവരെ കൊണ്ടുവരികയും മാര്‍പാപ്പ നിയമിക്കുന്ന മെത്രാനെ സ്വീകരിച്ച് കൊള്ളാമെന്ന് അവരെ കൊണ്ട് സമ്മതിപ്പിക്കുകയും അബദ്ധ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സകല ഗ്രന്ഥങ്ങളും അവരില്‍ നിന്ന് നീക്കിക്കളയുകയും ചെയ്യും. ആറേഴു മാസം ഞാന്‍ അവിടെ താമസിക്കേണ്ടി വരും. ഇത് ആപല്‍ സമ്പൂര്‍ണമായ ഒരു യാത്രയാണ്. പുതിയ മെത്രാന്‍ നിയുക്തനായിട്ടില്ലെങ്കില്‍ ഈശോ സഭക്കാരനായ ഒരു മെത്രാനെയാണ് അവിടെ ആവശ്യമുള്ളതെന്ന് നിങ്ങളെ ഞാന്‍ അറിയിക്കുന്നു. സുറിയാനി ഭാഷയെ ക്രമശഃ നശിപ്പിക്കണമെന്നും പ്രസ്തുത ഭാഷ അബദ്ധ സിദ്ധാന്തങ്ങള്‍ പ്രവേശിക്കുന്നതിനുള്ള സ്രോതസ്സാകയാല്‍ വൈദികര്‍ സുറിയാനിക്കു പകരം ലത്തിന്‍ പഠിക്കണമെന്നുള്ള സംഗതിയെപ്പറ്റി മെത്രാനോട് ഉപദേശിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. സുറിയാനി നീക്കി ലത്തിന്‍ ഭാഷയെ പ്രതിഷ്ഠിക്കുകയാണ് ഉത്തമനായ ഭരണകര്‍ത്താവിന്റെ ലക്ഷ്യം.
കേരളത്തിലെ നിലവിലുള്ള മാര്‍ തോമസഭയിലെ വിശ്വാസികളുടെ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുകയും തങ്ങളുടെ പക്ഷത്തിന്റെ വിശ്വാസങ്ങള്‍ മാത്രം അരക്കിട്ടുറപ്പിക്കുകയും ചെയ്യാന്‍ റോമന്‍ സഭ തീരുമാനിച്ചു. ഇതിനായി മെനസിസ് എന്നയാളെ ഗോവന്‍ മെത്രാപ്പോലിത്തയാക്കി ഇങ്ങോട്ടയച്ചു. ഇയാള്‍ ഇവിടത്തെ രാജാക്കന്മാരെ സ്വാധീനിച്ചു കൊണ്ടും ഇതര സഭ വിഭാഗങ്ങളെ വിരട്ടിയും ആക്രമിച്ചും തന്റെ ഏക സഭാ ഭരണം സ്ഥാപിക്കുവാന്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് ഉദയംപേരൂര്‍ സുന്നഹദോസ്. ഇവിടത്തെ മാര്‍തോമ സഭ റോമന്‍ കത്തോലിക്ക സഭയില്‍ ലയിച്ചതായും ഇനി മുതല്‍ റോമന്‍ സഭയുടെ ആചാര വിശ്വാസങ്ങള്‍ സ്വീകരിച്ചതായും മെനസിസ് പ്രഖ്യാപിച്ചു. ഇയാള്‍ എതിര്‍ സഭക്കാരുടെ പള്ളികളില്‍ പോകുകയും അവിടത്തെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രാര്‍ത്ഥനകൂദാശ രീതികള്‍ മാറ്റി പകരം തങ്ങളുടെ ലാറ്റിന്‍ രീതി തുടങ്ങുകയും ചെയ്തു. എതിര്‍വിഭാഗക്കാരുടെ നിരവധി സുറിയാനി മതഗ്രന്ഥങ്ങള്‍ കത്തിച്ച് കളഞ്ഞു.
ഇങ്ങനെ ബലപ്രയോഗത്തിലൂടെ എതിര്‍പക്ഷത്തേയും തങ്ങളുടെ വിശ്വാസത്തിലേക്ക് മെനസിസ് കൊണ്ടുവന്നു. കേരളത്തില്‍ റോമന്‍ കത്തോലിക്ക സഭയുടെ ഏകകക്ഷി ഭരണകാലമാണ് പിന്നിട് 1653 ലെ കൂനന്‍ കുരിശ് സത്യം വരെ കാണുന്നത്. ഭീഷണി ഭയന്ന് ഇങ്ങനെ വന്നവരില്‍ കുറെ പേര്‍ പിന്നീട് 54 കൊല്ലം കഴിഞ്ഞ് സംഭവിച്ച കൂനന്‍ കുരിശ് സത്യത്തിലൂടെ തങ്ങളുടെ യഥാര്‍ത്ഥ സഭയായ മാര്‍തോമസഭയിലേക്ക് തിരിച്ചു പോയി. കുറെ പേര്‍ തിരിച്ചു പോകാതെ ഇവിടെ ശേഷിച്ചു. ഇവരില്‍ നിന്നാണ് സീറോ മലബാര്‍ സഭ രൂപം കൊള്ളുന്നത്.
(തുടരും)