എബ്രഹാം മല്‍പ്പാന്‍ കേരള ക്രൈസ്തവ സഭാ ചരിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. യാക്കോബായ സഭയിലെ ആദ്യത്തെ പിളര്‍പ്പിന് കാരണഭൂതനായ വ്യക്തിയായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. യൂറോപ്പില്‍ വ്യവസായവല്‍ക്കരണവും മറ്റും നടക്കുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടീഷുകാരില്‍ ആകൃഷ്ടരായി സുറിയാനി സഭയില്‍ നിന്നുകൊണ്ട് തന്നെ പ്രൊട്ടസ്റ്റന്റു സഭയില്‍ ആകൃഷ്ടരായ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളാണ് അബ്രഹാം മല്‍പ്പാന്‍. തക്‌സാ എന്നറിയപ്പെടുന്ന സുറിയാനി ആരാധനാക്രമം തന്നെ മാറ്റാന്‍ മല്‍പ്പാന്‍ ശ്രമിച്ചു. ക്രിസ്തു ശിഷ്യനായ പത്രോസിനാല്‍ ഉണ്ടാക്കപ്പെട്ടതാണ് ഈ സഭയും ആചാരങ്ങളുമെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്ന സഭയിലാണ് മല്‍പ്പാന്റെ തിരുത്തല്‍ വാദം അരങ്ങേറിയത്. തീക്കട്ടയില്‍ ഉറുമ്പരിച്ചതോടെ മല്‍പ്പാനെ മെത്രാന്‍ ഡലിഷ്യസ് നാലാമന്‍ (ചേപ്പാട് മാര്‍ ദിവന്നാസിയോസ്) സഭയില്‍ നിന്ന് പുറത്താക്കി. മല്‍പ്പാനോടൊപ്പവും കുറെ വിശ്വാസികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടെ നിര്‍ത്തണമെങ്കില്‍ അപ്പോസ്തലിക പാരമ്പര്യമുള്ള (ക്രിസ്തുവിന്റെ സഭയെ തൊട്ടു കൊണ്ടുള്ള ഉയര്‍ന്ന പുരോഹിതന്മാര്‍ നല്‍കുന്ന പൗരോഹിത്യ അഭിഷേകം) ഒരു മെത്രാന്‍ പദവി തനിക്കും വേണമെന്ന് മല്‍പ്പാന്‍ ചിന്തിച്ചു. മല്‍പ്പാന്‍ വിവാഹിതനാണ്. അവിവാഹിതര്‍ക്കേ മെത്രാഭിഷേകം കിട്ടുകയുള്ളൂ. തനിക്ക് നിയന്ത്രിക്കാവുന്ന ഒരാള് മെത്രാനായാലും മതി. അതിനെക്കുറിച്ചുള്ള ചിന്തയാണ് തന്റെ സഹോദരപുത്രനായ പാലക്കുന്നത്ത് മാത്യുവില്‍ ചെന്നെത്തിയത്.
ഈ സമയത്താണ് അന്ത്യോഖ്യാപാത്രിയാര്‍ക്കിസ് ഏലിയാസ് രണ്ടാമന്‍ മലബാറിലെ സുറിയാനിക്കാരോട് മെത്രാഭിഷേകത്തിനായി ആളുകളെ അയക്കുവാന്‍ പറയുന്നത്. എബ്രഹാം മല്‍പ്പാന്‍ ഈ അവസരം മുതലാക്കി സഹോദര പുത്രനെ മെത്രാനാക്കുവാന്‍ സിറിയയിലെ പാത്രിയാര്‍ക്കിസിന്റെ അടുത്തേക്ക് കപ്പല്‍ കയറ്റി വിടുന്നത്. അയാള്‍ ശുദ്ധ അന്ത്യോഖ്യ സുറിയാനി ക്രൈസ്തവനായി 2 വര്‍ഷം അവിടെ ജീവിച്ചു. 1843 ല്‍ പാത്രിയാര്‍ക്കിസിന്റെ അനുഗ്രഹം വാങ്ങി മെത്രാനായി മാത്യൂസ് അത്തനാസിയോസ് എന്ന് നാമകരണം ചെയ്ത് ഇയാള്‍ തിരുവിതാംകൂറിലെത്തി.
മാര്‍ അത്തനാസിയോസായി മാറിയ മാത്യുവും ഡയനീഷ്യസ് നാലാമനും തമ്മിലുള്ള യഥാര്‍ത്ഥ മെത്രാന്‍ ആരെന്ന തര്‍ക്കം അന്വേഷിച്ച് പഠിക്കുവാന്‍ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസ്, കുറിലോസ് എന്ന സുറിയാനി മെത്രാനെ ഇങ്ങോട്ടയച്ചു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ അത്താനാസിയോസ് മാത്യുവിനെതിരായിരുന്നു. മാത്യൂസ് സുറിയാനിക്കാരനായിട്ടാണ് നില്‍പ്പെങ്കിലും പൂര്‍ണമായും സുറിയാനി വിശ്വാസവുമായി യോജിക്കാത്ത പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. പ്രൊട്ടസ്റ്റന്റുകാരുടെ വിശ്വസ്തന്‍. ഈ മാത്യൂസിനെ പറ്റി അന്നത്തെ അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസ് കുന്നംകുളം യാക്കോബിന് എഴുതിയ ഒരു കത്ത് ഇന്ത്യയിലെ സുറിയാനി സഭ ചരിത്രം എന്ന പുസ്തകത്തില്‍ ഉണ്ട്. അത് ഇങ്ങനെയാണ്. ‘ഒരു അസത്യവാനും ചതിയനുമായ മാത്യൂസ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെ തന്നെ വന്ന് കണ്ടു എന്ന് പാത്രിയാര്‍ക്കിസ് അവരെ കത്തിലൂടെ അറിയിച്ചു. അയാളുടെ കൈയില്‍ മലബാറിലെ സുറിയാനിക്കാരുടെ പേരില്‍ അയാളെ മെത്രാപ്പോലിത്തയായി (സഭാ അദ്ധ്യക്ഷനായി) വാഴിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൃത്രിമ കത്തുണ്ടായിരുന്നു. പറുദീസായിലെ സര്‍പ്പത്തെപ്പോലെ മാത്യൂസ് തന്നെ ചതിച്ചു മെത്രാനായി വാഴിക്കപ്പെട്ട ശേഷം സുസ്താത്തിക്കോനും (അധികാര പത്രം) വാങ്ങി, കൂടെ മറ്റേതാനും കത്തുകളും ലഭ്യമാക്കി മാത്യൂസ് ഇന്ത്യയിലേക്ക് തിരിക്കുകയും തന്റെ സ്ഥാനത്ത് രാജാക്കന്മാരാലും ജനങ്ങളാലും അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ വിഘടിതമായി പ്രവര്‍ത്തിക്കുകയും പിളര്‍പ്പിന്റെ വിത്തുകള്‍ തന്റെ സമുദായത്തില്‍ വിതറുകയും ചെയ്തു. ആകയാല്‍ താന്‍ (പാത്രിയാര്‍ക്കിസ്) കുറിലോസ്സിനെ അയാള്‍ക്ക് പകരക്കാരനായി നിയോഗിച്ചതായി അദ്ദേഹം പറയുന്നു.’ ശപിക്കപ്പെട്ടവനും മുടക്കപ്പെട്ടവനുമായ മാത്യൂസില്‍ നിന്ന് പള്ളികള്‍ പിടിച്ചെടുക്കാനും അവയെ രക്ഷിക്കുവാനും താന്‍ അദ്ദേഹത്തെ (കുറിലോസ്സിനെ) അധികാരപ്പെടുത്തിയിട്ടുണ്ട്. തന്റെ വിശ്വാസത്തെ ത്യജിച്ച് ആംഗ്ലേയരുടേത് സ്വീകരിച്ച ഇയാളെ പുറത്താക്കണം. മലബാറിലെ മുഴുവന്‍ പള്ളികളും പിടിച്ചെടുത്ത് ഇംഗ്ലീഷുകാരുടെ കൈയ്യില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു അയാളുടെ (മാത്യൂസ്) ഉദ്ദേശ്യമെന്ന് പാത്രിയാര്‍ക്കിസ് വിശദീകരിക്കുന്നു. മലബാറിലെ രാജാക്കന്മാര്‍ക്കും സുറിയാനി ജനതയ്ക്കും വൈദികര്‍ക്കും ഭരണാധികാരികള്‍ക്കും കുറിലോസ്സിനെ സ്വീകരിച്ച് മാത്യൂസിനെ പുറം തള്ളാന്‍ സഹായിക്കണമെന്ന് പാത്രിയാര്‍ക്കിസ് അഭ്യര്‍ത്ഥിക്കുന്നു.
ഇതിനെ തുടര്‍ന്ന് കുറിലോസ്, മാത്യൂസ് അത്താനിയോസിനെ മെത്രാന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം സ്വയം മലങ്കര മെത്രാനായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റൊരു സ്ഥാനാവകാശ തര്‍ക്കത്തിന് നില്‍ക്കാതെ മറ്റേ മെത്രാന്‍ ഡയനിഷ്യസ്, (മാര്‍ ദിവാന്നാസിയോസ്) മെത്രാന്‍ സ്ഥാനം ഒഴിയുകയും കുറിലോസിനെ മെത്രാനായി പ്രഖ്യാപിക്കുവാന്‍ രാജാവിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജാവിന്റെ അംഗീകാരം എന്നാല്‍ ബ്രിട്ടീഷ് റസിഡന്റിന്റെ അംഗീകാരം എന്നര്‍ത്ഥം. അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെ ഇക്കാര്യത്തിലുള്ള മാത്യൂസ് വിരുദ്ധ നിലപാടും റസിഡന്റിനെ കുറിലോസ് പക്ഷം അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്ത ബ്രിട്ടീഷ് റസിഡന്റ് സുറിയാനിയായ കുറിലോസിന്റെ താനാണ് മെത്രാന്‍ എന്ന വാദം അംഗീകരിച്ചില്ല. പകരം കുറിലോസ,് മെത്രാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ മാത്യൂസ് അത്താനിയോസിനെ തന്നെ മെത്രാനായി പുനഃസ്ഥാപിക്കുകയും ചെയ്തു. 1853 ല്‍ ആയിരുന്നു ഇത്.
സഭാ വിശ്വാസികളില്‍ ഭൂരിപക്ഷവും കുറിലോസിന്റെ കൂടെ അന്ത്യോഖ്യന്‍ പക്ഷത്തായിരുന്നു. അവര്‍ ബ്രിട്ടീഷുകാര്‍ മെത്രാനായി പുനഃസ്ഥാപിച്ച മാത്യു അത്താനിയോസിനെ അംഗീകരിച്ചില്ല. ബ്രിട്ടീഷ് പിന്തുണയോടെ മാത്യൂസും ഭൂരിപക്ഷ വിശ്വാസികളുടെ പിന്തുണയോടെ കുര്‍ലോസ്സും അണിനിരന്നു. അങ്ങിനെ സഭയില്‍ രണ്ട് ഭരണ കേന്ദ്രങ്ങളായി. തര്‍ക്കമായി. ഈ തര്‍ക്കം തീര്‍ക്കാന്‍ ബ്രിട്ടിഷ് റസിഡന്റ് തിരുവിതാംകൂര്‍ രാജാവിനെക്കൊണ്ട് ഒരു കമ്മറ്റി ഉണ്ടാക്കിച്ചു – അതില്‍ രണ്ട് പേര്‍ റസിഡന്റ് നിയമിച്ച പ്രൊട്ടസ്റ്റന്റ് സായിപ്പുമാരായിരുന്നു. രണ്ട് പേര്‍ നാട്ടുകാരും. 1848 മാര്‍ച്ച് 4 ന് ഈ കമ്മറ്റി രണ്ട് കൂട്ടരെയും കൊല്ലത്ത് വിളിച്ചുവരുത്തി തര്‍ക്കം കേട്ടു. കോടതിയും കമ്മറ്റിയുമെല്ലാം പേരിനൊരു ചടങ്ങ് മാത്രമായിരുന്നു. ജൂണ്‍ 9 ന് ഈ കമ്മറ്റി കേസില്‍ വിധി പറഞ്ഞു. അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെയും ഭൂരിപക്ഷം സഭാവിശ്വാസികളുടെയും എല്ലാ താല്‍പ്പര്യങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് സഭ എന്താണോ ആഗ്രഹിച്ചത് അത് തന്നെയായിരുന്നു വിധി. കേസില്‍ മാത്യൂസ് അത്താനിയോസ് ഹാജരാക്കിയ രേഖകള്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കിസില്‍ നിന്ന് നേരിട്ട് ലഭിച്ചവ ആകയാല്‍ ആ രേഖകള്‍ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും അതിനാല്‍ മാത്യൂസിന്റെ മെത്രാപ്പോലിത്ത സ്ഥാനം പുനഃസ്ഥാപിക്കുകയും അന്ത്യോഖ്യന്‍ പാത്രിയാര്‍ക്കിസിന്റെ ഉത്തരവില്‍ വന്ന പുതിയ മെത്രാന്‍ കുറിലോസിന്റെ മെത്രാന്‍ പദവി റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെ 1849 ഏപ്രില്‍ മാസത്തില്‍ പാത്രിയാര്‍ക്കിസ്
നിയമിച്ച മാര്‍ സ്‌തേഫാനോസ് എന്ന മറ്റൊരു വിദേശ മെത്രാനും മലങ്കര സഭയുടെ അവകാശവാദവുമായി എത്തി. പാത്രിയാര്‍ക്കിസ് കൊടുത്തയച്ച കത്തുകള്‍ ഇദ്ദേഹം ബ്രിട്ടീഷ് റസിഡന്റ് വില്യം കല്ലിനെ ഏല്‍പ്പിച്ചു. കത്തുകളും രേഖകളുമായി സ്‌തേഫാനോസ് ബ്രിട്ടീഷുകാര്‍ക്ക് പിന്നാലെ അപേക്ഷയുമായി നടന്നെങ്കിലും അവര്‍ പരിഗണിച്ചില്ല. ഒന്നിനും മറുപടി ലഭിച്ചില്ല. അന്ത്യോഖ്യാ വിഭാഗത്തോട് തികഞ്ഞ അവഗണനയും അധിക്ഷേപവുമായിരുന്നു ബ്രിട്ടീഷുകാരുടേത്. ഇങ്ങനെയിരിക്കേ 1852 ജൂലായ് പതിനഞ്ചാം തിയ്യതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 249 നമ്പറായി ഒരു ഉത്തരവ് ഇറക്കി. ഈ ഉത്തരവ് പ്രകാരം തിരുവിതാംകൂറിലെ എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാത്യു അത്തനാസിയോസിനെ തങ്ങളുടെ മെത്രാപ്പോലിത്തയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് റസിഡന്റ് കല്ലനായിരുന്നു ഈ ഉത്തരവിന് പുറകില്‍. കൂടാതെ ഈ അന്ത്യോഖ്യാ വിഭാഗക്കാരായ രണ്ട് വിദേശ മെത്രാന്മാരും തിരുവിതാംകൂറിലോ കൊച്ചിയിലോ പ്രവേശിക്കുവാന്‍ പാടില്ലെന്ന് ബ്രിട്ടീഷ് റസിഡന്റ് കല്ലന്‍ ഉത്തരവിട്ടു.
ബ്രിട്ടിഷ് റസിഡന്റിന്റെ ഉത്തരവിന് എതിരെ അന്ത്യോഖ്യാ പക്ഷവും വെറുതെയിരുന്നില്ല. അവര്‍ നേരെ ലണ്ടനിലേക്ക് കപ്പല്‍ കയറി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തലപ്പത്തുള്ള ഡയറക്ടര്‍മാരെ കണ്ട് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റ് കല്ലനും പ്രൊട്ടസ്റ്റന്റ് സഭക്കാരും ചേര്‍ന്ന് തങ്ങളോട് വൈരാഗ്യബുദ്ധിയോടെ കാണിക്കുന്ന അനീതികള്‍ക്കെതിരെ അപ്പീല്‍ ബോധിപ്പിച്ചു. മറ്റു മതസ്ഥരുടെ കാര്യങ്ങളില്‍ ഇടപെടുന്ന കല്ലന്റെ തീരുമാനങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരാണെന്നും അതിനാല്‍ അത് റദ്ദാക്കുവാനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സുറിയാനിക്കാരുടെ അന്ത്യോഖ്യ പ്രതിനിധികളുടെ കാര്യം അവര്‍ തന്നെ തീരുമാനിച്ചോട്ടെ എന്നും വിധി വന്നു. ഇതോടെ കുറിലോസ് പക്ഷം ഉഷാറായി. ഇനി എല്ലാം തങ്ങള്‍ ആഗ്രഹിച്ചത് പോലെയെന്ന് ഇവര്‍ കണക്കാക്കി.
എന്നാല്‍ ഈ വിധി വന്നിട്ടും കാര്യങ്ങള്‍ അന്ത്യോഖ്യന്‍ ടീം ആഗ്രഹിച്ചത് പോലെയായില്ല. കുറിലോസ് മെത്രാന്‍ സഭയുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെന്ന് മാത്യു അത്താനിയോസ് തിരുവിതാംകൂര്‍ രാജാവിനോട് പരാതിപ്പെട്ടു. തങ്ങള്‍ക്ക് വീണ്ടും ഇടപെടാന്‍ പാകത്തില്‍ മാത്യുസിനെക്കൊണ്ട് പ്രൊട്ടസ്റ്റന്റ്കാര്‍ രാജാവിന് പരാതി കൊടുപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് റസിഡന്റ് വീണ്ടും ഇതില്‍ ഇടപെട്ടു. ഇതില്‍ പ്രൊട്ടസ്റ്ററ്റുകാര്‍ കരുതിവെച്ച ഉത്തരവ് തന്നെ പുറത്തുവന്നു. ഇന്ത്യയിലെ സുറിയാനി സഭാ ചരിത്രത്തില്‍ നിന്ന് ‘മാത്യൂസിന്റെ അധികാരത്തെ അംഗീകരിക്കാത്ത ആരും തന്നെ പള്ളികളില്‍ പ്രവേശിക്കുകയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയോ പാടില്ല എന്ന് വിലക്കിക്കൊണ്ട് തിരുവിതാംകൂര്‍ രാജ്യം മുഴുവനായി ഒരു ഉത്തരവ് നമ്പര്‍ 2455/1863 റസിഡന്റ് പുറപ്പെടുവിച്ചു. എന്നാല്‍ കുറിലോസിനെ അവര്‍ (മാത്യുപക്ഷം) സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരിക്കും. ഇല്ലായെങ്കില്‍ അവര്‍ പുതിയ പള്ളികള്‍ സ്ഥാപിക്കുകയും പഴയവ മാത്യൂസിന് വിട്ടുകൊടുക്കുകയും വേണം. അതായത് കൂറിലോസിനെ മാത്യൂസ് പക്ഷം സ്വീകരിക്കാത്ത പക്ഷം നിലവിലുള്ള പള്ളികള്‍ മാത്യൂസിന് വിട്ടുകൊടുത്ത് കുറിലോസ് പക്ഷത്തിന് പുതിയ പള്ളികള്‍ പണിയാം. പള്ളികള്‍ക്ക് വേണ്ടിയുള്ള കലഹം തുടങ്ങുന്ന ഒരു ഘട്ടമാണിത്.
ബ്രിട്ടീഷ് കമ്പനിയുടെ താല്‍പര്യങ്ങളായിരുന്നു ഈ രാജ്യത്തെ നിയമങ്ങള്‍. മതപരമായ കാര്യങ്ങളില്‍ പ്രൊട്ടസ്റ്റന്റു സഭയുടെയും കമ്പനിയുടെയും താല്‍പര്യങ്ങള്‍ ഒന്നായിരുന്നു. പ്രൊട്ടസ്റ്റന്റു സഭക്കാരായ ബ്രിട്ടീഷുകാര്‍ മാര്‍തോമ സഭക്കുള്ളില്‍ പലവിധത്തിലും തങ്ങളുടെ പ്രൊട്ടസ്റ്റന്റ് വിശ്വാസം പ്രചരിപ്പിക്കുവാന്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളില്‍പ്പെട്ട് സുറിയാനിക്കാര്‍ പലപ്പോഴും പരവശരായിരുന്നു. പ്രൊട്ടസ്റ്റന്റ് തല്‍പ്പരനായ അത്താനിയോസ് മാത്യൂസ് മെ ത്രാനായി ബ്രിട്ടീഷുകാരാല്‍ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സഭയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കാരണം. സഭാവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും പൗരസ്ത്യ സുറിയാനി അന്ത്യോഖ്യാ വിശ്വാസത്തിന്റെ കൂടെയായിരുന്നു.അവിടെയാണ് ക്രിസ്തു ശിഷ്യനായ പത്രോസിന്റെ സിംഹാസനം ഇരിക്കുന്നത്. ഇതാണ് പരമമായ വിശ്വാസം. ഇതുകൊണ്ട് തന്നെ ഡബിള്‍ റോളിലായിരുന്നു അത്താനിയോസിന്റെ സുവിശേഷ പ്രവര്‍ത്തനം.
സുറിയാനി പാരമ്പര്യത്തിന്റെയും പ്രൊട്ടസ്റ്റന്റ് സ്വാധീനത്തിന്റെയും ഇടയില്‍ അത്താനിയോസ് നിന്ന് കളിച്ചു. ഭാരത സഭാചരിത്രം രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ എന്ന പുസ്തകത്തില്‍ അഡ്വ.ജേക്കബ് പുളിക്കന്‍ എഴുതുന്നു. ‘അവസരം കിട്ടിയപ്പോഴൊക്കെ അത്തനാസിയോസ് മെത്രാന്‍ പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഓര്‍ത്തഡോക്‌സ് ആരാധനാക്രമങ്ങളില്‍ പ്രൊട്ടസ്റ്റന്റ് ക്രമങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും പാരമ്പര്യമനുസരിച്ചുള്ളവ നീക്കം ചെയ്യാനും ശ്രമിച്ചിരുന്നു. അതുപോലെ മലങ്കര ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തില്‍ ഇല്ലാതിരുന്ന ബൈബിള്‍ വായന, സുവിശേഷ പ്രസംഗം, ഞായറാഴ്ച വേദപാഠ ക്ലാസ്സുകള്‍ തുടങ്ങിയ നടപടികള്‍ സഭയ്ക്ക് സ്വീകാര്യമാണെന്ന ഭാവത്തില്‍ അനുകുലമായ പള്ളികളില്‍ നടപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ പാരമ്പര്യ തോമ ക്രൈസ്തവ ആചാരങ്ങള്‍ മുറുകെ പിടിച്ചിരുന്ന വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പള്ളികളില്‍ ആ രീതി തുടര്‍ന്ന് പോകാനും അനുവദിച്ചു. അതേ സമയം തന്റെ സഭയുടെ പരമോന്നത ആത്മീയ നേതാവായി അത്തനാസിയോസ് മെത്രാന്‍ അന്ത്യോഖ്യപാത്രിയാര്‍ക്കിസിനെയാണ് പരസ്യമായി അംഗീകരിച്ചിരുന്നത്. ഇങ്ങനെ രണ്ടു തട്ടില്‍ നിലയുറപ്പിച്ചിരുന്ന അത്തനാസിയോസിനെതിരായി നേരത്തെ മലബാറിലേക്ക് പിന്‍വാങ്ങിയിരുന്ന വിദേശ മെത്രാനായ കുറിലോസ് പാരമ്പര്യവാദികളുടെ സഹായത്തോടെയും ഒത്താശയോടെയും രംഗത്ത് വന്നു. ഡയനീഷ്യസ് നാലാമന്‍ മെത്രാനെ അത്തനാസിയോസ് പുറത്താക്കിയ പോലെ തന്നെ അത്തനാസിയോസിനെ പുറത്താക്കുവാന്‍ കുറിലോസിന്റെ ഒത്താശയോടെ പാരമ്പര്യവാദികള്‍ ശ്രമം തുടങ്ങി.’