ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഭാരതീയ ജനതാ പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ മാധ്യമങ്ങളെയും രാഷ്ട്രീയ പണ്ഡിതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഏറെ നാളത്തെ റിമോട്ട് കണ്‍ട്രോള്‍ ഭരണത്തിന് ശേഷം ഭാരതത്തിന് ലഭിച്ച ശക്തനായ പ്രധാനമന്ത്രിയുടെ ഭരണത്തുടര്‍ച്ച ഭാരതത്തിന് വലിയ നേട്ടം തന്നെയാണ്. സമസ്ത മേഖലകളിലും കൈവരിക്കുന്ന പുരോഗതി, രാജ്യസുരക്ഷ, സാംസ്‌കാരികമായ ഉന്നമനം, ലോകരാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഭാരതത്തിന്റെ ബ്രാന്‍ഡ് വാല്യു – മോദി നയിക്കുന്ന ഭാരതം വിശ്വഗുരു ആവുന്നു. ആഹ്ലാദനിര്‍ഭരമായ ഈ വേളയില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി ഒമുങ്ക് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്രമാണ് ‘പി.എം.നരേന്ദ്ര മോദി’.
മോദിയായി വിവേക് ഒബ്‌റോയ് വേഷമിടുന്ന ഈ ചലച്ചിത്രം പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഗുജറാത്തിലെ വാഡ്‌നഗര്‍ എന്ന ചെറുപട്ടണത്തില്‍ നിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി പദം വരെ നീളുന്ന ആ യാത്രയുടെ സിനിമാവിഷ്‌കാരം അതിന്റെ സ്വത്വത്തോട് പൂര്‍ണമായി തന്നെ നീതി പുലര്‍ത്തുന്നു എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. വാഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛനെ സഹായിക്കാനായി ചായ വില്‍പ്പനക്കാരനായി തുടങ്ങിയ ആ ജീവിതയാത്ര അത്യന്തം അത്ഭുതമുളവാക്കുന്നു. അവിടെ നിന്ന് ഹിമാലയത്തിലേക്ക് ഒരു സന്ന്യാസിയെ പോലെയുള്ള സഞ്ചാരം, ഗുജറാത്തില്‍ തിരികെ എത്തിയുള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തനം, അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍, ശേഷം ബി.ജെ.പി.യിലേക്ക്, അവിടെ നിന്ന് മുഖ്യമന്ത്രി പദം, പിന്നീട് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന എല്ലാ സംഭവവികാസങ്ങളും കോര്‍ത്തിണക്കിയാണ് ഈ സിനിമയുടെ സൃഷ്ടി.
ചെറുപ്പം മുതല്‍തന്നെ വ്യത്യസ്തനായിരുന്നു നരേന്ദ്രന്‍. പഠനത്തിനൊപ്പം തന്നെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും നരേന്ദ്രന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. വിവേകാനന്ദന്റെയും അരവിന്ദന്റേയും മറ്റും പുസ്തകങ്ങള്‍ അദ്ദേഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു. ആര്‍.എസ്.എസ്. ശാഖയില്‍ ചേര്‍ന്നതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. രാഷ്ട്രത്തിന്റെ സംസ്‌കൃതിയെയും അഖണ്ഡതയേയും പറ്റിയും രാഷ്ട്രസ്‌നേഹത്തെപ്പറ്റിയും ഉള്ള ബാലപാഠം അവിടെ നിന്ന് സ്വായത്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൗമാരത്തില്‍ ഹിമാലയ സാനുക്കളിലേക്ക് യാത്രയായി ഒരു ആദ്ധ്യാത്മിക ജീവിതം നയിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കുറെ അധികം കാലം അങ്ങനെ ജീവിച്ചതിനു ശേഷം തിരികെ എത്തുന്ന അദ്ദേഹം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ഭാരതത്തിന്റെ ജനാധിപത്യത്തെ കശാപ്പു ചെയ്ത് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയ്‌ക്കെതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിച്ചത് സംഘമായിരുന്നു. രാജ്യമെമ്പാടും ആര്‍.എസ്.എസ്. കാര്യാലയങ്ങള്‍ പോലീസിനെ ഉപയോഗിച്ച് ഇന്ദിര സീല്‍ ചെയ്തിരുന്നു. ഗുജറാത്തില്‍ നിന്ന് വലിയ പ്രതിഷേധമാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഉയര്‍ന്നത്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സര്‍ദാര്‍ ആയി വേഷം മാറിയാണ് ആ കാലയളവില്‍ മോദി ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടിയത്.
പിന്നീട് രാമജന്മഭൂമി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട അദ്വാനിയുടെ രഥയാത്ര, മുരളിമനോഹര്‍ ജോഷി കാശ്മീരിലേക്ക് നയിച്ച ഏകതായാത്ര എന്നിവയില്‍ മോദിയുടെ സംഘടനാ പാടവം പ്രകടമായിരുന്നു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഭാരതത്തിന്റെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ അനുവദിക്കില്ല എന്ന തീവ്രവാദികളുടെ ഭീഷണി വകവയ്ക്കാതെ കാല്‍നടയായി അവിടെ ചെന്ന് ജോഷിക്കൊപ്പം മോദി പതാകയുയര്‍ത്തുന്നത് വളരെ മനോഹരമായി ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വര്‍ഷങ്ങളോളം ഇവിടുത്തെ മാധ്യമങ്ങള്‍ ആഘോഷിച്ച ഗുജറാത്ത് കലാപവും ചലച്ചിത്രത്തില്‍ കാണാം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് കലാപത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നു. ഗുജറാത്തിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം സംസ്ഥാനത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈയൊരു അവസ്ഥയില്‍ നിന്ന് ഗുജറാത്തിനെ കൈപിടിച്ചുയര്‍ത്താന്‍ മോദിയ്ക്ക് സാധിച്ചു. വൈബ്രന്റ് ഗുജറാത്ത് പോലെയുള്ള നിക്ഷേപക സംരംഭങ്ങള്‍, മികച്ച റോഡുകള്‍ പൊതുഗതാഗതത്തിന്റെ ചിട്ടയായ ഏകീകരണം, മികച്ച തൊഴിലവസരങ്ങള്‍, സോളാര്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗം ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാന്‍ പറ്റിയ ഒരു സംസ്ഥാനമായി ഗുജറാത്ത് രൂപാന്തരപ്പെട്ടു.
രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ വലിയ അഴിമതികള്‍ പുറത്തുവന്ന കാലത്ത് രാജ്യം പ്രതീക്ഷ എന്ന രീതിയിലാണ് മോദിയെ നോക്കിക്കണ്ടത്. എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷം തകര്‍ന്നു പോയി. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഏടായി അങ്ങനെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറി. ഈ സിനിമയില്‍ പറയുന്നത് പോലെ ”മോദി വെറും ഒരു മനുഷ്യനല്ല. ഒരു ചിന്താധാരയാണ്.”
ഭാരതത്തിലെ ഓരോ പൗരനും അധ്വാനത്താല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആവും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് നരേന്ദ്രമോദി. വര്‍ഷങ്ങളോളം മുഖ്യധാരാ മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷെ ഒടുവില്‍ ധര്‍മ്മം തന്നെ വിജയിച്ചു. മോദിയുടെ ജീവിതം ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ജീവിതത്തില്‍ മോദി പുലര്‍ത്തുന്ന അച്ചടക്കം ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നതില്‍ സംവിധായകനും കാണിച്ചു എന്ന് പറയാനാകും. മോദിയെ ഇഷ്ടപ്പെടുന്ന, ദേശീയതയില്‍ വിശ്വസിക്കുന്ന മോദി നടന്നുപോയ ആ വഴിത്താരകളെക്കുറിച്ച് അറിയണം എന്ന് താല്പര്യപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട മികച്ച ഒരു ചിത്രമാണ് പി.എം.നരേന്ദ്ര മോദി.