കഴിഞ്ഞ വര്‍ഷം യുവതികളെ മലകയറ്റി ആചാരലംഘനം നടത്തിയ ഇടതുസര്‍ക്കാര്‍ ഇത്തവണ കോവിഡിന്റെ മറവില്‍ ശബരിമലയിലെ എല്ലാ ആചാരങ്ങളെയും തടയുകയാണ്. ഭക്തന്മാരെ ദര്‍ശനത്തിനയക്കുന്നതില്‍ കോവിഡ് പരിധികള്‍ക്ക് അയവുവരുത്തുന്നവര്‍ നെയ്യഭിഷേകമുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് വിലക്കിടുകയാണ്.
യുവതീപ്രവേശനത്തിലൂടെ ശബരിമലയുടെ ആചാരത്തെയും, വിശ്വാസത്തെയും കളങ്കപ്പെടുത്തിയ സര്‍ക്കാര്‍ ഈ തീര്‍ത്ഥാടനകാലം കോവിഡ് മഹാമാരിയെ ഉപയോഗപ്പെടുത്തി ആചാരലംഘനം നടത്താനാണ് പരിശ്രമിക്കുന്നത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് വിലക്കണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് മാസപൂജ അവസരങ്ങളില്‍ ഭക്തജന പ്രവേശനം വിലക്കിയത്. ഇതേ സാഹചര്യം മാറ്റമില്ലാതെ തുടരുമ്പോള്‍ തന്ത്രിയുടെ തീരുമാനത്തെ ലംഘിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത് ശരിയല്ല എന്ന് ഭക്തജനസംഘടനകള്‍ തീരുമാനങ്ങള്‍ അറിയിച്ചെങ്കിലും സര്‍ക്കാരും, ദേവസ്വം ബോര്‍ഡും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ക്ഷേത്ര ആരാധനയുടേയും ക്ഷേത്രപൂജാകാര്യങ്ങളുടെയും അവസാനവാക്ക് തന്ത്രിയാണെന്നിരിക്കെ ഈആവശ്യത്തെ ദേവസ്വംബോര്‍ഡ് അംഗീകരിക്കാതിരുന്നത് സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് തുലാമാസപൂജാവേളയിലും മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവേളയിലും ശബരിമലയില്‍ ഭക്തജനപ്രവേശനത്തിന് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തത് കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലായിരുന്നു. ശബരിമല ആചാര കാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ട തന്ത്രി, അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം, അയ്യപ്പഭക്തസംഘടനകള്‍ എന്നിവരോട് അഭിപ്രായം പോലും ചോദിക്കാതെയാണ് തീരുമാനം കൈക്കൊണ്ടത്. ക്ഷേത്രഭരണനിര്‍വ്വഹണ ചുമതലയുള്ള ദേവസ്വം ബോര്‍ഡിനെയും തീരുമാനം കൈക്കൊള്ളുന്നതില്‍ ഭാഗമാക്കിയില്ല. ശബരിമലയില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത, ആചാരപരമായ കാര്യങ്ങളില്‍ അറിവും വിശ്വാസവുമില്ലാത്ത ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സമിതിയെ നിശ്ചയിച്ച് സര്‍ക്കാര്‍ ആചാരലംഘന പദ്ധതിക്ക് രൂപം കൊടുക്കുകയായിരുന്നു.
പമ്പാസ്‌നാനം, ബലിതര്‍പ്പണം, ഗുരുസ്വാമിമാരുടെ സാന്നിധ്യം, വിരിവയ്ക്കാന്‍ അനുമതി, തിരുവാഭരണ ഘോഷയാത്ര, പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര, പേട്ടകെട്ട്, നെയ്യഭിഷേകം, നെയ്‌തേങ്ങ ആഴിക്ക് സമര്‍പ്പിക്കല്‍ തുടങ്ങി എല്ലാവിധ ആചാരങ്ങളും നിഷേധിച്ചു. മുന്‍വര്‍ഷം യുവതീപ്രവേശനം നടത്തി ആചാരലംഘനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെങ്കില്‍ ഈ വര്‍ഷം ആചാരപദ്ധതികള്‍ നിഷേധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആചാരലംഘനം നടത്തുന്നത്. ക്ഷേത്രകാര്യങ്ങളും ആചാരകാര്യങ്ങളും എല്ലാം പ്രഖ്യാപിക്കുന്നത് മതേതര സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ആണെന്നതാണ് വിരോധാഭാസം. ദേവസ്വം പ്രസിഡന്റ് നോക്കുകുത്തിയായിരുന്ന് ആചാരലംഘനത്തിന് കുടപിടിച്ചുകൊടുക്കാനാണ്.
അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച നെയ്‌തേങ്ങ ഉള്‍പ്പെടുന്ന ഇരുമുടിക്കെട്ടുമായി ഗുരുസ്വാമിയുടെ അനുഗ്രഹം വാങ്ങി കെട്ടുനിറച്ച് ഗുരുസ്വാമിയുടെ സാന്നിധ്യത്തോടെയാണ് ശബരിമല യാത്ര ആരംഭിക്കുന്നത്. എരുമേലിയില്‍ എത്തി ശാസ്താവിനെ തൊഴുത് പേട്ട കെട്ടി പമ്പയിലെത്തി പുണ്യപാപങ്ങള്‍ ഒഴുക്കിക്കളഞ്ഞ് പുണ്യപൂങ്കാവനമായ കരിമല കയറി കല്ലിടാംകുന്നില്‍ കല്ലിട്ട് ശരംകുത്തിയാലില്‍ ശരം എറിഞ്ഞ് ശരണമന്ത്രത്തോടെയാണ് സന്നിധാനത്തെത്തി പൊന്നുപതിനെട്ടാംപടി കയറുന്നത്. നെയ്യ് ഭഗവാന് ആടി ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് ദര്‍ശന സൗഭാഗ്യം അനുഭവിച്ച് ഭഗവത് ചൈതന്യത്തോടൊപ്പം സന്നിധാനത്ത് വിരിവെച്ച് ഉറങ്ങിയശേഷമാണ് അയ്യപ്പഭക്തര്‍ മലയിറങ്ങുന്നത്. ഇരുമുടിക്കെട്ടിലുള്ള നെയ്യ് ഭഗവാന് അഭിഷേകം ചെയ്ത് അതൊരു പ്രസാദമായി തിരികെ സ്വീകരിക്കുക എന്നുള്ളതാണ് തീര്‍ത്ഥാടനത്തിലെ മുഖ്യവഴിപാട്. പരമപ്രധാനമായ ഈ വഴിപാട് നടത്താതെയുള്ള ശബരിമല തീര്‍ത്ഥാടനം അപൂര്‍ണ്ണമാണ്. ഇത് ഭക്തനെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിച്ചുകൊണ്ട് മലകയറുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മല കയറുന്നതും ഇറങ്ങുന്നതും പതിനെട്ടാംപടി കയറുന്നതും എത്രമാത്രം പ്രായോഗികമാകും എന്നതും പ്രശ്‌നമാണ്.
ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയെ മാനിക്കാതെ കൂടുതല്‍ തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിക്കുന്നത്, കേരളീയ സമൂഹത്തിന് വലിയ ദുരന്തം സമ്മാനിക്കാന്‍ കാരണമാകും. മണ്ഡലപൂജയ്ക്ക് തുടക്കം കുറിച്ച വൃശ്ചികം ഒന്നിന് തന്നെ 3 പേര്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായി. 5 ദിവസത്തിനുള്ളില്‍ 10 പേരെ കോറന്റെയിനില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കോവിഡ് പോസിറ്റീവായ ഭക്തര്‍ എത്തിയ വാഹനത്തില്‍ സഞ്ചരിച്ച അയ്യപ്പഭക്തരും ജീവനക്കാരും കോറന്റെയിനില്‍ പോകേണ്ടിവന്നു. ശബരിമല സന്നിധാനത്ത് 2 ജീവനക്കാര്‍ക്കും ആന്ധ്രാ, തെലുങ്കാന, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്ന് ബസ്സില്‍ എത്തിയ ഓരേ ഭക്തനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇവരുടെ സമ്പര്‍ക്കത്തില്‍ പെട്ടവരും കോറന്റെയിനില്‍ പോകേണ്ട സ്ഥിതിയാണ്.
അയല്‍സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത് നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ്. രോഗബാധിതരായ അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെ ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കോവിഡ് വ്യാപന സാഹചര്യം സംജാതമാകും. കോവിഡ് വ്യാപന സാഹചര്യം സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നാണ് അയ്യപ്പഭക്തരുടെ അഭിപ്രായം. കോവിഡ് പോസിറ്റീവായ ഒരാളെങ്കിലും സന്നിധാനത്തെത്തിയാല്‍ നട അടച്ചിടേണ്ടിവരും. പൂജകള്‍ മുടങ്ങാന്‍ കാരണമാകും. മേല്‍ശാന്തി കോറന്റെയിനില്‍ ആയാല്‍, പുറപ്പെടാ ശാന്തിയാണ് മേല്‍ശാന്തി എന്നതിനാല്‍ പകരം സംവിധാനവും സന്നിധാനത്ത് സാധ്യമല്ല. ആചാരലംഘനവും പൂജകള്‍ മുടക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട് എന്നതാണ് ഇതിലൂടെ സംശയിക്കേണ്ടത്. ശബരിമല ദര്‍ശനം എങ്ങനെയാണ് നടത്തേണ്ടതെന്ന് ശ്രീഭൂതനാഥോപാഖ്യാനത്തിലൂടെ ഭഗവാന്‍ തന്നെയാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് എന്നാണ് ഭക്തരുടെ വിശ്വാസം. ആചാരം പാലിക്കാതെയുള്ള ശബരിമല ദര്‍ശനം അതുകൊണ്ടുതന്നെ ആചാരലംഘനവും പാപവുമാണ്.
ശബരിമല ക്ഷേത്രവും തീര്‍ത്ഥാടനവും ഉയര്‍ത്തുന്ന മതാതീത ഐക്യവും, ആത്മീയ വിശുദ്ധിയും തകര്‍ക്കുക എന്നത് കാലങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയയാണ്. ഇതിനായി ക്ഷേത്രവിരുദ്ധരും ശിഥിലീകരണശക്തികളും നിരീശ്വരവാദ സര്‍ക്കാരും കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാറി മാറി ഭരിച്ച സര്‍ക്കാരുകളും നിരീശ്വരവാദ – പുരോഗമന നാട്യ പ്രസ്ഥാനങ്ങളും സംഘടിത മതശക്തികളും അതിവിപ്ലവ പ്രസ്ഥാനങ്ങളും ഇതിനായി അവരവരുടെ പങ്ക് ഓരോ കാലഘട്ടത്തിലും നിര്‍വ്വഹിച്ചിട്ടുണ്ട്. ഇതിനെയെല്ലാം അയ്യപ്പമന്ത്രത്തിന്റെ ശക്തിയില്‍ അതിജീവിക്കുകയാണ് ശബരീശ സന്നിധിയും കേരളീയ സമൂഹവും. പുണ്യതപോഭൂമിയായ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം ആചാരപരവും ഭക്തിവിശ്വാസങ്ങളുടെ സമ്മേളനവുമാണ്. ശബരിമലയിലേക്കുള്ള തീര്‍ത്ഥയാത്ര ആചാരങ്ങള്‍ പാലിച്ചുകൊണ്ടാണ് നടക്കേണ്ടത് എന്നാണ് ഭക്തജനങ്ങള്‍ സ്വയം സ്വീകരിച്ചിട്ടുള്ള നിഷ്‌കര്‍ഷ. തീര്‍ത്ഥാടനത്തിന്റെ ആദ്ധ്യാത്മികദര്‍ശന തത്വം നിരാകാരിച്ചുകൊണ്ടുള്ള ശബരിമലയാത്ര തീര്‍ത്ഥാടന യാത്രയല്ല; മറിച്ച് വിനോദയാത്രയാണെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
ജയമാല വിവാദം, ദേവപ്രശ്‌ന വിവാദം, തന്ത്രിവിവാദം, ഇപ്പോള്‍ പൊട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന പ്രചാരണം എന്നിവയെല്ലാം അതിജീവിച്ച അയ്യപ്പഭക്തര്‍ കഴിഞ്ഞവര്‍ഷം ആചാരലംഘനത്തിന്റെ മുന്നൊരുക്കങ്ങളെയും അതിജീവിച്ചു. ശബരിമല ക്ഷേത്ര സുരക്ഷ ഒരുക്കുന്നതില്‍ വന്ന നിരവധി വീഴ്ചകള്‍ക്കും ഭക്തജന സമൂഹം സാക്ഷിയായി. 1999ല്‍ ഹില്‍ടോപ്പില്‍ 53 അയ്യപ്പന്മാര്‍ വടംപൊട്ടിവീണ് മരണപ്പെട്ടു. 2011 ല്‍ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പഭക്തര്‍ മൃഗീയമായി കൊല്ലപ്പെട്ടു. നിരവധിപേര്‍ കണമല ദുരന്തത്തിലും മരിച്ചു. മാളികപ്പുറത്ത് തിരക്കില്‍ പെട്ട് 31 പേര്‍ക്ക് പരിക്കേറ്റു. ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. ദുരന്തങ്ങള്‍ അന്വേഷിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കമ്മീഷനുകളെ നിയോഗിച്ചു. ഹില്‍ടോപ്പ് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ കമ്മീഷന്‍ ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും റിപ്പോര്‍ട്ട് പരിഗണിക്കുകയോ, ചര്‍ച്ചയ്‌ക്കെടുക്കുകയോ ചെയ്തില്ല.
പുല്ലുമേട് ദുരന്തം അന്വേഷിച്ച എം.ആര്‍ ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 133-ാം പേജില്‍ 4 കാര്യങ്ങള്‍ അക്കമിട്ട് രേഖപ്പെടുത്തി. മണ്ഡല-മകരവിളക്ക് പൂജാസമയങ്ങളില്‍ തീര്‍ത്ഥാടക പ്രവാഹത്തെ ഭംഗിയായി നിയന്ത്രിക്കുക, വാഹനഗതാഗതം കുറ്റമറ്റതാക്കി റോഡപകടം കുറയ്ക്കുക, ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുക, ഭീകരാക്രമണത്തെ തടയുകയും സുരക്ഷാക്രമീകരണം ഉറപ്പുവരുത്തുകയും ചെയ്യുക എന്നിവയാണവ. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല റിപ്പോര്‍ട്ട് ഇന്നും ശീതീകരിണിയില്‍ പൂട്ടിവച്ചിരിക്കുകയുമാണ്. പുല്ലുമേട് ദുരന്തത്തിന് പിന്നില്‍ ഭീകരശക്തികളുണ്ടോ എന്ന കാര്യത്തില്‍ സംശയാതീതമായി അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
ശബരിമല ക്ഷേത്രത്തിന് ലഭിച്ചുവന്നിരുന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സുരക്ഷാ സംവിധാനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ദേവസ്വം ബോര്‍ഡ് പണം നല്‍കിയാല്‍മാത്രമേ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ കഴിയൂ, അതിനാല്‍ 15 കോടി രൂപ സുരക്ഷാ ആവശ്യത്തിനായി ദേവസ്വം ബോര്‍ഡ് നല്‍കണമെന്നും ദേവസ്വം മന്ത്രിവാദിച്ചു. സുരക്ഷാകാര്യത്തിലുള്ള സര്‍ക്കാറിന്റെ തികഞ്ഞ നിരുത്തരവാദത്തിന്റെയും അലംഭാവത്തിന്റെയും ഉത്തമ ഉദാഹരണമാണിത്. ശബരിമലയുടെ സുരക്ഷാ കാര്യത്തിലുള്ള ഏതൊരു വീഴ്ചയും സംസ്ഥാനത്ത് വന്‍ ദുരന്തത്തിന് കാരണമാകുമെന്നത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.
ഡ്രോണ്‍ ഉപയോഗിച്ച് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് സ്വകാര്യ വെബ് സൈറ്റിലൂടെ പുറത്തുവിട്ട ദേവസ്വംബോര്‍ഡ് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കാണ് ഇടവരുത്തിയത്. പൂങ്കാവനം, സന്നിധാനം, ശ്രീകോവില്‍ എന്നിവിടങ്ങളിലെ ത്രിമാനദൃശ്യമാണ് പുറത്തുവിട്ടത്. അതീവസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന്റെ വിവിധ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഈ വര്‍ഷം തുലാമാസ പൂജയ്ക്ക് ശേഷം നട അടച്ചിരുന്ന സമയത്ത് രണ്ട് ചെറുപ്പക്കാര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് മരക്കൂട്ടം വരെ എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിരുന്നു. വളരെ ആസൂത്രിതമായ നീക്കം ഇതിന് പിന്നിലുണ്ടോ എന്നും സംശയിക്കണം. വേണ്ട അന്വേഷണം നടത്താതെ യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചതും കുറ്റകരമായ കൃത്യവിലോപമാണ്.
ഹിന്ദുവിശ്വാസത്തോട് കമ്മ്യൂണിസ്റ്റ് കുരിശുയുദ്ധം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുവിരുദ്ധതയുടെ ഏറ്റവും ലളിതമായ ഉദാഹരണമാണ് പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിലെ പ്രഖ്യാപനം. സഖാക്കളില്‍ ക്ഷേത്രാഭിമുഖ്യം വര്‍ദ്ധിക്കുന്നു; ആത്മീയ കാര്യങ്ങളില്‍ വ്യാപൃതരാകുന്നു, ശബരിമല ദര്‍ശനം പതിവാകുന്നു എന്നതെല്ലാം ചര്‍ച്ചയാക്കിയ പാര്‍ട്ടിപ്ലീനം തെറ്റ് തിരുത്താന്‍ സഖാക്കള്‍ ആത്മപരിശോധന നടത്തണമെന്നും, ശബരിമലയില്‍ പോകരുത്, അമ്പലക്കമ്മിറ്റികളില്‍ അംഗമാകരുത്, ആത്മീയകാര്യങ്ങളില്‍ പങ്കെടുക്കരുത് എന്നീ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. തൊട്ടടുത്തവര്‍ഷം മലപ്പുറത്ത് നടന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനം അവിടെ വന്നിട്ടുള്ള മുസ്ലീം പ്രതിനിധികള്‍ക്ക് നിസ്‌ക്കരിക്കാനും മതാനുഷ്ഠാനങ്ങള്‍ ചെയ്യാനും സമ്മേളന സ്ഥലത്തുതന്നെ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. മലപ്പുറം സമ്മേളനത്തെ പച്ചപുതപ്പിക്കാനും മാപ്പിള കലാപ നേതാക്കള്‍, സദ്ദാംഹൂസൈന്‍, യാസര്‍ അരാഫത്ത് എന്നിവരുടെ ഫോട്ടോകള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാനും തയ്യാറായി. ഹിന്ദുക്കളായ പാര്‍ട്ടി അംഗങ്ങളോട് മതചടങ്ങുകള്‍ നടത്തരുതെന്ന് പറഞ്ഞവര്‍ പാര്‍ട്ടി സമ്മേളനത്തില്‍തന്നെ മുസ്ലീം മതചടങ്ങിനുള്ള സൗകര്യമൊരുക്കി.
പാര്‍ട്ടി സമ്മേളനം അമ്പലപ്പുഴയിലെത്തിയപ്പോള്‍ പാര്‍ട്ടിനയം സി.പി.എം തിരുത്തി. സമ്മേളന പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ വച്ച് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്തു. ക്ഷേത്രകമ്മിറ്റികളില്‍ പാര്‍ട്ടി സഖാക്കള്‍ സ്വാധീനം ചെലുത്തണമെന്നും ജനകീയ കമ്മിറ്റിയിലും, സമുദായ കമ്മിറ്റികളിലും അംഗങ്ങളാകണമെന്നും ആഹ്വാനം ചെയ്തു. അതിനെ തുടര്‍ന്ന് മലബാറില്‍ വ്യാപകമായി തെയ്യം, തിറ അനുഷ്ഠാനകലകള്‍ നടത്തിപ്പ് സി.പി.എം. ഏറ്റെടുത്തു. പെരുമ്പാവൂര്‍ കല്ലില്‍ ഗുഹാക്ഷേത്രം ഏറ്റെടുത്തു ലോക്കല്‍ കമ്മിറ്റി നേതാവ് തന്നെ സെക്രട്ടറിയായി. ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രസമിതികള്‍, ഉത്സവ കമ്മിറ്റികള്‍ തുടങ്ങിയവയില്‍ സാന്നിധ്യം ഉറപ്പുവരുത്തി.
ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ഉപദേശകസമിതി അംഗത്വത്തിന് നൂറ് രൂപ നിശ്ചയിപ്പിച്ച് കൂടുതല്‍ ആളുകളെ അംഗത്വം എടുപ്പിച്ച് ഉപദേശ സമിതികള്‍ പിടിച്ചെടുത്തു. വിശ്വാസത്തിനും ആചാരത്തിനും പ്രാധാന്യം കാണുന്ന നാട്ടില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിരീശ്വരവാദത്തിന്റെ പ്രത്യയശാസ്ത്രത്തിന് വളരാന്‍ കഴിയില്ല എന്നും അവര്‍ മനസ്സിലാക്കി. അതുകൊണ്ട് അവര്‍ സമാജത്തിന്റെ അവസാന അഭയകേന്ദ്രങ്ങളെപ്പോലും ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ നീക്കങ്ങളില്‍ നിന്നും പിന്നീടുള്ള അവരുടെ ശ്രമങ്ങളില്‍ നിന്നും ചെയ്തികളില്‍നിന്നും പുറത്ത് വരുന്നത് ഇതാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി വിജയന്‍ സഖാവ് ആദ്യമായി പമ്പയിലും, സന്നിധാനത്തും എത്തിയത് ശബരിമലയ്‌ക്കെതിരെയുള്ള കരുനീക്കങ്ങള്‍ കൃത്യമായും ഉറപ്പിച്ചുകൊണ്ടായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള ഓരോ തീരുമാനങ്ങളും, അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. വഴിപാട് തുക വര്‍ദ്ധിപ്പിച്ചു, ടോള്‍ പിരിവ് ഏര്‍പ്പെടുത്തി, അന്നദാനത്തിന് വിലക്ക് പ്രഖ്യാപിച്ചു. പൂജാരിമാര്‍ക്ക് ദക്ഷിണ വിലക്കി, തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികള്‍ക്ക് മുന്നില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ് നിര്‍ത്തലാക്കി. നിലയ്ക്കല്‍ നിന്നുള്ള പമ്പ ബസിന് പ്രത്യേക ചാര്‍ജ്ജ് ഏര്‍പ്പെടുത്തി. അയ്യപ്പന്മാര്‍ക്ക് വേണ്ടി മാത്രം ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വ്വീസു കള്‍ ആര്‍ക്കും കയറാമെന്ന സംവിധാനത്തിലാക്കി. ഇവയെല്ലാം ഇതിന്റെ മുന്നോടിയായിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ വിശുദ്ധിയെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്നത് ഭക്തജനസമൂഹം കണ്ടതാണ്. ഭരണകര്‍ത്താക്കളും ദേവസ്വം ബോര്‍ഡും ആചാരലംഘനം പതിവാക്കുന്നു. പതിനെട്ടാം പടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം, കെട്ടില്ലാതെ പതിനെട്ടാംപടി കയറല്‍, യുവതീ പ്രവേശനം, ദേവന്റെ പിതൃസ്ഥാനീയരെ അവഹേളിക്കല്‍, ആചാര പാലകരെ അപമാനിക്കല്‍, പന്തളം കൊട്ടാരത്തോടുള്ള അവഗണന എന്നിവയെല്ലാം ഉദാഹരണം മാത്രം. ശബരിമലയുടെ കാര്യനിര്‍വ്വഹണത്തിലും ക്ഷേത്രപരിപാലനത്തിലും സേവനകാര്യങ്ങളിലും അഭിപ്രായം പറയാന്‍പോലും അവകാശം നിഷേധിക്കപ്പെട്ടവര്‍ അയ്യപ്പഭക്തര്‍ മാത്രമാണ്. തീര്‍ത്ഥാടനകാലത്ത് ഡ്യൂട്ടി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യമായി ശബരിമല കാണുന്നവരും ഒരിക്കലും കണ്ടിട്ടില്ലാത്തവരും ഈ യോഗത്തില്‍ പങ്കെടുക്കുന്നു. വകുപ്പ് സെക്രട്ടറിമാര്‍ എല്ലാം ശരിയായി എന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. മന്ത്രിയും ദേവസ്വം ബോര്‍ഡും വായിക്കുന്നു. അതാണ് അവലോകന യോഗം. അയ്യപ്പഭക്ത സംഘടനകള്‍ക്ക് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. ഈ അവലോകന യോഗങ്ങള്‍ ആചാരലംഘനങ്ങള്‍ക്ക് അനുമതി കൊടുത്ത് പ്രാവര്‍ത്തികമാക്കുന്നു. തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം രാജാവിനും ആചാരപാലകര്‍ക്കും ഈ വേദിയിലേക്ക് ക്ഷണമില്ല. അഭിപ്രായങ്ങള്‍ കേള്‍ക്കാറുമില്ല.

അധികാരകേന്ദ്രങ്ങളില്‍ നിന്നും ആവര്‍ത്തിച്ചുള്ള അപമാനിക്കലിനെ എല്ലാ തീര്‍ത്ഥാനട കാലത്തും അയ്യപ്പഭക്തര്‍ സമരമുഖം തുറക്കാറുണ്ട്. കലിയുഗവരദനും ആശ്രിത വത്സലനുമായ അയ്യപ്പസ്വാമിയുടെ പൂങ്കാവനവും ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സന്നിധാനവും പുണ്യവും വിശുദ്ധിയുമുള്ള പവിത്രസ്ഥാനമായി നിലനിര്‍ത്താനാണ് കാലങ്ങളായി ഭക്തര്‍ ശ്രമിച്ചത്.
ആചാരലംഘനത്തിന് സര്‍ക്കാര്‍ സംവിധാനം
കഴിഞ്ഞവര്‍ഷം യുദ്ധത്തില്‍ പട്ടാളക്കാര്‍ ധരിക്കുന്ന വേഷം ധരിച്ചാണ് ഡി.ജി.പി സന്നിധാനത്ത് എത്തിയത്. 4000 ത്തോളം പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചു. കൂടാതെ 12000 ത്തോളം പോലീസുകാരെ ശബരിമലയുടെ സമീപപ്രദേശത്തും വിന്യസിപ്പിച്ചു. ശബരിമല നിരോധനാജ്ഞ തെറ്റെന്ന് മുന്‍ ഡി.ജി.പി പോലും പറഞ്ഞു. ഹൈക്കോടതി പറഞ്ഞാല്‍ പോലും അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഭീകരതാണ്ഡവമാടി. പോലീസ് തേര്‍വാഴ്ചയാണ് പിന്നീടുള്ള ദിനങ്ങളില്‍ കണ്ടത്. നിയമവിരുദ്ധ അറസ്റ്റ്, തടങ്കലുകള്‍, സഞ്ചാര സ്വാതന്ത്ര്യം തടയല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ഇതെല്ലാം തുടര്‍ക്കഥയായി. യാതൊരു പ്രകോപനവുമില്ലാതെ സംസ്ഥാനത്തൊട്ടാകെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വൃശ്ചികം 1 ന് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന നരനായാട്ടിന്റെ പുനരാവര്‍ത്തനം സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും അരങ്ങേറി. സംസ്ഥാനത്ത് പതിനാറായിരത്തിലധികം കേസുകളിലായി 57000 ല്‍ അധികം ഭക്തരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ പലരുടെയും പേരില്‍ 10 മുതല്‍ 40 കേസുകള്‍ വരെയുണ്ട്. കെ.പി ശശികല ടീച്ചര്‍, ടി. പി. സെന്‍കുമാര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍ കുമാര്‍, കെ. സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ക്കെതിരെ 1000 ത്തില്‍ അധികം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 4000 ല്‍ അധികം അമ്മമാര്‍ക്കെതിരെ ശരണം വിളിച്ചതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു രേഖപ്പെടുത്തി. പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും, സംഘര്‍ഷഭീതിയുമെല്ലാം തീര്‍ത്ഥാടന സാന്നിധ്യത്തെ സാരമായി ബാധിച്ചു. അയ്യനെ കണ്ട് മലയിറങ്ങിയ അയ്യപ്പഭക്തരെ തേടി വാറണ്ടുമായി വീടുകളിലെത്തി പോലീസ് പട. ശബരീശനു വേണ്ടി ശബ്ദമുയര്‍ത്തിയവരെല്ലാം ജാമ്യമില്ലാവകുപ്പ് ചാര്‍ത്തി ജയിലിലടയ്ക്കാനുള്ള നീക്കവും നടന്നു. സര്‍ക്കാര്‍ ആചാരലംഘനത്തിനുള്ള ശ്രമങ്ങള്‍ ഫെമിനിസ്റ്റുകളെയും വനിതാപത്രപ്രവര്‍ത്തകരെയും വത്തക്കാസമരനായികയെയും ഉപയോഗിച്ച് നടത്തിയെങ്കിലും അവയെല്ലാം അയ്യപ്പഭക്തരുടെ പ്രതിരോധകോട്ടകളില്‍ തട്ടിതകര്‍ന്നു. ഹിന്ദുസമാജത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറി. നവോത്ഥാന മൂല്യ സംരക്ഷണസമിതിയും, വനിതാ മതിലും എല്ലാം ഇതിന്റെ ഭാഗമായി നടന്നു. നവോത്ഥാന മൂല്ല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതിലെന്ന് മുദ്രാവാക്യം വിളിച്ചവര്‍ ജനുവരി 2 ന് രാവിലെ 3.30 ന് ആണ് പിണറായി വിജയന്റെ കള്ളച്ചൂതിന്റെ ചൂര് അറിഞ്ഞത്. വനിതാ മതിലിന്റെ ഒരേ വേദിയില്‍ അണിനിരക്കുമ്പോഴും, തങ്ങളുടേതടക്കം സംഘടനകളിലെ അയ്യപ്പ ധര്‍മ്മവിശ്വാസികളുടെ ആചാരങ്ങളെ ലംഘിക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് 2-ാം തീയതി പുലര്‍ച്ചെ മാധ്യമങ്ങളിലൂടെയാണ് ഭക്തര്‍ അറിഞ്ഞത്.
യുവതീ പ്രവേശനത്തിന് വേണ്ടി ആചാരലംഘന പദ്ധതി തയ്യാറാക്കിയത് മുഖ്യമന്ത്രിയും മറ്റൊരു മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി മാരായ വിജയ് സാഖറെ, ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, കോട്ടയം എസ്.പി ഹരിശങ്കര്‍, കാസര്‍ഗോഡ് എസ്.പി ശ്രീനിവാസ് എന്നിവരും ചേര്‍ന്നായിരുന്നു. സര്‍ക്കാരിന്റെ വിശ്വസ്തരായ ഒരു ഡസന്‍ സി.ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. ഇവരെ പോലും ഡ്യൂട്ടി സമയം അറിയിച്ചത് അവസാന നിമിഷം മാത്രമായിരുന്നു.
യുവതികളെ പമ്പയിലെ വിജിലന്‍സ് ഐ.ജി യുടെ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് വി.ഐ.പി മാര്‍ഗ്ഗത്തിലൂടെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ വാഹനത്തില്‍ ബെയ്‌ലി പാലത്തിനടുത്ത് എത്തിച്ചു. 18 ഓളം പുരുഷ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് യുവതികളെ ജീവനക്കാര്‍ പ്രവേശിക്കുന്ന വഴിയിലൂടെ സന്നിധാനത്ത് എത്തിച്ചത്. കേവലം 2 മിനിട്ട് പോലും ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുകയോ, ഭഗവാനെ തൊഴുകയോ ചെയ്യാതെ ഇരുമുടിക്കെട്ട് മൊബൈല്‍ ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ മാത്രം തലയില്‍വച്ച് തിരിച്ചിറങ്ങി. ശബരിമല ദര്‍ശനം ലക്ഷ്യമല്ലാത്തവര്‍ക്ക് ആചാരലംഘനം നടത്തി പ്രസിദ്ധി നേടുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഇതിലൂടെ തെളിഞ്ഞു.
ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളെ ലംഘിക്കാന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തവര്‍ക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത് ഇടത് സര്‍ക്കാറും ദേവസ്വം ബോര്‍ഡിന്റെ ചിലവില്‍ വക്കീലിനെ വച്ച് യുവതീപ്രവേശനത്തിന് എതിരില്ലായെന്ന് വാദിച്ച ഇടതുപക്ഷ നിയന്ത്രണത്തിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡും ആണ്. ജാതി -മത – വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെയുള്ള ആരാധന എന്ന ശബരിമലയുടെ പ്രത്യേകതയും പ്രാധാന്യവും മറച്ചുവച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചും, ദേവസ്വം ബോര്‍ഡിനെ വരുതിയിലാക്കിയുമാണ് സി.പി.എം സര്‍ക്കാര്‍ കോടതിയില്‍നിന്ന് യുവതീപ്രവേശന വിധി നേടിയെടുത്തത്. എന്തുവിലകൊടുത്തും യുവതികളെ ശബരിമലയില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിതന്നെ അയ്യപ്പസമൂഹത്തിനെ വെല്ലുവിളിച്ചു. ആചാരം ലംഘിക്കുമെന്ന് പൊതുനിരത്തുകളില്‍ പ്രസംഗിച്ചു. കാനനവാസന്റെ പവിത്രമായ സന്നിധാനത്ത് പാടില്ലെന്ന് കോടാനുകോടി അയ്യപ്പഭക്തര്‍ വിശ്വസിക്കുന്ന യുവതീപ്രവേശനം സാധ്യമാക്കാനാണ് എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ശ്രമിച്ചത്. എതിര്‍ത്ത അയ്യപ്പഭക്തന്മാരെയും സംഘടനാ നേതാക്കളെയും സര്‍ക്കാരും മന്ത്രിമാരും പാര്‍ട്ടിനേതാക്കളും അവഹേളിച്ച് അപമാനിച്ചു.

അയ്യപ്പന്മാര്‍ നടത്തുന്നത് ആഭാസസമരമാണെന്നും, ശരണമന്ത്രം തെറിജപമാണെന്നും ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ചു. കന്നി അയ്യപ്പന്മാര്‍ എത്താത്തതുമൂലം മാളികപ്പുറത്തമ്മയുമായി അയ്യപ്പന്റെ വിവാഹം കഴിഞ്ഞെന്നും, അതിനാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമായെന്നും തൃപ്പൂണിത്തുറയിലെ പൊതുവേദിയില്‍ പ്രസംഗിച്ചത് സി.പി.എമ്മിന്റെ യുവ എം.എല്‍.എ എം. സ്വരാജ് ആണ്. യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ അയ്യപ്പന്മാരുടെ കണ്‍ട്രോള്‍ പോകുമോ എന്ന് ആഭാസച്ചുവയോടെ ആക്ഷേപമുന്നയിച്ചത് ടി.എന്‍ സീമ എം.പി. ആണ്. തന്ത്രി ബ്രാഹ്മണരാക്ഷസന്‍ ആണ് തന്ത്രിക്ക് നായയുടെ ചൈതന്യം പോലുമില്ലഎന്നൊക്കെ ജി. സുധാകരനും ആക്ഷേപിച്ചു. സ്ത്രീകള്‍ കുളിച്ച് ഈറനുടുത്ത് അമ്പലത്തില്‍ പോകുന്നത് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണെന്നും പൂജാരിയെ ആകര്‍ഷിക്കാനാണെന്നും ആക്ഷേപിച്ച് സ്ത്രീ സമൂഹത്തെ ഒന്നടങ്കം അവഹേളിച്ചത് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ടീച്ചര്‍ ആയിരുന്നു. കേരളത്തിന്റെ ആദ്ധ്യാത്മിക രംഗത്ത് നിറസാന്നിദ്ധ്യമായ പൂജ്യ ചിദാനന്ദപുരി സ്വാമിയെയും അപമാനിച്ചു. കാവിയുടുത്ത ആര്‍.എസ്.എസ്സുകാരന്‍ വിഷലിപ്തമായ മതവര്‍ഗീയത പറഞ്ഞ് കലാപം സൃഷ്ടിക്കുകയാണെന്നും സ്വാമിമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ആയിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവഹേളനം. ഇടത് മുന്നണിക്ക് ഭക്തരുടെ വോട്ട് വേണ്ടെന്നും കോടിയേരി പ്രസ്താവിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആക്ഷേപങ്ങളും പ്രസ്താവനകളും വെല്ലുവിളികളും തുടര്‍ന്നുകൊണ്ടിരുന്നു. അവര്‍ അയ്യപ്പഭക്തരെ പ്രകോപിപ്പിക്കുകയായിരുന്നു. അതിലൂടെ സംഘര്‍ഷം സൃഷ്ടിച്ച് പോലീസിനെ ഉപയോഗിച്ച് ഭക്തജനങ്ങളെ അടിച്ചമര്‍ത്തി അതിനിടയിലൂടെ ആചാരലംഘനത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴും ചില യുവതികളെ പാര്‍ട്ടിക്കാരും പോലീസുകാരും പാര്‍ട്ടിക്ക് കുട പിടിക്കുന്ന ചില ചാനലുകാരും ചേര്‍ന്ന് കൊണ്ടുവന്നു. ആഭാസ സമരങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ ചിലരെ പോലീസ് മറയ്ക്കുള്ളില്‍ മല ചിവിട്ടിച്ച് പവിത്രമായ ശബരീശ സന്നിധാനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു.

പുന:പരിശോധനാ ഹര്‍ജി പരിഗണിക്കപ്പെടുമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലം സമാധാനമായി നടക്കുമെന്ന പ്രത്യാശയെ തകിടം മറിച്ച് മുഖ്യമന്ത്രി ചര്‍ച്ചക്കെന്നുപറഞ്ഞ് വിളിച്ചുചേര്‍ത്ത് യോഗത്തില്‍ എത്തിയ ആചാര്യന്മാരെയും സമുദായ നേതാക്കളെയും അപമാനിച്ച് മടക്കിയയച്ചു.
നടതുറന്നപ്പോഴെല്ലാം സന്നിധാനത്തുള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാലയിട്ട് വ്രതം നോറ്റ് എത്തുന്ന ഭക്തര്‍ക്കുമേല്‍ പോലീസ് രാജായിരുന്നു പിന്നീട് നടന്നത്. ശബരിമലയ്ക്ക് പോകണമെങ്കില്‍ പാസ്സ് എടുക്കണം, ശരണം വിളിക്കരുത്, സന്നിധാനത്ത് തങ്ങരുത് തുടങ്ങി നൂറ് കൂട്ടം നിബന്ധനകള്‍ ഓരോ ദിവസവും പ്രഖ്യാപിച്ചു. അയ്യപ്പഭക്തര്‍ക്ക് അന്നദാനം നിരോധിച്ചു. അന്നദാനപ്പുരകള്‍ പൂട്ടി. കുഞ്ഞുങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടകരെ നരകിപ്പിച്ചു. സന്നിധാനത്ത് ഒത്തുചേര്‍ന്ന് ശരണം വിളിച്ചവരെ തുറങ്കിലടച്ചു. അയ്യപ്പഭക്തര്‍ക്ക് മേല്‍ കരിനിയമം ചുമത്തി. സന്നിധാനത്ത് ബൂട്ടിട്ട സായുധ പോലീസ് അണിനിരന്നു. ചരിത്രത്തില്‍പ്പോലും കേട്ടുകേള്‍വി ഇല്ലാത്തത്ര സന്നാഹങ്ങളുമായി കേരളാ പോലീസ് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി നിരായുധരായ അയ്യപ്പഭക്തരെ നേരിടാനായി സായുധരായി നിലയുറപ്പിച്ചു.
ഈ മണ്ഡലകാല മകരവിളക്ക് കാലം അതുകൊണ്ടാണ് വൃശ്ചികം 1 മുതല്‍ ഭവനം സന്നിധാനമാക്കിമാറ്റി വ്രതനിഷ്ഠയോടെ ഭക്തര്‍ കഴിയാന്‍ തീരുമാനിച്ചത്. അതാണ് ഭഗവാന്റെ ഇച്ഛയും താല്‍പര്യവും എന്നതാണ് ആചാര്യമതം.
(ഹിന്ദുഐക്യവേദി സംസ്ഥാന ജന: സെക്രട്ടറിയാണ് ലേഖകന്‍)























