Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പദാനുപദം

ആധുനികരും എഴുത്തച്ഛന്‍ പുരസ്‌കാരവും

എം.കെ. ഹരികുമാർഎം.കെ. ഹരികുമാർ
27 November 2020
ഷാങ് പോള്‍ സാര്‍ത്ര്‌

ഷാങ് പോള്‍ സാര്‍ത്ര്‌

1964ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോള്‍ സാര്‍ത്രി (Jean Paul Sartre, 1905-1980) നായിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. ആയിരക്കണക്കിനു എഴുത്തുകാര്‍ ആഗ്രഹിക്കുന്ന ഇത്രയും വലിയ ഒരു അവാര്‍ഡ് നിരസിക്കുന്നത് ഭോഷ്‌ക്കല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. കാരണം നോബല്‍ സമ്മാനം ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്‌കാരമാണ്. അത് നല്കുന്ന പ്രശസ്തി മറ്റെന്തിനും മീതെയാണ്. എന്നിട്ടും സാര്‍ത്ര് അത് നിഷേധിച്ചു. അദ്ദേഹം അതിനു പറഞ്ഞ കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഇതിനു മുമ്പും അദ്ദേഹം ഔദ്യോഗിക ബഹുമതികള്‍ സ്വീകരിച്ചിരുന്നില്ല. ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ Legion of honour ഉം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ദി കോളാഴ് ദി ഫ്രാന്‍സി The college de France) ലേക്കുള്ള പ്രവേശനവും അദ്ദേഹം നിരാകരിച്ചിരുന്നു. ഇങ്ങനെ ഒരു അവാര്‍ഡ് സ്വീകരിക്കുക വഴി തന്റെ വ്യക്തിപരമായ പ്രതിബദ്ധതകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുമോ എന്ന പ്രശ്‌നമാണ് അദ്ദേഹത്തെ അലട്ടിയത്. ഒരെഴുത്തുകാരന്‍ സ്വയം ഒരു സ്ഥാപനമാകുന്നതിനോട് അദ്ദേഹത്തിനു യോജിപ്പില്ലായിരുന്നു. മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യ ആശയവിനിമയങ്ങളും ചിന്താപരമായ സമന്വയവും ഉണ്ടാകേണ്ടത് സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ ആയിരിക്കരുതെന്ന് സാര്‍ത്ര് ചിന്തിച്ചു. കഴിഞ്ഞ കാലങ്ങളിലെ നോബല്‍ സമ്മാനങ്ങള്‍ വിവിധ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയും തുല്യതയോടെ പരിഗണിച്ചില്ലെന്ന് അദ്ദേഹം സ്വീഡിഷ് കമ്മിറ്റിക്ക് സമ്മാനം നിരസിച്ചുകൊണ്ട് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ അത് സ്വീകരിക്കുന്നത് അനഭിലഷണീയവും അനീതി നിറഞ്ഞതുമായ ഒരു പ്രവൃത്തിയായി വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രത്തിന്റെ സ്വത്ത്
സാര്‍ത്രിന്റെ ഈ ചിന്തകള്‍ മാനവരാശിയുടെ സാംസ്‌കാരിക ജീവിതത്തില്‍ തന്നെ വിലമതിക്കാനാവാത്തതാണ്. ചരിത്രത്തിന്റെ സ്വത്താണത്. സാര്‍ത്ര് നോബല്‍ സമ്മാനം നിരസിച്ചത് ചരിത്രത്തിലെ ഒരു മുതല്‍ക്കൂട്ടാണ്. ചരിത്രത്തില്‍ ഇങ്ങനെയൊരു ഉദാഹരണം വേണം. കാരണം ഒരാളെങ്കിലും ഈ പൊങ്ങച്ചത്തെ തള്ളിപ്പറഞ്ഞു എന്ന് സമാധാനിക്കാന്‍ മനുഷ്യരാശിക്ക് ഭാഗ്യമുണ്ടായല്ലോ. സാര്‍ത്ര് അത് നിഷേധിച്ചില്ലായിരുന്നെങ്കില്‍ പിന്നാലെ വരുന്ന സകല ബുദ്ധിജീവികളായ എഴുത്തുകാരും തല ഉയര്‍ത്താനാകാതെ ക്ലേശിക്കുമായിരുന്നു.

സാര്‍ത്ര് പുരസ്‌കാരങ്ങള്‍ നല്‍കുന്ന രീതിയെ, അതിന്റെ അധികാരവ്യവസ്ഥയെ, അത് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളെ, അര്‍ത്ഥശൂന്യതകളെ ആ തീരുമാനത്തിലൂടെ ചോദ്യം ചെയ്തു. ഒരു പുരസ്‌കാരത്തെ മൂല്യബോധത്തിന്റെ തന്നെ സമസ്യയാക്കി മാറ്റാനും ആ നിലയില്‍ ചര്‍ച്ചചെയ്യാനും അത് ഉപകരിച്ചു. സാഹിത്യമൂല്യത്തെക്കുറിച്ച് സാഹിത്യരംഗത്ത് നിന്നുതന്നെ ഉയര്‍ന്നുവരുന്ന വിമര്‍ശനപരമായ നിര്‍ണ്ണയങ്ങളെ റദ്ദ് ചെയ്യാനാണ് പണത്തിന്റെ ആധിപത്യവുമായി പുരസ്‌കാര വ്യവസ്ഥാപിതത്വം മുന്നോട്ടുവരുന്നത്. അത് സമാന്തരമായ അധികാര വ്യവസ്ഥയാണ്. മാധ്യമ, മുതലാളിത്ത, മൂലധനശക്തികളുടെ മൂല്യങ്ങളെ സാഹിത്യബാഹ്യമായി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്വന്തം ചിന്തയുടെയും സര്‍ഗാത്മകതയുടെയും ഉടമസ്ഥതയും ആധികാരികതയും മറ്റൊരു ഏജന്‍സിക്കും വിട്ടുകൊടുക്കാത്ത എഴുത്തുകാര്‍ അത് വേണ്ട എന്ന് പറയുന്നത്.

ADVERTISEMENT

വേറെ ആര് ?
എഴുത്തുകാര്‍ ഒരിക്കലും അവാര്‍ഡ് സ്വീകരിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അതിന്റെ പിന്നിലുള്ള സമസ്യയെക്കുറിച്ച് ആലോചിക്കേണ്ടതാണ്. അമിതമായ അധികാരവ്യവസ്ഥ രൂപപ്പെടുന്നതിനെ എഴുത്തുകാരന്‍ വ്യാഖ്യാനിച്ചില്ലെങ്കില്‍ വേറെ ആര് ആ ചുമതല ഏറ്റെടുക്കും? മലയാളസാഹിത്യത്തില്‍ അറുപതുകളുടെ ഒടുവില്‍ പ്രത്യക്ഷപ്പെട്ട നവതരംഗ (Avant-garde), സര്‍വസ്വതന്ത്ര(Nihilism) എഴുത്തുകാരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ വ്യവസ്ഥാപിത അവാര്‍ഡ് വാങ്ങി ഷോകേസില്‍ വച്ചുകഴിഞ്ഞു. അര്‍ഹതയുള്ള പലര്‍ക്കും കിട്ടാത്തതിനെക്കുറിച്ച് സാര്‍ത്ര് പ്രകടിപ്പിച്ച ഉത്കണ്ഠ നമ്മുടെ വിപ്ലവകാരികളായ എഴുത്തുകാര്‍ക്കില്ല. എല്ലാം അവര്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്നാല്‍ സന്തോഷമായിരിക്കും! അര്‍ഹതയുള്ളവര്‍ സ്ഥിരമായി അവഗണിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി വേദനയനുഭവിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍.

എഴുത്തച്ഛന്‍ പുരസ്‌കാരം പോലെ സര്‍വ്വത്ര അധികാരവ്യവസ്ഥയാല്‍ ചുറ്റപ്പെട്ട പുരസ്‌കാരങ്ങള്‍ ആനന്ദ്, മുകുന്ദന്‍, സക്കറിയ തുടങ്ങിയവരെല്ലാം വാങ്ങിക്കഴിഞ്ഞു. ഇവരെല്ലാം കൃതികളിലൂടെയും അല്ലാതെയും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിഷേധ പ്രതിഛായകള്‍ നിര്‍വീര്യമാക്കപ്പെടുകയാണ്. സക്കറിയ സമീപകാലത്ത് നടത്തിയ മാധ്യമ, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥരഹിതമായി പരിണമിച്ചിരിക്കുകയാണ്. ജനപ്രതിനിധികളെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഒരു നേതാവിനെ കണ്ടാല്‍ മാനിക്കേണ്ട ആവശ്യമില്ലെന്നു വരെ അതില്‍ പറയുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിക്കുന്നത്? രാഷ്ട്രീയക്കാര്‍ നല്‍കുന്ന പുരസ്‌കാരമല്ലേ അത്? രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് ആ പുരസ്‌കാരത്തിന്റെ അസ്തിത്വം. അത് സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളെയാകെ ആ സംവിധാനം നിര്‍വീര്യമാക്കുകയാണ്. എഴുത്തുകാരന്‍ ആരെയാണോ വിമര്‍ശിക്കുന്നത്, അയാള്‍ തന്നെ വന്ന് പുരസ്‌കാരം നല്കുന്നതിലെ വൈരുദ്ധ്യം പ്രകടമാണ്. പുരസ്‌കാരം ലഭിക്കാത്ത കാലത്ത് അദ്ദേഹം സ്വരൂപിച്ച നിഷേധവാസനയും പ്രതിരോധവും അഭിപ്രായസ്വാതന്ത്ര്യവും പുരസ്‌കാര ശേഷം അപ്രസക്തമാവുകയാണ്. ആ പ്രതിഷേധ വാസന പുരസ്‌കൃതമാകുന്നതില്‍ ഒരു അസംബന്ധമുണ്ട്. മാത്രമല്ല ആധുനികരായ മിക്ക എഴുത്തുകാരെയും പോലെ സക്കറിയയും പുരസ്‌കാരലബ്ധി ആസ്വദിക്കുന്നു. അദ്ദേഹം അതിന്റെ പേരില്‍ മാഗസിനുകള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കുന്നു. എന്തോ വലിയ കാര്യം സംഭവിച്ചു എന്ന മട്ടില്‍ പോസ് ചെയ്യുന്നു. എല്ലാ വിഗ്രഹങ്ങളെയും എതിര്‍ക്കുന്ന എഴുത്തുകാരില്‍ നല്ലൊരു പങ്കും ക്രമേണ, ഇതേ രീതിയില്‍ ആശയരാഹിത്യത്തിന്റെ വിഗ്രഹമായി തീരാനാണ് ശ്രമിക്കുന്നത്. ഇത് വൈരുധ്യമാണ്. ഒരു കാലത്ത് വിഗ്രഹങ്ങളെ എതിര്‍ക്കുന്നു; പിന്നീട് സ്വയമൊരു വിഗ്രഹമാകാന്‍ താന്‍ എതിര്‍ത്തവരുടെ ഔദാര്യം തേടുന്നു – ഇതിനെയാണ് സാര്‍ത്ര് നോബല്‍ സമ്മാനം നിഷേധിച്ചു കൊണ്ട് ചോദ്യം ചെയ്തത്.
ഉപനിഷത്തിനെക്കുറിച്ച് നിന്ദ്യമായ ചിന്തകളുള്ള സക്കറിയ, ശാരീരികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് നട്ടം തിരിഞ്ഞ ഒ.വി. വിജയന് തപസ്യ ഒരു അവാര്‍ഡ് കൊടുത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി. അവാര്‍ഡു തുക വിജയന്റെ അന്നത്തെ സാഹചര്യത്തില്‍ ആശ്വാസമായിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി വിജയനെ ഹിന്ദു വര്‍ഗീയവാദിയെന്ന് വിളിച്ച് സക്കറിയ ആക്ഷേപിച്ചുനടന്നത് ഒരു ദശാബ്ദത്തിലേറെ കാലമാണ്. ഇതിന്റെ അടിയിലുള്ള മതവിരുദ്ധതയും സ്പര്‍ദ്ധയും എത്ര ഭയാനകമാണ്! ഉപനിഷത് ദര്‍ശനം പിന്തുടര്‍ന്ന എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഉപനിഷത്തിനോടു മതിപ്പില്ലാത്ത ഒരാള്‍ സ്വീകരിക്കുമ്പോള്‍ വീണ്ടും അലങ്കോലമാണ് സംഭവിക്കുന്നത്. സക്കറിയയുടെ എഴുത്തുകാരന്‍ എന്ന റിബല്‍ സങ്കല്‍പ്പം അതിന്റെ ആന്തരിക വൈരുദ്ധ്യത്താല്‍ ടൈറ്റാനിക്കു പോലെ തകരുകയാണ്.

വായന
മധുരമീനാക്ഷി ക്ഷേത്രത്തിനു സമീപത്തായി ഒഴുകുന്ന വൈഗൈ നദി അടിയന്തരമായി ശുദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ലേഖനമാണ് ‘വൈഗൈ, വീണ്ടും വൈഗൈ’ (സുജാത ശശീന്ദ്രന്‍, ജനയുഗം വാരാന്തം, നവംബര്‍ 8). ചരിത്രവും മിത്തും ഇടകലര്‍ന്ന വൈഗൈ മനുഷ്യരുടെ അനീതി മൂലം മലിനമായിരിക്കുന്നു. ലേഖനത്തില്‍ ഇങ്ങനെ വായിക്കാം: ‘വളരെയധികം ജനസാന്ദ്രതയുള്ള നഗരമാണ് മധുര. അതുകൊണ്ടുതന്നെ വീടുകളില്‍ നിന്നും, അറവുശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ വൈഗൈയിലാണ് വന്നടിയുന്നത്. ഈ മാലിന്യക്കൂമ്പാരം വൈഗൈ എന്ന പുണ്യനദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കാനും ജലം മലിനമാകാനും കാരണമാകുന്നു.’ വൈഗൈ നദിയെ അതിന്റെ പൂര്‍വ്വകാല മഹിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഇനി നമുക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം.

കഥപറയാന്‍ അസാധാരണ കഴിവുള്ള കഥാകൃത്താണ് ഉണ്ണികൃഷ്ണന്‍ അത്താപ്പൂര്‍. അദ്ദേഹത്തിന്റെ ‘ഗോള്‍ഡന്‍ ഡ്രോപ്പ് ‘എന്ന കഥ (കയ്യൊപ്പ്,നവംബര്‍) യും അത് തെളിയിക്കുന്നു. ഒരു സാധാരണ യുവാവ് തന്റെ ജീവിതത്തില്‍ എത്ര തന്നെ ആത്മാര്‍ത്ഥത കാണിച്ചാലും ചെന്നുപെടുന്ന ദുരന്തങ്ങളാണ് കഥയില്‍ വിവരിക്കുന്നത്. സമ്പന്നനും താന്തോന്നിയുമായ റോയിച്ചന്‍ എന്നയാളുടെ സഹായിയായി പണിയെടുത്ത മഹേഷ് എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെടുന്നു. ഒരു തെറ്റും അയാള്‍ ചെയ്തില്ല. അതാണ് വലിയ കുറ്റം. ഓരോ കഥാപാത്രത്തിന്റെയും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ കഥാകാരനു കഴിയുന്നു.

കഥകളി
കഥകളിയും കലാമണ്ഡലവും വള്ളത്തോളിന്റെ ഭാവനയില്‍ നിന്ന് പിറന്നതാണല്ലോ. കലാമണ്ഡലത്തില്‍ ഇപ്പോള്‍ ഗുരുകുല സമ്പ്രദായമില്ല; അത് കല്‍പിത സര്‍വകലാശാലയായി മാറിയിരിക്കുന്നു. കലാമണ്ഡലം നവതി ആഘോഷിക്കുകയാണ്. വി.കലാധരന്‍ എഴുതിയ ലേഖനത്തില്‍ (നവതിയില്‍ നാട്യമണ്ഡലം, മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 8) ഇങ്ങനെ കുറിക്കുന്നു: ‘സ്വന്തം സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളാന്‍ മലയാളിയെ പ്രേരിപ്പിക്കുക എന്ന ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ട വിശാലമായൊരു ദര്‍ശനവും പാരമ്പര്യ കലകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വള്ളത്തോള്‍ സൂക്ഷിച്ചിരുന്നു. വള്ളത്തോളിന്റെ ഇച്ഛാശക്തിയും മുകുന്ദരാജയുടെ ദീര്‍ഘവീക്ഷണവുമാണ് ഈ കലാകേന്ദ്രത്തെ യാഥാര്‍ഥ്യമാക്കിയത്.’

ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ ‘കളിക്കളം’ (ഭാഷാപോഷിണി, നവംബര്‍)ഒരു റിയലിസ്റ്റ് കഥ എന്ന നിലയില്‍ ഒതുങ്ങുകയാണ്. ചിന്തയുടെ ആഴമുള്ള ഒരു വാക്യം പോലുമില്ല. സവിശേഷമായി ഒന്നും ഈ കഥ വിനിമയം ചെയ്യുന്നില്ല. ഒരു കൊലപാതകവും അത് ഒളിപ്പിക്കുന്നവന്റെ സംഘര്‍ഷവും നന്നായി വിവരിച്ചിട്ടുണ്ട്.

കെ.പി. സുധീരയുടെ ‘ഭാസ്‌കരേട്ടന്റെ അവധിദിവസങ്ങള്‍’ (ജന്മഭൂമി ഓണപ്പതിപ്പ് ) കഥപറച്ചിലിന്റെ അനായാസതയും ആര്‍ദ്രതയുംകൊണ്ട് അനുവാചകനെ ആകര്‍ഷിക്കും. ഈ വരികള്‍ നോക്കൂ: ‘ഊഷരമായിപ്പോകുന്ന ഈ ഗൃഹത്തില്‍ താങ്കളുടെ ത്യാഗം ഉര്‍വ്വരതയുടെ ഉപ്പ് നിറയ്ക്കുകയാണ് ഭാസ്‌ക്കരേട്ടാ- അധികാര മദംകൊണ്ടും ഭോഗലാലസകൊണ്ടും ശാപഗ്രസ്തമായ തന്റെ ജീവിതം – ഭൗതിക വിജയത്തിന്റെ മരീചികയ്ക്ക് പിറകെ ഓടുകയല്ലേ?’ മനസ്സിലെ ഭാരം അനുഭവിപ്പിക്കുന്ന രചനയാണിത്. കഥാകൃത്ത് എന്താണോ എഴുതുന്നത് അത് യഥാര്‍ത്ഥത്തില്‍ താന്‍ ജീവിച്ചതാണെന്ന് വായനക്കാരന് തോന്നുകയാണെങ്കില്‍ വലിയ വിജയമാണ്. സുധീരയ്ക്ക് കഥാപാത്രങ്ങളുടെ ഉള്ളു കാണാനുള്ള സിദ്ധിയുണ്ട്.

‘കേസരി’യുടെ പുതിയ ഉണര്‍വ്വ്

കേസരി നമ്മുടെ ഭാഷയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാരികയാണ്. ഏറ്റവും സര്‍ക്കുലേഷനുള്ള സാംസ്‌കാരിക വാരിക. ഓരോ വായനക്കാരന്റെയും അന്തസ്സിനൊത്താണ് അത് നിലകൊള്ളുന്നത്. അരുതാത്തത് ഒന്നും ഉണ്ടാകില്ല. ഇപ്പോള്‍ കേസരി കോഴിക്കോട്ട് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു ബഹുനില മന്ദിരം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതിന്റെ സാംസ്‌കാരിക ഇടത്തെ പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍. സാംസ്‌കാരിക, ബൗദ്ധിക രംഗത്ത് വാരിക കൂടുതല്‍ കരുത്തോടെ ഇടപെടാന്‍ ഇത് സഹായിക്കും. പുതിയ മന്ദിരത്തിലേക്ക് മാറുന്ന കേസരിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഡിസംബര്‍ 29 നു നടക്കുമ്പോള്‍ വായനയുടെ ആഴമുള്ള, ഗൗരവമുള്ള ഒരു ഘട്ടമാണ് കടന്നു വരുന്നത്. അമിതമായ സ്വജനപക്ഷപാതത്തിന്റെയും സാംസ്‌കാരിക അയിത്തത്തിന്റെയും വിഷം നിറഞ്ഞ ഇന്നത്തെ മുഖ്യധാരയെ തിരുത്താന്‍ കേസരിയുടെ പ്രഭാവത്തിനു കഴിഞ്ഞിട്ടുണ്ട്. ഇനി കൂടുതല്‍ ശക്തമായി ആ രംഗത്ത് മുന്നേറാനാവുമെന്ന് പ്രതീക്ഷിക്കാം.

നുറുങ്ങുകള്‍
$ആധുനികതയുടെ പ്രയോക്താക്കളായിരുന്ന മിക്ക എഴുത്തുകാരും പ്രൊഫഷണല്‍ ബന്ധങ്ങളാണ് പുലര്‍ത്തിയത്. തങ്ങളെക്കുറിച്ച്, തങ്ങളുടെ കൃതികളെക്കുറിച്ച് എഴുതുന്നവരെ സ്‌നേഹിക്കുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്തില്ല. എന്നാല്‍ ഇതായിരുന്നില്ല തകഴി, ബഷീര്‍, എം.ടി തുടങ്ങിയവരുടെ സമീപനം. ബഷീറിന്റെ വീട്ടില്‍ എപ്പോഴും ചെല്ലാമായിരുന്നു. വര്‍ത്തമാനം പറയാം. അദ്ദേഹം കത്തെഴുതുമായിരുന്നു.

$അക്കിത്തത്തിന് ഒരു യുവസാഹിത്യകാരന്‍ താന്‍ എഴുതിയ പുസ്തകം അയച്ചു കൊടുത്താല്‍ അദ്ദേഹം അത് വായിച്ചശേഷം അഭിപ്രായം ഒരു കാര്‍ഡിലെങ്കിലും അറിയിക്കുമായിരുന്നു.

$he Grapes of wrath, East of Eden തുടങ്ങിയ മഹത്തായ നോവലുകള്‍ എഴുതിയ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ സ്റ്റീന്‍ബെക്ക് (John Steinbeck, 1902-1968)) സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എഡിറ്റര്‍മാര്‍ക്കുമായി 850 കത്തുകള്‍ എഴുതിയിട്ടുണ്ട്. ഇതിനു വേണ്ടി വിലപ്പെട്ട സമയം നീക്കിവെച്ച അദ്ദേഹം എത്ര മഹാനാണ്! അദ്ദേഹത്തിന്റെ മൂത്തമകന്‍ തോം ഒരു കൗമാരക്കാരിയെ പ്രണയിച്ച് വിവശനും നിരാശനുമായപ്പോള്‍ അവന്‍ സ്റ്റീന്‍ ബെക്കിനു ഒരു കത്തെഴുതി. അവനുവേണ്ടി എഴുതിയ മറുപടി അദ്ദേഹത്തിന്റെ മഹത്വമാണ് വിളിച്ചറിയിക്കുന്നത്: ‘രണ്ടുതരം പ്രേമം ഉണ്ട്. ഒന്നാമത്തേത്, വളരെ സ്വാര്‍ത്ഥവും സ്വന്തം പ്രാധാന്യം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. രണ്ടാമത്തേത് നമ്മളിലുള്ള നന്മയെല്ലാം പകര്‍ന്നുകൊടുക്കുന്നതാണ്. മറ്റൊരാളെ അതുല്യമായി, മൂല്യവത്തായി കാണുന്ന സ്വഭാവമാണിത്. ഏറ്റവും മനോഹരവും നല്ലതുമായ പ്രണയത്തിനു വേണ്ടി ജീവിക്കുക.’

$റഷ്യന്‍ സിനിമാസംവിധായകനായ സെര്‍ജി ഐസന്‍സ്റ്റീന്‍ (Sergei Eisenstein, 1898-1948) കാതലായ ഒരു പ്രശ്‌നം മറ്റു ചലച്ചിത്ര പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയാണ്: ‘സിനിമ എന്തിനാണ് നാടകത്തിന്റെയും ചിത്രകലയുടെയും പിന്നാലെ നടക്കുന്നത്? രണ്ട് മൂര്‍ത്ത വസ്തുക്കളെ മുന്‍നിര്‍ത്തി പുതിയ ആശയങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഭാഷയുടെ രീതിശാസ്ത്ര (methodology) മല്ലേ സംവിധായകന്‍ കണ്ടുപിടിക്കേണ്ടത്?’ സിനിമ നാടകമോ ഓപ്പറെയോ അല്ല; സിനിമയ്ക്ക് ദൃശ്യത്തിന്റെ വേറൊരു വൈകാരിക ഭാഷ അനിവാര്യമാണ്.

$അമേരിക്കന്‍ ചിന്തകനായ എമേഴ്‌സണ്‍ പറഞ്ഞു: എല്ലാ പരീക്ഷണഘട്ടങ്ങളിലും നമുക്ക് വിലപ്പെട്ടതു പലതും നഷ്ടമായേക്കാം; എന്നാല്‍ അപ്പോഴും നമ്മുടെ അന്തരംഗത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതെ നിലനിര്‍ത്താനാകും.

$ലതാ മങ്കേഷ്‌കര്‍ ‘സത്യം ശിവം സുന്ദരം’ എന്നു പാടിയപ്പോള്‍ ഇന്ത്യ മുഴുവന്‍ അത് കേട്ടു; ഓരോ ഇന്ത്യക്കാരനും താന്‍ സത്യവുമായി എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നു എന്നു ചിന്തിച്ചു. ജീവിതം വിരാജിക്കുകയും വളരുകയും ചെയ്യുന്നത് സത്യത്തിനും ശിവത്തിനും സമീപമാണ്. എന്നാല്‍ അത് മറയ്ക്കപ്പെട്ടിരിക്കുന്നു. മറഞ്ഞിരിക്കുന്നതില്‍ ദൈവമിരിക്കുന്നു. ഹിന്ദി ഭാഷയുടെ അടിത്തട്ടിലുള്ള സരയൂ നദി കണ്ടെടുത്ത ഗായികയാണ് ലത.

ShareTweetSendShare

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

യാതനയും ആത്മീയസ്വാതന്ത്ര്യവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies