ജീവിതസാഗരം തരണം ചെയ്യാനുള്ള യാത്രയില്‍ ദിക്കറിയാതെ കുഴങ്ങുന്നവന്റെ ആശ്രയമാണ് അകലെയുള്ള വിളക്കുമാടങ്ങള്‍. നിറഞ്ഞുകത്തുന്ന അവയുടെ ധര്‍മ്മം വഴികാട്ടുക എന്നതാണ്. ഇന്നത്തെ കാലത്ത് ജീവിതം സങ്കീര്‍ണ്ണവും പ്രശ്നകലുഷിതവുമാകയാല് ഇത്തരം വിളക്കുമാടങ്ങള്‍ എത്രയുണ്ടായാലും മതിയാകില്ല എന്നതാണവസ്ഥ. അതുകൊണ്ടാവാം പൂര്‍വ്വസൂരികളുടെ കാലം മുതല്‍ ഇത്തരം കൃതികള്‍ സാഹിത്യരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതും വിപുലമായി തന്നെ വായിക്കപ്പെടുന്നതും. പുരാണേതിഹാസങ്ങളില്‍ നിന്നുള്ള സദ്കഥനങ്ങള്, മഹത്തുക്കളുടെ ജീവിതാനുഭവങ്ങള്‍, മൊഴിമുത്തുകള്‍ തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍പെടുന്നു. മൂല്യപ്രസരണശേഷിയുള്ള ഇത്തരം കൃതിയാണ്, കേസരി മുന്പത്രാധിപര് പി.കെ. സുകുമാരന്റെ ‘അമൃതവചനങ്ങള്‍.’
ആകാശവാണിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍, കേസരി, അഖണ്ഡജ്യോതി എന്നിവയിലെഴുതിയ ലേഖനങ്ങള്‍ എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഓരോന്നും രണ്ടോ മൂന്നോ പേജില്‍ ഒതുങ്ങുന്നവ. സംക്ഷിപ്തമായ, ലളിതമായ അവതരണശൈലി. ഓരോ ലേഖനത്തിലും നമ്മെ ഉദ്ബോധിപ്പിക്കാന് ഓരോ സാം സ്കാരിക മൂല്യങ്ങള്‍. അതുവിശദമാക്കാന് പുരാണകഥയേയോ രാമകൃഷ്ണദേവന്, ശിവാജി, സമര്‍ത്ഥരാമദാസ്, അബ്ദുള്‍ കലാം തുടങ്ങിയവരുടെ ജീവിതത്തെയോ ഉദാഹരണമായി സ്വീകരിക്കുന്നു. ഭര്‍ത്തൃഹരി, എഴുത്തച്ഛന്, കുഞ്ചന്നമ്പ്യാര് എന്നിവരുടെ വരികളും ഉദ്ധരിക്കുന്നുണ്ട്! അറിവിന്റെ ഇതളുകള്‍ ഓരോന്നായി വിടര്‍ത്തി അതിലെ മൂല്യങ്ങള്‍ അനുവാചക ഹൃദയത്തിലേക്ക് പകരാന്‍ ഈ പുസ്തകത്തിലെ ഓരോ ലേഖനത്തിനും സാധിക്കു ന്നു എന്നതില്‍ സംശയമില്ല. ഈ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച ശ്രേഷ്ഠാചാരസഭയും അഭിനന്ദനമര്‍ഹിക്കുന്നു.