Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

വാളയാര്‍ ദളിത് പീഡനക്കാര്‍ ഹത്രാസില്‍ വേദമോതുന്നു

അഡ്വ.ശങ്കു ടി. ദാസ്അഡ്വ.ശങ്കു ടി. ദാസ്
16 0ctober

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് അവരുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കേണ്ടിവന്നത് നമ്മുടെ കേരളത്തിലാണ്.
ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ബലാത്സംഗത്തിനു ഇരകളായി കൊന്ന് കെട്ടിത്തൂക്കപ്പെട്ട ഹീന സംഭവമാണ് വാളയാര്‍ കേസ്. ഇരകളായ സഹോദരിമാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൊണ്ട് തന്നെ അവര്‍ നേരിട്ട ക്രൂരതയുടെ ആഴം വ്യക്തമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എന്നാല്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചപ്പോള്‍ കേസില്‍ കുറ്റക്കാര്‍ ആരുമില്ലാതായി. ദുര്‍ബ്ബലമായ കേസ് നടത്തിപ്പിനെ പഴിച്ചു കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടു. അതിന്റെ ഉത്തരവാദികളെ ശിക്ഷിക്കുകയല്ല, പുരസ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

പോക്‌സോ പ്രതികള്‍ക്കു വേണ്ടി ഹാജരായ വക്കീലിനെ ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ ആയി നിയമിക്കുകയും ഒമ്പതും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തത് എന്ന വിചിത്ര വാദം നിരത്തി പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച പോലീസുകാരന് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ഐ.പി.എസിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ADVERTISEMENT

സി.ബി.ഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ അവഗണിക്കുകയും കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. ഒടുക്കം ഉത്തരവാദികള്‍ ആരുമില്ലാതെ ഉത്തരത്തില്‍ തൂങ്ങിയാടിയ തന്റെ പിഞ്ചോമനകളുടെ മരണത്തിന് ഉത്തരം തേടി ഒരമ്മ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുകയാണ് നീതിയ്ക്കായി.

നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുകയാണ് ഈ സംഭവം. എന്നിട്ടും നമ്മുടെ പ്രബുദ്ധ പുരോഗമന പൊതുസമൂഹത്തിന് കുലുക്കമില്ല. കാരണം അവരുടെ ശ്രദ്ധയത്രയും ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ആണ്. വടക്കേ ഇന്ത്യ ശുദ്ധീകരിച്ചിട്ട് മതി സ്വന്തം വീട്ടുവളപ്പ് അടിച്ചുവാരാന്‍ എന്നതാണ് നയം. അതിനിടയില്‍ വാളയാറും ആറന്മുളയും ഒന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് നേരമില്ല. മലയാളികളുടെ പെണ്മക്കള്‍ ഒക്കെ യു.പിയില്‍ ആണല്ലോ താമസിക്കുന്നത്!

എന്താണീ ഹത്രാസ് സംഭവം? ഒരാഴ്ചയായി ഹത്രാസ് പീഡനം എന്ന് കേള്‍ക്കുന്നതല്ലാതെ അതിന്റെ വിശദാംശങ്ങളോ വസ്തുതകളോ ആരും തുറന്നു പറയുന്നതായി കാണുന്നില്ലല്ലോ! ഹത്രാസിനെപ്പറ്റി നമ്മള്‍ ആകെ കേള്‍ക്കുന്നത് ഒരു ദളിത് പെണ്‍കുട്ടി താക്കൂര്‍ സമുദായക്കാരായ യുവാക്കളാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും മരണപ്പെടുകയും ചെയ്തു, പോലീസ് പ്രതികളെ രക്ഷിക്കാന്‍ വേണ്ടി വീട്ടുകാര്‍ അറിയാതെ മൃതദേഹം ദഹിപ്പിച്ചു, അതിനാല്‍ യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്ന് മാത്രമാണ്. രാമരാജ്യത്തില്‍ ദളിതരുടെ അവസ്ഥ ഇതാണെന്ന് ചിലരുടെ ആക്ഷേപം.

ഏതൊരു വിഷയത്തിലും പ്രതികരിക്കുന്നതിന് മുന്‍പ് ആ വിഷയം നന്നായി മനസ്സിലാക്കേണ്ടതുണ്ടല്ലോ. അതിനാല്‍ ഹത്രാസുമായി ബന്ധപ്പെട്ട സകല മാധ്യമ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ച് വസ്തുതകള്‍ പഠിക്കാന്‍ ഈ ലേഖകന്‍ ശ്രമം നടത്തുകയുണ്ടായി. അപ്പോള്‍ മനസ്സിലായത് ഇത്രയുമാണ്.

സെപ്റ്റംബര്‍ 14ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനായ സത്യേന്ദ്ര തന്റെ സഹോദരിയായ പത്തൊമ്പതുകാരിയെ സന്ദീപ് എന്നൊരാള്‍ മൃഗീയമായി ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് കാണിച്ചു ഹത്രാസിലെ ചാന്ദ്പാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. കാലികള്‍ക്ക് തിന്നാനുള്ള പുല്ലും വൈക്കോലും ശേഖരിക്കാന്‍ അമ്മയോടൊപ്പം പാടത്തേക്ക് പോയ പെണ്‍കുട്ടി അന്ന് പകലാണ് ക്രൂരമായ ആക്രമണത്തിന് ഇരയാവുന്നത്.

സഹോദരന്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പോലീസ് സന്ദീപ് എന്ന ആള്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ഐ.പി.സി സെക്ഷന്‍ 307നും (വധശ്രമം) SC/ST Atrocities Act പ്രകാരവുമാണ് കേസ് എടുത്തത്. അഞ്ചു ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 19ന് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല.

സെപ്റ്റംബര്‍ 22ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുന്നു. മൊഴിയില്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്നും, സന്ദീപിനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആറില്‍ കൂട്ടബലാത്സംഗത്തിന് എതിരായ ഐ.പി.സി 376 D എന്ന വകുപ്പ് കൂടി കൂട്ടി ചേര്‍ക്കുന്നു.

മൊഴിയില്‍ പറഞ്ഞ മൂന്ന് പേരെയും തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

സെപ്റ്റംബര്‍ 28ന് അലിഗറിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളാവുകയും അന്ന് തന്നെ അവളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതിനടുത്ത ദിവസം ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുന്നു.
ഇരയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ റജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതക കുറ്റം കൂടി ചുമത്തി ഐ.പി.സി 302 കൂടി കൂട്ടിചേര്‍ക്കപ്പെടുന്നു.

എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുന്നു. അറസ്റ്റില്‍ തുടരുന്ന നാല് പ്രതികളുടെയും വിചാരണ അതിനകം പ്രത്യേക അതിവേഗ കോടതിയില്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ പൊടുന്നനെ സംഗതികളുടെ ഗതി മാറി മറിയുകയാണ്. പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞ തരത്തില്‍ ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ഫോറന്‍സിക് പരിശോധനയിലും ബലാത്സംഗം നടന്നതായി കാണാനായില്ല.

ഡല്‍ഹി ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇര ബലാത്സംഗത്തിന് ഇരയായിരുന്നു എന്നു പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് അംഗീകരിക്കുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളും തമ്മില്‍ വര്‍ഷങ്ങളായി വിരോധത്തിലാണ് എന്ന വസ്തുത ശ്രദ്ധേയമാണ്.

പ്രതികളില്‍ ഒരാളായ രവിയും മറ്റൊരു പ്രതിയായ സന്ദീപിന്റെ അച്ഛന്‍ നരേന്ദ്രയും 2001ല്‍ ഇരയായ പെണ്‍കുട്ടിയുടെ മുത്തച്ഛനെ ആക്രമിച്ചു എന്ന കേസില്‍ ജയിലില്‍ കഴിഞ്ഞവരാണ്. ഈ വിരോധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് പ്രതികളുടെ കുടുംബം ആരോപിക്കുന്നു.

പ്രതികളില്‍ ഒരാളായ രാമു സംഭവ ദിവസം രാവിലെ മുതല്‍ ജോലി സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് അയാള്‍ ജോലി ചെയ്യുന്ന ഐസ് പ്ലാന്റിന്റെ മാനേജര്‍ സാക്ഷ്യപ്പെടുത്തുകയും തെളിവായി രജിസ്റ്റര്‍ ഹാജരാക്കുകയും ചെയ്യുന്നു.

പ്രതിയായ സന്ദീപിന്റെ ഫോണ്‍ നമ്പറിലേക്ക് പെണ്‍കുട്ടിയുടെ സഹോദരനായ സത്യേന്ദ്രയുടെ പേരിലുള്ള ഫോണ്‍ നമ്പറില്‍ നിന്ന് സംഭവത്തിന് മുന്‍പുള്ള അനേകം മാസങ്ങളില്‍ നിരന്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ ‘ഇന്ത്യ ടുഡേ’ പുറത്തുവിട്ടു. 62 ഔട്ട്‌ഗോയിങ് കോളുകളും 42 ഇന്‍കമിങ് കോളുകളും ആയി ആകെ 104 ഫോണ്‍ കോളുകള്‍ ആണ് നടന്നിട്ടുള്ളത്.

പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും, അതിന്റെ പേരിലുള്ള ദുരഭിമാന കൊലയാണ് ഹത്രാസില്‍ നടന്നത് എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിക്കുന്നു. അപ്പോഴും പെണ്‍കുട്ടിയുടെ കുടുംബം ബലാത്സംഗം തന്നെയെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

ഡല്‍ഹി ആശുപത്രിയില്‍ നിന്ന് രാത്രിയോടെ മടക്കിക്കൊണ്ടുവന്ന മൃതദേഹം മരണം സംഭവിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ട ശേഷവും സംസ്‌കരിക്കാന്‍ അവര്‍ കൂട്ടാക്കാതിരിക്കുന്നു. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ മൃതദേഹം ഇതിലേറെ നേരം സൂക്ഷിച്ചാല്‍ അത് അഴുകാന്‍ തുടങ്ങും എന്ന മുന്നറിയിപ്പുപോലും അവര്‍ വകവെയ്ക്കുന്നില്ല.

സ്വാഭാവികമായി അടുത്ത ദിവസം രാവിലെ കൂടുതല്‍ ആളുകളെ വിളിച്ചു കൂട്ടി മൃതദേഹവുമായി വലിയൊരു പ്രതിഷേധ പ്രകടനത്തിന് അവര്‍ ഒരുങ്ങുകയാവാം എന്ന് പോലീസ് സംശയിക്കുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയില്‍ നിന്നുണ്ടായ ആക്രമണം രണ്ട് ജാതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ പോവുകയാണ് എന്ന് ജില്ലാ ഭരണകൂടത്തിന് ആശങ്ക ഉണ്ടാവുന്നു. അതൊഴിവാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് തന്നെ മൃതദേഹം രാത്രി സംസ്‌കരിച്ചു.

വീട്ടുകാര്‍ അറിയാതെ പോലീസ് മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചു എന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി.

എന്നാല്‍ ആ വാര്‍ത്തകള്‍ വ്യാജമാണെന്നും ശവസംസ്‌കാരത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും പങ്കെടുത്തിരുന്നു എന്നും തെളിയിക്കുന്ന വീഡിയോ അടുത്ത ദിവസം പുറത്തുവന്നു. അതിനോടൊപ്പം തന്നെ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു മാറ്റിയിരുന്നു എന്ന മട്ടില്‍ ഒക്കെ വന്നിരുന്ന മാധ്യമ വാര്‍ത്തകളെയും തെറ്റെന്നു തെളിയിക്കുന്ന തരത്തില്‍ ഹോസ്പിറ്റലില്‍ വെച്ചു പെണ്‍കുട്ടി സംസാരിക്കുന്ന ഒരു വീഡിയോ ദൃശ്യവും പുറത്തു വന്നു.

എന്നാല്‍ ഇതൊന്നും രാഷ്ട്രീയ പ്രതികരണങ്ങളുടെ സ്വഭാവത്തെ ഒരു നിലയ്ക്കും മാറ്റുന്നില്ല. പോലീസ് ബലമായി മൃതദേഹം മറവു ചെയ്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആണെന്നും, ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് അധികൃതര്‍ പറയുന്നത് പ്രതികളെ സഹായിക്കാന്‍ ആണെന്നും, ആയതിനാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധ ക്യാമ്പയിന്‍ ആരംഭിച്ചു.

കേസ് അന്വേഷണത്തിന് ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയ യോഗി സര്‍ക്കാര്‍ തുടര്‍ന്ന് എസ്.ഐ.ടിക്ക് പകരം സി.ബി.ഐയെ തന്നെ അന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വിചിത്ര നിലപാടാണ് ആ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം സ്വീകരിക്കുന്നത്. യു.പി സര്‍ക്കാര്‍ പിന്നീട് സുപ്രീം കോടതിയിലും കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് നിലപാട് അറിയിക്കുന്നു.

അതിനും പുറമേ എസ്.പി ഉള്‍പ്പെടെയുള്ള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും, അന്വേഷണത്തില്‍ പങ്കെടുത്ത മുഴുവന്‍ ഉദ്യോഗസ്ഥരും നുണ പരിശോധനയ്ക്ക് വിധേയരാവണം എന്ന് ഉത്തരവിടുകയും, പ്രതികളെ സംരക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നിട്ടും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല.

യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതികളോടല്ല, സര്‍ക്കാറിനോടാണ് പ്രതിഷേധക്കാരുടെ പക.
ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് എന്നതല്ലാതെ മറ്റെന്ത് യുക്തിയാണ് ദളിതരെ പീഡിപ്പിക്കുന്ന യോഗി എന്ന ക്യാമ്പയിന് പുറകിലുള്ളത്?
ഉത്തരവാദിത്വം എന്ന വിഷയത്തിലുള്ള നമ്മുടെ പ്രബുദ്ധ പുരോഗമന പൊതുസമൂഹത്തിന്റെ നിലപാട് എങ്ങനെയാണ് കാല ദേശാന്തരങ്ങള്‍ക്ക് അനുസൃതമായി മാറി മറയുന്നത്? വൈരുദ്ധ്യാത്മക ആപേക്ഷികതാ വാദം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒരു വിചിത്ര സിദ്ധാന്തമാണ് ഇക്കാര്യത്തില്‍ അവര്‍ പിന്തുടരുന്നത്.
സ്ഥിരമോ പ്രാപഞ്ചികമോ ആയ യാതൊരു നിലപാടും നിലനില്‍ക്കുന്നതല്ലെന്നും, കാലം, ദേശം, സമയം എന്നിവയെ അപേക്ഷിച്ചു ഈ വിഷയത്തിലുള്ള നിലപാടും മാറിമറയലുകള്‍ക്ക് വിധേയവുമാം എന്നും സമര്‍ത്ഥിക്കുന്നതാണ് ആ സിദ്ധാന്തം.

ഉദാഹരണത്തിന്, സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവിനു മന്ത്രിയാണോ ഉദ്യോഗസ്ഥരാണോ ഉത്തരവാദികള്‍ എന്ന ചോദ്യമെടുക്കാം.

ഉത്തരം, പിഴവ് സംഭവിച്ചത് ഉത്തരേന്ത്യന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ആണെങ്കില്‍ മന്ത്രിയും പ്രബുദ്ധ കേരളത്തില്‍ ആണെങ്കില്‍ ഉദ്യോഗസ്ഥരും ആണ് എന്നായിരിക്കും.
അതിപ്പോള്‍ ആശുപത്രിയുടെ കുറ്റം കൊണ്ടോ സൗകര്യങ്ങളില്‍ ഉള്ള കുറവ് കൊണ്ടോ ചികിത്സയുടെ പോരായ്മ കൊണ്ടോ നവജാത ശിശുക്കള്‍ മരിക്കുന്ന സാഹചര്യം ഉണ്ടായാല്‍, അത് ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ഉള്ള ആശുപത്രിയില്‍ ആണെങ്കില്‍, ഉത്തരവാദിത്വം മെഡിക്കല്‍ കോളേജ് മേധാവിക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ ആരോഗ്യ മന്ത്രിക്കോ പോലുമാവില്ല. സംസ്ഥാന മുഖ്യമന്ത്രിക്ക് ആയിരിക്കും. അതേ സമയം കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ കിട്ടാതെ ഇരട്ട കുട്ടികള്‍ മരിച്ചാല്‍ അവിടെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്ക് പോലും വരില്ല. ബന്ധപ്പെട്ട ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് മാത്രമായിരിക്കും. അതാണ് വൈരുദ്ധ്യാത്മക അപേക്ഷികതാ വാദം.

ആ വാദമുള്ളതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ അത് സര്‍ക്കാരിന്റെയും വിശിഷ്യാ ആരോഗ്യ മന്ത്രിയുടെയും മിടുക്കും, എന്നാല്‍ കോവിഡ് നിരക്ക് കൂടുമ്പോള്‍ അത് ദൈവത്തിന്റെ വികൃതിയും ആവുന്നത്.

അതുകൊണ്ട് തന്നെയാണ് കോവിഡ് ബാധിതയായ ദളിത് പെണ്‍കുട്ടി സര്‍ക്കാര്‍ വക 108 ആംബുലന്‍സില്‍ വെച്ച് ബാലത്സംഗത്തിന് ഇരയായാല്‍ പോലും അതിന്റെ ഉത്തരവാദിത്വം ആംബുലന്‍സ് ഡ്രൈവറുടേത് മാത്രമാകുന്നത്. അതേ സമയം ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഓരോ പീഡനത്തിനും യോഗി ആദിത്യനാഥ് നേരിട്ട് ഉത്തരവാദി ആകുന്നതും.

നേട്ടങ്ങള്‍ മാത്രമേ കേരള സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുള്ളൂ എന്നാണ് ഈ വാദത്തിന്റെ ഒരു പ്രധാന സൗകര്യം. കോട്ടങ്ങള്‍ ഏറ്റെടുക്കുക എന്നത് ബിജെപിക്ക് ഭാഗത്തില്‍ തിരിച്ചു വെച്ച വകയാണ്.
സ്ത്രീകള്‍ക്ക് എതിരെയുള്ള നീചമായ ആക്രമണങ്ങളുടെ വിഷയത്തില്‍ പോലും ഇത്തരം ഇരട്ടത്താപ്പ് വെച്ചുപുലര്‍ത്തുക എന്നത് അങ്ങേയറ്റം നിന്ദ്യമാണ്.
ഇരകള്‍ ദളിതരോ മുസ്ലിങ്ങളോ ആവുമ്പോള്‍ മാത്രം ഉയര്‍ത്തുന്ന പ്രത്യേക രോഷം ഇരകളോട് തരിമ്പു പോലും ആത്മാര്‍ത്ഥത ഉള്ളതല്ല, മറിച്ച് അവരെ ഉപയോഗിച്ച് സമൂഹത്തില്‍ ജാതി സ്പര്‍ദ്ധയും മത ധ്രുവീകരണവും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നെറികെട്ട നാടകമാണ് എന്നതാണ് സത്യം.

ഇവരൊന്നും സ്വന്തം ചുറ്റുവട്ടത്ത് നടക്കുന്ന സമാന സംഭവങ്ങള്‍ കാണാറേ ഇല്ലെന്നതാണ് അതിലെ ഏറ്റവും വലിയ കൗതുകം.
കണ്ടിരുന്നെങ്കില്‍ ഇവര്‍ക്കൊന്നും രോഷം കൊള്ളാന്‍ 2500 കിലോമീറ്റര്‍ അപ്പുറത്തുള്ള യു.പിയിലേക്ക് എത്തി നോക്കേണ്ടിവരില്ലായിരുന്നു.

ഹത്രാസ്: ഉയര്‍ത്തിവിടുന്ന സംശയങ്ങള്‍

1.പെണ്‍കുട്ടിയുടെ മൊഴിയില്‍ ആരോപിച്ചതുപോലെ ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയുന്നത് ചന്ദ്പാ ലോക്കല്‍ സ്റ്റേഷന്‍ എസ്.എച്.ഒ അല്ല. മെഡിക്കല്‍ എക്‌സൈമിനേഷന്‍ നടത്തിയ ഡോക്ടര്‍, ഫോറന്‍സിക് പരിശോധന നടത്തിയ ഗവണ്മെന്റ് ലാബ്, ഡല്‍ഹി ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍, ഹത്രാസ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരൊക്കെയാണ്.

ഇത്രയും പേരെ സ്വാധീനിക്കാനും, അവരെ കൊണ്ടൊക്കെ തങ്ങള്‍ക്ക് അനുകൂലമായി പറയിക്കാനുമുള്ള എന്ത് സ്വാധീനമാണ് കേസിലെ പ്രതികള്‍ ആയ നാല് പേര്‍ക്കുള്ളത്? അതും കേസ് എടുത്ത ഒരാഴ്ചക്കകം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലില്‍ ആയി വിചാരണ നേരിടുന്നവര്‍ ആണ് അവരെന്നിരിക്കെ?

പ്രതികളില്‍ ആര്‍ക്കും രാഷ്ട്രീയ ബന്ധങ്ങളോ ഉയര്‍ന്ന സാമ്പത്തിക ശേഷിയോ ഉന്നതങ്ങളില്‍ പിടിപാടോ ഇല്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. അങ്ങനെയുള്ള നാല് പേര്‍ക്ക് വേണ്ടി ഡോക്ടര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ നുണ പറയുമോ?

2.സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഹത്രാസില്‍ രണ്ടാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ മരണപ്പെട്ട കുട്ടിയുടെ മൃതദേഹവുമേന്തി ഒരു വൈകാരിക പ്രതിഷേധ പ്രകടനം നടത്താനുള്ള അവസരം നല്‍കുകയാണോ യഥാര്‍ത്ഥത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ചെയ്യേണ്ടിയിരുന്നത്? സമ്പൂര്‍ണ്ണമായ ക്രമസമാധാന തകര്‍ച്ച ഉണ്ടാവാതെ നോക്കേണ്ടത് അവരുടെ നിയമപരമായ ബാധ്യത ആയിരുന്നില്ലേ? അതോ കൂടുതല്‍ ആളുകള്‍ മരിക്കുന്ന മട്ടിലൊരു കലാപം തന്നെ നടക്കട്ടെ എന്നാഗ്രഹിക്കുകയാണോ അവര്‍ ചെയ്യേണ്ടിയിരുന്നത്?

3.ഇക്കാര്യത്തില്‍ യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിന്റെ യുക്തി എന്താണ്? പ്രതികള്‍ എല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അവരുടെ വിചാരണ ആരംഭിച്ചു. ഏറ്റവും ശക്തമായ വകുപ്പുകള്‍ അവര്‍ക്കെതിരെയൊക്കെ ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തിര ധന സഹായമായി ആദ്യം പത്ത് ലക്ഷവും പിന്നീട് ഇരുപത്തഞ്ച് ലക്ഷവും കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുമായി വരെ നേരിട്ട് സംസാരിക്കുകയും, ശക്തമായ നടപടി ഉറപ്പു കൊടുക്കുകയും, കുറ്റവാളികളില്‍ ആരും രക്ഷപ്പെടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലപ്പുറം എന്താണ് ഇക്കാര്യത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ചെയ്യാന്‍ ആവുക?

4.ആംബുലന്‍സില്‍ കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ വാളയാറിലെ സഹോദരിമാര്‍ ഇരട്ടക്കൊലയ്ക്ക് വിധേയരായ സംഭവത്തിലോ കേരള മുഖ്യമന്ത്രി പിണറായി വിജയനില്ലാത്ത ധാര്‍മ്മിക ഉത്തരവാദിത്വം എങ്ങനെയാണ് യു.പി സംഭവങ്ങളില്‍ യോഗിയ്ക്ക് വരുന്നത്?

കേരളത്തിന്റെ എട്ടിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 24 കോടിക്ക് മുകളിലാണ് യു.പിയുടെ ആകെ ജനസംഖ്യ. അവിടെ ഒരു വര്‍ഷം മൂവായിരത്തോളം ബലാത്സംഗങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്ന് പറയുമ്പോള്‍ കേവലം മൂന്നര കോടി മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ പ്രതി വര്‍ഷം രണ്ടായിരത്തില്‍ ഏറെ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നതും നമ്മള്‍ കാണണം.

2019ലെ കണക്ക് പ്രകാരം യു.പിയിലെ ബലാത്സംഗ നിരക്ക് 2.8 ആണെങ്കില്‍ കേരളത്തിലേത് 11.1 ആണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാത്രമുള്ള കണക്ക് എടുത്താല്‍ കേരളത്തിലെ പ്രതിദിന ബലാത്സംഗ ഇന്‍സിഡന്റ്‌സ് 5.7 ആണ്. അതായത് ഒരൊറ്റ ദിവസം മാത്രം കേരളത്തില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു സ്ത്രീകളോ ചിലപ്പോഴെങ്കിലും ആറു സ്ത്രീകളോ ബാലാത്സംഗത്തിന് ഇരകളാവുന്നു. ദളിത് സ്ത്രീകള്‍ക്ക് എതിരെയുള്ള ബലാത്സംഗങ്ങളുടെ കണക്ക് നോക്കിയാല്‍ കേരളത്തിന്റെ നിരക്ക് 4.6 ആണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ദളിത് പീഡന നിരക്കുള്ള സംസ്ഥാനവും കേരളമാണ്.

അത്രയും ദയനീയ അവസ്ഥയില്‍ തുടരുന്ന നമുക്കെന്താണ് സ്ത്രീപീഡനങ്ങളെ അപലപിക്കാന്‍ യു.പിയിലേക്ക് പോവേണ്ട ആവശ്യം? ചുറ്റുപാടും കണ്ണോടിച്ചാല്‍ തന്നെ കണ്ണ് പൊട്ടിപ്പോവുന്നത്രയും ക്രൂരതകള്‍ കാണാമല്ലോ.

ഹത്രാസിലെ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ദുര്‍വിധിയുടെ ഉത്തരവാദികള്‍ ആരു തന്നെയായാലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കിട്ടണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ അക്കാര്യത്തില്‍ ആശാവഹമായ നിലപാട് തന്നെയാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

പ്രതികള്‍ എല്ലാം അഴിക്കുള്ളില്‍ ആവുകയും അവര്‍ക്കെതിരെ പരമാവധി ശിക്ഷ കിട്ടുന്ന വകുപ്പുകള്‍ തന്നെ ചുമത്തുകയും ഇരയുടെ കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും പോലീസ് സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും വിചാരണ അതിവേഗ കോടതിയില്‍ ആരംഭിക്കുകയും ഒക്കെ ഇതിനകം നടന്നു കഴിഞ്ഞു.

വീഴ്ച വരുത്തി എന്നാക്ഷേപം നേരിട്ട പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയോ ഐ.പി.എസ് പദവി ശുപാര്‍ശ ചെയ്യുകയോ അല്ല, സസ്‌പെന്‍ഡ് ചെയ്യുകയും നുണ പരിശോധനക്ക് വിധേയരാക്കുകയും ആണ് ചെയ്തിട്ടുള്ളത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. എത്രയും വേഗം അവിടെ നീതി പുലരും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതെപ്പോള്‍ ആണ് പുലരുക? ഇതെഴുതി നിര്‍ത്തുമ്പോളും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം തുടരുകയാണ്.

 

 

Tags: HathrasYogi AdityanathWalayarUP
Share49TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies