Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പദാനുപദം

വിഭ്രാമകമായ ആഗ്‌നേയ ലാവണ്യത്തിന്റെ ഒരു തുണ്ട്

എം.കെ. ഹരികുമാര്‍

Print Edition: 9 October 2020

കുമാരനാശാന്റെ ‘സങ്കീര്‍ത്തനം’ എന്ന കവിതയിലെ ആദ്യവരികള്‍ ഉദ്ധരിക്കുകയാണ്:

‘ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു
ചിത്രചാതുരി കാട്ടിയും
ഹന്ത !ചാരു കടാക്ഷമാലക-
ളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍
വിളങ്ങുമീശനെ വാഴ്ത്തുവിന്‍’

ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെയും വൈയക്തികമായ ദൈവാനുഭവത്തെയും ആശാന്‍ പുനര്‍നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. വിശ്വാസം ചിലപ്പോള്‍ നേരോ അന്ധവിശ്വാസമോ ആകാം. ആ വഴിവിട്ട് സ്വാനുഭവത്തിന്റെ സത്യസന്ധതയിലും ജൈവ സാക്ഷ്യത്തിലും ദൈവത്തെ അനുഭവിക്കുകയാണ് കവി. ‘ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ’ എന്ന പ്രയോഗം ഒരു പൊളിച്ചെഴുത്താണ്. ഈശ്വരന്‍ ചിന്തയിലുണ്ട് എന്ന തത്ത്വമാണത്. ചിന്തയ്ക്കുള്ളില്‍ ഈശന്‍ വസിക്കുന്നു. അത് എങ്ങനെ വ്യക്തമാവുന്നു? ചിന്തകൊണ്ട് തെളിയിക്കുകയും അനുഭൂതി തലത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ നിന്നാണ് അത് വ്യക്തമാവുന്നത്. പൂവിലും ശലഭത്തിലും ഇത്ര ലാവണ്യം എങ്ങനെ വന്നു? അത് നമുക്കെങ്ങനെ മനസ്സിലാവുന്നു? ഇതിനിടയില്‍ ദൈവത്തെ കണ്ടെത്താമെന്നാണ് ആശാന്റെ പക്ഷം.

ദൈവം മനുഷ്യഭാവനയുടെ പരിധിയിലോ നിയന്ത്രണത്തിലോ അല്ലാത്തതുകൊണ്ട് അതില്‍ ഒരു അജ്ഞാതമായ ലോകം അവശേഷിക്കുന്നുണ്ട്. നാം കാണാത്തതാണ് ദൈവികത. അല്ലെങ്കില്‍ ലോകത്തിന്റെ മറഞ്ഞിരിക്കുന്ന ഒരു മാനമാണത്. അപ്പോള്‍ ചന്തം എന്ന നിലയില്‍ നാം പ്രവൃത്തിയിലും ചിന്തയിലും അനുഭവിക്കുന്നതെന്താണ് ? അത് മറഞ്ഞിരിക്കുന്ന ലോകത്തിന്റെ സൂചനയായി കാണാവുന്നതാണ്. മയില്‍പ്പീലികളുടെ സൗന്ദര്യം രണ്ടു കാര്യം നിലനിര്‍ത്തുന്നു. ഒന്ന്: അത് ഗാഢ നീലയുടെ നിഗൂഢതയാണ്. രണ്ട്: പ്രാപഞ്ചിക ദൈവികതയുടെ വിഭ്രാമകമായ ആഗ്‌നേയലാവണ്യത്തിന്റെ സൂചന തരുന്ന ഒരു തുണ്ട്. അത് മനുഷ്യ മനസ്സിനെ സംവേദനക്ഷമമാക്കുന്നതില്‍ അര്‍ത്ഥത്തിന്റെ ഒരു മഹാസാഗരം അന്തര്‍വഹിക്കുന്നുണ്ട്.

ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ് മഹാ ചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അനന്തതയെക്കുറിച്ചുള്ള ആശയം. അദ്ദേഹം പ്രത്യക്ഷത്തില്‍ ദൈവത്തെയല്ല തേടുന്നത്; അവനവനെയാണ്. കൃഷ്ണമൂര്‍ത്തി എപ്പോഴും പറയാറുണ്ട്, നാം എന്താണെന്ന് സ്വയം തിരയണമെന്ന്. ഒരു സംഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ”ചിന്തയാണ് ദൈവത്തെ സൃഷ്ടിച്ചത്. അതുകൊണ്ട് ചിന്ത അതിന്റെ തന്നെ പ്രതിച്ഛായയെ ആരാധിക്കുന്നു. ആദിയില്‍ ദൈവം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്കും ഇതിനോട് ചേര്‍ന്നു പോകാം. കാരണം നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ദൈവം എന്ന ആശയം തന്നെ ഉണ്ടാവുന്നത്.

കൃഷ്ണമൂര്‍ത്തി വിവരിക്കുന്നത് ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാള്‍ പ്രയാസമാണ് വേറൊരു മനുഷ്യനെ സ്‌നേഹിക്കുന്നതെന്നാണ്. കാരണം ദൈവം വിദൂരമായ ഒരു അമൂര്‍ത്തതയാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുകയാണെങ്കില്‍ അത് തന്നെ ദൈവമാണെന്ന് അദ്ദേഹം പറയുന്നു.

അനശ്വരത
അതേസമയം അനശ്വരതയുണ്ട് എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അത് നമുക്ക് അന്യമല്ല. കാലത്തിനും അപ്പുറമാണത്. അത് നേടാന്‍ നിങ്ങള്‍ക്കൊരു മനസ്സ് വേണം. ജീവിതത്തിന്റെ സകല ചുമതലകളില്‍ നിന്നും സ്വതന്ത്രമായാലേ അത് സാധ്യമാകൂ. നിങ്ങളുടെ പ്രതാപത്തില്‍ നിന്ന്, കോപത്തില്‍ നിന്ന്, സ്വാര്‍ത്ഥതയില്‍ നിന്ന് മോചനം നേടണം. ഇതിനു നമുക്ക് കഴിയാറില്ല. നിങ്ങള്‍ വീണ്ടും പഴയ തലത്തിലേക്ക് പോകുന്നു. നിങ്ങള്‍ ഒരു കാട്ടിലാണ്. അവിടെ നിങ്ങള്‍ ഒറ്റയ്ക്ക് നടക്കണം. അതിനുവേണ്ടത് ഓജസ്സും വീര്യവും ശക്തിയുമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. സത്യത്തെ തേടുമ്പോള്‍, വിശ്വാസം മാത്രം പോരാതെവരും. അവനവനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനെ അനശ്വരതയുമായുള്ള മുഖാമുഖം എന്ന് അദ്ദേഹം വിളിക്കുന്നു. അത് പ്രാപഞ്ചികമായ അനശ്വരതയിലേക്കുള്ള നമ്മുടെ സൂപ്പര്‍ ഹൈവേയാണ്. ഇതുതന്നെയല്ലേ ദൈവം എന്ന പദം വിവക്ഷിക്കുന്നത്?

അനശ്വരതയെ ഒരുവാക്ക് എന്ന നിലയില്‍ ഒതുക്കാനാവില്ലത്രെ. കാരണം ആ വാക്ക് ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിനും അപ്പുറത്താണ് അനശ്വരത. അദ്ദേഹം ചോദിക്കുന്നു: ‘നിങ്ങള്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ? എങ്കില്‍ ആ പ്രേമത്തെക്കുറിച്ച് പറയുക. ഞാന്‍ ആ വാക്കുകള്‍ വിശ്വസിക്കാം. പക്ഷേ,എനിക്കത് കിട്ടിയില്ല. പ്രേമത്തിന്റെ ആ പൂവ് കിട്ടിയില്ല; ആ സുഗന്ധം അനുഭവിക്കാനാകുന്നില്ല.’

ഉപനിഷത് ആശയം
കൃഷ്ണമൂര്‍ത്തിയുടെ ദൈവം മനുഷ്യനെ ഭാരതത്തിന്റെ മഹത്തായ ഒരു ഉപനിഷത് ആശയത്തിലേക്ക് തന്നെ നയിക്കുന്നു. ഉപനിഷത്തില്‍ ദൈവത്തെക്കുറിച്ചല്ലല്ലോ പ്രതിപാദിക്കുന്നത് സത്യത്തെക്കുറിച്ചാണ്. അത് അനശ്വരതയെക്കുറിച്ചള്ള സാഹിത്യമാണ്.

കൃഷ്ണമൂര്‍ത്തിയുടെ അനശ്വരത എന്ന ആശയം ദൈവത്തിന്റെ ചിന്താപരമായ പരിഭാഷയാണ്. പ്രവര്‍ത്തിക്കുമ്പോള്‍ ദൈവമുണ്ട് എന്ന തത്ത്വം. സ്‌നേഹിക്കുമ്പോള്‍ സുഗന്ധമായി വരുന്നതാണ് പൊരുള്‍ എന്ന പ്രസ്താവനയിലൂടെ ഉറപ്പിക്കപ്പെടുന്നു. ചിന്തയിലാണ് ദൈവം എന്ന് ആശാന്‍ പറഞ്ഞിടത്തു തന്നെ നാം എത്തിച്ചേരുന്നു. പ്രാചീന ഗ്രീക്ക് ചിന്തകനായ പൈറോ(Pyrrho))യുടെ അതരാക്‌സിയ (Ataraxia) എന്ന ആശയത്തിന്റെ പൊരുള്‍ സകല മനോവ്യാധികളില്‍ നിന്നുമുള്ള വിടുതല്‍ എന്നാണ്. കൃഷ്ണമൂര്‍ത്തി യുടെ അനശ്വരതയെ അറിയാനും ഇതു തന്നെ വഴി.

വായന
എന്താണ് പ്രസിദ്ധീകരിക്കേണ്ടത്,എന്താണ് തിരിച്ചയയ്‌ക്കേണ്ടത് എന്ന കാര്യം മിക്ക പ്രസാധകരും മറന്നു പോകുകയാണ്. കൊലപാതകിയും വന്‍ മോഷ്ടാവുമായ ആട് ആന്റണിയുടെ ജീവിതകഥ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കയാണ് കോട്ടയത്തെ ഒരു പ്രസാധക സ്ഥാപനം. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? കുമാരനാശാന്റെ വീണപുവിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുന്നവര്‍ ആട് ആന്റണിയെ മഹാനായി അവതരിപ്പിക്കുന്നു! ആന്റണിയുടെ ഏത് പാഠമാണ് കുട്ടികള്‍ പഠിക്കേണ്ടത്?ആട് ആന്റണി ഒരു കൊലപാതകിയാണെന്ന വിവരം മറച്ചുവച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്. ആന്റണി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡില്‍ വച്ചാണല്ലോ കുത്തിവീഴ്ത്തിയത്.

ഇനി ആട് ആന്റണിയുടെ ആര്‍ദ്രമായ കവിതകള്‍ എന്നാണ് വായിക്കാനാകുക?

അശോകന്‍ ചരുവിലിന്റെ ‘പടിക്കലെ മഠത്തില്‍ ബലരാമന്‍’ (മാതൃഭൂമി ഓണപ്പതിപ്പ്) എന്ന കഥ കഥാപാത്രങ്ങളെക്കൊണ്ടായാലും കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കുന്ന രചനയാണ്. ഇതില്‍ പ്രതാപിയും തറവാടിയും ധനികനും പ്രവാസിയുമായ ഒരു കമ്മ്യൂണിസ്റ്റിനെ അവതരിപ്പിക്കുന്നു. ഈ കഥയുടെ സാഹിത്യമൂല്യത്തിലല്ല ഊന്നുന്നത്. രാഷ്ട്രീയ തിരിച്ചറിവുകളിലാണ്. ബലരാമനെന്ന കഥാപാത്രത്തിലൂടെ അത് വിവരിക്കുന്നു. ഇയാള്‍ നാട്ടില്‍ വന്നശേഷം പഴയ ചില സുഹൃത്തുക്കളെ കാണുന്നതാണ് സന്ദര്‍ഭം. കുത്തഴിഞ്ഞ് ജീവിച്ച ഈ വ്യക്തിയുടെ ശരീരവും ജീര്‍ണാവസ്ഥയിലാണ്. എന്നാല്‍ അയാള്‍ ഉള്ളില്‍ ഒരു യാഥാസ്ഥിതികനും പിന്തിരിപ്പനും ആദര്‍ശശൂന്യനുമാണ്. അയാള്‍ കഥയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഡോ, ഈ ഞാനുണ്ടല്ലോ, ഒരിക്കെ കുടിച്ച് ഫിറ്റായിട്ട് കോഴിക്കോട്ടെ ഡി.സി ആപ്പീസില്‍ പോയി ഛര്‍ദ്ദിച്ചിട്ടുണ്ട്, അറിയ്യോ? അന്നുണ്ടായ പുകിലൊന്നും പറയണ്ട. ഞാന്‍ പിന്നെ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി. രാജകുടുംബാംഗങ്ങള്‍, പുരോഹിതര്‍, ഒളിപ്പോരാളികള്‍, മാവോയിസ്റ്റുകള്‍, കവികള്‍, ഹിജഡകള്‍, ചിത്രകാരന്മാര്‍, വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍ എല്ലാര്‍ക്കും ഒപ്പം ഇടപഴകി. എന്നാല്‍ ഈ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ടെ മാതിരി ഒരു വിചിത്രമനുഷ്യരെ വേറെ കണ്ടിട്ടില്ല .’

തന്റെ സഹോദരിയെ ചേച്ചി എന്ന് വിളിച്ചത് ഒരു കുറ്റമായി കണ്ട് ഈ ബലരാമന്‍ ബാല്യകാല സുഹൃത്തായ ശിവരാമനോട് കയര്‍ക്കുകയും തന്റെ വീട് ‘പെലമാട’മല്ലെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഈ കഥയെഴുതിയത് കമ്മ്യൂണിസ്റ്റുകാരനായ അശോകനാണെന്നത് ശ്രദ്ധേയമാണ്. ഞാന്‍ അശോകനെ വിളിച്ച് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് ഇത് പാര്‍ട്ടിവിരുദ്ധമായി വായിക്കേണ്ടെന്നും എന്നാല്‍ ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നുമാണ്. പലരും സ്വന്തം ജീര്‍ണതയില്‍ ബലരാമനുമായി താദാത്മ്യം പ്രാപിക്കുന്നു എന്ന ദു:ഖസത്യമാണ് അശോകന്റെ കഥയുടെയും അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെയും കാതല്‍.

ഇത് ഇപ്പോഴെങ്കിലും എഴുതിയത് നന്നായി. പാര്‍ട്ടിയുടെ സാംസ്‌കാരിക മേഖലയിലേക്ക് നോക്കിയാല്‍ ഈ ബലരാമന്‍ ഇഫക്റ്റ് ബോധ്യപ്പെടാവുന്നതേയുള്ളു. പ്രസംഗിക്കുമ്പോള്‍ മാത്രമാണ് നവോത്ഥാനം; പ്രവൃത്തിയിലില്ല. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, സാഹിത്യ അക്കാദമി, കൃതി സാഹിത്യോത്സവം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇടങ്ങളില്‍ വര്‍ണവിവേചനവും മുന്‍വിധിയും അസ്പൃശ്യതയും നിലനില്ക്കുകയാണ്. ഇതെല്ലാം മനസ്സില്‍ വച്ചായിരിക്കണം അശോകന്‍ ഇത് എഴുതിയതെന്ന് അനുമാനിക്കാവുന്നതാണ്.

പത്രവിമര്‍ശനം
ഹരി എസ്. കര്‍ത്തായുടെ’മൂല്യങ്ങള്‍ മുതലിന് വഴിമാറുമ്പോള്‍'(കേസരി ഓണപ്പതിപ്പ്) എന്ന ലേഖനത്തില്‍ ഇന്നത്തെ മുഖംനോക്കി മാധ്യമ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പത്രങ്ങളാവട്ടെ, ചാനലുകളാവട്ടെ സമൂഹത്തിനു ഹിതകരമായത് പ്രദാനം ചെയ്യുക എന്നതല്ല, പ്രിയങ്കരമായത് നല്കുക എന്ന നിലയിലേക്ക് മാറി മാധ്യമധര്‍മ്മം. ജനത്തെ വാര്‍ത്തകളിലൂടെ പ്രബുദ്ധരാക്കുക, ബൗദ്ധിക ശാക്തീകരണത്തിലുടെ പ്രതിനിധീകരിക്കാനും സാമൂഹ്യ മാറ്റത്തില്‍ പങ്കാളികളാക്കാനും പ്രാപ്തരാക്കുക എന്ന മഹത്തായ ദൗത്യമാണ് ഇന്ന് മറന്ന് പോകുന്നത്’- ഹരി എസ്. കര്‍ത്താ എഴുതുന്നു.

വന്‍കിട പ്രൊഫഷണല്‍ പത്രങ്ങള്‍ സാഹിത്യം, ചിത്രകല രംഗത്തുള്ളവരെ തൃണവല്‍ഗണിച്ചു. പ്രസ് അക്കാദമിയില്‍പ്പോലും ഇതാണ് പഠിപ്പിക്കുന്നത്. വന്‍കിട പത്രങ്ങള്‍ക്ക് എഴുത്തുകാരെ തമസ്‌കരിച്ചാല്‍ സന്തോഷമാണ്. നിങ്ങള്‍ വരിക്കാരായാല്‍ മതി, പിന്നെ ചരമക്കുറിപ്പ് ഞങ്ങള്‍ നന്നായി ചേര്‍ത്തോളാം, ഒരു ഫോട്ടോ തന്നാല്‍ മതി. എന്ന നിലപാടാണ് എഴുത്തുകാരോട് വലിയ പത്രങ്ങള്‍ക്കുള്ളത്. ഇത് എങ്ങനെ സംഭവിച്ചു? ചില ആനുകാലികങ്ങളാകട്ടെ ശക്തിയുള്ളവര്‍ ലേലത്തില്‍ പിടിച്ച മട്ടാണ്.

പുതിയ കവിതകള്‍
പുതിയ കവിതകള്‍ വായനക്കാരെ ആകര്‍ഷിക്കുന്നുണ്ടോ? ഡോ.ഡേവിസ് സേവ്യര്‍ ‘മലയാളകാവ്യപാരമ്പര്യത്തിന്റെ ചരിത്രവഴികളും നവോത്ഥാനങ്ങളും’ (ദീപിക ഓണപ്പതിപ്പ് ) എന്ന ലേഖനത്തില്‍ സമകാലകവിതയെ പ്രതിഭാ ദാരിദ്ര്യത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നു. ‘കവിയശ:പ്രാര്‍ത്ഥികളുടെ കടന്നുകയറ്റം യഥാര്‍ത്ഥ കവിതകളിലും പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും പുതിയ വായനക്കാര്‍ കവിതയെ അവഗണിക്കുകയാണെന്നും ലേഖകന്‍ എഴുതുന്നു. ഇത്തരം മോശം കവിതകള്‍ എഴുതിയിട്ടും അതെല്ലാം പാഠപുസ്തകങ്ങളില്‍ എങ്ങനെ കയറിക്കൂടുന്നുവെന്ന് അന്വേഷിക്കേണ്ടതാണ്.’

ലേഖകന്‍ ഇങ്ങനെ എഴുതുന്നു: ‘കണ്ണശ്ശനും തുഞ്ചത്തെഴുത്തച്ഛനും കുമാരനാശാനും വിഭാവനം ചെയ്ത ഭാഷയ്ക്കും ഭാവുകത്വത്തിനും അപ്പുറം പറക്കാന്‍ പില്ക്കാല മലയാളകവിതക്കായിട്ടില്ല’. ഇതിനോടു യോജിക്കാനാവില്ല. ഡേവിസ് തന്റെ ആസ്വാദനത്തിന്റെ യാഥാസ്ഥിതിക മുഖം പരിചയപ്പെടുത്തുകയാണ്. മലയാള കവിതയില്‍ ചങ്ങമ്പുഴയും കടമ്മനിട്ടയും ഇടശ്ശേരിയും സുഗതകുമാരിയും എ. അയ്യപ്പനും വ്യത്യസ്ത മുഖമുള്ളവരായി കാണാവുന്നതാണ്.ഇവര്‍ ഓരോരുത്തരും കാവ്യപരമായി സ്വയം ദര്‍ശിച്ച് രൂപപ്പെട്ടവരാണ്. ഇവര്‍ കവിതയെ നവീകരിച്ചില്ല എന്ന് പറയുന്നത് അസഹനീയമായ പാരമ്പര്യവാദമാണ്.

നുറുങ്ങുകള്‍

$ഗ്രാമങ്ങളുടെ ചരിത്രത്തിനു അവസാനമില്ല. എന്നാല്‍ ഒരു നോവലിലോ കഥയിലോ അത് വരുന്നതോടെ ചരിത്രം കുറേക്കൂടി വിശ്വസിക്കാവുന്ന ഒന്നായി മാറുന്നു.

$കൊളമ്പിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ One hundred years of solitude(1967)- എന്ന നോവല്‍ ലാറ്റിനമേരിക്കയുടെ ഏറ്റവും വിശ്വാസയോഗ്യമായ ചരിത്രമാണെന്ന് പ്രമുഖ വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു.

$വി.എസ്. ഖാണ്ഡേക്കറുടെ ‘യയാതി’ മഹത്തായ ഒരു ഇന്ത്യന്‍ നോവലാണ്. ഇന്ത്യയ്ക്ക് വെളിയില്‍ വേണ്ടപോലെ ഈ കൃതി അറിയപ്പെട്ടില്ല എന്ന യാഥാര്‍ത്ഥ്യം വിഷമകരമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

$ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയ പി.വത്സലയെ ആ പക്ഷം ഇപ്പോള്‍ തഴഞ്ഞിരിക്കയാണ്. എന്നാല്‍ പി.വത്സല ഒരു സ്വതന്ത്ര എഴുത്തുകാരിയായതില്‍ സന്തോഷമുണ്ട്.

$വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഒരു ദിവസം തനിച്ചു താമസിക്കേണ്ടി വന്നതിനെക്കുറിച്ച് എം.ഗോവിന്ദന്‍ ഒരു കഥയെഴുതിയിട്ടുണ്ട്. ‘ബഷീറിന്റെ പുന്നാര മൂഷികന്‍’ എന്നാണ് പേര്. ആ മൂഷികനെ ബഷീര്‍ വളര്‍ത്തുന്നതാണത്രേ. ബഷീറിന്റെ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ കഴിവുള്ള മൂഷികനായിരുന്നു അത്.

$ചൈനീസ് എഴുത്തുകാരന്‍ യു ഹുവ (yu Hua ) യുടെ Chronicle of a Blood merchant (ഒരു രക്ത വില്പനക്കാരന്റെ പുരാവൃത്തം, 1995) 1940 മുതല്‍ 1980 വരെയുള്ള സാംസ്‌കാരിക വിപ്‌ളവകാലത്തെ ദാരിദ്ര്യത്തിന്റെയും അലച്ചിലിന്റെയും കഥയാണ് പറയുന്നത്. ഒരു ഫാക്ടറി തൊഴിലാളി കുടുംബം പോറ്റാന്‍ രക്തവില്പന തൊഴിലായി സ്വീകരിക്കുന്നതിന്റെ ദുരിതദിനങ്ങളാണ് നോവലില്‍ വിവരിക്കുന്നത്.

Share15TweetSendShare

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies