മഹാകവി അക്കിത്തത്തിന് പത്മശ്രീയും ജ്ഞാനപീഠവുമൊക്കെ വാങ്ങിക്കൊടുത്തത് ആരാണെന്നറിയാമോ? നമ്മുടെ സംസ്ഥാന നിയമമന്ത്രി ഏ.കെ. ബാലന്! അങ്ങേര് ജ്ഞാനപീഠം അവാര്‍ഡുമായി ബന്ധപ്പെട്ട അവസാന ജൂറി കമ്മറ്റിയിലെ ഒരാളായ പ്രഭാവര്‍മ്മയെ കൈമണിയടിച്ച് സംഘടിപ്പിച്ചതാണ് ഈ ജ്ഞാനപീഠം. ഇക്കാര്യം അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയും ചെയ്തു. സാംസ്കാരിക വകുപ്പു മന്ത്രിയായ ഉടനെ ബാലന്സഖാവ് ചെയ്തകാര്യം എന്താണെന്നറിയാമോ? അക്കിത്തത്തിനു പത്മശ്രീ നല്‍കണം എന്ന ശുപാര്‍ശ ദില്ലിയ്ക്ക് അയച്ചുകൊടുത്തു. ബാലന്റെ ശുപാര്‍ശയല്ലേ, അതു തള്ളാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? പുരസ്കാര നിര്‍ണ്ണയ സമിതിക്കാര്‍ കണ്ണുംപൂട്ടി അതംഗീകരിച്ചു. ഇതൊക്കെ നാട്ടുകാര്‍ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്നതുകൊണ്ടുമാത്രമാണ് (അഹങ്കാരം കൊണ്ടല്ല എന്ന് സാരം) ബാലന് സഖാവ് ഇതെല്ലാം എണ്ണിയെണ്ണി പറഞ്ഞത്. ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിന് ഇപ്പോള്‍ ബാലന്റെ വേഷമാണോ എന്നേ ഇതു കേട്ടവര്‍ക്ക് സംശയമുള്ളൂ.
2007ല്‍ ജ്ഞാനപീഠ ജൂറി കമ്മറ്റിയുടെ മുമ്പിലുണ്ടായിരുന്ന ഒന്നാമത്തെ പേര് അക്കിത്തത്തിന്റെതായിരുന്നു. എന്നാല്‍ അത് അട്ടിമറിച്ച് ഒ.എന്‍.വി.കുറുപ്പിന് പുരസ്കാരം നല്കാന് കരുനീക്കിയത് ഇടതുപക്ഷത്തിന്റെ സ്വന്തക്കാരനായ സച്ചിദാനന്ദനായിരുന്നു. സംഘപരിവാറിന്റെ ആളാണ് അക്കിത്തം എന്നതായിരുന്നു തഴയാനുള്ള കാരണം. ഇടത് സഹയാത്രികന് എന്നതായിരുന്നു ഒ.എന്‍.വി.യ്ക്കുള്ള മേന്മ. തപസ്യ അദ്ധ്യക്ഷനായ അക്കിത്തത്തെ പരമാവധി തഴയാനും എഴുത്തച്ഛന് പുരസ്കാരം പോലും നല്‍കുന്നത് നീട്ടിക്കൊണ്ടുപോകാനും ഇടതുസാഹിത്യ ദല്ലാളന്മാര് ശ്രമിച്ചിരുന്നു. ഇതൊക്കെ പച്ചയായി അറിയുന്ന മലയാളികളോടാണ് താനാണ് അക്കിത്തത്തിന് ജ്ഞാനപീഠം വാങ്ങിക്കൊടുത്തത് എന്ന് ബാലന് മന്ത്രി വീരവാദം മുഴക്കുന്നത്.