ഇത്ര ശുദ്ധനും ശാന്തനും സമാധാനപ്രിയനും സാത്വികനുമായ ഒരു സംസ്ഥാന സെക്രട്ടറി വേറെ ഏതു പാര്‍ട്ടിയ്ക്കുണ്ട്? കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി ലഭിച്ചത് സി.പി.എമ്മിന്റെ പരമഭാഗ്യം. സംശയമുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞത് ഒന്ന് കേട്ടുനോക്കൂ. ‘സഖാക്കളേ, രണ്ട് അംഗങ്ങളെ കൊന്നതിന് പകരം രണ്ടുപേരെ കൊലപ്പെടുത്തുകയെന്നത് സി.പി.എമ്മിന്റെ ശൈലിയല്ല. ഞങ്ങള്‍ സമാധാനത്തിനായി നിലക്കൊള്ളുന്നു. സമാധാനം തകര്‍ക്കാനുള്ള ശ്രമത്തില്‍ പെടരുത്. കോണ്ഗ്രസ്സുകാര് ഉണ്ടാക്കുന്ന പ്രകോപനം ആസൂത്രിതമാണ്. ആ കെണിയില്‍ വീഴാതെ ആത്മസംയമനം പാലിക്കണം.’ മഹാത്മാഗാന്ധിപോലും ഇത്രയും ഉദാത്തമായ ഒരു ഉപദേശം അണികള്‍ക്ക് കൊടുത്തിട്ടുണ്ടോ എന്നും സംശയമാണ്. ഇതുകൊണ്ടും തീര്‍ന്നില്ല സഖാവിന്റെ ആത്മസംയമന ഉപദേശം. ”നമ്മള് അക്രമിക്കപ്പെട്ടാല്‍ സ്വാഭാവികമായി രോഷവും പ്രതികാര മനോഭാവവും ഉണ്ടാകും. അങ്ങനെ അക്രമത്തിലേയ്ക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് ശ്രമം. അതിനാല്‍ കോണ്‍ഗ്രസ് ആപ്പീസുകള്‍ അക്രമിക്കാനോ കേടുവരുത്താനോ പോകരുത്.”
വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ പരിപാടിയില്‍ പാര്‍ട്ടി അണികള്‍ക്ക് ശാന്തിമന്ത്രം ഉപദേശിക്കുന്ന ഈ മഹാന് ഗാന്ധിയോ ബുദ്ധനോ അതോ യേശുവോ എന്നൊന്നും സംശയിക്കരുത്. ബാലകൃഷ്ണന് സഖാവിനെ അടുത്തറിയുന്ന കുട്ടിസഖാക്കള്‍ക്ക് അദ്ദേഹത്തിന്റെ ഉപദേശം എങ്ങനെ നടപ്പാക്കണമെന്ന് നന്നായറിയാം. പോലീസ് സ്റ്റേഷനില്‍ വെച്ചും ഞങ്ങള്‍ ബോംബുണ്ടാക്കുമെന്നും വരമ്പത്തുകൂലി നല്‍കുമെന്നും സഖാവ് പ്രസംഗിച്ചപ്പോള്‍ കുട്ടിസഖാക്കള്‍ കത്തിയും ബോംബും കൊണ്ട് അതിന്റെ വ്യാഖ്യാനം ചമച്ചു. പുതിയ സമാധാനപ്രസംഗത്തിന്റെ വൈരുദ്ധ്യാധിഷ്ഠിത വ്യാഖ്യാനം എന്താണ് എന്നും കുട്ടിസഖാക്കള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടിവന്നില്ല. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തും കോണ്‍ഗ്രസ്സുകാരുടെ വീടുകള്‍ അക്രമിച്ചും കോടിയേരിയുടെ ആത്മസംയമന ഉപദേശം അവര്‍ നടപ്പാക്കി. ഇപ്പോള്‍ മനസ്സിലായില്ലേ ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന്.