മഹാത്മാഗാന്ധിയുടെ ഇരുവശത്തും ആഭാഗാന്ധിയും മനുബന്നും നിന്ന സ്ഥാനത്ത് 1920 ആഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് നിന്നത് ചെമ്പ്രശ്ശേരി തങ്ങളും വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖസാഹിത്യ കോകിലത്തിന് ഇങ്ങനെയും ഭാവന ചെയ്യാം. എഴുത്തുകാരന്റെ ഭാവനയല്ലേ, അതിനു സഞ്ചരിക്കാന്‍ പറ്റാത്ത കുമാര്‍ഗ്ഗങ്ങളില്ല എന്നു ഒരു കവി തന്നെ എഴുതിയിട്ടുണ്ടല്ലോ. ആലങ്കോട് ലീലാകൃഷ്ണന്റെ ഭാവനാ ലീലകള്‍ അത്രയ്ക്ക് അങ്ങ് പോയിട്ടില്ല എന്നത് മലയാളിയുടെ ഭാഗ്യം. 1921 സപ്തംബര്‍ 22ന് മഥുരയില്‍ വെച്ചാണ് ഗാന്ധിജി മേല്‍വസ്ത്രം ഉപേക്ഷിച്ച് അര്‍ദ്ധനഗ്നനായ ഫക്കീറായത്. എന്നാല്‍ ലീലാകൃഷ്ണന്റെ ഭാവനാലീലയില്‍ അത് ഒരു കൊല്ലം മുമ്പ് 1920 ആഗസ്റ്റിലായി. കടപ്പുറത്ത് തടിച്ചുകൂടിയ മുപ്പതിനായിരത്തിലേറെയുളള ജനസഞ്ചയത്തിന്റെ കാനേഷുമാരി കണക്കെടുത്ത് പകുതിയിലേറെ മലബാറിലെ മുസ്ലീം ജനതയാണെന്നും കവി കോകിലം കണ്ടെത്തി. മാധവമേനോനും കെ. കേളപ്പനുമൊപ്പം തോളോട് തോളുരുമ്മിയത് ചെമ്പ്രശ്ശേരി തങ്ങളും വാരിയംകുന്നനും. ഹാ! എന്തൊരു ഭാവന.
നേരത്തെ ഈ ഭാവന പെരുന്തച്ചന്റെ മതം തേടിപ്പോയിരുന്നു. കേസരി എ. ബാലകൃഷ്ണപിള്ള കൊടുത്തു എന്നു പറയുന്ന ജനന സര്‍ട്ടിഫിക്കറ്റു വെച്ച് പെരുന്തച്ചന്റെ കഴുത്തില്‍ കൊന്ത ചാര്‍ത്തുകയും ചെയ്തിരുന്നു. ഇത്തരം ഭാവനകള്‍ കൊറോണയേക്കാള്‍ മാരകമായി പടരുകയാണ് കേരളത്തില്‍. ഫെയ്‌സ്ബുക്കിനെ വിലയ്‌ക്കെടുക്കാന്‍, പത്രക്കാരെ വിലയ്‌ക്കെടുക്കാന്‍ എന്നീ കഥകള്‍ ചമയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കാണ് വിലയ്‌ക്കെടുക്കപ്പെടുന്നവരുടെ വിലയറിയുന്നത്. തങ്ങളുടെ പത്രവും വാരികയും വഴി ഇവര്‍ കേരളത്തിലെ എഴുത്തുകാരില്‍ ചിലരെ വിലയ്‌ക്കെടുക്കുന്നു എന്നു നിഷ്പക്ഷരായ പലരും വിളിച്ചുപറഞ്ഞിട്ടുണ്ട്. ചില രാമനുണ്ണിമാര്‍ വിലയ്‌ക്കെടുക്കപ്പെട്ട് വിലയില്ലാത്തവരായി മാറിയിട്ടുമുണ്ട്. ലീലാകൃഷ്ണന്റെ ഭാവനാ ലീലകള്‍ക്ക് എത്ര വില നല്‍കി എന്നേ മലയാളി വായനക്കാര്‍ക്കറിയേണ്ടതുള്ളു. ഇത്തരം എഴുത്തുകാരുടെ പിതൃത്വം സംബന്ധിച്ച് ചിലര്‍ ചില ഭാവനാഎഴുത്തുകള്‍ കുറിച്ചിട്ടാല്‍ കുറ്റം പറയരുത് കെട്ടോ.