ചൈനാപ്രേമം മാര്‍ക്‌സിസ്റ്റുകാരുടെ ട്രേഡ്മാര്‍ക്കാണ്. ചൈനയെ കുറ്റം പറഞ്ഞാല്‍ സഖാക്കള്‍ക്ക് സഹിക്കില്ല. ചൈന ഭാരതത്തിന്റെ മണ്ണ് കയ്യേറിയതിന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ന്യായം കണ്ടെത്തിയ ആളാണ് ഇ.എം.എസ്. മാവോയുടെ സാംസ്‌കാരിക വിപ്ലവം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മാര്‍ക്‌സിസ്റ്റു മുഖ്യമന്ത്രിമാര്‍ ആവോളം ശ്രമിച്ചിരുന്നു. കേരളചരിത്രരചനയ്ക്ക് മുമ്പ് ഇ.എം.എസ്സിന്റെ ഉപദേശം തേടണമെന്നു ചരിത്രകാരനായ ശ്രീധരന്‍നായരോട് പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നല്ലോ. സാംസ്‌കാരിക വിപ്ലവം മാത്രമല്ല മാവോയുടെ ‘കിച്ചന്‍ ക്യാബിനറ്റ്’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘത്തെ തന്റെ വകുപ്പില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വിജയന്‍ സഖാവ് ഇ.എം.എസ്സിനെയും കടത്തിവെട്ടിയിരിക്കയാണ്. മാവോയുടെ കുപ്രസിദ്ധമായ ‘നാല്‍വല്‍സംഘം’ പാര്‍ട്ടിയ്ക്കും മീതെയായിരുന്നു. മാവോയുടെ മൂന്നാം ഭാര്യ ജിയാങ് ക്വിങ്ങ്, ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങളായ സാങ്ങ് ചിങ്ങ് കിയോ, യാവോ മെന്‍യുവാന്‍, വാങ്‌പോങ് വെന്‍ എന്നിവരായിരുന്നു നാല്‍വല്‍ സംഘം. പോളിറ്റ് ബ്യൂറോവിനും മീതെയായിരുന്നു ഇവര്‍. പ്രസ്സും പബ്ലിസിറ്റിയും വരെ നിയന്ത്രിച്ചത് ഇവരായിരുന്നു. മാവോയുടെ രാഷ്ട്രീയവും ആശയപരവുമായ കാവല്‍ നായകള്‍ എന്നതായിരുന്നു അവരുടെ നിലപാട്. പരാതി ശക്തമായപ്പോള്‍ ഇവരെ ‘നാല്‍വര്‍സംഘം’ എന്ന് ശകാരിച്ചെങ്കിലും ഒരു നടപടിപോലും സ്വീകരിച്ചില്ല മാവോ.
ഇനി വിജയന്‍ സഖാവിന്റെ കേരള ഭരണത്തിലേ്ക്ക് വരാം. അവിടെയും സഖാവിന്റെ കാവല്‍നായ്ക്കളായി നാല്‍വര്‍ സംഘം ഉണ്ട്. മാവോയുടെ ഭാര്യയുടെ സ്ഥാനത്ത് വിജയന്‍ സഖാവിന്റെ മകളുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ശിവശങ്കരന്റെയും അരുണ്‍ ബാലചന്ദ്രന്റെയും ജോണ്‍ ബ്രിട്ടാസിന്റെയും പേരാണ് നാല്‍വര്‍ സംഘത്തിലെ മറ്റ് മൂന്ന് അംഗങ്ങളായി കേള്‍ക്കുന്നത്. ഇവര്‍ പാര്‍ട്ടി സെക്രട്ടറിക്കും മീതെയാണ്. ഒരാള്‍ മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെങ്കില്‍ രണ്ടാമന്‍ ഐ.ടി. ഫെല്ലോയും മൂന്നാമന്‍ മാധ്യമ ഉപദേശകനുമാണ്. പത്രക്കാരെയും ജനങ്ങളെയും മാത്രമല്ല സഖ്യകക്ഷികളെപ്പോലും ഉപദേശിക്കാന്‍ മുഖ്യന്‍ സഖാവ് നിശ്ചയിക്കുന്നത് ഈ അവതാരങ്ങളെയാണ്. ആരോപണങ്ങള്‍ ഏറെ വന്നപ്പോഴും ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിയ്ക്കും എന്നു പറയുകയല്ലാതെ വകുപ്പുതല ശിക്ഷാനടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ല. മാവോയുടെ മരണശേഷം നാല്‍വര്‍ സംഘത്തിനു നേരെ നടന്ന കുറ്റവിചാരണവേളയില്‍ ജിയാങ്ങ് പറഞ്ഞത് ”ഞാന്‍ ചെയര്‍മാന്‍ മാവോയുടെ പട്ടിയാണ്. അദ്ദേഹം പറഞ്ഞപ്പോള്‍ കടിച്ചു എന്നേയുള്ളു” എന്നാണ്. എന്‍.ഐ.എ. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കരന്‍ പറയുക ഇങ്ങനെത്തന്നെയാവുമോ എന്നേ കണ്ടറിയാനുള്ളു.





















