ശ്രീരാമചന്ദ്രന്‍ ഇനി മുതല്‍ ശംഭുകനെ കൊന്ന സവര്‍ണ്ണ മേധാവിയല്ല; സീതയെ കാട്ടിലയച്ച സ്ത്രീവിരുദ്ധനുമല്ല, പകരം ശുദ്ധ സഖാവാണ്. കമ്മ്യൂണിസ്റ്റ് നേപ്പാളിന്റെ പ്രധാനമന്ത്രി ശര്‍മ്മ ഒലി രാമന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ക്കഴിഞ്ഞിട്ടുണ്ട്. ഇനി സഖാവ് രാമനുവേണ്ടി പാര്‍ട്ടിയ്ക്ക് ഫണ്ടു പിരിക്കാം. കുറച്ചുകാലമായി കേരളത്തിലെ സഖാക്കള്‍ ഇതിന് ഒരവസരം കാത്തിരിക്കുകയായിരുന്നു. വിശാല ഹിന്ദു സമ്മേളനത്തിന്റെ നേതാക്കളായ പി.പരമേശ്വരനും ഏ.ആര്‍. ശ്രീനിവാസനും കര്‍ക്കടക മാസം രാമായണമാസമായി ആചരിക്കണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ പല്ലും നഖവുമെടുത്ത് പ്രതിരോധിച്ചവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. തിരുനെല്ലൂര്‍ കരുണാകരനും പുരോഗമനകലാസാഹിത്യസംഘവും യുദ്ധത്തിന്റെ മുന്നണിപ്പോരാളികളായി. എന്നാല്‍ നാലുപതിറ്റാണ്ടുപോലും കഴിയുംമുമ്പ് രാമായണമാസം പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു. കര്‍ക്കടകം ഒന്നിന് പാര്‍ട്ടി പത്രത്തില്‍ രാമായണലേഖനം നിര്‍ബ്ബന്ധമായി.
രാമജന്മഭൂമിയായ അയോദ്ധ്യയില്‍ ബാബരി പള്ളി തന്നെ പണിയണം എന്ന് യച്ചൂരിക്കും കാരാട്ടിനും മുസ്ലിംനേതാക്കളേക്കാള്‍ നിര്‍ബ്ബന്ധമായിരുന്നു. അതിനുവേണ്ടി ഇര്‍ഫാന്‍ ഹബീബ് കള്ളച്ചരിത്രം ഉണ്ടാക്കി മുസ്ലീങ്ങളെ തെറ്റിദ്ധരിച്ചു തെരുവിലിറക്കി. ഒടുവില്‍ കോടതിയില്‍ എല്ലാം പൊളിഞ്ഞ് നാണം കെട്ട് കഴിയുമ്പോഴാണ് തങ്ങളുടെ പഴയ ജെ.എന്‍.യു സുഹൃത്തുക്കളായ നേപ്പാള്‍ കമ്മ്യൂണിസ്റ്റുകള്‍ രക്ഷക്കെത്തിയത്. രാമന്‍ ജനിച്ചത്. യു.പി.യിലല്ല, നേപ്പാളിലെ തോറി ഗ്രാമത്തിലാണ് എന്നാണ് കമ്മ്യൂണിസ്റ്റുകാരനായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി പറഞ്ഞത്. ദശരഥന്‍ നേപ്പാളിലെ രാജാവായിരുന്നു, അതിനടുത്ത സ്ഥലമാണ് ജനകപൂര്‍. അവിടുത്തുകാരി സീതയെയാണ് രാമന്‍ വിവാഹം ചെയ്തത്. മൊബൈലും ടെലഫോണുമൊന്നുമില്ലാത്ത അക്കാലത്ത് ദൂരെ യു.പിയില്‍ പോയി സീതയ്ക്ക് വരനെ കണ്ടെത്തില്ല എന്നിങ്ങനെയുള്ള ന്യായങ്ങളും അദ്ദേഹത്തിനുണ്ട്. അയോദ്ധ്യയിലെ രാമനല്ല, നേപ്പാളിലെ കമ്മ്യൂണിസ്റ്റ് രാമനാണ് യഥാര്‍ ത്ഥ രാമന്‍ എന്ന് യച്ചൂരിക്കും കാരാട്ടിനും സമര്‍ത്ഥിക്കാന്‍ ഇനി വേറെ തെളിവുവേണ്ടല്ലോ. നേപ്പാളില്‍ സഖാവ് ഓലിയുടെ വക രാമക്ഷേത്രം പണിയുന്നതിനെന്ന പേരില്‍ കേരളത്തിലെ സഖാക്കള്‍ക്ക് ബക്കറ്റ് പിരിവെടുക്കാം; ഒപ്പം മുഷ്ടിചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിക്കാം: ‘നേപ്പാളില്‍ ചോരചെങ്കൊടി പാറിച്ച സഖാവ് രാമന്‍ സിന്ദാബാദ്.’