ഇടതുപക്ഷ ബുദ്ധിജീവികളുടെ ബൗദ്ധികദാരിദ്ര്യം എന്ന് പറഞ്ഞാല്‍ ചങ്ങാടത്തില്‍ കുടുങ്ങി കടലില്‍ ഒഴുകിയെത്തിയ കാട്ടുനായയുടെ അവസ്ഥയാണ്. കരകാണാക്കടലലമാലകള്‍ക്ക് നടുവില്‍ കണ്ണീരൊലിപ്പിക്കാനല്ലാതെ കടല്‍വെള്ളം തുള്ളി കുടിക്കാന്‍ നായയ്ക്കാവില്ലല്ലോ. അതുപോലെ ഭൂമിമലയാളത്തിലെ സകല ചരിത്രപുസ്തകങ്ങളും അരച്ചുകലക്കിക്കുടിക്കും, പക്ഷെ അതുകൊണ്ട് തനിയ്‌ക്കോ, പാര്‍ട്ടിക്കോ, സമൂഹത്തിനോ യാതൊരു ഗുണമില്ലെന്നതോ പോട്ടെ പക്ഷെ വിപരീതഫലമുളവാക്കിയാലോ? അത്തരത്തിലൊരു പ്രസ്താവനയായിരുന്നു പ്രശസ്ത ഇടതുപക്ഷ ബുദ്ധിജീവിയായ കെ.ഇ.എന്‍.കുഞ്ഞഹമ്മദിന്റെ ”തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീരചെഗുവേരയാണ് ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി” എന്ന ഫേസ്ബുക്ക് പോസ്റ്റ്.
ഇടതുപക്ഷ ബുദ്ധിജീവികളുടെ പ്രധാന ലക്ഷണം തന്നെ തനിക്ക് അറിഞ്ഞാലും, ഇല്ലെങ്കിലും, അറിഞ്ഞതും, അറിയാത്തതുമായ ഏത് വിഷയത്തിലും തൂങ്ങിക്കയറി അഭിപ്രായം പറയുക എന്നതാണല്ലോ. പലപ്പോഴും അത് ”അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും” എന്നായിത്തീരുകയും ചെയ്യും. സ്വന്തം ബുദ്ധിശൂന്യത പൊതുജനസമക്ഷം അവതരിപ്പിക്കാനല്ലാതെ ആ അഭിപ്രായം പറച്ചില്‍കൊണ്ട് വേറെയൊന്നും നേടാനില്ല.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേരയെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ ചിന്തകനായ കെ.ഇ.എന്‍.കുഞ്ഞഹമ്മദിന് യഥാര്‍ത്ഥത്തില്‍ ചെഗുവേരയെയും അറിയില്ല, വാരിയംകുന്നനെയും അറിയില്ല; മലയാള രാജ്യത്തെക്കുറിച്ചാണെങ്കില്‍ ഒരു ധാരണയുമില്ല എന്നുവേണം സാമാന്യബുദ്ധിയുള്ള മലയാളികള്‍ മനസ്സിലാക്കാന്‍. അതും പോരാഞ്ഞു മലയാളികളുടെ മാതൃരാജ്യം സ്ഥാപിച്ച മാപ്പിള ലഹളയുടെ നേതാവാണ് കുഞ്ഞഹമ്മദ് ഹാജി എന്നുകൂടി അദ്ദേഹം പ്രഖ്യാപിച്ചുകളഞ്ഞു. മാപ്പിള ലഹളയുടെ നേതാവാണ് കുഞ്ഞഹമ്മദ് ഹാജി എന്നതില്‍ ആരും തര്‍ക്കിക്കില്ല. എന്നാല്‍ മാപ്പിളലഹളയും, മലയാളികളുടെ മാതൃരാജ്യവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാല്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എന്നിട്ടും മാപ്പിള ലഹളയെന്നും, മലയാളികളുടെ മാതൃരാജ്യമെന്നുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് എന്തൊക്കെയോ ദുഷ്ടലാക്കോടുകൂടിത്തന്നെയാണ്. ‘മലയാളികളുടെ മാതൃരാജ്യം സ്ഥാപിച്ച മാപ്പിള ലഹളയുടെ എന്ന് പറയുമ്പോള്‍ മാപ്പിള ലഹളയിലൂടെയാണോ മലയാളികള്‍ക്ക് മാതൃരാജ്യം ഉണ്ടായത് എന്ന ചോദ്യം ഉയരും. അസ്ഥാനത്തുള്ള മലയാളികളുടെ മാതൃരാജ്യം എന്ന പ്രയോഗം കെ.ഇ.എന്‍.കുഞ്ഞഹമ്മദിന് അറിയാതെ സംഭവിച്ച പിഴവൊന്നുമല്ല. ഭാരതത്തില്‍ നിന്നും മലയാളികളെ വേറിട്ട് നിര്‍ത്തുന്ന സ്വത്വപ്രയോഗമാണ് ഇതെന്നതാണ് സത്യം. പണ്ട് ഇ.എം.എസ്.നമ്പൂതിരിപ്പാട് കേരളം മലയാളികളുടെ മാതൃഭൂമിയെന്നൊരു പുസ്തകം എഴുതി മലയാളികളുടെ മനസ്സിലും വിഘടനവാദം വളര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അത് മുളയിലേ കരിഞ്ഞുപോയത് വേറൊരു ചരിത്ര സത്യം. 1947 ന് മുമ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു ദേശീയതയാണെന്നും അതുകൊണ്ട് ഭാരതം രണ്ടായി വിഭജിക്കണമെന്നും മുസ്ലിംലീഗുകാര്‍ പറഞ്ഞപ്പോള്‍ രണ്ടല്ല ഭാരതത്തില്‍ 17 ദേശീയതകളുണ്ട് അതുകൊണ്ട് ഭാരതം 17 കഷ്ണങ്ങളായി വിഭജിക്കണമെന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പറഞ്ഞു പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റ് വിഘടനവാദ തന്ത്രം തരം കിട്ടിയപ്പോള്‍ ഇടതു ചിന്തകനായ കുഞ്ഞഹമ്മദ് എടുത്തു പ്രയോഗിച്ചുവെന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
സത്യത്തില്‍ ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് ചോദിച്ചാല്‍ നിക്ഷ്പക്ഷമായി ചരിത്രം പഠിച്ച ആരും സംശയലേശമെന്യേ പറയും 1921 ലെ മലബാര്‍ മാപ്പിള ലഹളയില്‍ മലബാറിലെ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത കൊടിയ വര്‍ഗ്ഗീയവാദിയാണ് എന്ന്. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മലബാര്‍ മാപ്പിള ലഹള ഹിന്ദുവംശഹത്യയല്ല, മറിച്ചു സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെയും, ജന്മിത്വത്തിനെതിരെയുമുള്ള കാര്‍ഷികകലാപമായിരുന്നു. ഇത് മലബാര്‍ മാപ്പിള ലഹളക്കാലത്ത് ജീവനുവേണ്ടി ഉടുമുണ്ടുമായി രായ്ക്കുരാമാനം ഓടിയൊളിച്ച കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോള്‍ ഇടതു ചിന്തകനായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് വരെ പ്രചരിപ്പിക്കുന്ന കാര്യമാണ്. എപ്പോഴെക്കെ സൗകര്യം കിട്ടിയോ അപ്പോഴെല്ലാം മലബാര്‍ മാപ്പിള ലഹളയെ ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷകരുടെ സായുധ സമരമാക്കി വെള്ളപൂശാന്‍ തരംപോലെ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കര്‍ഷകരുടെ സായുധ സമരത്തില്‍ നിര്‍ബന്ധിതമായി ഹിന്ദുക്കളെ മുസഌങ്ങളായി മതംമാറ്റിയതെന്തിന് എന്ന ചോദ്യത്തിന് ഒരു മറുപടിയുമില്ലതാനും. ആയിരങ്ങള്‍ ജീവഭയത്താല്‍ മതംമാറിയ സംഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് അതെല്ലാം ഇന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. അതുകൊണ്ടുതന്നെ ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ചോദിച്ചാല്‍ തക്ബീര്‍ മുഴക്കിയ മലയാളികളുടെ ധീര ചെഗുവേരയല്ല മറിച്ചു മാപ്പിള ലഹളയുടെ മറവില്‍ മലബാറിലെ ഹിന്ദുക്കളുടെ കഴുത്തുവെട്ടി ചോരയൂറ്റിക്കുടിച്ച ഡ്രാക്കുളയാണ് ഹാജിയെന്നതാണ് ചരിത്രം നല്‍കുന്ന മറുപടി.
ആരാണീ ചെഗുവേര? ചെഗുവേരയ്ക്ക് കേരളത്തിലെന്തു കാര്യം? ഇന്ന് ചില ഇടതുപക്ഷ ചരിത്രകാരന്മാര്‍ ചെഗുവേരയെ മുണ്ടുടുപ്പിച്ചും, മുറിബീഡി വലിപ്പിച്ചും ചായക്കടയിലിരുത്തിയും ചിത്രങ്ങളും, കാരിക്കേച്ചറുകളും വരച്ചു മലയാളിത്തം അടിച്ചേല്‍പ്പിച്ചു മലയാളീകരിച്ചിരിക്കുകയാണ്. ഈ നിലയില്‍പോയാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ അര്‍ജന്റീനയല്ല കരിവെള്ളൂരാണ് ചെഗുവേരയുടെ ജന്മനാടെന്ന് കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിക്കും. അര്‍ജന്റീനയ്ക്ക് പണ്ടേ ചെഗുവേരയെ ആവശ്യമില്ല. അതുകൊണ്ട് ചെഗുവേരയുടെ ഉടമസ്ഥാവകാശം കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് സസന്തോഷം അവര്‍ എഴുതിനല്‍കും.
അര്‍ജന്റീനയില്‍ ജനിച്ച ചെഗുവേരയെ ഇന്ന് അര്‍ജന്റീനക്കാര്‍ക്ക് പോലും വേണ്ട. പക്ഷെ ചെഗുവേര കേരളത്തില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും തോരണങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്. ചെഗുവേര കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ വാഴ്ത്തപ്പെട്ടവനായി അവതരിച്ചിട്ട് അധികം വര്‍ഷങ്ങളൊന്നും ആയിട്ടില്ല. 1967 ഒക്ടോബര്‍ 9 നാണ് ബൊളീവിയന്‍ പട്ടാളക്കാരുടെ കയ്യിലകപ്പെട്ട് ചെഗുവേര കൊലചെയ്യപ്പെടുന്നത്. വധിക്കപ്പെടുന്ന സമയത്ത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ കുറച്ചൊക്കെ അറിയപ്പെടുന്നയാളായിരുന്നു ചെഗുവേര. പ്രത്യേകിച്ചും വൈദ്യശാസ്ത്ര ബിരുദവും, സാമാന്യം സാഹിത്യത്തില്‍ അറിവും ഉണ്ടെന്നായിരുന്നു അയാളെക്കുറിച്ചു അന്നത്തെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ധരിച്ചിരുന്നത്. അത്തരത്തിലുള്ള ഒരുപാട് എഴുത്തുകളും സാഹിത്യങ്ങളും ഡയറിക്കുറിപ്പുകളും ചെഗുവേരയെക്കുറിച്ചു ഉണ്ടായിരുന്നുതാനും. എന്നിട്ടും ചെഗുവേരയുടെ ചിത്രങ്ങളൊന്നും പഴയകാല കമ്മ്യൂണിസ്റ്റ് പോസ്റ്ററുകളിലൊന്നും ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്മാരായ കാള്‍ മാര്‍ക്‌സ് 1883 ലും ഫ്രഡറിക് എംഗല്‍സ് 1895 ലും മരിച്ചു. കമ്മ്യൂണിസ്റ്റ് ആദര്‍ശപുരുഷനായ വ്‌ലാദിമിര്‍ ലെനിന്‍ 1924 ലാണ് മരിച്ചത്. സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് സേച്ഛാധിപതി ജോസഫ് സ്റ്റാലിന്‍ 1953 ലും കമ്മ്യൂണിസ്റ്റ് ചൈനയിലെ ഏകാധിപതി മാവോ സെതൂങ് 1976 ലും മരിച്ചുപോയി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1936 മുതല്‍ സ്വതന്ത്രമായി സംഘടനാ സംവിധാനത്തോടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അന്നുമുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുകളിലും നേതാക്കളുടെയും അനുഭാവികളുടെയും വീടുകളിലും മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും ഫോട്ടോകള്‍ അലങ്കരിച്ചു വെയ്ക്കുന്നത് തുടങ്ങി. ഏതാണ്ട് അതേ കാലത്തുതന്നെ അതായത് 1955 മുതല്‍ ചെഗുവേരയും വിപ്ലവകാരിയായി പേരെടുത്തു കഴിഞ്ഞിരുന്നു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതി ഫിദല്‍ കാസ്‌ട്രോയുടെ വിശ്വസ്തനായ കമാണ്ടറായിരുന്നു ചെഗുവേര.
കമ്മ്യൂണിസ്റ്റുകാര്‍ പണ്ടുമുതലേ വീടിന്റെ ഉമ്മറത്തുള്ള കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കിലും ആഗോളകാര്യങ്ങളെക്കുറിച്ചു നല്ല അവഗാഹമുള്ളവരെന്നായിരുന്നു ധാരണ. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ചെഗുവേരയെക്കുറിച്ച് എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അക്കാലം മുതല്‍ക്കേ അറിയാതിരിക്കാന്‍ വഴിയില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ഫിഡല്‍ കാസ്‌ട്രോയും ഏണസ്റ്റോ ചെഗുവേരയും പക്ഷെ ആ സമയത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അനഭിമതരായിരുന്നു. അന്ന് ഉയര്‍ത്തിപ്പിടിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെയും സോവിയറ്റ് റഷ്യയുടെയും തേനും പാലുമൊഴുകുന്ന കഥകള്‍ മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ മഹാകവി കെ.പി.ഗോവിന്ദന്‍ നമ്പൂതിരി നാണിയുടെ ചിന്തയെന്ന പാട്ടിലൂടെ എഴുതിയ വരികള്‍ ‘സോവിയറ്റെന്നൊരു നാടുണ്ടത്രെ… പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം” എന്നത് കുറച്ചൊന്നുമല്ല കേരളത്തിലെ നിഷ്‌കളങ്കരായ പട്ടിണിപ്പാവങ്ങളെ സ്വാധീനിച്ചത്. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച തന്നെ ഇടതുപക്ഷക്കാരായ കലാസാംസ്‌കാരികപ്രവര്‍ത്തകരുടെ കഴിവിലൂടെയായിരുന്നു. അന്നത്തെ പ്രശസ്ത കാഥികനായിരുന്ന വി.സാംബശിവന്റെ എല്ലാ കഥാപ്രസംഗങ്ങളിലും എങ്ങനെയെങ്കിലുമൊക്കെ കമ്മ്യൂണിസത്തെയും, ചൈനയെയും, സോവിയറ്റ് റഷ്യയേയുമൊക്കെ തിരുകിക്കയറ്റി അവതരിപ്പിക്കുക പതിവായിരുന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്ഷരാഭ്യാസമില്ലാത്ത കര്‍ഷകരെയും, തൊഴിലാളികളെയും ചൈനയിലെയും, സോവിയറ്റ് റഷ്യയിലെയും സങ്കല്പ സ്വര്‍ഗ്ഗങ്ങളുടെ കഥകള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. കമ്മ്യൂണിസത്തിന് ആശയപരമായി വളക്കൂറുള്ള മണ്ണായി ഇടതുപക്ഷക്കാരായ കലാസാംസ്‌കാരികപ്രവര്‍ത്തകര്‍ കേരളത്തെ ഉഴുതുമറിച്ചു. റഷ്യയില്‍ അക്കാലത്ത് തൊഴിലാളികള്‍ക്ക് അഞ്ചു മണിക്കൂര്‍ ജോലിയും അന്തിയ്ക്ക് മതിവരുവോളം വോഡ്കയും എന്നായിരുന്നു ഈ പാര്‍ട്ടിപാണന്മാര്‍ പാടി പ്രചരിപ്പിച്ചിരുന്നത്. കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് എന്ന കെ.പി.എ.സിയുടെ അക്കാലത്തെ നാടകങ്ങളിലൂടെ കേരളത്തില്‍ കമ്മ്യൂണിസം ജനമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി. പക്ഷെ മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ മാത്രമേ ജനമനസ്സുകളിലേക്ക് എത്തിയുള്ളൂ. അന്നും ചെഗുവേര പടിയ്ക്ക് പുറത്തായിരുന്നു.
ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച് ഒരുപാട് പ്രചാരണം നടത്തുമെങ്കിലും ഏണസ്റ്റോ ചെഗുവേരയെക്കുറിച്ച് അക്കാലത്ത് വലിയ പ്രചാരണമൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിരുന്നില്ല. കാരണം ഇന്ന് പ്രചരിപ്പിക്കുന്നപോലുള്ള മാഹാത്മ്യമൊന്നും അന്ന് ചെഗുവേരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടിരുന്നില്ല. അതുകൊണ്ടാണ് അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനവേദികളിലും നോട്ടീസുകളിലുമൊന്നും ചെഗുവേര ഇല്ലാതിരുന്നത്. അല്ലാതെ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും ഫോട്ടോ വച്ചതിന് ശേഷം സ്ഥലം തികയാത്തതുകൊണ്ട് ചെഗുവേരയെ ഒഴിവാക്കിയതല്ല.
ഇതേ അവസ്ഥ തന്നെയായിരുന്നു വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടേതും. കാരണം അന്ന് പാര്‍ട്ടി ഇസ്ലാമിസ്റ്റുകള്‍ക്ക് കീഴടങ്ങിയിരുന്നില്ല. അക്കാലത്ത് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനായി മലപ്പുറത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ സമ്മേളനങ്ങളില്‍ മലബാര്‍ മാപ്പിള ലഹളയെ പുകഴ്ത്തി പ്രസംഗിക്കുകയും, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കാര്‍ഷിക കലാപത്തിന് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ്, നമ്മുടെയും നേതാവാണ് എന്നൊക്കെ ഒരു ആവേശത്തിന് പ്രസംഗിക്കുകയും ചെയ്യുമെന്നല്ലാതെ അതില്‍ കൂടുതല്‍ അടവുനയം അന്ന് പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥയാകെ മാറി.
എന്താണ് ചെഗുവേരയും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തമ്മിലുള്ള ബന്ധം? ആരാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്? എന്തിനു വേണ്ടിയാണ് ബന്ധിപ്പിക്കുന്നത്? വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ എന്ന പ്രദേശത്തെ ഒരു പ്രാദേശിക കലാപകാരിയായിരുന്നെങ്കില്‍, ചെഗുവേര ഒരു രാജ്യാന്തര കലാപകാരിയാണെന്നതായിരുന്നു വ്യത്യാസം. അതുപോലെ താരതമ്യപഠനം നടത്തുകയാണെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയും ചെഗുവേരയും തമ്മിലുള്ള പ്രധാന സാമ്യം രണ്ടുപേരും അരാജകവാദികളായ കലാപകാരികളായിരുന്നു എന്നതാണ്. അരാജകവാദം സൃഷ്ടിച്ചു ഇസ്ലാമികരാജ്യം സ്ഥാപിക്കുവാന്‍ ഹാജിയും അരാജകവാദത്തിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരാന്‍ ചെഗുവേരയും ശ്രമിച്ചു. പക്ഷെ രണ്ടുപേരും പരാജയപ്പെട്ടു; അതോടൊപ്പം ജീവനും നഷ്ടപ്പെട്ടു. രണ്ടുപേര്‍ക്കും രക്തസാക്ഷി എന്ന പട്ടം കിട്ടാന്‍പോലും യഥാര്‍ത്ഥത്തില്‍ യോഗ്യതയില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകാരുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ രണ്ടുപേരെയും രക്തസാക്ഷിപ്പട്ടം കൊടുത്ത് പാര്‍ട്ടി ഏറ്റെടുത്തു.
മലബാര്‍ മാപ്പിള ലഹളയെന്ന ഹിന്ദു വംശഹത്യയെ കര്‍ഷക സായുധ മുന്നേറ്റമായി വെള്ളപൂശി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷിയായി ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് ഇസഌമിനെ ഉപയോഗിച്ചുകൊണ്ട് കമ്മ്യൂണിസം പ്രചരിപ്പിക്കാമെന്ന തന്ത്രപരമായ നീക്കമാണ്. അതിനായി പാര്‍ട്ടിയെ ഇസ്‌ലാമികവല്‍ക്കരിക്കാന്‍പോലും കമ്മ്യൂണിസ്റ്റുകള്‍ക്ക് മടിയില്ല. അതില്‍ത്തന്നെ പ്രധാന നേതാക്കളുടെ പെണ്‍മക്കളെയൊക്കെ മുസ്‌ലിം നേതാക്കള്‍ക്ക് നിക്കാഹ് ചെയ്തുകൊടുത്താണ് രാഷ്ട്രീയബന്ധം അരക്കിട്ടുറപ്പിക്കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് തെറ്റിയത് അവിടെയാണ്. കമ്മ്യൂണിസത്തിലൂടെ ഇസ്ലാം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീങ്ങളുടെ മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് തന്ത്രങ്ങള്‍ പിഴച്ചു. ബകനുള്ള ഒരു കാളവണ്ടി ആഹാരം അകത്താക്കുന്ന ഭീമനോട് അരിശം തോന്നിയെങ്കിലും പിന്നീട് ഭീമനും തനിക്കുള്ള ഭക്ഷണമാണെന്നോര്‍ത്ത് ‘ഭക്ഷണം നിന്നുള്ളിലാണെങ്കിലും ഭീമാ നീയെനിക്കുള്ളതല്ലേ’ എന്ന് സന്തോഷിച്ച ബകനെപ്പോലെ ഇസ്ലാമികരാജ്യം സ്ഥാപിക്കാനൊരുങ്ങുന്നവരും ഇന്ന് സന്തോഷത്തിലാണ്. മലബാര്‍ മാപ്പിള ലഹളയെയും, വാരിയംകുന്നനെയുമൊക്കെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമികവാദികളുടെ വയറ്റിലേക്കുള്ളതാണല്ലോ. ഈ ഇസ്ലാമികവാദികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പരസ്പരം ഇരു സംഘടനകളിലും ഒരുമിച്ചു ഒരു മെയ്യായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെങ്ങനെയാണെന്നുവെച്ചാല്‍ സത്യന്‍ അന്തിക്കാടിന്റെ നിത്യഹരിത സിനിമയായ ‘സന്ദേശ’ത്തില്‍ ശങ്കരാടി പറയുന്നതുപോലെ വിഘടനവാദികളും, പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നുവെങ്കിലും അവരുടെ അന്തര്‍ധാര സജീവമായിരുന്നു. അതുപോലെ ഇസ്‌ലാമികവാദികളും കമ്മ്യൂണിസ്റ്റുകളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. അതുകൊണ്ടാണ് ഈ രണ്ടുപേര്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.
അതുപോലെ പൊളിറ്റിക്കല്‍ ആയാലും ശരി റാഡിക്കല്‍ ആയാലും ശരി മുസ്ലീങ്ങളോട് ഐക്യപ്പെടണം അല്ലെങ്കില്‍ തലകാണില്ല എന്ന് ഇ.എം.എസ് മുതല്‍ സുനില്‍ ഇളയിടം വരെയുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ജീവനുവേണ്ടി സന്ധിയാകാം എന്ന ”അടവുനയ”ന്യായത്തില്‍ പാര്‍ട്ടി താത്വികാചാര്യന്മാര്‍ കേഡറുകളെ ഇസ്ലാമിസ്റ്റുകള്‍ക്ക് വശംവദരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് കേരളത്തില്‍ താത്വികമായി ഇസ്ലാമിനെ ഉപയോഗിച്ചു കമ്മ്യൂണിസം പ്രചരിപ്പിക്കാമെന്ന് കമ്മ്യൂണിസ്റ്റുകളും, കമ്മ്യൂണിസ്റ്റുകളെ ഉപയോഗിച്ചു ഇസ്ലാം പ്രചരിപ്പിക്കാമെന്ന് ഇസ്ലാമിസ്റ്റുകളും ചിന്തിക്കുമ്പോള്‍ അവസാനം വിജയിക്കുന്നത്, കമ്മ്യൂണിസത്തിലൂടെ ഇസ്ലാം പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ മുസ്ലീങ്ങളാണ്. തോല്‍ക്കുന്നത് ഇതില്‍ ഒന്നിലും കക്ഷിയല്ലാത്ത ഈ നാട്ടിലെ ഹിന്ദുക്കളും.
ഇടതുപക്ഷത്തെ ഒരു മുസ്ലീം പോലും സ്വന്തം മതത്തെ തള്ളിപ്പറയുന്നത് പോയിട്ട് മതത്തിനെതിരെ പ്രതികരിക്കുക പോലുമില്ല. അവര്‍ സമയാസമയത്ത് നിസ്‌കരിച്ച് അതിനി പാര്‍ട്ടി സമ്മേളനമായാലും ശരി, പോളിറ്റ് ബ്യുറോ മീറ്റിംഗായാലും ശരി, നോമ്പെടുത്തു ഹജ്ജിനുപോയി എല്ലാ മതതത്വങ്ങളും ജീവിതത്തില്‍ പകര്‍ത്തി മുസ്ലീമായിത്തന്നെ ജീവിക്കുന്നു. കൃസ്ത്യാനികളും അങ്ങനെത്തന്നെ. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ കുര്‍ബ്ബാന നടത്താനോ, പ്രാര്‍ത്ഥന നടത്താനോ ക്രിസ്ത്യാനികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇസ്‌ലാമിക മേധാവിത്വമാണ്. പാര്‍ട്ടിയില്‍ ഹിന്ദു മേധാവിത്വമായിരുന്നെങ്കില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഗണപതി ഹോമവും ശരണം വിളിയും നടന്നില്ലെങ്കിലും കുര്‍ബ്ബാനയും മുല്ലക്കര ദേവസ്യയുടെ രോഗശാന്തി ശുശ്രൂഷയുമെങ്കിലും നടന്നേനെ. പക്ഷെ എന്ത് തന്നെയായാലും ഒരു ഹിന്ദു ആചാരമോ, അനുഷ്ഠാനമോ പാര്‍ട്ടിക്കകത്ത് നടക്കില്ല. കാരണം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ അടിമയാണ് ഹിന്ദു. അടിമയ്ക്ക് സ്വന്തം ആചാരാനുഷ്ഠാനം നടത്താനുള്ള സ്വാതന്ത്ര്യമില്ല. കമ്മ്യൂണിസമെന്ന വൈറസ് ബാധിച്ചു തലച്ചോര്‍ നശിച്ച ഹിന്ദുവിനെന്ത് ഹിന്ദു ആചാരം?
യഥാര്‍ത്ഥത്തില്‍ ചെഗുവേരയെ വാണിജ്യവല്‍ക്കരിച്ചതും ബ്രാന്‍ഡ് ആക്കിയതും വിറ്റ് കാശാക്കിയതും, അമേരിക്കന്‍ മുതലാളിമാരായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന അമേരിക്കയില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്ന യുവാക്കളെ ആകര്‍ഷിക്കാന്‍ ചെഗുവേരയെ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു അമേരിക്കന്‍ മുതലാളിമാര്‍. അതിനായി ചെഗുവേരയുടെ ചിത്രം പ്രിന്റ് ചെയ്ത വസ്ത്രങ്ങളും പേനയും ചായക്കപ്പും പ്‌ളേറ്റും മുതല്‍ ചെരുപ്പും അടിവസ്ത്രങ്ങളുംവരെ മുതലാളിത്തശക്തികള്‍ പുറത്തിറക്കി. അമേരിക്കന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മികച്ചവയായിരുന്നതുകൊണ്ട് ചെഗുവേരയുടെ പടമുള്ള ഉല്‍പ്പന്നങ്ങള്‍ നന്നായി വിറ്റഴിഞ്ഞു. ടൈറ്റാനിക് സിനിമ ഇറങ്ങിയ സമയത്ത് ടൈറ്റാനിക് കപ്പലിന്റെ പശ്ചാത്തലത്തില്‍ പ്രേമപരവശരായി ആലിംഗനബദ്ധരായ ജാക്കിന്റെയും റോസിന്റെയും പടമുള്ള ടീഷര്‍ട്ടുകള്‍ വിറ്റഴിഞ്ഞതുപോലെ അരാജകവാദം ജീവിതശൈലിയായി കാണുന്ന ചെഗുവേരിയന്‍ ജീവിതം ട്രെന്‍ഡ് സൃഷ്ടിച്ചു ചെഗുവേരയുടെ പടമുള്ള ഉല്‍പ്പന്നങ്ങളും വിറ്റഴിച്ചു. അതൊരു ട്രെന്‍ഡ് എന്ന നിലയിലാണ് വിറ്റഴിഞ്ഞത്; അല്ലാതെ അതിന് ആദര്‍ശത്തിന്റെ പരിവേഷമൊന്നും ഉണ്ടായിരുന്നില്ല.
ആശയദാരിദ്ര്യം മൂലം ഊര്‍ധ്വശ്വാസം വലിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഊന്നി നില്‍ക്കാന്‍ എവിടെയെങ്കിലുമൊക്കെ ഒരു തൂണ്‍ വേണമല്ലോ. താല്‍ക്കാലത്തേയ്ക്ക് ആ ഒരു തൂണാണ് ചെഗുവേര. ആ തൂണ്‍ ഉള്ളുപൊള്ളയാണെന്ന് മാത്രമല്ല തുരുമ്പെടുത്തു ഏതു നിമിഷവും മറിഞ്ഞുവീഴുമെന്ന് മനസ്സിലാക്കിയപ്പോള്‍ കേരളത്തില്‍ നിലനില്‍പ്പിനായി കണ്ടുപിടിച്ച മറ്റൊരു തൂണാണ് മഹാരാജാസില്‍ മുസ്ലീങ്ങളുടെ കത്തിമുനയില്‍ കൊല്ലപ്പെട്ട അഭിമന്യു. എന്തൊക്കെ സര്‍ക്കസുകള്‍ കാണിച്ചാലും ശാശ്വതമായ ഒരു നിലനില്‍പ് കമ്മ്യൂണിസ്റ്റ് ആശയത്തിന് കേരളത്തിലല്ല ഭാരതത്തില്‍ തന്നെയില്ല. കാരണം ഭാരതത്തിന്റെ ആത്മാവ് കമ്മ്യൂണിസമല്ല എന്നതുതന്നെ അതിന് കാരണം. പനി വരുമ്പോള്‍ പാരസെറ്റമോള്‍ കഴിക്കുന്നപോലെ താല്‍ക്കാലിക ശാന്തിയ്ക്ക് വേണ്ടി കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുമ്പ് പലപ്പോഴും ജനങ്ങള്‍ അധികാരത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാരസെറ്റാമോളിന് ശാശ്വതമായ രോഗശാന്തി തരാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കുമ്പോള്‍ തൂത്തെറിയപ്പെടും. ഈ കമ്മ്യൂണിസവും, അതിന്റെ ചിഹ്നം പേറുന്ന ചെങ്കൊടിയും. അതുവരെ മാത്രമേ പാര്‍ട്ടിയുടെ പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രജ്ഞന്മാര്‍ രംഗത്തിറക്കിയ സൂപ്പര്‍ മോഡല്‍ ചെഗുവേരയ്ക്കും കേരളത്തില്‍ ആയുസ്സുള്ളൂ.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നിലനില്‍ക്കണമെങ്കില്‍ ഇസ്‌ലാമിസ്റ്റുകളുടെ പിന്തുണ വേണം. അതിനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മാപ്പിള ലഹളയെയും ഏറ്റെടുത്തു. അതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ പിന്തുണ കിട്ടുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതുപോലെ സ്വതന്ത്രജീവിതം ഇഷ്ടപ്പെടുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ ലഹരിക്കടിമപ്പെട്ട ഒരു വിപ്ലവകാരിയെയും ബ്രാന്‍ഡ് ചെയ്തു ഉയര്‍ത്തിക്കൊണ്ടുവന്നു. ചെഗുവേരയുടെ മുഖം കാണിച്ചു യുവാക്കളെ പിടിച്ചുനിര്‍ത്താമെന്നാണ് പാര്‍ട്ടി വ്യാമോഹിക്കുന്നത്. കൂട്ടത്തില്‍ കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകളായ രശ്മി നായരും, രെഹനാ ഫാത്തിമയും കൂടി ചേരുമ്പോള്‍ പാര്‍ട്ടിയിലേക്കുള്ള ആകര്‍ഷണം പൂര്‍ണ്ണമാകുന്നു. പക്ഷെ ആശയദാരിദ്ര്യത്തിന്റെ നടുക്കടലില്‍ മുങ്ങുന്ന കപ്പലായ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കഞ്ചാവു മാഫിയയും പെണ്‍വാണിഭക്കാരുമാണെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ എത്തിച്ചേരുന്നവര്‍ കഞ്ചാവ് കടത്തുകാരും, പെണ്‍വാണിഭക്കാരുമായിത്തീരുന്നു.
അമ്പതുകളില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഉദിച്ചുയര്‍ന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. ആ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നശിച്ചു. ഇപ്പോഴുള്ളത് ജിഹാദികളുടെ കയ്യിലകപ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ചു അവസാനശ്വാസത്തിനായി മല്ലടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതുപോലെത്തന്നെ ദേശീയവാദികളായ പൊതുസമൂഹത്തിന്റെ ഏകീകരണവും സാധാരണക്കാരുടെ രാഷ്ട്രീയബോധവും കമ്മ്യൂണിസ്റ്റുകളുടെ ഈ അവസാനവട്ട കുതന്ത്രങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
അരാജകത്വം ക്യാമ്പസ്സുകളിലേക്ക്
അമേരിക്കയില്‍ മുതലാളിത്ത ശക്തികള്‍ വാണിജ്യതാല്പര്യങ്ങള്‍ക്കായി ചെഗുവേരയെ തരംഗമാക്കിയതുപോലെ കേരളത്തില്‍ ചെഗുവേരയെ തരംഗമാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ദേശീയതയില്‍ അടിയുറച്ച അച്ചടക്കമുള്ള സംഘടനാപ്രവര്‍ത്തനത്തിന്റെ മാതൃകയായി സ്വാമി വിവേകാനന്ദനെ ക്യാംപസുകളില്‍ എ.ബി.വി.പി അവതരിപ്പിച്ചപ്പോള്‍ അരാജകത്വത്തിന്റെ ആരാധനാമൂര്‍ത്തിയായി ചെഗുവേരയെ എസ്.എഫ്.ഐ ക്യാംപസുകളിലേയ്ക്ക് എഴുന്നള്ളിച്ചു. കഞ്ചാവ് ചുരുട്ടിന്റെ പുകയില്‍ അര്‍ദ്ധനിമീലിത നേത്രനായി സ്വപ്‌നാടനത്തില്‍ രമിച്ചു സ്വര്‍ഗ്ഗം കാണുന്ന ചെഗുവേരയുടെ പടം പ്രിന്റ് ചെയ്ത കൊടികള്‍ പാറിപ്പറക്കുന്ന ക്യാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവിനടിമപ്പെടുന്നതില്‍ എന്താണ് അദ്ഭുതം?
കഴിഞ്ഞ കാലഘട്ടത്തില്‍ കക്ഷത്ത് കറുത്ത ഡയറിയും ദേശാഭിമാനിയുമായിരുന്നു സഖാക്കളുടെ ലക്ഷണം കുറച്ചു ബുദ്ധിജീവിയാണെങ്കില്‍ ചിന്ത വാരികയും. എന്നാല്‍ അത് ഇക്കാലത്ത് ചെഗുവേരയുടെ ചിത്രങ്ങളായി എന്നൊരു വ്യത്യാസമേയുള്ളൂ. അതിന് ആദര്‍ശത്തിന്റെ പരിവേഷമൊന്നുമില്ല. അല്ലെങ്കിലും ചെഗുവേരയില്‍ നിന്നും എന്താണ് ആദര്‍ശമാക്കേണ്ടത്? എങ്ങനെ കഞ്ചാവ് ചുരുട്ടി വലിക്കാമെന്നോ? ഇന്ന് കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്ള അരാജകത്വത്തിന്റെ മൂലകാരണം ചെഗുവേരയെ ആദര്‍ശമാക്കിയ സഖാക്കളാണ്.
Comments