അരനൂറ്റാണ്ടിലേറെ കേസരിയുടെ ട്രസ്റ്റി, ഒരേ സമയം പ്രസാധകനും പത്രാധിപരുമായ ആള്‍, തുടക്കം മുതല്‍ പത്രാധിപ സമിതിയില്‍ സജീവ അംഗം, ലേഖകന്‍ – ഇങ്ങനെ നീളുന്നു ആര്‍. വേണുഗോപാലും കേസരിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം. 1951 നവംബര്‍ 27ന് ആദ്യലക്കം കേസരി പുറത്തിറങ്ങിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ വേണുവേട്ടനുമുണ്ടായിരുന്നു. പത്രാധിപര്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരായിരുന്നെങ്കിലും പത്രാധിപ സമിതി പ്രവര്‍ത്തനം നിര്‍വ്വഹിച്ചുപോന്നത് പി. പരമേശ്വരനും ആര്‍. വേണുഗോപാലും മറ്റുമായിരുന്നു. പരമേശ്വര്‍ജി മറ്റു ചുമതലകളേറ്റപ്പോഴും വേണുവേട്ടന്‍ പത്രാധിപസമിതി പ്രവര്‍ത്തനങ്ങള്‍ സംഘപ്രചാരകന്‍ എന്ന ചുമതലയ്‌ക്കൊപ്പം നിര്‍വ്വഹിച്ചു. അക്കാലത്തെക്കുറിച്ച് വേണുവേട്ടന്‍ ഒരു കള്ളച്ചിരിയോടെ പറയാറുണ്ടായിരുന്നു. ‘കേസരിയിലെ മാറ്ററുകളെല്ലാം ഞാന്‍ തന്നെയായിരുന്നു എഴുതിയിരുന്നത്. പല പേരിലും എഴുതും.’
സാധുശീലന്‍ പരമേശ്വരന്‍ പിള്ളയെ (പിന്നീട് സ്വാമി പരമേശ്വരാനന്ദ സരസ്വതി) കണ്ണൂരില്‍ അദ്ദേഹം താമസിച്ചിരുന്ന ആലത്തൂര്‍ രാജാവിന്റെ സമീപത്തു നിന്നും കേസരിയില്‍ എത്തിച്ചതും പത്രാധിപ ചുമതല ഏല്പിച്ചതും വേണുവേട്ടനാണ്. തുടര്‍ന്ന് അദ്ദേഹം സംഘപ്രചാരകനായി മറ്റു ജില്ലകളില്‍ പ്രവര്‍ത്തിച്ചുവെങ്കിലും സാധുശീലന്‍ കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരകത്തിന്റെ പ്രവര്‍ത്തനത്തിലേയ്ക്ക് പോയതോടെ കേസരിയുടെ പ്രസാധകനും പത്രാധിപരുമായി വേണുവേട്ടന്‍ ചുമതലയേറ്റു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം കോഴിക്കോട്ട് വിശ്രമിക്കുന്ന സമയമായിരുന്നു അത്. എം.എ.കൃഷ്ണന്‍ പത്രാധിപരായി ചുമതലയേല്‍ക്കുന്നതുവരെ കേസരിയുടെ പത്രാധിപചുമതല അദ്ദേഹത്തിനായിരുന്നു.
ഭാരതീയ മസ്ദൂര്‍സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും കേസരിയുടെ വളര്‍ച്ചയില്‍ അദ്ദേഹം പങ്കാളിയായി. 1962 ജൂലായ് 23നാണ് കേസരിയുടെ ഉടമയായ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിച്ചത്. അന്ന് അതില്‍ മൂന്നു ട്രസ്റ്റിമാരായിരുന്നു ഉണ്ടായിരുന്നത്. പി.പരമേശ്വരന്‍, മാനവിക്രമന്‍ രാജ, ആര്‍. വേണുഗോപാല്‍ എന്നിവരായിരുന്നു അവര്‍. പിന്നീട് ട്രസ്റ്റിലെ അംഗത്വം വികസിപ്പിക്കുകയും പലരും ട്രസ്റ്റില്‍ നിന്നു മാറിപ്പോകുകയും ചെയ്തപ്പോഴും വേണുവേട്ടന്‍ ട്രസ്റ്റിയായി തുടര്‍ന്നു. 2014 വരെ അദ്ദേഹം ട്രസ്റ്റി സ്ഥാനത്തുണ്ടായിരുന്നു.
വേണുവേട്ടന്റെ നിരവധി ലേഖനങ്ങള്‍ കേസരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വകര്‍മ്മജയന്തിയെക്കുറിച്ചും ഗാട്ടുകരാറിനെക്കുറിച്ചും ഐ.എല്‍.ഒ. സമ്മേളന യാത്രകളെക്കുറിച്ചുമെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. കേസരിയെ അതിന്റെ ബാലാരിഷ്ഠതകളില്‍ നിന്നും കാത്തു രക്ഷിക്കുക മാത്രമല്ല, കേസരിയുടെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് കേസരി പ്രവര്‍ത്തകരുമായി അദ്ദേഹം ഇടപഴകിയിരുന്നത്.
മുഖത്ത് കരിതേയ്ക്കാന്‍
ഒരിക്കല്‍ കേസരി കയ്യില്‍കിട്ടിയപ്പോള്‍ അതു മറിച്ചുനോക്കുന്നതിനിടയില്‍ അടുത്തുള്ള അഭിഭാഷകനോട് വേണുവേട്ടന്‍ ചോദിച്ചു. ‘മുഖത്ത് കരിതേച്ചാല്‍ കേസ് കൊടുത്തുകൂടേ?’ കൊടുക്കാമെന്നു വക്കീല്‍ പറഞ്ഞപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ടു വേണുവേട്ടന്‍ പറഞ്ഞു. ‘കേസരിക്കാര്‍ എന്റെ ചിത്രം അച്ചടിക്കുമ്പോള്‍ മുഖത്തൊക്കെ കരിതേയ്ക്കുന്നു’ അതുകേട്ട് എല്ലാവരും ചിരിച്ചു. അന്നു സാധാരണ പ്രസ്സില്‍ അച്ചടിക്കുമ്പോള്‍ പല പത്രങ്ങളിലും മഷികൂടിപ്പോകാറുണ്ടായിരുന്നു. ഇതിനെയാണ് വേണുവേട്ടന്‍ തമാശയാക്കി പറഞ്ഞത്.