ഇടിവെട്ടിയവനെ പാമ്പും കടിയ്ക്കുമെന്ന്! കൊറോണയില്‍ വലയുന്ന ലോകത്തിലേക്ക് ഇനി കമ്മ്യൂണിസം കടന്നു വരുമെന്ന്, കമ്മ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയൂടെ കേന്ദ്രനേതാക്കള്‍ അവകാശവാദവുമായി കടന്നുവന്നിരിക്കുന്നു. പ്രത്യയശാസ്ത്ര അടിത്തറയുടെ ബലക്കുറവും അതിനുമുകളില്‍ കെട്ടിപ്പൊക്കിയ സംഘടനാരൂപങ്ങളുടെ ഘടനാപരമായ വീഴ്ചകളും അതിനുള്ളിലെ അധികാരകേന്ദ്രങ്ങളില്‍ സിംഹാസനസ്ഥരായവരുടെ കയ്യിലിരുപ്പും കാരണം കൊറോണയ്ക്കും വളരെ മുമ്പേ തന്നെ കമ്മ്യൂണിസത്തെ ലോകം തിരസ്‌കരിച്ചുകഴിഞ്ഞൂ. ലോകം വേണ്ടെന്നു വെച്ചപ്പോളും ബാക്കിയായ ഭാരതത്തിലെ മറ്റു രണ്ടു സംസ്ഥാനങ്ങളിലും ജനം തിരിച്ചറിവിലേക്ക് നടന്നുയര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമായി അവസാന അഭയ കേന്ദ്രം. അങ്ങനെ കാലഹരണപ്പെട്ട കമ്മ്യൂണിസത്തെ കടലിലെറിയാന്‍ കേരളവും തയ്യാറേകേണ്ട ഘട്ടമെത്തി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എസ്. രാമചന്ദ്രന്‍ പിള്ളയും (എസ്ആര്‍പി) എം ഏ ബേബിയും കൊറോണയെന്ന മഹാമാരി ലോകത്തിലേക്ക് കമ്മ്യൂണിസത്തെ തിരിച്ചു കൊണ്ടുവരുമെന്ന് പ്രവചനം നടത്തുന്നത്. നഥൂറാം വിനായക ഗോഡ്‌സെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെത്തിയെങ്കിലും, സംഘത്തിന് കാര്‍ക്കശ്യ സ്വഭാവമില്ലാത്തതുകൊണ്ട് പുറത്തു പോയതുപോലെ ചെറിയ പ്രായത്തില്‍ ശാഖയിലെത്തിയെങ്കിലും വഴിമാറി പുറത്തുപോയ ചരിത്രമാണ് എസ്ആര്‍പിയുടേത്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, അംഗീകരിക്കാന്‍ കഴിയില്ലാത്ത നിരീക്ഷണങ്ങളുമായി പീപ്പിള്‍സ് ടിവിയില്‍ (മേയ് 1) എത്തിയപ്പോളും മാന്യതയും വിനയവും നിറഞ്ഞ ശരീരഭാഷയും അന്തസ്സുള്ള വാക്കുകളും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നത്. ഹിന്ദുവിരുദ്ധവര്‍ഗ്ഗീയത പ്രകടമാക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത കൃസ്ത്യന്‍ വര്‍ഗീയതയുടെ കമ്മ്യൂണിസ്റ്റു മുഖമായ ബേബിയുടെ ദേശവിരുദ്ധ രാഷ്ട്രീയം നിറഞ്ഞു നിഴലിക്കുന്ന വാക്കുകളും ശരീരഭാഷയും (ഫേസ് ബുക്ക് ലൈവ് ഏപ്രില്‍ 22) സ്റ്റാലിനെയും മാവോ സേതൂങ്ങിനെയും കിം ഉല്‍ സുങ്ങിനെയുമൊക്കെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ചൈനയേയും വടക്കന്‍ കൊറിയേയും സഖാക്കളെയും കമ്മ്യൂണിസ്റ്റുകളെയും ഒഴിച്ചു ബാക്കിയെല്ലാം കൊറോണയുടെ പശ്ചാത്തലത്തില്‍ കടല്‍ തിരകള്‍ ഉള്ളിലേക്കു വലിയ്ക്കുകയാണെന്നും തിരയൊഴിഞ്ഞതീരം പുതിയ കമ്മ്യൂണിസ്റ്റുലോക സൃഷ്ടിക്ക് നിലം ഒരുക്കുകയാണെന്നുമായിരുന്നു അവരുടെ വിശകലനത്തിന്റ പൊരുള്‍. പക്ഷേ, മാനവികതയും ജനാധിപത്യവും ലോകാ: സമസ്താ: സുഖിനോ ഭവന്തുയെന്ന ആദര്‍ശത്തിന്റെ നിലപാടുതറയുമൊന്നും അങ്ങനെയങ്ങ് ഒലിച്ചുപോകില്ലെന്നും ഉള്ളിലേക്ക് വലിഞ്ഞതിരകള്‍ വര്‍ദ്ധിച്ച ശക്തിയോടെ തിരിച്ചു വരുമെന്നും ഉന്മൂലനത്തിന്റെ കമ്മ്യൂണിസ്റ്റ് വിഷവൃക്ഷങ്ങളെ അവയുടെ വേരുകളും ബീജങ്ങളും പോലൂം അവശേഷിപ്പിക്കാതെ എടുത്തു കൊണ്ടു പൊയ്‌ക്കോളുമെന്നും കാലത്തിനും കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളത് സഖാക്കള്‍ തിരിച്ചറിഞ്ഞില്ല. ആ ബോദ്ധ്യം തിരുത്തപ്പെടണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് മാനവികതയ്ക്കുവേണ്ടി പൊരുതാനുള്ള ശക്തിയുണ്ടെന്നു തെളിയണം. അങ്ങനെ തെളിയണമെങ്കില്‍ കമ്മ്യൂണിസ്റ്റ് കപട ലേബലില്‍ സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും വികൃതരൂപമായിക്കഴിഞ്ഞ ചൈനയുടെയും വടക്കന്‍ കൊറിയയുടെയും ഭരണകൂടങ്ങളുടെ ഭീകരതയില്‍ നിന്നും ചൂഷണത്തില്‍ അന്നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് മാര്‍ക്‌സിയന്‍ വഴികളിലൂടെ മോചനം ലഭിക്കണം. അതിനു കഴിയാത്ത തത്വശാസ്ത്രത്തിന് മാനവമോചനത്തിന്റെ മാര്‍ഗ്ഗമാണെന്ന് അറിയപ്പെടുവാനുള്ള അര്‍ഹതയില്ല. കാലത്തിന്റെ വിധിയില്‍ നിന്ന് രക്ഷപെടാനുമാകില്ല.
കൊറോണയ്ക്കു ശേഷം ലോകം കമ്മ്യൂണിസത്തിലേക്കെന്ന് സഖാക്കള്‍ക്ക് വെറുതെ മോഹിക്കുവാന്‍ മോഹമെങ്കില്‍ ആകട്ടെ! പക്ഷേ അങ്ങനെയൊരു സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടാന്‍ നടത്തിയ നിരീക്ഷണങ്ങളും വിശകലനങ്ങളും ഒരര്‍ത്ഥത്തിലും സത്യത്തിനും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായെന്ന് ഒരു മയവുമില്ലാതെ പറയാതിരിക്കുവാന്‍ തരമില്ല. ലോകം ഈ മഹാമാരിയെ നേരിട്ടത് മതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവ എല്ലാം ഉപേക്ഷിച്ച് ശാസ്ത്രത്തിന്റെ വഴിയിലേക്ക് മാറിയിട്ടാണെന്നും അതുകൊണ്ട് കൊറോണ കഴിയുമ്പോള്‍ അവയെല്ലാം പൂര്‍ണ്ണമായി ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് നീങ്ങുമെന്നാണ് സഖാവ് എസ്ആര്‍പി വരച്ചുകാണിക്കുന്ന ചിത്രം. അത്ര പെട്ടെന്ന് അങ്ങനെയങ്ങു തീരുമാനിക്കണമോ? കൊറോണാ വന്നതോടെ മുസ്ലീം ജനവിഭാഗം നിസ്‌കരിക്കുന്നതും റമദാന്‍ വ്രതം നോക്കുന്നതും കൃസ്ത്യന്‍ ജനവിഭാഗം കുരിശുവരയ്ക്കുന്നതും ഹിന്ദുക്കള്‍ ഇഷ്ടദേവതകളുടെ നാമം ജപിക്കുന്നതും നിര്‍ത്തിയെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പ്രാദേശിക ഘടകങ്ങളില്‍ നിന്നു റിപ്പോര്‍ട്ടുണ്ടോ? രോഗം വന്നാല്‍ ശാസ്ത്രീയ ചികിത്സയ്ക്കു പോകുന്നത് കൊറോണയ്ക്കു ശേഷം വന്ന പുതിയ രീതിയാണോ? എന്തായാലും കമ്മ്യൂണിസം അധ:സ്ഥിതവര്‍ഗ വിമോചനം ഉറപ്പാക്കുന്ന ശാസ്ത്രീയമായ പ്രത്യയശാസ്ത്രമാണെന്ന ഒരു അന്ധവിശ്വാസം ലോകത്തെവിടെയെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ അതവസാനിക്കും. അതില്‍ സംശയം വേണ്ട. കൊറോണ നിയന്ത്രണത്തിലായാല്‍ പിറ്റേ ദിവസം മുസ്ലീമും കൃസ്ത്യാനിയും ഹിന്ദുവുമടങ്ങുന്ന ബഹുജന സമൂഹം പൂര്‍വ്വാധികം ശക്തിയായി അവരുടെ ദേവാലയങ്ങളിലേക്ക് പോകും. മഹാമാരിയെ നേരിടുവാന്‍ ആത്മശക്തി നല്‍കുകയും വഴികാട്ടിത്തരുകയും ചെയ്ത പരമാത്മശക്തിയിലേക്ക് അവര്‍ കൂടുതലടുക്കും. അതുകൊണ്ട് അങ്ങനെയൊരു കമ്മ്യൂണിസ്റ്റു മോഹം നടപ്പില്ല.
ഈ മഹാമാരിയെ നേരിടുന്നതില്‍ ചൈനയും മറ്റു കമ്മ്യൂണിസ്റ്റു രാജ്യങ്ങളും മാത്രം വിജയിച്ചുവെന്നും മുതലാളിത്ത വ്യവസ്ഥിതി നില നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍ വന്‍ പരാജയങ്ങളാണെന്നുമാണ് അവരുടെ പക്ഷം. മുതലാളിത്തം മനുഷ്യ ജീവനെന്തു സംഭവിച്ചാലും ഉത്പാദനവും വ്യാപാരവും ലാഭവും തടസ്സമില്ലാതെ തുടരണമെന്ന സമീപനം പുലര്‍ത്തുന്നവരായതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും കമ്മ്യൂണിസ്റ്റു ചൈന തുടങ്ങി കമ്മ്യൂണിസ്റ്റു കേരളം വരെയുള്ളയിടങ്ങള്‍ മനുഷ്യ ജീവന് ഒന്നാംസ്ഥാനം നല്‍കി വ്യവസായങ്ങള്‍ക്ക് കയറിട്ടുകൊണ്ട് ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് വിജയ മാതൃകകളായതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പൊതുവിലിതൊക്കെ തന്നെയാണ് ബേബിയുടെ താത്വിക അവലോകനത്തിന്റെയും കാതല്‍. ബേബിയുടെ വിശകലനത്തിലാണെങ്കില്‍ ചൈനയും വടക്കന്‍ കൊറിയയും കേരളവും വിജയമാതൃകകളായി ഉയര്‍ത്തി കാട്ടുന്നതിനോടൊപ്പം വിയറ്റ്‌നാമും ലാവോസും നേപ്പാളും സൗത്ത് ആഫ്രിക്കയും എല്ലാം കമ്മ്യൂണിസ്റ്റു സാന്നിദ്ധ്യം കൊണ്ട് കൊറോണയെ വിരട്ടിയോടിക്കുന്ന വിപ്ലവവീര്യം കൊണ്ട് ചുവന്ന മണ്ണുകളാണ്. എന്തായാലും അമേരിക്കയില്‍ സഖാക്കള്‍ പിണറായിയും കൊടിയേരിയും ചികിത്സയില്‍ കഴിഞ്ഞ പ്രാദേശികയിടങ്ങളില്‍ മറ്റുള്ളിടങ്ങളേക്കാള്‍ രോഗവ്യാപനം കുറവായിരുന്നുയെന്നും കൂടി പറയാതിരുന്നതെന്താണെന്ന് ബേബിയെ കേട്ടവരുടെ മനസ്സില്‍ സംശയമായി ബാക്കി നില്‍ക്കുന്നു. ചെഗുവേരയുടെ ക്യൂബയില്‍ കച്ചവടം ചെയ്ത് ലാഭം കൊയ്യാനുള്ള ചരക്കുകളായി ആ ദേശത്തെ ഡോക്ടര്‍മാരെ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതും അവര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ സിംഹഭാഗവും ക്യൂബന്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അടിച്ചുമാറ്റി അവരെ കൊടും ചൂഷണത്തിനു വിധേയമാക്കുന്നതും ബേബിക്ക് കേമമാണ്.
ഇക്കാര്യത്തില്‍ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. സാമ്രാജ്യ വികസനമോഹത്തിന്റെ കാര്യത്തിലും മുതലാളിത്ത ഉത്പാദന/വ്യവസായ/തൊഴിലാളിചൂഷണ സമ്പ്രദായങ്ങളിലും സമൂഹത്തോടുള്ള ഉത്തവാദിത്വം മറന്ന് ലാഭം തേടുന്ന കാര്യത്തിലും അമേരിക്കയില്‍ നിന്നും ഗുണപരമായ എന്തു വേര്‍രീതിയാണ് ചൈനയ്ക്ക് അവകാശപ്പെടാന്‍ കഴിയുക? അവിടെ സ്വകാര്യ സംരംഭങ്ങളും ബഹുശതം കോടിയുടെ മൂലധനത്തിനുടമകളായ സ്വകാര്യ നിക്ഷേപകരും സംരംഭകരുമില്ലേ. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കമ്മ്യൂണിസ്റ്റു ഭരണകൂടം എല്ലാ അര്‍ത്ഥത്തിലും മുതലാളിമാര്‍ക്ക് സഹായം നല്‍കുന്ന രീതിയല്ലേ നിലനില്‍ക്കുന്നത്? ലാഭത്തോടുള്ള അത്യാര്‍ത്തിമുത്ത് ഗുണനിലവാരമില്ലാത്തതും അപകടകരവുമായ ആയ ഉത്പന്നങ്ങള്‍ കൊണ്ട് ലോക വിപണിയെ തകിടം മറിക്കുന്ന ചൈന ഇന്ന് മുതലാളിത്തത്തിന്റെ ഏറ്റവും വൃത്തികെട്ട ഘട്ടത്തിലല്ലേ നില്‍ക്കുന്നത്?
കൊറോണയെ പ്രതിരോധിക്കുന്നതില്‍ ചൈന കൂടുതല്‍ വിജയിച്ചൂവെന്നു പറയുന്നത് ശരിയോയെന്നറിയണമെങ്കില്‍ ആദ്യം ചൈനയിലെ രോഗം വന്നവരുടെയും ഭേദമായവരുടെയും കൃത്യമായ കണക്കു വേണം. സത്യം പുറത്തറിയാതിരിക്കാന്‍ ഇരുമ്പ് മറയ്ക്കുള്ളില്‍ കഴിയുന്ന, വീഴ്ചകള്‍ പുറം ലോകം അറിയാതെ കുഴിച്ചുമൂടുന്ന ഒരു രാജ്യത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സുതാര്യതയും ജനാധിപത്യവും ചലനാത്മകമായ മാധ്യമ സാന്നിദ്ധ്യവും ഉള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതു തന്നെ എങ്ങനെയാണു സാദ്ധ്യമാകുക? ചാക്കിട്ടു മൂടി ഞങ്ങളുടെ ചൈനീസ് മുതലാളി കൂടെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയെയാണ് ലോകസുന്ദരിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിളിച്ചു കൂകിയാല്‍ മതിയോ? കൊറോണരോഗികളെ ആദ്യം ചികിത്സിച്ച വുഹാനിലെ ഡോക്ടറെ ചൈനീസ് ഭരണകൂടം ഇല്ലാതാക്കിയ ചരിത്രം ലോകത്തിനറിയാം. രോഗികളോടും നാട്ടുകാരോടും കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ച അടിച്ചൊതുക്കലിന്റെ ഭരണരീതി ജനാധിപത്യ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ചില പൊള്ളയായ നേട്ടങ്ങള്‍ അവകാശപ്പെടുന്നതിന് ചൈനയ്ക്ക് അവസരം നല്‍കിയെങ്കിലും പൊതുസമൂഹം കമ്മ്യൂണിസ്റ്റു ഭരണകൂട മാതൃകയിലെ അപകടം കാണാതെ പോകുകയില്ല.
കോറോണയെ പ്രതിരോധിക്കുന്നതില്‍ അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും വ്യത്യസ്തമായ രീതി സ്വീകരിച്ച രാജ്യമാണ് ഭാരതം. മുതലാളിത്തവും കമ്മ്യൂണിസവും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളാണെന്ന ബോദ്ധ്യത്തെ തുടര്‍ന്ന് ഏകാത്മ മാനവദര്‍ശനം സ്വീകരിച്ച ഭാരതീയ ദേശീയതയുടെ ശക്തികള്‍, വ്യക്തികളുടെ ജീവനുറപ്പാക്കി സമാജ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ലോകനന്മ ലക്ഷ്യമാക്കി എടുത്തിട്ടള്ള നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ട് നടത്തിയ ഇടപെടലുകളല്ലേ നാളത്തെ ലോകത്തിനു മാതൃകയാകേണ്ടത്? ഭാരതത്തിന്റെ വിജയം അംഗീകരിക്കാനുള്ള ബൗദ്ധിക സത്യസന്ധത കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ ആ വിജയം അംഗീകരിക്കാതെ കേരളം കേമമായിയെന്നു പറയുമ്പോള്‍ ഒരു കാര്യം കൃത്യമാക്കാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരത സര്‍ക്കാര്‍ സ്വീകരിച്ച ഭരണതന്ത്രത്തില്‍ നിന്നും വ്യത്യസ്തമാണോ പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കുന്നത്? മറ്റൊന്ന് ഉത്പാദനവും വ്യവസായവും തടയരുതെന്ന അസ്വീകാര്യമായ മുതലാളിത്ത സമീപനത്തില്‍ നിന്ന് മദ്യവ്യവസായത്തിനൊരു തടസ്സവും ഉണ്ടാകരുതെന്ന നിര്‍ബന്ധം പിടിച്ച കേരള ഭരണപക്ഷം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
സഖാവ് എസ്.ആര്‍.പി അദ്ദേഹത്തിന്റെ വിശകലനത്തില്‍ ആദ്യം നടത്തിയ ഒരു പരാമര്‍ശം ഏറ്റവും ഗൗരവപൂര്‍വ്വം ചര്‍ച്ച അര്‍ഹിക്കുന്നു.
ലോകം ഈ മഹാമാരിയെ ആസൂത്രിതമായ കര്‍മ്മ പരിപാടികളിലൂടെയാണ് നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇക്കാര്യത്തില്‍ അദ്ദേഹം ലോകമെന്നുദ്ദേശിച്ചത് അമേരിക്കയും ചൈനയും ഭാരതവുമെല്ലാം അടങ്ങുന്ന വിശാല രാഷ്ട്രസമൂഹമാണെങ്കില്‍ അങ്ങനെ ഒരു കൂട്ടായ ചര്‍ച്ചയോ ആശയ വിനിമയമോ നടത്തി ആസൂത്രണം ചെയ്ത പൊതുഭരണനീതിയിലൂടെയാണ് കൊറോണയെ ലോകം നേരിടുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഓരോ രാജ്യവും അവരവരുടേതായ രീതിയില്‍ പ്രതിരോധവും പരിഹാരവും തേടുന്നുയെന്നതാണ് വസ്തുത. അതല്ലാ കമ്മ്യൂണിസ്റ്റ് ലോകത്തിന് പൊതുവായി ഒരു ആസൂത്രിത രണനീതിയുണ്ടെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അവിടെ തര്‍ക്കിക്കേണ്ട കാര്യമേയില്ല. മറിച്ച് വിശദ വിവരങ്ങള്‍ ചോദിച്ച് അറിയേണ്ടതുണ്ടെന്നു മാത്രം. വികസിപ്പിച്ചെടുത്തതാണെങ്കിലും വീണു കിട്ടിയതാണെങ്കിലും ചൈനയിലാണ് ഈ മഹാമാരിയുടെ വൈറസ്സ് പ്രഹരം തുടങ്ങിയത്. അങ്ങനെ ലഭിച്ച മേല്‍ക്കൈ ഉപയോഗിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ പൂവണിയുന്നതിനുള്ള ഹിംസാത്മകമായ രണനീതി അവര്‍ തയ്യാറാക്കിയിട്ടുണ്ടാകാം. കുതന്ത്രമാകാനിടയുള്ള ആഭരണതന്ത്രത്തില്‍ ഇല്ലാതാക്കാന്‍ പദ്ധതിയിടാനിടയുള്ള ഒന്നാം രാജ്യം അമേരിക്കയും രണ്ടാം രാജ്യം ഭാരതവുമാണ്. ഭാരതത്തിന്റെ കാര്യത്തില്‍ ചൈനയുടെ ഇന്ന് നിലവിലുള്ള യുദ്ധരീതി സ്പഷ്ടമാണ്. ഭാരതത്തിന്റെ ശത്രുരാജ്യമായ പാകിസ്ഥാനും അവരുടെ തണലിലുള്ള ഇസഌമിക തീവ്രവാദികളുമാണ് ആ രണതന്ത്രത്തിന്റെ കേന്ദ്രബിന്ദു, ഭാരതത്തിനുള്ളിലുള്ള കമ്മ്യൂണിസ്റ്റു പരിവാര്‍, മുസ്ലീം വര്‍ഗ്ഗീയവാദികള്‍, കൃസ്തീയ മതപരിവര്‍ത്തനവാദികള്‍, ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി പ്രത്യക്ഷത്തില്‍ ഭിന്ന സ്വഭാവമുള്ളവരെ കൂട്ടിയിണക്കി ഹിന്ദുവിരുദ്ധവര്‍ഗ്ഗീയതയുടെ നിലപാടുതറയില്‍ ഭാരതീയദേശീയതയെ തകര്‍ക്കുവാനുതകുന്ന ഒരു പോര്‍മുഖവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ കൊറോണ വ്യാപിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ (2019 നവംബര്‍) അവരില്‍പെട്ടവര്‍ക്ക് ചൈന നല്‍കിയിരുന്ന സൂചനകളായിരിക്കാം ഒരുതരത്തിലും നീതികരിക്കാനാകാത്ത സമരം പൗരത്വഭേദഗതിബില്ലിന്റെ പേരില്‍ സംഘടിപ്പിക്കാനും (2019 ഡിസംബര്‍) ഷാഹിന്‍ബാഗിലും മറ്റും പ്രകോപനപരമായ സമരരീതി പുറത്തെടുക്കാനും തുടര്‍ന്ന് ദില്ലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ വര്‍ഗ്ഗീയ കലാപം നടത്താനും വഴിയൊരുക്കിയത്. കൊറോണ ഉയര്‍ത്താനിടയുള്ള അട്ടിമറിസാദ്ധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ അസൂത്രിതമായി അരങ്ങൊരുക്കയായിരുന്നു അവര്‍ ചെയ്തതെന്ന സംശയം സ്വാഭാവികമായി ഉയര്‍ന്നുവരുന്നു. തബ്ലീഗ് ജമാ അത്തും മറ്റു ചിലരും കൊറോണ മനപ്പൂര്‍വ്വം പരത്താന്‍ നടത്തിയ പരിശ്രമങ്ങളും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും അഫ്ഗാനിസ്ഥാനില്‍ നടത്തിയ സിക്ക്കൂട്ടക്കൊലയും മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ കമ്മ്യൂണിസ്റ്റുകളും മതപരിവര്‍ത്തന ലോബിയും ചേര്‍ന്ന് രണ്ടു ഹിന്ദു സന്യാസിമാരെയും അവരുടെ സഹായിയെയും സോണിയാ-പവാര്‍ നിയന്ത്രണത്തിലുള്ള പോലീസ് സഹായത്തോടെ നിഷ്‌കരുണം തല്ലിക്കൊന്നതുമെല്ലാം വസ്തുനിഷ്ഠമായി പഠിച്ചാല്‍ കൊറോണയുടെ അന്തരീക്ഷത്തില്‍, ഭാരതത്തെ ലക്ഷ്യമാക്കി ചൈന മെനഞ്ഞ ക്രൂരപദ്ധതിയുടെ പ്രയോഗവത്കരണമാണോയെന്ന അന്വേഷണം ഗൗരവപൂര്‍വ്വം നടക്കേണ്ടത് ഭാരതത്തിന്റെ ഫലപ്രദമായ പ്രതിരോധത്തിന് കൂടിയേ തീരൂ.
അങ്ങനെയൊരു പശ്ചാത്തലത്തില്‍ സഖാവ് എം.എ ബേബിയുടെ ചില പരാമര്‍ശങ്ങളുടെയും യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്.
കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം മുതലാളിത്തത്തിന്റെ രക്തപ്പുഴ ഒഴുക്കുവാനുള്ള വര്‍ഗ്ഗസമരത്തിന്റെ സാദ്ധ്യതകളായി കാണുകയാണ്, കാണിക്കുകയാണ്, പല്ലു കൊഴിഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ എല്ലുതേഞ്ഞ ‘താത്വികാചാര്യന്‍’ ചെയ്തത്. തക്കം നോക്കിയിരുന്നോണം തലയരിയാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും വിടരുതെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗതന്ത്രമെന്നത് ഓര്‍മ്മിപ്പിക്കുകയായിരുന്നു അദ്ദേഹം. വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊന്ന കല്‍മഴു ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ പണിയായുധങ്ങള്‍ തേച്ചു മിനുക്കിവെക്കണമെന്നും സന്ദര്‍ഭം ലഭിക്കുമ്പോള്‍ പ്രയോഗിക്കണമെന്നും പരോക്ഷമായി ഓര്‍മ്മപ്പെടുത്തി കൊറോണക്കെതിരെയുള്ള യുദ്ധം തങ്ങളേര്‍പ്പെടുന്ന മറ്റു യുദ്ധങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന ആഹ്വാനമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ചെയ്തത്. കേള്‍ക്കുന്നവര്‍ക്ക് ഒരു ഗൗരവം തോന്നുവാന്‍ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള യുദ്ധം എന്നൊക്കെ പറയുമെങ്കിലും പ്രായോഗികമായി ഭാരതീയ ദേശീയതയുടെ പതാകാവാഹകര്‍ക്കെതിരെയാണ് ഇക്കൂട്ടര്‍ ആയുധപ്രയോഗത്തിന് തയ്യാറാകാറുളളതെന്നത് പൊതുസമൂഹത്തിന് വ്യക്തമാണ്. അതുകൊണ്ടുതന്നെ, അവരുടെ അടവുനയങ്ങളും തന്ത്രങ്ങളും ഹിന്ദുവിരുദ്ധ വര്‍ഗ്ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടായ്മയുടെ ശക്തി വര്‍ദ്ധിപ്പിക്കാനായിരുന്നുയെന്നുമാണ് കഴിഞ്ഞകാല ചരിത്രം വെളിപ്പെടുത്തുന്നത്.
ആ കൂട്ടായ്മയുടെ വ്യാപ്തിയും ബലവും കൊറോണയുടെ പശ്ചാത്തലത്തിലും വര്‍ദ്ധിപ്പിക്കയെന്ന ലക്ഷ്യത്തോടെയാണ് ബേബിയുടെ മറ്റുചില പരാമര്‍ശങ്ങള്‍. ഇനി നടക്കേണ്ട വര്‍ഗസമരം പുതിയ കാല കുരിശുയുദ്ധത്തോടു വഴിചേര്‍ന്നു വേണമെന്നതാണ് ബേബിയിലെ സുവിശേഷകന്‍ അര്‍ത്ഥം ചോരാതെ വ്യക്തമാക്കിയത്. കൊറോണ ഉപയോഗിച്ചുള്ള സമരപോരാട്ടങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പുതിയ കാലവക്താവ് എടുത്തുപറയുന്നത്. അതിലൊന്നും വൈരുദ്ധ്യവുമില്ല അനൗചിത്യവുമില്ല. കാരണം, ഒരു കൂട്ടര്‍ എന്നും തല അരിയാന്‍ തക്കം നോക്കിയിരിക്കുമ്പോള്‍ മറ്റേ വിഭാഗം തങ്ങളോടൊപ്പമുള്ളവരുടെ തലയെണ്ണം കൂട്ടാനുള്ള തത്രപ്പാടിലാണ്. യുദ്ധവും പ്രകൃതിക്ഷോഭവും പട്ടിണിയും മഹാമാരിയുമെല്ലാം അവര്‍ക്ക് ‘സുവിശേഷ’ത്തിന്റെ വിത്തുപാകാനുള്ള വിശേഷവേളകളാണ്.
കമ്മ്യൂണിസ്റ്റ് പക്ഷത്ത് ഇന്ന് ലോകത്തുള്ള ആചാര്യന്മാരുടെ ആചാര്യന്‍ താനാണെന്നുള്ള ആത്മവിശ്വാസമായിരിക്കാം ചൈനയുടെയോ വടക്കന്‍ കൊറിയയുടെയോ പ്രത്യയശാസ്ത്ര വിശാരദന്മാരുടെ വാക്കുകള്‍ എടുത്തു പറയുന്നത് ബേബി ഒഴിവാക്കിയത്. അങ്ങനെ കമ്മ്യൂണിസ്റ്റ് സാര്‍വ്വദേശീയ പോരാട്ടതന്ത്രത്തിന്റെ അവസാനവാക്കെന്ന് സ്വയം കരുതുന്ന എം.എ ബേബി കൃസ്ത്യന്‍ മതപരിവര്‍ത്തന രണതന്ത്രത്തിന്റെ ആത്മീയ ആചാര്യവചനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടു നടത്തിയ ആശയ പ്രഖ്യാപനം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു ഹിന്ദു സന്യാസികളെയും അവരുടെ ഡ്രൈവറെയും അതിക്രൂരമായി കൊന്നു തള്ളിയ പ്രവൃത്തിയെ താത്വികമായി ന്യായീകരിക്കാന്‍ നടത്തിയ പരോക്ഷ ശ്രമമായി പൊതുസമൂഹം തിരിച്ചറിയുകതന്നെ വേണം. സംഘ പരിവാറില്‍ പെട്ടവരുള്‍പ്പടെയുള്ള ഹിന്ദുക്കളെ കൊന്നുതള്ളുന്നതിനു മുമ്പും പിമ്പും കമ്മ്യൂണിസ്റ്റ് ആക്രമകാരികള്‍ പയറ്റുന്ന ചില തന്ത്രങ്ങളുണ്ട്. കൊല്ലാന്‍ നിശ്ചയിച്ച ഇരയെ കുറിച്ചുള്ള കള്ളപ്രചരണം കൊലപാതകത്തിനു മുമ്പേ തുടങ്ങും. കൊലപാതകം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വിപ്ലവ വഴിയിലെ അനിവാര്യതയാണെന്ന താത്വിക വിദ്യാഭ്യാസം ഉള്‍പാര്‍ട്ടി വേദികളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
കൊറോണയ്‌ക്കെതിരെ മാനവ സമൂഹം നിലനില്‍പ്പിനുവേണ്ടി പണിയെടുക്കുമ്പോള്‍ ആ അന്തരീക്ഷം മുതലെടുത്തുകൊണ്ട് ഭാരതത്തിനെതിരെ കമ്മ്യൂണിസ്റ്റ്-കൃസ്ത്യന്‍ മതപരിവര്‍ത്തനവാദി കൂട്ടുകെട്ട്! പക്ഷേ ചെകുത്താന്‍ വേദമോതിയതുകൊണ്ട് വേദം അറിയുന്നവരെയും അനുസരിക്കുന്നവരെയും അകറ്റി നിര്‍ത്തേണ്ട കാര്യമില്ല. അന്തിക്രിസ്തുവല്ല ക്രിസ്തുവെന്നും വര്‍ഗ്ഗവഞ്ചകനായ കുലം കുത്തിയല്ല സഖാവെന്നും തിരിച്ചറിയുന്ന ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും അവരെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലസമൂഹവും ബേബിയെ പോലുള്ളവരുടെ കുതന്ത്രങ്ങളെ തിരിച്ചറിയും. ജനിച്ച മണ്ണിനോടുള്ള പ്രതിബദ്ധതയാണ് ശരിയെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റ് അരാജകത്വ വാദം വഴിയൊരുക്കുന്ന ഏകാധിപത്യത്തിന്റെ ചൂഷണ സാദ്ധ്യതകളെ തകര്‍ത്ത് പുതിയ ഒരു ഭാരതവും പുതിയ ഒരു ലോകവും സൃഷ്ടിക്കുകയും ചെയ്യും.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍.)