Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തത്ത്വമസി മഹാവാക്യത്തിന് ചട്ടമ്പിസ്വാമികളുടെ ഒരു കേരളീയ വ്യാഖ്യാനം

ഡോ.പി. ശിവപ്രസാദ്ഡോ.പി. ശിവപ്രസാദ്
15 may 2020

വേദാന്തങ്ങളിലെ നാല് മഹാവാക്യങ്ങളിലൊന്നാണ് തത്ത്വമസി.’ സാമവേദത്തില്‍ ഉള്‍പെട്ട ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായം എട്ടാം ഖണ്ഡത്തില്‍ ഏഴാമത്തെ ശ്ലോകത്തിലാണ് പ്രസ്തുത വാക്യമുള്ളത്. ആറാമദ്ധ്യായത്തിന്റെ ആരംഭത്തില്‍ത്തന്നെ അരുണപുത്രനായ ഉദ്ദാലകനെയും അദ്ദേഹത്തിന്റെ പുത്രനായ ശ്വേതകേതുവിനെയും നാം പരിചയപ്പെടുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ശ്വേതകേതുര്‍ഹാരുണേയ ആസ; തം
ഹ പിതോവാച — ശ്വേതകേതോ, വസ
ബ്രഹ്മചര്യം, ന വൈസോമ്യാ സ്മല്‍
കുലീനോ നനൂച്യ ബ്രഹ്മബന്ധുരിവ ഭവരീതി”

ഉദ്ദാലകന്‍ പുത്രനായ ശ്വേതകേതുവിന് ആത്മാവിന്റെ ഏകത്വത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതാണ് സന്ദര്‍ഭം. ശ്വേതകേതു പന്ത്രണ്ടാം വയസ്സായപ്പോള്‍ ആചാര്യരില്‍നിന്നും വേദങ്ങള്‍ പഠിച്ചു തുടങ്ങി. ഇരുപത്തിനാല് വയസ്സാകുമ്പോഴേക്കും പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ വേദജ്ഞാനിയെന്ന അഹങ്കാരം ശ്വേതകേതുവിനുണ്ടായിരുന്നു. ഇത് പരിഹരിക്കുവാന്‍ ഉദ്ദാലകന്‍ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും ജീവനെക്കുറിച്ചും ശ്വേതകേതുവിന് ചില അറിവുകള്‍ നല്‍കുന്നു. ശ്വേതകേതുവാവട്ടെ കൂടുതല്‍ അറിവുകള്‍ ലഭിക്കാനായി പിതാവിനോട് സംശയങ്ങള്‍ ചോദിക്കുന്നു. ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായത്തിലുള്ളത് ഈ പിതൃ-പുത്ര സംവാദമാണ്. പതിനാറ് ഖണ്ഡങ്ങളാണ് ഈ അദ്ധ്യാത്തിനുള്ളത്. അതില്‍ എട്ടാം ഖണ്ഡത്തിലെ ഏഴാം ശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു,

സ യ ഏഷോണിമൈതദാത്മ്യ മിദം സര്‍വഃ
തത്സത്യം, സ ആത്മാ, തത് ത്വമസി ശ്വേത
കേതോ ഇതി. ഭൂയ ഏവ മാ ഭഗവാന്‍

വിജ്ഞാനപയത്വിതി യഥാസോമ്യേ തിഹോവാചപ്രപഞ്ചത്തിന്റെ കാരണമായ ഈ അണുത്വം ഏതോ അത് ഈ പ്രപഞ്ചം മുഴുവനാവുന്നു. അത് സത്യമാവുന്നു, അത് ലോകത്തിന്റെ ആത്മാവാകുന്നു, അല്ലയോ ശ്വേതകേതു അത് നീയാവുന്നു എന്ന് ഉദ്ദാലകന്‍ പറഞ്ഞു. പൂജ്യനായ അങ്ങ് തനിക്ക് വീണ്ടും മനസ്സിലാക്കിത്തരൂ എന്ന് ശ്വേതകേതു ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയാവട്ടെ എന്ന് അദ്ദേഹം മറുപടി പറഞ്ഞു- ഇതാണ് ശ്ലോകത്തിന്റെ താല്പര്യം. വേദങ്ങളും വേദാന്തങ്ങളും ഗഹനമായി പഠിച്ച മനീഷികളെല്ലാം ഈ ശ്ലോകാര്‍ദ്ധത്തിലെ തത്ത്വമസി എന്ന വാക്യത്തെ മുന്‍നിര്‍ത്തി വിവിധങ്ങളായ വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഭാരതീയ തത്വദര്‍ശനത്തിന്റെ ആണിക്കല്ലായി തത്ത്വമസി മഹാവാക്യത്തെ കാണുന്നവരുണ്ട്. ശ്രീമദ് ആദി ശങ്കരാചാര്യര്‍ തന്റെ ഛാന്ദോഗ്യഭാഷ്യത്തില്‍ തത്ത്വമസി മഹാവാക്യത്തെ വിശദീകരിക്കുന്നുണ്ട്. ആത്മശബ്ദത്തെ ശങ്കരാചാര്യര്‍ പരബ്രഹ്മശബ്ദമായി തിരിച്ചറിയുന്നു. അത് ജഗത്തിന്റെ ആത്മാവും സത്യവുമാണ.്(1) ഈ വ്യാഖ്യാനത്തിനിടയില്‍ ബൃഹദാരണ്യകോപനിഷത്തിലെ സമാനാര്‍ത്ഥമുള്ള സൂചനകളും ശങ്കരാചാര്യര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.(2)

ADVERTISEMENT

ആധുനിക ഭാരതം ദര്‍ശിച്ച മഹാമനീഷിയായ ശ്രീമദ് വിവേകാനന്ദസ്വാമികള്‍ തന്റെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും തത്ത്വമസി മഹാവാക്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നുണ്ട്. താന്‍ ജഗത്തുമായി ഒന്നാണെന്നൊരു തോന്നല്‍ ഓരോ മനുഷ്യനും ചില നിമിഷങ്ങളിലുണ്ടാവാറുണ്ട്. ഈ ഏകത്വാശയമാണ് വേദാന്തശാസ്ത്രത്തിലെ തത്ത്വമസി എന്ന മഹാവാക്യത്തിലുള്ളതെന്ന് അദ്ദേഹം പറയുന്നു(3). എല്ലാ ദര്‍ശനങ്ങളും ഒടുവില്‍ എത്തിച്ചേരുന്നത് തത്ത്വമസി മഹാവാക്യത്തിലാണെന്നും സ്വാമികള്‍ വിശ്വസിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം എന്നീ ദര്‍ശനങ്ങള്‍ ഓരോന്നും, അടുത്തതിലെത്താന്‍ കടക്കേണ്ടുന്ന പടികളാണ്. അതുകൊണ്ട് അവയ്ക്ക് അനുരഞ്ജിപ്പുണ്ട്. ഒടുക്കം, അദ്വൈതമതത്തില്‍ ചെന്നെത്തുന്നത് സ്വാഭാവികമാണ്. ഒടുവിലത്തെ പടിയാണ് തത്ത്വമസി”(4). പൗരസ്ത്യ തത്വചിന്തയില്‍ തത്ത്വമസി മഹാവാക്യത്തിന്റെ പ്രസക്തി ഇതിലൂടെ മനസ്സിലാക്കാം. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീ തന്നെയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ തത്ത്വമസി മഹാവാക്യത്തെ ലളിതമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. (5) മനുഷ്യന്‍ ജഗത്തിനെ സമഗ്രമായി നോക്കിക്കാണാന്‍ തുടങ്ങുമ്പോള്‍ അവന്‍ സ്വയം തിരിച്ചറിയുന്ന നിസ്സാരതാബോധത്തെ നേരിടാന്‍ ഈ വാക്യത്തിന് കഴിയുമെന്ന് ശ്രീ. രംഗനാഥാനന്ദസ്വാമികള്‍ പറയുന്നു. ഉപരിതലത്തില്‍ അല്പനും ആഴത്തില്‍ അനല്‍പനുമാണ് മനുഷ്യന്‍. രംഗനാഥാനന്ദസ്വാമികളുടെ അഭിപ്രായത്തില്‍ ഈ ദര്‍ശനമാണ് അര്‍ത്ഥമേദുരമായ ഭാഷയില്‍ തത് ത്വം അസി എന്ന ഔപനിഷദ മൊഴിയില്‍ സംഗ്രഹിക്കപ്പെട്ടത്. (6)

ആധുനിക കേരളം സംഭാവന ചെയ്ത മഹാദാര്‍ശനികരിലൊരാളായ ശ്രീമദ് വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍ തത്ത്വമസി മഹാവാക്യത്തെ ഭാഷയുടെ ആഴങ്ങളില്‍ സഞ്ചരിച്ചുകൊണ്ടാണ് വ്യാഖ്യാനിക്കുന്നത്. ‘അദ്വൈതചിന്താപദ്ധതി’ എന്ന ഗ്രന്ഥത്തിലെ നാലാമദ്ധ്യായത്തില്‍ സ്വാമികള്‍ ഈ മഹാവാക്യത്തെ ഇഴപിരിച്ച് പരിശോധിക്കുന്നു. തത്, ത്വം, അസി എന്നീ മൂന്ന് പദങ്ങള്‍ ചേര്‍ന്ന വാക്യമാണ് തത്ത്വമസി. തത് എന്നാല്‍ അത്, ത്വം എന്നാല്‍ നീ, അസി എന്നാല്‍ ആകുന്നു (അത് നീ ആകുന്നു) എന്ന അര്‍ത്ഥമാണ് പ്രത്യക്ഷമായി ഈ വാക്യത്തിനുള്ളത്. ലക്ഷ്യാര്‍ത്ഥത്തിലാവട്ടെ നീ (ജീവന്‍) തന്നെയാണ് ഈശ്വരന്‍(പരബ്രഹ്മം) എന്ന് വിവക്ഷ. ഈ വാക്യത്തിലെ മൂന്ന് പദങ്ങളെയും ശക്തിവൃത്തി, ലക്ഷണാ വൃത്തി എന്നീ ശബ്ദവ്യാപാരസിദ്ധാന്തങ്ങളുപയോഗിച്ച് ചട്ടമ്പിസ്വാമികള്‍ പിന്തുടരുന്നു.

ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ അതിനുള്ള അര്‍ത്ഥം ഓര്‍മ്മയില്‍ വരുന്നതിന് കാരണമായ പദവും പദാര്‍ത്ഥവും തമ്മിലുള്ള സംബന്ധമാണ് ശക്തിവൃത്തി. ഇവിടെ ത്വം എന്ന പദത്തിന് നീ എന്നും തത് എന്ന പദത്തിന് അത് എന്നും അര്‍ത്ഥമുണ്ടാവുന്നത് ശക്തിവൃത്തികൊണ്ടാണ്. എന്നാല്‍ ത്വം എന്ന പദത്തിന് ജീവന്‍ എന്നും തത് എന്ന പദത്തിന് ഈശ്വരന്‍ എന്നും അര്‍ത്ഥമുണ്ടാവുന്നത് ലക്ഷണാവൃത്തികൊണ്ടാണ്. അതായത് ശക്തിവൃത്തി പ്രകാരമുള്ള വാച്യാര്‍ത്ഥത്തിന് തടസ്സമുണ്ടാവുമ്പോള്‍ ലക്ഷണാവൃത്തി പ്രകാരമുള്ള ലക്ഷ്യാര്‍ത്ഥത്തിലേക്ക് പോകണം. ചട്ടമ്പിസ്വാമികള്‍ ശബ്ദവ്യാപാരങ്ങളിലെ ഈ സിദ്ധാന്തമുപയോഗിച്ച് തത്ത്വമസി വ്യാഖ്യാനിക്കുന്നു.

ശബ്ദത്തിന് അര്‍ത്ഥവുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി ഭാരതീയ ആലങ്കാരികന്മാര്‍ നടത്തിയിട്ടുള്ള ഗഹനമായ അന്വേഷണങ്ങളുടെ ചുവട് പിടിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ തത്ത്വമസി മഹാവാക്യത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അര്‍ത്ഥബോധത്തിന് മുഖ്യാര്‍ത്ഥം പര്യാപ്തമാവാതെ വന്നാല്‍ ആ മുഖ്യാര്‍ത്ഥത്തെ വിട്ട് തത്സംബന്ധിയായ ഒന്നിനെ സ്വീകരിക്കുന്നതാണ് ലക്ഷണാവൃത്തി. ലക്ഷണാവൃത്തിയാവട്ടെ ജഹല്ലക്ഷണ, അജഹല്ലക്ഷണ, ജഹദജ്ജഹലക്ഷണ എന്നിങ്ങനെ മൂന്നു വിധമുണ്ട്. ‘കാവ്യപ്രകാശത്തില്‍ മമ്മടാചാര്യനും ‘സാഹിത്യദര്‍പ്പണത്തില്‍ വിശ്വനാഥകവിരാജനും സൂചിപ്പിക്കുന്ന ഈ ശബ്ദവ്യാപരതത്വത്തെയാണ് ചട്ടമ്പി സ്വാമികള്‍ തത്വമസിയെ വിശദീകരിക്കാനായി ആശ്രയിക്കുന്നത്.(മുഖ്യാര്‍ത്ഥബാധേ തദ്യോഗേ രൂഢിതോഥ പ്രയോജനാത്/ അന്യോര്‍ഥോ ലക്ഷ്യതേ യത്സാ ലക്ഷണാരോപിതാ ക്രിയാ- കാവ്യപ്രകാശം) വാച്യാര്‍ത്ഥത്തെ മുഴുവന്‍ വിട്ട് അതിനോട് സംബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതീതിയുളവാക്കുന്ന ലക്ഷണയാണ് ജഹല്ലക്ഷണ. ചട്ടമ്പി സ്വാമികള്‍ നല്‍കുന്ന ഉദാഹരണം ‘ഗംഗായാം ഘോഷ:’(ഗംഗയില്‍ ഗോപന്മാരുടെ ഗ്രാമമിരിക്കുന്നു) എന്നാണ്. സാഹിത്യദര്‍പ്പണത്തില്‍ നല്‍കിയ അതേ ഉദാഹരണമാണിത്. (ഗംഗായാം ഘോഷ: ഇത്യാദൗ ഗംഗാദിശബ്‌ദോ ജലമയാദിരൂപാര്‍ഥവാചകത്വാദ് പ്രകൃതേ സംഭവന്‍ സ്വസ്യ സാമീപ്യാദിസംബന്ധസംബന്ധിനം തടാദീം ബോധയതി. സാ ശബ്ദസ്യ അര്‍പ്പിതാ സ്വഭാവികേതരാ ഈശ്വരാനുദ്ഭാവിതാ വാ ശക്തിര്‍ ലക്ഷണാ നാമ….. ഗംഗാതടേ ഘോഷ: ഇതി പ്രതിപാദനാലഭ്യസ്യ ശീതത്വപാവനത്വാതിശയസ്യ ബോധനരൂപം പ്രയോജനം- സാഹിത്യ ദര്‍പ്പണം) ഇവിടെ പ്രവാഹരൂപേണയുള്ള ഗംഗാനദിയെന്ന വാച്യാര്‍ത്ഥത്തെ പൂര്‍ണ്ണമായി തള്ളി അതിന്റെ കരയില്‍ എന്ന ലക്ഷ്യാര്‍ത്ഥത്തിലെത്തണം.
അതേസമയം വാച്യാര്‍ത്ഥത്തെ പൂര്‍ണ്ണമായി തള്ളാതെതന്നെ തത്സംബന്ധിയായ ഒരു വസ്തുവിന്റെ ബോധം ഉളവാക്കുന്ന വൃത്തിയാണ് അജഹല്ലക്ഷണ. ചട്ടമ്പി സ്വാമികള്‍ നല്‍കുന്ന ഉദാഹരണം ‘ശോണോ ധാവതി’(ചുവപ്പ് ഓടുന്നു) എന്നാണ്. ഇവിടെ ചുവപ്പ് എന്ന നിറം ഓടുന്നില്ലെങ്കിലും ചുവപ്പ് നിറമുള്ള ഏതെങ്കിലും മൃഗം ഓടുന്നതായി സങ്കല്‍പ്പിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ ചുവപ്പിനെ തള്ളാതെ തന്നെ ചുവന്ന മൃഗമെന്ന ലക്ഷ്യാര്‍ത്ഥത്തിലെത്താം. അജഹല്ലക്ഷണയെ ഉപാദാനലക്ഷണ എന്നാണ് മമ്മടാചാര്യന്‍ വിളിക്കുന്നത്. അപ്പയ്യ ദീക്ഷിതരുടെ വൃത്തിവാര്‍ത്തികത്തില്‍ ‘കുന്താ പ്രവിശ്യന്തി’(കുന്തം വരുന്നു) എന്നാണ് അജഹല്ലക്ഷണയ്ക്ക് ഉദാഹരണം കൊടുത്തിരിക്കുന്നത്. (കുന്താ: പ്രവിശന്തി, യഷ്ടയശ്ച ഇതി. അത്ര കുന്താ ദിപദസ്യ തദ്വത്സു പുരുഷേഷു ലക്ഷണാ. കുന്താദേരപി പുരുഷസാഹിത്യേന പ്രവേശക്രിയാന്വാദ് അജഹല്ലക്ഷണാ. തേഷാം നിര്‍ദയപ്രഹൃര്‍ത്തൃ ത്വാദിദ്യോതനം ഫലം) കുന്തം തനിയേ വരാത്തതിനാല്‍ കുന്തക്കാരന്‍ വരുന്നു എന്ന് ലക്ഷണം.

വാച്യാര്‍ത്ഥത്തിന്റെ ഒരംശത്തെ വിട്ട് മറ്റൊരംശത്തെ ഗ്രഹിക്കുന്ന ലക്ഷണയാണ് ജഹദജഹലക്ഷണ. ചട്ടമ്പിസ്വാമികള്‍ ‘സോയം ദേവദത്ത:’(ആ ദേവദത്തനാണ് ഇവന്‍) എന്ന് ഉദാഹരിക്കുന്നു. ഇവിടെ ദേവദത്തന്റെ രണ്ട് കാലത്തെയും തള്ളി ദേവദത്തനെ മാത്രം ഗ്രഹിക്കുന്നു. ജഹദജ്ജഹലക്ഷണയ്ക്ക് അപ്പയ്യ ദീക്ഷിതര്‍ ‘ഗ്രാമോദഗ്ധ:, പുഷ്പിതം വനം’ (ഗ്രാമം വെന്തുപോയി, കാട് പൂത്തിരിക്കുന്നു) എന്നിങ്ങനെ ഉദാഹരണങ്ങള്‍ കൊടുക്കുന്നുണ്ട്. (ഗ്രാമൈകദേശദാഹാദൗ സതി ഗ്രാമോദഗ്ധ: പുഷ്പിതം വനം ഇത്യാദി പ്രയോഗേ ഗ്രാമാ ദിപദസ്യ സ്വാര്‍ഥൈകദേശേ പരിത്യാഗേന തദേകദേശേ വൃത്തേ: ജഹദജ്ജഹലക്ഷണാ, ദഗ്ധഭൂയസ്ത്വാദിദ്യോതനം ഫലം- വൃത്തി വാര്‍ത്തികം) ഏതാനും വീടുകള്‍ തീപിടിച്ചിരിക്കേ ഗ്രാമം വെന്തുപോയി എന്നോ ഏതാനും മരങ്ങള്‍ പൂക്കുമ്പോള്‍ കാട് പൂത്തു എന്നോ പറയുമ്പോള്‍ അജഹല്ലക്ഷണയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് ലക്ഷണാവൃത്തികള്‍കൊണ്ട് തത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം മനസ്സിലാക്കണമെന്ന് ചട്ടമ്പിസ്വാമികള്‍ പറയുന്നു. ജഹല്ലക്ഷണകൊണ്ട് ത്വം പദവും അജഹല്ലക്ഷണകൊണ്ട് തത് പദവും ജഹതജഹലക്ഷണകൊണ്ട് അസി പദവും മനസ്സിലാക്കണമെന്നര്‍ത്ഥം. കൂടാതെ ഓരോ പദത്തെയും പദശ്രവണക്രമം, പദമനനക്രമം, പദനിദിദ്ധ്യാസനക്രമം എന്നിങ്ങനെ മൂന്ന് ക്രമങ്ങളിലൂടെ വീണ്ടും തിരിച്ചുകൊണ്ട് ശബ്ദാര്‍ത്ഥങ്ങളുടെ അടിവേരുകള്‍ തേടിപ്പോവുകയാണ് സ്വാമികള്‍.

ത്വം പദശ്രവണക്രമം
ത്വം എന്നാല്‍ വാചികാര്‍ത്ഥത്തില്‍ നീ, ലക്ഷ്യാര്‍ത്ഥത്തില്‍ ജീവന്‍. ത്വം പദത്തിന് ഇങ്ങനെ രണ്ടര്‍ത്ഥം വരാന്‍ കാരണമുണ്ടെന്ന് സ്വാമികള്‍ പറയുന്നു. ത്വം പദത്തിലെ ജീവന്‍ യഥാര്‍ത്ഥത്തില്‍ പരബ്രഹ്മമാണെങ്കിലും ദേഹം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, പ്രാണന്‍ എന്നിങ്ങനെ ഏഴ് കാരണോപാധികളെ താനെന്ന് അഭിമാനിക്കുക നിമിത്തം അശുദ്ധമായിത്തീരുന്നു. ത്വം പദത്തിന്റെ വാച്യാര്‍ത്ഥം ഇങ്ങനെ സംഗതമാവുന്നു. എന്നാല്‍ ഈ ഏഴ് കാരണോപാധികളെയും താനല്ലെന്ന് ബോധിച്ച് തള്ളുന്ന അടുത്ത ഘട്ടമുണ്ട്. ആ ഘട്ടത്തില്‍ അവയ്‌ക്കെല്ലാം ആധാരമായി പ്രകാശിക്കുന്ന പരമ ചൈതന്യം ബാക്കിയാവുന്നു. ഇങ്ങനെ ബാക്കിയാവുന്ന പരമചൈതന്യമാണ് ത്വം പദത്തിന്റെ ലക്ഷ്യാര്‍ത്ഥം. ഈ കാര്യം ലളിതമായി സ്ഥാപിക്കാന്‍ സ്വാമികള്‍ ഉത്തമപുരുഷ ഏകവചന സര്‍വ്വ നാമമായ ഞാന്‍, അതിന്റെ പ്രതിഗ്രാഹികാ വിഭക്തിയായ ‘എന്റെ എന്നീ പദങ്ങളെ തെരഞ്ഞെടുക്കുന്നു. ഞാന്‍ എന്ന ഉത്തമപുരുഷ ഏകവചനത്തോട് ദേഹം എന്ന പദം ചേരുമ്പോള്‍ എന്റെ ദേഹം എന്നല്ലാതെ ഞാന്‍ ദേഹം എന്ന് പറയാറില്ല. എന്റെ ദേഹം എന്നു പറയുമ്പോള്‍ ഞാന്‍ വേറെ ദേഹം വേറെ എന്ന പ്രതീതിയുണ്ടാവുന്നു. അതായത് എന്റെ കൈ, എന്റെ കാല് എന്ന് പറയുന്നതുപോലെ എന്റെ ദേഹം എന്നു പറയുമ്പോള്‍ ഞാന്‍ എന്ന ഉണ്‍മയുടെ ഒരു ഭാഗം മാത്രമായി ദേഹം മാറുന്നു. ത്വം പദത്തിന്റെ വാച്യാര്‍ത്ഥസാധ്യത ഇതാണ്. എന്നാല്‍ ഞാനും ദേഹവും രണ്ടല്ലെന്നും അവ ഒരേ ചൈതന്യത്തിന്റെ രണ്ട് ഭാഗങ്ങളാണെന്നും മനസ്സിലാക്കുമ്പോള്‍ ത്വം പദത്തിന്റെ ലക്ഷ്യാര്‍ത്ഥത്തിലെത്തുന്നു. ഇവിടെ ഗംഗായാം ഘോഷ: എന്ന ഉദാഹരണത്തിലേതുപോലെ ഞാന്‍ എന്ന അഹംബോധത്തെ തള്ളി പരമചൈതന്യത്തെ ലക്ഷ്യമാക്കുന്ന ജഹല്ലക്ഷണ കടന്നുവരുന്നത്.

ത്വം പദമനനക്രമം
പദശ്രവണത്തില്‍ സൂചിപ്പിച്ച ഏഴ് കാരണോപാധികളെ വീണ്ടും ശരീരം, അവസ്ഥ, കോശം എന്നീ മാനദണ്ഡമുപയോഗിച്ച് വര്‍ഗ്ഗീകരിച്ച് പരിശോധിക്കുകയാണിവിടെ. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങള്‍, ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ കോശങ്ങള്‍ എന്നിങ്ങനെ ത്വം പദത്തെ ഇഴപിരിക്കുന്നു. ഞാന്‍ ആരാണ്, ആരല്ല എന്ന ബോധമാണ് ആത്യന്തികമായി ഈ പ്രകരണത്തില്‍ സ്വാമികള്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധിക്കുന്നത്.

ത്വം പദനിദിദ്ധ്യാസനം
നിദിദ്ധ്യാസനം എന്നാല്‍ ഞാന്‍ അവസ്ഥാത്രയസാക്ഷിയായ ജ്ഞാനസ്വരൂപമാവുന്നു എന്ന അനുഭവമാണ്. ഞാന്‍ എന്ന ബോധത്തെ സൂക്ഷ്മരൂപത്തില്‍ തിരിച്ചറിയുന്ന ഘട്ടമാണിത്. ഇവിടെ ഞാന്‍ എന്ന ബോധത്തെ പൊതിഞ്ഞിരിക്കുന്ന ഏഴ് കാര്യോപാധികളും നശിക്കുന്നതാണെന്നും അതിനകത്ത് വിളങ്ങുന്ന ചൈതന്യം നശിക്കാത്തതാണെന്നും തിരിച്ചറിയും. ത്വരീയം എന്ന് വിളിക്കുന്നത് ഈ ചൈതനന്യത്തെയാണ്. ത്വം പദത്തെ ഇങ്ങനെ മൂന്ന് വിധത്തില്‍ വിവരിച്ചശേഷം ചട്ടമ്പിസ്വാമികള്‍ പറയുന്നു, “സഗുണോപാസനകൊണ്ട് ദേവതാപ്രസാദം നേടി രാജയോഗംകൊണ്ട് മനോമാലിന്യം നീങ്ങിയിട്ടുള്ള അല്ലയോ വത്സ, നീ മുകളില്‍ പറയപ്പെട്ട ത്വം പദാര്‍ത്ഥത്തെ, ശ്രവണമനനനിദിദ്ധ്യാസനങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തേണ്ടതാവുന്നു.(7)

തത് പദശ്രവണക്രമം.
തത് പദത്തിനും വാച്യാര്‍ത്ഥവും ലക്ഷ്യാര്‍ത്ഥവുമുണ്ട്. സോപാധികമായ ഈശ്വരനാണ് ത്വം പദത്തിന്റെ വാച്യാര്‍ത്ഥമെങ്കില്‍ നിരുപാധികമായ ബ്രഹ്മചൈതന്യമാണ് ലക്ഷ്യാര്‍ത്ഥം. ഈശ്വരന്റെ സോപാധികാവസ്ഥയ്ക്ക് അശുദ്ധമെന്നും നിരുപാധികാവസ്ഥയ്ക്ക് ശുദ്ധമെന്നും പേരുണ്ട്. സര്‍വ്വജ്ഞന്‍, സര്‍വ്വകാരണന്‍, സര്‍വ്വാന്തര്യാമി, സര്‍വ്വേശ്വരന്‍, സര്‍വ്വസൃഷ്ടാവ്, സര്‍വ്വസ്ഥിതി കര്‍ത്താവ്, സര്‍വ്വ സംഹാരകന്‍ എന്നിങ്ങനെ ഏഴ് കാരണോപാധികളും താനെന്ന് അഭിമാനിക്കുക എന്നത് ഈശ്വരന്റെ അശുദ്ധാവസ്ഥയാവുന്നു. മേല്‍പ്പറഞ്ഞ ഏഴ് കാരണോപാധികളെയും മിഥ്യയെന്ന് ബോധിച്ച് തള്ളുമ്പോള്‍ അവയ്ക്ക് സാക്ഷിയായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യമാണ് തത് പദ ലക്ഷ്യാര്‍ത്ഥമായ ഈശ്വരന്റെ ശുദ്ധാവസ്ഥ. ഇവിടെയൊരു സംശയത്തിന് ഇടയുണ്ടെന്ന് സ്വാമികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ത്വം പദ വ്യാഖ്യാനത്തില്‍ ഞാന്‍ എന്ന ബോധത്തിന്റെ ഏഴ് കാരണോപാധികളില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന ജ്ഞാനത്തെയാണ് പരബ്രഹ്മം എന്ന് വിളിച്ചത്. എന്നാല്‍ തത് പദവ്യാഖ്യാനത്തില്‍ പരബ്രഹ്മത്തിന് ശുദ്ധമെന്നും അശുദ്ധമെന്നും രണ്ട് അവസ്ഥയുണ്ടെന്ന് പറയുന്നു. ഇത് ശരിയല്ലല്ലോ. ഈ പ്രശ്‌നത്തെ സ്വാമികള്‍ അജഹല്ലക്ഷണ ഉപയോഗിച്ച് നിര്‍ദ്ധാരണം ചെയ്യുന്നു. ചുവപ്പ് ഓടുന്നു എന്ന ഉദാഹരണത്തില്‍ വാച്യത്തെ പൂര്‍ണ്ണമായി തള്ളാതെ ലക്ഷണയിലേക്ക് കടക്കുന്നുണ്ടല്ലോ. അതുപോലെ ത്വം പദ ചര്‍ച്ചയിലെ ജ്ഞാനവും തത് പദ ചര്‍ച്ചയിലെ ബ്രഹ്മവും തുല്യമാണ്. വാച്യമായ ജ്ഞാനത്തെ പൂര്‍ണ്ണമായി തള്ളാതെ പരബ്രഹ്മമെന്ന ലക്ഷ്യാര്‍ത്ഥത്തിലേക്ക് പോവണം എന്നാണ് സ്വാമികളുടെ പക്ഷം.

തത് പദമനനക്രമം
ത്വം പദമനനക്രമത്തിലേതുപോലെ ഇവിടെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങളും ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ അവസ്ഥകളുമായി ഏഴ് കാരണോപാധികളെ വിഭജിക്കുന്നു.അതിനുശേഷം അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്നു.
തത് പദനിദിദ്ധ്യാസനക്രമം
തത് പദ ശ്രവണ മനനങ്ങളില്‍ പ്രതിപാദിപ്പിക്കപ്പെട്ട അര്‍ത്ഥത്തെ ചിന്തിച്ച്, അതില്‍നിന്ന് സിദ്ധിക്കുന്ന ശുദ്ധബ്രഹ്മാനുഭവത്തെ നിദിദ്ധ്യാസനമെന്ന് പറയുന്നു.
അസി പദശ്രവണം
അസി എന്ന പദത്തിന് ആകുന്നു എന്നാണ് ലളിതമായ അര്‍ത്ഥം. എന്നാല്‍ ശിവം എന്ന ഒരര്‍ത്ഥംകൂടിയുണ്ട്. ശിവ പദത്തിനാവട്ടെ വാച്യവും ലക്ഷ്യവുമുണ്ട്. സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി എന്നിങ്ങനെയുള്ള മൂന്നുപാധികളിലും താനെന്നുള്ള അഭിമാനമാണ് വാച്യാര്‍ത്ഥം. ഈ മൂന്നുപാധികളെയും തള്ളി അവയ്ക്ക് സാക്ഷിയായി പ്രകാശിക്കുന്ന ചൈതന്യമാണ് ശിവപദ ലക്ഷ്യാര്‍ത്ഥം.അപ്പോള്‍ തത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥമായ ജ്ഞാനം, ബ്രഹ്മം, ശിവം ഇവ മൂന്നിനും ശബ്ദഭേദമല്ലാതെ അര്‍ത്ഥഭേദമില്ലെന്ന് വരുന്നു. ഈ കാര്യം സ്വാമികള്‍ ജഹദജ്ജഹലക്ഷണകൊണ്ട് വിവരിക്കുന്നുണ്ട്. ആ ദേവദത്തന്‍ തന്നെയാണ് ഈ ദേവദത്തന്‍ എന്ന ഉദാഹരണത്തില്‍ വിശേഷണാംശം വ്യത്യസ്തമായിരുന്നാലും വിശേഷ്യമായ ലക്ഷ്യാര്‍ത്ഥം ഒന്നായിത്തന്നെയിരിക്കുന്നുണ്ടല്ലോ. ഇതുപോലെ സത് (ബ്രഹ്മം), ചിത് (ജ്ഞാനം), ആനന്ദം (ശിവം) എന്ന് പ്രത്യേകമായി പറഞ്ഞാലും ചൈതന്യം സച്ചിദാനന്ദസ്വരൂപമായി അഭേദമായിത്തന്നെ പ്രകാശിക്കുന്നുണ്ടെന്ന് ജഹദജ്ജഹലക്ഷണകൊണ്ട് സ്വാമികള്‍ വ്യക്തമാക്കുന്നു.

അസിപദമനനക്രമം
അസി പദത്തിന്റെ കാരണോപാധികളെ സ്ഥൂല-സൂക്ഷ്മ-കാരണ ശരീരങ്ങള്‍ വഴിയും ജാഗ്രത്-സ്വപ്ന-സുഷുപ്തി വഴിയും വേര്‍തിരിച്ച് മനസ്സിലാക്കാനാണ് സ്വാമികള്‍ ഇവിടെ ശ്രമിക്കുന്നത്.
അസി പദനിദിദ്ധ്യാസനക്രമം
അസി പദ ശ്രവണ മനനങ്ങളില്‍ പ്രതിപാദിപ്പിക്കപ്പെട്ട അര്‍ത്ഥത്തെ ചിന്തിച്ച്, അതില്‍നിന്ന് സിദ്ധിക്കുന്ന ശുദ്ധബ്രഹ്മാനുഭവമാണ് നിദിദ്ധ്യാസനം.
തത്, ത്വം, അസി എന്നീ മൂന്ന് പദത്തെയും ഇഴപിരിച്ച് പരിശോധിച്ചതിനുശേഷം ഒടുവില്‍ സ്വാമികള്‍ പറയുന്നു, അല്ലയോ പ്രിയവത്സ, ഇങ്ങനെ തത്ത്വമസി മഹാവാക്യത്താല്‍ ലക്ഷീകരിക്കപ്പെട്ട അവാങ്മനോഗോചരവും അഖണ്ഡപരിപൂര്‍ണ്ണസത്താമാത്രസ്വരൂപവുമായ ശുദ്ധശിവം തന്നെയാണ് നിന്റെ സ്വരൂപമെന്നറിഞ്ഞുണര്‍ന്ന് ജീവമുക്തനായി പ്രശോഭിച്ചാലും. ഇതാകുന്നു ജീവന്റെ പരമലക്ഷ്യം(8).

താത്വികമായ ഒരു സംജ്ഞയെ ആലങ്കാരികമായ സങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ചട്ടമ്പിസ്വാമികളുടെ തത്ത്വമസി വ്യാഖ്യാനത്തിന്റെ പ്രത്യേകത. ഭാഷയുടെ അടിവേരുകളും അവ തുറന്നിടുന്ന അനന്തമായ അര്‍ത്ഥോല്‍പാദന സാധ്യതകളും ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ടു മാത്രമേ ഇത്തരം വ്യാഖ്യാനങ്ങളിലേക്ക് പ്രവേശിക്കാനാവൂ. ചട്ടമ്പി സ്വാമികളുടെ ഭാഷാന്വേഷണങ്ങള്‍ക്ക് ആധാരം ദ്രാവിഡ ചിന്താപാരമ്പര്യമാണെന്ന് വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ തത്ത്വമസി മഹാവാക്യത്തിന്റെ കേരളീയഭാഷ്യമെന്നതിലുപരി ദക്ഷിണേന്ത്യന്‍ ഭാഷ്യം കൂടിയാണ് ചട്ടമ്പിസ്വാമികളുടേത് എന്ന് കരുതാം.

കുറിപ്പുകള്‍
1. “യേ ന ച ആത്മാനാ ആത്മവത്സര്‍വ്വമിദം ജഗത് തദേവ സദാഖ്യം കരണം സത്യം പരമാര്‍ത്ഥസത. അത: സ ഏവ ആത്മാ ജഗത: പ്രത്യക്ഷരൂപം സദച്വം യാദാത്മയം, ആത്മശബ്ദസ്യ നിരൂപപദസ്യ പ്രത്യഗാത്മനി ഗാവാദിശബ്ദത്വ നിരൂഢത്വാത്”, The Work Of Sree Sankaracharya V-1, p-2278
2. “That is, it is through this Self known as ‘Being’ that all this Universe is imbued with Self ; and there is no other Self for this which passes through births and deaths; as has been declared in such other Vedic texts as-’other than this, there is no Seer, other than this, there is no Heaven’ (Brhada. Upa. Ill. viii. 11.)-that through which all this Universe becomes imbued with Self is its origin, called ‘Being, which is True and Absolutely Real.”The Chandogyopanishad: The Commentary Of Sankara, p- 339
3. വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം-4, p-500
4. വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം-4, p 326
5. ശ്രീനാരായണ ഗുരുദേവകൃതികള്‍, p153
6. ഉപനിഷത്തുകളുടെ സന്ദേശം, p-124
7. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും, p- 352
8. ശ്രീ. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും p- 358

അവലംബഗ്രന്ഥങ്ങള്‍
1. ഭാസ്‌കരന്‍ ടി. ഡോ. ഭാരതീയ കാവ്യശാസ്ത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1994.
2. മുരളീധരന്‍ നെല്ലിക്കല്‍ ഡോ., ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2005
3. രാജരാജവര്‍മ്മ ഏ.ആര്‍. ഭാഷാഭൂഷണം, കറന്റ് ബുക്‌സ്, കോട്ടയം, 2002
4. ശ്രീ തീര്‍ത്ഥപാദാശ്രമം(സമാഹരണം), ശ്രീ.വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും, വാഴൂര്‍, 2011.
5. ശ്രീ. രംഗനാഥാന്ദസ്വാമികള്‍, ഉപനിഷത്തുകളുടെ സന്ദേശം, ശ്രീരാമകൃഷ്ണ മഠം, തൃശ്ശൂര്‍, 1994
6. ശ്രീനാരായണ ഗുരുദേവന്‍, ശ്രീനാരായണ ഗുരുദേവകൃതികള്‍, ശിവഗിരിമഠം പബ്ലിക്കേഷന്‍സ്, വര്‍ക്കല, 2008.
7. ഉണിത്തിരി എന്‍.വി.പി. ഡോ. ഭാഷാഭൂഷണത്തിന്റെ ഉപാദാനങ്ങള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000
8. വിവേകാന്ദ സ്വാമികള്‍ (വിവ. ജി. എന്‍. നാരായണപ്പിള്ള), വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം-4, ശ്രീരാമകൃഷ്ണമഠം, തൃശ്ശൂര്‍, 1963.
9. Sree Sankaracharya, The Work Of Sree Sankaracarya V-1, Sree Vani Vilas Press, Sreerangam, 1910.
10. Sree Sankaracharya, The Chandogyopanishad: The Commentary Of Sankara, Trans: Dr. SirGanganatha Jha, Poona Orientel Book Agency, 1942.

Tags: ചട്ടമ്പിസ്വാമിശങ്കരാചാര്യര്‍
Share9TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies