തത്ത്വചിന്ത എന്ന ബൗദ്ധിക വ്യവഹാരം അതേപടി സാഹിത്യത്തില്‍ ഉപയോഗിക്കാറില്ല. കാരണം സാഹിത്യത്തിനു ഒരു വൈകാരിക തലമുണ്ട്. അത് ഒഴിവാക്കാനാവില്ല. അത് ജീവിതത്തിന്റെ സുവിശേഷമാണ്. തത്ത്വചിന്തയ്ക്ക് പറക്കാന്‍ കഴിയുന്ന ചിറകുകള്‍ നല്‍കുമ്പോഴാണ് സാഹിത്യം ഒരു സംയുക്ത ദര്‍ശനമാകുന്നത്. സാഹിത്യത്തെ വായനക്കാരന്‍ മറ്റൊന്നായി സൃഷ്ടിക്കുകയാണ്. അനുഭവം, വിശകലനം, വ്യാഖ്യാനം എല്ലാം വായനക്കാരന്റെ സൃഷ്ടിക്കുള്ള ഘടകങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിലെ ആധുനികത എന്ന പ്രവണത മനുഷ്യന്റെ വികാരങ്ങളില്‍ നിന്ന്, ചേഷ്ടകളില്‍ നിന്ന്, ഉത്ക്കണ്ഠകളില്‍ നിന്ന് ദര്‍ശനത്തിലെത്തിച്ചേരുന്ന കലാവിദ്യ പരീക്ഷിച്ചു. ഒറ്റപ്പെട്ട ഒരു മനുഷ്യനു ശാരീരികമായുണ്ടാകുന്ന അനുഭവങ്ങള്‍ ഒരു ജ്ഞാനദൃക്കായി പരിണമിച്ച് അഗാധമായ കാഴ്ചകള്‍ കാണിച്ചു തരുന്നു. ഫ്രഞ്ച് നോവലിസ്റ്റ് ഷാങ് പോള്‍ സാര്‍ത്ര് ‘നോസിയ’ (മനം പുരട്ടല്‍) എന്ന് നോവലിനു പേരിട്ടത് ഓര്‍ക്കുല്ലോ. ഒരാള്‍ക്കുണ്ടാകുന്ന മനംപുരട്ടല്‍ അയാള്‍ അനുഭവിക്കുന്ന അസ്തിത്വ വ്യഥയുടെ ഭാഗമാണെന്ന് കണ്ടെത്തുകയാണ് നോവലിസ്റ്റ്. വികാരം ദര്‍ശനമാകുകയാണ്. സാഹിത്യത്തിലെ ദര്‍ശനം തത്ത്വചിന്തയില്‍ വിവക്ഷിക്കുന്ന ദര്‍ശനമല്ല. അസ്തിത്വവ്യഥ എന്നാല്‍ ജീവിതത്തില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് അറിയാതെ ഉഴറുന്നതിന്റെ വേദനയാണ്.
ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’
സാഹിത്യം അതിന്റേതായ ഒരാത്മീയത വികസിപ്പിക്കുന്നത് ദൈവത്തിന്റെയോ ഭക്തിയുടെയോ പാതയിലാകണമെന്നില്ല. അത് മനുഷ്യന്റെ ആന്തരചിന്തകളുടെയും മനനത്തിന്റെയും ഭാഗമായി ഉണ്ടാകുന്ന പ്രത്യേക മാനസിക ജീവിതമാണ്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിലെ വിശ്വവും രാധയും തമ്മിലുള്ള സംഭാഷണത്തില്‍ ഒരു സവിശേഷ ആത്മീയത വികസിക്കുന്നുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞു വന്ന വിശ്വത്തോട് രാധ സംസാരിക്കുകയാണ്. രണ്ടുപേര്‍ക്കും ഒരേ ആവൃത്തിയിലുള്ള ചിന്തകളുണ്ട്. അതുകൊണ്ട് അവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തില്‍ ഓര്‍ക്കാന്‍ യാതൊന്നുമില്ലാത്തവനാണ് താനെന്ന് വിശ്വം പറയുന്നു. എവിടെ നിന്നോ വന്ന് എങ്ങനെയോ വളര്‍ന്നവനാണ് അയാള്‍. ഒന്നാലോചിച്ചാല്‍ നിരാശയ്‌ക്കേ വഴിയുള്ളു. എന്നിട്ടും താന്‍ നിരാശനല്ലെന്നു വിശ്വം പറയുന്നതിന്റെ യുക്തി എന്താണ്?
‘തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം നിറഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു. ചപ്പുചവറുകൊണ്ടായിരിക്കും.
വിശ്വത്തിന്റെ ഈ മനസ്സ് വേറൊരു ആത്മീയധാരയാണ്. താന്‍ എങ്ങനെയോ കടന്നു പോകുന്നുവെന്ന കാര്യം അയാള്‍ സ്വയം നിരീക്ഷിക്കുകയാണ്. മറ്റൊരിടത്ത് അയാള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ”ലോകത്തില്‍ നിന്ന് എന്തൊക്കെയോ മനസ്സില്‍ കയറിക്കൂടുമ്പോള്‍ ജീവിക്കുന്നുണ്ട് എന്നെനിക്കു തോന്നും. ലോകം എന്നെ ദു:ഖിപ്പിച്ചാലും മതി. അപ്പോഴും ജീവിക്കുന്നുവെന്ന് തോന്നും. ” ഈ പ്രസ്താവം വിശ്വം എന്ന മനുഷ്യന്റെ അഗാധമായ ആത്മീയ ചിന്തകളായി മാറുകയാണ്.
അയാള്‍ സ്വയം ഒന്നും ഓര്‍ക്കുന്നില്ല. അതിനുള്ള അര്‍ഹത തനിക്കില്ലെന്ന് അയാള്‍ വിചാരിക്കുകയാണ്.എങ്ങനെയോ താന്‍ ബഹിഷ്‌കൃതനായിരിക്കുന്നു. അതിനാല്‍ തന്റെ മനസ്സില്‍ ഒന്നും കൂടുകൂട്ടുന്നില്ല .ഏതോ ശൂന്യതയാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് വിചിന്തനം ചെയ്യുന്നു.എന്നാല്‍ ഈ ലോകത്തെ അയാള്‍ സ്‌നേഹിക്കുന്നുണ്ട്. ലോകം നല്ല നിലയില്‍ പുരോഗമിക്കണമെന്നും തന്നെ പോലെയുള്ള മനുഷ്യരും അവരുടെ മിത്രങ്ങളും സാമാന്യം ഭേദമായി ജീവിക്കണമെന്നും വിശ്വം ആഗ്രഹിക്കുന്നു. ഇത് അയാളുടെ സാത്വിക മനസ്സാണ്.
വിശ്വം കുറേക്കൂടി മനുഷ്യത്വം സ്വപ്‌നം കണ്ടിരുന്നു. തനിക്കു ചുറ്റിനുമുള്ളവര്‍ ആ സ്വപ്‌നത്തിന്റെ ഭാഗമായിരിക്കണമെന്ന് ചിന്തിച്ചു. സ്വയം നിരാസവും നിസ്വാര്‍ത്ഥതയും അയാളെ കൂടുതല്‍ അഗാധമായ കാഴ്ചകള്‍ കാണാന്‍ ശക്തനാക്കി. എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിലും അയാള്‍ വ്യക്തിപരമായ സ്വാര്‍ത്ഥതയിലേക്ക് വീഴുന്നില്ല.
ദു:ഖത്തിന്റെ അര്‍ത്ഥം
തന്റെ ദു:ഖത്തെ വിശ്വം വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്: ”എനിക്കു ദു:ഖമില്ലെന്നല്ല, എന്നും എന്നെ വിടാതെ കൂടിയ ഒരു വിചാരമുണ്ട്. എന്നിലുള്ള എന്തോ ഒന്ന് എവിടെയോ വച്ച് മറന്നു പോയതുപോലെയുള്ള ഒരു തോന്നല്‍. ചില കാലങ്ങളില്‍ ഈ വിചാരം ശക്തിയാകും. അപ്പോള്‍ വല്ലാതെ വിഷമം തോന്നും. എത്ര വ്യത്യസ്തമായി, വിശ്വം ലോകത്തെ അനുഗമിക്കുന്നു. ഏതോ ഒരു വികാരം അയാളെ വേട്ടയാടുന്നുണ്ട്. എന്നാല്‍ അത് വ്യക്തമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നില്ല. ഇങ്ങനെ വ്യക്തമാക്കാന്‍ വിസമ്മതിക്കുന്നതാണ് ആ വ്യക്തിയുടെ മഹത്വം. ഇതൊരു മനസ്സാണ്, ആ മനസ്സിനു അതിന്റേതായ ആത്മീയത ഉണ്ടാകുകയാണ്.
ജയിലില്‍ തന്റെ കൂടെ കഴിഞ്ഞ ഒരു സ്‌കൂള്‍ മാസ്റ്ററുമായി വിശ്വം അടുത്തു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തന്റെ ജീവിതം തുറക്കുന്നതിനുള്ള താക്കോലായി വിശ്വം കണ്ടെടുക്കുന്നു. ആ മാഷ് പറഞ്ഞത് ഇപ്രകാരമാണ്: ‘പുറമേയുള്ള മനുഷ്യന്‍ മനുഷ്യനല്ല; അകമേയുള്ള മനുഷ്യന്‍ കണ്ടുപിടിക്കപ്പെടുന്നുമില്ല.’
വീടും കുടുംബവുമെല്ലാം ഉണ്ടായിട്ടും ആ മാഷ് ദു:ഖിതനാണത്രേ. താന്‍ ആരാണെന്ന് അറിയാത്തതാണ് കാരണം.’എനിക്കു എന്നെ കാണാന്‍ പറ്റുന്നില്ല. നിങ്ങള്‍ എന്നെപ്പറ്റി പറയുമ്പോള്‍ മാത്രമാണ് ഞാനുണ്ടെന്ന് തോന്നുന്നത്’. മനുഷ്യന്റെ വിലാപമാണിത്. എന്തുകൊണ്ട് ഉറൂബ് ഇതുപോലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു?
മനുഷ്യന്റെ അവസ്ഥ വിഭിന്നമാണ്. എഴുതുന്നത് മനുഷ്യാസ്തിത്വത്തിന്റെ ഒരു കണമെങ്കിലും കണ്ടുപിടിക്കാനാണ്. അതാരായുകയാണ് നോവലിസ്റ്റ്.
മനുഷ്യന് വിചിത്രമായ ദു.ഖങ്ങളുണ്ട്, ചിന്തകളുണ്ട്. അതിനെ അടുത്തറിയുമ്പോള്‍ നമുക്ക് മനുഷ്യാവസ്ഥയെക്കുറിച്ച് വലിയ അറിവു ലഭിക്കുന്നു. ഈ അനുഭവം ഒരാളെ വലിയ എഴുത്തുകാരനാക്കുന്നു. മാഷ് ജയിലില്‍ നിന്ന് പോയതിനെപ്പറ്റി നോവലിസ്റ്റ് എഴുതുന്നത് ഇങ്ങനെയാണ്: ‘സ്വന്തം ഹൃദയത്തിലേക്ക് തലയും തൂക്കിയിട്ട്, ആ മനുഷ്യന്‍ കടന്നു പോയി.
ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ഉറൂബ് നല്‍കുന്ന ഈ സൂക്ഷ്മദര്‍ശിനി വളരെ അകലെ എന്നു തോന്നിപ്പിക്കുന്ന മനുഷ്യനെ അടുത്തു കാണാന്‍ സഹായിക്കുന്നു. ഇതുതന്നെയാണ് സാഹിത്യത്തിന്റെ ആത്മീയത.
നമ്മുടെ മികച്ച വായനക്കാര്‍ പോലും ഇനിയും നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകില്ല. കാരണം ലോകത്തിലെ മഹാഗ്രന്ഥങ്ങളില്‍, മികച്ച കൃതികളില്‍ ഭൂരിഭാഗവും, ഇപ്പോള്‍ വീണ്ടും അച്ചടിക്കാത്തതു കൊണ്ട്, വിസ്മൃതമായിക്കഴിഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ രണ്ടോ മൂന്നോ കൃതികളെങ്കിലും ഇപ്പോള്‍ മലയാളികള്‍ വായിക്കുന്നുണ്ടോ? ആ കാലഘട്ടത്തിലെ പുസ്തകങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ, മറ്റ് ഭാഷകളിലെ മികച്ച പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തപ്പെട്ടത് എത്രയോ തുച്ഛമാണ്. ലൈബ്രറികളില്‍ അതിന്റെ വലിയ ശേഖരമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു ശതമാനം പുസ്തകങ്ങള്‍ പോലും കേരളത്തിലെ ലൈബ്രറികളില്‍ വരുന്നില്ല. അതുകൊണ്ട് ഭാഷയിലും ചിന്തയിലും ഭാവനയിലും മാനവരാശി നേടിയ സമ്പത്ത് ഇപ്പോഴും സാധാരണക്കാര്‍ക്കെന്നല്ല, ഉന്നതരായവര്‍ക്കു കൂടി അജ്ഞാതമായിരിക്കുകയാണ്.
ഒരു വാക്ക് എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍, അത് പൈതൃകത്തിന്റെ ഭാഗമാണെന്ന് തോറോ പറയുന്നു. എന്നാല്‍ വായനയിലൂടെ നേടേണ്ടതായ സര്‍ഗാത്മകത ഇനിയും അകലെയാണെന്നതാണ് മനസ്സിലാകുന്നത്. നാം നിത്യജീവിതത്തില്‍ നേരിട്ട് അനുഭവിക്കാത്ത കാര്യങ്ങളാണ് വിവിധ ദേശങ്ങളിലുള്ളവര്‍ എഴുതുന്നത്. ഒരു കവി തന്റെ കാടുകയറ്റത്തെപ്പറ്റിയും പര്‍വ്വതാരോഹണത്തെപ്പറ്റിയും എഴുതുമ്പോള്‍, അതു നമ്മുടെ കൂടി അനുഭവമാണ്. അതു നമ്മുടെ പൈതൃകമാണ്. ഏത് ഭാഷയിലെ സാഹിത്യവും നമ്മുടെ പൂര്‍വ്വിക സ്വത്തായി കാണാവുന്നതാണ്. നമുക്ക് അന്യമായി യാതൊന്നും തന്നെയില്ല. അപ്പോള്‍ മറ്റെല്ലാ ഭാഷകളിലെയും സാഹിത്യകൃതികളുടെ വായനയിലൂടെ മനുഷ്യന് കൂടുതല്‍ കൂടുതല്‍ സര്‍ഗാത്മക ഔന്നത്യം നേടാവുന്നതാണ്. വായനക്കാരനു തന്റെ വ്യക്തിഗതവും സാമൂഹികവുമായ ജീര്‍ണ്ണതയെ ചെറുക്കാനും നശിപ്പിക്കാനും സര്‍ഗാത്മക വായനയാണ് സഹായിക്കുന്നത്.
വായന
അനുരാഗ് ഇ.കെ. എന്ന വിദ്യാര്‍ത്ഥിയുടെ കവിത ‘മരിച്ചവരുടെ താഴ്‌വര’ (മാത്യഭൂമി) കൊറോണക്കാലത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുഴക്കമുള്ളതായി തോന്നി:
‘ തെരുവുകളില്‍
മരണത്തിന്റെ
മങ്ങിയ വെളിച്ചം
പരക്കുന്ന കാലമാണ്.
രാത്രികളുടെ ചില്ലകളില്‍
നക്ഷത്രങ്ങളെ ആരോ
കെട്ടിത്തൂക്കി
കൊന്നിട്ടുണ്ട്.
ആകാശത്ത്
വിശന്നപ്പോള്‍
ആഹാരം കട്ടതിനാല്‍
കൊല്ലപ്പെട്ടവന്റെ നിഴല്‍
ഒരമാവാസി പോലെ
ചന്ദ്രനെ മറച്ചിട്ടുണ്ട്.’
ഇന്ന് കുട്ടികള്‍ക്ക് വേഗം കാര്യങ്ങള്‍ മനസ്സിലാകും. അവര്‍ സത്യസന്ധതയോടെ സമീപിക്കുന്നു. എന്നാല്‍ ഇതേ വിഷയം മുതിര്‍ന്ന കവികള്‍ എഴുതിയാല്‍ പാളിപ്പോകാനാണ് സാധ്യത. കാരണം അവര്‍ വികാരങ്ങള്‍ പറഞ്ഞു തരുന്ന സാരസ്വതം കേള്‍ക്കാന്‍ കൂട്ടാക്കില്ല. ബുദ്ധി ഉപയോഗിച്ചു കൊണ്ട് വക്രീകരണത്തിലേക്ക് കടക്കും.
ശങ്കരന്‍ കൊറോം എഴുതിയ ‘പിന്നെയും’ എന്ന കവിത (പ്രഭാവം ) കൊറോണക്കാലത്ത് കൂടുതല്‍ അര്‍ത്ഥവത്തായി തോന്നി. കൊറോണ വരുന്നതിനു മുമ്പ് എഴുതിയതായിരിക്കാം, ഈ കവിത. എന്നാല്‍ ഈ കാലത്ത് എല്ലാവരും വീടുകളില്‍ അഭയം തേടിയിരിക്കുകയാണല്ലോ. ഇതാണ് ആ കവിതയിലെ വരികള്‍:
”പിന്നെയും
വീട്ടിലേക്ക് തന്നെ മടങ്ങുന്നു.
പല നാടു ചുറ്റി,
പല വഴികളിലലഞ്ഞ്
പല കൂട്ടു ചേര്‍ന്ന്
പല രുചികള്‍ നുകര്‍ന്ന്
പല കാഴ്ചകള്‍ കണ്ട്
പല വര്‍ണ്ണത്തിലലിഞ്ഞ്
പലയിടങ്ങളിലുറങ്ങി ….
പിന്നെയും”,
പാരീസിലെ ഈഫല്‍ ടവറിന്റെ മുകളിലത്തെ നിലയില്‍ ഒരു പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നതായി അവിടം സന്ദര്‍ശിച്ച ഡോ.കെ.വി.തോമസ് എഴുതുന്നു. (പൂര്‍ണശ്രീ). അവിടെ നിന്ന് കത്ത് പോസ്റ്റ് ചെയ്താല്‍ ഈഫല്‍ ടവറിന്റെ പ്രത്യേക മുദ്ര പതിച്ചു കിട്ടുമത്രേ. 1944ല്‍ സഖ്യസേന പാരീസിനെ സമീപിച്ചപ്പോള്‍ ഈഫല്‍ ടവര്‍ തകര്‍ത്തു കളയാന്‍ ഹിറ്റ്‌ലര്‍ തന്റെ സൈനിക ജനറലിനോടു ആവശ്യപ്പെട്ടുവെന്നും ആ ഉദ്യോഗസ്ഥന്‍ അതിനു തയ്യാറായില്ലെന്നും കെ.വി.തോമസ് എഴുതുന്നു. തോമസ് എഴുതാത്ത ഒരു കാര്യം ഞാന്‍ സൂചിപ്പിക്കട്ടെ. ആ ജനറലിനോടു നമുക്കു നന്ദിയുള്ളവരാകാം. അദ്ദേഹം അങ്ങനെയൊരു അനുസരണക്കേട് കാണിച്ചതുകൊണ്ടാണല്ലോ ഇന്നും ഈഫല്‍ ടവര്‍ നിലനില്‍ക്കുന്നത്.
ടവര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയെ തുടക്കം മുതല്‍ പാരീസിലെ ഒരു ബുദ്ധിജീവി ലോബി സ്ഥിരമായി എതിര്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞത് ടവര്‍ ദുര്‍ച്ചെലവും പാഴ്ശ്രമവും ആണെന്നായിരുന്നു. എന്നാല്‍ കാലം ആ കപട ബുദ്ധിജീവികളുടെ വാദങ്ങളെ ഒടിച്ചു മടക്കിക്കളഞ്ഞിരിക്കുന്നു.
ബഷീര്‍, കാവുകള്‍
കേരളത്തിലെ എണ്ണൂറ്റി അറുപത്തിമൂന്ന് കാവുകളെ തരം തിരിച്ച് പഠിച്ച് അവതരിപ്പിക്കുന്ന സുരേഷ് മണ്ണാറശാലയുടെ കാവുകള്‍’ (എസ്.പി.സി.എസ്) എന്ന കൃതിയെക്കുറിച്ച് ഡോ.വള്ളിക്കാവ് മോഹന്‍ദാസ് എഴുതിയ ലേഖനം (ആശ്രയ മാതൃനാട്, മാര്‍ച്ച് ) ഈയവസരത്തില്‍ ഉചിതമായി. കാവുകള്‍ ഇന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു, ജീവിതത്തിന്റെ തണലും. കാവുകള്‍ ദൈവികതയുടെ പവിത്രമായ നാട്ടുവനങ്ങളാണ്. അത് ഒരു സ്വയം സമ്പൂര്‍ണമായ ആവാസ വ്യവസ്ഥയാണ്. മനുഷ്യന്‍ പ്രകൃതിയുടെ അധിപനല്ല, സ്‌നേഹമുള്ള പങ്കാളിയാണെന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്‍ പ്രകൃതിയെ കീഴടക്കണമെന്ന ചിന്ത പഴയ മാര്‍ക്‌സിസത്തിന്റേതാണ്. പ്രകൃതിയോട് നാം സ്വീകരിക്കേണ്ടത് സഹജീവനവും കരുതലുമാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ‘മതിലുകള്‍’ എന്ന കൃതി പ്രശസ്തമാണല്ലോ. ജയിലില്‍ ഒരു മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്, പരസ്പരം കാണാതെ രണ്ടുപേര്‍ പ്രേമിക്കുന്നത് എന്തുകൊണ്ടാവും? അത്രയ്ക്ക് പ്രേമം അനിവാര്യമായതിനാലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസക്ക് തോമസ് (വടക്കര്‍ പറവൂര്‍) എന്ന കഥാകൃത്തിനെ കണ്ടപ്പോള്‍ അദ്ദേഹം ബഷീറിന്റെ ഈ പ്രേമത്തെ ‘അനിവാര്യമായ വീഴ്ച’ എന്ന് വിശേഷിപ്പിച്ചത് ഓര്‍ക്കുന്നു. ഇപ്പോള്‍ ഇത് പറയാന്‍ കാരണം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ (റിട്ട) ഡോ.അലക്‌സാണ്ടര്‍ ജേക്കബ് എഴുതിയ ബഷീറിന്റെ ‘മതിലും നാരായണിയും’ (ഭാഷാപോഷിണി, ഫെബ്രുവരി) എന്ന ലേഖനമാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘ബഷീര്‍ പ്രേമിച്ചെങ്കിലും ഇനിയാരും ബഷീറിനെപ്പോലെ പ്രേമിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. മാത്രമല്ല, മതില്‍ ചാട്ട വിദഗ്ദ്ധനായ ഒരു പ്രതിക്ക് വനിതാസെല്ലിലേക്ക് ചാടി മറിയാനും ചിലപ്പോള്‍ കഴിഞ്ഞേക്കും. അതെല്ലാം ഒഴിവാക്കാന്‍ വേണ്ടി എന്റെ മുന്‍കൈയില്‍ ആ മതിലിന്റെ ഉയരം പന്ത്രണ്ടടികൂടി കൂട്ടി.
വല്ലാത്ത ചതിയായിപ്പോയി. മനസ്സ് തകര്‍ന്നു ജയിലില്‍ എത്തുന്നവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും അവസരം കൊടുക്കാത്ത നടപടിയായിപ്പോയി ഇത്.
ലേഖകന്‍ പറയുന്ന മറ്റൊരു കാര്യം ശ്രദ്ധേയമായി തോന്നി: ‘മതിലുകള്‍ കൊണ്ട് മനുഷ്യബന്ധത്തെ വേര്‍തിരിക്കാനാവില്ല. മതിലുകള്‍ക്കപ്പുറത്തായി, മതിലുകള്‍ക്ക് മുകളിലുടെ മനുഷ്യ ഹൃദയങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിയും എന്ന വളരെ വലിയൊരു ആശയം ബഷീര്‍ സാക്ഷാത്കരിച്ചു.
നുറുങ്ങുകള്‍
-
ഒരു ചിത്രകാരന്‍ പ്രകൃതിയിലെ നിറങ്ങളല്ല, അതിനേക്കാള്‍ വ്യത്യസ്തവും സാന്ദ്രത കുറഞ്ഞതുമായ നിറങ്ങളാണ് വരയ്‌ക്കേണ്ടതെന്ന് പ്രമുഖ ഡച്ച് കലാകാരനായ വിന്‍സെന്റ് വാന്‍ഗോഗ് പറഞ്ഞു.
-
കെ .എം. തരകന്‍ എന്ന എഡിറ്റര്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു; എഴുതുന്നത് ആരാണെന്നല്ല, എന്തെഴുതുന്നു എന്ന് നോക്കും.
-
ഈയിടെ അന്തരിച്ച കഥാകൃത്ത് ഇ.ഹരികുമാറിനെ (ഇടശ്ശേരിയുടെ മകന്‍) കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുഖ്യധാരയില്‍ പ്രവേശിപ്പിക്കാതെ നിര്‍ത്തിയവര്‍ ആരെല്ലാമാണ്? ഒരു വിചാരണയ്ക്ക് സമയമായി.
-
‘പതിനൊന്നു കഥകള്‍’ എന്ന സമാഹാരത്തിനു 1980 കളില്‍ ആര്‍.നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക വിമര്‍ശനലാവണ്യത്തിന്റെ സൗന്ദര്യലഹരിയായി പരിണമിച്ചിരുന്നു.
-
‘അപ്പന്റെ ബ്രാണ്ടിക്കുപ്പി’ എന്ന് എം.മുകുന്ദന്‍ കഥാസമാഹാരത്തിനു പേരിട്ടത് ശരിയായില്ല .ഒരു സിനിമാപ്പാട്ടിനെ എന്തിനാണ് അനുകരിക്കുന്നത്?
-
ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാഹിത്യകാരന്‍ ഡോണ്‍ ഡെലിലോ (Don DeLillo) യാണെന്നും അദ്ദേഹത്തിനു നോബല്‍ സമ്മാനം കൊടുക്കാന്‍ ഇനിയും അമാന്തിക്കരുതെന്നും വ്യക്തമാക്കിക്കൊണ്ട് ന്യൂയോര്‍ക്ക് ടൈംസിലെ ബുക്ക് എഡിറ്ററായ ജെറാള്‍ഡ് ഹൊവാര്‍ഡ് എഴുതുന്നു (ബുക്ക്‌ഫോറം). ഹാരോള്‍ഡ് ബ്‌ളൂം, ജോണ്‍ അപ്‌ഡൈക്ക്, നോര്‍മന്‍ മെയ്‌ലര്‍ തുടങ്ങിയ എഴുത്തുകാര്‍ പ്രശംസിച്ച മഹാനാണ് ഡെലിലോ എന്ന് ലേഖകന്‍ പറയുന്നു.
-
മഹാരാഷ്ട്രയിലെ പല്‍ഖര്‍ എന്ന സ്ഥലത്ത് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവത്തില്‍ ഒരനുശോചനമോ, നടുക്കമോ രേഖപ്പെടുത്താന്‍, സ്ഥിരമായി പ്രതികരണങ്ങള്‍ നടത്താറുള്ള എഴുത്തുകാരെ (ഇവര്‍ കൂട്ടമായി ഒപ്പിട്ട് പ്രസ്താവനയിറക്കുന്നതിലും ഉത്സാഹികളാണ്) കണ്ടില്ല. കാര്യങ്ങളുടെ കിടപ്പുവശം നോക്കി പ്രതികരിക്കുന്നതില്‍ ഇവര്‍ പരിചയസമ്പന്നരുമാണ്.