സാധാരണ കൊറോണ രോഗികളെയും രോഗബാധിതരുമായി സമ്പര്ക്കത്തിലേര്പ്പെട്ടവരെയുമാണ് കോറന്ന്റയിനില് നിര്‍ത്താറ്. എന്നാല്‍ ബംഗാളിലെ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സംസ്ഥാനത്തെ കൊറോണ രോഗസ്ഥിതിയറിയാന് വന്ന കേന്ദ്ര ഉദ്യോഗസ്ഥരെ ‘ക്വാറന്ന്റയിനി’ലാക്കിയിരിക്കുന്നു. ബി.എസ്.എഫിന്റെ ഹെഡ്ക്വര്‍ട്ടേഴ്സിന് പുറത്തിറങ്ങാനനുവദിക്കാതെ അവരെ തടഞ്ഞുവെച്ചത് ഒരു പകല്‍! അവര്‍ക്കു രോഗബാധ സംശയിച്ചല്ല, അനുമതിയില്ലാതെ വന്നു എന്ന് ആരോപിച്ചാണ് ഈ തടഞ്ഞുവെക്കല്‍. ബംഗാളില്‍ വരാന്‍ മമതയുടെ അനുമതി വേണമല്ലോ!
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ കൊറോണ ബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ചെന്ന് അവലോകനം നടത്തണമെന്ന നിര്‍ദ്ദേശമനുസരിച്ചാണ് കൊല്‍ക്കത്തയിലും ജയ്പാല്ഗുഡിയിലും കേന്ദ്രസംഘം മുന്‍കൂട്ടി അറിയിച്ചശേഷം എത്തിയത്. എന്നാല്‍ കേന്ദ്രസംഘത്തിന്റെ വരവ് നാണക്കേടായാണ് മമതയ്ക്ക് തോന്നിയത്. അതിനാല്‍ ബി.എസ്.എഫ്. ആസ്ഥാനത്തിനു പുറത്തിറങ്ങാന്‍ സംഘത്തെ സമ്മതിച്ചില്ല. കേന്ദ്രത്തിനെതിരെ മമത കലിതുള്ളി. ‘സാഹസിക ടൂറിസം’ എന്ന് രാജ്യസഭയിലെ പാര്‍ട്ടി നേതാവ് ഡറക് ഒ ബ്രെയിന്‍ അധിക്ഷേപിച്ചു. ബംഗാളില്‍ കൊറോണ ബാധ കൂടുതലാണെന്നു സമ്മതിക്കാന്‍ മമതയുടെ ദുരഭിമാനം സമ്മതിക്കുന്നില്ല. കൊറോണയെ ഫലപ്രദമായി കൂട്ടായി എങ്ങനെ നേരിടാം എന്ന് ചിന്തിക്കേണ്ട സമയത്താണ് ദുരഭിമാനം മൂത്ത ഈ തരംതാണ രാഷ്ട്രീയനാടകം കളി.