കുഞ്ഞന്‍ കരടിയുടെ കരച്ചില് കേട്ടാണ് അന്ന് കാടുണര്‍ന്നത്. നേരിയ ശബ്ദത്തില്‍, വെറും തേങ്ങലായി തുടങ്ങിയ കരച്ചില് അവന് പതു ക്കെപ്പതുക്കെ പരമാ വധി ഉച്ചത്തിലാക്കി. അതോടെ കാട്ടിലെ മൃഗങ്ങളൊക്കെ കുഞ്ഞന്റെ വീടിനു മുന്പില് തടിച്ചുകൂടി.
ചങ്ങാതിമാരേ, ഇന്നലെ ഏതോ സ്കൂളില്‍ നിന്ന് കുട്ടികള്‍ നമ്മുടെ കാടുകാണാന്‍ വന്നിരുന്നു. അവര്‍ ഇവനൊരു കുട സമ്മാനിച്ചു. ഒരു വര്‍ണ്ണക്കുട! കിട്ടിയതു മുതല്‍ അതു കൊണ്ടായിരുന്നു കളി. പക്ഷേ, വൈകുന്നേരത്തെ കാറ്റില്‍ അതെ ങ്ങോട്ടോ പറന്നുപോയി. ഞാനും ഇവന്റെ അച്ഛനും അന്വേഷിക്കാത്ത സ്ഥലമില്ല. ഒരു തുമ്പും കിട്ടിയില്ല.
അമ്മക്കരടി സങ്കടത്തോടെ പറഞ്ഞു. മൃഗങ്ങള്‍ ഒന്നടങ്കം ഏങ്ങിയേങ്ങിക്കരയുന്ന കുഞ്ഞന്‍ കരടിയെ അലിവോടെ നോക്കി. പൊടുന്നനെ അതാ…
കിട്ടിപ്പോയ്… കുട കിട്ടിപ്പോയ്…’’
ഉച്ചത്തില്‍ വിളിച്ചു കൂവിയത് ചെമ്പന്‍ കുരങ്ങനാണ്. എല്ലാവരും അമ്പരപ്പോടെ ചെമ്പനെ നോക്കി. കുഞ്ഞന്‍ കരടി കരച്ചില് നിര്‍ത്തി അമ്മക്കരടിയുടെ ഒക്കത്തുനിന്നു ചാടിയിറങ്ങി.
ചങ്ങാതിമാരേ, ഞാനിന്നലെ ഞാ വല്പ്പഴം പറിക്കാന്‍ കുന്നിന് പുറത്തു പോയിരുന്നു. അവിടെ വച്ച് കൊക്കന് കുറുക്കനെ കണ്ടു. ഒരു വര്‍ണ്ണക്കുടയും ചൂടിയായിരുന്നു അവന്റെ നടപ്പ്. കുട എവിടെ നിന്നു കിട്ടിയെന്നു ചോദിച്ചിട്ടും അവനൊന്നും പറഞ്ഞില്ല. അപ്പോഴേ എനിക്കു തോന്നി, എന്തോ കള്ളത്തരമുണ്ടെന്ന്.”
ചെമ്പന്‍ പറഞ്ഞു നിര്‍ത്തിയതോ ടെ കുട തിരിച്ചുകിട്ടാന്‍ എന്തു വേണമെന്ന ആലോചനയിലായി എല്ലാവരും. മുതിര്‍ന്ന ചില മൃഗങ്ങളുടെ അഭിപ്രായപ്രകാരം കുഞ്ഞന്‍ കരടിയെ കൂട്ടി അമ്മക്കരടിയും അച്ഛന് കരടിയും കൊക്കനെ തേടിയിറങ്ങി. പക്ഷെ, അതു വെറുതെയായി. കൊക്കന് കുട കൊടുത്തില്ല. കുടുംബസമേതം മറ്റൊരു കാട്ടില്‍ വിരുന്നു പോയപ്പോള്‍ അവനു കിട്ടിയ സമ്മാനമാണത്രെ ആ കുട!
കൊക്കന് പറഞ്ഞ നുണ കേട്ടു നിരാശയോടെ മടങ്ങിയ കരടി കുടും ബത്തിന് ആശ്വാസമായി വീണ്ടും ചെമ്പന്‍ കുരങ്ങനെത്തി. കാട്ടിലെ കോടതിയില്‍ പരാതിപ്പെടാനായിരുന്നു ചെമ്പന്റെ ഉപദേശം. പിന്നെ കാര്യങ്ങള്‍ വേഗം പുരോഗമിച്ചു. കോടതിയുടെ അധ്യക്ഷനും കാട്ടിലെ രാജാവുമായ സിംഹം പരാതിക്കാരെ വിളിപ്പിച്ചു. ഒപ്പം കൊക്കന് കുറുക്കനേയും.
കുട തന്റേതു തന്നെയെന്ന് സ്ഥാപിക്കാന്‍ കൊക്കന് കുറുക്കന് ആവര്‍ത്തിച്ചു ശ്രമിച്ചുകൊണ്ടിരുന്നു. അതോടൊപ്പം, കുഞ്ഞന്‍ കരടിയുടേതാണെന്നതിന് തെളിവെന്തെ ന്നും പരിഹാസത്തോടെ ചോദിച്ചു.
തെളിവു ഞാന്‍ തരാം.
എല്ലാവരും സ്തംഭിച്ചു നില്ക്കുമ്പോള് വീണ്ടും ചെമ്പന്‍ കുരങ്ങന്! മൃഗരാജന്റെ അനുവാദത്തോടെ കുടയെടുത്തു നിവര്‍ത്തിയ അവന്, അതിന്റെ വര്ണ്ണത്തുണിയിലെ വിടെയോ ഒളിച്ചിരുന്ന വടിവൊത്ത അക്ഷരങ്ങള്‍ കണ്ടെത്തി ഉറക്കെ വായിച്ചു.
”ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞന്‍ കരടിക്ക്…. സ്നേഹത്തോടെ വൈഷ്ണവി, പാര്‍വ്വണ, ശിവഗംഗ.”
കേട്ടു നിന്ന മൃഗങ്ങള്‍ ആര്‍ത്തു വിളിച്ചു. കുട കുഞ്ഞന്‍ കരടിക്കു കിട്ടിയ സമ്മാനമാണെന്നതിന് ഇതില്‍പ്പരമെന്തു തെളിവു വേണം? മുഴുവന്‍ മൃഗങ്ങളും, കുഞ്ഞനും അച്ഛനമ്മമാര്‍ക്കുമൊപ്പം ആനന്ദ നൃത്തം ചവിട്ടി. നാണംകെട്ട്, തലകുനിച്ചു നില്‍ക്കുകയായിരുന്നു കൊക്കന് കുറുക്കനപ്പോള്.