മനുഷ്യന്റെ അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍, അതവന്റെ വിധിയാണെന്നു പറയാനൊക്കില്ല. കാരണം, മനുഷ്യന്‍ പൊതുവേ പരിവര്‍ത്തനത്തിനായി നിലകൊള്ളുകയാണ്. സമൂഹത്തില്‍, ലോകത്തില്‍ മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ അതിനുതകുന്ന ജീവിതം സ്വയം തിരഞ്ഞെടുക്കുകയായിരിക്കും ചെയ്യുക. അവര്‍ പ്രതിസന്ധികളെ തേടിച്ചെന്ന് മറികടക്കും.
മഹാഭാരതത്തില്‍ കര്‍ണന്റെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ വേര്‍പെടുത്തപ്പെട്ടതും പരിത്യക്തവുമായി തീര്‍ന്നതെന്ന് ശ്രീകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ കര്‍ണന്‍ തന്റെ നിസ്സഹായത അറിയിച്ചപ്പോഴാണ് കൃഷ്ണന്‍ അതിനുത്തരം നല്‍കുന്നത്. അതായത്, കര്‍ണന്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടവനാണ്. അതുകൊണ്ട് പ്രതികൂലസാഹചര്യങ്ങള്‍ ചെറുപ്പത്തിലേ തന്നെ ഉണ്ടാകുന്നു. വേണമെങ്കില്‍, അതെല്ലാം തന്റെ വിധിയാണെന്ന് കണ്ട് ഒന്നിനോടും പൊരുതാതെ, കീഴടങ്ങി ജീവിച്ച് സുഖം കണ്ടെത്താം. തേരാളിയുടെ മകന്‍ എന്ന ഐഡന്റിറ്റി തുടര്‍ന്ന് ആ സാഹചര്യത്തില്‍ കഴിയാമല്ലോ. അദ്ദേഹം ആയോധന കലയിലും നീതിയുടെ വിനിയോഗത്തിലെ സാധ്യതകളിലും ശ്രദ്ധ പതിപ്പിക്കുന്നു. കര്‍ണന്‍ വേറൊരു വഴിക്കാണ് നീങ്ങുന്നത്. തനിക്ക് അര്‍ഹതപ്പെട്ട കുടുംബ മഹിമ വച്ചുനീട്ടുന്ന സന്ദര്‍ഭത്തില്‍, കര്‍ണന്‍ അത് നിരാകരിക്കുകയാണ് ചെയ്യുന്നത്. അതായത് തനിക്ക് വന്നു ചേര്‍ന്ന അനുഭവത്തെ നിരാകരിക്കാതെ അതിനെ അടിസ്ഥാനപ്പെടുത്തി സര്‍ഗാത്മകമായ ചിന്തകളിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. ഒരു എളുപ്പവഴിയില്‍ നീങ്ങി തന്നിലെ പരിവര്‍ത്തനവാഞ്ചയെ ബലി കൊടുക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ആശയങ്ങളെയും ആദര്‍ശങ്ങളെയും ഉപയോഗിച്ച് ജീവിതത്തില്‍ പടവെട്ടുന്നതിനായി ധീരമായ ചുവടുകള്‍ പരീക്ഷിക്കുന്നു. ദുര്യോധനനുമായി സന്ധിചെയ്യുന്നത് ഒരു അനിവാര്യതയാണ്. തന്നെ രക്ഷിച്ചവനോടുള്ള കൂറ് നിലനിര്‍ത്തുക മാത്രമല്ല, തന്റെ സുരക്ഷയ്ക്കായി ലഭിച്ചിട്ടുള്ള വലിയ സമ്പാദ്യങ്ങള്‍പോലും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നതെന്തുകൊണ്ടാണ്? ഈ പ്രത്യേക സൗഭാഗ്യങ്ങള്‍ ഇല്ലാതെ പോരാടാന്‍ കര്‍ണനു ആത്മവിശ്വാസമുണ്ട്. അങ്ങനെയേ അദ്ദേഹത്തിനു നിലനില്‍ക്കാനാവൂ.
കവചകുണ്ഡലങ്ങള്‍ ഇല്ലാത്ത കര്‍ണനും നിലനില്പുണ്ട്. ചൊരിയപ്പെട്ട അനുഗ്രഹങ്ങളേക്കാള്‍ ആര്‍ജിച്ച ജ്ഞാനത്തിലും ആയോധനകലയിലും വിശ്വസിക്കുന്നത് പ്രതികൂല സാഹചര്യങ്ങളോടു ഏറ്റുമുട്ടി നിലനില്ക്കാനുള്ള സഹജമായ ഇച്ഛാശക്തി ഉള്ളതുകൊണ്ടാണ്. സൗജന്യമായി കിട്ടുന്ന അനശ്വരത വേണ്ട എന്നാണ് കര്‍ണന്റെ മതം. വെറുമൊരു യോദ്ധാവോ രാജാവോ അല്ല കര്‍ണന്‍. ഏകാന്തനും ധീരനും സ്വയം ശക്തിയാര്‍ജിച്ചവനുമായ കര്‍ണന് വ്യതിചലിക്കുന്നതിനു ചില തത്ത്വങ്ങളാണ് കൂട്ടിനുള്ളത്. അനാഥത്വത്തില്‍ നിന്ന് ഒരു മഹാ യുദ്ധമുന്നണിയിലേക്ക് എത്തിച്ചേരുന്നതിലെ സ്വയം പര്യാപ്തത പ്രധാനമാണ്.
അനുഭവങ്ങള്‍ പരിപാകമായി, വിധിയായി നിര്‍ണയിക്കപ്പെടുന്നത് വരെ കാത്തിരിക്കാതെ സൃഷ്ടിപരമായ ഇടപെടല്‍ നടത്താനാണ് കര്‍ണന്‍ തയ്യാറായത്. ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ മാല്‍റോ പറഞ്ഞത്, വിധിയുടെ ആത്യന്തികമായ വിലയിരുത്തലുകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് മൗഢ്യമാണെന്നാണ്. നമ്മളിലേക്ക് വരുന്ന അനുഭവങ്ങളെ അസംസ്‌കൃത വസ്തുക്കളായി സ്വീകരിച്ചുകൊണ്ട് പുതിയ ആലോചനകള്‍ക്ക് തുടക്കമിടണം. അതിലാണ് സര്‍ഗാത്മകതയുള്ളത്.
പ്രണയവും കോളറയും
പ്രണയത്തിന്റെ അനുഭവങ്ങള്‍ ആത്യന്തികമായ സാരത്തിനു വേണ്ടിയുള്ളതാണെന്നു പറയാനാവില്ല. അതൊരു വൈകാരികതയാണ്. എന്നാല്‍ അത് ശുദ്ധവുമാണ്. പ്രണയം ഒരു ശരീരഭാഷയും നിഷ്ഠയുമാണ്. ശകുന്തളയില്‍ അതു കാണാം. ശകുന്തളയുടെ ശരീരഭാഷയും മറവിയും പ്രണയത്തില്‍ നിന്നുണ്ടാകുന്നതാണ്.
ഒരാള്‍ താന്‍ ആരാണെന്ന് നിര്‍ണയിക്കുകയാണ്. എന്നാല്‍ അതിനു മറ്റൊരാളുടെ സഹായം കൂടി വേണം. മറ്റൊരാള്‍ ഉള്ളപ്പോള്‍, അയാള്‍ ആ വ്യക്തിയുടെ സ്‌നേഹത്തിനും സാമീപ്യത്തിനുമായി ആഗ്രഹിക്കുന്നു. അയാളുടേതായ എന്താ ഒരു അംശം, മറ്റേയാളിലുണ്ടെന്ന് തോന്നുകയാണ്. ഇത് ഒരേ തരംഗദൈര്‍ഘ്യമാണെന്നൊക്കെ പറയാമെങ്കിലും അതിനുമപ്പുറമാണ്. തീവ്രമായ പ്രണയം ഒരു രോഗമാണെന്ന് പറഞ്ഞത് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസാണ്. അദ്ദേഹത്തിന്റെ ‘ലൗ ഇന്‍ ദ് ടൈം ഓഫ് കോളറ’ (1988), ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബത്തയുടെ ‘തൗസന്റ് ക്രെയിന്‍സ്’ എന്നീ നോവലുകള്‍ പ്രണയത്തിന്റെ അതിതീവ്രവും നിഗൂഢവുമായ മേഖലകളിലൂടെ സഞ്ചരിക്കുന്നു.
ഫ്‌ളോറന്റിനോ എന്ന യുവാവും ഫെര്‍മിനാ എന്ന യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ അഴിയാക്കുരുക്കുകളാണ് മാര്‍കേസിന്റെ നോവലില്‍ നിറയുന്നത്. അവരുടെ പ്രണയം തീപ്പിടിച്ച് നിന്ന സമയത്ത് യുവതിയുടെ പിതാവ് അവരെ വേര്‍പിരിയാന്‍ ഇടയാക്കി. വേറൊരിടത്തേക്ക് അവളെ കൊണ്ടുപോയി പാര്‍പ്പിച്ചു. അവര്‍ തമ്മില്‍ അകലാന്‍ ഇതിടയാക്കി. ഡോക്ടറും സാമൂഹ്യസേവകനുമായ അര്‍ബിനോ അവളെ വിവാഹം കഴിച്ചു. അര്‍ബിനോ ഒരു മാതൃകാ ഭര്‍ത്താവായിരുന്നു. അയാള്‍ നാട്ടില്‍ പടര്‍ന്ന കോളറാരോഗത്തിനെതിരെ പടപൊരുതി വിജയിച്ച ഡോക്ടറായിരുന്നു. എന്നാല്‍ ഒരു അപകടത്തില്‍ അയാള്‍ മരിക്കുന്നതോടെ ഫെര്‍മിനോ ഒറ്റയ്ക്കാവുന്നു.
അതേസമയം അവളുടെ പഴയ കാമുകനായ ഫ്‌ളോറന്റിനോ വീണ്ടും എത്തുകയാണ്. അയാള്‍ക്ക് വയസ്സായി. ഫെര്‍മിനോയുമായുള്ള പ്രണയം പതിറ്റാണ്ടുകള്‍ പഴകിയിട്ടും അതിന്റെ ശക്തി കുറയുന്നില്ല. പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അയാളുടെ പ്രണയം നിലനില്‍ക്കുകയാണ്. എന്നാല്‍ ഫെര്‍മിനോയ്ക്ക് ഇപ്പോള്‍ അയാളോടു ദേഷ്യമൊന്നുമില്ല. അവള്‍ ആ പഴയ പ്രണയത്തിന്റെ ഊഷ്മളത തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ ഒന്നിക്കുന്നു.
കവാബത്തയുടെ നോവല്‍ രണ്ടു മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടലിന്റെയും പിന്‍വാങ്ങലിന്റെയും കഥയാണ്. ചിക്കാക്കോ, ഒട്ടാ എന്നീ സ്ത്രീകള്‍ അവരുടെ യജമാനനെ നഷ്ടപ്പെട്ട ശേഷം നടത്തുന്ന പ്രണയപരീക്ഷണങ്ങളും തകര്‍ച്ചയുമാണ് പ്രമേയം. യജമാനന്റെ മകനിലൂടെ ഈ സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. യജമാനന്റെ മകന്‍ ഒട്ടായുടെ മകളുമായി അടുപ്പത്തിലാവുന്നു. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ നാനൂറോളം വര്‍ഷം പഴക്കമുള്ള രണ്ട് ചായക്കോപ്പകളെക്കുറിച്ച് പറയുന്നുണ്ട്. ആ കോപ്പകളില്‍ ജീവിതാസക്തി നിറഞ്ഞിരിക്കുന്നതായി നോവലിസ്റ്റ് വെളിപ്പെടുത്തുന്നു.
കവാബത്തയുടെ നോവലില്‍ പ്രണയം ജീവിതാസക്തിയാണ്. ഒഴിവാക്കാനാവാത്ത തീവ്രമായ ആസക്തി.അത് ഒഴുകുകയാണ്. അത് നിഷ്‌കളങ്കവും ശുദ്ധവുമാണ്. എന്നാല്‍ മാര്‍കേസിന്റെ നോവലില്‍ പ്രണയം കോളറ പോലെ ഒരു പകര്‍ച്ചവ്യാധിയാണ്. ഒഴിവാക്കാനാവാത്ത ദുരന്തം. അത് എപ്പോഴും എങ്ങോട്ടും പടരാം. കോളറാകാലത്ത് പ്രണയം മരിക്കുകയല്ല, പടരുകയാണ്.
നോബല്‍ പ്രൈസ് ലഭിച്ച മാര്‍കേസും കവാബത്തയും ജീവിതത്തിന്റെ ആന്തരികമായ ശക്തി ബോധ്യപ്പെട്ടവരാണ്. എന്താണ് മനുഷ്യനെ പ്രചോദിപ്പിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കി. അനുഭവങ്ങളെ ആത്യന്തികമായി വിലയിരുത്തി എന്താണ് വിധി എന്ന് വിലയിരുത്തുകയല്ല, എന്താണോ നമ്മളിലേക്ക് വരുന്നത് അതിനെ സൃഷ്ടിപരമായ തലങ്ങളില്‍ എങ്ങനെ എത്തിക്കാം എന്ന് ആലോചിക്കുകയാണ് ഈ എഴുത്തുകാര്‍ ചെയ്തത്.
വായന
എസ്. ഗുപ്തന്‍ നായരും സമകാലിക വിമര്‍ശകരും എന്ന ലേഖനത്തില്‍ പ്രസന്നരാജന്‍ (ഗ്രന്ഥാലോകം) എം.കൃഷ്ണന്‍ നായര്‍ വരെയുള്ളവരെ അനുസ്മരിക്കുന്നു. പക്ഷേ, പ്രസന്നരാജന്റെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും ക്ലാസ് റൂമില്‍ നിന്നു മോചിതമായിട്ടില്ല. ഗുപ്തന്‍ നായരെ അദ്ദേഹം വിമര്‍ശിക്കുന്നത് അമ്പതുകള്‍ തൊട്ടുള്ള സാഹിത്യ കൃതികളിലെ സൗന്ദര്യാത്മക വ്യതിയാനങ്ങളെ വേണ്ട പോലെ തിരിച്ചറിഞ്ഞില്ല എന്നതിന്റെ പേരിലാണ്. എന്നാല്‍ പ്രസന്നരാജനു കെ.പി.അപ്പന്റെ ക്ലാസ് റൂം ശിഷ്യനെന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ല. അപ്പന്റെ വിമര്‍ശനാത്മകമായ അവബോധം നേടാന്‍ പ്രസന്നരാജനു കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, വളരെ താഴേക്ക് പതിക്കുകയും ചെയ്തിരിക്കുന്നു.
‘ചിന്താവിഷ്ടയായ സീത’യെക്കുറിച്ച് സുകുമാര്‍ അഴീക്കോടും പി.കെ.ബാലകൃഷ്ണനും എഴുതിയതിനു പ്രസക്തിയില്ലെന്ന് പറയുന്ന പ്രസന്നരാജന്‍ മലയാളത്തിലെ നവഭാവുകത്വത്തിന്റെ എടുപ്പുകളായി മാറിയ കാക്കനാടന്റെയും വിജയന്റെയും കഥകളെക്കുറിച്ച് എഴുതിയില്ലെന്നോര്‍ക്കണം. കാരണം, അവരുടെ കഥകളുടെ സൗന്ദര്യതലങ്ങള്‍ പ്രസന്നരാജനറിയില്ല. അദ്ദേഹത്തിനു എന്ത് എഴുതണമെന്ന് നിശ്ചയമില്ല. ‘ആരാച്ചാര്‍ ‘ എന്ന നോവലിനെക്കുറിച്ച് ഒരു മാഗസിനില്‍ പത്ത് പുറങ്ങളാണ് പ്രസന്നരാജന്‍ തട്ടിവിട്ടത്! വല്ലവരും ചെയ്യുമോ? സൗന്ദര്യം സ്വന്തം നിലയില്‍ ഉള്‍ക്കൊള്ളാനുള്ള ഒരു മനസ്സ് ഇല്ലാത്തതിന്റെ ലക്ഷണമല്ലേ ഇത്? ഗുപ്തന്‍ നായരെയും അഴീക്കോടിനെയും അദ്ദേഹം കുറ്റപ്പെടുത്തുന്നത് അവര്‍ ആധുനിക സാഹിത്യകൃതികള്‍ക്ക് പുറം തിരിഞ്ഞു നിന്നു എന്നതിന്റെ പേരിലാണ്. ഇത് വലിയ തെറ്റാണോ? മഹാവിമര്‍ശകനായിരുന്ന ഹാരോള്‍ഡ് ബഌം, ഷേക്‌സ്പിയറെപ്പറ്റിയാണ് കൂടുതല്‍ എഴുതിയത്. പാശ്ചാത്യ വിമര്‍ശകരില്‍ ചിലര്‍ ജിവിതകാലമത്രയും ഏതെങ്കിലും ഒരു എഴുത്തുകാരനെയാവും കേന്ദ്രീകരിക്കുക. മൈക്കള്‍.എസ്.റെയ്‌നോള്‍ഡ്‌സ് അമേരിക്കന്‍ എഴുത്തുകാരന്‍ ഹെമിംഗ്വേ (Hemingway)യെക്കുറിച്ച് എഴുതാന്‍ ജീവിതകാലമത്രയും നീക്കിവച്ചു. അദ്ദേഹം ഹെമിംഗ്വേയെക്കുറിച്ച് അഞ്ചു ഗ്രന്ഥങ്ങള്‍ എഴുതി. മഹാനായ വിമര്‍ശകന്‍ കോളിന്‍ വില്‍സന്‍ യോഗാത്മകതയെക്കുറിച്ചാണ് കൂടുതല്‍ എഴുതിയത്.
പ്രസന്നരാജന്‍ ധരിച്ചുവച്ചിരിക്കുന്നത് ഒരു വിമര്‍ശകന്‍ ഏറ്റവും പുതിയ എഴുത്തുകാരെക്കുറിച്ച് എഴുതണമെന്നാണ്. അതിന്റെ ഒരാവശ്യവുമില്ല. പുതിയ കുട്ടികള്‍ അവരുടെ വഴി കണ്ടുപിടിച്ച് ഉറയ്ക്കട്ടെ. അവര്‍ സ്വയം തള്ളിപ്പറയുമോ എന്ന് നോക്കേണ്ടതുണ്ട്.
മാധവിക്കുട്ടി ‘എന്റെ കഥ’ എന്ന പേരില്‍ ആത്മകഥാപരമായ ഒരു പുസ്തകം എഴുതി. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ അതിലെ പല വിവരങ്ങളും നുണയാണെന്ന് പ്രഖ്യാപിച്ചു. അവരുടെ പുസ്തകത്തിലെ വിവരങ്ങള്‍ ഗൗരവത്തിലെടുത്ത് ആരെങ്കിലും അതിനെക്കുറിച്ച് എഴുതിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
കാവാലം ശശികുമാര്‍ പരമേശ്വര്‍ജിയുടെ കവിതകളിലൂടെ നടത്തിയ പര്യടനം (ഹിന്ദുവിശ്വ) ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ കവിതകള്‍ സമുദ്രത്തിന്റെ അഗാധത പോലെ ബൃഹത്താണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ഭാരതത്തിന്റെ ജ്ഞാനാംബരങ്ങളിലേക്ക് ഒരു സൂചീമുഖിപ്പക്ഷിയെപ്പോലെ അനാസക്തനായി സത്യത്തിനു വേണ്ടി അലഞ്ഞ കവിയാണദ്ദേഹം.
കയ്യുമ്മു കോട്ടപ്പടിയുടെ ‘എന്റെ ഓര്‍മ്മകള്‍, എന്നെ ഒരു പാട് മോഹിപ്പിക്കുന്നുണ്ട്’ എന്ന കവിത (എഴുത്ത്) ആത്മാവിന്റെ വേദന പകരുന്നു. ‘രാസപരിണാമങ്ങളുടെ കിടപ്പുമുറിയില്‍ ഉറക്കം വരാതെ ഞാന്‍ ശങ്കിച്ചു കിടക്കുന്നു’എന്ന വരി ധ്വനിയുണര്‍ത്തി.
എന്‍.ചന്ദ്രശേഖരന്‍ നായര്‍
ഹിന്ദി ഭാഷയ്ക്കും പരിഭാഷയ്ക്കുമായി പതിറ്റാണ്ടുകള്‍ പ്രയത്‌നിച്ച എന്‍. ചന്ദ്രശേഖരന്‍ നായര്‍ എന്തുകൊണ്ടാണ് മലയാളത്തില്‍ ഏറെ അറിയപ്പെടാത്തതെന്ന് വിസ്മയിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിനു പത്മശ്രീ കിട്ടി എന്നറിയുന്നത്. യാതൊരു ക്ലിക്കിലുമില്ലാത്തവര്‍ക്കും ഇത് ലഭിക്കണമല്ലോ. വളരെ നന്നായി. ടി.ബി.ലാല്‍, അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയത് (ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം, ഭാഷാപോഷിണി) ഉചിതമായി. ശാസ്താംകോട്ട സ്വദേശിയാണ്. ദല്‍ഹിയിലാണ് താമസം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എയും ബീഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. യു.ജി.സി മേജര്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ചിത്രകാരനാണ്. മലയാളത്തില്‍ ഇരുപത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാലാങ്കല്‍ കൃഷ്ണപിള്ള, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി തുടങ്ങിയവരുടെ കവിതകള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ‘ശോധ പത്രിക’ എന്ന ഹിന്ദി ത്രൈമാസികത്തിന്റെ എഡിറ്റാണ്. ഹിന്ദി ഭാഷാസേവനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എന്നിട്ടും നമ്മുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തെ തമസ്‌കരിച്ചു.
നുറുങ്ങുകള്‍
-
സി.വി.ബാലകൃഷ്ണന്‍ എഡിന്‍ബറോയില്‍ പോയത് ആഘോഷിക്കുകയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. എന്നാല്‍ ബാലകൃഷ്ണന്‍ തന്റെ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുള്ളത് ബാറുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോകളാണ്. എഡിന്‍ബറോയിലൊക്കെ എഴുത്തുകാര്‍ക്ക് ബാറുകളാണ് മുഖ്യം എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
-
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രപ്രവര്‍ത്തകന്‍ നഗരത്തിലെ ഒരു പ്രമുഖ സാഹിത്യകാരന് തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. ഇടവഴികളും നാഴികക്കല്ലുകളും വളവും തിരിവും എല്ലാം പറഞ്ഞിട്ടും അങ്ങോര്‍ക്ക് സ്ഥലം പിടികിട്ടുന്നില്ല. അവസാനം വീടിനു തെല്ലകലെയായി ഒരു ബാറുള്ള കാര്യം പറഞ്ഞു. അതോടെ എഴുത്തുകാരനു വഴി കൃത്യമായി മനസ്സിലായി !
-
വയലാര്‍ രാമവര്‍മ്മ ഒരു കവിതയില്‍ എഴുതി: മാറുക ദൂരേക്ക് മാറാലയും കൊണ്ട്. ആ ചിന്ത സാമൂഹ്യ പരിവര്‍ത്തനത്തിനു ആക്കം കൂട്ടി.
-
ചങ്ങമ്പുഴ ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികള്‍ എവിടെ? ഒന്നും ഇപ്പോള്‍ എവിടെയും ലഭ്യമല്ല.
-
ഇരുപതാം നൂറ്റാണ്ടിലെയോ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയോ ഒരു ചിത്രകാരനും പതിനാറാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ പീറ്റര്‍ ബ്രൂഗല്‍ (ദ് എല്‍ഡര്‍) സൃഷ്ടിച്ച മഹാവിസ്മയ വര്‍ണ ആഖ്യാനങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ല. ആ മഹാന്റെ Netharlandish Proverbഎന്ന ചിത്രം ഒരു നിത്യമായ അത്ഭുതവും സമസ്യയുമാണ്.
-
ജര്‍മ്മനിയിലെ മഹാതത്ത്വജ്ഞാനിയായിരുന്ന ഫ്രഡറിക് നിഷേ മരണത്തോടടുത്ത് അവശനായി കിടന്നപ്പോള്‍ സഹോദരിയോട് ഒരു കാര്യം ആവശ്യപ്പെട്ടു: ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ സുഹൃത്തുക്കള്‍ മാത്രമേ എന്റെ സമീപം നില്‍ക്കാവൂ. പുരോഹിതന്മാര്‍ വന്ന് അസത്യങ്ങള്‍ പറയാന്‍ ഇടയാകരുത്. കാരണം, എനിക്ക് അവിടെ പ്രതികരിക്കാനാവില്ല.