മഹാരാജാക്കന്മാരുടേയും നാട്ടുരാജാക്കന്മാരുടേയും മറ്റും രാജകീയ പരിലാളനകള്‍ ഏറ്റുവാങ്ങി വളരുകയും വികസിക്കുകയും ചെയ്തവയാണ് മഹാ ക്ഷേത്രങ്ങള്‍. കാലത്തെ വെല്ലുന്ന നിര്‍മ്മാണ വൈദഗ്ദ്ധ്യവും കവിത തുളുമ്പും ശില്പവിദ്യയും ജീവന്‍ തുടിക്കും ചുമര്‍ചിത്രങ്ങളും ഇട്ടുമൂടാന്‍ സമ്പത്തും കൊണ്ട് ഇവ സമൃദ്ധമായിരുന്നു. അത്തരം ക്ഷേത്രങ്ങളില്‍ മിക്കതും ഇന്ന് ദേവസ്വം ബോര്‍ഡുകളുടെ കൈവശമാണ്.
ആരാധനയ്ക്ക് ജാതിവിലക്കുകളോ മറ്റുബുദ്ധിമുട്ടുകളോ ഉള്ള കാലത്തും ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സ്വന്തമായി ആരാധനാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. വനവാസി ഊരുകളില്‍ പോലും ധാരാളം ആരാധനാ കേന്ദ്രങ്ങളുണ്ട്. മഹാത്മാ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് സ്വന്തം ആരാധനാലയങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും സമൂഹത്തിനു വേണ്ടി അവ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായി എല്ലാ സാമുദായിക സംഘടനകളും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവയെ ജീര്‍ണ്ണോദ്ധാരണം ചെയ്ത് സംരക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.
മലബാറിലേയും കൊച്ചിയിലേയും ഒട്ടുമിക്ക ക്ഷേത്രങ്ങളും ടിപ്പുവിന്റെ സൈന്യത്തിന്റെ കരുത്തിനുമുന്‍പിന്‍ അടിയറവു പറഞ്ഞവയാണ്. ഐക്യകേരളത്തിലെ ഭൂപരിഷ്‌കരണ ശ്രമങ്ങളും വനനിയമവും ക്ഷേത്രങ്ങളിലെ ശേഷിച്ച അന്തിത്തിരി പോലും മുടക്കി. അവിശ്വാസത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ച ക്ഷേത്രങ്ങളെ വീണ്ടും തളര്‍ത്തി.
തോല്ക്കാന്‍ മനസ്സില്ലാത്ത ഹൈന്ദവ സമൂഹം ശൂന്യതയില്‍ നിന്നും സാമ്രാജ്യം സൃഷ്ടിക്കുന്ന പോലെ ഓരോ കാവുകളും ക്ഷേത്രങ്ങളും പുനരുദ്ധരിച്ചു കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഒരാനുകൂല്യവും കൈപ്പറ്റിയിട്ടില്ല. പിടിയരി പിരിച്ചും കെട്ടുതെങ്ങ് കെട്ടിയും എന്തിന് ഭിക്ഷ തെണ്ടിപ്പോലും അവര്‍ ക്ഷേത്രനിര്‍മ്മാണത്തിന് ധനം സമാഹരിച്ചു. നട്ടപ്പാതിരയ്ക്ക് തലയില്‍ പെട്രോമാക്‌സ് ചുമന്ന് അവര്‍ സ്വയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മനസ്സിലെ ആശകള്‍ക്കൊത്ത് അവര്‍ അതിനെ വളര്‍ത്തിയെടുത്തു.
ക്ഷേത്രങ്ങളെ തളര്‍ത്താന്‍ ആചാരാനുഷ്ഠാനങ്ങളെ അപമാനിക്കാന്‍ എന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലേത്തേതായി ജനവരി 22 ന് ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നു. ഗവണ്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ ഒപ്പുവെച്ച പ്രസ്തുത വിജ്ഞാപനം കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളെ മാത്രം ബാധിക്കുന്നതാണ്. തൊഴില്‍ വകുപ്പിന്റേതാണ് വിജ്ഞാപനം. സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് 1948 ലെ മിനിമം വേജസ് ആക്ട് അനുസരിച്ച് ശമ്പളം നല്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വിജ്ഞാപനം
ജീവനക്കാരെ രണ്ടു വിഭാഗങ്ങളാക്കി രണ്ടു വിഭാഗത്തിലും അ മുതല്‍ ഋ വരെ ഗ്രൂപ്പാക്കി തിരിച്ചുമാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനവേതനം നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ വിഭാഗത്തില്‍ മേല്‍ശാന്തി മുതല്‍ അടിതളിവരെയും രണ്ടാമത്തെ വിഭാഗത്തില്‍ ഓഫീ്‌സ് ജീവനക്കാര്‍ മാനേജര്‍ മുതല്‍ സ്വീപ്പര്‍ വരേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ ഒരു നിര്‍ദ്ദേശം വെക്കുമ്പോള്‍ ഹൈന്ദവ സംഘടനകളുമായോ ക്ഷേത്രഭാരവാഹികളുമായോ ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. ഈ അടിസ്ഥാനശമ്പളം അധികമാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. ക്ഷേത്ര ജീവനക്കാര്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ടുതാനും. പക്ഷേ അഷ്ടിക്ക് വകയില്ലാത്ത ക്ഷേത്രങ്ങള്‍ ഇത് നല്കാനുള്ള ധനം എങ്ങനെ കണ്ടെത്തും? ഒരു ക്ഷേത്രത്തില്‍ ചുരുങ്ങിയത് മേല്‍ശാന്തി, കഴകം, ക്ലര്‍ക്ക്, അടി തളി അടക്കം നാലു ജീവനക്കാരെങ്കിലും വേണ്ടേ? ഇവര്‍ക്ക് ഒരു മാസം 17760+, 12830 + 11980 + 13530 = 56100 രൂപയും അതിന്റെ ഡി.എയും അടക്കം ഏറ്റവും ചുരുങ്ങിയത് 60000 രൂപ ശമ്പളയിനത്തില്‍ മാത്രം ആ ക്ഷേത്രം കണ്ടെത്തണം. ഇത് സാധ്യമാണോ? സാധ്യമായില്ലെങ്കില്‍ അമ്പലം അടച്ചിടേണ്ടി വരില്ലേ ? അതോ സര്‍ക്കാര്‍ എന്തെങ്കിലും പാക്കേജ് പ്രഖ്യാപിക്കുമോ? ഈ കൂലി കിട്ടണമെന്ന് പറഞ്ഞ് യൂനിയനുകള്‍ കൊടി ഉയര്‍ത്തില്ലേ? ഫാക്റ്ററി ആക്റ്റ് പ്രകാരം തൊഴിലാളിയായി പ്രഖ്യാപിച്ചാല്‍ ദക്ഷിണ വാങ്ങാന്‍ പറ്റുമോ? പാലക്കാട് മണ്ണൂര്‍ കയ്മക്കുന്നത്ത് കാവിലെ വെളിച്ചപ്പാട് ദേവസ്വം ജീവനക്കാരനായതുകൊണ്ട് വാളിന്മേല്‍ പണം വാങ്ങുന്നത് കുറ്റകരമാണെന്ന് പ്രഖ്യാപിച്ചത് ഈയിടെയാണല്ലോ? 20 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത പൂജാരി കോടതി വരാന്ത നിരങ്ങിയതും നാം കണ്ടു.
അതിലും രസകരമായ വസ്തുത സാധാരണ ഭക്തന്റെ തലയില്‍ അസാധാരണ ഭാരം കയറ്റിവെച്ച തൊഴില്‍ വകുപ്പ് മലബാര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് എത്തിനോക്കിയിട്ടില്ല. സ്‌പെഷ്യല്‍ ഗ്രേഡ് മുതല്‍ എ. ബി.സി.ഡി ഗ്രേഡ് വരെ ക്ഷേത്രങ്ങളെ വരുമാനമനുസരിച്ച് തരംതിരിച്ചാണ് അവിടെ ശമ്പള നിരക്ക്. (സ്വകാര്യ ദേവസ്വങ്ങള്‍ക്ക് തെങ്ങിനും കമുകിനും ഒരേ തളപ്പാണ് നിശ്ചയിച്ചിരിക്കുന്നത്) മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 8390 രൂപ മാത്രമാണ്. അത് ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെത്തുമ്പോള്‍ മേല്‍ശാന്തിയുടെ കുറഞ്ഞ അടിസ്ഥാനശമ്പളം 2200 രൂപ മാത്രമാകുന്നു. അതും സമയാസമയം നല്‍കാറുമില്ല. അവിടെ ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തൊഴില്‍ വകുപ്പിലൂടെ പതിനായിരക്കണക്കിന് സ്വകാര്യ ക്ഷേത്രങ്ങളുടെ തലയില്‍ എടുത്താല്‍ പൊന്താത്ത ഭാരം കയറ്റിവച്ചതിന്റെ ഉദ്ദേശമെന്ത്?
ഈ വിജ്ഞാപനം തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ് എന്ന് അതിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. സുരക്ഷാ ജീവനക്കാരനോ വാച്ച്മാനോ വേണ്ടാത്ത ക്ഷേത്രങ്ങള്‍ക്ക് മൈക്ക് ഓപ്പറേറ്റര്‍ എന്ന പോസ്റ്റ് വരെ കല്പിച്ച് അനുവദിച്ചിട്ടുണ്ട്. അയല്‍പക്കക്കാരന്‍ വന്ന് സ്വിച്ചിട്ട് പോയാല്‍ അമ്പലത്തിലെ പാട്ടു കേള്‍ക്കാം. ഇതാണ് മൈക്ക് ഓപ്പറേറ്റര്‍… ശമ്പളം 12830 രൂപ. ഈ ഉത്തരവ് ക്ഷേത്രധ്വംസനത്തിനു തന്നെയെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട . ശബരിമലയില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഹൈന്ദവസമൂഹത്തെ ഭിന്നിപ്പിക്കാന്‍ നോക്കിയത് നാം മറന്നിട്ടില്ല. ഈശ്വരാനുഗ്രഹം കൊണ്ട് നാമതിനെ അതിജീവിച്ചു. അതുപോലെ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പരിശ്രമമാണ് ഇവിടേയും. വര്‍ഗ്ഗസിദ്ധാന്തത്തിന്റെ വക്താക്കള്‍ക്ക് ക്ഷേത്ര ജീവനക്കാരേയും ഭക്തസമൂഹത്തേയും രണ്ടു വര്‍ഗ്ഗമാക്കി വര്‍ഗ്ഗസംഘട്ടനത്തിലേക്ക് നയിച്ചേ തൃപ്തിയാകൂ എന്നാണോ? കിട്ടാനര്‍ഹതയുള്ള ജീവനക്കാരും നല്‍കാന്‍ നിവൃത്തിയില്ലാത്ത സംഘാടകരും ക്ഷേത്രങ്ങളെ അസംതൃപ്തിയുടെ കേന്ദ്രങ്ങളാക്കും.
ദേവസ്വം ബോര്‍ഡിലൂടെ ആ ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കിയവര്‍ തൊഴില്‍ വകുപ്പിലൂടെ ബാക്കി ക്ഷേത്രങ്ങളേയും വരുതിയിലാക്കാനുള്ള ശ്രമമാണ്. ഇത് അനുവദിച്ചു കൂടാ. സര്‍ക്കാരിന്റെ ഭാഷ്യപ്രകാരം ഒരു ശബരിമലയുടെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 1300 ക്ഷേത്രങ്ങള്‍ നടന്നുപോരുന്നത് എങ്കില്‍ ആ ശബരിമലയെന്ന കറവപ്പശുവില്ലാത്ത ഈ സ്വകാര്യ ക്ഷേത്രങ്ങള്‍ എങ്ങനെ നടത്തിക്കൊണ്ടുപോകും എന്ന് ഉത്തരവിറക്കിയ സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ? മദ്രസ്സാ ക്ഷേമനിധി ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ എന്തേ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ഇതുവരെ ഒരു ക്ഷേമനിധി ഏര്‍പ്പെടുത്താത്തത്? മദ്രസാ അധ്യാപകര്‍ക്ക് ഭവനപദ്ധതി, മക്കള്‍ക്ക് ലാപ്‌ടോപ്പ് ഇങ്ങനെ പലതുമുണ്ടെങ്കിലും അവരേയോ മുല്ലമാരേയോ മുക്രിമാരേയോ, കപ്യാരേയോ പള്ളീലച്ചനേയോ ഒന്നും ഫാക്റ്ററി ആക്റ്റില്‍ കൊണ്ടുവന്നിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ അവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളും എന്നതാണ് മതേതരത്വത്തിന്റെ പുതിയ നിര്‍വ്വചനം. ചര്‍ച്ച് ആക്ട് ഒക്കെ എവിടെപ്പോയെന്ന് ആര്‍ക്കറിയാം?
സമയത്ത് പ്രതികരിക്കുന്ന സമൂഹത്തിനുമാത്രമേ കാലത്തെ അതിജീവിച്ച് നിലനില്ക്കാന്‍ സാധിക്കുകയുള്ളു. സനാതനധര്‍മ്മം സനാതനമായി നിലനില്‍ക്കണമെങ്കില്‍ പ്രതികരണം ആവശ്യമാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജീവിത സുരക്ഷ നല്‍കുന്ന ക്ഷേത്രങ്ങള്‍ക്ക് നിലനില്പിന്നായി സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയിഡുകളോ പ്രത്യേക പാക്കേജുകളോ നല്കണം. സമൂഹത്തിന് സാധ്യമായ വിധത്തില്‍ അവരും ജീവനക്കാരെ സംരക്ഷിക്കും. അല്ലാതെ സമൂഹത്തെ നിര്‍ബ്ബന്ധിച്ചതുകൊണ്ടുമാത്രം കാര്യങ്ങള്‍ നടക്കില്ല.