- ഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ആരുടെ മനസ്സിലും ഭീതി ജനിപ്പിക്കുന്നവയാണ്. ഭാരതത്തിലുടനീളം ഇന്ന് ഭീകരതയുടെ പേടിപ്പിക്കുന്ന വലകള്‍ പിന്നപ്പെട്ടു വെച്ചു കഴിഞ്ഞിിരിക്കുന്നു. ഇസ്ലാമികതീവ്രാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ വിപ്ലവസമൂഹം പിന്നിവെച്ച വലകളുടെ കഥകള്‍ ഞെട്ടലുണ്ടാക്കുന്നവയാണ്. ഈയിടെ പത്രങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി പുറത്തുവന്ന, പോലീസ് സേനയിലെ വെടിയുണ്ട മോഷണവും കുളത്തുപുഴയില്‍ നിന്ന് പാക് മുദ്രയുള്ള വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവവും ആശങ്ക ജനിപ്പിക്കുന്നതാണ്.
കേരളത്തില്‍ ലൈസന്‍സ് ഉള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജതോക്കുകള്‍ ഉപയോഗത്തിലുന്നുണ്ടെന്ന് പത്ര റിപ്പോര്‍ട്ടുകളുണ്ട്. തോക്കുനിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച സംഘങ്ങള്‍ അതീവ പ്രഹരശേഷിയുള്ള തോക്കുകളും നിര്‍മ്മിക്കുന്നുണ്ടത്രെ. 600 മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഇരട്ടക്കുഴല്‍ത്തോക്കുകളും ഇവര്‍ നിര്‍മ്മിച്ചു നല്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദസെല്ലുകളില്‍ ഇത്തരത്തിലുള്ള തോക്കുകളുപയോഗിച്ചാണ് പരിശീലനം നല്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കണ്ണൂരില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വ്യാജമായി നിര്‍മ്മിച്ച വെടിയുണ്ടകളും കണ്ടെടുത്തിരുന്നുവല്ലൊ.
പ്രഹരശേഷി കൂടിയ ആയിരം സെ. മീ. ഓട്ടോമാറ്റിക്ക് പിസ്റ്റളുകള്‍ 2017 ജൂണില്‍ കേരളത്തിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്ന് മിലിറ്ററി ഇന്‍ന്റലിജന്‍സ് കേരളത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര പോലീസ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് ഈ വിവരം നല്കിയത്. തോക്കുകള്‍ എത്തിയിരിക്കുന്നത് കൊച്ചിയിലാണ് എന്നതില്‍ക്കവിഞ്ഞ് ആരുടെ പക്കലാണ് അവ പോയിച്ചേര്‍ന്നിരിക്കുന്നത് എന്നുള്ള കൃത്യമായ വിവരങ്ങളൊന്നും അറിയാന്‍ കേരള പോലീസ് സേനയിലെ ആരും മെനക്കെട്ടില്ലെന്നുള്ളതാണ് വാസ്തവം. അവയില്‍പ്പെട്ട തോക്കുകളായിരിക്കാം കളിയിക്കാവിളയില്‍, എസ്.ഐ വിന്‍സന്റിനെ വധിക്കാന്‍ ഉപയോഗിച്ചിരിക്കുക എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. പിന്നീട് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായ ഇജ്ജാസ് ബാഷ, സദകത്തുല്ല ഖാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ തോക്കു വാങ്ങിയത് മുംബൈയില്‍ നിന്നാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇജ്ജാസ് ബാഷ മുംബൈയില്‍നിന്നു വാങ്ങിയ അഞ്ചു തോക്കുകളില്‍ മൂന്നെണ്ണമാണ്, തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ പ്രതികളായ, ബംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നീ മൂന്നു പേര്‍ക്ക് കൈമാറിയത്. അതിലൊരു തോക്കുപയോഗിച്ചാണത്രെ അബ്ദുള്‍ ഷമീമും തൗഫീക്കും ചേര്‍ന്ന് എസ്. ഐ വിന്‍സന്റിനെ വെടിവെച്ചിട്ടത്. ബാക്കി രണ്ടു തോക്കുകള്‍ എവിടെപ്പോയെന്ന് ഇജ്ജാസ് ബാഷ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതും എന്തൊക്കെയോ നിഗൂഢരഹസ്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്.
ആയുധ ഇടപാടുകാരനായ, ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായപ്പോള്‍ നടത്തിയ വെളിപ്പടുത്തലിലൂടെയാണ് ലോകം ഈ വസ്തുതകള്‍ എല്ലാമറിയുന്നത്. പിന്നീട് മധ്യപ്രദേശിലെ സാന്‍ധ്വയിലെ ആയുധനിര്‍മ്മാണശാലയില്‍നിന്ന് തുര്‍ക്കി നിര്‍മ്മിതമായ ബ്ലാങ്ക്ഗണ്ണുകള്‍ അടക്കം നിരവധി തോക്കുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ബുള്ളറ്റുകളുപയോഗിക്കാതെ തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകളാണ് ബ്ലാങ്ക് ഗണ്ണുകളെങ്കിലും ഇവയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധശക്തികള്‍ക്കും വിനാശവേലകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ പ്രഹരശേഷിമാറ്റം വരുത്തി ദേശവിരുദ്ധര്‍ക്ക് നല്കിയതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സാന്‍ധ്വയിലെ ആയുധനിര്‍മ്മാണക്കമ്പനിയെ പോലീസ് വട്ടമിട്ടത്. സാഹയുടെ കൂട്ടാളികളായ എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍ ഈ കളിപ്പാട്ടക്കമ്പനിയുടെ ഏജന്റുകളാണെന്ന വ്യാജേന കൊച്ചിയില്‍ വന്നിരുന്നതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു. തുടര്‍ന്ന് 2017-ല്‍ അവര്‍ ദല്‍ഹിയില്‍വെച്ച് അറസ്റ്റിലായി. തുടര്‍ച്ചയായ ചോദ്യംചെയ്യലുകള്‍ക്കിടയില്‍ ഇവര്‍ എറണാകുളം ബ്രോഡ്‌വേയിലുള്ള ഒരു ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയിരുന്നുവെന്നും തോക്കുകള്‍ അപ്പോഴാണ് കൊച്ചിയിലെത്തിച്ചതെന്നും പോലീസ് മനസ്സിലാക്കി. പിന്നീട് ദല്‍ഹിയില്‍ 17 തോക്കുകളുമയി രണ്ടുപേര്‍കൂടി പിടിയിലായി. ആ തോക്കുകള്‍ നിര്‍മ്മിച്ചതും മധ്യപ്രദേശിലെ കളിപ്പാട്ടനിര്‍മ്മാണകേന്ദ്രത്തില്‍ത്തന്നെയായിരുന്നു.
ഇത്തരത്തിലുള്ള വാര്‍ത്തകളൊക്കെ കാലാകാലങ്ങളില്‍ കൈമാറപ്പെട്ടിട്ടും അതൊന്നും വേണ്ടവിധം കേരളത്തിലെ പോലീസ് അന്വേഷണവിധേയമാക്കിയില്ല. കുറ്റവാളികള്‍ക്ക് ഭരണമണ്ഡലത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്വാധീനത്തിലേക്കാണ് ജനമനസ്സിലെ വിശ്വാസസൂചിക ഇപ്പോള്‍ തിരിഞ്ഞുനില്ക്കുന്നത്.
ഏതായാലും സംഭവങ്ങളുടെ പ്രാധാന്യം വിലയിരുത്തി കേസ് എന്‍. ഐ.എയ്ക്കു വിടാന്‍ തീരുമാനമായിട്ടുണ്ട് എന്നുള്ളത് ശുഭോദര്‍ക്കമായ തീരുമാനംതന്നെയാണ്. ഒപ്പംതന്നെ തമിഴ്‌നാട്ടിലെ ക്യൂബ്രാഞ്ചും കേസന്വേഷിക്കുന്നതിന്റെ തിരക്കിലാണ്. കേരളത്തിലെ ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ്.ഐ വിന്‍സന്റിന്റെ വധത്തില്‍ പ്രതികളാണെന്ന് സംശയിക്കപ്പെടുന്നവരിലൊരാളായ തൗഫീക്കുമായി ഇവര്‍ രണ്ടുപേരും ഫോണ്‍സംഭാഷണം നടത്തിയതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരവുമായി ഈ തീവ്രവാദികള്‍ പുലര്‍ത്തിയിരുന്ന ബന്ധവും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കൊലയാളികള്‍ ഓടിരക്ഷപ്പെട്ടതും കേരളത്തിന്റെ സുരക്ഷിതമായ മറവിലേക്കുതന്നെയാണല്ലൊ. ഇവരുടെ ബന്ധുക്കളില്‍ പലര്‍ക്കും തീവ്രവാദബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞിരുന്നു. എസ്.ഐ വിന്‍സന്റിന്റെ കൊലപാതകികളുടെ, ദല്‍ഹിയില്‍ അറസ്റ്റിലായ കൂട്ടാളികളും തീവ്രവാദഗ്രൂപ്പായ ഐ.എസ്സുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയട്ടുണ്ട്.
ബംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഒരു പുതിയ ഭീകരവാദസംഘടനയെക്കുറിച്ചും ഈ കേസന്വേഷണത്തിനിടയില്‍ പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ബാഷ, ഖാജാ മൊയ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട, 14 പേരടങ്ങുന്ന ഈ സംഘത്തിലെ 3 പേരെ ബംഗളൂരുവില്‍ വച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും വേറെ 3 പേരെ ദല്‍ഹിയില്‍ വച്ച് ദല്‍ഹി പോലീസും അറസ്റ്റുചെയ്തതിനോടനുബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിലാണ് ഈ അപകടാവസ്ഥയിലേക്ക് വെളിച്ചം വീണത്.
തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ പ്രതികളാണ് ബംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നീ മൂന്നു പേര്‍. ദല്‍ഹിയില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മൊയ്ദീന്‍ ഖാജയും മെഹബൂബ് ബാഷയും നിരോധിത സംഘടനയായ ‘അല്‍ ഉമ’യുടെ അംഗങ്ങളായിരുന്നു എന്നോര്‍ക്കുക. 2004-ല്‍ ബംഗളൂരുവില്‍ ആയുധപരിശീലനക്യാമ്പ് നടത്തിയ കുറ്റത്തിന് ഖാജെയ പോലീസ് അറസ്റ്റുചെയ്തിരുന്നു. 2014-ല്‍ അരങ്ങേറിയ സുരേഷ്‌കുമാറിന്റെ വധത്തിനു ശേഷമാണ് ‘അല്‍ ഉമ’ നിരോധിക്കപ്പെടുന്നത്. അതിനുശേഷം രാജ്യംവിട്ട മൊയ്ദീന്‍ ഖാജ കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ വഴി വീണ്ടും ഭാരതത്തില്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ബംഗളൂരുവിലെത്തി ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള തീവ്രവാദപ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നതില്‍ വ്യാപൃതനാവുകയായിരുന്നു ഈയാള്‍. മൊയ്ദീന്‍ ഖാജ, നേരത്തെ സി.പി. എമ്മില്‍ അംഗമായിരുന്നു എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. തീവ്രവാദികള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഉണ്ടാക്കിയെടുത്ത അപകടകരമായ അവിഹിതബന്ധങ്ങളിലേക്കാണ് ഖാജയുടെ ചരിത്രം വിരല്‍ ചൂണ്ടുന്നത്.
ഒരു രാജ്യത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറയാണ് ഇളക്കേണ്ടത് എന്നു പറഞ്ഞത് ചാണക്യനാണ്. നമ്മുടെ നാടിന്റെ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാന്‍ ജിഹാദികള്‍ പുതിയതായി തെരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് ‘ഡ്രഗ് ജിഹാദ്’ എന്നു വിളിപ്പേരുള്ള മയക്കുമരുന്നു കള്ളക്കടത്ത്. 2019-ല്‍ മാത്രം നാലരക്കിലോ ഹാഷിഷടക്കമുള്ള ലഹരിവസ്തുക്കളാണ് കേരളത്തില്‍ കസ്റ്റംസുകാര്‍ പിടിച്ചെടുത്തത്.
നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ആറേകാല്‍ കിലോ മെഥംഫെറ്റമിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കൊക്കൈന്റെ പാതിവിലക്ക് കിട്ടുന്ന, പാവങ്ങളുടെ കൊക്കൈന്‍’ എന്നറിയപ്പെടുന്ന ഈ മയക്കുമരുന്നിന്റെ താരതമ്യേനയുള്ള വിലക്കുറവ് കൂടുതല്‍ പുതിയ ഉപഭോക്താക്കളെ മയക്കുമരുന്നിന്റെ ഭീതിദമായ തുരുത്തുകളിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്.
കേരളത്തില്‍നിന്ന് മാത്രം രണ്ടരക്കിലോ മെഥംഫെറ്റമിന്‍ കഴിഞ്ഞ വര്‍ഷം നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. രണ്ടരക്കോടി രൂപയാണ് ഇതിന്റെ വിപണിവില. എന്നുവച്ചാല്‍ ഒരു കിലോക്ക് ഒരുകോടി രൂപ. ഒരു ഗ്രാമിന് പതിനായിരം രൂപവെച്ചാണ് ഇത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളാക്കി കാഫിറുകളുെട സാമ്പത്തികഭദ്രതയുടെ അടിക്കെട്ടിളക്കുക എന്ന വിനാശതന്ത്രമാണ് ഇതിലൂടെ ജിഹാദികള്‍ പയറ്റുന്നത്. മാത്രവുമല്ല, ശരീരഭാരം ക്രമാതീതമായി കുറയുക, ഗുരുതരമായ ഹൃദ്‌രോഗങ്ങള്‍, വിശപ്പില്ലായ്മ, പല്ലുകള്‍ കൊഴിയുക, വിഷാദരോഗം, പക്ഷാഘാതം, മാനസികവിഭ്രാന്തി തുടങ്ങിയ ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങളും ഇതിന്റെ ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ ഇരുപതു മണിക്കൂര്‍ നേരത്തേക്ക് ഉന്മാദാവസ്ഥയിലിരുത്താന്‍ പോന്ന വീര്യമുണ്ട് ഈ മയക്കുമരുന്നിന് എന്നുള്ളത് കമ്പോളത്തില്‍ ഇതിന്റെ പ്രിയത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ പ്രിയതെയ കരുവാക്കിക്കൊണ്ട് കാലപ്പോക്കില്‍, ദരിദ്രരും രോഗികളുമായ, മയക്കുമരുന്നിനടിമപ്പെട്ട, ചിന്താശേഷി നശിച്ച ഒരു കാഫിര്‍ സമൂഹത്തെ ഉരുത്തിരിച്ചെടുത്ത് തങ്ങളുടെ ‘ദാറുസ്സലാ’മിന്റെ അടിക്കല്ലുറപ്പിക്കുക എന്ന തന്ത്രമാണ് ജിഹാദികള്‍ പയറ്റുന്നത്. 2018-ല്‍മാത്രം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചുകിലോ മെഥംഫെറ്റമിനാണ് എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ പിടിച്ചെടുത്തത് എന്നുള്ളത് ഇവര്‍ പിന്നിവെച്ച വലയുടെ ബലമാണ് പ്രകടമാക്കുന്നത്. നിരോധിത ന്യൂജെന്‍ മയക്കുമരുന്നായ എം.ഡി.എം.എയുമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കോഴിക്കോട് സ്വദേശികളായ റമീസും മുഹമ്മദ് ഷാനിഫും അറസ്റ്റിലായത് ഈയിടെയാണല്ലൊ.
കഴിഞ്ഞ വര്‍ഷം, ചെന്നൈയിലെ ഒരു ചെറുകിട സോപ്പുപൊടിനിര്‍മ്മാണക്കമ്പനിയില്‍നിന്ന് പതിനൊന്നു കിലോഗ്രാം മെഥംഫെറ്റമിന്‍ ഡയറക്‌റ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. തായ്‌ലണ്ടിലെ ട്രക്ക് ഡ്രൈവര്‍മാര്‍ ദീര്‍ഘദൂരയാത്രകളില്‍ ഉറക്കം വരാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന മെഥംഫെറ്റമിനെക്കാള്‍ വിലക്കുറവുള്ള, മാരകമായ യാബോ ഗുളികകളും ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണ്.
ചെന്നൈയിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക് കടത്താന്‍ തയ്യാറാക്കി വച്ചിരുന്ന ആറേകാല്‍ കോടി രൂപ വിലമതിപ്പുള്ള 13 കിലോ മെഥാക്വലോണ്‍ എന്ന ലഹരിമരുന്ന് ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഈയിടെ പിടിച്ചെടുത്തിരുന്നു. ലോകത്തൊട്ടുക്കും വേരോടി വളരുന്ന ഈ കള്ളക്കടത്തുമാഫിയയുടെ ഒരിടത്താവളം മാത്രമാണ് ഭാരതം എന്ന സത്യത്തിലേക്കാണ് ഈ വസ്തുതകളെല്ലാം വിരല്‍ ചൂണ്ടി നില്ക്കുന്നത്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും അവിരാമം തുടര്‍ന്നുകൊണ്ടുതന്നെയാണിരിക്കുന്നത്. 48 കോടി രൂപയുടെ 131 കിലോഗ്രാം സ്വര്‍ണ്ണമാണ് 2019-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം പിടികൂടിയത്. 2017-ല്‍ കൊച്ചി വഴി മാത്രം കടത്തിയത് 23.69 കോടി രൂപ വിലമതിക്കുന്ന 82 കിലോയോളം സ്വര്‍ണ്ണമായിരുന്നു. 2018-ല്‍ ആ കണക്ക് 52.46 കോടിയുടെ 167 കിലോ സ്വര്‍ണ്ണം എന്നായി ഉയര്‍ന്നു.
ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത് 123 കോടി രൂപ വിലമതിക്കുന്ന 355 കിലോ സ്വര്‍ണ്ണമാണ്. 2018-ല്‍ ഇത് 72 കോടിയുടെ 232 കിലോ ആയിരുന്നു. 2019-ല്‍ 841 കേസുകളും 2018-ല്‍ 389 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ 2019-ല്‍ രണ്ടേകാല്‍ കോടി രൂപയുടെ വജ്രാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.
പിത്തള സ്‌ക്രാപ്പ് എന്ന വ്യാജേന കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി 1473 കോടിയുടെ സ്വര്‍ണ്ണമാണ് ക്രസന്റ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായ എളമക്കര സ്വദേശി, സിറാജ് എന്ന കള്ളക്കടത്തുകാരന്‍ കടത്തിയത്. ഇത് ഒരാളുടെ മാത്രം കണക്കാണ്. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാരും കൂട്ടരും അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കടത്തുമായി സജീവമായിത്തന്നെ ഈയാളുടെ കൂടെയുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി കടത്തിയ 90 കിലോഗ്രാം സ്വര്‍ണ്ണം കേരളത്തിലങ്ങോളമിങ്ങോളം വിതരണം ചെയ്ത അലിയാരുടെ സംഘത്തിലെ മുഖ്യകണ്ണിയായിരുന്നു സിറാജ്.
ഏറ്റെടുക്കാനാളില്ലാതെ ഇൗയടുത്ത ദിവസം ഇരുപത്തഞ്ചായിരത്തോളം ഖുറാന്‍ ഗ്രന്ഥങ്ങള്‍ കൊച്ചിത്തുറമുഖത്ത് കെട്ടിക്കിടന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ജനുവരി 21-ന് ലേലം വിളിക്കാനുള്ള പുസ്തകങ്ങളായിരുന്നു അവ എന്നാണ് പറയപ്പെടുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ അന്വേഷണത്തില്‍, ശരിയായ മേല്‍വിലാസക്കാരനില്ലാതെയാണ് ഇത് അയച്ചിരിക്കുന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്. ഈ പുസ്തകങ്ങള്‍ ഒരു കണ്ടെയ്‌നര്‍ നിറയ്ക്കാന്‍ പോരെന്നിരിക്കെ, പിന്നെ ബാക്കിയുള്ള ഭാഗത്ത് എന്തായിരിക്കും നിറച്ചയച്ചിരിക്കുക എന്നുള്ളത് ഇന്റലിജന്‍സിനെ കുഴക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സംരംഭമായ ‘ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കേരള ലിമിറ്റഡു’മായി ബിസിനസ്സുബന്ധമുള്ള എം.ഐ.വി.ലോജിസ്റ്റിക്‌സ് എന്ന സ്വകാര്യ സ്ഥാപനമാണ് കണ്ടെയ്‌നര്‍ ഇവിടെ എത്തിച്ചിരിക്കുന്നത് എന്നുള്ളതും കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്കുതന്നെയാണ് അന്വേഷകരെ നയിക്കുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ചരക്കിടപാടുകള്‍ നടത്തുന്ന, ഡോ. മുഹമ്മദലി തലവനായുള്ള എം ഫാര്‍, ബഹ്‌റിന്‍ ആസ്ഥാനമായുള്ള വി.കെ.എല്‍ തുടങ്ങിയ സ്ഥാപനങ്ങളടങ്ങുന്ന കൂട്ടുസംവിധാനമായ എം.ഐ.വി ലോജിസ്റ്റിക്‌സ് എന്ന ഈ സ്വകാര്യ ഷിപ്പിങ്ങ് സ്ഥാപനം കേരളത്തിലെ ഒരു പൊതുമേഖലാസ്ഥാപനവുമായി സംയോജിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുതയും പല സന്ദേശങ്ങളും നമുക്ക് തന്നുകൊണ്ടിരിക്കുന്നുണ്ട്.
പാകിസ്ഥാനിലച്ചടിച്ച രണ്ടായിരം രൂപയുടെ രണ്ടുലക്ഷം മൂല്യമുള്ള കള്ളനോട്ടുമായി മുംബൈയില്‍ ജാവേദ് ഷെയ്ക്ക് എന്ന ചെറുപ്പക്കാരന്‍ അറസ്റ്റിലായത് ഈയിടെയാണ്. ദുബായ് വഴിയാണ് ഈ പണം ഈയാള്‍ നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.
മുമ്പൊരിക്കല്‍, കണ്ടെയിനറിനകത്ത് കയറ്റിവന്ന വ്യാജകറന്‍സികള്‍ കാണാതെ പോയതിനെക്കുറിച്ച് വഴിമുട്ടിനില്ക്കുന്ന അന്വേഷണങ്ങളും ഇതോടു ചേര്‍ത്തുതന്നെ വേണം വായിക്കാന്‍. കള്ളക്കടത്തിന് സൗകര്യമുണ്ടാക്കാന്‍, തീരഭൂമി ഗള്‍ഫ് പണക്കാര്‍ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണങ്ങളിലേക്കുള്ള അന്വേഷണവും തീയില്‍ വെള്ളം തളിച്ചതുപോലെയാണ് പണ്ട് പൊടുന്നനെ അണഞ്ഞുപോയത്.
ഈവക കള്ളക്കടത്തുകളുമായി ഈയിടെ അറസ്റ്റുചെയ്യപ്പെട്ട തീവ്രവാദികളുടെ ജന്മദേശങ്ങള്‍ കണക്കിലെടുമ്പോള്‍ത്തന്നെ ഇൗ വിനാശവേലകളുടെ ഭൂപടം കൃത്യമായി വ്യക്തമാവുന്നുണ്ട്. അറസ്റ്റിലായ 68 പേരില്‍ 3 വിദേശികള്‍, 14 തമിഴ്‌നാട്ടുകാര്‍, 4 ആന്ധ്രക്കാര്‍, ബാക്കിയുള്ള 47 പേര്‍ വടക്കന്‍കേരളത്തില്‍നിന്നുള്ള മലയാളികള്‍. വടക്കന്‍കേരളം തീവ്രമുസ്ലീങ്ങളുടെയും അവരെ പ്രീണിപ്പിക്കാന്‍ നോമ്പും നോറ്റുകാത്തിരിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെയും സുരക്ഷിതമായ തട്ടകം. വിദേശത്തുനിന്ന് കടന്നെത്തുന്ന മാരകോല്പന്നങ്ങളും കള്ളപ്പണവും തെക്കേ ഇന്ത്യയില്‍ എത്തിച്ച്, മലയാളികളുടെയും തമിഴരുടെയും ആന്ധ്രക്കാരുടെയും പങ്കാളിത്തത്തോടെ വിദേശികളുടെ മേല്‍നോട്ടത്തില്‍ അവിടെയെല്ലാം വിനാശവൃത്തികളുടെ വല വിരിക്കപ്പെട്ടിരിക്കുന്നതിന്റെ കൃത്യമായ നിഴല്‍രേഖകളാണ് ഈ സംഭവങ്ങളിലെല്ലാം ഒളിമിന്നിക്കിടക്കുന്നത്.