കേരളത്തെ തകര്‍ത്തെറിഞ്ഞ രണ്ട് പ്രളയവര്‍ഷങ്ങളായിരുന്നു 2018ഉം 2019ഉം. 2018ലും 2019ലും സംസ്ഥാനം നേരിട്ടത് മനുഷ്യനിര്‍മ്മിതമായ പ്രളയമാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ആദ്യ പ്രളയം വൈദ്യുതി വകുപ്പിന്റെ അത്യാര്‍ത്തിയും സര്‍ക്കാരിന്റെ അനാസ്ഥയുടെയും ഫലമായിരുന്നെങ്കില്‍ രണ്ടാം പ്രളയകാലമെന്ന ദുരന്തം പശ്ചിമഘട്ട മലനിരകള്‍ മുഴുവന്‍ തുരന്നെടുക്കാന്‍ കേരളത്തിലെ ഇരുമുന്നണികളും മാഫിയകള്‍ക്ക് കൂട്ടുനിന്നതിന്റെ പരിണിതഫലം കൂടിയായിരുന്നു.
പ്രളയം സകലമാന മലയാളികളേയും രാഷ്ട്രീയ-മത-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ഒരുമിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ സേനയുടേയും സഹായത്തോടെ കേരളം പ്രളയകാലത്തെ അതിജീവിക്കുകയും ചെയ്തു. സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ നടത്തിയ അശ്രാന്ത പരിശ്രമം ആദ്യദിനങ്ങളില്‍ വിറങ്ങലിച്ചു നിന്ന കേരളത്തെ കൈപിടിച്ചുയര്‍ത്തി.
മുഴുവന്‍ മലയാളികളും ഒരുമിച്ച് ദുരന്തകാലത്തെ നേരിട്ടപ്പോള്‍ ചില മാനവിക വിരുദ്ധര്‍ പ്രളയകാലത്തെ തങ്ങളുടെ കീശ വീര്‍പ്പിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള ഗൂഢാലോചനയിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാനം ഭരിക്കുന്നവര്‍ തന്നെയായിരുന്നു ദുരന്തത്തെ തട്ടിപ്പ് നടത്തി പണമുണ്ടാക്കാനുള്ള വഴിയാക്കി മാറ്റിയത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് സിപിഎം നേതാക്കള്‍ നടത്തിയ വന്‍ തട്ടിപ്പ് ഈയിടെ പുറത്തുവരികയും ചില സിപിഎം നേതാക്കളും കളക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ പുറത്ത് വന്നിട്ടുള്ളത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്ന് എല്ലാവര്‍ക്കുമറിയാം.
പ്രളയ ദുരന്തനിവാരണ മുഖത്ത് തങ്ങള്‍ മാത്രമേ ഉണ്ടാകാവൂ എന്ന നിര്‍ബന്ധ ബുദ്ധിയാണ് അവര്‍ ആദ്യ ഘട്ടത്തില്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി തന്നെ സേവാഭാരതിയുടെ പ്രവര്‍ത്തനത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. കൊടികളും അടയാളങ്ങളും വച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഏര്‍പ്പെടുന്നു എന്നായിരുന്നു പിണറായി വിജയന്‍ ആദ്യമുന്നയിച്ച പ്രശ്‌നം. സിപിഎമ്മാണ് എല്ലാം ചെയ്യുന്നത് എന്ന് വരുത്തിത്തീര്‍ക്കാനും മറ്റ് സംഘടനകളെ മുഴുവന്‍ പ്രവര്‍ത്തന രംഗത്തു നിന്നു മാറ്റാനുമായിരുന്നു ഇത്തരത്തിലുള്ള പ്രചരണങ്ങള്‍. എന്നാല്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
മറുവശത്ത് സിപിഎം നേതാക്കള്‍ ദുരിതാശ്വാസക്യാമ്പുകള്‍ പാര്‍ട്ടി ക്യാമ്പുകളാക്കാന്‍ ശ്രമിച്ചു. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് പൊതുജനം സമാഹരിച്ചു സംഭാവന നല്‍കിയ വസ്തുക്കള്‍ സിപിഎം നേതാക്കള്‍ കടത്തുകയും പല സ്ഥലത്തും അത്തരം സംഭവങ്ങള്‍ കയ്യോടെ പിടികൂടുകയും ചെയ്തു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന സൈന്യത്തിന്റെ പങ്ക് ഇകഴ്ത്തി കാണിക്കാനും ശ്രമമുണ്ടായി. അതിനായി ദുരന്തമുഖത്ത് ഓടിയെത്തി സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികളുടെ പേര് ദുരുപയോഗിച്ചു. കേരളത്തിന്റെ സൈന്യമെന്ന വിളിപ്പേര് അവര്‍ക്ക് നല്‍കി. ഓഖി ആഞ്ഞടിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഒറ്റപ്പെട്ടപ്പോള്‍ അവരെ തിരിഞ്ഞു നോക്കാതെ സെക്രട്ടേറിയേറ്റില്‍ കുത്തിയിരുന്ന മുഖ്യമന്ത്രിയാണ് പ്രളയം വന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെ പുകഴ്ത്താന്‍ മുന്നില്‍ നിന്നത്. പുകഴ്ത്താന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ. ഓഖി ആഞ്ഞടിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക സേനയേ ഉണ്ടായിരുന്നുള്ളൂ. വിറങ്ങലിച്ചു നിന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ ആശ്വസിപ്പിച്ചത് ദല്‍ഹിയില്‍ നിന്നും പറന്നിറങ്ങിയ അന്നത്തെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആയിരുന്നു എന്നത് മത്സ്യത്തൊഴിലാളികള്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു.
2018ലെ ആദ്യപ്രളയകാലത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായമായി ആവശ്യപ്പെട്ടത് 4700 കോടി രൂപയായിരുന്നു. ഇതില്‍ ഡിസംബര്‍ വരെ 3048.39 കോടി കേന്ദ്രം നല്‍കി. എന്നാല്‍ ഇതിന്റെ പകുതി കൂടി ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേവലം 900 കോടി രൂപയാണ് കേന്ദ്രം നല്‍കിയ തുകയില്‍ നിന്ന് ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞത്. അടിയന്തര സഹായമായ പതിനായിരം രൂപ പോലും ഇനിയും ലഭിക്കാത്ത ആയിരക്കണക്കിന് പേര്‍ ഉള്ളപ്പോഴാണ് സംസ്ഥാന ഗവണ്‍മെന്റ്ഗുരുതരമായ അലംഭാവം ഇക്കാര്യത്തില്‍ കാണിച്ചത്. 2107 കോടി രൂപ ചിലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്നതായി രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ആദ്യ പ്രളയകാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ലഭിക്കാതെ മനുഷ്യര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ പെടാതെ ആയിരക്കണക്കിന് ഇരകളാണ് നഷ്ടപരിഹാരപട്ടികക്ക്പുറത്തായത്. ആലപ്പുഴ ജില്ലയില്‍ മാത്രം ഇരുപത്തയ്യായിരം പേരെങ്കിലും നഷ്ടപരിഹാരം ലഭിക്കാതെ പുറത്തായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സിപിഎം നേതാക്കളും കുടുംബങ്ങളുമെല്ലാം അനര്‍ഹമായി റീബില്‍ഡ് കേരള പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രളയത്തെ പണമുണ്ടാക്കാനും തട്ടിപ്പ് നടത്താനുമുള്ള അവസരമായി കണ്ടപ്പോള്‍, സിപിഎം നേതാക്കള്‍ തട്ടിപ്പ് നടത്തിയതില്‍ അത്ഭുതമുണ്ടോ?
എറണാകുളം ജില്ലയിലെ അയ്യനാട് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് മാത്രം 8.15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . തട്ടിപ്പിന്റെ ഭാഗമായ ബാങ്കിലെ ഒരു ഡയറക്ടര്‍ ഈയിടെ ആത്മഹത്യ ചെയ്തിരുന്നു. സിപിഎം നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ സക്കീര്‍ ഹുസ്സൈന്‍ അടക്കമുള്ളവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിവെച്ചാണ് വി.എ.സിയാദ് എന്ന അയ്യനാട് ബാങ്ക് ഡയറക്ടര്‍ ആത്മഹത്യ ചെയ്തത്. ഇതേ ബാങ്കിന്റെ മറ്റൊരു ഡയറക്ടര്‍ ആയ കൌലത്ത് അന്‍വര്‍ പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നു. കൌലത്ത് അന്‍വറിന്റെ ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.എം അന്‍വറാണ് തട്ടിപ്പിലെ ഒരു സൂത്രധാരന്‍. എറണാകുളം കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപയാണ് കൌലത്തും ഭര്‍ത്താവ് അന്‍വറും കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായ വിഷ്ണുപ്രസാദിന്റെ സഹായത്തോടെ തട്ടിയെടുത്തത്. മറ്റൊരു സിപിഎം നേതാവ് എന്‍.എന്‍ നിതിന്‍, ഭാര്യ ഷിന്റു എന്നിവര്‍ക്കും തട്ടിപ്പില്‍ ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ പുറത്തുവന്നത് യഥാര്‍ത്ഥത്തില്‍ നടന്ന തട്ടിപ്പിന്റെ ഒരംശം മാത്രമാണ്. സിപിഎം ഉന്നത നേതൃത്വം അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ല എന്നത് ഉറപ്പാണ്. എറണാകുളം ജില്ലയില്‍ സിപിഎമ്മിനെ നിയന്ത്രിക്കുന്ന സക്കീര്‍ ഹുസ്സൈന്‍ എന്ന ക്രിമിനല്‍ നേതാവിന് ഈ തട്ടിപ്പുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഉന്നത സിപിഎം നേതാക്കളില്‍ എത്താതെ ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിത്വാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് എറണാകുളം തന്നെ കേന്ദ്രീകരിച്ച് നടന്ന മറ്റൊരു തട്ടിപ്പാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത നിശ. ഇടത് സാംസ്‌കാരിക മുഖങ്ങളായി കഴിഞ്ഞ കുറേക്കാലമായി നിറഞ്ഞ് നില്‍ക്കുന്ന ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും കരുണ എന്ന പേരില്‍ സംഘടിപ്പിച്ച സംഗീതനിശയില്‍ നിന്നുലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ നവംബര്‍ ഒന്നിന് കഴിഞ്ഞ പരിപാടിയുടെ യാതൊരു വരവ് ചിലവ് കണക്കും പ്രസിദ്ധീകരിക്കുകയോ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയോ സംഘാടകര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് ഈ വിഷയം ബിജെപി പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിനെ തുടര്‍ന്ന് ആറേകാല്‍ ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്കടച്ച് മുഖം രക്ഷിക്കാനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ശ്രമിച്ചത്. എന്നാല്‍ ഇവരുടെ അവകാശവാദങ്ങള്‍ ഓരോന്നായി പൊതുസമൂഹത്തിന് മുന്നില്‍ തകര്‍ന്നു വീണു. ജില്ലാ കളക്ടര്‍ തങ്ങളുടെ രക്ഷാധികാരി ആണെന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളുടെ അവകാശവാദം കളക്ടര്‍ തന്നെ നിഷേധിച്ചു. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ നോട്ടീസയച്ചു.
പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നുവെന്ന് സ്റ്റേഡിയം നടത്തിപ്പുകാരായ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹി ഗോപകുമാര്‍ തന്നെ വെളിപ്പെടുത്തി. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ടിലേക്കുള്ള നിധി സമാഹരണത്തിനായതിനാല്‍ പൂര്‍ണമായും സൗജന്യമായാണ് സ്റ്റേഡിയം വിട്ടുകിട്ടിയത്. മുഴുവന്‍ കലാകാരന്മാരും സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ സൗജന്യമായി പരിപാടികള്‍അവതരിപ്പിച്ചു.
എന്നാല്‍ പരിപാടിക്കെത്തിയത് നാലായിരം പേരാണെന്നും അതില്‍ മൂവായിരത്തിലധികം പേരും സൗജന്യപാസുകള്‍ ഉപയോഗിച്ചാണ് പ്രവേശിച്ചതെന്നും ടിക്കറ്റ് എടുത്തവര്‍ കേവലം 900 പേര്‍ മാത്രമാണെന്നുമുള്ള വിചിത്ര അവകാശവാദമാണ് ആഷിക് അബുവും സംഘവും ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പോലും തയ്യാറാകാതെ കേസ് അട്ടിമറിക്കുന്ന സമീപനമാണ് ക്രൈം ബ്രാഞ്ച് സ്വീകരിച്ചിരിക്കുന്നത്. വലിയ സാമൂഹിക പ്രതിബദ്ധത നടിച്ച് സാംസ്‌കാരിക ബുദ്ധിജീവി നാട്യം നടത്തുന്നവരുടെ മുഖംമൂടി ഈ ഒരു സംഭവത്തോടെ അഴിഞ്ഞു വീണു.
പ്രളയമെന്ന മഹാമനുഷ്യ ദുരന്തത്തെ പണസമ്പാദനത്തിനും തട്ടിപ്പിനുമുള്ള സാധ്യതയായി കണ്ട സിപിഎമ്മിനും സഹയാത്രികര്‍ക്കും ചരിത്രം മാപ്പുകൊടുക്കില്ല. രണ്ട് വര്‍ഷത്തിനിപ്പുറവും യാതൊരു സഹായവും ലഭിക്കാതെ പുഴുക്കളുടെ ജീവിതം നയിക്കേണ്ടി വരുന്ന ഇരകളോട് സിപിഎം കാണിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. പിച്ചച്ചട്ടിയില്‍ പോലും കയ്യിട്ടു വാരാന്‍ മടിയില്ലാത്തവരാണ് തങ്ങളെന്ന് സിപിഎം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.