റഷ്യന്‍ ജീവിതത്തിന്റെ കലങ്ങി മറിഞ്ഞ ഒരു കാലഘട്ടത്തെയാണ് പ്രമുഖ കഥാകൃത്ത് ആന്റണ്‍ ചെക്കോവ് (1860 -1904) ആഴങ്ങളിലേക്ക് ചെന്ന് പരിശോധിച്ചത്. അവിടെ മുതലാളിയെന്നോ, തൊഴിലാളിയെന്നോ, ആത്മീയവാദിയെന്നോ നോക്കാതെ മനുഷ്യന്‍ എന്താണെന്ന് അതിനിശിതമായി അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ഡോക്ടറായ ചെക്കോവ് തന്റെ വൈദ്യബോധത്തെ തന്നെ ഇവിടെ വേറൊരു രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ്. ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ പരിഗണനകള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
മുറിവ് എത്ര ആഴത്തിലുള്ളതാണെങ്കിലും അതിനുള്ളിലേക്ക് സൂക്ഷ്മമായി നോക്കുകയും ജൈവഭാഗത്തിനു വിരുദ്ധമായിട്ടുള്ളതിനെ നീക്കം ചെയ്യുകയും വേണം. രോഗത്തെയാണ് നിര്‍ണയിക്കേണ്ടത്; രോഗിയെയല്ല. രോഗിയുടെ മതമോ, ചിന്തയോ, വിശ്വാസമോ ഡോക്ടര്‍ക്ക് പ്രാധാന്യമുള്ള കാര്യങ്ങളല്ല. രോഗം കണ്ടുപിടിക്കാന്‍ ഡോക്ടര്‍ ഏതറ്റം വരെയും പോകും. അതുപോലെയാണ് ചെക്കോവ് ഒരു കഥയെഴുതുമ്പോള്‍ അത് സാമൂഹ്യ ജീവിതത്തിലെ മുറിവുകള്‍ എങ്ങനെ ചികിത്സിച്ചു ഭേദമാക്കാമെന്നുള്ള ഒരു വൈദ്യപരിശോധനയായിത്തീരുന്നത്.
ചെക്കോവ് 1888 ല്‍ എഴുതിയ ‘എ സ്റ്റോറി വിത്തൗട്ട് എ ടൈറ്റില്‍’ അന്നത്തെ റഷ്യന്‍ പശ്ചാത്തലത്തിലുള്ള കഥയാണെങ്കിലും ഇന്നത്തെ പല സമസ്യകള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.
വിദൂരമായ ഒരാശ്രമത്തില്‍ നടക്കുന്ന കഥയാണിത്. അവിടെ അങ്ങനെ ആരും എത്തിച്ചേരാവുന്ന ഒരിടമല്ല. കിലോമീറ്ററുകള്‍ മരുഭൂമിയിലൂടെ നടക്കണം. എന്നാല്‍ ഒരുനാള്‍ ഒരു മനുഷ്യന്‍ അവിടെ എത്തിപ്പെട്ടു. അയാള്‍ സന്യാസിയാകാന്‍ വന്നതല്ല; ദൈവത്തെക്കുറിച്ചുള്ള സുവിശേഷം കേള്‍ക്കാനല്ല അയാള്‍ വന്നത്. അയാള്‍ വിശപ്പും ദാഹവും മാറിയപ്പോള്‍ ഒരു കാര്യം പറഞ്ഞു: നിങ്ങള്‍ ഇവിടെ ഭക്ഷിച്ചും സുഖിച്ചും കഴിയുന്നു. എന്നാല്‍ പുറത്ത് സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയണം. ദാരിദ്ര്യം ഒരു വശത്ത്; മറുവശത്ത് സമ്പന്നരായ മനുഷ്യര്‍ തിന്നു പുളയ്ക്കുന്നു. ഇതു രണ്ടും രണ്ട് ലോകങ്ങളാണ്. യാതൊരു മൂല്യവുമില്ലാത്ത, വിശ്വാസവുമില്ലാത്ത ഒരു ലോകം ഉദയം ചെയ്തിരിക്കുന്നു. അവരോട് സുവിശേഷം പറയാന്‍ നിങ്ങള്‍ക്ക് ബാധ്യതയില്ലേ എന്ന് ആ യുവാവ് അവിടെയുള്ള സന്യാസിമാരോട് ചോദിച്ചു.
ഇത് ആശ്രമാധിപനെ ചിന്തിപ്പിച്ചു. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരായ സന്യാസിമാരോട് പറഞ്ഞത് ഇതാണ്: സകലമാന തിന്മകളിലും മുഴുകി ജീവിതം തുലയ്ക്കുന്നവരെ രക്ഷിക്കണം. ‘അവിടെ പോയി അവര്‍ മറന്ന ക്രിസ്തുവിനെക്കുറിച്ച് അവരെ ഞാനെന്തിനു ഓര്‍മ്മിപ്പിക്കാതിരിക്കണം?’
അദ്ദേഹം ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. മൂന്നു മാസത്തിനു ശേഷമാണ് തിരിച്ചെത്തിയത്. കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, വലിയ മനസ്താപത്തോടെ അദ്ദേഹം താന്‍ നഗരത്തില്‍ കണ്ട പൈശാചികമായ ജീവിത ചിത്രങ്ങള്‍ വിവരിച്ചു. പിശാചും തിന്മയും കാമവിഭ്രാന്തിയും ആനന്ദവും വീഞ്ഞും കൈകോര്‍ത്തിരിക്കുകയാണ്. അവിടെ ആര്‍ക്കും ദൈവത്തെക്കുറിച്ച് ചിന്തയില്ല. അവിടെ ഭോഗത്തിനും ധൂര്‍ത്തിനുമാണ് സ്ഥാനം. തിന്മയുടെ സൗന്ദര്യം ഭയാനകമാണെന്നും അത് താന്‍ അവിടെ അര്‍ദ്ധനഗ്‌നയായി നിന്ന ഒരു സ്ത്രീയുടെ ഉടലില്‍ (dreadful female form) കണ്ടുവെന്നും അദ്ദേഹം അവരോട് പറഞ്ഞു.
എന്നാല്‍ പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു നോക്കിയ അദ്ദേഹം ഞെട്ടി. അവിടെയുണ്ടായിരുന്ന മറ്റ് സന്യാസിമാരെയൊന്നും കണ്ടില്ല. അവരെല്ലാം നഗരത്തിലേക്ക് പുറപ്പെട്ടു പോയിരുന്നു. ഇതാണ് ചെക്കോവ് പറയാനാശിച്ചത്. അത് ആ സന്യാസിമാരിലൂടെ പറഞ്ഞെന്ന് മാത്രം.
ജീവിതമൂല്യം തിരയുമ്പോള്‍
റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായ അലക്‌സാണ്ടര്‍ രണ്ടാമന്‍ 1855 മാര്‍ച്ച് 22 മുതലാണ് ഭരണം തുടങ്ങിയത്.1881 മാര്‍ച്ച് 13ന് അദ്ദേഹം കൊല ചെയ്യപ്പെട്ടു. ഒരു ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു. എന്നാല്‍ ചെക്കോവിന്റെ ആദ്യ രചന പ്രത്യക്ഷപ്പെട്ടത് 1880 ലാണ്. ചക്രവര്‍ത്തിയുടെ കൊലപാതകത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ മകന്‍ കിരാതമായ നരനായാട്ട് നടത്തി. ധാരാളം പേര്‍ കൊല്ലപ്പെട്ടു. ജീവിതത്തിന്റെ സാധാരണ മൂല്യങ്ങളും വിശ്വാസസംഹിതകളും തകര്‍ന്നടിഞ്ഞു. അവിടെയാണ് മാനവചേതനയുടെ സ്റ്റെതസ്‌കോപ്പുമായി ചെക്കോവ് നടന്നു നീങ്ങിയത്.
ഒരു രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലപാടുമില്ലാതെ ചെക്കോവ് ഒരു ക്ലീന്‍ സ്ലേറ്റിലാണ് എഴുതിയത്. മനുഷ്യനെ അവന്റെ നിസ്സാരതയില്‍ തിരയുക. എന്നാല്‍ ജീവിതത്തിലെ നേരുകളും മൂല്യങ്ങളും തൊടാത്ത വലിയ ആദര്‍ശങ്ങള്‍ പൊയ്മുഖമാണെന്ന് ചെക്കോവിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതമാണ് നമുക്ക് നഷ്ടപ്പെടാനുള്ളത്. അതില്ലാത്ത സാഹിത്യം വ്യര്‍ത്ഥമാണെന്ന സിദ്ധാന്തമാണ് ചെക്കോവ് നടപ്പാക്കി കാണിച്ചത്. ജീവിതത്തെ അതിന്റെ നഗ്‌നതയിലും നിസ്സഹായതയിലും അന്വേഷിക്കുക. ചിലപ്പോള്‍ ഏറ്റവും നിസ്സാരവും ഫലശൂന്യവുമായ പ്രവൃത്തികളില്‍ നിന്ന് ഒരു കഥാകൃത്തിനു ആവശ്യമായ ജീവിതത്തെ മുളപ്പിച്ചെടുക്കാനാവും. കപട ആദര്‍ശങ്ങള്‍ കൊണ്ട് ജീവിതത്തെ വക്രീകരിക്കുകയോ തെറ്റായി സമീപിക്കുകയോ ചെയ്യരുതെന്ന ഒരാശയം അദ്ദേഹത്തിന്റെ കഥകള്‍ ഉയര്‍ത്തുന്നുണ്ട്.
വായന
മങ്ങാട് രത്‌നാകരന്‍ എഴുതിയ ‘കുടിയേറ്റക്കാര്‍’ എന്ന കവിത (മാത്യഭൂമി) യില്‍ നാസി, കുടിയേറ്റക്കാര്‍ ,ചിനുവ അച്ച്‌ബേ തുടങ്ങി കുറെ അന്താരാഷ്ട്ര വിഷയങ്ങള്‍ നിരത്തുന്നുണ്ട്. പക്ഷേ, കവിത എവിടെയാണെന്ന് മനസ്സിലാകുന്നില്ല. കുറെ പ്രസ്താവനകളും ചിന്തകളുമുണ്ട്. ഒരു ലേഖനം വായിക്കുന്ന പ്രതീതിയാണ് ഇതിലെ വരികളിലുടെ കടന്നുപോയപ്പോള്‍ ഉണ്ടായത്. രത്‌നാകരന്‍ കവിതയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാണ്. കവിത ചരിത്രമോ, ഭാഷയോ, രാഷ്ട്രീയമോ ആണെന്ന ധാരണയില്‍ പലതും എഴുതിവിടുകയാണ്.കവിത ഭാഷ പോലുമല്ല. അത് മനസ്സിലാണുള്ളത്. അത് ദൃശ്യപ്രകൃതിയല്ല; അദൃശ്യതയിലൂടെ വിരാജിക്കുന്നതാണ്. രത്‌നാകരന്റെ കവിതയില്‍ നിന്ന് ചോര്‍ന്നു പോകുന്നത് ഭാഷയുടെ വിദൂര നക്ഷത്രമായ കവിതയാണ്.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനു നല്ല പ്രശസ്തി കിട്ടിയിട്ടുണ്ട്. മുപ്പതു വര്‍ഷം മുമ്പ് അതിനെതിരെ ഉപജാപം നടത്തിയവരൊക്കെ ഇപ്പോള്‍ അതിന്റെ വക്താക്കളായി മാറിയിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിച്ച് ഇതാണ് ഖസാക്ക് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും?
മനോജ് വൈക്കം തസ്രാക്കില്‍ പോയി എടുത്ത ഫോട്ടോകളെക്കുറിച്ച് അദ്ദേഹം തന്നെ എഴുതിയ ലേഖനം (ഭാഷാപോഷിണി) വായിച്ചപ്പോഴാണ് വലിയ ഒരു അസംബന്ധ നാടകം ഇവിടെ അരങ്ങേറുന്നതായി തോന്നിയത്. മനോജ് ഇതിനു തുനിഞ്ഞത് അതിന്റെ പ്രശസ്തി മാത്രം നോക്കിയാണെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. ആ നോവല്‍ അദ്ദേഹത്തില്‍ ഒരു സൗന്ദര്യാത്കമായ ആഘാതവും ഏല്‍പ്പിച്ചിട്ടില്ല. അദ്ദേഹം തസ്രാക്ക് ഗ്രാമത്തിലേക്ക് ചെന്ന് കുറെ പടങ്ങള്‍ എടുത്തു. ആ പടങ്ങളുടെ അടിയില്‍ നോവലിലെ കുറെ വാചകങ്ങള്‍ എഴുതി വയ്ക്കുന്നു. എന്നിട്ട് ഇതാണ് ഖസാക്ക് എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ യാന്ത്രികമായ ഒരു ഫോട്ടോ എടുപ്പ് മാത്രമാണുള്ളത്. ഇതൊരു പൈങ്കിളി വേലയാണ്.
ഇതുപോലുള്ള ഫോട്ടോയെടുപ്പ് ബുദ്ധിപരമായ ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമല്ല. കാരണം ഖസാക്കിന്റെ ഇതിഹാസം ഒരു ഗ്രാമത്തിന്റെ കഥയല്ല. അത് ഒരു റിയലിസ്റ്റ് നോവലല്ല. അത് വിജയന്റെ സാങ്കല്പിക ഭൂപ്രദേശമാണ്. തസ്രാക്ക് എന്ന ഗ്രാമമല്ല അവിടെയുള്ളത്. അത് യഥാര്‍ത്ഥ ഗ്രാമമാണെന്ന് തെറ്റിദ്ധരിക്കുന്നവന്‍ പൈങ്കിളി ബോധത്തെയാണ് പിന്തുടരുന്നത്. നോവല്‍ ശരിക്ക് വായിക്കാത്തവര്‍ക്ക് ഈ പൈങ്കിളി വിദ്യയുടെ തടവറയില്‍ പോയി കിടന്നാല്‍ നല്ല ഉറക്കം കിട്ടും. ഒരാള്‍ക്ക് അത് വ്യക്തമാവും. മനോജ് നോവല്‍ പൂര്‍ണമായി വായിച്ചിട്ടില്ല. അല്ലെങ്കില്‍ വായിച്ചിട്ട് ഒന്നും ഗ്രഹിക്കാനായില്ല. ‘നാഗത്താന്മാര്‍ക്കായി പനകേറ്റക്കാരന്‍ കള്ള് നേര്‍ന്നു വച്ചു’ എന്ന വാക്യം, ഒരു കരിമ്പനയുടെ പടം എടുത്തിട്ട് അതിന്റെ താഴെ എഴുതി വയ്ക്കുന്നതിലെ മൗഢ്യം ഒന്നാലോചിച്ചു നോക്കൂ.ഒരു കോമാളിത്തരമാണിത്.
ഖസാക്കിനോടെന്നല്ല ഒരു നോവലിനോടും ഇത് ചെയ്യരുത്. കേശവദേവിനെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ വീടിന്റെ ഫോട്ടോ അച്ചടിക്കുന്നത് ഉചിതമാണ്. എന്നാല്‍ ‘ഓടയില്‍ നിന്ന് ‘ എന്ന നോവലിന്റെ ഫോട്ടോഗ്രാഫിക് പ്രതിനിധാനം എന്ന പേരില്‍ റിക്ഷകളുടെ ചിത്രം കാണിച്ചാല്‍ അത് അധികപ്രസംഗമാവും. ഒരു റോഡിന്റെ ഫോട്ടോയെടുത്തിട്ട് അതിന്റെ താഴെ നോവലിലെ പപ്പു ഇതിലെയാണ് റിക്ഷ വലിച്ചുകൊണ്ട് പോയത് എന്നെഴുതി വയ്ക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? മനോജാകട്ടെ, കഥ അറിയാതെ ആട്ടം കാണുന്നതിന്റെ ഉത്തമ ഉദാഹരണമായി നിന്നുകൊണ്ട് വീണ്ടും വീണ്ടും മറ്റ് പ്രശസ്ത നോവലുകളിലേക്ക് തിരിയുകയാണ്. ഒരു ഒന്നാന്തരം പാഴ്ശ്രമമാണത്.
ഒ.എന്‍.വിയുടെ ചരമവാര്‍ഷികത്തില്‍ ‘ആശ്രയ മാതൃ നാട്’ മാസിക ഒരു പ്രത്യേക പതിപ്പ് തന്നെ ഇറക്കി. കെ.ജയകുമാര്‍, മുഖത്തല ശ്രീകുമാര്‍,പിരപ്പന്‍കോട് മുരളി, പി.കെ.ഗോപി, ഡോ.സി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു.
ഒ.എന്‍.വിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില ബിംബങ്ങളും പ്രതീകങ്ങളുമുണ്ട്. അതില്‍ പ്രധാനം പക്ഷിയാണ്. ശാര്‍ങ്ഗകപക്ഷികള്‍ എന്ന് ഒരു പുസ്തകത്തിനു പേരിടുകയും ചെയ്തു. പക്ഷിയുടെ പാട്ട് ഒ.എന്‍.വിയെ എന്നും പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹം ഒരു കാല്പനികനായിരുന്നു. വെറും കാല്പനികനല്ല, നവകാല്പനികന്‍.
സന്തോഷ് പാലായുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘കാറ്റു വീശുന്നിടം’.(ലോഗോസ് ബുക്‌സ് ) 2011 ല്‍ പ്രസിദ്ധീകരിച്ച ‘കമ്മ്യൂണിസ്റ്റ് പച്ച’യാണ് ആദ്യ കൃതി. ജീവിതത്തെ പ്രാപഞ്ചിക തലത്തില്‍ നോക്കിക്കാണാനും നര്‍മ്മഭാവനയെയും അസംബന്ധ ബോധത്തെയും ഉള്‍ക്കൊണ്ട് ജീവിതദര്‍ശനം ആവിഷ്‌കരിക്കാനും ഈ കവിക്ക് കഴിവുണ്ട്. കുത്തേറ്റ് മരിച്ചവര്‍, ഓണം ഇപ്പോള്‍ പരിധിക്കകത്താണ്, അമ്പോറ്റിയും അമ്പലം വിഴുങ്ങികളും, സഞ്ചാരം തുടങ്ങിയ കവിതകള്‍ അസാധാരണമായ ഉള്‍ക്കാഴ്ച തരുകയാണ്. ‘കുത്തേറ്റ് മരിച്ചവര്‍’ എന്ന കവിതയിലെ ഈ വരികള്‍ അപ്രതീക്ഷിതമായ ഒരു തിരിവാണ്:
‘തറപ്പേല്‍ ശങ്കരന്‍ നായരും
കോണാട്ട് രാഘവനും കൂടി
ബീഡിവാസുവിനെ
തട്ടിയപ്പോള്‍
അമ്പലത്തില്‍
ബാലിവധം കഥകളി തീര്‍ന്നിട്ടില്ലായിരുന്നു.’
‘സഞ്ചാരം’ എന്ന കവിതയിലെ ഈ വരികള്‍ ഒരു ഓര്‍മ്മിക്കലും വിങ്ങലുമാണ്:
‘നീ എന്റെ വീട്ടുപടിക്കല്‍ നിന്നും ഞാന്‍ നിന്റെ വീട്ടുപടിക്കല്‍ നിന്നും
വണ്ടികേറിപ്പോകുമ്പോള്‍
നമ്മുടെ കാത്തിരിപ്പുകള്‍ക്കിടക്ക്
ഒരു കൊച്ചു ജീവിതമുണ്ടായിരുന്നു’.
ധര്‍മ്മം ഇല്ലാത്തിടത്ത് ദൈവത്തിനു നിലനില്‍ക്കാനാവില്ലെന്ന് കൊടുവഴങ്ങ ബാലകൃഷ്ണന്‍ (ഗുരുത്വത്തിന്റെ നേര്‍വഴികള്‍, പ്രിന്റ് ഹൗസ്) എഴുതുന്നത് പുതിയൊരു സമീപനമായി തോന്നി. ധര്‍മ്മത്തിലൂടെ ദൈവത്തെ അന്വേഷിക്കാവുന്നതാണ്. മനുഷ്യന്റെ പരമമായ ധാര്‍മ്മികബോധമാണ് ദൈവമായിത്തീരുന്നത്.
സ്വാമി ജോണ്‍ സ്പിയേഴ്‌സ് 1965 ല്‍ എഴുതിയ The birth of a Guru എന്ന ലേഖനം പി.ആര്‍.ശ്രീകുമാര്‍ പരിഭാഷപ്പെടുത്തിയത് (മലയാളം) അര്‍ത്ഥവത്തായ ഒരു ഉദ്യമമായി.
ശക്തനായ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഡോ.നടരാജന്‍ ഇന്നത്തെ നിലയില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്നതിനു ഇടയാക്കിയതെന്ന് സ്പിയേഴ്‌സ് കുറിക്കുന്നുണ്ട്.
പ്രഭാഷണം
ഡച്ച് സംവിധായകനായ ജോര്‍ജ് സ്ലൂസറി(George Sluizer)ന്റെ ഒരു പ്രഭാഷണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അദ്ദേഹം പറയുന്നത് ഇതാണ്: ഈ മുതലാളിത്ത കാലത്ത് പണം മനുഷ്യനെ സ്വതന്ത്രമാക്കുകയല്ല, അടിമയാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതരീതിയുടെ യുക്തിപരമായ പരിണാമമാണ് ഈ ധാര്‍മ്മിക തകര്‍ച്ച. അതുകൊണ്ട് ഈ അന്യവല്‍ക്കരണത്തെയും ആശയരാഹിത്യത്തെയും ചെറുക്കാന്‍ നാം ശ്രമിക്കേണ്ടതല്ലേ?നാം ജീവിക്കുന്ന ഈ ലോകത്തെ വിമര്‍ശനാത്മകമായി കാണാനെങ്കിലും കഴിയുന്നുണ്ടോ?
കുടുംബങ്ങളും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന ധാരണകളോട് എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയുന്നു?
ഈ മൂല്യങ്ങള്‍ നമ്മുടേതാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. വര്‍ഷങ്ങളായി നമ്മള്‍ ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു. ശാസ്ത്രയുക്തിയുടെ എല്ലാ മേഖലകളെയും ഭാവിയില്‍ നമ്മുടെ തലച്ചോര്‍ തള്ളിക്കളയും. ധാര്‍മ്മിക ചിന്തകള്‍, നന്മതിന്മകള്‍ എല്ലാം അപ്രത്യക്ഷമാകാന്‍ പോകുകയാണ്.
വ്യക്തിപരമായി, അന്യരെ കൊല്ലാനായി അനേകം പേര്‍ കടന്നുവരുകയാണ്. തേനീച്ചകളെ നോക്കൂ, അവ ഒരിക്കലും അയല്‍ക്കാരെ കൊല്ലുന്നില്ല. എന്നാല്‍ അവ മടികൂടാതെ കൊല്ലും, അനേകം റാണിമാര്‍ ഉണ്ടായാല്‍; ഇതു പക്ഷേ, വ്യക്തിപരമായല്ല, തേനീച്ചകളുടെ സമൂഹമായിരിക്കും ആ കൊല ഏറ്റെടുക്കുക.
ഇന്നു കല സൃഷ്ടിക്കേണ്ട ആവശ്യമേയില്ലെന്ന് സ്ലൂസര്‍. കാരണം ആരുടെയും അതിജീവനത്തിനു കല വേണ്ടല്ലോ. സര്‍ക്കാരുകള്‍ എന്തിനു കലയ്ക്കു വേണ്ടി പണം മുടക്കണം?
ആത്മീയവും കലാപരവുമായ എല്ലാ അഭിവാഞ്ഛകളും വാടിപ്പോയിരിക്കുന്നു. ഇപ്പോഴും ഇവയെല്ലാം നാമമാത്രമായി ജീവിച്ചിരിക്കുന്നത്, കുറച്ചുപേരെങ്കിലും ഈ വര്‍ദ്ധമാനമായ ഉപഭോഗാസക്തിക്കെതിരെ ചിന്തിക്കുന്നതുകൊണ്ടാണ്. ചിന്തിക്കുകയെന്നതാണ് നമ്മുടെ ആകെയുള്ള സമ്പാദ്യം. അത് ഒരു രാഷ്ട്രീയക്കാരനും നശിപ്പിക്കാനാവില്ല.
ക്ലാസിക്കല്‍ വിദ്യാഭ്യാസത്തിന്റെ സ്വഭാവം വച്ച് അതിനു ഇന്നത്തെ വേഗതയേറിയ സാങ്കേതിക വികാസത്തിന്റെയൊപ്പം നീങ്ങാനാവില്ല. ഇവയ്ക്ക് രണ്ടിനുമിടയില്‍ വലിയൊരു വിടവുണ്ടായിട്ടുണ്ട്.ജീവിതം, മരണം, അനശ്വരത തുടങ്ങിയ വിഷയങ്ങളെപ്പറ്റി അന്തിമതീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള ഓട്ടമല്ല വേണ്ടതെന്ന് സ്ലൂസര്‍ പറയുന്നു.
കണ്ടെത്താനുള്ള തൃഷ്ണ
ഇവിടെ കവിതയോ നോവലോ എഴുതുന്നവര്‍ മാധ്യമത്തിന്റെ മുന്‍വിധികളില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. നോവല്‍ എഴുതുന്നവര്‍, നോവല്‍ എന്താണെന്ന പൊതുചിന്തയെയും അതിലെ ഭാവനയെപ്പറ്റിയുള്ള സാമാന്യവത്ക്കരണത്തെയും തേടുകയാണ്. അതിനപ്പുറം പോകില്ല. നോവല്‍ എന്താണെന്ന് പറഞ്ഞു ഫലിപ്പിക്കാനാണ് മിക്ക നോവലിസ്റ്റുകളും ശ്രമിക്കുന്നത്. അവര്‍ നോവല്‍ എഴുതുന്നതിനു മുമ്പു തന്നെ അത് എന്താണെന്ന് തീരുമാനിക്കപ്പെടുന്നു.മുന്‍കൂട്ടി തീരുമാനിച്ച് തയ്യാറാക്കുന്ന രചനയാണിത്.
ഒരാള്‍ ഒരു കവിത എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ അത് നിര്‍വ്വചിക്കപ്പെടുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അത് വല്ലാതെ കൃത്രിമമായിപ്പോകും; ആവര്‍ത്തന സ്വഭാവമുള്ളതായിരിക്കും. ഇന്നത്തെ കവിതകള്‍ ഭാവനയെ മുന്‍കൂട്ടി തീരുമാനിക്കുകയാണ്. കണ്ടുപിടിത്തമോ അന്വേഷണമോ ഇല്ല. വാസ്തവത്തില്‍, വളരെ പരിചിതമായ വിഷയമാണെങ്കില്‍പ്പോലും, അത് വീണ്ടും കണ്ടെത്താനുള്ള തൃഷ്ണയാണ് ഒരു കവിയെ സാഹസികനാക്കുന്നത്.
കവിതയുടെ ഭാഷ, ശൈലി, പ്രമേയം, വികാരം എല്ലാം വളരെ മുന്‍പേ നിശ്ചയിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ ഭൂരിപക്ഷം കവികളുടെയും പ്രശ്‌നം.
നുറുങ്ങുകള്‍
-
എം.ലീലാവതി ടീച്ചര്‍ക്ക് പ്രഭാഷണ കലയില്‍ രണ്ട് അനുകൂല ഘടകങ്ങളുണ്ട്. ഒന്ന്, ഒരിടത്തും തടഞ്ഞു നില്‍ക്കാതുള്ള ഒഴുക്ക്. രണ്ട്, ആശയസ്ഫുടതയോടെയുള്ള ഭാഷാശുദ്ധി.
-
ആലോചനകളുടെ സമ്മര്‍ദ്ദവും നിരന്തരമായ ആത്മമഥനവും എം.എന്‍.വിജയനെ ഫിസ്റ്റുല രോഗത്തിന് അടിമയാക്കി.അദ്ദേഹം വര്‍ഷങ്ങളോളം നിന്നുകൊണ്ടാണ് എഴുതിയത്. ഒരിക്കല്‍ കൊടുങ്ങല്ലൂരിലെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ഒരു പ്രത്യേക സ്റ്റാന്‍ഡിനെക്കുറിച്ച് തിരക്കിയപ്പോള്‍ അദ്ദേഹം തന്നെയാണ് ഇത് പറഞ്ഞത്.
-
കൂത്താട്ടുകുളത്ത് 1986 ല്‍ നടന്ന സി.ജെ.തോമസ് സ്മാരക പ്രസംഗ പരിപാടികളില്‍ പങ്കെടുക്കാന്‍ ആര്‍.നരേന്ദ്രപ്രസാദ് തിരുവനന്തപുരത്ത് നിന്ന് എത്തിയത് കെ.എസ്.ആര്‍.ടി.സി.ബസിലാണ്. അദ്ദേഹത്തെ ബസ് സ്റ്റോപ്പില്‍ ആരും കാത്ത് നിന്നിരുന്നില്ല. ബസിറങ്ങി അദ്ദേഹം ടൗണ്‍ഹാളിലേക്ക് നടക്കുകയാണ് ചെയ്തത്.
-
പരിത്യക്തരുടെയും അധ:സ്ഥിതരുടെയും കവിതകളുമായി വന്ന് കളിയാട്ടം നടത്തിയ കടമ്മനിട്ട രാമകൃഷ്ണന്‍ പില്‍ക്കാലത്ത് എം.എല്‍.എ ആയെങ്കിലും ഒന്നും സംഭവിച്ചില്ല. ആ പദവി അദ്ദേഹത്തിന്റെ കവിതയെ അപഹരിക്കുകയാണ് ചെയ്തത്.
-
ഫ്രഞ്ച് നോവലിസ്റ്റ് സ്റ്റെന്താള്‍ (1783-1842)ഒരു പ്രത്യേക രോഗം തന്നെ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. കലാസൃഷ്ടികള്‍ കാണുന്നതാണ് അദ്ദേഹത്തിനു പലപ്പോഴും വിനയായി തീര്‍ന്നത്. ഒരു സ്മാരകത്തിലോ പള്ളിയിലോ ചെല്ലുമ്പോള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാശില്പങ്ങള്‍ കാണുന്നതോടെ സ്റ്റെന്താളിന്റെ ആരോഗ്യനില വഷളാവുകയാണ് പതിവ്! ശ്വാസം കിട്ടാതെ വരുന്നതിനു പുറമേ ബോധക്ഷയവും സംഭവിക്കുകയാണ്. ‘ഇതിനെ സ്റ്റെന്താള്‍ സിന്‍ഡ്രം’ എന്ന് വിളിക്കുന്നു!