ആദ്യം വിദ്വേഷപ്രചരണം; പിന്നാലെ ബഹിഷ്‌കരണാഹ്വാനം. തുടര്‍ന്ന് ഒറ്റപ്പെടുത്തല്‍; ബഹിഷ്‌കരിക്കല്‍. അതിനുശേഷം കൊലയും കൊള്ളയും. ഒടുവില്‍ പള്ളിയില്‍ നിന്നും മൈക്കിലൂടെയുള്ള ആഹ്വാനം: ‘മതംമാറുക; അല്ലെങ്കില്‍ നാടുവിടുക.’ 1990 ജനുവരി 19നായിരുന്നു കാശ്മീര്‍ താഴ്‌വരയില്‍ പള്ളികളില്‍ നിന്ന് ഈ ജിഹാദ് മുഴങ്ങിയത്. മൂന്നരലക്ഷത്തിലധികം പണ്ഡിറ്റ് വിഭാഗക്കാരായ ഹിന്ദുക്കള്‍ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ സ്വന്തം വീടുകളില്‍ നിന്നും ജീവനുംകൊണ്ട് പലായനം ചെയ്തു. 1988ല്‍ ജമ്മുകാശ്മീര്‍ ലിബറേഷന്‍ഫ്രണ്ട് ഹിന്ദുക്കളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അത് വലിയൊരു അഭയാര്‍ത്ഥിപ്രവാഹത്തിന്റെ തുടക്കമാണെന്ന് ആരെങ്കിലും കരുതിയോ?
ഇന്നലത്തെ കാശ്മീര്‍ ഇന്നത്തെ കേരളമാവുകയാണ്. ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് 1988-ല്‍ ചെയ്ത ബഹിഷ്‌കരണാഹ്വാനം ഇന്ന് മലപ്പുറത്ത് പോപ്പുലര്‍ഫ്രണ്ടുകാരും എസ്.ഡി.പി.ഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും നടത്തുകയാണ്. 1989-ല്‍ ബി.ജെ.പി പ്രവര്‍ത്തകനായ തികലാല്‍ തപ്‌ലുവിനെ നിരവധി പേരുടെ മുമ്പിലിട്ടുകൊന്നത് ഹിന്ദു സമൂഹത്തെ ഭയപ്പെടുത്താനായിരുന്നു. കാശ്മീരില്‍ തുടങ്ങിയ ബഹിഷ്‌കരണാഹ്വാനം മലപ്പുറത്ത് മഹലുകമ്മറ്റികള്‍ വരെ ഏറ്റെടുത്തിരിക്കുന്നു. വാട്‌സാപ്പ് പ്രചരണം വഴി ഹിന്ദുക്കള്‍ക്ക് കുടിവെള്ളം മുടക്കുന്നു; തൊഴില്‍ നിഷേധിക്കുന്നു; കട ഒഴിപ്പിക്കുന്നു. ഇതിന് ഇരയായി ഒരാള്‍ മരണപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലും വരാനിരിക്കുന്ന ഹിന്ദു അഭയാര്‍ത്ഥി പ്രവാഹത്തിന്റെ നാന്ദിയാണോ എന്നു ഭയപ്പെടേണ്ട അവസരത്തിലും കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ കണ്ണും വായും മൂടി മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുകയാണ്.
‘എന്റെ കട ബോംബുവെച്ചു തകര്‍ക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് കെട്ടിടം ഉടമ എന്നെ ഒഴിപ്പിച്ചു. ഞാനിപ്പോള്‍ജോലി നഷ്ടപ്പെട്ട് കഴിയുകയാണ് ‘ബാബു എന്ന കുന്നത്ത് ആനന്ദന്‍ അങ്ങനെയാണ് പറഞ്ഞു തുടങ്ങിയത്. മുസ്ലീം മതമൗലികവാദികളുടെ ഭീഷണിയില്‍ ഒരു കുടുംബനാഥന് തൊഴില്‍ നഷ്ടപ്പെട്ടത് പാകിസ്ഥാനിലല്ല. മതേതരത്വം പൂത്തുലയുന്നുവെന്ന് കപട മതേതരവാദികള്‍ ഊറ്റം കൊള്ളുന്ന മലപ്പുറം ജില്ലയിലാണ്. മുസ്ലീം മതമൗലികവാദികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്തുകൊണ്ട് ജനമനസ്സുകളെ വിഘടിപ്പിക്കുന്ന തന്ത്രങ്ങള്‍ നടപ്പാക്കിയതില്‍ ഇരയായ അനവധി പേരില്‍ ഒരാള്‍ മാത്രമാണ് ആനന്ദന്‍. തന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ജാമിദ ടീച്ചറുടേയും എം.എന്‍.കാരശ്ശേരിയുടേയും രണ്ട് പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തു എന്നതാണ് ആനന്ദനു നേരെ മതമൗലികവാദികള്‍ ആരോപിച്ച കുറ്റം.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവര്‍ക്കെതിരെ മതമൗലികവാദികള്‍ പുറപ്പെടുവിച്ച ഫത്വയില്‍ നിരവധി ഹിന്ദുക്കള്‍ക്ക് ജോലി നിഷേധിക്കുകയും ഹിന്ദു തൊഴിലാളികളെ ഒറ്റപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭീതി വിതച്ചുവെന്ന വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം അറിയാനുള്ള യാത്രക്കിടയിലാണ് കുന്നത്ത് ആനന്ദനെ കണ്ടുമുട്ടിയത്. മലപ്പുറം ജില്ലയിലെ മുതുവല്ലൂരിനും കുഴിമണ്ണയ്ക്കുമിടയില്‍ മൂശാരിക്കുന്നിലായിരുന്നു ആനന്ദന്റെ പലചരക്കുകട. വിദേശത്തുള്ള ഇദ്ദേഹത്തിന്റെ വല്യച്ചന്റെ മകന്‍ ബാലകൃഷ്ണന്റെ കെട്ടിടത്തിന്റെ ഒരു മുറി വാടകക്കെടുത്താണ് പലചരക്കുകട നടത്തിയിരുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി പലചരക്കു വ്യാപാരിയാണിദ്ദേഹം. അഞ്ചര വര്‍ഷം മുമ്പാണ് ബാലകൃഷ്ണന്റെ കെട്ടിടത്തില്‍ കട തുടങ്ങിയത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ജാമിദ ടീച്ചറുടേയും എം.എന്‍.കാരശ്ശേരിയുടേയും പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തുവെന്ന ആക്ഷേപമുയര്‍ന്നത്. ആരോ ടാഗ് ചെയ്ത് ആനന്ദനെ കെണിയില്‍പെടുത്തിയതായിരുന്നു. ഇതു സംബന്ധിച്ച് മൂന്ന് ഫോണ്‍ കോളുകളാണ് കെട്ടിടം ഉടമസ്ഥനായ ബാലകൃഷ്ണന് വന്നത്. രണ്ടാമതു വന്ന കോളിലാണ് ആനന്ദനെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ കെട്ടിടം ബോംബുവെച്ചു തകര്‍ക്കുമെന്ന ഭീഷണിയുണ്ടായത്. മുസ്ലീം മതമൗലികവാദികള്‍ കെട്ടിടം ബോംബുവെച്ച് തര്‍ക്കുമെന്നു വിശ്വസിച്ച ബാലകൃഷ്ണന്‍ ആനന്ദനില്‍ നിന്നും കട ഉടനടി ഒഴിപ്പിച്ചെടുക്കുകയായിരുന്നു. രണ്ടാമത്തെ മകളുടെ വിവാഹത്തിന്റെ പത്തു ദിവസം മുമ്പാണ് ആനന്ദന് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്. മകളുടെ വിവാഹത്തിനുള്ള പന്തല്‍ ജോലി ഏറ്റെടുത്തത് മുതുവല്ലൂരിലെ പി.പി. സ്റ്റോര്‍ ബഷീര്‍ ആയിരുന്നു. പൗരത്വ ബില്ലിനെ അനുകൂലിച്ചവരെ മുഴുവന്‍ ഒറ്റപ്പെടുത്താനുള്ള ഇസ്ലാമിക കൂട്ടായ്മയെടുത്ത തീരുമാനത്തിന്റെ അന്തഃസംഘര്‍ഷത്തിനിടയിലെ ഈ സംഭവവും ഊതിപ്പെരുപ്പിച്ചു. അലിഖിതമായ ഒറ്റപ്പെടുത്തലിന്റെ ആഹ്വാനം വന്നപ്പോള്‍ പന്തല്‍ പണിക്കാരന്‍ വിവാഹത്തിന് പന്തലിട്ടു തരില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വിവാഹത്തിന്റെ പന്തല്‍പ്പണി വാക്കാലൂരിലുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നു. ജനങ്ങളില്‍ മതവൈരമുണ്ടാക്കി അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ആനന്ദനെതിരെയുള്ള മുസ്ലീം മതമൗലികവാദികളുടെ നടപടി. ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇടിമുഴിക്കല്‍ ചാലിപ്പറമ്പിലെ കുറ്റിയില്‍ സ്മിജേഷിനും മുസ്ലീം മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടമായി. പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെന്ന കുറ്റമാണ് സ്മിജേഷിനു മേലുള്ളത്. ഇടിമുഴിക്കലെ ഒരു കേബിള്‍ നെറ്റ് വര്‍ക്കിലെ തൊഴിലാളിയാണ് അവിവാഹിതനായ സ്മിജേഷ്. ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആശ്രയം. പൗരത്വ ബില്ലിനെ അനുകൂലിച്ച സ്മിജേഷിന് വിധിച്ച ശിക്ഷ തൊഴില്‍ രഹിതനാക്കുക എന്നതായിരുന്നു.ഇയാളെ ഒഴിവാക്കിയില്ലെങ്കില്‍ മുസ്ലീം വീടുകളില്‍ നിന്നും കേബിളുകള്‍ ഒഴിവാക്കുമെന്നായിരുന്നു ഭീഷണി. കേബിള്‍ കമ്പനിയുടെ ഉടമസ്ഥന് മതമൗലികവാദികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ സ്മിജേഷിനെ പിരിച്ചുവിട്ടു. തൊഴില്‍ നഷ്ടപ്പെട്ട് മാനസിക സംഘര്‍ഷത്തില്‍ ദിവസങ്ങളോളം സ്മിജേഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ല. വീട്ടുകാരും വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സ്മിജേഷ് പറഞ്ഞു. തൊഴില്‍ രഹിതനാക്കാനുള്ള മുസ്ലീം മതമൗലികവാദികളുടെ തിട്ടൂരം നിലനില്‍ക്കുവോളം മലപ്പുറം ജില്ലയില്‍ ജോലി കിട്ടില്ലെന്നു മനസ്സിലാക്കിയ സ്മിജേഷ് കോഴിക്കോട് പന്തീരാങ്കാവിലെ ഒരു കേബിള്‍ നെറ്റ് വര്‍ക്ക് സ്ഥാപനത്തിലേക്ക് മാറിയിരിക്കുകയാണ്.
തുറക്കല്‍ കുട്ടന്‍കാവില്‍ ശ്രീധരനും മുസ്ലീം മതമൗലികവാദികളുടെ തൊഴില്‍ നിഷേധഭീഷണിയില്‍ കഴിയുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുവെന്ന കുറ്റം ആരോപിച്ചാണ് തൊഴില്‍ നിഷേധമുള്ളത്. സെന്‍ട്രിങ്ങ് (വാര്‍പ്പു പണി) ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ശ്രീധരനെ തൊഴില്‍നിഷേധ തീരുമാനം അറിയിച്ചത് അയല്‍വാസിയും എസ്.ഡി.പി.ഐ.ക്കാരനുമായ നാസറാണ്. കഴിഞ്ഞ ദിവസം ശ്രീധരന്റെ വീട്ടിലെത്തിയ നാസര്‍ ജോലിയൊക്കെയുണ്ടോ എന്ന സ്‌നേഹാന്വേഷണം നടത്തി. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇനി നിനക്ക് ജോലിയുണ്ടാവില്ലെന്ന് മുന്നറിയിപ്പും നല്‍കി അയാള്‍ തിരിച്ചു പോയി. ശ്രീധരന് മേലില്‍ ജോലി കൊടുക്കരുതെന്ന തീരുമാനം നാട്ടില്‍ പ്രചരിച്ചുകഴിഞ്ഞു. നേരത്തെ തുടങ്ങി വെച്ച ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതു കഴിഞ്ഞാല്‍ മലപ്പുറം ജില്ലയില്‍ ജോലി ചെയ്തു ജീവിക്കാന്‍ കഴിയുമോയെന്ന ഭീതിയുണ്ടെന്ന് ശ്രീധരന്‍ തന്റെ അനുഭവം പങ്കുവെച്ചു കൊണ്ടു പറഞ്ഞു.
കുറ്റിപ്പുറം പൈങ്കണ്ണൂരിലെ ഹരിജന്‍ കോളനിയിലേക്ക് കുടിവെള്ളം മുടക്കിയെന്ന പരാതിയുടെ അടിസ്ഥാനവും പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നുവെന്ന് കോളനിനിവാസികള്‍ പറഞ്ഞു. പൊതുവെ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മേഖലയാണ് പൈങ്കണ്ണൂര്‍. ഇരുപത്താ റോളം വീടുകളാണ് ഇവിടെയുള്ളത്. എസ്.സി/എസ്.ടി.വിഭാഗക്കാരുടെ കോളനികളുടെ വികസനത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ കോടികള്‍ നീക്കിവെക്കുന്നുണ്ടെങ്കിലും പൈങ്കണ്ണൂര്‍ കോളനിയില്‍ ഒരു കിണര്‍ പോലും നിര്‍മ്മിച്ചിട്ടില്ല. എഴുപതും എണ്‍പതും വയസ്സു പ്രായമുള്ള അമ്മമാര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ഓരോ വീടുകളില്‍ നിന്നും കുടത്തില്‍ വെള്ളം ശേഖരിക്കാറാണു പതിവ്. കോളനിയോടു ചേര്‍ന്നു താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും കിണറില്ല. സൈനുദ്ദീന്റെ വീട്ടില്‍ നിന്നും 450 മീറ്റര്‍ അകലെയുള്ള ഒരു കിണറ്റില്‍ നിന്നും മോട്ടോര്‍ വച്ച് തന്റെ വീട്ടിലെ ടാങ്കിലേക്ക് വെള്ളം സംഭരിച്ചിരുന്നു. ശുദ്ധജലത്തിനു വേണ്ടിയുള്ള കോളനിക്കാരുടെ ബുദ്ധിമുട്ട് അറിയാവുന്ന സൈനുദ്ദീന്‍ കോളനിയിലെ ഓരോ കുടുംബത്തിനും മൂന്നു കുടം വെള്ളം കൊടുക്കാന്‍ തയ്യാറായി. അതനുസരിച്ച് സൈനുദ്ദീന്‍ ജലം നല്‍കിക്കൊണ്ടിരിക്കെയാണ് ഇനി മുതല്‍ ശുദ്ധജലം കൊടുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. കോളനിക്കാരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച തീരുമാനത്തിനു പിന്നില്‍ മതമൗലികവാദികളുടെ ശക്തമായ സമ്മര്‍ദ്ദമായിരുന്നു. വളാഞ്ചേരിയില്‍ പൗരത്വ ബില്ലിന് അനുകൂലമായി നടത്തിയ പ്രകടനത്തില്‍ കോളനിയിലെ ചില കുടുംബങ്ങള്‍ പങ്കെടുത്തതാണ് കുടിവെള്ളം മുടക്കിയതെന്നാണ് കോളനിക്കാര്‍ പറയുന്നത്. സൈനുദ്ദീന്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും അതു തന്നെയാണ് കാരണമെന്ന് കോളനിയിലുള്ളവരും വ്യക്തമാക്കുന്നു. പൗരത്വ ബില്ലിനെ അനുകൂലിച്ച എസ്. ടി/എസ്.സി.വിഭാഗങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയ വാര്‍ത്ത ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ എം.പി.ശോഭ കരന്തല നടത്തിയ ട്വീറ്റ് മുതലെടുത്ത് കുറ്റിപ്പുറത്തുകാരനായ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എം.പി.ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കുറ്റിപ്പുറം പോലീസ് കേസെടുത്തിരിക്കുകയാണ്. കുടിവെള്ളം മുടക്കിയതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളനിക്കാര്‍ എസ്.സി/എസ്.ടി.ദേശീയ കമ്മീഷനു നല്‍കിയ പരാതി പ്രകാരം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ:എല്‍.മുരുകന്‍ കോളനി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സേവാഭാരതിയുടെ നേതൃത്വത്തില്‍ പൈങ്കണ്ണൂര്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണം തുടങ്ങിയിട്ടുണ്ട്. കുടിവെള്ളം മുടക്കിയതിനു പിന്നിലെ മതമൗലികവാദികളുടെ പങ്ക് അന്വേഷണത്തില്‍ ഉള്‍പ്പെടുന്നു.
പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ രോഗിയായ ഒരു അമ്മയേയും മകനേയും വാടക വീട്ടില്‍ നിന്നും പുറത്താക്കിയ മറ്റൊരു ക്രൂരതയും മലപ്പുറം ജില്ലയില്‍ ഈ ദിവസങ്ങളില്‍ അരങ്ങേറി. വളാഞ്ചേരി വൈക്കത്തൂരിലുള്ള മീമ്പാറയിലെ വാടക വീട്ടില്‍ നിന്നും മഠത്തില്‍ വളപ്പില്‍ മുരളീധരനേയും അമ്മ കാര്‍ത്ത്യായനിയേയുമാണ് ഒരു കൂട്ടമാളുകള്‍ പുറത്താക്കിയത്. പെയിന്റിങ്ങ് ജോലിക്കാരനായ മുരളീധരന്‍ പൗരത്വ ബില്ലിനെ അനുകൂലിച്ചു എന്ന കുറ്റമാണ് ഈ രണ്ടംഗ കുടുംബത്തിന് മേല്‍ചാര്‍ത്തിയത്. കുറുപ്പുംപടിയിലെ ഓട്ടോ ഡ്രൈവര്‍ പ്രദീപിനെ ഒറ്റപ്പെടുത്താനാണ് മറ്റൊരു ആഹ്വാനം. പ്രദീപിന്റെ ഓട്ടോറിക്ഷ ആരും ട്രിപ്പുവിളിക്കരുതെന്ന് വാട്‌സാപ്പ് ആഹ്വാനമാണ് പ്രചരിച്ചിരിക്കുന്നത്. വാട്‌സാപ്പ് ആഹ്വാനം ഇങ്ങനെ അവസാനിപ്പിക്കുന്നു – ‘ഇനി മുതല്‍ ഓരോരുത്തരും അവനെ ട്രിപ്പ വിളിക്കുന്നത് എത്ര നിര്‍ബ്ബന്ധിത ഘട്ടമാണെങ്കിലും ഒഴിവാക്കണം. നമ്മുടെ പൈസ മേടിച്ചു നമ്മെ പുറത്താക്കാന്‍ കൂട്ടുനില്‍ക്കുന്ന അവനോട് ആരും സഹകരിക്കരുത്.’ പ്രദീപ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായതുകൊണ്ടാണ് ഈ ബഹിഷ്‌ക്കരണമെന്ന് പോസ്റ്റിന്റെ തുടക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മേല്‍ വിവരിച്ച പ്രകാരമുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. കൂണ്‍ കര്‍ഷകന്റെ കൂണ്‍ ബഹിഷ്‌കരണം, പപ്പടം വില്‍ക്കുന്നവന്റെ പപ്പടം വാങ്ങരുതെന്നു വിലക്കിയത് എന്നിവയാണ് ഇത്തരത്തിലുള്ള രണ്ടു സംഭവങ്ങള്‍. പലരും കാര്യങ്ങള്‍ വിശദീകരിക്കാനേ തയ്യാറാവുന്നില്ല എന്നതാണ് ശ്രദ്ധേയം. എല്ലാവരും ആരെയൊക്കയോ ഭയപ്പെടുന്നതു പോലെ. ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്ന നിസ്സഹായാവസ്ഥ ധ്വനിപ്പിക്കുന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഈ ചോദ്യത്തിനു തന്നെയാണ് ഉത്തരം തേടേണ്ടത്. നിഷ്പക്ഷനായ ഒരു പോലീസ് ഓഫീസറാണ് ജില്ലയുടെ പോലീസ് മേധാവി യു. അബ്ദുള്‍ കരീം. അദ്ദേഹത്തെ വ്യക്തമായി നേരിട്ട് അറിയാവുന്ന ഒരാളാണ് ഈ ലേഖകന്‍. ഇത്തരം സംഭവങ്ങളെ അതീവ ഗൗരവമായിട്ടു തന്നെയാണ് അദ്ദേഹം കാണുന്നതെന്നാണ് മനസ്സിലാക്കുന്നത്. മലപ്പുറത്തിന്റെ വര്‍ഗ്ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടിന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ട്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിച്ച് അധികാരത്തിലെത്താനുള്ള ശ്രമങ്ങളാണ് ഹിന്ദു വിരുദ്ധ വികാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നിലെന്ന് ആഴത്തിലുള്ള പഠനങ്ങള്‍ കൊണ്ടു വ്യക്തമാകും.
മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തിന് കപട മതേതരവാദികളും മുസ്ലീം സംഘടനകളും ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്. മുസ്ലീംങ്ങളില്‍ തീവ്രചിന്താഗതിയുള്ളവരാണ് ജില്ലയെ അപകടത്തിലേക്ക് തള്ളിവിടുന്നത്. അടുത്തിടെ വൈറലായ ഒരു പോസ്റ്റുണ്ട്. പാവപ്പെട്ട ഒരു ഹിന്ദു സ്ത്രീ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മുസ്ലീം പേരില്‍ ഒരു മുസ്ലീമിന്റെ വീട്ടില്‍ ജോലിക്ക് നിന്നു. സംശയം തോന്നിയ വീട്ടുടമസ്ഥന്‍ മദ്ധ്യവയസ്‌കകയായ സ്ത്രീയെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. പിടിച്ചു നില്‍ക്കാനാവാതെ അവര്‍ താനൊരു ഹിന്ദുവാണെന്ന് തുറന്നു സമ്മതിച്ചു. ഇതോടെ വീട്ടുടമസ്ഥന്‍ ശകാരിച്ചുകൊണ്ട് പറയുന്നത് നിങ്ങളുണ്ടാക്കിയതല്ലേ ഇത്രയും ദിവസം വീട്ടുകാര്‍ കഴിച്ചതെന്നാണ്. ഹിന്ദു ഉണ്ടാക്കിയ ഭക്ഷണം ഹറാമാണെന്നു വിശ്വസിക്കുന്നവനായിരുന്നു ആ വീട്ടുടമസ്ഥന്‍. യഥാര്‍ത്ഥത്തില്‍ മതം നോക്കിയല്ല മലപ്പുറത്തെ ഹിന്ദുക്കളും മുസ്ലീംങ്ങളും അന്യോന്യം സഹകരിച്ചു ജീവിക്കുന്നത് പഴയ കാലത്തെ നടുക്കുന്ന സംഭവങ്ങള്‍. ഭൂതകാലത്തെ ദു:സ്വപ്‌നമായി കരുതിക്കൊണ്ടുള്ള ഹിന്ദുക്കളുടെ സമീപനം ഒരിക്കലും പ്രതികാര വാഞ്ഛ യോടെയായിരുന്നില്ല. എന്നാല്‍ മാപ്പിള ലഹളക്കാലത്തെ ഖിലാഫത്തുകാരുടെ പിന്‍മുറക്കാര്‍ അതേ മാനസികാവസ്ഥയില്‍ ഇപ്പോഴുമുണ്ടെന്നു തെളിയിക്കുന്നതാണ്. മലപ്പുറത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കമ്മ്യൂണിസ്റ്റുകാരും മുസ്ലീം ലീഗിന്റെ ആലയില്‍ കഴിയുന്ന കോണ്‍ഗ്രസ്സുകാരും അതിന് ചൂട്ടും പിടിച്ച് അവരോടൊപ്പവുമുണ്ട്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുസ്മരണവും കുഞ്ഞാലി മരക്കാരെയും ടിപ്പുവിനേയും സ്വാതന്ത്ര്യ സമര സേനാനികളാക്കാനുള്ള ഇടത് ബുദ്ധിജീവികളുടെ പദ്ധതികളും ഇത് ചൂണ്ടിക്കാണിക്കുന്നു.
മുസ്ലീം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിച്ച് തുടക്കത്തില്‍ സംഘ പരിവാറിനും തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് മൊത്തത്തിലും എതിരാക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും മറുപക്ഷവും തിരിച്ചുചിന്തിക്കുമെന്ന് അവര്‍ കരുതുന്നു. അങ്ങനെ സംഭവിച്ചാലുണ്ടാകാവുന്ന ദൂരവ്യാപകമായ വിപത്തുകളെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ല. ഓരോ സംഭവവും അരങ്ങേറുമ്പോള്‍ മേലില്‍ ഇത് ആവര്‍ത്തിക്കില്ലെന്നുപ്രതീക്ഷിക്കുമെങ്കിലും അവ തുടരുന്നതു കാണുമ്പോള്‍ ജില്ലയിലെ ന്യൂനപക്ഷം ആശങ്കാകുലരാണ്. മലപ്പുറം ജില്ലയിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ജീവനും സ്വത്തിനുമുള്ള സുരക്ഷയുടെ കാര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഭരണകൂടത്തിലാണെന്ന വസ്തുത മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്തരുത്.