വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു
ഒരുപക്ഷെ, ഞാനിത്തിരി നാളുകള്‍
കൂടുതലിവിടെപ്പാര്‍ത്തു
ഇണക്കമായി ഞാനും വീടും
മലരും മണവും പോലെ
ഇനി ഞാനിവിടെപ്പാര്പ്പു തുടര്‍ന്നാല്‍
വിരഹം ദുസ്സഹമാകും
വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു.
2
വിരുന്നു വീടേ സ്വന്തം വീടെ-
ന്നിതുവരെ വിഭ്രമമാര്ന്നൂ
വച്ചുവിളമ്പുവര്, വാത്സല്ലിപ്പോര്
സ്വന്തക്കാരെന്നോര്ത്തു
അണിഞ്ഞുനോക്കാന്‍ തന്നൂപണ്ട,മ-
തട്ടിപ്പേറെന്നോര്ത്തൂ
ഇന്നറിയുന്നൂ ഞാനീവിട്ടിലൊ-
രന്യന്-വെറുമൊരു പഥികന്
ഔദാര്യത്തിനൊരതിര് വരയുണ്ടെ-
ന്നറിയണമെപ്പൊഴുമതിഥി
കിട്ടിയകനിവിന് നന്ദിപറഞ്ഞു
പുറത്തുപോകണമിനിഞാന്
വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു.
3
വിളികേള്‍ക്കുന്നു വിളികേള്‍ക്കുന്നു
പിറന്നവീടു വിളിക്കുന്നു
മങ്ങിമയങ്ങിയുറങ്ങും സ്മരണകള്‍
തിങ്ങിയുണര്ന്നു തിരക്കുന്നു
ഒത്തുകളിച്ചു നടന്നവര്‍ വീണ്ടും
ഒത്തൊരുമിക്കാന്‍ വെമ്പുന്നു
തളര്‍ന്നു നിറയും കണ്ണും നീട്ടി
കാക്കുകയാണെന്നമ്മ
വിളികേള്‍ക്കുന്നു വിളികേള്‍ക്കുന്നു
പിറന്നവീടു വിളിക്കുന്നു
4
വരുന്നു ഞാനിനി വൈകില്ലിവിടെ-
പ്പാട്ടും കളികളുമായി
വരുന്നു ഞാനിനിയന്തര്‍ദാഹം
തെളിച്ച വഴിയില്‍ കൂടി
പിടിച്ചു നിര്ത്തരുതെന്നെയൊരാളും
സുവര്‍ണശൃംഖല ചാര്‍ത്തി
പിറകില്‍നിന്നു തിരിച്ചു വിളിയ്ക്കാന്‍
ഇറങ്ങിയെത്തരുതാരും
കണ്ണീര്‍കൊണ്ടോ പുഞ്ചിരികൊണ്ടോ
മനസ്സിളക്കരുതാരും
വിദൂരമാമെന്‍ സ്വന്തം വീട്ടിലെ-
യന്തിവിളക്കിന് നാളം
അതിന്നു ചുറ്റുമിരുന്നു ജപിയ്ക്കും
മന്ത്രധ്വനിയുടെ താളം
അതാണതാണിന്നെന്നുടെ ലക്ഷ്യം-
തേടിയ ജീവിത മോക്ഷം
വരുന്നു ഞാനിനി വൈകില്ലെന്നുടെ
വഴിഞാന്‍ തെളിഞ്ഞു കാണ്മു
വീടു വിളിപ്പൂ വീടുവിളിപ്പൂ
പിറന്നവീടു വിളിപ്പു
5
ശാശ്വതമാണോ വീടെന്നറിയി-
ല്ലാശ്രയമതു താന്‍ പക്ഷേ,
അവിടെച്ചെന്നേ ശാന്തമനസ്സാ-
യന്തി ഉറങ്ങാന്‍ പറ്റൂ.
അമ്മ വിളമ്പും കഞ്ഞിയില്‍ വീഴും
കണ്ണീരുപ്പുരുചിച്ചേ,
ബാന്ധവര്‍ ചുറ്റുമിരുന്നതിനിമ്പം
സാന്ത്വനപൂര്വ്വമശിച്ചേ,
തേട്ടും സ്മരണകളുതിരും പായില്‍
ചൂടുപകര്‍ന്നു കിടന്നേ
കണ്ണടയുള്ളു, പക്ഷേ വീണ്ടും
തുറക്കുമോ കണ്ണറിയില്ല
ഉറക്കമാണോ ജാഗ്രതയാണോ
നിര്വൃതിദായകമറിയില്ല.
അനുഭവിച്ചു വരുമ്പോള്‍ രണ്ടും
അഭിന്നമെന്നും വന്നേക്കാം.
വിളികേള്‍ക്കുന്നു വിളികേള്‍ക്കുന്നു
പിറന്നവീടുവിളിക്കുന്നു
വരുന്നു ഞാനിനി വൈകി,ല്ലിവിടെ
പ്പാട്ടും കളിയും നിര്‍ത്തുന്നു.
(യജ്ഞപ്രസാദം)