വിദേശസഞ്ചാരികളായ ‘ബര്‍ത്തലോമിയോ’ ഡച്ചുകാരനായ വിഷര്‍, ഫോര്‍ബോസ് എന്നിവരുടെ ഓണത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കാന്‍ സാദ്ധ്യത കൂടുതലാണ്, ”അത്തം മുതല്‍ ഓണാഘോഷം മലയാളക്കരയില്‍ നടന്നിരുന്നു. അതിന് മുമ്പ് വീട് കഴുകി വൃത്തിയാക്കി, ചാണകം മെഴുകി, വീട്ടിലെ തുളസിത്തറക്ക് മുമ്പില്‍ പൂക്കള്‍ കൊണ്ട് കളങ്ങള്‍ ഉണ്ടാക്കിയിരുന്നു. പഴയ വീട്ടുസാധനങ്ങള്‍ കളഞ്ഞ് പുതിയത് വാങ്ങുന്നതും പതിവായിരുന്നു. ഇന്നും ഓണക്കാലത്ത് മാറ്റച്ചന്തകള്‍ പതിവാണല്ലോ! ഓണാഘോഷത്തിന്റെ ഭാഗമായി ഓണത്തല്ല്, പകിടകളി എന്നിവയില്‍ ജനങ്ങള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുക്കാറുണ്ട്. ഇപ്പോഴും കണ്ണൂരിലെ ‘മാവിലായി’ എന്ന ദേശത്ത് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഓണത്തല്ല് എന്ന കായിക വിനോദം നടക്കാറുണ്ട്.”
ബുദ്ധമതം പിന്നീട് മഹായാനം, ഹീനയാനം, താന്ത്രിക കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ‘വജ്രയാനം’ എന്നിങ്ങനെ തിരിയുന്നുണ്ട്. ജൈനമതത്തിലും ശ്വേതാംബരന്മാര്‍, ദിഗംബരന്മാര്‍ എന്ന വേര്‍തിരിവ് ഉണ്ടായി. ഒരുകാലത്ത് മലയാളക്കരയില്‍ ബുദ്ധമതം വളരെ പ്രബലമായി എന്നും, അവരെ ഭയപ്പെടുത്തി ഓടിക്കാന്‍ ബ്രാഹ്മണര്‍ ആയുധമെടുത്തതാണ് അമ്പെയ്ത്ത്, ഓണത്തല്ല് എന്നിവയെന്നും അതിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ് ഈ കലാരൂപങ്ങള്‍ എന്നും വാദമുണ്ട്.
കൊടുങ്ങല്ലൂരിലെ മീനഭരണിക്കാലത്തെ തെറിപ്പാട്ടിനെ പറ്റിയും ഐതിഹ്യമുണ്ട്. ഒരുകാലത്ത് കൊടുങ്ങല്ലൂരിലെ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നെന്നും, അവിടത്തെ അന്തേവാസികളായ ബൗദ്ധഭിക്ഷുണികളെ ഓടിക്കാനായി സവര്‍ണ്ണജാതിക്കാര്‍, കീഴ്ജാതിക്കാരെ കൊണ്ട് തെറിപ്പാട്ട് പാടിച്ചു എന്നും അതാണ് മീനഭരണിയിലെ തെറിപ്പാട്ടിന്റെ ഐതിഹ്യമെന്നും വാദമുണ്ട്. എന്നാല്‍ ഉച്ചനീചത്വങ്ങള്‍ ജാതീയമായതോ, ഗോത്രവര്‍ഗ്ഗപരമോ, വ്യത്യസ്ത മതചിന്താധാരകള്‍ തമ്മിലുള്ള സംഘട്ടനമായോ എന്നും ലോകത്ത് നിലനിന്നിരുന്നു. നാടുവാഴി കാലഘട്ടത്തില്‍ മലയാളക്കരയില്‍ ശ്രേണീബദ്ധമായ ജാതീയമായ വിവേചനങ്ങള്‍ നിലനിന്നിരുന്ന കാലത്ത് കൊടുങ്ങല്ലൂരില്‍ മീനഭരണിയുടെ കാലത്ത് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൃഷിപ്പണികള്‍ ചെയ്തിരുന്ന പിന്നാക്ക പട്ടികവിഭാഗങ്ങളെ അനുവദിച്ചിരുന്നു. അന്ന് അവര്‍ ജാതിവ്യവസ്ഥയോടുള്ള തങ്ങളുടെ ഉള്ളിലെ പ്രതിഷേധം പാട്ടുകളില്‍ കൂടി പാടിയിരുന്നു. അത് ശ്ലീലമോ അശ്ലീലമോ എന്ന് വേര്‍തിരിച്ചറിയേണ്ട കാര്യമോ, പരിജ്ഞാനമോ കീഴാളജനതക്ക് ഉണ്ടായിരുന്നില്ല. സവര്‍ണ്ണ വിഭാഗം എന്ന് ആരോപിക്കുന്നവര്‍ രചിച്ച വെണ്‍മണി കവിതകളിലും ചന്ദ്രോത്സവം, ഉണ്ണുനീലി സന്ദേശം എന്നിവയിലും ശൃംഗാരവര്‍ണ്ണനകളും ലൈംഗികമായ പ്രഘോഷണങ്ങളും നിരവധിയാണ്. അതിനാല്‍ കൊടുങ്ങല്ലൂരിലെ ബുദ്ധഭിക്ഷുണികളെ ഓടിക്കാന്‍ ആയിട്ടാണ് തെറിപ്പാട്ടുകള്‍ പാടിയതെന്നത് ഭാവനാസൃഷ്ടിയാകാനേ തരമുള്ളൂ.
കൊടുങ്ങല്ലൂരില്‍ മീനഭരണിക്ക് തെറിപ്പാട്ടുപോലെ നേര്‍ച്ച വെക്കുന്ന കോഴികളെ ബലികൊടുക്കുന്നതും പതിവായിരുന്നു. 1938ല്‍ ജന്തുബലി നിരോധനം വന്നുവെങ്കിലും, അടുത്ത കാലത്ത് താന്ത്രിക കര്‍മ്മങ്ങളില്‍ വാമാചാര കൗളതന്ത്രത്തില്‍ വിശ്വസിക്കുന്ന പിന്നാക്ക/ദളിത് വിഭാഗങ്ങളുടെ ഗ്രൂപ്പുകള്‍ കൊടുങ്ങല്ലൂരില്‍ കോഴികളെ ബലികൊടുത്ത് അതിന്റെ വിഡീയോ പ്രചരിപ്പിച്ചു. പോലീസ് ഇടപെട്ടു, അവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം വളരെ വ്യാപകമായി ഇന്ന് ഏറ്റെടുക്കുന്നത് പിന്നാക്ക/ദളിത് വിഭാഗങ്ങളിലാണ്. ”ജാതിയും വേദവും കൈവിട്ട ബൗദ്ധരെ നാടുകടത്തി പടിയടച്ചു” എന്ന് പാട്ട് പാടുന്നത് ബുദ്ധമതക്കാര്‍ ജാതിരഹിതരും, വേദങ്ങള്‍ക്ക് എതിരും ആയതിനാല്‍ അവരെ പുറത്താക്കി എന്നതിന്റെ തെളിവാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. ശ്രീബുദ്ധന്‍ തന്റെ ആശ്രമങ്ങളില്‍ ആദ്യകാലത്ത് പുരുഷന്മാരെ മാത്രമെ ബുദ്ധ സന്ന്യാസിമാര്‍ ആക്കിയിരുന്നുള്ളൂ. പിന്നീട് വളരെ വര്‍ഷം കഴിഞ്ഞ് സ്ത്രീകളുടെ ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നപ്പോള്‍ ധര്‍മ്മബോധത്തിന് സ്വാതന്ത്ര്യം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു സ്ത്രീകളെ യോഗിനികള്‍ ആകാന്‍ അനുവദിച്ചിരിക്കാം. പള്ളി, പള്ളിക്കര, പള്ളിപ്പുറം എന്നീപ്പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നും, കൂടാതെ കുട്ടനാട് ഭാഗത്തെ കരുമാടിക്കുട്ടന്‍, ശബരിമലയിലെ ശാസ്താവ് എന്നീ പ്രതിബിംബങ്ങള്‍ ബുദ്ധമതത്തിനോട് ബന്ധപ്പെടുത്തിയും വാദങ്ങള്‍ ഉയരുന്നുണ്ട്. ബുദ്ധന്റെ കാലത്ത് പ്രചാരമുണ്ടായിരുന്ന പാലി, പൈശാചി ഭാഷകള്‍ വായിച്ച് അറിയാനുള്ള പാണ്ഡിത്യമുള്ളവര്‍ ഇന്ന് ഇന്ത്യയിലോ വിദേശത്തോ ഇല്ല. അതിനാല്‍ തന്നെ അതിനെ സാധൂകരിക്കാനുള്ള തെളിവുകള്‍ അപര്യാപ്തമാണ്. ക്രിസ്തീയ ദേവാലയങ്ങള്‍ പള്ളികള്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. യേശുദേവന്‍ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുരിശുമരണം തന്നെ വിവാദ വിഷയമാണ്. അദ്ദേഹം ഭാരതത്തിലെത്തി കാശ്മീരില്‍ ബുദ്ധമതാനുയായി ആയി ജീവിച്ചു എന്ന് പറയപ്പെടുന്നു. യേശുവിന്റെ യൗവ്വന കാലത്തെ പതിമൂന്ന് വര്‍ഷത്തെ ജീവിതത്തിനെ പറ്റി യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹം വര്‍ത്തകസംഘങ്ങളോടൊപ്പം ഭാരതത്തിന്റെ വടക്കന്‍ ഭാഗമായ ‘ടിബറ്റില്‍’ എത്തി ബുദ്ധമതാചാര്യന്മാരായ ലാമമാരില്‍ നിന്നും ബുദ്ധമത തത്വങ്ങള്‍ പഠിച്ചു അവരുടെ അനുയായി ആയി മാറി എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ അതിനും ചരിത്രപരമായ രേഖകള്‍ കുറവാണ്.
ഭാരതത്തില്‍ മതം എന്നതിന് അഭിപ്രായം എന്നാണ് അര്‍ത്ഥമാക്കിയിരുന്നത്. ശൈവമതം, വൈഷ്ണവ മതം, താന്ത്രികമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവയെല്ലാം ഓരോ കാലഘട്ടത്തില്‍ ദാര്‍ശനികന്മാര്‍ സംഭാവന ചെയ്ത ദര്‍ശനങ്ങളാണ്. ഇവര്‍ തമ്മില്‍ ആശയപരമായ സംവാദങ്ങള്‍ സാധാരണമാണ്. സംവാദങ്ങള്‍ ശക്തമാകുമ്പോള്‍ അത് സംഘട്ടനങ്ങള്‍ക്കും ഇടയാക്കും. ചോള കാലഘട്ടത്ത് തമിഴ്‌നാട്ടില്‍ അത്തരം സംഘട്ടനങ്ങള്‍ നടന്നിരിക്കാം. മധുര കേന്ദ്രമാക്കി ഭരിച്ച പാണ്ഡ്യരാജാക്കന്മാരുടെ കാലത്തും കര്‍ണ്ണാടകത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വാതാപി കേന്ദ്രമാക്കി ഭരിച്ച ചാലൂക്യന്മാരുടെ കാലത്തും, മഹാബലി പുരം കേന്ദ്രമാക്കിയ പല്ലവന്മാരുടെ കാലത്തും, വിജയനഗര സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തിലും ശൈവമതവും വൈഷ്ണവമതവും ബുദ്ധ/ജൈനമതങ്ങളും നരബലിയില്‍ കൂടി ദേവീപ്രീതി ലഭിക്കുമെന്ന് കരുതിയിരുന്ന കാപാലികമതവും തമ്മില്‍ ശക്തമായ സംഘട്ടനങ്ങള്‍ നടന്നിരുന്നു. കൃഷിയിടത്തില്‍ വിത്തുകള്‍ വിതക്കുമ്പോള്‍ അതെല്ലാം പൂര്‍ണ്ണമായും മുളക്കുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. അതുപോലെ ദര്‍ശനങ്ങള്‍ എല്ലാം തന്നെ മനുഷ്യമനസ്സുകളെ ഒരുപോലെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ല.
തിരുവോണത്തിനെ പറ്റിയുള്ള മറ്റൊരു ഐതിഹ്യം മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പൗത്രനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് അദ്ദേഹം തന്റെ രാജ്യത്തിന്റെ മതമായി ബുദ്ധമതത്തിനെ സ്വീകരിച്ചു എന്നും അങ്ങിനെ മതം ഭാരതത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്നുമാണ്. ഇതിന്റെ ദുരന്തഫലം ഈ രാഷ്ട്രം പിന്നീട് അനുഭവിച്ചു. അദ്ദേഹം മകനെയും മകളേയും ദക്ഷിണ ഭാരതത്തിലേക്കും ശ്രീലങ്കയിലേക്കും ബുദ്ധമത പ്രചാരണത്തിനായി അയച്ചു എന്നുമാണ്. തന്റെ പിതാവായ ബിന്ദുസാരനെയും സഹോദരങ്ങളെയും വധിച്ചാണ് അശോകന്‍ ചക്രവര്‍ത്തിയായത്. മാത്രമല്ല, കലിംഗയുദ്ധം നടന്നതിന് മുമ്പു തന്നെ അശോകന്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായിരുന്നു എന്നും ചരിത്രകാരന്മാരില്‍ അഭിപ്രായമുണ്ട്.
അശോകചക്രവര്‍ത്തിയുടെ കാലശേഷം അദ്ദേഹത്തിന്റെ പൗത്രനായ ബൃഹദ്രഥന്റെ ഭരണകാലത്തും ബുദ്ധമതം മൗര്യസാമ്രാജ്യത്തിന്റെ മതമായി തുടര്‍ന്നു. ബൃഹദ്രഥന്‍ സൈന്യത്തിനെ നിര്‍വ്വീര്യമാക്കി. ഹിംസ ബുദ്ധമതത്തിന് എതിരായതിനാല്‍ വധശിക്ഷയും ഇല്ലാതാക്കി. വൈദികമായ എല്ലാ ചടങ്ങുകളും നിര്‍ത്തലാക്കി. ഇതോടെ രാജ്യത്തിന്റെ സുരക്ഷ ദുര്‍ബലമായി. കൊള്ളയും കലാപങ്ങളും ജനജീവിതം ദുസ്സഹമാക്കി. ശത്രുക്കള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തി. നായാട്ട് നിരോധിച്ചതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിക്കും കന്നുകാലികള്‍ക്കും ഗ്രാമീണ ജനതക്കും വലിയ നാശം വിതച്ചു. സ്ത്രീസുരക്ഷ ദുര്‍ബ്ബലമായി. ഈ അവസരം മുതലാക്കി ബൃഹദ്രഥന്റെ മന്ത്രിയായിരുന്ന ‘പുഷ്യമിത്രസുംഗന്‍’ സൈനിക കലാപത്തിലൂടെ ചക്രവര്‍ത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ചു, അധികാരത്തിലേറിതോടെ മൗര്യവംശത്തിന്റെ ഭരണം അവസാനിച്ച് സുംഗവംശത്തിന്റെ ഭരണം ആരംഭിച്ചു. പുഷ്യമിത്രസുംഗന്‍ ബ്രാഹ്മണനായിരുന്നുവെന്നും, അല്ല ക്ഷത്രിയനായിരുന്നു എന്നും വിവാദങ്ങളുണ്ട്. സുംഗവംശത്തിന്റെ ഭരണകാലത്ത് ബുദ്ധമതത്തിന്റെ പ്രചാരണം നിരോധിക്കുകയും, ബുദ്ധസന്ന്യാസിമാരെ കൂട്ടക്കൊല ചെയ്തുവെന്നും ഒരു ബുദ്ധ സന്ന്യാസിയുടെ തലവെട്ടിക്കൊണ്ടുവരുന്നവര്‍ക്ക് നൂറു സ്വര്‍ണ്ണ വരാഹന്‍ സമ്മാനമായി വാഗ്ദാനം ചെയ്തുവെന്നുമുള്ള പ്രചരണം ഇന്നുമുണ്ട്. ഭാരതത്തില്‍ ഇരുപത്തിനാലോളം ഉന്നത സര്‍വ്വകലാശാലകള്‍ അന്ന് ലോകരാജ്യങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നിലനിന്നിരുന്നു. പ്രസിദ്ധമായ നളന്ദാ സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള വിജ്ഞാനകേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ആചാര്യന്മാരായി ബുദ്ധമത പണ്ഡിതരും ധാരാളമുണ്ടായിരുന്നു. ഈ സര്‍വ്വകലാശാലകള്‍ പിന്നീട് സുഗവംശത്തിനുശേഷം വന്ന ഗുപ്തഭരണകാലത്തും കൂടുതല്‍ പ്രശസ്തമായി നിലനിന്നു. ഈ വിജ്ഞാനകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുന്നത് മുഹമ്മദ് ഗോറിയെന്ന ഇസ്ലാമിക ആക്രമണകാരിയുടെ പടത്തലവനായ ‘ഭക്തിയാര്‍ ഖില്‍ജിയുടെ’ നേതൃത്വത്തിലാണ്. സുംഗവംശകാലത്തും, തുടര്‍ന്നു ഗുപ്തവംശകാലത്തും ബുദ്ധമതത്തിനെ ഇല്ലായ്മ ചെ യ്തുവെങ്കില്‍ എന്തിനാണ് ആ ജോലി ഇസ്ലാമിക ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. ബുദ്ധമതക്കാര്‍ ദക്ഷിണേന്ത്യയിലേക്കുമാത്രമല്ല, അവിടെ നിന്നും, ശ്രീലങ്കയിലേക്കും, കിഴക്കനേഷ്യന്‍ രാജ്യങ്ങളായ ബര്‍മ്മ, തായ്‌ലാന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം, ലാവോസ്, ഇന്‍ഡോനേഷ്യ, കൊറിയ, ജപ്പാന്‍, ചൈന ഇവിടങ്ങളിലൊക്കെ വ്യാപിച്ചു. നിരവധി രാജ്യങ്ങളില്‍ പ്രധാന മതമായി മാറി. പിന്നീട് ചില രാജ്യങ്ങളില്‍ ഇസ്ലാം മതം വ്യാപിച്ചതിനുകാരണം, ബുദ്ധമതം ആ ഭൂവിഭാഗങ്ങളില്‍ നിന്നും ഇസ്ലാമിക അക്രമണത്തില്‍ തുടച്ചു നീക്കപ്പെട്ടതുകാരണമാണ്. മഹാബലിയെ ബുദ്ധമത വിശ്വാസിയായി അവതരിപ്പിക്കാനുള്ള ചരിത്രപരമായ നീക്കങ്ങള്‍ ആധുനിക കാലത്തും തുടരുന്നുണ്ട്.
സുംഗവംശത്തിന്റെ സാമ്രാ ജ്യം അവസാനിച്ചശേഷം, ഗുപ്തരാജവംശം അധികാരത്തില്‍ വന്നു. ഗുപ്തരാജവംശത്തിലെ ആദ്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തന്‍ ഒന്നാമനുശേഷം, ചക്രവര്‍ത്തിയായത് സമുദ്രഗുപ്തനാണ്. അദ്ദേഹത്തിന്റെ കാലത്ത് ഗുപ്തസാമ്രാജ്യം അതിവിശാലമായിതീര്‍ന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെല്ലാം സമുദ്രഗുപ്തന്റെ നാവികസേന ചെന്നെത്തി. അവിടെ പ്രചാരം നേടിയ ബുദ്ധമതത്തിന് ദോഷം വരുത്തിയതായി പരാമര്‍ശങ്ങളില്ല. ഈ കാലഘട്ടത്തിനെ പറ്റിയും മലയാളക്കരയിലെ തിരുവോണത്തിനെ ബന്ധപ്പെടുത്തി കഥയുണ്ട്. ”മലയാളക്കര ഭരിച്ചിരുന്ന മഹാബലിയെന്ന ദ്രാവിഡവംശജനും, ബുദ്ധമത വിശ്വാസിയുമായ, ജനക്ഷേമതല്പരനായ ചക്രവര്‍ത്തിയെ പറ്റി ചാരന്മാര്‍ മുഖാന്തിരം അറിഞ്ഞു സമുദ്രഗുപ്തന്‍ മലയാള ദേശം കൈവശമാക്കുവാനായി ചാരവൃത്തിയില്‍ അതീവ സമര്‍ത്ഥരായ ചിലരെ തന്ത്രശാലിയായ ഒരു ബ്രാഹ്മണന്റെ നേതൃത്വത്തില്‍ ഇവിടേക്ക് അയച്ചുവെന്നും ആ ചാരസംഘം ബുദ്ധഭിക്ഷുകളായി വേഷം മാറി മഹാബലിയെന്ന ബുദ്ധമത വിശ്വാസിയായ ദ്രാവിഡ ചക്രവര്‍ത്തിയെ സന്ദര്‍ശിച്ച്, ഉറ്റ സൗഹാര്‍ദ്ദം സ്ഥാപിക്കുകയും, ദാനശീലനായ മഹാബലിയെ കൗശലപൂര്‍വ്വം ചതിച്ച് സ്ഥാനത്യാഗം ചെയ്യിച്ചു എന്നും ഒരു ഐതിഹ്യ കഥ പ്രചരിപ്പിച്ചു. ഇതിലെ കഥാപാത്രമായ ബ്രാഹ്മണനാണ് ഓണാഘോഷത്തില്‍ ഏറ്റവും വിവാദ പുരുഷനായ വാമനനെന്നും. മലയാളക്കരയിലെ സാധാരണക്കാരും, ഈശ്വരവിശ്വാസികളുമായവരെ വിശ്വസിപ്പിക്കാന്‍ വാമനന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് കഥ പ്രചരിപ്പിച്ചുവെന്നുമാണ് ഒരു പ്രചരണം.
പെരുമാക്കന്മാരുടെ രണ്ടാം ചേരവംശചരിത്രത്തിലെ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയ ചേരമാന്‍ പെരുമാളും ബുദ്ധമതം സ്വീകരിച്ച പള്ളിബാണപ്പെരുമാളും ഒരാള്‍ തന്നെയാണെന്നും, അവസാനത്തെപ്പെരുമാള്‍ ആയ ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതം സ്വീകരിക്കുകയോ, മക്കത്ത് പോവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം രാജ്യം സ്വന്തക്കാര്‍ക്കും ബന്ധുജനങ്ങള്‍ക്കും സാമന്തന്മാര്‍ക്കും ഭാഗിച്ചു നല്‍കി സ്ഥാനത്യാഗം ചെയ്യുകയായിരുന്നു എന്നും പ്രമുഖ ചരിത്രകാരന്മാര്‍ എല്ലാം അവകാശപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍, കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനപ്പേരുകള്‍, സ്ഥാനമേല്‍ക്കുന്ന പെരുമാക്കന്മാര്‍ എല്ലാവരും പൊതുവായി സ്വീകരിക്കുന്ന അലങ്കാര വാക്കുകള്‍ ആണ്.
മലയാളക്കരയില്‍ വാമന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയിലാണ്. കൊച്ചിരാജാക്കന്മാര്‍ തൃക്കാക്കരദേശം, സാമൂതിരി കീഴടക്കുന്നതുവരെ അത്തഘോഷയാത്ര നടത്തിയിരുന്നത് തൃക്കാക്കരയിലേക്കാണ്. പൊന്നാനിയിലെ, വെന്നേരി എന്നയിടത്തെ ചിത്രകൂടം എന്ന രാജകീയ ആസ്ഥാനം കൈവിട്ടശേഷം, സാമൂതിരിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി പോര്‍ച്ചുഗീസുകാരുടെ സഹായത്തോടെ മട്ടാഞ്ചേരിയില്‍ താമസമുറപ്പിച്ച കാലത്ത് വരെ തൃക്കാക്കരയിലായിരുന്നു അത്തം ഘോഷയാത്രയായിപ്പോയിരുന്നത് എന്ന് അനുമാനിക്കാം. തൃക്കാക്കരദേശം സാമൂതിരി കൈവശമാക്കിയതിനുശേഷം അത്തച്ചമയഘോഷയാത്രയില്‍ കൊച്ചി രാജാവ് തൃക്കാക്കരയിലേക്ക് പോകുന്നത് നിര്‍ത്തി. പിന്നീട് ആദ്യം പുത്തന്‍ ബംഗ്ലാവിലും ഡച്ചുകാരുടെ സഹായത്തോടെ കളിക്കോട്ട കൊട്ടാരം പണി കഴിപ്പിച്ചപ്പോള്‍ രാജകീയമായ ചമയങ്ങള്‍ അവിടെ നടത്തി ഘോഷയാത്ര തൃപ്പൂണിത്തുറയിലെ കോട്ടക്കകത്തും മാത്രമാക്കി. തൃക്കാക്കര കൈവശമാക്കുവാന്‍ സാമൂതിരിയെ സഹായിച്ച തൃക്കാക്കര ക്ഷേത്രത്തിലെ ശാന്തിക്കാരനായ നമ്പൂതിരിയെ തൃക്കാക്കര ഉള്‍പ്പെട്ട ഇടപ്പള്ളി സ്വരൂപമെന്ന പ്രദേശത്തെ നാടുവാഴിയാക്കി സാമൂതിരി. അങ്ങിനെ ഇടപ്പള്ളി എന്ന സാമൂതിരിയുടെ സാമന്തന്‍ കൊച്ചി രാജ്യത്തിന്റെ ശത്രുവായി മാറി, പിന്നീട് തിരുവിതാംകൂര്‍ പ്രബലമായപ്പോള്‍ ഇടപ്പള്ളി നാടുവാഴി അവരുടെ സാമന്തനായി മാറി.
ഇപ്പോഴും തൃക്കാക്കര ക്ഷേത്രത്തില്‍ ഓണസദ്യ വിപുലമായി ആഘോഷിക്കുന്നുണ്ട്, തിരുവോണം തൃക്കാക്കര അപ്പന്റെ പ്രധാന ഉത്സവദിനമാണ്. ഈ ഉത്സവത്തിലും സദ്യയിലും പങ്കെടുക്കുന്ന കേരള സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരടക്കം പ്രമുഖ വ്യക്തികളും സാംസ്‌കാരിക നായകന്മാരും പ്രസംഗങ്ങളില്‍ മഹാബലിയെ പ്രശംസിക്കാറുണ്ട്. എന്നാല്‍ തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ആദരിക്കുന്നത് വാമനനെയാണ് എന്ന് ഇവര്‍ ഇന്നും അറിയുന്നില്ല. അടുത്ത കാലത്ത് ഇതറിഞ്ഞപ്പോള്‍ പ്രമുഖനായ ഒരു വ്യക്തി പ്രതികരിച്ചത് മഹാബലിയുടെ പ്രതിമയും അവിടെ സ്ഥാപിക്കുമെന്നാണ്. കേരളം ഒഴികെ മറ്റുള്ള സംസ്ഥാനങ്ങളില്‍ വാമന ജയന്തിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗുജറാത്തില്‍ വാമനജയന്തിയായിട്ടാണ് ഓണം ആഘോഷിക്കുന്നത് എന്നാണ്. ഇതിനെ ആര്യ-ദ്രാവിഡ തര്‍ക്കമായി വഴിതിരിച്ചുവിടാനും ശ്രമിക്കുന്നവര്‍ അറിയേണ്ടത് ദക്ഷിണേന്ത്യയിലെ പല്ലവ, ചാലൂക്യ, ചോള, പാണ്ഡ്യ ചേര സാമ്രാജ്യങ്ങളുടെ കാലത്തും വാമന ജയന്തിയായാണ് ആഘോഷിച്ചിരുന്നത് എന്നാണ്. അന്നും ദക്ഷിണേന്ത്യയില്‍ മാത്രമല്ല കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ശൈവ വൈഷ്ണവ മതങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ചോള, പാണ്ഡ്യരാജ്യങ്ങളില്‍ ശൈവ മതവും വൈഷ്ണവ മതവും താന്ത്രികാരാധനയും ഒരു പോലെ പ്രബലമായിരുന്നു. ബുദ്ധ മതം ശക്തമായ ശ്രീലങ്കയിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ബീഹാറില്‍ നിന്നും വന്നവര്‍ ആണ് ബുദ്ധമതം പ്രചരിപ്പിച്ചത്. ബീഹാറിലെ പാറ്റ്‌ന എന്നതിന്റെ പഴയ പേര് ‘പാടലീപുത്ര’മെന്നാണ്! അശോകന്റെ രാജകീയതലസ്ഥാനം ആയിരുന്നു അത്. അവിടെയാണ് ബുദ്ധമതം രാജ്യത്തിന്റെ മതമാക്കിയത്. ദക്ഷിണേന്ത്യയിലെ ദ്രാവിഡവംശജര്‍ ബുദ്ധമതക്കാര്‍ ആയിരുന്നു എന്നതും, വ്യക്തത വരാത്ത ആരോപണങ്ങളാണ്.
(തുടരും)




















