ഒരു കാലത്ത് കുട്ടിക്കാലം എന്നാല്‍ വീടിനു പുറത്തെ കളിക്കളങ്ങളും, കൂട്ടുകാരുമൊത്തുള്ള ഒച്ചപ്പാടുകളുമായിരുന്നു. എന്നാല്‍ ഇന്നത് സ്മാര്‍ട്ട്‌ഫോണിന്റെ നാലരയിഞ്ച് സ്‌ക്രീനിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. സാങ്കേതികവിദ്യ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ തകിടം മറിക്കുന്നു എന്നതിനെക്കുറിച്ച് അമേരിക്കന്‍ സാമൂഹിക മനഃശാസ്ത്രജ്ഞനും പ്രൊഫസറുമായ ജൊനാഥന്‍ ഹൈറ്റ് (Jonathan Haidt) എഴുതിയ ‘The Anxious Generation’ എന്ന പുസ്തകം ഇന്ന് ആഗോളതലത്തില്‍ വലിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
മനുഷ്യന്റെ ധാര്‍മ്മികത, രാഷ്ട്രീയം, സംസ്‌കാരം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അത് ലളിതമായി എഴുതുകയും ചെയ്യുന്ന ഹൈറ്റ്, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ ഹ്യൂമന്‍ ലീഡര്‍ഷിപ്പ് വിഭാഗം പ്രൊഫസറാണ്. 2024-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഈ പുസ്തകം കേവലമൊരു വായനാനുഭവത്തിനപ്പുറം, രാജ്യങ്ങളുടെ നിയമവ്യവസ്ഥകളെപ്പോലും മാറ്റിമറിക്കാന്‍ പോന്ന ഒന്നായി മാറിയിരിക്കുന്നു.
‘ദ് ഗ്രെയ്റ്റ് റീവയറിങ്’ അഥവാ തലച്ചോറിന്റെ പുനര്‍ക്രമീകരണം
2010-നും 2015-നും ഇടയിലാണ് ലോകത്ത് സ്മാര്‍ട്ട്‌ഫോണുകളും അതിവേഗ ഇന്റര്‍നെറ്റും ജനപ്രിയമാകുന്നത്. ഇതേ കാലയളവിലാണ് ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ‘ലൈക്ക്’, ‘ഷെയര്‍’ ബട്ടണുകളും സെല്‍ഫി ക്യാമറകളും സര്‍വ്വസാധാരണമായത്. കുട്ടികളുടെ സ്വാഭാവികമായ തലച്ചോറിന്റെ വികാസത്തെയും ചിന്താഗതിയെയും ഈ സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി മാറ്റിമറിച്ചു എന്നാണ് ഹൈറ്റ് സമര്‍ത്ഥിക്കുന്നത്. ഇതിനെ അദ്ദേഹം ‘ദ് ഗ്രെയ്റ്റ് റീവയറിങ്’ (The Great Rewiring) എന്ന് വിളിക്കുന്നു.
പുസ്തകത്തില്‍ പ്രധാനമായും രണ്ട് അവസ്ഥകളെ അദ്ദേഹം തരംതിരിക്കുന്നു:
1. കളിച്ച് വളര്‍ന്നിരുന്ന കുട്ടിക്കാലം (Play-based Childhood): കുട്ടികള്‍ നേരിട്ട് കളിച്ച് വളരുന്ന രീതി. ഇത് അവരില്‍ സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും, ഭയത്തെയും പരാജയങ്ങളെയും നേരിടാനും, ആത്മവിശ്വാസം കൂട്ടാനും സഹായിച്ചിരുന്നു.
2. ഫോണില്‍ തളച്ചിട്ട കുട്ടിക്കാലം (Phone-based Childhood): യഥാര്‍ത്ഥ ലോകത്തുനിന്നും കുട്ടികള്‍ സ്‌ക്രീനുകളിലേക്ക് ഒതുങ്ങിപ്പോയ അവസ്ഥ. ഇത് അവരെ ശാരീരികമായി സുരക്ഷിതരാക്കിയെന്ന് തോന്നിച്ചെങ്കിലും മാനസികമായി വല്ലാതെ ഒറ്റപ്പെടുത്തിക്കളഞ്ഞു.
ഈ സ്‌ക്രീന്‍ വിപ്ലവം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബാധിച്ചത് വ്യത്യസ്ത രീതികളിലാണ്. സോഷ്യല്‍ മീഡിയയിലെ താരതമ്യങ്ങളും സൈബര്‍ ബുള്ളിയിംഗും പെണ്‍കുട്ടികളെ തങ്ങളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കും കടുത്ത വിഷാദത്തിലേക്കും തള്ളിവിട്ടപ്പോള്‍, ആണ്‍കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്കും ഓണ്‍ലൈന്‍ അശ്ലീല സൈറ്റുകളിലേക്കും ആകര്‍ഷിക്കപ്പെട്ടു. ഇത് അവരെ യഥാര്‍ത്ഥ ലോകത്തെ ഉത്തരവാദിത്തങ്ങളില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.
എന്തുകൊണ്ട് 16 വയസ്സ്?
എന്തുകൊണ്ടാണ് കുട്ടികള്‍ ഇതില്‍ ഇത്രവേഗം വീണുപോകുന്നത് എന്നതിന് കൃത്യമായ ശാസ്ത്രീയ വിശദീകരണം പുസ്തകം നല്‍കുന്നുണ്ട്. മനുഷ്യന്റെ തലച്ചോറിലെ മുന്‍ഭാഗം (Prefrontal Cortex), അതായത് വിവേചനബുദ്ധി, സ്വയംനിയന്ത്രണം, അപകടങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് എന്നിവ നിയന്ത്രിക്കുന്ന ഭാഗം പൂര്‍ണ്ണമായി വികസിക്കുന്നത് 20 വയസ്സിന് ശേഷമാണ്.
സോഷ്യല്‍ മീഡിയയിലെ ഓരോ ‘ലൈക്കും’ ‘നോട്ടിഫിക്കേഷനും’ തലച്ചോറില്‍ ഡോപമൈന്‍ (Dopamine) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. കൗമാരപ്രായക്കാരില്‍ ഇത് വളരെ വേഗത്തില്‍ മയക്കുമരുന്ന് ലഹരിക്ക് സമാനമായ അഡിക്ഷന്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഉറക്കക്കുറവാണ് ഇന്നത്തെ കുട്ടികളിലെ പകുതിയിലധികം മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള പ്രായപരിധി കുറഞ്ഞത് 16 വയസ്സെങ്കിലും ആയിരിക്കണമെന്ന് മനഃശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ പരാജയം
പല മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാന്‍ താല്പര്യമില്ല. എന്നാല്‍ ‘മറ്റെല്ലാ കുട്ടികള്‍ക്കും ഫോണുണ്ട്, എന്റെ കുട്ടി മാത്രം ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ ഞാന്‍ വാങ്ങി നല്‍കുന്നു’ എന്ന ചിന്താഗതിയിലേക്ക് മാതാപിതാക്കള്‍ വീണുപോകുന്നു. ഇതിനെയാണ് ഹൈറ്റ് ‘കൂട്ടായ പ്രവര്‍ത്തനത്തിന്റെ പരാജയം’ (Collective Action Problem) എന്ന് വിളിക്കുന്നത്. വ്യക്തിപരമായി ആഗ്രഹിച്ചാലും സമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണം മാതാപിതാക്കള്‍ക്ക് ഇതില്‍ നിന്ന് മാറാന്‍ കഴിയുന്നില്ല.
കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നത് വഴി, അവരെ യാതൊരു സുരക്ഷയുമില്ലാത്ത ഒരു വലിയ കാട്ടിലേക്ക് തനിച്ചുവിടുന്നതിന് തുല്യമാണ് എന്നാണ് ജൊനാഥന്‍ ഹൈറ്റ് ഓര്‍മ്മിപ്പിക്കുന്നത്. ഇതിനെ മറികടക്കാന്‍ അദ്ദേഹം 4 പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു:
1. 14 വയസ്സിന് മുമ്പ് കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കരുത് (പകരം സാധാരണ കോളിംഗ് ഫോണുകള്‍ നല്‍കാം).
2. 16 വയസ്സിന് മുമ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കരുത്.
3. സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് മുതല്‍ ഇറങ്ങുന്നത് വരെ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിക്കുക.
4. കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ യഥാര്‍ത്ഥ ലോകത്ത് കളിക്കാനും നടക്കാനുമുള്ള സ്വാതന്ത്ര്യം തിരികെ നല്‍കുക.
യുകെയുടെ ധീരമായ ചുവടുവെപ്പും ആഗോള മാറ്റങ്ങളും
ഈ പുസ്തകം സൃഷ്ടിച്ചതുള്‍പ്പെടെയുള്ള ജനവികാരമാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നിയമപരമായി സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ പ്രേരിപ്പിച്ചത്. ഭാരതവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു രാജ്യമാണെങ്കിലും ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത വിപുലമായ ജനകീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുകെ ഗവണ്മെന്റ് 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചുകൊണ്ടുള്ള ശക്തമായ നിയമം കൊണ്ടുവന്നത്.
യുകെയുടെ നിലവിലുള്ള ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് 2023′ എന്ന നിയമത്തിന്റെ തുടര്‍ച്ചയായി, പുതിയ ‘ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് ആന്‍ഡ് സ്‌കൂള്‍സ് ആക്ട്’ വഴിയാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. 2027-ഓടെ പൂര്‍ണ്ണ തോതില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഈ നിയമങ്ങള്‍ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്കും ഒരു മാതൃകയാണ്. യുകെയ്ക്ക് പുറമെ ആസ്‌ട്രേലിയയും സമാനമായ നിയമം പാസ്സാക്കിയിട്ടുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ‘ഡിജിറ്റല്‍ പ്രായപൂര്‍ത്തി’ 16 വയസ്സായി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ്.
കേരളത്തിലെ ‘വെട്ടുകിളിക്കൂട്ടങ്ങളും’ ഇന്‍ഫ്‌ളുവന്‍സര്‍മാരും
ജൊനാഥന്‍ ഹൈറ്റ് അന്താരാഷ്ട്ര പശ്ചാത്തലത്തില്‍ പറഞ്ഞ ഇതേ ഭയാനകമായ അവസ്ഥകള്‍ നമ്മുടെ കേരളത്തിലെ വീടുകളിലേക്കും കടന്നുവന്നിട്ടുണ്ട്. കോവിഡ് കാലത്ത് പഠനാവശ്യങ്ങള്‍ക്കായി കുട്ടികളുടെ കൈകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായി എത്തിയതോടെയാണ് ഈ ദുരന്തത്തിന് ആക്കം കൂടിയത്. നമ്മുടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇവിടുത്തെ ചില ഇന്‍ഫ്‌ളുവന്‍സര്‍മാരിലേക്ക് നോക്കിയാല്‍ മതിയാകും.
‘തൊപ്പി’യെപ്പോലെയുള്ള യൂട്യൂബര്‍മാരുടെ പ്രധാന ആകര്‍ഷണം അതിരുകടന്ന തെറിവിളികളും, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും, അശ്ലീല ചുവയുള്ള സംഭാഷണങ്ങളുമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രായമാകാത്ത കുട്ടികള്‍ ഇത് കേട്ട് ആസ്വദിക്കുക മാത്രമല്ല, തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു ‘മാസ്സ്’ അല്ലെങ്കില്‍ ‘കൂള്‍’ കാര്യമായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് വലിയ രീതിയിലുള്ള സ്വഭാവ വൈകല്യങ്ങള്‍ക്കും ക്ലാസ്സ് മുറികളിലെ ശ്രദ്ധക്കുറവിനും കാരണമാകുന്നുണ്ട്.
മറുഭാഗത്ത്, ‘ഈ ബുള്‍ ജെറ്റ്’ പോലെയുള്ള വ്‌ളോഗര്‍മാര്‍ തങ്ങളുടെ വാഹന പരിഷ്‌കരണങ്ങളിലൂടെയും മോട്ടോര്‍ വാഹന വകുപ്പും പൊലീസുമായി ഉണ്ടായ തര്‍ക്കങ്ങളിലൂടെയുമാണ് പ്രശസ്തരായത്. നിയമങ്ങള്‍ ലംഘിക്കുന്നതും അധികാരികളെ വെല്ലുവിളിക്കുന്നതുമെല്ലാം ഒരു വലിയ ‘ഹീറോയിസം’ ആയിട്ടാണ് ഇവര്‍ ചിത്രീകരിച്ചത്. ഇത് കൗമാരക്കാരില്‍ നിയമവ്യവസ്ഥയോടും അച്ചടക്കത്തോടുമുള്ള ബഹുമാനം ഇല്ലാതാക്കുന്നു. ഇവരുടെ അക്കൗണ്ട് പൂട്ടിയപ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ കോലാഹലങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ഏത് യൂണിവേഴ്‌സിലാണ് ജീവിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.
ഈ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പിന്നില്‍ വലിയൊരു ‘കുട്ടിപ്പട്ടാളം’ തന്നെയുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത നിലപാടുകള്‍ പറയുന്നവരെ വെട്ടുകിളിക്കൂട്ടമായി പോയി സൈബര്‍ ബുള്ളിയിങ് നടത്താന്‍ ഇവര്‍ തങ്ങളുടെ ഫോളോവേഴ്‌സിനെ ഉപയോഗിക്കുന്നു. ഹൈറ്റ് പുസ്തകത്തില്‍ പറഞ്ഞതുപോലെ, നേരിട്ടുള്ള സൗഹൃദങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയയിലെ ഇത്തരം ‘വെര്‍ച്വല്‍ കൂട്ടായ്മകളില്‍’ അഭയം കണ്ടെത്തുന്ന കുട്ടികള്‍ക്ക് യഥാര്‍ത്ഥ ലോകത്തെ സാമൂഹിക ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലാതെ പോകുന്നു.
സാങ്കേതികവിദ്യ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സാമൂഹിക പഠനത്തില്‍ നിന്ന്, ഒരു രാജ്യം തങ്ങളുടെ നിയമവ്യവസ്ഥ മാറ്റിയെഴുതുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് ഇതൊരു ആഗോള വെല്ലുവിളിയായതുകൊണ്ടാണ്. ഇന്ന് എല്ലാ വീട്ടിലും ഓരോ രക്ഷകര്‍ത്താവും ചിന്തിച്ചു ഭ്രാന്താകുന്നൊരു വെല്ലുവിളിയാണിത്. ആഗോളതലത്തില്‍ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍, നമ്മുടെ കുട്ടികളെ ഈ ഡിജിറ്റല്‍ ചതിക്കുഴികളില്‍ നിന്ന് രക്ഷിക്കാന്‍ നമ്മള്‍ എന്ന് ഒന്നിച്ച് ചിന്തിക്കും?
*താല്‍പര്യമുള്ളവര്‍ക്ക്: The Anxious Generation: How the Great Rewiring of Childhood Is Causing an Epidemic of Mental Illness – Jonathan Haidt എന്നു പരതിയാല്‍ ഈ പുസ്തകം ലഭ്യമാകും.




















