Tuesday, September 1, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭൂഗോളത്തിന്റെ സ്പന്ദനം

ലോകകപ്പ് ഫുട്‌ബോള്‍ 2026

ഡോ.സി.പി.സതീഷ്ഡോ.സി.പി.സതീഷ്
7 August 2026

സാറ്റലൈറ്റ് ടെലിവിഷനും, ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങളും കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകളായി മലയാളികളുടെ പുറം ലോകവുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്ക് യൂറോപ്യന്‍, തെക്കേ അമേരിക്കന്‍ ക്ലബ്ബ് തല ഫുട്‌ബോളും, ഈ ഭൂഖണ്ഡങ്ങളിലെ രാജ്യാന്തര ഫുട്‌ബോളും, ഫിഫ ലോകകപ്പും ആനന്ദം നിറഞ്ഞ മണിക്കൂറുകള്‍ പ്രദാനം ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ന് നമ്മള്‍ ആഗോളവത്ക്കരണം, അധിനിവേശാനന്തര വംശങ്ങള്‍/ സമൂഹങ്ങള്‍/ദേശങ്ങള്‍, അവയുടെ ഫുട്‌ബോള്‍ മികവ്, സ്വഭാവ സവിശേഷതകള്‍, കളിക്കുന്ന രാജ്യങ്ങളുടെ വര്‍ത്തമാന പരിതസ്ഥിതി, ഭൂതകാലം എന്ന് വേണ്ട എല്ലാ തലങ്ങളിലുമുള്ളവിവരങ്ങള്‍/അറിവുകള്‍ കേവലം ഉരുളുന്ന ഒരു പന്തില്‍ നിന്നും, അതിനെ പിന്തുടരുന്ന കളിക്കാരില്‍ നിന്നും, ഫുട്‌ബോള്‍ പിച്ചില്‍/സ്റ്റേഡിയങ്ങളില്‍ നിന്നും ആര്‍ജിക്കുന്നു. ഫുട്‌ബോളെന്ന രൂപകത്തെ ഉപയോഗിച്ച് ലോകത്തെ മനസ്സിലാക്കാം, നിര്‍വചിക്കാം, ആഗോളവത്ക്കരണ കാലത്ത് ഉടലെടുത്ത സാമ്പത്തിക പരസ്പരാശ്രയത്തെ തിരിച്ചറിയാം. ദേശ-വംശ-മത-വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് ഫുട്‌ബോള്‍ ചരിത്രത്തില്‍ ചവറ്റു കൊട്ടയിലാണ് സ്ഥാനം (ഈ ലോകകപ്പ് ഇതിനൊരപവാദമാണോ എന്ന് പിന്നീട് പരിശോധിക്കാം). കറുത്തവര്‍ഗക്കാരനായ പെലെയും, മൂന്നാം ലോക രാജ്യക്കാരനായ മാറഡോണയുമാണ് ഇന്നും ഫുട്‌ബോളിലെ അനശ്വര നായകര്‍ അഥവാ ‘ഡെമി ഗോഡുകള്‍’. ഫുട്‌ബോള്‍ തൊടുത്തു വിടുന്ന ആഗോള സംസ്‌കാരം അഥവാ ഏകരൂപത, പ്രാദേശിക ഫുട്‌ബോള്‍ സംസ്‌കാരങ്ങളെയും, ക്ലബ്ബുകളെയും, ആരാധനാ സമൂഹങ്ങളെയും, നശിപ്പിച്ചു കളയുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. മറിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, എഫ്‌സി ബാര്‍സലോണ, ബയേണ്‍ മ്യൂണിച്ച്, ഇന്റര്‍ മിലാന്‍, പിഎസ്ജി, ബോക്കാ ജൂനിയേസ്, ഫ്‌ലമെങ്ങ്‌ഗോ എന്നിവയുടെ പ്രശസ്തിയും, പ്രസക്തിയും, വരുമാനവും, ആരാധകവൃന്ദവും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം പല ഫുട്‌ബോള്‍ ശക്തികളായ രാജ്യങ്ങളിലും കളിയുടെ പ്രാദേശിക സംസ്‌കാരത്തില്‍ ഉദ്ഭവിച്ച ക്ലബ്ബുകള്‍ തമ്മിലുള്ള തലമുറകളായിട്ടുള്ള ഫുട്‌ബോള്‍ വൈരവും, രക്തരൂഷിതമായ ഫുട്‌ബോള്‍ ഹൂളിഗാനിസവും (അക്രമാസക്തിയുളള കാണികള്‍), ആഗോളവത്കരണത്തിന്റെയും, ഫുട്‌ബോള്‍ സാര്‍വദേശീയതയുടെയും കുത്തൊഴുക്കിലും അത് പോലെ നിലനില്‍ക്കുന്നു എന്നുള്ളതാണ്. ഒരു കടുത്ത മാഞ്ചസ്റ്റര്‍ സിറ്റി ആരാധകന്‍, തന്റെ ബ്രിട്ടീഷ്/യൂറോപ്യന്‍ സ്വത്വത്തേക്കാളും വൈകാരികമായി അടുപ്പം കാണിക്കുന്നത് പ്രാദേശിക/ക്ലബ്ബ് ഫുട്‌ബോള്‍ സ്വത്വത്തിനോടാണ്. സ്‌പെയിനില്‍ ഈ ക്ലബ്ബ് ചേരിതിരിവ് കൂടുതല്‍ തീവ്രമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും, ബാല്‍ക്കന്‍ രാജ്യങ്ങളിലും, പടിഞ്ഞാറന്‍ യൂറോപ്പിനേക്കാളും കൂടുതല്‍ ഭയാനകമായ അവസ്ഥയിലാണിത്.

Google NewsAdd Kesari Weekly as a preferred source on Google

എല്ലാ ലോകകപ്പിലും നമ്മള്‍ കാണുന്ന പ്രധാന ഫുട്‌ബോള്‍ ശക്തികളുടെ അറിയപ്പെടുന്ന കളിക്കാരെല്ലാം തങ്ങളുടെ കളി നൈപുണിയ്ക്കും സാങ്കേതികത്തികവിനും ക്ലബ്ബ് തല മത്സരങ്ങളോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും നല്ല ചാമ്പ്യന്‍ഷിപ്പ് ട്രാക്ക് റെക്കോഡോടെയും, സാങ്കേതികമായി ഉന്നതിയിലുള്ള തന്ത്രങ്ങളും, ഒത്തിണക്കുള്ള ടീമുമായി വന്നവര്‍ 2026 ലോകകപ്പ് ചാമ്പ്യന്മാരായി. ‘ടിക്കി ടാക്കാ’ എന്ന ലോകപ്രശസ്ത തന്ത്രത്തിലധിഷ്ഠിതമായ കളിശൈലിയാണ് സ്പാനിഷ് ഫുട്‌ബോളിന്റെ വശ്യത. നിരന്തരമായി ചെറുതും വേഗതയുമുള്ള പാസ് നല്കുന്നതിലൂടെയും, കളിക്കാര്‍ വെളളമൊഴുകുന്ന ലാഘവത്തോടെ പൊസിഷ്യനുകള്‍ മാറി മാറി വരികയും, തത്ഫലമായി ദീര്‍ഘനേരം പന്ത് തങ്ങളുടെ കൈവശവും (കാല്‍വശം) അധീനതയിലും വെയ്ക്കുക എന്ന ശൈലിയാണ് ടിക്കി ടാക്കാ. ‘ലാ ലിഗാ’ എന്നറിയപ്പെടുന്ന ലോകത്തിലെത്തന്നെ ഏറ്റവും മികച്ചതും, ഏറ്റവും കടുത്ത മത്സരങ്ങള്‍ നടക്കുന്നതായ സ്പാനിഷ് ഫുട്‌ബോള്‍ ലീഗിന്റെ ഒരു ഉത്പന്നമാണ് ടിക്കി ടാക്കാ. 1990കളില്‍ എഫ് സി ബാര്‍സലോണയില്‍ പ്രയോഗവത്കരിച്ചതും, 2010ല്‍ സ്‌പെയിന്‍ ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ ലോകം അമ്പരപ്പോടെ കണ്ടതുമായ ടിക്കി ടാക്കയുടെ ഒരു നവീകരിച്ച പതിപ്പാണ് നമ്മള്‍ 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുമായുള്ള കളിയില്‍ കണ്ടത്. ഫൈനല്‍ വരെ അതുല്യമായ പ്രകടനം കാഴ്ചവെയ്ക്കുകയും, രണ്ട് നിര്‍ണായക കളികളില്‍ (ഈജിപ്ത്, ഇംഗ്ലണ്ട്) രണ്ടും, ഒന്നും ഗോളുകള്‍ക്ക് പിന്നില്‍ നിന്ന് തിരിച്ച് വരവ് നടത്തിയ മെസ്സിയുടെ ടീം, ഫൈനലില്‍ സ്‌പെയിനിന് മുന്നില്‍ വെറും കാഴ്ചക്കാരായി മാറി.

ADVERTISEMENT

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇമ്മാനുവല്‍ കാന്റ് എന്ന പ്രശസ്തനായ ജര്‍മ്മന്‍ തത്വചിന്തകന്റെ സ്‌പെയ്‌സ്-ടൈം (സ്ഥലം-സമയം) അമൂര്‍ത്തീകരണത്തെ അടിസ്ഥാനപ്പെടുത്തി ഫുട്‌ബോള്‍ മൈതാനത്തിലെ ഒഴിഞ്ഞതും അല്ലാത്തതുമായ ഇടങ്ങളെ (space) അളവുകളാക്കി മാറ്റി, സമയത്തെ ക്രിയാത്മകമായി ഉപയോഗിച്ച് കളിക്കുന്ന ടീമുകള്‍ക്കുളളതാണ് ഫുട്‌ബോളിലെ വിജയം. ഒരു മികച്ച ഫുട്‌ബോളര്‍ക്കോ, മികച്ച ടീമിനോ മൈതാനം ഒരു ഏകതാനമായ ഭൗതികത അഥവാ യാഥാര്‍ ത്ഥ്യമല്ല. ഗ്രൗണ്ടില്‍ ഇടങ്ങള്‍ സൃഷ്ടിക്കുകയും, ഇടങ്ങളെ നൈപുണ്യത്തോടെയും, തന്ത്രപരമായും ഉപയോഗിക്കാന്‍ അറിയുന്നവന് കളിയുടെ ഗതി മാറ്റി, അന്തിമഫലത്തെ അനുകൂലമാക്കാനും പറ്റും. അത്തരമൊരു മികച്ച ഫുട്‌ബോളറാണ് മെസ്സി. എന്നാല്‍ ഫൈനലില്‍ മെസ്സിയെ ക്രിയാത്മകമായി സ്ഥല-സമയ സാദ്ധ്യതകളെ ഉണ്ടാക്കുന്നതില്‍ നിന്നും സ്പാനിഷ് ഡിഫന്‍ഡര്‍മാര്‍ക്ക് ഫലപ്രാപ്തിയോടെ തടയാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ വിജയരഹസ്യം. കളിയില്‍ സമ്പൂര്‍ണ മേധാവിത്വം പുലര്‍ത്തിയ സ്‌പെയിനിന് ഏതാണ്ട് എഴുപത് ശതമാനം ബോള്‍ പൊസ്സെഷനും, എഴുന്നൂറ്റി എഴുപത്തി നാല് വിജയകരമായ പാസുകളും, ടാര്‍ഗറ്റിലേയ്ക്ക് പന്ത്രണ്ട് ഷോട്ടുകളും നടത്താന്‍ പറ്റി. സാധാരണയായി ഫുട്‌ബോള്‍ മത്സരങ്ങളില്‍ കാണുന്ന ഒരു ‘സ്റ്റോപ്-സ്റ്റാര്‍ട്ട്’ രീതിയോ, ചില ഘട്ടങ്ങളില്‍ കളിയുടെ ഗതിവേഗം കുറയുന്ന രീതിയോ തടഞ്ഞ് അനുസ്യൂതം പന്തിന്റെ പ്രവാഹം നടത്തുന്നതിലും സ്‌പെയിന്‍ ശ്രദ്ധ വെച്ചു.

ചാമ്പ്യന്മാരാവാന്‍ ഏറ്റവും അധികം സാദ്ധ്യത കല്പിച്ചിരുന്ന ഫ്രാന്‍സിനെ സെമി ഫൈനലില്‍ 2-0 ന് തകര്‍ത്ത സ്‌പെയിന്‍ ആ കളിയിലും അനുവര്‍ത്തിച്ചത് മുകളില്‍ പറഞ്ഞ അതേ ബുദ്ധിയും, തന്ത്രവുമാണ്. മൈക്കല്‍ ഒലിസെ, ഔസ്മാന്‍ ഡമ്പലെ, ബ്രാഡ്‌ലി ബര്‍ക്കോള, ഡെയ്‌സിറെ ഡെയ്, റയാന്‍ ചെര്‍ക്കി, മാര്‍ക്കസ് തുറാം തുടങ്ങിയ ലോകോത്തര പ്ലേ മെയ്ക്കര്‍മാരും, മീഡ്ഫീല്‍ഡര്‍മാരും, ശരവേഗത്തില്‍ മുന്നേറുന്ന വിങ്ങര്‍മാരും, കിലിയന്‍ എമ്പാപ്പെയെപ്പോലുള്ള ഫിനിഷറും ഉണ്ടായിട്ടും സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തി. പന്തെത്താത്തതും, എത്താനിടയുള്ള ഇടങ്ങളുടെയും സ്വാധീനവും, ആധിപത്യവും തങ്ങളുടേതാക്കി മാറ്റിയതാണ് വിജയത്തിന്റെ പ്രധാന കാരണം. ഫ്രാന്‍സിനെതിരെയുള്ള കളിയില്‍ സ്‌പെയിനിന് ഇത് തികവോടെ സാദ്ധ്യമായത് ഗോള്‍ കീപ്പര്‍ ഊനൈ സീമോണ്‍ മൂലമാണ്. ഫൈനലില്‍ സീമോണ്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ഈച്ചയെ ആട്ടുകയായിരുന്നെങ്കില്‍’, ഫ്രാന്‍സിനെതിരെ സ്പാനിഷ് ഗോള്‍ ലൈനിന്റെ മുപ്പത് മുതല്‍ അന്‍പത് മീറ്റര്‍ വരെ തന്റെ അധീനതയില്‍ വെച്ചു. ഗോള്‍കീപ്പര്‍മാര്‍ ഓര്‍മ്മിക്കപ്പെടുക തങ്ങള്‍ നടത്തിയ സെയ്‌വുകള്‍ക്കാണ്, എന്നാല്‍ സീമോണ്‍ ഈ കളിയുടെ ജ്യോമെട്രി മാറ്റിമറിച്ചു. ടെലിവിഷന്‍ ഫ്രെയിമിന്റെ പുറത്ത് നടന്ന ഈ തന്ത്രം സാദ്ധ്യമാക്കിയത് ഗോളി സീമോണും, കോച്ച് ലൂയി ഡി ലാ ഫുവന്റെയുമായുള്ള വര്‍ഷങ്ങളുടെ പരസ്പരധാരണയും വിശ്വാസവുമാണ്. കളി ഫ്രാന്‍സിന്റെ പകുതിയില്‍ നടക്കുമ്പോള്‍ മുഴുവനായും സീമോണ്‍ പെനാല്‍റ്റി ബോക്‌സിന്റെ അറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടാവും. ഇങ്ങനെ സ്പാനിഷ് ഗോള്‍ ലൈനിന് മുന്നിലുള്ള ‘ടെറിറ്റോറിയല്‍ മേധാവിത്വം’ ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളുടെ മുന യൊടിക്കാനും, സ്‌പെയിന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് പോലും ഫ്രാന്‍സിന്റെ പകുതിയില്‍ കളിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമായി. ഇങ്ങനെ ഫ്രാന്‍സി ന് ഒഴിഞ്ഞ കളിയിടങ്ങളെ നിരാകരിച്ചും, ഭാവനാസമ്പന്നരായ ഫ്രഞ്ച് കളിക്കാരെ ശ്വാസം മുട്ടിച്ചും, സ്‌പെയിനിന് സ്‌പെയ്‌സ്-ടൈം ആധിപത്യത്തിന് കളമൊരിക്കിയ സീമോണ്‍ സെമി ഫൈനല്‍ വിജയത്തിന്റൈ ഒരദൃശ്യ ശില്പിയായി മാറുകയായിരുന്നു.

യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാഷ്ട്രങ്ങളിലായി ഒരു മാസത്തിലധികം നീണ്ടു നിന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ലോകജനതയൊന്നാകെ നെഞ്ചേറ്റിയ ഒരു വലിയ ഉത്സവമായിരുന്നു. മുമ്പെന്നത്തേക്കാളുമേറെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഫുട്ബാള്‍ ആരാധകരും, ഇന്ത്യ പോലെ, പങ്കെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള ആയിരങ്ങളും ഈ ആതിഥേയ രാഷ്ട്രങ്ങളില്‍ എത്തുകയും, ലോകത്തെ ഏറ്റവും ആകര്‍ഷകമായ ഈ ‘ഫെസ്റ്റിവിറ്റി’യുടെ ഭാഗമായി മാറുകയും ചെയ്തു. ഏതാണ്ട് എഴുപത് ലക്ഷം കാണികള്‍ സ്റ്റേഡിയങ്ങളിലും, ഫിഫയുടെ ‘ഫാന്‍ ഫെസ്റ്റിവല്‍സിന്’ അറുപത് ലക്ഷം ആള്‍ക്കാരുടെ പങ്കാളിത്തവും, ടൂര്‍ണമെന്റിന് തൊണ്ണൂറ്റിയൊമ്പത് ശതമാനം ഇരിപ്പിടങ്ങള്‍ നിറയുകയും, ഇരുന്നൂറ്റിപ്പത്ത് രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ ആതിഥേയ രാജ്യങ്ങളില്‍ എത്തുകയും, രണ്ടായിരം കോടി ഡിജിറ്റല്‍ വീഡിയോകള്‍ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്ക് വെയ്ക്കപ്പെടുകയും ചെയ്തു എന്നത് നിസ്സാര കാര്യമല്ല. 1994ല്‍ യുഎസില്‍ തന്നെ നടന്ന ലോകകപ്പില്‍ സ്റ്റേഡിയങ്ങളില്‍ കളി കാണാന്‍ വന്ന മുമ്പത്തഞ്ച് ലക്ഷം ആരാധകര്‍ എന്ന നിലവിലെ റെക്കോഡ്, 2026 ലോകകപ്പിലെ ഗ്രൂപ്പിന മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മറികടന്നിരുന്നു. 2022ല്‍ ഖത്തറില്‍ സ്റ്റേഡിയങ്ങളില്‍ മുപ്പത്തിനാല് ലക്ഷം കാണികളാണുണ്ടായിരുന്നത്. ലോകകപ്പില്‍ 1994 മുതല്‍ 2022 വരെ പിന്തുടര്‍ന്ന 32-ടീം ഫോര്‍മാറ്റില്‍ നിന്നും, 2026ല്‍ 48 രാജ്യങ്ങള്‍, നാല് വീതമുളള, പന്ത്രണ്ട് ഗ്രൂപ്പുകളാക്കിയുളള ഫിഫയുടെ പരീക്ഷണം വന്‍ വിജയമായി എന്ന് വിലയിരുത്താം. നാല്പത്തിയെട്ട് രാജ്യങ്ങള്‍ പങ്കെടുത്ത ഈ ലോകകപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ എണ്ണം അറുപത്തി നാലില്‍ നിന്നും, നൂറ്റിനാലായി ഉയരുകയും, ഭീമാകാരമായ സ്റ്റേഡിയങ്ങളിലെ ശരാശരി കാണികളുടെ എണ്ണം അറുപത്തിനാലായിരമാണ് എന്നതും, ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിനോടും, ഫിഫയുടെ ലോകപ്പിനോടുമുള്ള ലോകജനതയുടെ അഭിനിവേശത്തിന്റെയും ജനപ്രീതിയുടെയും അളവുകോലാണ്.

ഈ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ ഇരുന്നൂറ്റിപ്പത്ത് രാജ്യങ്ങളുടെ ടീമുകള്‍ മത്സരിച്ചിരുന്നെന്നതും, മത്സരങ്ങള്‍ ആരംഭിച്ചത് 2023 സപ്തംബറിലും അവസാനിച്ചത് 2026 മാര്‍ച്ചിലുമാണെന്നുമറിയുമ്പോഴാണ് ‘ഫുട്‌ബോള്‍’ ഒരു ഭൂഗോള പ്രതിഭാസമാണെന്നും, കാല്‍പ്പന്ത് കളിയുടെ ‘കള്‍ട്ട് ഫോളോയിംഗ്’ എത്ര വിപുലമാണെന്നും, ഇതിന് ലോകത്തെ എല്ലാ മതവിശ്വാസികളേക്കാളും അനുയായിവൃന്ദം ഉണ്ടെന്നുള്ളതും നമ്മള്‍ മനസ്സിലാക്കുന്നത്. 2026 ഫൈനലിന് കെയ്പ് വെര്‍ദെ, ക്യൂരസൗ എന്നീ കുഞ്ഞന്‍ രാജ്യങ്ങള്‍ക്ക് സ്ഥാനം ലഭിക്കുകയും, കാബോ വെര്‍ദെയും, അവരുടെ ഗോളി വൊസീഞ്ഞ്യോയും ലോക ജനതയുടെ കണ്ണിലുണ്ണികളായതും അനശ്വരമായ ഫുട്‌ബോള്‍ വീരഗാഥകളില്‍ സ്വര്‍ണ ലിപികളിലെഴുതപ്പെട്ട ചരിത്രമായി മാറിക്കഴിഞ്ഞു. ക്യൂരസൗവിന്റെ ജനസംഖ്യ വെറും ഒന്നരലക്ഷവും, കാബോ വെര്‍ദെയുടേത് വെറും അഞ്ചരലക്ഷവുമാണ്. ലോകരാജ്യങ്ങളെ ആറ് ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുകളാക്കി തിരിക്കുകയും അതില്‍ ഓരോന്നില്‍ നിന്നും പ്ലെ ഓഫ് മത്സരങ്ങളുടെ ഫലത്തെ അടിസ്ഥാനപ്പെടുത്തി (പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം നിര്‍ണയിക്കുന്നത് കളി മികവിന്റെ അടിസ്ഥാനത്തിലും–യൂറോപ്പില്‍ നിന്നും അന്‍പത്തിനാല് ടീമുകള്‍, ഏഷ്യയില്‍ നിന്നും അന്‍പത്തിനാല് രാജ്യ ടീമുകള്‍ മാത്രം) നിശ്ചിത എണ്ണമുള്ള മികവുറ്റ ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഈ സെലക്ഷന്‍ രീതി പ്രകാരം യുവേഫ കോണ്‍ഫെഡറേഷനിലെ (യൂറോപ്പ്) അന്‍പത്തിനാല് ടീമുകളില്‍ നിന്നും, പതിനാറ് രാജ്യങ്ങള്‍ യോഗ്യത നേടി. കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളില്‍ നിന്നും (സിഎഎഫ്) പത്ത് രാജ്യ ങ്ങളും, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്‌സി) നിന്നും ഒന്‍പത് രാജ്യങ്ങളും, ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ (കോണ്‍മെബോള്‍) നിന്നും ആറും, വടക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക, കരീബിയന്‍ ഉപഭൂഖണ്ഡ/പ്രദേശ/ദ്വീപ് രാജ്യങ്ങളും ചേര്‍ന്ന ആറ് ടീമുകളും, ‘ഓഷ്യാന ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (ഒഎഫ്‌സി) നിന്നും ഒരു ടീമും, ആതിഥേയരായ മൂന്ന് രാജ്യങ്ങളുമടങ്ങുന്നതായിരുന്നു 2026 ലോകകപ്പില്‍ മത്സരിച്ച നാല്പത്തിയെട്ട് രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍. ലോകത്തെ ഇരുന്നൂറ്റിപ്പത്ത് രാജ്യങ്ങള്‍ സോണല്‍ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ പങ്കെടുത്ത് യോഗ്യത നേടിയ ടീമുകളാണ് ഭൂരിപക്ഷവും. ആതിഥേയരായ മൂന്ന് രാജ്യങ്ങള്‍ക്ക് ആതിഥേയ യോഗ്യതാ ബെര്‍ത്ത് ലഭിച്ചപ്പോള്‍, ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ (മത്സരത്തോട് കൂടിയുള്ള ഒരു തരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പോലെ) ഇറാഖും, ഡി. ആര്‍. കോംഗോയും കയറി വന്നു. നാല് പ്രാവശ്യം ലോക ചാമ്പ്യന്മാരായ ഇറ്റലിയ്ക്ക് കഴിഞ്ഞ മൂന്ന് ലോകകപ്പില്‍ യോഗ്യത നേടാനായില്ല എന്നതും, ഡെന്‍മാര്‍ക്ക്, പോളണ്ട്, നൈജീരിയ, കാമറൂണ്‍, ചിലി മുതലായ ഫുട്‌ബോള്‍ ശക്തികളായ രാജ്യങ്ങളുടെ ടീമുകള്‍ക്കും ഫൈനല്‍ റൗണ്ട് അപ്രാപ്യമായതും സങ്കടകരം തന്നെ.

നാല്പത് ദിവസങ്ങളോളം ഭൂഗോളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഒരു ബോളിനെ പിന്തുടര്‍ന്നാണ് ജീവിച്ചത് എന്നതില്‍ അതിശയോക്തി ഒട്ടുമില്ല. പ്രധാനമായും വടക്കേ അമേരിക്കയില്‍ നടന്ന ഈ ഇരുപത്തിമൂന്നാമത് ലോകകപ്പ് സംഘാടനത്തിലും, ജനപങ്കാളിത്തത്തിലും, ടെലിവിഷന്‍-നവ മാധ്യമ ദൃശ്യങ്ങളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും എന്ന് വേണ്ട ഏത് അളവുകോലുകളെടുത്താലും ഭാവിയില്‍ അടയാളപ്പെടുത്താന്‍ പോകുന്നത് ‘ൗിുൃലരലറലിലേറ ൗെരരല’ൈ എന്ന നിലയിലായിരിക്കും. ഒളിംപിക്‌സ്, സിനിമ, സാഹിത്യം, സംഗീതം, കല, പ്രത്യയശാസ്ത്രം, മതം, ഭക്ഷണം, മറ്റ് കായികവിനോദങ്ങള്‍ എന്നിവയ്‌ക്കൊന്നും സാദ്ധ്യമല്ലാത്ത വിധത്തില്‍ വിവിധ വംശ, മത, രാഷ്ട്ര, സംസ്‌കാരങ്ങളില്‍പ്പെടുന്ന ലോകജനതയെ ഒരു വികാരത്തിന്‍ കീഴില്‍ ആഴ്ചകളോളം കൊണ്ട് നിര്‍ത്താന്‍ ഫുട്‌ബോള്‍ ലോകകപ്പിന് മാത്രമേ സാധിക്കുകയുള്ളു. നിരവധി രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട, ലോകജനതയെ ഒന്നാകെ പലവിധത്തില്‍ ബാധിച്ച ഒരു വലിയ യുദ്ധത്തെ തൃണവല്‍ഗണിച്ചു കൊണ്ട് നടന്ന ലോകകപ്പില്‍, ഈ രാജ്യങ്ങള്‍ തന്നെ പങ്കെടുക്കുകയും, ലോകജനതയൊന്നാകെയും ടൂര്‍ണമെന്റില്‍ മതിമറന്നു എന്നുള്ളത് ഫുട്‌ബോള്‍ ലഹരിയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും വംശം, മതം, കോളനിവത്കരണത്തിന്റെ മുറിവുകള്‍/ചരിത്രസത്യങ്ങള്‍, ദേശീയത, ആഗോള കുടിയേറ്റം, പൗരത്വം എന്നിവയിലെ വിള്ളല്‍ രേഖകള്‍ പൊന്തി വന്നത് മൂലം അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും അസ്വാരസ്യങ്ങളും, വാദപ്രതിവാദങ്ങളും, കുറ്റപ്പെടുത്തലുകളും ഏറ്റവുമധികം മുഴങ്ങിക്കേട്ട ഒരു ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടിയായിരുന്നിത്. ലോകജനതയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു വലിയ വേദിയായ ഈ ലോകകപ്പ് എങ്ങനെയാണ് സാമ്രാജ്യത്വത്തിന്റെയും, സാമ്പത്തിക അസമത്വത്തിന്റെയും, പ്രവാസ ശൃംഖലകളുടെയും ശേഷിപ്പുകള്‍ ആധുനിക ദേശീയ സ്വത്വങ്ങളെയും, ഫുട്‌ബോള്‍/കായിക വിജയങ്ങളെയും രൂപപ്പെടുത്തിയെടുക്കുന്നതിന്റെ നേര്‍ക്കാഴ്ചയായി മാറിയത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആയിരത്തി ഇരുന്നൂറ്റി നാല്പത്തിയെട്ട് റജിസ്റ്റേഡ് കളിക്കാര്‍ ഉണ്ടായ ലോകകപ്പാണിത്. അതില്‍ നാലിലൊന്ന് കളിക്കാരും അവര്‍ ജനിച്ച രാജ്യത്തിന് വേണ്ടിയല്ല കളിക്കുന്നത്. യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ പൈതൃകവും, ദൂരവ്യാപകമായ അനന്തരഫലങ്ങളും ഏറ്റവും പ്രകടമായ ഒരു വേദിയായി ഈ ലോകകപ്പ് മാറി. മൊറോക്കോയുടെ ഒരാളൊഴിച്ചു ബാക്കി മുഴുവന്‍ ടീമംഗങ്ങളും ജനിച്ചത് ഫ്രാന്‍സിലും, സ്‌പെയിനിലും മറ്റ് വിവിധ രാജ്യങ്ങളിലുമാണ്. വിവിധ രാജ്യങ്ങളിലെ തൊണ്ണൂറ്റിയെട്ട് കളിക്കാര്‍ ഫ്രാന്‍സിലാണ് ജനിച്ചത്. അതായത് ഫ്രാന്‍സിന് സ്വന്തം ടീമടക്കം നാലര ലോകോത്തര ഫുട്‌ബോള്‍ ടീമുകള്‍ ഉണ്ടാക്കാനുള്ള ‘ടാലന്റ് പൂള്‍’ ഉണ്ടെന്നര്‍ത്ഥം. ഫ്രാന്‍സിന്റെ നിലവിലെ സ്‌ക്വാഡില്‍ തന്നെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പൈതൃകം മുഴുവനായോ, ഭാഗികമായോ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയോ, കരീബിയന്‍ ദ്വീപുകളിലെയോ പൂര്‍വകാല ഫ്രഞ്ച് കോളനികളുടേതാണ്. നാല്‍പത്തിയെട്ടു ടീമുകളില്‍ കേവലം എട്ട് ടീമുകള്‍ക്ക് മാത്രമാണ് അന്യദേശത്തു ജനിച്ച കളിക്കാര്‍ ഇല്ലാത്തത്. ഖത്തര്‍ പത്ത് കളിക്കാരെ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ടുവന്നു. നാല് സെറ്റ് സഹോദരങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളെ പ്രധിനിധാനം ചെയ്തിട്ടുണ്ട് ഈ ലോകകപ്പില്‍. ഭാവിയില്‍, മൊറോക്കോയെ പോലെ പ്രവാസികള്‍ വളരെ അധികമുള്ള ഭാരതത്തിനും, ഫിഫയുടെ 1962ല്‍ കൊണ്ടുവന്ന ‘എലിജിബിലിറ്റി ക്രൈറ്റീരിയ’ ഗുണം ചെയ്‌തേക്കാം. ഈ ടൂര്‍ണമെന്റില്‍ ലോകജനതയെ അതിശയിപ്പിച്ച ടീം ആയ കാബോ വെര്‍ദെയുടെ അനവധി കളിക്കാര്‍ വിവിധ രാജ്യങ്ങളില്‍ ജനിച്ചവരും വസിക്കുന്നവരുമാണ്. ഡബ്ലിനില്‍ ജനിച്ച അവരുടെ റോബര്‍ട്ടോ ലോപ്പസിന്റെ അച്ഛന്‍ കാബോ വെര്‍ദെക്കാരനായത് കൊണ്ട് അദ്ദേഹത്തെ 2018ല്‍ തന്നെ ടീമിലേക്കു ക്ഷണിച്ചതായിരുന്നു, എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. അങ്ങനെ വീണ്ടും ‘ലിങ്ക്ഡ് ഇന്നിലൂടെ’ ഒരു തണുത്ത സന്ദേശത്തിന് അനുകൂലമായി പ്രതികരിച്ചപ്പോഴാണ് ആ രാജ്യത്തിന്റെ കളിക്കാരനായി മാറാന്‍ കഴിഞ്ഞത്. സ്‌പെയിനിനെതിരെ ഉള്ള ഐതിഹാസികമായ ഗോള്‍രഹിത സമനിലയില്‍ ഏറ്റവും തിളങ്ങിയതും ലോകം അറിയപ്പെടുന്ന ഫുട്‌ബോളര്‍ ആയി മാറിയതും എല്ലാം സ്വപ്‌നം പോലെ. ഇങ്ങനെ അത്ഭുതങ്ങളുടെയും, അവിശ്വസനീയതയുടേയും ലോകകപ്പായി മാറിയ 2026ലെ ടൂര്‍ണമെന്റ്, നമ്മളെ ഭാവിയില്‍ കുഴക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മുന്നോട്ടു വെക്കുന്നു. ഇത്തരം ‘ഫ്‌ലാഗ്-ചൂസിങ്’ എന്ന പ്രക്രിയയില്‍ ഏറ്റവും വിഷമിക്കുന്നത് ഫുട്‌ബോള്‍ ആരാധകരാണ്. ഭാവിയില്‍ പല രാജ്യങ്ങളിലെയും ഫാന്‍സ് തങ്ങള്‍ ഏതു ടീമിനോട് കൂറ് പുലര്‍ത്തണം എന്ന സംശയവും, ഫാന്‍സ് തന്നെ പലരും പ്രവാസികള്‍ ആകയാല്‍ ഏതു രാജ്യത്തിന്റെ ടീമുമായി താദാത്മ്യം പ്രാപിക്കണം എന്നുള്ളതും അവരെ കുഴക്കും. ഡച്ച് ചരിത്രകാരനായ പ്രൊഫസര്‍ ഗിസ്ബെര്‍ട് ഓന്‍കിന്റെ നിരീക്ഷണത്തില്‍, ദേശീയ ടീം എന്നത് രാജ്യത്തിന്റെ അകത്തുള്ള ജനസംഖ്യയില്‍ ഒതുങ്ങാതെ, കുടിയേറ്റം, ചരിത്രം, ലോകജനതയുടെ ആഗോള ചലനാത്മകത എന്നിവയില്‍ അധിഷ്ഠിതമായിരിക്കും. മാറുന്ന ലോകത്തിന്റെ ഒരു വലിയ ദിശാസൂചകമായി ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പരിണമിച്ചു എന്ന് പറയാം.

അര്‍ജന്റീനിയന്‍ കളിക്കാര്‍ 2022 ലോകകപ്പ് ജയത്തിന് ശേഷം ഫ്രാന്‍സിലെ കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്കെതിരെ പൊതുവായും, എമ്പാപ്പെയ്‌ക്കെതിരെ പ്രത്യേകിച്ചും, നടത്തിയ വംശീയാധിക്ഷേപം നിറഞ്ഞ പാട്ടിന്റെ അനുരണങ്ങള്‍ 2024ലെ കോപ്പ അമേരിക്ക വിജയത്തിന് ശേഷം കൂടുതല്‍ വഷളായി. 2024ലെ ഒളിംമ്പിക് ഫുട്‌ബോളില്‍ ഫ്രാന്‍സ് വിജയിച്ചതിന് ശേഷം ഉണ്ടായ ആഘോഷം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ഈ സംഭവവികാസങ്ങള്‍ കാരണം, ഈ ടീമുകള്‍ ഉള്‍പ്പെടുന്ന അന്തരീക്ഷം വിഷലിപ്തമാവാതിരിക്കാന്‍ നിര്‍വാഹമില്ല. അര്‍ജന്റീന ഒരു ഓള്‍-വൈറ്റ് ടീമംഗങ്ങളുമായി വരുന്ന ഒരേയൊരു ഫുട്‌ബോള്‍ ശക്തിയാണ്. അതില്‍ അവര്‍ അഭിമാനിക്കുകയും, വ്യംഗ്യമായിയെങ്കിലും ലോകജനതയോട് വിളിച്ച്പറയാനും മടി കാണിക്കാറില്ല. ഫുട്‌ബോള്‍ മികവും, മെസ്സി എന്ന അമാനുഷിക ഫുട്‌ബോളറെയും മാറ്റി നിര്‍ത്തിയാല്‍, ആ രാജ്യത്തിലെത്തന്നെ കറുത്ത വര്‍ഗക്കാരോടുള്ള സമീപനവും, അവരെ ഇല്ലാതാക്കിയ രീതികളും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. ഒരു പ്രമുഖ കൊളോണിയല്‍ ശക്തിയും, ഫുട്‌ബോളിലെ കരുത്തരുമായ നെതര്‍ലാന്‍ഡ്‌സ് ക്യുറോസൗ എന്ന മുന്‍ കോളനിയിലെ കളിക്കാര്‍ക്കെല്ലാം ജന്മം നല്കുകയും, ഫുട്‌ബോളര്‍മാരായി വളര്‍ന്ന് വരാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മതം, വംശം, പൗരത്വം, കോളനിവത്കരണാനന്തര കാലത്തെ പ്രവാസ/ കുടിയേറ്റ സമസ്യ മുതലായവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൂടുതല്‍ സങ്കീര്‍ണമായ തലങ്ങളില്‍ എത്തുകയും, പ്രശ്‌നവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ നവലോകക്രമത്തില്‍ ‘കേവലം’ ഒരു ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇത് സംബന്ധിച്ച ചര്‍ച്ചകളെ സാധാരണ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്നിരിക്കുകയാണ്. ബഹുസാംസ്‌കാരികതയിലൂന്നിയ സമൂഹ നിര്‍മാണത്തിന് പ്രാമുഖ്യം കൊടുത്തു കൊണ്ടിരുന്ന യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്ന് സാമൂഹിക അന്തരീക്ഷം മലീമസമാവുകയും, ക്രമസമാധാന പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുകയും, പ്രതിഭകള്‍ക്കും നാളത്തെ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും കളിത്തൊട്ടിലായി മാറേണ്ട സര്‍വകലാശാലകള്‍ കലാപകേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. കുടിയേറ്റ കളിക്കാരുടെ ആധിക്യമുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ ശക്തികളായ ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ കുടിയേറ്റ വിരുദ്ധവും, തീവ്രദേശീയതയുമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫുട്‌ബോളില്‍ ഒട്ടുമിക്ക വെള്ളക്കാരുടെ രാജ്യങ്ങള്‍ക്കും കുടിയേറ്റക്കാരുടെയും, സങ്കരവര്‍ഗക്കാരുടെയും പ്രാതിനിധ്യമില്ലെങ്കില്‍ വളരെയധികം ശക്തിക്ഷയം സംഭവിക്കുകയും ചെയ്യും. വെള്ളക്കാരുടെ രാജ്യങ്ങളുടെ ഇന്നത്തെ ഫുട്‌ബോള്‍ ടീമുകളുടെ നെടുംതൂണുകളായ കളിക്കാരും, ഐക്കോണിക്ക്/മാച്ച് വിന്നേഴ്‌സ് ആയിട്ടുള്ള കളിക്കാരുടെ സ്വത്വം പരിശോധിച്ചാല്‍ കോളനികളായിരുന്നതും അല്ലാത്തതുമായ ആഫ്രിക്കന്‍ വംശജരുടെ നീണ്ട നിരതന്നെ കാണാം. ഫ്രഞ്ച് ടീമില്‍ ലോകോത്തര കളിക്കാരായ കിലിയന്‍ എമ്പാപ്പെ, മൈക്കല്‍ ഒലീസെ, ഒസ്മാന്‍ ഡെമ്പലെ, ജൂള്‍സ് കൗണ്‍ഡെ; ഇംഗ്ലീഷ് ടീമില്‍ ബുക്കായോ സാക്കാ, കോബീ മയ്‌നൂ; ജര്‍മ്മന്‍ ടീമീല്‍ ജമാല്‍ മുനിയാലാ, ലെറോയ് സനെ; ബെല്‍ജിയന്‍ ടീമില്‍ റൊമേലു ലുക്കാകു, അമാഡൗ ഒന്നാന; ഡച്ച് ടീമില്‍ കോടി ഗാക്‌പോ, ജെറമി ഫ്രിമ്പോങ്ങ്; ലോകകപ്പ് ചാമ്പ്യന്മാരായ സ്‌പെയിനിന്റെ യുവതാരം ലമിന്‍ യമാല്‍, നിക്കോ വില്യംസ്; നോര്‍വെയുടെ ആന്റോണിയോ നൂസ, ഓസ്‌കാര്‍ ബോബ്; സ്വറ്റ്‌സര്‍ലാന്‍ഡിന്റെ മാന്വല്‍ അക്കാന്‍ജി, ബ്രീല്‍ എമ്പോളോ. മെക്‌സിക്കോ, കൊളമ്പിയ, കാനഡ, യുഎസ്എ, ബ്രസീല്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഇവിടെ പേര് നല്കാത്ത മറ്റ് പല രാജ്യങ്ങളിലും കോളനിവത്കരണത്തിന് വിധേയരായതും, ഇന്ന് പട്ടിണിയും, ദാരിദ്ര്യവും കൊണ്ട് കഷ്ടപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഫുട്‌ബോള്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടിയേറി വന്നവരുടെയിടയില്‍ നിന്നും കളിമികവ് കൊണ്ട് മാത്രം താരമൂല്യം ആര്‍ജ്ജിച്ചവരും വംശീയവിവേചനത്തിന് പാത്രമായിട്ടുണ്ട്. ഇത്തരം കളിക്കാര്‍, ആരാധകരുടെയും, മാധ്യമത്തിന്റെയും, ചില രാഷ്ട്രീയ ശക്തികളുടെയും ഇരട്ടത്താപ്പിന് ഇരകളാവാറുണ്ട്. കളി വിജയിക്കുമ്പോഴും, നല്ല പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും കുടിയേറ്റ/അപരവത്കൃത കളിക്കാര്‍ ദേശീയനായകന്‍മാരായി വാഴ്ത്തപ്പെടുകയും, പരാജയപ്പെടുമ്പോഴോ, പരാജയത്തിന് കാരണഭൂതനാവുമ്പോഴോ (പെനാല്‍ട്ടി പാഴാക്കുക, ഓണ്‍ ഗോളടിക്കുക) ക്രൂരമായ ബോഡി ഷെയിമിംഗിനും, പരിഹാസത്തിനും, വംശീയ അധിക്ഷേപത്തിന് ഇരയാവുകയും ചെയ്യപ്പെടുന്നത് സങ്കടകരമാണ്.

Tags: World Cup Football
Share
Tweet
SendShare

Related Posts

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

Shopping Cart

Latest

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies