2026-ലെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. (ചിത്രം: എ.ആര്‍.എം, ഗാനം: അങ്ങു വാന കോണില്). ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണ വാദക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അവര്‍ കെ.എസ്. ചിത്ര (ആറു തവണ മികച്ച പിന്നണി ഗായിക 1986, 1987, 1989, 1996, 2004, 2021), പി. സുശീല (അഞ്ചു തവണ-ഇതില്‍ നാലെണ്ണം മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങള്‍ക്കാണ്), എസ്. ജാനകി (നാലു തവണ-മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഗാനങ്ങള്‍ക്ക്), വാണി ജയറാം (മൂന്നു തവണ-മലയാളം, തമിഴ്, ഹിന്ദി) എന്നിവര്‍ക്ക് ശേഷമാണ് ഈ അവാര്‍ഡിന് അര്‍ഹയാകുന്നത്.
‘ഗായത്രി’ വീണ എന്ന അപൂര്‍വമായ സംഗീതോപകരണത്തിന്റെ സഹായത്തോടെ അവര്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കാറുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കം, ഉദയനാപുരം ഉഷാനിലയത്തില്‍ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായി വിജയലക്ഷ്മി 1981 ഒക്ടോബര്‍ 7-ന് ജനിച്ചു. കാഴ്ചയുടെ പരിമിതികളെ സംഗീതത്തിന്റെ തപസ്യയിലൂടെ മറികടന്ന കലാകാരിയാണ് അവര്‍. അഞ്ചാം വയസ്സിലാണ് സംഗീതലോകത്തേക്ക് പ്രവേശിച്ചത്. ബാല്യകാലം മുതല്‍ തന്നെ സംഗീതത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
മലയാളചലച്ചിത്രത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയാകുന്നത്. ‘ഈ ചിത്രത്തില്‍ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍…’ എന്ന യുഗ്മഗാനം ജെ. ശ്രീറാമിനൊപ്പമാണ് വൈക്കം വിജയലക്ഷ്മി ആലപിച്ചത്. (രചന-റഫീക്ക് അഹമ്മദ്, സംഗീതം-എം. ജയചന്ദ്രന്‍) ഈ പാട്ട് ജനശ്രദ്ധ നേടിയതോടെ വിജയലക്ഷ്മി പ്രശസ്തയായി. ഈ പാട്ടിന് സംസ്ഥാന ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ഇപ്പോള്‍ ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനായ മമ്മൂട്ടി വിളിച്ചതും മറക്കാനാവില്ല. അതോടൊപ്പം ‘ബാഹുബലി’ എന്ന ചിത്രത്തില്‍ ‘ആരിവന്‍ ആരിവന്‍…’ എന്ന ഗാനം അവര്‍ പാടി.
”ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ഞാന്‍ പാടിയതുകേട്ട് എസ്.പി. ബാലസുബ്രഹ്മണ്യം സാര്‍ ഉച്ചാരണം വളരെ നല്ലതാണെന്ന് പറഞ്ഞിരുന്നു. പാട്ടുകള്‍ പഠിക്കുമ്പോള്‍ പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ ഘട്ടംഘട്ടമായി പഠിക്കാറുണ്ട്.” വിജയലക്ഷ്മി പറയുന്നു.
ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യമുള്ളതിനാല്‍ വളരെ എളുപ്പത്തില്‍ പാടാന്‍ കഴിയുന്നുവെന്ന് അവര്‍ പറയുന്നു. ‘അക്ഷരസ്ഫുടതയും ഉച്ചാരണശുദ്ധിയും അത്യാവശ്യമാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ ലളിതഗാനമോ സിനിമാപാട്ടോ പാടാന്‍ കഴിയൂ,’ വിജയലക്ഷ്മി അഭിപ്രായപ്പെടുന്നു. എപ്പോളും കേള്‍ക്കുന്ന ഒരു പാട്ട് ബാലമുരളിസാറിന്റെ ‘പാഹിരാമപ്രഭോ’ ആണ്. ”രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴൊക്കെ ആ പാട്ട് കേള്‍ക്കാറുണ്ട്. അത് എന്റെ ശീലമാണ്. എല്ലാത്തരം സംഗീതവും കേള്‍ക്കും”, ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള അഭിനന്ദനപ്രവാഹങ്ങള്‍ ഏറ്റുവാങ്ങുകയാണ് അവര്‍.
മലയാളത്തിലെ നിരവധി സിനിമകളില്‍ വിജയലക്ഷ്മി തന്റെ ശബ്ദം നല്‍കി. കുട്ടിക്കാലത്ത് സമ്മാനമായി ലഭിച്ച കളിപ്പാട്ടവീണയില്‍ പാട്ട് വായിക്കാന്‍ സ്വയം അഭ്യസിച്ചു. അത് കണ്ട അച്ഛന്‍ മുരളി, അവര്‍ക്കായി ഒറ്റക്കമ്പി വീണ നിര്‍മ്മിച്ചു നല്‍കി. പിന്നീട് അതില്‍ അവര്‍ വാദനം നടത്തി. വിജയലക്ഷ്മിയുടെ ഈ ഒറ്റക്കമ്പി വീണയ്ക്ക് ”ഗായത്രിവീണ” എന്ന പേര് നല്‍കിയതു കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയില്‍ വിജയലക്ഷ്മി സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 18 വര്‍ഷം പിന്നിട്ടിരിക്കുന്നു.
കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2013), 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം, പ്രഥമ കേരളശ്രീ പുരസ്‌കാരം (2022), 2026ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കുറച്ചു കാലം കൊണ്ടു തന്നെ അവര്‍ നേടിയെടുത്തു. 450-ലധികം കര്‍ണാടക സംഗീതകൃതികളും ഭക്തിഗാനങ്ങളും അവര്‍ പാടി. ദക്ഷിണേന്ത്യയിലുടനീളമുള്ള സംഗീതവേദികളില്‍ വിജയലക്ഷ്മി സജീവ സാന്നിധ്യമാണ്.
അകക്കണ്ണിന്റെ വെളിച്ചത്തില്‍, മധുരം നിറഞ്ഞ ഗാനങ്ങളിലൂടെ മലയാളി ഗാനാസ്വാദകരെ ആരാധകരാക്കി അവര്‍. മഴയുടെ സുഖമാണ് വൈക്കം വിജയലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക്.

പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം എറ്റുവാങ്ങുന്നു.
പാടിയ ഗാനങ്ങളില്‍ പ്രിയപ്പെട്ടവയെക്കുറിച്ച് മനസ്സു തുറക്കുന്നു അവര്‍.
1. ‘കാറ്റെ കാറ്റെ’ (ചിത്രം- സെല്ലുലോയ്ഡ് സംഗീതം: എം. ജയചന്ദ്രന്‍, സഹഗായകന്‍: ജി. ശ്രീറാം)
2. ‘ഒറ്റയ്ക്ക് പാടുന്ന’ (ചിത്രം- നടന്‍ സംഗീതം: ഔസേപ്പച്ചന്‍)
3. ‘എനിക്കും’ (ചിത്രം- ഏഴു ദേശങ്ങള്‍ക്കും അകലേ)
4. ‘പാട്ടു പെട്ടി’ (ചിത്രം- പോളിടെക്‌നിക്, സംഗീതം: ഗോപി സുന്ദര്‍)
5. ‘കൈക്കോട്ടും കണ്ടിട്ടില്ല’ (ഒരു വടക്കന്‍ സെല്‍ഫി സംഗീതം: ഷാന്‍ റഹ്മാന്‍) (ഈ ഗാനത്തിന് മലയാളത്തിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം)
6. ‘ആരിവന്‍ ആരിവന്‍’ (ബാഹുബലി: ദി ബിഗിനിംഗ് (മലയാളം പതിപ്പ്) സംഗീതം: എം.എം. കീരവാണി)
7. ‘കിള്ളാതെ ചൊല്ലാമോ’ (ചിത്രം-കനാല്‍, സംഗീതം: ഔസേപ്പച്ചന്‍)
8. ‘ഉപ്പിനു പോണ വഴി ഏത്’ (ചിത്രം-ഉട്ടോപ്യയിലെ രാജാവ്, സംഗീതം: ജാസി ഗിഫ്റ്റ്)
9. ‘ചക്കിനു വെച്ചത്’ (ചിത്രം- തിങ്കള്‍ മുതല്‍ വെള്ളി വരെ, സംഗീതം: സാനന്ദ് ജോര്‍ജ്)
10. ‘നാടായ നാടിനു’ (ചിത്രം- തിങ്കള്‍ മുതല്‍ വെള്ളി വരെ, സംഗീതം: സാനന്ദ് ജോര്‍ജ്)
11. ‘നീയോ ഞാനോ’ (ചിത്രം-അനുരാഗ കരിക്കിന്‍ വെള്ളം, സംഗീതം: പ്രശാന്ത് പിള്ള; സഹഗായകര്‍: ശബരീഷ് വര്‍മ്മ, നിരഞ്ജ്, ശ്രീരാഗ് സജി)
12. ‘പാരുടേയ മറിയമേ’ (ചിത്രം-കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സംഗീതം: ബിജിബാല്‍; സഹഗായിക: റിമി ടോമി)
13. ‘ദൂരെ മാരി’ (ചിത്രം-ആര്‍ക്കറിയാം, സംഗീതം: നേഹ നായര്‍)
14. ‘കണ്ണുനീരു കടല്‍’ (ചിത്രം-റെജീന, സംഗീതം: സതീഷ് നായര്‍)
15. ‘എന്താണിതു എങ്ങോട്ടിതു’ (ചിത്രം-ജയ ജയ ജയ ജയ ഹേ, സംഗീതം: അങ്കിത് മേനോന്‍)
16. ‘പുണ്യ മഹാ സന്നിധേ’ (ചിത്രം-പാപ്പച്ചന്‍ ഒളിവിലാണ്, സംഗീതം: ഔസേപ്പച്ചന്‍)
17. ‘അങ്ങു വാന കോണില്’ (ചിത്രം-അജയന്റെ രണ്ടാം മോഷണം, സംഗീതം: ദിബു നൈനാന്‍ തോമസ് -മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാര്‍ഡ്, ദേശീയ അവാര്‍ഡ് 2026)
18. ‘അഞ്ജനമണി’ (ചിത്രം-ഇന്നസെന്റ് സംഗീതം: സതീഷ് തന്‍വി)
അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും എറണാകുളത്തു നിന്ന് സുഹൃത്ത് വിളിച്ചുപറയുകയായിരുന്നുവെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.
”ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്ര പെട്ടെന്ന് അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് കരുതിയുമില്ല, അവാര്‍ഡ് ലഭിച്ചതായി എനിക്ക് അറിയില്ലായിരുന്നു. എറണാകുളത്തെ സുഭാഷ് ചേട്ടനാണ് വിളിച്ച് പറഞ്ഞത്. അദ്ദേഹത്തോടൊപ്പം ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. വലിയ സര്‍പ്രൈസ് ആയിപ്പോയി” വിജയലക്ഷ്മി പറഞ്ഞു.
”ആദ്യമായി ലഭിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരമാണിത്. വാക്കുകള്‍ക്കതീതമായ സന്തോഷമാണ്. ഒരുപാട് അവാര്‍ഡുകള്‍ മുമ്പും ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും കിട്ടിയിരുന്നു. അതിനെല്ലാം മുകളിലായാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജൂറി അംഗങ്ങള്‍ക്കും എന്റെ സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. പിന്നീട് ചാനലുകളിലൂടെ വാര്‍ത്ത കണ്ടു. ആദ്യം വിളിച്ച് അഭിനന്ദിച്ചത് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സാറും കമല്‍ സാറുമായിരുന്നു.”
”വൈക്കത്തപ്പനും ആദിപരാശക്തിക്കും കുടുംബപരദേവതക്കും നന്ദി പറഞ്ഞു. ഈ ഗാനത്തിന് ദിബു നൈനാന്‍ തോമസ് ചേട്ടനാണ് സംഗീതം ഒരുക്കിയത്. ഈ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എങ്കിലും ആദ്യമായി പാടിയ ‘കാറ്റേ കാറ്റേ…’ എന്ന പാട്ടിനോടാണ് എനിക്ക് പ്രത്യേക ഇഷ്ടമുള്ളത്. കൂടാതെ കുട്ടികള്‍ക്കായി പാടിയ ‘ആരുപറഞ്ഞു മ്യാവു’ എന്ന പാട്ടും ഏറെ പ്രിയപ്പെട്ടതാണ്. ഇളയരാജ സാറിനോടും എ.ആര്‍. റഹ്മാന്‍ സാറിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.’
തൃപ്പൂണിത്തുറ സംഗീതകോളേജില്‍ യേശുദാസിന്റെ ഗുരുവായ കല്യാണസുന്ദരത്തില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
‘ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ…’ എന്ന ഗാനത്തിനാണ് മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചത്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, സംസ്‌കൃതം എന്നീ ഭാഷകളിലായി ഇരുനൂറിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. ഈ വര്‍ഷം തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത് ‘വേലൈനു വന്തിട്ടാ വെള്ളക്കാരന്‍’ എന്ന സിനിമയിലെ ‘ആരവല്ലി’ എന്ന ഗാനത്തിനാണ്.
ദേശീയ അവാര്‍ഡിനര്‍ഹമായ ഗാനത്തിലെ ‘ഉയര്‍ന്നുവാ… ഉയര്‍ന്നുവാ… തടകളെ നീ ഉടച്ചുവാ, ഉയര്‍ന്നുവാ… ഉയര്‍ന്നുവാ… ഉലകിനെ നീ ജയിച്ചുവാ…’ എന്നുള്ള മനുമഞ്ജിത്തിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ മുന്നോട്ടുപോകാനുള്ള ശക്തി മനസ്സില്‍ നിറയുന്നുവെന്ന് അവര്‍ പറയുന്നു. ‘എത്രയോ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഞാന്‍ മുന്നോട്ടുപോയത്’ എന്ന് ശുഭാപ്തി വിശ്വാസം നല്‍കുന്ന ആ വരികളെക്കുറിച്ച് അവര്‍ മനസ്സുതുറക്കുന്നു. ആകാശത്തെ അമ്പിളിയും നീര്‍പ്പരപ്പിലെ ആമക്കുഞ്ഞനും കുട്ടിക്കഥയുടെ ഇഴയടുപ്പത്തോടെ നിറയുന്നു ഈ ഗാനത്തില്‍.

എറണാകുളത്തുവച്ചാണ് പാട്ടിന്റെ റെക്കോര്‍ഡിങ് നടന്നത്. വളരെ സുഗമമായ റെക്കോര്‍ഡിങ് ആയിരുന്നു. അനിലച്ചേച്ചിയാണ് ട്രാക്ക് പാടിയത്. ”മുത്തശ്ശി മകന് കഥ പറഞ്ഞുകൊടുക്കുന്ന തരത്തില്‍ പാടണം എന്ന് ദീപു ചേട്ടന്‍ പറഞ്ഞു. ആ വികാരം ഉള്‍ക്കൊണ്ടാണ് ഞാന്‍ പാടിയത്. പാടിക്കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. എനിക്കും. എല്ലാം ഈശ്വരാനുഗ്രഹം”
”അമ്മയും അച്ഛമ്മയുമൊക്കെ ഒരുപാട് കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഏകാദശി നോറ്റ കാക്കയുടെ കഥ ഇപ്പോഴും ഓര്‍മ്മയുണ്ട്. ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നവയാണ്. മറ്റൊരാളെപ്പോലെ ആകാനും അന്യന്റെ മുതല്‍ ആഗ്രഹിക്കാനും ശ്രമിക്കുന്നത് തെറ്റാണെന്നു പോലുള്ള പാഠങ്ങള്‍ ആ കഥകളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ‘അങ്ങ് വാനക്കോണില്‍’ പാടുമ്പോള്‍ അമ്മ പറഞ്ഞുതന്ന കഥകളുടെ അതേ ഭാവം ഉള്‍ക്കൊണ്ട് പാടാന്‍ ഞാന്‍ ശ്രമിച്ചു.”
അന്ന് പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ ഉടന്‍ തന്നെ ദിബു ചേട്ടനും സംഘത്തിലെ മറ്റു അംഗങ്ങളും ഈ ഗാനത്തിന് ദേശീയ അംഗീകാരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ലോകമെമ്പാടും ശ്രദ്ധ നേടിയ പാട്ടായിരുന്നു അത്. ‘കാറ്റേ കാറ്റേ’, ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’, ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്നീ ഗാനങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഹിറ്റായ എന്റെ മറ്റൊരു ഗാനമായിരുന്നു ‘അങ്ങ് വാനക്കോണില്’. ‘കാനാ’ എന്ന തമിഴ് ചിത്രത്തിലെ ‘വായാടി പെത്തപ്പുള്ളെ’ എന്ന ഗാനത്തിലൂടെയാണ് ദിബു ചേട്ടനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ചത്. പ്രേക്ഷകര്‍ ആ ഗാനത്തെ ഹൃദയത്തിലേറ്റിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, വിജയലക്ഷ്മി പറഞ്ഞു.
വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ ഈ മധുരഗാനം മലയാളക്കരയ്ക്ക് ഒരു സുവര്‍ണ നേട്ടമായി. ചിത്രത്തില്‍ സുരഭി ലക്ഷ്മി അവതരിപ്പിച്ച ‘മാണിക്കം’ എന്ന കഥാപാത്രം തന്റെ പേരക്കുട്ടിക്ക് (അജയന്‍) പാടിക്കൊടുക്കുന്ന താരാട്ടുപാട്ടിന്റെ രൂപത്തിലാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഈ പാട്ട് നേരത്തേ തന്നെ മലയാളക്കരയില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
‘സംഗീതം തന്നെയാണ് എന്റെ ആദ്യഭാഷ’, വിജയലക്ഷ്മി പറയുന്നു. ”രോഹിണി, കനകാംഗി പോലുള്ള അപൂര്‍വരാഗങ്ങളില്‍ മലയാളത്തില്‍ ശാസ്ത്രീയസംഗീതം ആലപിക്കണമെന്നതാണ് എന്റെ ആഗ്രഹം. ജയചന്ദ്രന്‍ സാര്‍, ശരത് സാര്‍, കാവാലം ശ്രീകുമാര്‍ സാര്‍, ശ്രീറാമേട്ടന്‍, എന്നിവരുടെ പിന്തുണ എപ്പോഴും കൂടെയുണ്ട്.”
”ഹൈദരാബാദില്‍ പാടാന്‍ പോയപ്പോള്‍ പേടിയും സമ്മര്‍ദ്ദവും ഉണ്ടായെങ്കിലും, ട്രാക്ക് കേട്ട് പഠിച്ച് പാടാന്‍ കഴിഞ്ഞു. പാടുന്നതിന് മുമ്പ് ഞാന്‍ എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. സംഗീതം തന്നെയാണ് എന്റെ കരുത്തും സന്തോഷവും.”
അഞ്ചരവയസ്സിലാണ് അവരുടെ സംഗീതയാത്ര ആരംഭിച്ചത്. ആ പ്രായത്തിലാണ് ആദ്യ കച്ചേരി നടത്തിയത്. കാസറ്റുകള്‍ കേട്ടാണ് പാട്ടുകള്‍ പഠിച്ചിരുന്നത്. പിന്നീട് ഏഴാം വയസ്സുമുതല്‍ ശാസ്ത്രീയമായി സംഗീതപഠനം ആരംഭിച്ചു.
ഇളയരാജ സാറിന്റെയും എം.എസ്.വി. സാറിന്റെയും പാട്ടുകളോട് വലിയ ആരാധനയുണ്ട്. ‘നാനൊരു സിന്ത്’ എന്ന പാട്ട് എത്ര കേട്ടാലും മതിയാവില്ല.
സംഗീതവും മാതാപിതാക്കളുമാണ് എന്റെ ലോകം. അവര്‍ തന്നെയാണ് എന്റെ കണ്ണുകളും കരുത്തും. എന്റെ കഴിവ് തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൊണ്ടുപോയത് അവരാണ്. അവരില്ലെങ്കില്‍ ഞാനില്ല. ശാസ്ത്രീയസംഗീതവും സിനിമാപാട്ടുകളും അവര്‍ തന്നെയാണ് പഠിപ്പിച്ചത്. അച്ഛനും അമ്മയുമാണ് എന്റെ കൂട്ടുകാര്‍. അവരെ വിട്ട് മാറി താമസിച്ചിട്ടില്ല. ഇന്നുവരെ….
ദാസേട്ടനോട് പാട്ട് പാടിക്കേള്‍പ്പിച്ചതും അച്ഛനും അമ്മയുമാണ്. ഇന്നും ദാസേട്ടനുമായി സൗഹൃദം തുടരുന്നു. ജാനകിയമ്മ, വാണിയമ്മ, എസ്.പി.ബി. സാര്‍ എന്നിവരുടെ പാട്ടുകള്‍ എന്നെ വളരെയധികം സ്വാധീനിച്ചു.
ജീവിതത്തില്‍ അമ്മയുടെ രോഗാവസ്ഥയിലും, വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളിലും ദൈവം തന്നെയായിരുന്നു എന്റെ തുണ. വൈക്കത്തപ്പനെയും ദേവിയെയും, കൂടെ അച്ഛനെയും അമ്മയെയും കാണാനുള്ള കൊതിയാണ് എന്റെ വലിയ സ്വപ്‌നം. മലയാളികളുടെ മനം കവര്‍ന്ന ഗായിക പറഞ്ഞു നിര്‍ത്തി.




















