കാല്‍ നൂറ്റാണ്ടിന് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 27 വര്‍ഷം മുമ്പ് ജൂലായ് 26 ന് ഭാരതം വലിയൊരു വിജയ ചരിത്രം കുറിച്ചു. അത് കാര്‍ഗില്‍ വിജയ ദിവസം എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. 1999 മെയ് മാസം, പാകിസ്ഥാന്‍ സൈന്യം ഭാരതത്തിനെതിരേ യുദ്ധം തുടങ്ങിവെച്ചു. പതിവുപോലെ ദയനീയമായ പരാജയവും അവര്‍ നേരിട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനമാണ് രണ്ടുകൂട്ടര്‍ക്കും ഗുണകരമാകുക എന്ന് തിരിച്ചറിഞ്ഞ്, സമവായത്തിന്റെ സമാധാനദൂതനായി അടല്‍ ബിഹാരി വാജ്‌പേയി നയിച്ച, എന്‍ഡിഎയുടെ സര്‍ക്കാര്‍ ലാഹോറിലേക്ക് അമൃത്സറില്‍ നിന്ന് സമാധാന ബസ് യാത്ര നടത്തുമ്പോഴായിരുന്നു പാകിസ്ഥാന്റെ സൈനിക ആക്രമണം. പാകിസ്ഥാന്‍ ഭരണകൂടത്തെ സൈന്യം തടവറയിലാക്കി അധികാരം കൈയ്യേറിയ ദിവസം.
ഭാരത സൈന്യം തിരിച്ചടിച്ചു. ഒട്ടേറെ സൈനികര്‍ക്ക് വീരബലിദാനികളാകേണ്ടിവന്നു. ഒടുവില്‍ വിജയം കൈവരിച്ചു. പാകിസ്ഥാന്‍ സൈനികരില്‍ ജീവന്‍ ശേഷിച്ച അവസാനത്തെ ദുസ്സാഹസക്കാരനെയും അതിര്‍ത്തി കടത്തി ഓടിച്ചു. മഹാബലി എന്ന അസുരന്റെ അഹങ്കാരം തീര്‍ക്കാന്‍ മൂന്നാമത്തെ ചുവട് തലയില്‍ വെക്കാന്‍ ഉയര്‍ത്തിനിന്ന വാമനവിരാട് രൂപംപോലെ നിന്ന ഭാരത സൈന്യത്തിന് ഒരു അനുമതി കിട്ടണമായിരുന്നു ഭാരത പ്രധാനമന്ത്രിയില്‍ നിന്ന്, ആ കാല്‍ പാകിസ്ഥാന്‍ മണ്ണില്‍ ചവിട്ടാന്‍. പക്ഷേ, ധര്‍മ്മത്തിന്റെ കാവലാളുകള്‍ക്ക് അവസരം വന്നാലും അധര്‍മ്മം വഴങ്ങില്ലല്ലോ. അതുകൊണ്ട് നമ്മുടെ സൈന്യം കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ചത് ഭാരതമണ്ണില്‍ ദേശീയപതാക പാറിച്ചുതന്നെയായിരുന്നു. യുദ്ധത്തിന്റെ ഗതിയെന്താകുമെന്ന തരിച്ചുനിന്ന ലോകം നമിച്ചുപോയ നിമിഷമായിരുന്നു അത്.
പഠിച്ച പാഠവും ചരിച്ച രഥ്യയും
കാര്‍ഗില്‍ യുദ്ധത്തില്‍നിന്ന് ഭാരതസൈന്യവും, രാജ്യവും, നേതാക്കളും ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. ശത്രുമനസ്സുകള്‍ക്ക് മനം മാറ്റമുണ്ടാകില്ല എന്നും ‘ആഭ്യന്തര’ ശത്രുക്കള്‍ രാജ്യത്ത് അധികമുണ്ടെന്നും ഭാവിയിലേക്കുള്ള കരുതല്‍ അനിവാര്യമാണെന്നും സമാധാനവും സമവായവും ഒരു വശത്തുനിന്നു മാത്രം കൈനീട്ടിയാല്‍ സാധിക്കില്ലെന്നും തിരിച്ചറിഞ്ഞു. 1999 മുതല്‍ അഞ്ചുവര്‍ഷം ഭാരതം കൈവരിക്കാന്‍ ലക്ഷ്യമിട്ടത് വലിയ നാഴികക്കല്ലുകളായിരുന്നു.
ലോകം പുതിയ സാമൂഹ്യ-സാമ്പത്തിക-രാഷ്്ട്രീയ ക്രമങ്ങളിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തില്‍ ഒരു രാജ്യങ്ങളും തമ്മില്‍ ഇനി ഒരു യുദ്ധം ഉണ്ടാകാനിടയില്ല എന്ന് ആശ്വാസം കൊണ്ടിരിക്കുമ്പോഴായിരുന്നു പാകിസ്ഥാ ന്റെ സൈനിക മേധാവി പര്‍വേശ് മുഷാറഫ് പാക് ഭരണകൂടത്തെ അട്ടിമറിച്ചതും കാര്‍ഗിലില്‍ ഭാരതത്തെ ആക്രമിച്ചതും. മുഷാറഫിനെ പിന്നീട് കാര്‍ഗില്‍ ദുസ്സാഹസത്തിന് പാകിസ്ഥാന്‍ കോടതി വധിക്കാന്‍ വിധിച്ചു, ആ വിധി മറ്റൊരു കോടതി തിരുത്തി. അന്തിമവിധി വരും മുമ്പ് ദുബായില്‍ ‘ഒളിച്ചുകഴിഞ്ഞ’ മുഷാറഫ് 2023 ല്‍, അന്യനാട്ടില്‍ കിടന്ന് അന്തരിച്ചു.
കാര്‍ഗില്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, 2004 വരെ വാജ്പേയി സര്‍ക്കാര്‍ തുടങ്ങിവെച്ച പല സൈനിക പരിശ്രമങ്ങളും ഗവേഷണ സന്നാഹ സംവിധാനങ്ങളും 2004 മുതല്‍ 10 വര്‍ഷം കേന്ദ്രം ഭരിച്ച, കോണ്‍ഗ്രസ് നയിച്ച, സോണിയാ ഗാന്ധി നിയന്ത്രിച്ച യുപിഎ സര്‍ക്കാര്‍ മരവിപ്പിച്ചു. 2014 ല്‍ അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നവീന ഭാരതം രൂപപ്പെടുത്തുമ്പോള്‍ കാര്‍ഗിലില്‍നിന്ന് നാം വളരെയേറെ വളര്‍ന്നിരിക്കുന്നു.
കാര്‍ഗില്‍ യുദ്ധം 74 ദിവസം നീണ്ടു. അതിലൂടെ പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചു. പാകിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളുടെയും ഭാരതം അനുഭവിക്കുന്ന ലോകോത്തര നേട്ടങ്ങളുടെയും വഴിത്തിരിവായിരുന്നു കാര്‍ഗില്‍ യുദ്ധം എന്നു പറയാം. അഞ്ചാം യുദ്ധത്തിലും ഭാരതത്തിന്റെ ഒരിഞ്ചു ഭൂമിപോലും നമുക്ക് നഷ്ടമായില്ല. പക്ഷേ, യുദ്ധാനന്തരം ഉണ്ടായ നേട്ടങ്ങള്‍ വലുതാണ്. യുദ്ധത്തില്‍ സംഭവിച്ച ജീവനാശങ്ങളും സ്വത്തുനാശങ്ങളും മറക്കാനാവാത്ത നഷ്ടങ്ങളുമാണ്.
പാകിസ്ഥാനെ രണ്ടു തരത്തിലാണ് കാര്‍ഗില്‍ യുദ്ധത്തിലൂടെ തോല്‍പ്പിച്ചതെന്ന് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി തന്റെ ആത്മകഥയായ ‘മൈ കണ്‍ട്രി, മൈ ലൈഫ്’ എന്ന് ബൃഹദ് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി യുദ്ധത്തെ എങ്ങനെ നേരിട്ടുവെന്നും എന്തായിരുന്നു ‘അടല്‍’ (ദൃഢം) എന്നതിന്റെ അര്‍ത്ഥമെന്ന് കാട്ടിത്തന്നുവെന്നും ആ വിവരണങ്ങള്‍ പറയുന്നു.
വാജ്പേയി പറഞ്ഞു, (എല്‍ഒസി) ലൈന്‍ ഓഫ് കണ്‍ട്രോള്‍ എന്ന അതിര്‍ത്തി ഒരു കാരണവശാലും മറികടക്കരുതെന്ന്, യുദ്ധം വിജയിക്കാന്‍ സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിക്കൊണ്ട് ഉപദേശിച്ചു. ഒരു നീക്കംകൊണ്ട് പാകിസ്ഥാനില്‍ ഭാരതപതാക പാറിക്കാന്‍ സൈന്യത്തിന് ആകുമായിരുന്നു. പക്ഷേ, പ്രധാനമന്ത്രിക്ക് കൊടുത്ത വാക്ക് സൈന്യം പാലിക്കുകതന്നെ ചെയ്തു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചപ്പോഴായിരുന്നു ഇതെന്ന് ഓര്‍മ്മിക്കണം. കായിക-സൈനിക ശക്തികൊണ്ടു നേടിയ ഈ വിജയത്തിന് പുറമേയായിരുന്നു നയതന്ത്ര- രാഷ്ട്രീയ വിജയങ്ങള്‍.
എല്‍ഒസിയിലെ തന്ത്രം
ന്തുവന്നാലും എല്‍ഒസി കടക്കരുത് എന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടപ്പോള്‍ യുദ്ധത്തിലും സമാധാനത്തിലും അതിമാന്യത പാലിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ലോകം തിരിച്ചറിഞ്ഞു. വാസ്തവത്തില്‍ എല്‍ഒസി കടന്നാലും ‘പാക്കധീന’ കശ്മീരിലായിരിക്കും ഭാരത സൈന്യം; അതായത് ഭരണതമണ്ണില്‍, പിഒകെയില്‍. പക്ഷേ ഷിംലാകരാറും ലാഹോര്‍ ഡിക്ലറേഷനും പ്രകാരം എല്‍ഒസി കടന്ന് ഒരു നടപടിയും പാടില്ല, പ്രത്യേകിച്ച് സൈനിക നടപടി. അത് നയതന്ത്ര വേദിയില്‍ ഭാരതത്തിന് പാകിസ്ഥാനുമേല്‍ സര്‍വാധികാരം നേടാന്‍ ഇടനല്‍കി. രാഷ്ട്രീയമായും, ഭരണപരമായും പാകിസ്ഥാന്‍ ഇന്ന് ആഭ്യന്തര പ്രശ്നങ്ങള്‍, ദാരിദ്ര്യം, സാമ്പത്തികത്തകര്‍ച്ച, വികസന മുരടിപ്പ്, പരാശ്രയത്വം തുടങ്ങി സകല ദൗര്‍ബല്യങ്ങള്‍ക്കും അടിപ്പെട്ടിരിക്കുന്നു. മറിച്ച് ഭാരതം സമഗ്ര മേഖലയിലും കുതിക്കുന്നു.
കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സുബ്രഹ്മണ്യം കമ്മീഷന്‍ കണ്ടെത്തി, പരിഹരിക്കണമെന്നു നിര്‍ദ്ദേശിച്ച പോരായ്മകളില്‍ ചിലത് രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനക്കുറവ്, അതിര്‍ത്തി നിരീക്ഷണത്തിലെ പോരായ്മകള്‍, യുദ്ധം നേരിടാന്‍ തക്ക ആധുനിക പ്രതിരോധ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കുറവ്, മൂന്നു സൈനിക വിഭാഗങ്ങളും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അഭാവം എന്നിവയായിരുന്നു. കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ ഭരണത്തില്‍നിന്നും കുറഞ്ഞ കാലം കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുണ്ടായിരുന്ന ഐക്യം തീരെ ഇല്ലാതിരുന്ന ‘ഐക്യമുന്നണി’യുടെ ഇടക്കാല ഭരണത്തില്‍നിന്നും ഭരണമേറ്റ വാജ്‌പേയി സര്‍ക്കാരിന് കാര്‍ഗില്‍ യുദ്ധം കടുത്ത പരീക്ഷണമായി മാറിയിരുന്നു എന്നത് കാണാതെ പോകരുത്. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ആണവ പരീക്ഷണം പോലും മാറ്റിവെച്ചിരുന്ന അവസ്ഥയില്‍നിന്ന് അണുശക്തി പരീക്ഷണം നടത്തി കരുത്ത് തെളിയിച്ചതിനെ തുടര്‍ന്ന് ലോക രാജ്യങ്ങളുടെ ഉപരോധം പ്രതിരോധിച്ചിരുന്ന കാലവുമായിരുന്നു അത്. ഇന്ന് നാം ലക്ഷ്യമാക്കുന്ന ആത്മനിര്‍ഭര ഭാരതമെന്ന സങ്കല്‍പ്പത്തിന്റെ ആദ്യ ഘട്ടമായിരുന്നു അത്. അതിന്റെ തുടര്‍ച്ചയ്ക്ക് ഇടക്കാലത്ത്, 10 വര്‍ഷത്തേക്ക്, ഒരു തടസ്സം ഉണ്ടായി എന്നതൊഴിച്ചാല്‍ ഇന്ന് ഭാരതം കുതിക്കുന്നത് കാര്‍ഗില്‍കാലത്തുനിന്ന് സംഭരിച്ച ഊര്‍ജ്ജത്തിന്റെയും ആവേശത്തിന്റെയും ആത്മവീര്യത്തിന്റെയും ആവിഷ്‌കാരത്തിലാണ്.

യുദ്ധം ചെയ്യാതെ യുദ്ധ വിജയങ്ങള്‍
ഇന്ന് ഭാരതത്തിന്റെ പ്രതിരോധ- സുരക്ഷാ മേഖലയിലെ വളര്‍ച്ച നിരീക്ഷിച്ചാല്‍ കാര്‍ഗിലിന് ശേഷം ഭാരതം ലോകത്തെ പഠിപ്പിച്ചത് യുദ്ധം ചെയ്യാതെ യുദ്ധം ജയിക്കുന്നതും കീഴടക്കാതെ ഇതരരാജ്യങ്ങളെ നയിക്കുന്നതുമാണ്. പ്രതിരോധ മേഖലയില്‍ ഭാരതം പഠന ഗവേഷണങ്ങള്‍ നടത്തി. കാല്‍ നൂറ്റാണ്ടിനിപ്പുറം ഈ വളര്‍ച്ചകളെ കുറിച്ച് പറയുമ്പോള്‍ അത് രാജ്യത്തിന്റെ നേട്ടമാണ്, അത് ഏതെങ്കിലും ഭരണകക്ഷിയുടെയോ നേതാവിന്റെയോ നേട്ടമല്ലെന്ന് ചിലര്‍ വ്യഖ്യാനിക്കും. പക്ഷേ പ്രതിരോധ ബജറ്റ് വെട്ടിച്ചുരുക്കുകയും സാമ്പത്തിക പരിമിതിമൂലം സൈന്യത്തിന് ആധുനിക സന്നാഹങ്ങള്‍ ലഭ്യമല്ലാതാക്കുകയും ചെയ്ത ഭരണവും ഭരണാധികാരികളും നമുക്കുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അവിടെനിന്ന് സ്വന്തമായി യുദ്ധ വിമാനം, മിസൈലുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, ആളില്ലാ യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ വികസിപ്പിച്ച് ഭാരതം ഇന്ന് ഗവേഷണ വികസന നിര്‍മ്മാണക്കരുത്തുകാട്ടുന്നു. ആയുധം വാങ്ങലില്‍നിന്ന് ആയുധ വില്‍പ്പനയിലേക്കും കയറ്റുമതിയിലേക്കും രാജ്യം മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ മദ്ധ്യസ്ഥം നില്‍ക്കാന്‍ ഭാരതത്തെ ക്ഷണിക്കുന്നു. യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ അതത് രാജ്യങ്ങളിലെ ഭാരതീയര്‍ക്ക് സുരക്ഷിതമായ യാത്രാപാതയൊരുക്കാന്‍ യുദ്ധം നിര്‍ത്തിവെക്കുന്നു. ഇതൊക്കെ രാജ്യം ആര്‍ജ്ജിച്ച കരുത്തുകൊണ്ടാണ് സാധ്യമാകുന്നത്. മൂന്നു സൈനിക ശക്തികളും ഒന്നിച്ച് മുന്നേറുന്നു രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്ന പൊതു സംവിധാനം വന്നിരിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ആര്‍ജ്ജിച്ച് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഏജന്‍സികള്‍ സജ്ജമായിരിക്കുന്നു. ആഭ്യന്തരമായി തല ഉയര്‍ത്തുന്ന ഏത് രാജ്യവിരുദ്ധശക്തികളേയും അപ്പപ്പോള്‍ കണ്ടെത്തി നിര്‍വീര്യരാക്കുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത് ഒളിച്ചു പ്രവര്‍ത്തിക്കുന്ന ശക്തികളെ അവരുടെ മടയില്‍ ചെന്ന് നിഷ്പ്രഭമാക്കുന്നു. ഇതെല്ലാം കാര്‍ഗില്‍യുദ്ധത്തിന്റെ വിജയപാഠങ്ങളാണ്.
അതുകൊണ്ട് കാര്‍ഗിലിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടിരിക്കണം. കാരണം അത് ത്യാഗത്തിന്റെ, സാഹസത്തിന്റെ, രാഷ്ട്രസ്നേഹത്തിന്റെ, ദേശഭക്തിയുടെ ചരിത്രമാണ്. അതിലൂടെ വേണം നമ്മുടെ വര്‍ത്തമാനം ഭദ്രമാക്കാനുള്ള കരുത്താര്‍ജ്ജിക്കേണ്ടത്.
(അഖിലഭാരതീയ പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)


















