ഭാരതത്തിലെ ഏറ്റവും പ്രാചീനവും ബൃഹത്തുമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് അതിരാത്ര സോമയാഗം. പ്രാചീനം എന്നു പറയുമ്പോള്‍ ത്രേതായുഗത്തോളം പഴക്കമുണ്ട് അതിന്. അശോകവനിയില്‍നിന്നും സീത, സോമയാഗങ്ങള്‍ ചെയ്യിച്ച് ദക്ഷിണ നല്‍കുന്നതില്‍ തത്പരനായ തന്റെ ശ്രീരാമനെ ഓര്‍ക്കുന്ന സന്ദര്‍ഭമുണ്ട് വാല്‍മീകി രാമായണത്തില്‍. തുടര്‍ന്ന് മഹാഭാരതത്തിലും പുരാണങ്ങളിലുമെല്ലാം ഈ മഹായാഗത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷേ, ചരിത്രത്തിലാദ്യമായി കോഴിക്കോടിനെ ഒരു അതിരാത്ര യാഗവേദിയാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ മനസ്സില്‍ കണ്ടത് ഒരിക്കലും അതിരാത്രത്തിന്റെ പ്രാചീനതയോ ഖ്യാതിയോ ആയിരുന്നില്ല, മറിച്ച് സനാതനധര്‍മത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള മുഖ്യമായ ഒരു കാല്‍വെപ്പാണ് അത് എന്ന ഉത്തമ ബോധ്യമായിരുന്നു ഞങ്ങളെ നയിച്ചത്. അല്ലെങ്കിലും കാളിദാസന്‍ പറഞ്ഞതുപോലെ, ”പുരാണമിത്യേവ ന സാധു സര്‍വം”- പുരാതനത്വം ഉള്ളതുകൊണ്ട് മാത്രം ഒരു കാര്യം മഹത്തരമാകണമെന്നില്ലല്ലോ. പക്ഷേ അതിരാത്രം പോലെ, അതിപുരാതനമായ ഒരു കര്‍മം കാലത്തെ അതിവര്‍ത്തിച്ച് ഈ ആധുനിക യുഗത്തിലും നിലനില്‍ക്കുന്നു എന്നതിനര്‍ത്ഥം കാലാതീതമായ, അഥവാ സനാതനമായ മറ്റെന്തോ ഒന്ന് അതിന്റെ ആത്മാവായി നിലനില്‍ക്കുന്നു എന്നതായിരിക്കണമല്ലോ. ആ ആത്മാവ് അറിവല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറിവായിരുന്നു കോഴിക്കോട് അതിരാത്രത്തിന്റെ പ്രേരകശക്തി.
പ്രാചീന ഋഷിമാര്‍ ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളിലെല്ലാം പൊതുവായ ഒരു പ്രത്യേകത ദര്‍ശിക്കാന്‍ സാധിക്കും. അവയില്‍ കര്‍മ്മത്തോടൊപ്പം ജ്ഞാനവും ഓതപ്രോതമായിരിക്കും. ഇത് വെറുതേ പറഞ്ഞതല്ല, അഗ്‌നിഹോത്രം മുതല്‍ അശ്വമേധം വരെയുള്ള വൈദിക കര്‍മങ്ങളിലെ ജ്ഞാനത്തെ വെളിവാക്കുന്നതിനായി ബ്രാഹ്മണങ്ങള്‍ എന്ന പേരുള്ള ഒരു ഗ്രന്ഥരാശിതന്നെ നമ്മുടെ ഋഷിമാര്‍ രചിച്ചിട്ടുണ്ട്. പല ഉപനിഷത്തുക്കളും ഈ ബ്രാഹ്മണഗ്രന്ഥങ്ങള്‍ അവസാന അധ്യായങ്ങളാണ്. ഉദാഹരണമായി, യജുര്‍വേദീയമായ ശതപഥബ്രാഹ്മണത്തിന്റെ അന്തിമഭാഗമാണ്, ”അഹം ബ്രഹ്മാസ്മി”യെന്നോതിയ ബൃഹദാരണ്യകോപനിഷത്ത്. അശ്വമേധത്തിന്റെ രഹസ്യാത്മകമായ വര്‍ണനയോടെയാണ് ഈ ഉപനിഷത്ത് ആരംഭിക്കുന്നതുതന്നെ. ഇങ്ങനെ സൂക്ഷ്മവും പരമവുമായ അറിവുകളെ യാഗക്രിയകളിലൂടെ ചിത്രീകരിക്കുന്ന, പ്രാചീന ഭാരതീയന്റെ കവിത്വം ദര്‍ശിക്കണമെങ്കില്‍ ബ്രാഹ്മണങ്ങളെ ആഴത്തില്‍ പഠിക്കാന്‍ തയ്യാറാകണം. അങ്ങനെ പഠിക്കുമ്പോഴാണ്, അതിരാത്രം എന്ന യാഗത്തിന്റെ മഹത്വമെന്തെന്ന് മനസ്സിലാകുക.
പ്രജാപതിയും (സൃഷ്ടികര്‍ത്താവായ പരമേശ്വരനും) പിന്നീട് ദേവന്മാരും (പ്രകൃതിയില്‍ സന്നിവേശിച്ച ഈശ്വരീയശക്തികളും) ആദിയില്‍ നടത്തിയ പ്രപഞ്ചസൃഷ്ടികര്‍മത്തെ, ഒരു നാടകമെന്നോണം, പക്ഷേ പരിപൂര്‍ണസങ്കല്പത്തോടെയും വ്രതത്തോടെയും ആവര്‍ത്തിക്കുന്ന യജമാനന്റെയും ഋത്വിക്കുകളുടെയും രംഗവേദിയാണ് വാസ്തവത്തില്‍ അതിരാത്ര യാഗശാല. യജമാനനും യജമാനപത്‌നിയും കൂടാതെ 16 പ്രധാന ഋത്വിക്കുകളും ഈ രംഗകലയുടെ ഭാഗമാണ്. എന്നാല്‍ ഈ രംഗകലയിലെ അഭിനേതാക്കള്‍ മനുഷ്യര്‍ മാത്രമല്ല. വൈദിക സംസ്‌കൃതി മനുഷ്യനെയും പ്രകൃതിയെയും വെവ്വേറെയായി കണ്ടില്ല. അതിനാല്‍ കുതിരയും കഴുതയും പശുവും കാളയും ആമയും തവളയുമെല്ലാം അതിരാത്രത്തിന്റെ ഭാഗമാകുന്നു. ഓരോരുത്തര്‍ക്കും അഭിനയിക്കാന്‍ പ്രത്യേക വേഷങ്ങളുമുണ്ട്. ഉദാഹരണമായി, കുതിരകള്‍ ഇവിടെ കാലത്തിന്റെ പ്രതീകങ്ങളാണ്. കുതിരകളെക്കൊണ്ട് ശ്യേനചിതി എന്ന യാഗപീഠം വലംവെപ്പിക്കുന്ന അശ്വപരിണയനം എന്ന ചടങ്ങുണ്ട് അതിരാത്രത്തില്‍. അഗ്‌നിചയനം എന്ന മറ്റൊരു ചടങ്ങിനോട് ചേര്‍ന്നാണ് അശ്വപരിണയനം നടക്കുന്നത്. പ്രപഞ്ചത്തിന്റെ അഞ്ച് ഘട്ടങ്ങളിലായുള്ള വികാസപരിണാമത്തെ ചിത്രീകരിക്കുന്നതിനായി, അഞ്ച് നിരകളിലായി ഇഷ്ടികകള്‍കൊണ്ട് ഗരുഡാകൃതിയിലുള്ള ശ്യേനചിതി പടുത്തുയര്‍ത്തുന്ന ചടങ്ങാണ് അഗ്‌നിചയനം. ഓരോ നിരയിലും 200 ഇഷ്ടികകള്‍വെച്ച് അഞ്ച് നിരകളിലായി 1000 ഇഷ്ടികകള്‍കൊണ്ടാണ് ശ്യേനചിതി നിര്‍മ്മിക്കുന്നത്. ശ്യേനചിതിയിലും ഓരോ നിരയും ഭൂലോകം, ഭൂലോകവും അന്തരീക്ഷലോകവും ചേരുന്ന ഭാഗം, അന്തരീക്ഷലോകം, അന്തരീക്ഷലോകവും ദ്യുലോകവും ചേരുന്ന ഭാഗം, ദ്യുലോകം എന്നിങ്ങനെ പ്രപഞ്ചത്തിന്റെ അഞ്ച് പാളികളെയാണ് സൂചിപ്പിക്കുന്നത് എന്ന് ശതപഥബ്രാഹ്മണത്തില്‍ പറഞ്ഞിട്ടുണ്ട്. അതായത്, മൂന്ന് ലോകങ്ങളും അവയുടെ സന്ധികളും ചേര്‍ന്നതാണ് ശ്യേനചിതി.
ഈ ‘പ്രപഞ്ചപാളികള്‍’ ഓരോന്നും പടുക്കുന്നതിന് മുന്‍പും പിന്‍പുമായി കുതിരകളെ കൊണ്ട് ചിതി വലംവെപ്പിക്കുന്ന ചടങ്ങാണ് അശ്വപരിണയനം. ‘കാലോ അശ്വോ വഹതി’ – എന്നാണ് അഥര്‍വവേദമന്ത്രം. അതായത്, കാലം അശ്വത്തെപ്പോലെയാണ്. അത് പുറകോട്ട് പോകില്ല, മുന്നേറുകയേ ഉള്ളൂ. പ്രപഞ്ച പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളിലും കാലം ചാക്രികമായി മുന്നോട്ടുപോയ്‌ക്കൊണ്ടേ ഇരിക്കുന്നു എന്നാണ് കുതിരകളെ കൊണ്ട് ചിതി വലംവെപ്പിക്കുന്നതിലൂടെ പ്രതീകവല്‍ക്കരിക്കുന്നത്. ഇവിടെ മറ്റൊരു പ്രധാനപ്പെട്ട വിശദീകരണംകൂടി പറയേണ്ടതുണ്ട്. അതായത്, അതിരാത്രത്തില്‍ രണ്ട് കുതിരകളെയാണ് ഉപയോഗിക്കുന്നത്- ഒന്ന് വെളുപ്പും മറ്റൊന്ന് കറുപ്പും. വെളുത്ത കുതിര പകലും കറുത്ത കുതിര രാത്രിയുമാണെന്നാണ് സങ്കല്പം. കുതിരയെക്കൊണ്ട് യാഗപീഠം വലംവെപ്പിക്കുമ്പോള്‍ അത്, രാത്രിപകലുകള്‍ ചാക്രികമായി മുന്നേറുന്നതിനെ അവതരിപ്പിക്കുന്നു. എന്നാലിത്, നമ്മുടെ ലോകത്തെ ‘ചെറിയ’ രാത്രിപകലുകളല്ല. 864 കോടി വര്‍ഷങ്ങള്‍ വീതം ദെര്‍ഘ്യമുള്ള ബൃഹത്തായ ബ്രാഹ്മ അഹോരാത്രങ്ങളാണ്. ഇങ്ങനെയുള്ള ഓരോ അഹോരാത്രങ്ങള്‍ക്കുള്ളിലും സൂര്യനും ഭൂമിയും ചന്ദ്രനുമെല്ലാം ഉണ്ടായി നശിക്കും എന്ന് ഋഗ്വേദത്തിലെ അഘമര്‍ഷണസൂക്തത്തില്‍ പറയുന്നുണ്ട്. ”അഹോരാത്രാണി വിദധദ് വിശ്വസ്യ മിഷതോ വശീ, സൂര്യാചന്ദ്രമസൗ ധാതാ യഥാപൂര്‍വമകല്പയത്” (ഋഗ്വേദം 10.190.2-3) എന്നതാണാ പ്രസ്താവം.

സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളുടെ ശരാശരി ആയുസ്സ് 1000 കോടി വര്‍ഷങ്ങളോളമാണെന്ന് ആധുനിക ഭൗതികശാസ്ത്രം പറയുന്നു. വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഇതിനോടടുത്തതും നിശ്ചിതവുമായ ഒരു സംഖ്യയാണ്- 864 കോടി വര്‍ഷങ്ങള്‍! ഈ അഹോരാത്രങ്ങളെക്കുറിച്ച് സംസാരിക്കവേ, ”ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്റെ കാലഗണനയോട് യോജിച്ചുപോകുന്ന കാലയളവുകളെ മുന്നോട്ടുവെച്ച ഒരേയൊരു മതം ഹിന്ദുമതമാണ്” എന്ന് പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്‍ അഭിപ്രായപ്പെട്ടത് ഇവടെ സ്മരണീയം. നോക്കൂ, എത്ര മനോഹരമായാണ് പ്രാപഞ്ചികരഹസ്യങ്ങളെ അതിരാത്രത്തിലെ ചടങ്ങുകളിലൂടെ പ്രാചീന ഋഷിമാര്‍ പ്രതീകാത്മകമായി അവതരിപ്പിച്ചത്. എന്നാല്‍, പ്രതീകവല്‍ക്കരണത്തോടൊപ്പം ഒരുകാലത്ത് യാഗങ്ങളിലൂടെ, പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച യഥാതഥമായ പരീക്ഷണനിരീക്ഷണങ്ങളും നടന്നിരുന്നിരിക്കണം. ഇപ്പറഞ്ഞതിനെ കേവലം ഭ്രമകല്പനയോ അതിശയോക്തിയോ ആയി കാണേണ്ട. അതിനുള്ള രഹസ്യ സൂചനകളും അതിരാത്രത്തില്‍തന്നെയുണ്ട്. ഉദാഹരണമായി, കോഴിക്കോട് അതിരാത്രത്തില്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്ന് കണ്ട ഒരു ചടങ്ങായിരുന്നു പ്രവര്‍ഗ്യം. ആറ് ദിനങ്ങളില്‍ രണ്ട് നേരങ്ങളിലായി 12 തവണയാണ് അതിരാത്രത്തില്‍ പ്രവര്‍ഗ്യം നടന്നത്. മഹാവീരം എന്ന യാഗപ്പാത്രത്തില്‍ തിളച്ചുമറിയുന്ന നെയ്യിലേക്ക് പശുവിന്‍ പാലും ആട്ടിന്‍ പാലും വീഴ്ത്തുമ്പോള്‍, അപൂര്‍വമായ ഒരു ഭീമന്‍ അഗ്‌നിഗോളം അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങും- ഇതാണ് പ്രവര്‍ഗ്യം. ഇത് ആദിത്യനെ പ്രതീകവല്‍ക്കരിക്കുന്നു എന്നാണ് ശതപഥ ബ്രാഹ്മണത്തിലെ പ്രസ്താവം. ”അസൗ വാ ആദിത്യോ ബ്രഹ്മാഹരഹഃ പുരസ്താജ്ജായത ഏഷ ഉ പ്രവര്‍ഗ്യഃ” (ശതപഥ ബ്രാഹ്മണം 14.1.3.3). പ്രതിദിനവും ഉദിച്ചുയരുന്ന ഈ ബൃഹത്തായ സൂര്യന്‍ തന്നെയാണ് ഈ പ്രവര്‍ഗ്യം എന്നാണീ പ്രസ്താവത്തിന്റെ അര്‍ഥം.

അതായത്, പ്രതീകമായെങ്കിലും ഒരു കൃത്രിമ സൂര്യനെ യാഗശാലയില്‍ സൃഷ്ടിക്കുക എന്നതാണ് യാജ്ഞികരുടെ ലക്ഷ്യം? എന്നിട്ട് അവരതില്‍ വിജയിച്ചുവോ? പ്രവര്‍ഗ്യത്തെ സ്‌പെക്ട്രോസ്‌കോപ്പിലൂടെ പഠനവിധേയമാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ (ബാംഗ്ലൂര്‍) ഫോട്ടോണിക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെ ഡീനായി വിരമിച്ച പ്രൊഫ. അജയ് സക്‌സേനയും സംഘവും അതിരാത്രവേദിയില്‍ എത്തിയിട്ടുണ്ടായിരുന്നു. സോഡിയം, പൊട്ടാസിയം (ഒരുപക്ഷേ കാല്‍സ്യവും) തുടങ്ങിയവയുടെ അയണീകരണവുമായി ബന്ധപ്പെട്ട വര്‍ണരാജികളെ പ്രവര്‍ഗ്യജ്വാലയില്‍ അവര്‍ക്ക് കണ്ടെത്താനായി. അതായത്, സൂര്യോപരിതലത്തെ പ്രതീകവല്‍ക്കരിക്കുന്ന, 2000 കെല്‍വിന്‍ ഊഷ്മാവിലുള്ള പ്ലാസ്മാവസ്ഥയെ, കേവലം പാലും നെയ്യും ഉപയോഗിച്ച് യാഗശാലയില്‍ നിര്‍മ്മിക്കാന്‍ അവര്‍ക്കായി. എന്നാല്‍ ഇതും പ്രപഞ്ചസൃഷ്ടിയും തമ്മില്‍ എന്ത് ബന്ധം? നോക്കൂ, ബ്രാഹ്മണത്തില്‍ പറഞ്ഞ ആദിത്യ ബ്രഹ്മം വാസ്തവത്തില്‍ നമ്മുടെ സൂര്യനല്ല. പിന്നെയോ? പ്രപഞ്ചത്തിന്റെ അടിസ്ഥാന പദാര്‍ഥങ്ങളായ പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, അഹങ്കാരകണങ്ങള്‍, മഹത്തത്ത്വം എന്നീ 12 ആദിത്യന്മാരുടെ സംഘാതമായ ബൃഹത്തായ മറ്റൊരു സൂര്യനാണ്. ഇതിന്റെ സൃഷ്ടിയെക്കുറിച്ച് ഋഗ്വേദത്തിലെ അദിതിസൂക്തത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ഈ ആദിത്യനാണ് നാമീ കാണുന്ന പ്രപഞ്ചമായി രൂപം കൊണ്ടത്. ഈ 12 ആദിത്യന്മാരില്‍വെച്ച്, അവസാനം സൃഷ്ടമായ മൂന്ന് എണ്ണത്തിന് മാത്രമേ രൂപം ഉള്ളൂ. തേജസ്സ്, അപ്പ്, പൃഥിവി എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. പേര് കേട്ട് ഇവ നമ്മുടെ ലോകത്തെ തീയും, ജലവും, ഭൂമിയുമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇക്കാണായ ദൃശ്യപ്രപഞ്ചത്തിലെ എല്ലാറ്റിനും രൂപം നല്‍കിയ അടിസ്ഥാനമായ മൂന്ന് സൂക്ഷ്മദ്രവ്യകണങ്ങളുടെ പേരുകളാണിവ. നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത, അണുരൂപിയായ ഈ ദ്രവ്യകണങ്ങളെ പ്രാചീന ഭാരതീയര്‍ക്ക് നിരീക്ഷിക്കാന്‍ സാധിച്ചിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുമോ? ഛാന്ദോഗ്യോപനിഷത്തിലെ, പ്രസിദ്ധമായ ഉദ്ദാലക-ശ്വേതകേതു സംവാദത്തില്‍ ഇതു സംബന്ധിച്ച് സുപ്രധാനമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഈ ലേഖകന്‍ എഴുതിയ ”ഭാവവൃത്തം: വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം” എന്ന പുസ്തകത്തിന്റെ നാലാം അധ്യായത്തില്‍ ഇതേക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്. ഉദ്ദാലകന്റെ കാലത്ത് ഇല്ലാതിരുന്നതും അതിപ്രാചീനമായ കാലത്ത് നിലനിന്നിരുന്നതുമായ വൈശേഷിക വിദ്യയെക്കുറിച്ചാണ് ഉദ്ദാലകന്‍ ശ്വേതകേതുവിനോട് പറഞ്ഞുകൊടുക്കുന്നത്. അത്യന്തം സൂക്ഷ്മമായ മൂന്ന് ഭൂതകണങ്ങളെ അന്നത്തെ വിദ്വാന്മാര്‍ക്ക് നിരീക്ഷിക്കാന്‍ സാധിച്ചിരുന്നുവത്രേ. തേജസ്സ് ചുവപ്പുപോലെയും അപ്പ് വെളുപ്പുപോലെയും പൃഥിവി കറുപ്പുപോലെയുമാണ് ഇരിക്കുന്നത് എന്നുപോലും അവര്‍ക്ക് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നാണ് ഉദ്ദാലകന്‍ പറയുന്നത്. കാരണം അന്നത്തെ കാലത്തെ ആ വിദ്വാന്മാര്‍ ”മഹാശാലരും മഹാശ്രോത്രിയരും” ആയിരുന്നു എന്നും ഉപനിഷത്തില്‍ കാണാം. മഹാശ്രോത്രിയന്മാര്‍ എന്നാല്‍ വേദങ്ങളില്‍ നിഷ്ണാതര്‍ എന്നര്‍ഥം. അവര്‍ വേദങ്ങളിലെ പഞ്ചഭൂതവിജ്ഞാനത്തെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു. കൂടാതെ, അവര്‍ മഹാശാലര്‍, അതായത്, മഹത്തായ ശാലകളോടുകൂടിയവരായിരുന്നു. അതായത്, കേവലം സൈദ്ധാന്തികര്‍ മാത്രമായിരുന്നില്ല. പരീക്ഷണ-നിരീക്ഷണശാസ്ത്രത്തിലും അവര്‍ നിഷ്ണാതരായിരുന്നു. അതുകൊണ്ട് അതിനുള്ള മഹത്തായ പരീക്ഷണ-നിരീക്ഷണശാലകള്‍ അവര്‍ക്കുണ്ടായിരുന്നു. ഈ ശാലകളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയായിരിക്കാം അവര്‍ ഭൂതകണങ്ങളുടെ രൂപത്തെ കണ്ടറിഞ്ഞത്. എന്നാല്‍ ഉദ്ദാലകന്റെ കാലത്തേക്കെത്തിയപ്പോഴേക്കും ഈ പരീക്ഷണ-നിരീക്ഷണവിദ്യ നഷ്ടപ്പെട്ടുപോയി എന്നും ഉദ്ദാലകന്‍ പറയുന്നു. നോക്കൂ, പുരാണങ്ങള്‍ക്കും മഹാഭാരതവും രാമായണവുംപോലുള്ള ഇതിഹാസങ്ങള്‍ക്കുമെല്ലാം മുന്‍പാണ് ഉപനിഷത്തുക്കളുടെ കാലം. അതില്‍തന്നെ ഏറ്റവും പ്രാചീനമായ ഉപനിഷത്തുക്കളില്‍ ഒന്നായാണ് ഇന്ന് അക്കാദമികപണ്ഡിതര്‍ ഛാന്ദോഗ്യോപനിഷത്തിനെ കണക്കാക്കുന്നത്. ആ ഛാന്ദോഗ്യോപനിഷത്തിലാകട്ടെ, ഉപനിഷത് രചനാകാലത്ത് കേട്ടുകേള്‍വിയുള്ള ഒരു ഐതിഹ്യമായാണ് ഉദ്ദാലക-ശ്വേതകേതുസംവാദത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ ഐതിഹ്യത്തിലാണ് നഷ്ടപ്പെട്ടുപോയ ഈ പ്രായോഗിക വിജ്ഞാനത്തെക്കുറിച്ച് ഉദ്ദാലകന്‍ ശ്വേതകേതുവിനോട് പറഞ്ഞുകൊടുക്കുന്നത്. വേദകാലത്ത് നിലനിന്നിരുന്നതും പീന്നീട് നഷ്ടപ്പെട്ടുപോയതുമായ ഈ പ്രാചീന വിജ്ഞാനത്തിന്റെ തിരുശേഷിപ്പായിരിക്കുമോ ഒരുപക്ഷേ യാഗശാലയില്‍ ആദിത്യനെ നിരീക്ഷിക്കുന്ന (ആദിത്യബ്രഹ്മത്തില്‍ 12 പദാര്‍ഥങ്ങളുണ്ടെങ്കിലും രൂപഗുണമുള്ള ഈ മൂന്ന് ഭൂതകണങ്ങളെ മാത്രമേ നിരീക്ഷിക്കാന്‍ സാധിക്കൂ) പ്രവര്‍ഗ്യം? ജ്വലന കാര്യക്ഷമത (Combustion- Efficiency-)- വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ഉന്നതമായ ഊഷ്മാവിനെ സൃഷ്ടിക്കാനും അതിലൂടെ തേജസ്സിന്റെയും അപ്പിന്റെയും പൃഥിവിയുടെയും ശുദ്ധസ്വരൂപത്തെ യാഗശാലയില്‍ സൃഷ്ടിക്കുവാനും ആ പ്രാചീന ശാലര്‍ക്ക് സാധിച്ചിരുന്നുവോ? അറിയില്ല. പക്ഷേ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാം. നഷ്ടപ്പെട്ട നമ്മുടെ ആ പ്രാചീന വിജ്ഞാനലോകത്തേക്കുള്ള ഒരു പ്രധാനപ്പെട്ട കണ്ണിയാണ് അതിരാത്രം.

രാജീവ് ഗുലാട്ടി, ആചാര്യശ്രീ രാജേഷ് തുടങ്ങിയവര്‍ തിരി തെളിയിക്കുന്നു.
അതിരാത്രം തുടങ്ങിയ യാഗങ്ങളിലെ പ്രതീകങ്ങളെ തെറ്റുകൂടാതെ ആവിഷ്‌കരിക്കാനും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനുമാണ് ഭാരതത്തില്‍ ഗണിതത്തെ, വിശേഷിച്ചും ജ്യാമിതി (Geometry)-യെ നമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചത്. കാരണം യാഗവേദികളുടെ വിസ്തീര്‍ണങ്ങളിലൂടെയും ഇഷ്ടികകളുടെ എണ്ണങ്ങളിലൂടെയുമാണ് പ്രാപഞ്ചികരഹസ്യങ്ങളെ അവര്‍ എന്‍കോഡ് ചെയ്ത് സൂക്ഷിച്ചത്. ജ്യാമിതിയുടെ ആദ്യ പാഠപുസ്തകങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ശുല്ബസൂത്രഗ്രന്ഥങ്ങള്‍ വാസ്തവത്തില്‍ യാഗവേദികള്‍ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ്. നാമിന്ന്, ‘പൈതഗോറിയന്‍ തിയറി’ എന്ന് വിളിക്കുന്ന ഗണിതസിദ്ധാന്തത്തിന്റെ, ലോകത്തിലെ ആദ്യത്തെ നിര്‍വചനം കാണുന്നത്, ബൗധായനന്റെ ശുല്ബസൂത്രത്തിലാണ്. ഇതുകൂടാതെ, വിവിധ ദ്വിമാന ആകൃതികളുടെ നിര്‍മാണവും വിസ്തീര്‍ണത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള ആകൃതിപരിവര്‍ത്തനങ്ങളുമെല്ലാം ശുല്ബസൂത്രങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉദാഹരണമായി, അതിരാത്രത്തിന്റെ പ്രാഗ്വംശശാലയില്‍ കാണുന്ന മൂന്ന് ശ്രൗതാഗ്‌നികളുടെ കുണ്ഡങ്ങള്‍ യഥാക്രമം സമചതുരം, അര്‍ധവൃത്തം, വൃത്തം എന്നീ വ്യത്യസ്ത ആകൃതികളിലായിരിക്കുമ്പോഴും ഒരേ വിസ്തീര്‍ണത്തിലായിരിക്കണം എന്നുണ്ട്. ഇതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ശുല്ബസൂത്രങ്ങളിലുണ്ട്. കൂട്ടത്തില്‍ 2 ന്റെ വര്‍ഗമൂലം എടുത്തുപറയത്തക്ക കൃത്യതയില്‍ ബോധായന ഋഷി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഗണിതത്തെ രക്ഷാകവചമാക്കിക്കൊണ്ട് യാഗത്തിലെ ജ്ഞാനവിജ്ഞാനങ്ങളെ സംരക്ഷിക്കാന്‍ പ്രാചീന ഋഷിമാര്‍ ആവത് പരിശ്രമിച്ചുവെങ്കിലും ഇരുണ്ട മധ്യകാലത്തെ അന്ധകാരാവരണം യാഗങ്ങളെയും ഗ്രസിച്ചു. മൃഗബലി പോലുള്ള ദുരാചാരങ്ങള്‍ യാഗങ്ങളിലും കടന്നുകൂടി. ഇതിനെ എതിര്‍ത്തുകൊണ്ട് ഗൗതമ ബുദ്ധനെപ്പോലുള്ള ആചാര്യന്മാര്‍ കടന്നുവന്നു. യാഗങ്ങളിലെ മൃഗഹിംസയ്ക്ക് എതിരെ അതിശക്തമായ പ്രചാരണം അഴിച്ചുവിട്ടു. പലരും ഇന്ന് കരുതുംപോലെ ശ്രീബുദ്ധന്‍ ഒരു വേദവിരുദ്ധനും യജ്ഞവിരുദ്ധനും ആയിരുന്നില്ല. ബ്രാഹ്മണര്‍ വേദങ്ങളെ പിന്‍തുടര്‍ന്ന് ജീവിച്ച പ്രാചീനകാലത്ത് യജ്ഞങ്ങളില്‍ മൃഗഹിംസ ഉണ്ടായിരുന്നില്ല എന്നും ഇക്ഷ്വാകു (ഓക്കാക) എന്ന രാജാവിന്റെ കാലത്തെ സ്വാര്‍ത്ഥമതികളായ ബ്രാഹ്മണരാണ് ഈ ദുരാചാരം തുടങ്ങിവെച്ചത് എന്നും ഇക്കാരണത്താല്‍ ആളുകള്‍ ബ്രാഹ്മണരെ നിന്ദിക്കാന്‍ ആരംഭിച്ചു എന്നും ബുദ്ധന്‍ ശ്രാവസ്തിയില്‍വെച്ച് ഉപദേശിച്ചത് സുത്തനിപാതത്തിലെ ബ്രാഹ്മണധമ്മികസുത്തത്തില്‍ ഇന്നും വായിക്കാം. പക്ഷേ പില്‍ക്കാലത്ത് വന്ന ബുദ്ധമതാനുയായികള്‍ യജ്ഞങ്ങളെയും വേദങ്ങളെയും നിന്ദിക്കാന്‍ തുടങ്ങി. പിന്നീട് ഗുപ്തസാമ്രാജ്യകാലത്തും മറ്റും യാഗങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് കേവലമൊരു മതാചാരം എന്ന നിലയില്‍ മാത്രമായിരുന്നു, പ്രത്യുത യാഗക്രിയകളില്‍ മറഞ്ഞിരിക്കുന്ന അറിവിനെ വീണ്ടെടുക്കുക എന്നത് വിദൂരമായ ലക്ഷ്യം പോലുമായില്ല.

കാലമിത്ര കഴിഞ്ഞിട്ടും ഈ വീണ്ടെടുപ്പിനുള്ള ഗൗരവമായ ശ്രമങ്ങള്‍ ഉണ്ടായില്ല എന്നുമാത്രമല്ല, ഈ അറിവുകളെ തിരിച്ചുവരാനാകാത്ത വിധം കുഴിച്ചുമൂടാനുള്ള ശ്രമങ്ങളും ഈ ആധുനികകാലത്ത് ഉണ്ടായി. ‘നശിച്ചുകൊണ്ടിരുന്ന യാഗസംസ്‌കൃതിയെ പുനരുജ്ജീവിപ്പിച്ച വ്യക്തി’ (The Saviour of a Dying Tradition)- എന്നും ‘വേദപാരമ്പര്യത്തെയും യജ്ഞസംസ്‌കൃതിയെയും ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തി’ എന്നുമെല്ലാം വിശേഷിപ്പിച്ചുവരുന്ന പ്രൊഫ. ഫ്രിറ്റ്‌സ് സ്റ്റാളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. യാഗക്രിയകളെ ഫ്രിറ്റ്‌സ് സ്റ്റാള്‍ വിളിച്ചത് അര്‍ഥമില്ലാത്ത ചടങ്ങുകള്‍ എന്നാണ്! യാഗങ്ങളെക്കുറിച്ച്, ”Meaning lenssess of Ritual” എന്ന ഒരു പ്രബന്ധംതന്നെ അദ്ദേഹം തയ്യാറാക്കി. അതില്‍ അദ്ദേഹം യാഗങ്ങളെ നിഷ്പ്രയോജനങ്ങളായ കളികളോട് ചേര്‍ത്തുവെച്ചു. യാഗക്രിയകളെന്നല്ല, വേദമന്ത്രങ്ങള്‍തന്നെ നിരര്‍ത്ഥകങ്ങളാണെന്നും അദ്ദേഹം എഴുതി. ഈ കാഴ്ചപ്പാടുകളെ വിപുലമാക്കിക്കൊണ്ട് പിന്നീട് ”Ritual And Mantras: Rues Without Meaning-”- എന്ന ഒരു പുസ്തകംതന്നെ അദ്ദേഹം രചിച്ചു. ‘ഡിസ്‌കവറിങ് ദ വേദാസ്’ എന്ന പുസ്തകത്തില്‍ സ്റ്റാള്‍ യാഗക്രിയകളെ ആര്യന്‍ കുടിയേറ്റത്തോടാണ് കൂട്ടിക്കെട്ടുന്നത്. അതായത്, യൂറേഷ്യയില്‍നിന്നും പുറപ്പെട്ട ആര്യന്മാര്‍ അവരുടെ യാത്രയില്‍ സംഭവിച്ച കാര്യങ്ങളെ ഒരു ഓര്‍മ്മപുതുക്കലെന്നോണം അവതരിപ്പിക്കുന്നതാണ് യാഗക്രിയകള്‍, അല്ലാതെ അഗ്‌നിചയനം (അഥവാ അതിരാത്രം) പോലുള്ള യാഗകര്‍മങ്ങള്‍ക്ക് മൗലികമായി യാതൊരു അര്‍ത്ഥവും ഇല്ല എന്ന് സ്റ്റാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ”അഗ്‌നിചയനം വിദ്യയാണ്” (ഏഷാ ഹൈവ സാ വിദ്യാ യദഗ്‌നിഃ- 10.4.3.9) എന്ന് പ്രഖ്യാപിച്ച ശതപഥബ്രാഹ്മണത്തേക്കാളും മരണത്തെ മറികടക്കാനുള്ള അമൃതവിദ്യയായി അതിനെ അവതരിപ്പിച്ച കഠോപനിഷത്തിനേക്കാളും അക്കാദമികര്‍ക്ക് പ്രമാണം ”അഗ്‌നിചയനം നിരര്‍ത്ഥകമാണ്” എന്ന് പ്രഖ്യാപിച്ച ഫ്രിറ്റ്‌സ് സ്റ്റാളാണ്.
ഈ അവസ്ഥയില്‍നിന്നും അതിരാത്രാദി യാഗങ്ങളെ വീണ്ടെടുക്കണം, അതിലെ ജ്ഞാനവിജ്ഞാനങ്ങളെ സാമാന്യ ജനസമൂഹത്തിന് പരിചയപ്പെടുത്തണം, അന്ധവിശ്വാസ വിമുക്തമായ യാഗത്തില്‍ ജാതിലിംഗഭേദമെന്യേ പങ്കെടുക്കാനും പഠിക്കാനുമുള്ള അവസരം ഉണ്ടാക്കണം, ഭാവിയില്‍ കൂടുതല്‍ ഗഹനമായ പഠനം അര്‍ഹിക്കുന്ന വിജ്ഞാന മേഖലയാണ് ഇതെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്, ഏറെ സാമ്പത്തിക ചെലവുകളുണ്ടാകും എന്നറിഞ്ഞിട്ടും അതിരാത്രം നടത്താനായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയത്.
പൊതുജനങ്ങളില്‍നിന്നും ധനം സ്വരൂപിക്കാതെ അതിരാത്രം നടത്തണം എന്നതായിരുന്നു ഞങ്ങളുടെ സങ്കല്പം. അത് മനസ്സിലാക്കിക്കൊണ്ട്, ചെലവ് ഞങ്ങള്‍ ഏവരും ചേര്‍ന്ന് വഹിച്ചുകൊള്ളാം എന്ന് പറഞ്ഞ് വേദപഠിതാക്കളില്‍ ചിലര്‍ സന്തോഷത്തോടെ മുന്നോട്ടുവന്നു. അധ്വാനത്തിലൂടെ എല്ലാ രീതിയിലും ഈ അതിരാത്രത്തെ പോഷിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞ് മറ്റ് വേദപഠിതാക്കളും കൂടെനിന്നു. ഭക്ഷണവും ശുചീകരണവും മുതല്‍ വളണ്ടിയറിങ്ങും ഗതാഗതവുമെല്ലാം നിറവേറ്റുന്നതിനായി അവര്‍ മുന്നോട്ടുവന്നു. അതിരാത്രദിനങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാനും അവര്‍ തന്നെ മുന്നിട്ടിറങ്ങി. അയ്യായിരത്തോളം വരുന്ന വേദപഠിതാക്കള്‍ ഒന്നിച്ചുചെയ്ത സമൂഹ അഗ്‌നിഹോത്രത്തോ ടെയാണ് കോഴിക്കോട് അതിരാത്രം ആരംഭിച്ചത്. പ്രമുഖ വ്യവസായിയും എം.ഡി.എച്ച് ഗ്രൂപ്പ് ചെയര്‍മാനുമായ രാജീവ് ഗുലാട്ടിയും മുന്‍ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗും ഉദ്ഘാടനസദസ്സില്‍ സന്നിഹിതരായി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ അതിരാത്രത്തിന് ആശംസകളയച്ചും നേരില്‍ വന്ന് പങ്കെടുത്തും പിന്തുണയേകി. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മത്തൂരില്‍നിന്നുള്ള ശ്രൗതപണ്ഡിതരാണ് അതിരാത്രത്തിന് കാര്‍മികത്വം വഹിച്ചത്. അതിരാത്രത്തിന്റെ പത്ത് ദിനങ്ങളിലും സേവ ചെയ്യാനായി ഹരിയാനയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും നൂറുകണക്കിന് ഗുരുകുല വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ എല്ലാ കോണുകളില്‍നിന്നും കലാരംഗത്തെയും ആരോഗ്യരംഗത്തെയും രാഷ്ട്രീയരംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രമുഖര്‍ യാഗത്തില്‍ ഭാഗമാകാനെത്തി. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ ശ്രീമദ് ചിദാനന്ദ പുരി സ്വാമികളുടെ നേതൃത്വത്തില്‍, കേരളത്തിലെ പ്രമുഖ സന്ന്യാസിവര്യന്മാരെ പൂജിക്കുന്നതിനുള്ള യതിപൂജയും നടന്നു.

അതിരാത്രവേദിയിലേക്കുള്ള വീഥിയില്‍ യാഗത്തിന്റെ ചരിത്രം പാനലുകളില്‍ ചിത്രീകരിച്ചിരുന്നു. മറുവശത്ത് വേദങ്ങളിലെ സമത്വ കുടുംബ ഐക്യം, സ്ത്രീ-പുരുഷസമത്വം, ജാതിരഹിതസമൂഹം, രാഷ്ട്രസങ്കല്പം, വിശ്വമാനവികത, സഹജീവിസ്‌നേഹം തുടങ്ങിയ ആശയങ്ങളെ മുന്നോട്ടുവെക്കുന്ന വേദമന്ത്രങ്ങളും ചിത്രീകരിച്ചു. ഇവയും കവാടങ്ങളും ചുവര്‍ചിത്രങ്ങളുമെല്ലാം ഒരുക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ചത് സിനിമാമേഖലയില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന വേദപഠിതാക്കളായിരുന്നു. യാഗസംസ്‌കൃതിയോട് ചേര്‍ന്ന് ഭാരതത്തില്‍ വികസിതമായ ഗണിത-ജ്യോതിശ്ശാസ്ത്രത്തെ ചിത്രീകരിച്ചുകൊണ്ടുള്ള പ്രത്യേകം പ്രദര്‍ശിനിയും ഒരുക്കി. യജമാനന്റെ ശരീരത്തെ ആധാരമാക്കിയുള്ള വേദിക് യൂണിറ്റുകള്‍, ജ്യാമിതീയ രൂപങ്ങളുടെ നിര്‍മാണവും വിസ്തീര്‍ണത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള ആകൃതി പരിവര്‍ത്തന രീതികളും, ശുല്ബസൂത്രത്തിലെ പൈതഗോറിയന്‍ തിയറിയുടെ നിര്‍വചനവും, വേദങ്ങളിലെ ദശാംശസമ്പ്രദായവും ഒരു ട്രില്യണ്‍ (പരാര്‍ധം) വരെയുള്ള സംഖ്യാനാമങ്ങളും, സംവത്സരങ്ങള്‍, അധികമാസം, തിഥി, നക്ഷത്രം, യുഗം, സപ്തര്‍ഷി ചക്രം തുടങ്ങിയ സങ്കല്പങ്ങള്‍, വേദങ്ങളിലെ പ്രപഞ്ചവിജ്ഞാനീയം തുടങ്ങിയവയെല്ലാം പ്രദര്‍ശിനിയില്‍ വിഷയങ്ങളായി. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് ശാസ്ത്രവിദ്യാര്‍ഥികളില്‍ ഏറെ താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു ഈ വൈദിക പ്രദര്‍ശിനി. ഇതോടൊപ്പം അതിരാത്രത്തിലെ പ്രപഞ്ചരഹസ്യങ്ങളെ വിശദീകരിക്കുന്നതിനായി ഒരു വീഡിയോ പ്രദര്‍ശിനിയും ഒരുക്കിയിരുന്നു. ഈ ജ്ഞാനവിജ്ഞാനങ്ങളെ ക്രോഡീകരിച്ച് യജ്ഞപ്രസാദമായി പുസ്തകരൂപത്തില്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. അതിരാത്രത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മിക്കവാറും സോഷ്യല്‍ മീഡിയ വഴിയാണ് നടന്നത്. ആ വഴിയും അതിരാത്രത്തെ സംബന്ധിച്ച അറിവുകള്‍ പ്രചരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അതിരാത്രത്തിന്റെ ഫലശ്രുതിയെ, ആധുനിക ശാസ്ത്രം ഉപയോഗിച്ച് പരീക്ഷിച്ചറിയാനുള്ള ശ്രമങ്ങളും സമാന്തരമായി നടന്നു. അതിരാത്രത്തിലെ പ്രവര്‍ഗ്യ ജ്വാലയുടെ സ്‌പെക്ട്രോസ്‌കോപ്പിക് പഠനങ്ങളെക്കൂടാതെ അതിരാത്രത്തിലെ സ്‌തോത്ര(സാമഗാന)വിനിയോഗവുമായി ബന്ധപ്പെട്ട ന്യൂറോഫിസിയോളജിക്കല്‍ പഠനങ്ങളും യാജ്ഞികരിലും യാഗത്തില്‍ പങ്കെടുത്തവരിലും പ്രത്യേകമായി നടന്ന മനശ്ശാസ്ത്രപഠനങ്ങളും അന്തരീക്ഷവായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പഠനങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ആധ്യാത്മിക മേഖലയും ഞങ്ങളും തമ്മില്‍ എന്ത് ബന്ധം എന്ന് കരുതി പൊതുവെ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കാറുള്ള യുവതലമുറയാണ് അറിവിന്റെ പ്രചാരണത്തിനായുള്ള ഈ ഉദ്യമങ്ങള്‍ക്ക് ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കിയത് എന്നതാണ് ഞങ്ങളെ തന്നെ അതിശയിപ്പിച്ച ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ, കേവലമൊരു മതാചാരമോ, അര്‍ത്ഥമില്ലാച്ചടങ്ങോ അല്ല അതിരാത്രമെന്നും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും സമര്‍പ്പണത്തിന്റെയും സംഗതികരണ ഭൂമികയാണെന്നുമുള്ള സന്ദേശമായിരുന്നു കോഴിക്കോട് അതിരാത്രം ഉയര്‍ത്തിപ്പിടിച്ചത്. എല്ലാറ്റിലും യുക്തിയെ തേടാന്‍ പഠിക്കുന്ന, ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ ജീവിക്കുന്ന നമ്മുടെ പുതുതലമുറയെ സനാതനധര്‍മത്തോട് ചേര്‍ത്തു നിര്‍ത്തണമെങ്കില്‍ അത് അറിവിലൂന്നിക്കൊണ്ടുള്ള കര്‍മങ്ങളിലൂടെയേ സാധിക്കുകയുള്ളൂ എന്ന വിശ്വാസം ഞങ്ങളില്‍ ഊട്ടിയുറപ്പിക്കാനും അതിരാത്രം കാരണമായി.






















