മഹത്തായ നമ്മുടെ ജീവിതദര്‍ശനത്തിന്റെ പ്രയോഗസാദ്ധ്യതകള്‍ ഉരുവംകൊണ്ടത് കുടുംബങ്ങളിലാണ്. അതുകൊണ്ടാണ് ആക്രമണങ്ങള്‍ക്കും കീഴടക്കലുകള്‍ക്കും നമ്മെ പൂര്‍ണമായി തകര്‍ക്കാന്‍ കഴിയാതിരുന്നത്. ഇവിടുത്തെ രാജ്യങ്ങളെ കീഴടക്കുമ്പോഴും കുടുംബങ്ങള്‍ കൂടുതലും സ്വതന്ത്രമായി നിലനിന്നു. സാമൂഹികവും രാഷ്ട്രീയവുമായ അടിമത്തം വീടിനകത്ത് കാര്യമായി ഏശിയില്ല. അത്, അറുത്തിട്ടും ബാക്കിയായ മരക്കുറ്റിയായി മണ്ണില്‍ വേരുപടര്‍ത്തിനിന്നതുപോലെ തുടര്‍ന്നു. അതില്‍നിന്നു വീണ്ടും നാമ്പുകളും കൊമ്പുകളും പൊട്ടിവിടര്‍ന്ന്, കാലക്രമംകൊണ്ട് വീണ്ടും വൃക്ഷമായി ഉയരുകയും ശിഖരങ്ങളായി പടരുകയും ചെയ്തു. ഒരു കൊമ്പു വെട്ടിയാല്‍ പത്തു ചില്ലകള്‍ പൊട്ടി മുളയ്ക്കുകയായി! അങ്ങനെയാണ് നമ്മുടെ സാംസ്‌ക്കാരിക ജീവിതം മുന്നോട്ടുപോയത്.
ചെറുതാകുന്തോറും കരുത്തു കൂടുമെന്നാണല്ലോ ശാസ്ത്രം. ഒരു വസ്തു വിഘടിച്ച് അണു മാത്രമായാല്‍ അതാണ് ഏറ്റവും ശക്തം. അതേപോലെയാണ് കുടുംബവും. ലോകത്തിലെ ഏറ്റവും ചെറിയ സാമൂഹിക സ്ഥാപനം. മതങ്ങള്‍, ജാതികള്‍, പാര്‍ട്ടികള്‍, ഭാഷകള്‍ ഒക്കെ വിവിധ സാമൂഹികസ്ഥാപനങ്ങളാണ്. അത്തരം സമൂഹവ്യവസ്ഥയില്‍ ഏറ്റവും ചെറുത് കുടുംബമാണല്ലോ. അതില്‍നിന്നാണ് ഒരു ഭാരതവ്യക്തി രൂപംകൊള്ളുന്നത്. സമൂഹത്തിലെ എല്ലാത്തരം വിഭാഗങ്ങളോടും എങ്ങനെ പെരുമാറണമെന്ന പാഠം അവിടെനിന്ന് കിട്ടുന്നു. ദുര്‍ബ്ബലരെ സേവിക്കാന്‍, മുതിര്‍ന്നവരെ ബഹുമാനിക്കാന്‍, വൃദ്ധരെ പരിപാലിക്കാന്‍, ഗുരുക്കന്മാരെ പൂജിക്കാന്‍, സഹോദരങ്ങളെ സ്‌നേഹിക്കാന്‍, കുഞ്ഞുങ്ങളെ വളര്‍ത്താന്‍, സ്ത്രീകളെ ആദരിക്കാന്‍ എന്നുവേണ്ട സമൂഹജീവിതത്തിന്റെ വ്യത്യസ്തതലത്തിലുള്ളവരോടുള്ള സമീപനത്തിന്റെയും പെരുമാറ്റത്തിന്റെയും ശീലങ്ങള്‍ വീട്ടില്‍നിന്നു ലഭിക്കുന്നു. ശൈശവത്തില്‍ ശീലിച്ചും, ബാല്യത്തില്‍ കണ്ടും, കൗമാരത്തില്‍ കേട്ടും, യൗവ്വനത്തില്‍ അറിഞ്ഞും സമൂഹ ജീവിതത്തിലേക്കു കാലൂന്നിനില്‍ക്കുന്നവര്‍ക്ക് ലോകത്തോട് ഇഴുകിച്ചേരാന്‍ പ്രയാസമില്ല. അങ്ങനെയുള്ളവര്‍ സമൂഹജീവിതത്തില്‍നിന്ന് അറുത്തുമാറ്റപ്പെടുന്നില്ല. വ്യക്തിയും സമൂഹവും ഒന്നായിച്ചേര്‍ന്ന് ഒരു രാഷ്ട്രവ്യക്തിയായി വികസിക്കുന്നു. ഒരേ കമ്പിയുടെ വിവിധ ചുരുളുകള്‍ പോലെയാണത്. വ്യക്തി കുടുംബമായി, കുടുംബം സമൂഹമായി, സമൂഹം രാഷ്ട്രമായി മാറി വ്യക്തിത്വം വികസിക്കുന്നു. ഒടുവില്‍ രാഷ്ട്രം മുഴുവന്‍ ലോകവുമായും മുഴുപ്രപഞ്ചവുമായും താദാത്മ്യം പ്രാപിക്കുന്നു. ഇതാണ് ഭാരതീയദര്‍ശനം. എന്നാലോ ഇതിന്റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് കുടുംബങ്ങളിലും! സാമ്രാജ്യങ്ങള്‍ മാറിമറിയുമ്പോഴും, ഭരണാധികാരികള്‍ മാറുമ്പോഴും ഒക്കെ കുടുംബജീവിതം ഇഴപിരിയാതെ നിലനിന്നു. നമ്മുടെ സംസ്‌കാരവും ദര്‍ശനവും തത്വശാസ്ത്രവും എല്ലാം അറിഞ്ഞും അറിയാതെയും അവിടെ പൂത്തുലഞ്ഞു.
കേരളത്തിലെ വലിയ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനി പണ്ട് നമ്മുടെ ശാസ്ത്രപ്രതിഭ സി.വി. രാമനെ കണ്ട കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകാശത്തിന്റെ പ്രതിഭാസത്തെക്കുറിച്ചും ശാസ്ത്രത്തിന്റെ അതിശയകരമായ അവസ്ഥകളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തി. ആ വേളയില്‍ മഹാശാസ്ത്രകാരന്‍ പറഞ്ഞു, ഞാന്‍ പ്രകാശകിരണങ്ങളുടെ പ്രതിഭാസങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുമ്പോള്‍ തന്റെ കൊച്ചുമകള്‍ ത്രിസന്ധ്യയ്ക്ക് ശാന്തമായി തുളസിത്തറയില്‍ വിളക്കുകൊളുത്തുന്നു. ‘ദീപം ദീപം എന്നു പറഞ്ഞുകൊണ്ട് സന്ധ്യാവന്ദനം ചെയ്യുന്നു. പ്രകാശത്തെ ഉല്‍ക്കണ്ഠാരഹിതമായി ആരാധിക്കുന്നു. പ്രകാശത്തെപ്പറ്റി ശരിക്കും അറിഞ്ഞത് അവളാണ്. അവള്‍ മനസ്സിലാക്കിയതുപോലെ പ്രകാശത്തെക്കുറിച്ചു മനസ്സിലാക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.’ ശരിക്കും പ്രകാശത്തെ അറിഞ്ഞത് ആരാണ്? ആ ചോദ്യത്തില്‍ ക്രിസോസ്റ്റം തിരുമേനിയുടെ സംശയമകന്നു. ഇതാണ് ഭാരതീയ കുടുംബജീവിതത്തിന്റെ മാഹാത്മ്യം! പ്രപഞ്ചത്തിന്റെ മഹത്തും ബൃഹത്തുമായ സത്യങ്ങളെ ലളിതമായ സങ്കല്‍പ്പങ്ങളിലൂടെയും ആചരണങ്ങളിലൂടെയും സാക്ഷാത്ക്കരിക്കുന്നു. അത്തരമൊരു ജീവിതശൈലി ലോകത്ത് മറ്റൊരിടത്തും ഇല്ലതന്നെ!
‘പുരോഗമനത്തിന്റെ’ നാടുകളില്‍ കുടുംബം ഒരു അധികപ്പറ്റാണ്, ബാദ്ധ്യതയാണ്. ആയതിനാല്‍ പുരോഗതിക്കുവേണ്ടി അവര്‍ പ്രാഥമികമായ കുടുംബംപോലും വേണ്ടെന്നു വച്ചു. ലിവിംഗ് ടുഗതര്‍ ഒരു ശൈലിയായി സ്വീകരിച്ചു. അതിനിടയില്‍ യാദൃശ്ചികമായി കുട്ടികളുണ്ടായാല്‍ അതിനെ ഉപേക്ഷിക്കുകയോ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നു. മാതാപിതാക്കള്‍ എന്ന സങ്കല്‍പ്പമോ അവരെ സംരക്ഷിക്കണമെന്ന സാംസ്‌കാരികബോധമോ തീരെയില്ല. അത് സ്വാതന്ത്ര്യത്തിനു തടസ്സമാണ്.
പക്ഷേ രണ്ടോ മൂന്നോ തലമുറ കഴിഞ്ഞപ്പോള്‍ അത്തരം രാജ്യങ്ങള്‍ ഭീഷണമായ അവസ്ഥയെ നേരിടാന്‍ തുടങ്ങിയിരിക്കുന്നു. വൃദ്ധജനങ്ങള്‍ നിറയുകയും യുവജനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നാടിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഏറ്റവും വലിയ തടസ്സമായി കുടുംബരാഹിത്യം മാറിയിരിക്കുന്നു. ധാര്‍മ്മികവും സാംസ്‌കാരികവുമായ അറിവും പരിശീലനവും കിട്ടാത്തതുകൊണ്ട് സ്വാര്‍ത്ഥതയും കുറ്റകൃത്യങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു. ആര്‍ക്കും ആരോടും ബാധ്യതയോ ഉത്തരവാദിത്തമോ ഇല്ല. നിയമം മാത്രം അനുസരിച്ചാല്‍ മതി. അതിനോട് ഭയമില്ലാത്തവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അറപ്പില്ലാത്തവരായി. ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതും പരിഹരിക്കാന്‍ കഴിയാത്തതുമായ സാമൂഹികദുരന്തങ്ങളിലേക്ക് അത്തരം സമൂഹങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
ലിവിംഗ് ടുഗതര്‍ സത്യത്തില്‍ ഒരു പുരോഗമന വീക്ഷണമല്ല. എന്നു മാത്രമല്ല വളരെ പ്രാകൃതമായ ഒന്നാണത്! മൃഗീയമാണ്. ആണ്‍ – പെണ്‍ എന്ന അവസ്ഥയില്‍ മാത്രം ജീവിക്കുന്നത് മൃഗങ്ങളാണ്. ഏതെങ്കിലും ഒരു പെണ്‍ജീവിയോടോ ആണ്‍ജീവിയോടോ പ്രത്യേക ബന്ധമോ അടുപ്പമോ ഇല്ല. വെറും വേഴ്ച മാത്രം! തെരുവുനായ്ക്കളും വാനരക്കൂട്ടങ്ങളും എല്ലാം അങ്ങനെ ജീവിക്കുന്നത് നാം മിക്കവാറും കണ്ടിട്ടുണ്ട്. ഏതാണ്ട് എല്ലാ പക്ഷിമൃഗാദികളും അങ്ങനെതന്നെയാണ്. അത്തരമൊരു മൃഗീയജീവിതം നയിക്കാന്‍ വിദ്യാഭ്യാസമോ സംസ്‌കാരമോ ആവശ്യമില്ല. ഈ ജീവിതത്തിന്റെ ബാക്കിപത്രമാണ് ഇന്ന് പാശ്ചാത്യലോകത്തിലെ പല രാജ്യങ്ങും നേരിടുന്നത്. ഈ മനോഭാവം വളര്‍ത്തുന്നതിനാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവ ഇടിച്ചുനിരത്തേണ്ടതാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഒരു പഠനം നടത്തുകയുണ്ടായി. കുട്ടിക്കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട് എന്നതായിരുന്നു വിഷയം. നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം അവര്‍ കണ്ടെത്തിയ കാരണം, ‘the breakdown of the family is the real route cause of crime in America’ എന്നതായിരുന്നു. ആയിടയ്ക്കുതന്നെ ഒരാള്‍ എഴുതിയ പുസ്തകത്തിന്റെ പേര്, ളമവേലൃഹല ൈഅാലൃശരമ എന്നുമായിരുന്നു.
ഇത്തരമൊരു അരാജകാവസ്ഥ ഭാരതത്തില്‍ വരാതിരിക്കാനുള്ള ഏറ്റവും പ്രധാന കാരണം നമ്മുടെ കുടുംബസങ്കല്‍പ്പവും കുടുംബത്തിലെ ആചരണങ്ങളുമായിരുന്നു. അത് വെറും പ്രാഥമികമായ കുടുംബജീവിതം മാത്രമല്ല. അച്ഛനും അമ്മയും മക്കളും എന്നതില്‍ തുടങ്ങി പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലകുടുംബമായി അതു മാറുന്നു.
അതുകൊണ്ടാണ് ലോകം ഒരു കുടുംബം എന്നും, ലോകമേ തറവാട് എന്നുമൊക്കെയുള്ള ആദര്‍ശങ്ങള്‍ വളര്‍ന്നുവന്നത്.
അയം നിജ പരോവേതി
ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു
വസുധൈവ കുടുംബകം
ഇതിന്റെ സാമാന്യ അര്‍ത്ഥം ഇങ്ങനെയാണ്: ഇത് എന്റേത്, അത് നിന്റേത് എന്നൊക്കെ ചിന്തിക്കുന്നത് സങ്കുചിതമനസ്‌കരാണ്. വിശാലബുദ്ധിയുള്ളവര്‍ ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നു. നമുക്കു ലോകത്തിനു കൊടുക്കാനുള്ള മഹത്തായതും സനാതനവുമായ ഒരു സങ്കല്‍പ്പവും സംസ്‌കാരവുമാണ് കുടുംബമെന്നത്.
നല്ല വ്യക്തിയെ സൃഷ്ടിക്കാന്‍, നല്ല പൗരനെ വളര്‍ത്താന്‍, നല്ല സമൂഹത്തെ സംരക്ഷിക്കാന്‍, കരുത്തുറ്റ രാഷ്ട്രത്തെ പരിപോഷിപ്പിക്കാന്‍ ഒക്കെ അടിസ്ഥാനമാകുന്ന ഘടകം കുടുംബംതന്നെയാണ്. ഇത് സഹസ്രാബ്ദങ്ങളായി പരീക്ഷിച്ചു വിജയിച്ച് ലോകത്തിനുമുമ്പില്‍ കാട്ടിക്കൊടുത്ത വസ്തുതയാണ്. പഴയകാല കുട്ടിക്കഥകളില്‍ രാക്ഷസനെ കൊല്ലാന്‍ ശ്രമിക്കുന്ന രാജാവും രാക്ഷസനും തമ്മിലുള്ള യുദ്ധത്തെ നാം കേട്ടിട്ടുണ്ട്. അതില്‍ എത്ര ഉഗ്രമായ ആയുധം പ്രയോഗിച്ചിട്ടും രാക്ഷസനെ വധിക്കാന്‍ കഴിയാത്ത രാജാവിന്റെ മുമ്പില്‍ ഏതെങ്കിലും ഒരു ബാലനോ ദിവ്യനോ സംന്യാസിയോ പ്രത്യക്ഷപ്പെട്ട് രാക്ഷസനെ വധിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കുന്നു. അത് മിക്കവാറും ഇങ്ങനെയാണ്: വലിയ നദിക്ക് അക്കരെയുള്ള കൊടുംകാട്ടില്‍ നിലനില്‍ക്കുന്ന ഭീമാകാരമായ വൃക്ഷത്തില്‍ കൂടുകൂട്ടിയിരിക്കുന്ന കിളിയിലാണ് രാക്ഷസന്റെ ജീവന്‍. കിളിയെ കൊന്നാല്‍ മാത്രമേ രാക്ഷസനെ കീഴടക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ കാട്ടിലെ ഗുഹയില്‍ സര്‍പ്പത്താല്‍ സംരക്ഷിതമായിരിക്കുന്ന മാണിക്യം എടുത്താലേ രാക്ഷസനെ കൊല്ലാന്‍ പറ്റൂ. ഇത്തരം കഥകള്‍ പോലെയാണ് ഭാരതത്തെ സംബന്ധിച്ചുമുള്ളത്. സഹസ്രാബ്ദങ്ങളായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച് ഒട്ടൊക്കെ വിജയിച്ചെങ്കിലും ഒടുവില്‍ പരാജിതരായി പിന്‍വാങ്ങേണ്ടി വന്നവരുടെ ചരിത്രം! കാരണം ഭാരതത്തിന്റെ സംസ്‌കാരവും സമൂഹവും വളര്‍ന്നുവന്നുകൊണ്ടിരുന്നത് കുടുംബങ്ങളില്‍നിന്നായിരുന്നു. അതിലാണ് ഭാരതത്തിന്റെ പ്രാണന്‍ കുടികൊള്ളുന്നത്. പ്രാണന്‍ ദുര്‍ബ്ബലമായാല്‍ ഉടല്‍ വീഴും! ജീവന്‍ നിലനിന്നാല്‍ പോലും കര്‍മ്മശേഷി നഷ്ടപ്പെടും. അതു സംഭവിക്കാതിരിക്കണം.
ആധുനികകാലത്ത് അത് രാഷ്ട്രശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ പ്രാണന്‍ എന്തിലാണെന്ന് അവര്‍ക്കു മനസ്സിലായി. അവര്‍ ഇന്ന് നമ്മുടെ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും തങ്ങളുടെ ദംഷ്ട്രകള്‍ ആഴ്ത്തിയിറക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനെ എത്രയുംവേഗം തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം എന്നെന്നേക്കുമായി പരാജയപ്പെടും. ഈ വിഷമവൃത്തത്തില്‍ കുടുങ്ങി ഭാവിതലമുറ മൃഗസമാനജീവിതം നയിക്കുന്നവരായി മാറാതിരിക്കണമെങ്കില്‍ നാം കുടുംബസങ്കല്പത്തെ ശക്തിപ്പെടുത്തിയേ മതിയാകൂ.
കുടുംബമാണോ വ്യക്തിയാണോ നിലനില്‍ക്കുന്നത്, സമൂഹമാണോ പൗരനാണോ നിലനില്‍ക്കുന്നത്, രാഷ്ട്രമാണോ പാര്‍ട്ടിയാണോ നിലനില്‍ക്കുന്നത്, സംസ്‌കാരമാണോ ആള്‍ക്കൂട്ടമാണോ നിലനില്‍ക്കേണ്ടത്? ഇതില്‍ സാമാന്യബോധവും സംസ്‌കാരവുമുള്ള വ്യക്തികള്‍ക്ക് ആദ്യം പറഞ്ഞതിനെ പിന്തുണയ്‌ക്കേണ്ടി വരും. അരാജകവാദികള്‍ രണ്ടാമതു പറഞ്ഞതിലായിരിക്കും മുറുകെപ്പിടിക്കുക! അവര്‍ക്ക് തന്റെ കാലം കഴിഞ്ഞാല്‍ ലോകമില്ല. ഭാരതം അതല്ല പഠിപ്പിക്കുന്നത്. വ്യക്തി വരികയും പോവുകയും ചെയ്യും. സമൂഹവും രാഷ്ട്രവുമാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ ഇന്ന്, പുതിയ രാജ്യങ്ങള്‍ പരിഷ്‌ക്കാരത്തിന്റെ പേരില്‍ പരീക്ഷിച്ചു പരാജയപ്പെട്ട ലിവിംഗ് ടുഗതര്‍ നമ്മുടെ പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കാനുള്ള ഗൂഢമായ നീക്കങ്ങള്‍ നടക്കുന്നു. ‘എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം’ എന്ന പ്രാകൃതവാദത്തെ പുരോഗമനമെന്ന പേരില്‍ കെട്ടിയിറക്കുന്നു. വ്യക്തിസ്വാതന്ത്ര്യവാദവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവാദവും ഒക്കെ ഇത്തരം പ്രാകൃത ജീവിതശൈലി വളര്‍ത്താനുള്ള ഉപാധിയാക്കി മാറ്റുന്നു. സിനിമകളും സാഹിത്യസംവാദങ്ങളും ഇതു വളര്‍ത്താനുള്ള ഗൂഢവേദികളാക്കുന്നു. ലഹരിയുടെയും മറ്റും വ്യാപനം യാദൃശ്ചികമെന്നു കരുതുന്നോ? കൃത്യമായ അജണ്ടയിലൂടെ അദൃശ്യമായി കടത്തിവിടുന്ന കാര്യങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്.
ആധുനിക പേരന്റിംഗ്, പുരോഗമനവിദ്യാഭ്യാസ പദ്ധതിയും പാഠങ്ങളും, എല്ലാം അരാജകത്വത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കുമാണ് നയിക്കുന്നതെന്ന് വര്‍ത്തമാനകാലം നമ്മെ ബോധ്യപ്പെടുത്തുന്നില്ലേ? മാനസികവികാസമോ സാംസ്‌കാരികാവബോധമോ ധര്‍മ്മചിന്തയോ വളര്‍ത്തുന്ന പാഠങ്ങളും ബോധനങ്ങളും പൂര്‍ണ്ണമായി എടുത്തു കളഞ്ഞിരിക്കുന്നു. ഇങ്ങനെ രണ്ടോ മൂന്നോ തലമുറ കടന്നുപോയാല്‍ സഹസ്രാബ്ദങ്ങളായി നാം സ്വരുക്കൂട്ടി വച്ച മുഴുവന്‍ മൂല്യങ്ങളും നമുക്കു നഷ്ടപ്പെടും. സാമൂഹികജീവിതത്തിന്റെ വേരറ്റ് രാഷ്ട്രം ശിഥിലമാകും. ലോകത്തിനു മുമ്പില്‍ ഒരാള്‍ക്കൂട്ടരാജ്യമായി, നവീന രാഷ്ട്രശിശുവായി ചുരുങ്ങും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ നാം കുടുംബങ്ങളെ പുന:സ്ഥാപിക്കണം. ആവശ്യമായ പഥ്യങ്ങളും പരിമിതികളും ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങളും നിശ്ചയങ്ങളും വേണം. ആചരണങ്ങളും പരിശീലനങ്ങളും തിരിച്ചുകൊണ്ടുവരണം. അതിനുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യണം. മതസമൂഹങ്ങളും സമുദായങ്ങളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും തങ്ങളുടേതായ രീതിയില്‍ കുടുംബസങ്കല്‍പ്പത്തെ പുനഃപ്രതിഷ്ഠിക്കണം. ധര്‍മ്മബോധമുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരണം. അത്തരമൊരു അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനാണ് കുടുംബപ്രബോധന്‍ എന്നൊരു പ്രവര്‍ത്തനപദ്ധതി സംഘം ആസൂത്രണം ചെയ്യുന്നത്.
(തുടരും)





















