ഞായറാഴ്ച രാവിലെ തന്നെ അയല്‍ക്കാരായ ഡോ. വേണുവും ഭാര്യയും വന്നു. മകളുടെ കുട്ടിയുടെ നൂലുകെട്ടിനു ക്ഷണിക്കാനാണ്. മാത്രമല്ല അവര്‍ പുതിയതായി വാങ്ങിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ പാല് കാച്ചല്‍ ചടങ്ങ് കൂടിയാണ്. അവിടെയുള്ള കോണ്‍ഫറന്‍സ് റൂമില്‍ വെച്ചാണ് ചടങ്ങ്. കുശലാന്വേഷണത്തിനു ശേഷം ഞാന്‍ ചോദിച്ചു. എന്താ പേരിടുന്നത്? മീനാക്ഷി എന്ന് ഉത്തരം.
‘കൊള്ളാം കല്ല്യാണിയുടെ മകള്‍ മീനാക്ഷി. ചിലര്‍ക്ക് പഴയ പേരുകളോടാണ് ഇപ്പോള്‍ താല്‍പ്പര്യം.’ എന്ന് ഞാന്‍. എങ്കിലും കുട്ടിയെ കണ്ട ആളെന്ന നിലയ്ക്ക് ഞാന്‍ ചോദിച്ചു. ‘അവള്‍ക്ക് ധാരാളം മുടിയുള്ളതു കൊണ്ട് സുകേശിനി എന്നിടാമായിരുന്നു.’
‘ഹ..ഹ..ഹ.’ ഡോക്ടര്‍ ചിരിച്ചു. ‘ഇപ്പോള്‍ അച്ഛനമ്മമാരുടെ ഇഷ്ടം പോലെയാണ് എല്ലാം.’
‘എന്നാലും അവര്‍ സംസ്‌കാരമുള്ളവര്‍ തന്നെ. മോശം പേര് ഒന്നും ഇട്ടില്ലല്ലോ? ഇപ്പോഴത്തെ ഓരോ പേരുകള്‍ കേട്ടാല്‍….’
‘ശരിയാണ്. ഇപ്പോള്‍ മാത്രമല്ല. പണ്ട് അച്ഛനമ്മമാരുടെ പേരിന്റെ ആദ്യത്തെ അക്ഷരം വെച്ച് കുട്ടിക്ക് ചിലര്‍ പേരിട്ടിരുന്നു. ചിലപ്പോള്‍ അത് അശ്ലീലത്തോളം എത്തും’
‘ഹ ഹ ഹ, ശരിയാണ് കഷായം സുകുമാറിന്റെയോ വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെയോ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു.
ഒരു മാനദണ്ഡവും പാലിക്കാതെയാണ് പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ അവരുടെ കുട്ടികള്‍ക്ക് പേരിടുന്നത്. ഇന്റര്‍നെറ്റില്‍ പരതി ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കും. ഹിന്ദുക്കളിലാണ് ഇത് കലശലായിരിക്കുന്നത് ‘ന്താപ്പോ?’ സംസ്‌ക്കാരം അവരിലാണ് കൂടുതല്‍. ക്രിസ്ത്യാനികള്‍ ഇംഗ്ലീഷ് വാക്കുകള്‍ ഇടുന്നതു അര്‍ത്ഥം നോക്കിയല്ല. മുസ്ലീങ്ങള്‍ കുട്ടികള്‍ക്ക് മുഴുവന്‍ ഇപ്പോള്‍ അറബിക് പേരുകളാണ് ഇടുന്നത്. അതും അര്‍ത്ഥം നോക്കിയല്ല. അപൂര്‍വ്വം ചിലര്‍ വിശ്വാസ പാരമ്പര്യങ്ങളിലെ പഴയ നാമങ്ങള്‍ ചികഞ്ഞെടുത്ത് ഉപയോഗിക്കുന്നുണ്ട്.’
‘ശരിയാണ്. അര്‍ത്ഥവത്തായ പേരുകള്‍ നമ്മള്‍ ഉപയോഗിക്കേണ്ടതുണ്ട്. നമ്മുടെ ആദിവാസികള്‍, പട്ടിക ജാതിക്കാര്‍ എല്ലാവരും പുരോഗമിച്ചു എങ്കിലും ഇപ്പോഴും ചെള്ളി, എലുമ്പന്‍, കൊരമ്പന്‍ എന്നൊക്കെ പേരുകള്‍ കേള്‍ക്കാം. കുട്ടികള്‍ക്കു അത്തരം പേരുകള്‍ ഇട്ടാല്‍ വലുതാവുമ്പോള്‍ അവര്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കാം’ ഡോക്ടര്‍ പറഞ്ഞു.
‘ശരിയാണ്. അതിനാലാണ് ഇന്ത്യയില്‍ ആദ്യമായി രാജസ്ഥാന്‍ ഗവണ്മെന്റ് ‘സാര്‍ത്ഥക് നം അഭിയാന്‍’ എന്ന ഒരു പദ്ധതി തുടങ്ങിയത്. അത് പ്രകാരം ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുമായി ആലോചിച്ച് പേര് മാറ്റാനുള്ള അവസരം നല്‍കും. രണ്ടു തരം പേരുകള്‍ അവിടെ പതിവാണ്. ഗ്രാമീണര്‍ ആദിവാസികള്‍ എന്നിവര്‍ ആദ്യത്തെ വിളിപ്പേര് കുട്ടിക്ക് ഇടുന്നവരാണ്. അത് കൊഞ്ചി വിളിച്ച ടിറ്റു, മോട്ടു, പിങ്കി, ചിപ്പി, മങ്കി, ശൈത്താന്‍ എന്നു തുടങ്ങി അനേകം ചെല്ലപ്പേരുകളും പട്ടണത്തിലെ ജനങ്ങള്‍ ആധുനിക അര്‍ത്ഥമില്ലാത്ത വികട പേരുകളിടുന്നവരുമാണ്. കുട്ടികള്‍ വലുതായാല്‍ അത് അവരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന വലിയ പ്രശ്‌നമാവും. ഈ പദ്ധതി അതിനു ഒരു പരിഹാരമാണ്. ഒരു കുട്ടിക്ക് അച്ഛനുമമ്മയും ഇട്ട പേര് ഇഷ്ടമല്ലെന്നു തോന്നിയാല്‍ പിന്നീട് മാറ്റാനുള്ള അവസരം.’
‘അത് വളരെ നല്ല കാര്യമാണ്.’ ഡോക്ടര്‍ അതിനോട് പൂര്‍ണ്ണമായും യോജിച്ചു.
‘നമ്മുടെ രാജ്യത്ത് പേരിടുന്നതിന്, കുട്ടികള്‍ക്കാണെങ്കിലും സ്ഥാപനങ്ങള്‍ക്കാണെങ്കിലും, ഒരു നിബന്ധനയുമില്ല. വിദേശത്തെ പല രാജ്യങ്ങളിലും കുട്ടികള്‍ക്ക് പേരിടുന്നതിന് സര്‍ക്കാര്‍ അംഗീകാരം വേണം. ലിംഗഭേദം പാലിക്കണം, ആണ്‍കുട്ടിക്ക് വേറെ പെണ്‍കുട്ടിക്ക് വേറെ, രാഷ്ട്ര സംസ്‌കാരത്തിന് അനുയോജ്യമായ പേര് വേണം എന്നൊക്കെ വിവക്ഷ ഉണ്ട്. ചില രാജ്യങ്ങളില്‍ അവര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുന്നതേ അനുവദിക്കൂ. കുഖ്യാത വ്യക്തികളുടെ പേരുകള്‍, സാധനങ്ങളുടെ പേരുകള്‍ എന്നിവ സമ്മതിക്കില്ല.’
‘അതെ നമ്മള്‍ക്കും അത് പോലെ നിയമങ്ങള്‍ വേണം, ഇവിടെ ഷിജി, ഷാജി, സജി, എന്ന് തുടങ്ങിയ പേരുകള്‍ ആണിനും പെണ്ണിനും ഒരു പോലെ ഇടും. കുഖ്യാത പേരുകള്‍ ഹിറ്റ്‌ലര്‍, ഔറംഗസേബ്, സ്റ്റാലിന്‍ ഇപ്പോള്‍ ആരും ഇടാറില്ല. എന്നാലും ഒരു തമാശ കേട്ടോളൂ. ഈയിടെ എന്റെ ഒരു ബന്ധു ഒരു ബംഗാളിയെ പണിക്ക് വിളിച്ചു. പേരെന്താ എന്ന് ചോദിച്ചപ്പോള്‍ ‘സദ്ദാം ഹുസ്സെയിന്‍’ വൈകീട്ട് അവന്‍ പോയതിന്റെ ശേഷമേ സമാധാനമുണ്ടായുള്ളുവത്രേ.’
‘ഹ ഹ ഹ’ ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു.
‘എന്നാലും ഒസാമ ബിന്‍ ലാദന്‍ എന്നൊന്നും പറഞ്ഞില്ലല്ലോ’ എന്ന് ഡോക്ടര്‍.
‘പേരിടല്‍ നിയമം ചില രാജ്യങ്ങളില്‍ വളരെ സ്ട്രിക്ട് ആണ്. എന്നാലും അതിനെ വെല്ലു വിളിച്ച് കൊണ്ട് ചില മനുഷ്യാവകാശികള്‍ വികട പേരുകള്‍ ഇട്ട് സര്‍ക്കാറുമായി കേസ് കൂടും. സ്‌പെയിനില്‍ ഒരു കുടുംബം തങ്ങളുടെ കുഞ്ഞിന് ‘സര്‍കം സിഷന്‍’ (ചേലാകര്‍മ്മം) എന്ന് പേരിട്ടത് വലിയ വിവാദമായി. സര്‍ക്കാര്‍ അത് സമ്മതിച്ചില്ല.
സ്വീഡനില്‍ ഒരു കുടുംബം അവര്‍ക്കൊഴികെ മറ്റാര്‍ക്കും ഉച്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ എല്ലാ ആല്‍ഫബെറ്റ്‌സും കൂടി മിക്‌സ് ചെയ്ത ഒരു വാക്കുണ്ടാക്കി കുഞ്ഞിന് പേരിട്ട് സര്‍ക്കാരുമായി കേസ് കൂടി തോറ്റതു വലിയ വാര്‍ത്തയായിരുന്നു. കിംഗ്, മിനിസ്റ്റര്‍, ജീസസ്, ക്രൈസ്റ്റ്, സ്‌പെഷല്‍ ക്യാരക്ടേഴ്‌സ്, സംഖ്യ, ഇമോജികള്‍ എന്നിവയ്ക്ക് അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വിലക്കുണ്ട്. അത് ആര്‍ക്കും ഇടാന്‍ പറ്റില്ല. വോയ്ഡ്, ടെസ്റ്റ്, ഇന്‍ഫന്റ് അങ്ങനെ ബ്‌ളാക് ലിസ്റ്റ് ചെയ്ത അനേകം പേരുകളുണ്ട്. 2020 ല്‍ ഇലോണ്‍ മസ്‌ക് തന്റെ കുഞ്ഞിന് ‘ത’ എന്ന് പേരിട്ടത് വലിയ വിവാദമായിരുന്നു. മസ്‌കിന്റെ മറ്റു കുട്ടികളുടെ പേരുകള്‍ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌ക്കാരം എന്നിവയെ കുറിക്കുന്ന വിചിത്ര പേരുകളാണ്. എന്തായാലും ഒരു പേരിലെന്തിരിക്കുന്നു? എന്ന് ഷേക്‌സ്പിയര്‍ തൊട്ട് പലരും ചോദിക്കുമെങ്കിലും പലതും ഇരിക്കുന്നു എന്ന് പറയേണ്ടിവരും. സ്ഥലനാമങ്ങള്‍ ഇപ്പോള്‍ മാറുന്നതും പണ്ട് അധിനിവേശ ശക്തികള്‍ മാറ്റിയതും പലതും ചിന്തിച്ചു തന്നെയാണ്. കോഴിക്കോട് തളി ജൂബിലി ഹാളിന്റെ പേര് മാറ്റിയിട്ടത് വിവാദമായില്ലേ?’
‘നമുക്ക് നാമകരണം വളരെ പ്രധാനമാണ്. ഒരുപക്ഷെ മറ്റു മതങ്ങളെക്കാളും. അല്ലെ?’
‘തീര്‍ച്ചയായും ഷോഡശ: സംസ്‌കാര ക്രിയകളില്‍ പ്രധാനപ്പെട്ട ഒന്നാണത്. അതിനു വിധിയുണ്ട്. ജനിച്ച് പത്താം നാളിലോ പന്ത്രണ്ടാം നാളിലോ മുഹൂര്‍ത്തം, തിഥി, നക്ഷത്രം, കുല ദേവത, കുടുംബം എന്നിവ നോക്കി പേരിടാം എന്ന് സ്മൃതികള്‍ പറയുന്നുണ്ട്. അര്‍ത്ഥവത്തായ പേരിടണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. രാമായണത്തില്‍ വസിഷ്ഠ മഹര്‍ഷി രാമന്‍ എന്ന പേരിട്ടതിന് മറ്റു പുരാണഗ്രന്ഥങ്ങളില്‍ അനേകം കാരണങ്ങള്‍, അര്‍ത്ഥങ്ങള്‍ പറയുന്നുണ്ടെങ്കിലും വാല്മീകി രാമായണത്തില്‍ ‘ജ്യേഷ്ഠം രാമം മഹാത്മാനം ഭരതം കൈകേയീ സുതം’ എന്നേ പറയുന്നുള്ളൂ. അത് പോരെ രാമന്റെ മഹത്വം തെളിയിക്കാന്‍?
‘ആട്ടെ.. രാജസ്ഥാനില്‍ വല്ലവരും പേര് മാറ്റാന്‍ തുടങ്ങിയോ?’ ഡോക്ടര്‍ ചോദിച്ചു.
‘ഇല്ല.. എല്ലാറ്റിനും രാഷ്ട്രീയം നോക്കി എതിര്‍ക്കുന്ന നാടാണല്ലോ നമ്മുടേത്. ആരോ ‘എഐ’ ഉപയോഗിച്ച് ഒരു സാര്‍ത്ഥക നാമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇനി മുതല്‍ ഇതിലെ പേരുകള്‍ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ എന്നോ മറ്റോ എഴുതി. അതില്‍ കൊടുത്ത പല പേരും ഒരു അര്‍ത്ഥവുമില്ലാത്ത പേരുകളായിരുന്നു. വിവാദമായപ്പോള്‍ സര്‍ക്കാര്‍ പദ്ധതി സസ്‌പെന്‍ഷനില്‍ വെച്ചിരിക്കുകയാണ്.’
‘സംഗതി വളരെ നല്ലതാണ്. കുട്ടികളുടെ കൂടെ ഇഷ്ടത്തിനനുസരിച്ച് അവരുടെ പേര് എന്നത് അഭികാമ്യമാണ്. ഭാവിയില്‍ അവര്‍ക്ക് കളിയാക്കല്‍, മാനസിക വിഷമങ്ങള്‍ എന്നിവ നേരിടാതിരിക്കാന്‍’
‘ശരിയാണ്. ഗുരു ചാണക്യന്‍ പേരിനു വലിയ വില കല്‍പ്പിക്കുന്നില്ല. പേരും കുടുംബ മഹിമയും ഒന്നുമല്ല ബുദ്ധിയാണ് കാര്യം എന്ന് പല ശ്ലോകങ്ങള്‍ കൊണ്ട് സമര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും അപ്രിയമായ ഒരു പേരും കൊണ്ട് ജീവിതകാലം മുഴുവന്‍ നടക്കേണ്ട ദൗര്‍ഭാഗ്യകരമായ ആ അവസ്ഥയെ കുറിച്ച് അന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്നത്തെ പരിസ്ഥിതിയല്ലല്ലോ അന്ന്.
എങ്കിലും മഹാഭാരതത്തിലെ അശ്വത്ഥാമാവ് അന്നും ഉണ്ടായിരുന്നല്ലോ. ദ്രോണര്‍ വളരെ ആഗ്രഹിച്ച് ശിവനെ തപസ്സ് ചെയ്താണ് ഒരു പുത്രനെ ലഭിച്ചത്. പ്രസവിച്ചപ്പോള്‍ കുട്ടി ഭയാനകമായ കുതിരക്കരച്ചിലോടെയാണ് ജനിച്ചത്. അപ്പോള്‍ ആകാശത്ത് നിന്ന് അശരീരി കേട്ടു. അവനു അശ്വത്ഥാമാ (കുതിരക്കരച്ചില്‍) എന്ന് പേരിടുക എന്ന്. പിന്നീട് വലിയ യോദ്ധാവായ അവന്‍ കൊടിയ പാപം ചെയ്തു. ഉറങ്ങിക്കിടന്ന പാണ്ഡവരുടെ കുഞ്ഞുങ്ങളെ കൊന്നു. അതിന് കൃഷ്ണന്‍ കഠിനമായി ശപിച്ചു. മേല്‍ മുഴുവന്‍ വൃണങ്ങളുമായി കൊടിയ വേദന സഹിച്ച് കലി യുഗാന്ത്യം വരെ വാവിട്ട് കരഞ്ഞു നടക്കുക.. ഇന്ന് ആരെങ്കിലും കുട്ടിയ്ക്ക് പട്ടി എന്ന് പേരിട്ടേക്കാം. എന്നാല്‍ അശ്വത്ഥാമാ എന്ന് ആരെങ്കിലും പേരിടുമോ?’
ഡോക്ടര്‍ ചിരിച്ചിട്ട് പറഞ്ഞു ‘അശ്വത്ഥാമാ ഹത കുഞ്ചര. ശരി. വാചകമടിച്ച് സമയം പോയി..’
‘ഹ.ഹ.ഹ.’ ഞങ്ങള്‍ ചിരിച്ചു.
ഡോക്ടര്‍ പോകാന്‍ തിടുക്കം കാട്ടി. ‘അപ്പൊ അടുത്ത ബുധനാഴ്ചയാണ് ചടങ്ങ്….സകുടുംബം വരൂ’
എന്ന് പറഞ്ഞു എഴുന്നേറ്റു.
‘ശരി. അപ്പൊ ഇനി മുതല്‍ കുട്ടികള്‍ക്ക് എല്ലാവരും സാര്‍ത്ഥകമായ പേരിടട്ടെ. സ്വസ്തി’ എന്ന് പറഞ്ഞു ഞാനും എഴുന്നേറ്റു.





















