ബ്രിട്ടണിലെ ‘അരാജകവാദി’കളെ നിരീഷിക്കുവാന്‍ ബ്രിട്ടീഷ് പോലീസിന്റെ കീഴില്‍ ആരംഭിച്ച കുറ്റാന്വേഷണ വിഭാഗമായിരുന്നു, ‘സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ്’ (Scotland Yard Police). 1903 ല്‍ ഭാരതത്തില്‍ ആരംഭിച്ച ഡി.സി.ഐ (Department of Criminal Intelligence D.C.I)എന്ന കുറ്റാന്വേഷണ വകുപ്പും, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെ ഒരു ഉപവിഭാഗമായാണ് ആരംഭിക്കുന്നത്.
വിപ്ലവ പ്രവര്‍ത്തനങ്ങളുടെ വ്യാപനമാണ്, ഭാരതത്തില്‍ ഒരു കുറ്റാന്വേഷണ വകുപ്പ് ആരംഭിക്കുവാനുണ്ടായ സാഹചര്യം. ഭാരതത്തിലെ വിപ്ലവ സംഘടനകള്‍, യൂറോപ്പിലും, അമേരിക്കയിലുമുള്ള മറ്റ് വിപ്ലവ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു. ഈ സംഘടനകളുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് ആഴത്തില്‍ ബോധ്യമുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത്രയധികം അറിവുണ്ടായിരുന്നിട്ടും, ലണ്ടനിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും, ഭാരതത്തിലെ കുറ്റാന്വേഷണ വിഭാഗമായ ഡി.സി.ഐയും, ആദ്യകാലങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്തിയിരുന്നില്ല.
1905-ലെ ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന്, ഭാരതത്തിലുടനീളമുണ്ടായ വിപ്ലവ പ്രവര്‍ത്തനങ്ങളോടെയാണ്, ഡി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനു ബോധ്യപ്പെടുന്നത്. അതേ തുടര്‍ന്ന് 1909 ഓടെ, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനും, ഡി.സി.ഐക്കുമിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഏകീകരിക്കപ്പെട്ടു.
സാവര്‍ക്കറും അദ്ദേഹത്തിന്റെ വിപ്ലവസുഹൃത്തുക്കളും ലണ്ടനില്‍ താമസിച്ചിരുന്നത്, ‘ഇന്ത്യാഹൗസ്’ എന്ന വിദ്യാര്‍ഥി വസതി (Hostel)യില്‍ ആയിരുന്നു. ഇന്ത്യാഹൗസിലെ എല്ലാ അന്തേവാസികളെയും, അവര്‍ പോകുന്നിടത്തെല്ലാം, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഡിറ്റക്ടീവുകള്‍ നിഴല്‍പോലെ പിന്‍തുടര്‍ന്നിരുന്നു.
ഇന്ത്യാഹൗസില്‍ എപ്രകാരമാണ്, ബ്രിട്ടീഷ് സര്‍ക്കാര്‍ ചാര പ്ര വര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് എന്നതിന് രേഖപ്പെടുത്തപ്പെട്ട ചില ഉദാഹരണങ്ങളുണ്ട് (Echos from a forgotten Past, page 146-149). ചില ചെറുപ്പക്കാരെ ചാര പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ഡി.സി.ഐ ഭാരതത്തില്‍ നിന്നും, തിരഞ്ഞെടുത്ത് ലണ്ടനിലേക്കയച്ചിരുന്നു. വിദ്യാര്‍ത്ഥികളായി എത്തിയ അവരുടെ യാഥാര്‍ത്ഥ ഉദ്ദേശ്യം ഡി.സി.ഐ ക്കും, സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനും വേണ്ടിയുള്ള വിവര ശേഖരണമായിരുന്നു.
അപ്രകാരം ലണ്ടനില്‍ എത്തിയ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു സുഖ് സാഗര്‍ ദത്ത് (അയാളുടെ യഥാര്‍ത്ഥ പേര് സജനി രഞ്ജന്‍ ബാനര്‍ജി എന്നായിരുന്നു). തന്റെ കുടുംബത്തിനുണ്ടായിരുന്ന കടം വീട്ടുവാന്‍ വേണ്ടിയാണ് ദത്ത് ബ്രിട്ടീഷ് ചാരനായി മാറിയത്. ലണ്ടനിലേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ അയാളുടെ സാമ്പത്തിക ബാധ്യതകളെയും, ബ്രിട്ടീഷ് സര്‍ക്കാര്‍ തീര്‍പ്പാക്കിയിരുന്നു.
ദത്തിന്റെ യാത്രാചെലവും പ്രവേശന ഫീസും പുസ്തകങ്ങളും ഉപകരണങ്ങളും വാങ്ങുവാനുള്ള ചെലവും പഠനം പൂര്‍ത്തിയാക്കിയശേഷം, ഭാരതത്തിലേക്കു തിരികെ മടങ്ങുവാനുള്ള യാത്രാ ചെലവുമെല്ലാം പൂര്‍ണമായും ഡി.സി.ഐ വഹിച്ചു. 1909 ഒക്ടോബര്‍ മുതല്‍ 1913 ജൂണ്‍ വരെയുളള 45 മാസക്കാലം ‘ഇന്ത്യാ ഹൗസി’ല്‍ താമസിച്ച് വിവരങ്ങള്‍ കൈമാറണം എന്ന വ്യവസ്ഥയിലായിരുന്നു, ഡി.സി.ഐ ദത്തിനെ ലണ്ടനിലേക്കയച്ചത്. ഈ കാലയളവില്‍ 20 പൗണ്ട്, പ്രതിമാസ അലവന്‍സും ദത്തിന് നല്‍കിയിരുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്, ദത്ത് വളരെ പ്രയോജനകരമായ വ്യക്തിയായിരുന്നു. സാവര്‍ക്കര്‍ക്കോ, സുഹ്യത്തുക്കള്‍ക്കോ യാതൊരു സംശയവും തോന്നാത്തവിധം ദത്ത് തന്റെ ജോലി വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു.
എന്നാല്‍ ഡി.സി.ഐ ഇന്ത്യാ ഹൗസില്‍ നിയോഗിച്ച എല്ലാവരും, സുഖ ്‌സാഗര്‍ ദത്തിനോളം വൈദഗ്ധ്യമുള്ളവരായിരുന്നില്ല. അത്തരത്തിലൊരാളായിരുന്നു കീര്‍ത്തികര്‍. 1909 തുടക്കത്തിലാണ് അയാള്‍ ‘ഇന്ത്യാ ഹൗസി’ല്‍ എത്തുന്നത്. അയാള്‍ മടിയനും, അലസനുമായിരുന്നു. മറാത്തി സംസാരിക്കുന്ന കീര്‍ത്തികര്‍, വളരെപ്പെട്ടന്നു തന്നെ സാവര്‍ക്കറുമായി അടുത്തു. സാവര്‍ക്കര്‍ ‘ഇന്ത്യാഹൗസി’ല്‍ സംഘടിപ്പിച്ചിരുന്ന എല്ലാ മീറ്റിംഗുകളിലും അയാള്‍ സ്ഥിരമായി പങ്കെടുക്കുകയും, സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെത്തി, താമസിയാതെ കീര്‍ത്തികര്‍, ഒരു ഇംഗ്ലീഷ് വനിതയുമായി പ്രണയബന്ധം ആരംഭിച്ചു. ദന്ത ചികില്‍സ പഠിക്കുവാന്‍ ലണ്ടനില്‍ എത്തിയതാണെന്നവകാശപ്പെട്ട കീര്‍ത്തികര്‍, പലപ്പോഴും കോളേജില്‍ പോയിരുന്നില്ല. മിക്ക ദിവസങ്ങളിലും, വളരെ വൈകിയായിരുന്നു അയാള്‍ ഇന്ത്യാഹൗസില്‍ തിരികെ എത്തിയിരുന്നത്.
കീര്‍ത്തികറിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ സാവര്‍ക്കറും, ഒരു സുഹ്യത്തും (ഡോ. ടി.എസ്.എസ്. രാജന്‍) ഒരു ദിവസം കോളേജിലെത്തി ഇയാളെക്കുറിച്ച് അന്വേഷിച്ചു. അഡ്മിഷന്‍ കഴിഞ്ഞ് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് അയാള്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത് എന്നവര്‍ കണ്ടെത്തി. അതോടെ കീര്‍ത്തികര്‍ ഒരു ബ്രിട്ടീഷ് ചാരനാണെന്നും, യഥാര്‍ത്ഥത്തില്‍ പഠിക്കുവാന്‍ വന്നതല്ല എന്നും അവര്‍ക്കു മനസ്സിലായി.
ഒരു രാത്രി, കീര്‍ത്തികര്‍ തന്റെ ഇംഗ്ലീഷ് കാമുകിയുമായി നാടകം കാണുവാന്‍ പോയപ്പോള്‍, സാവര്‍ക്കറും, വി.വി.എസ് അയ്യര്‍ ഉം ചേര്‍ന്ന് മാസ്റ്റര്‍ കീ (master key) ഉപയോഗിച്ച് അയാളുടെ മുറി തുറന്നു പരിശോധിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുന്നതിനായി, ഇന്ത്യാ ഹൗസിലെ ആ ആഴ്ച്ചയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കീര്‍ത്തികര്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് അവിടെയുള്ള ഒരു പെട്ടിയില്‍ നിന്നും അവര്‍ കണ്ടെത്തി. നാടകം കഴിഞ്ഞ് തിരികെ എത്തിയ കീര്‍ത്തികറെ അവര്‍ മുറിക്കുള്ളില്‍ പൂട്ടി. ലോഡു ചെയ്ത ഒരു റിവോള്‍വര്‍ അയാളുടെ തലയില്‍ പിടിച്ച് ഭീഷണിപ്പെടുത്തി. ഏറെ നിഷേധത്തിനുശേഷം അയാള്‍ കുറ്റസമ്മതം നടത്തി, സാവര്‍ക്കറുടേയും, അയ്യരുടേയും കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. ബ്രിട്ടീഷുകാര്‍ക്ക് അയച്ചു കൊടുക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും, സാവര്‍ക്കറുടേയോ, അയ്യരുടേയോ, സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥയില്‍ കീര്‍ത്തികറെ ഇന്ത്യാ ഹൗസില്‍ തുടരുവാന്‍ അനുവദിച്ചു. അങ്ങനെ കീര്‍ത്തികര്‍ എന്ന ബ്രിട്ടീഷ് ചാരനെത്തന്നെ അവര്‍ക്ക് തെറ്റായതും, കെട്ടിച്ചമച്ചതുമായ വിവരങ്ങള്‍ നല്‍കുവാന്‍ സാവര്‍ക്കര്‍ ഉപയോഗിച്ചു തുടങ്ങി.
സാവര്‍ക്കര്‍ ചില സഹവിപ്ലവകാരികളെ ഇരട്ട ഏജന്റ് (Double Agent) ആയി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസില്‍ നിയോഗിച്ചിരുന്നു. ബ്രിട്ടീഷ് അനുഭാവിയായി നടിച്ച് അവര്‍ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറി, അവരുടെ അന്വേഷണത്തെ വഴി തെറ്റിക്കുക എന്നതായിരുന്നു ‘ഇരട്ട ഏജന്റു’മാരുടെ ഉത്തരവാദിത്തം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം.പി.റ്റി ആചാര്യ ഇത്തരത്തില്‍ ഒരു ഇരട്ട ഏജന്റ് ആയിരുന്നു.
ഭാരതത്തിലും ഇരട്ട ഏജന്റ് ആയി പ്രവര്‍ത്തിച്ച നിരവധി അഭിനവ ഭാരത് (സാവര്‍ക്കര്‍ ആരംഭിച്ച വിപ്ലവ സംഘടന) അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും തപാല്‍ വകുപ്പിലെ ജോലിക്കാരായിരുന്നു. ഭാരതത്തിനും, ഇംഗ്ലണ്ടിനുമിടയിലെ സര്‍ക്കാര്‍ സന്ദേശങ്ങള്‍ ടെലിഗ്രാം രൂപത്തിലായിരുന്നു കൈ മാറ്റം ചെയ്തിരുന്നത്. ടെലിഗ്രാം വകുപ്പ് അന്ന് തപാല്‍ വകുപ്പിന്റെ കീഴിലായിരുന്നു. ഭാരതത്തിനും ഇംഗ്ലണ്ടിനുമിടയിലെ സമയ വ്യത്യാസം കണക്കിലെടുത്ത്, ഇരു രാജ്യങ്ങള്‍ക്കിടയിലെ ടെലിഗ്രാം കൈമാറ്റം സാധാരണ ഭാരതത്തില്‍ രാത്രി ആയിരിക്കുമ്പോള്‍ ആണ് നടന്നിരുന്നത്. അത്തരം രാത്രികാല ജോലിക്ക്, ആഗ്ലോ ഇന്ത്യന്‍ തൊഴിലാളികളെ മാത്രമെ നിയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ അഭിനവ ഭാരതത്തിന്റെ ഇരട്ട ഏജന്റുമാര്‍, ആഗ്ലോ ഇന്ത്യന്‍ തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച്, ടെലിഗ്രാം വകുപ്പിലെ ഈ രാത്രികാല ജോലിയില്‍ നുഴഞ്ഞു കയറിയിരുന്നു.
ഒരു രാത്രി, ഇംഗ്ലണ്ടില്‍ നിന്നും ലഭിച്ച ഒരു ടെലിഗ്രാം സന്ദേശം കണ്ട് ഇരട്ട ഏജന്റുമാര്‍ ഞെട്ടിപ്പോയി. ഇംഗ്ലണ്ടില്‍ നിന്നും മോര്‍ലി പ്രഭു (Lord Morley- Secretery of State for British India) ഭാരതത്തിലെ അന്നത്തെ വൈ സ്രോയി മിന്റോയിക്ക് അയച്ച സന്ദേശമായിരുന്നു അത്. തിലകനുമായുളള സാവര്‍ക്കര്‍ സഹോദരന്മാരുടെ അടുപ്പം കണക്കിലെടുത്ത് അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ജി.കെ (G.K) തന്നോടു പറഞ്ഞു എന്നായിരുന്നു മോര്‍ലി ആ സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഗോപാലകൃഷ്ണ ഗോഖലെ അന്ന് ലണ്ടന്‍ പര്യടനത്തിലായിരുന്നു. അദ്ദേഹം പതിവായി മോര്‍ലി പ്രഭുവിനെ കാണുകയും ചെയ്തിരുന്നു. അതിനാല്‍, ‘ജി.കെ’ മറ്റാരുമല്ല, അത് ഗോപാലകൃഷ്ണ ഗോഖലെ തന്നെ ആണെന്ന് വിപ്ലവകാരികള്‍ അനുമാനിച്ചു. അദ്ദേഹം വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയാണെന്ന് അവര്‍ സ്വാഭാവികമായും സംശയിച്ചു. ഈ സംഭവത്തിന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗണേശ് ദാമോദര്‍ സാവര്‍ക്കര്‍ക്കെതിരെ (വിനായക ദാമോദര്‍ സാവര്‍ക്കറുടെ ജ്യേഷ്ഠന്‍) പോലീസ്, നിരീക്ഷണം ഏര്‍പ്പെടുത്തി. ഇത് പൂനയില്‍ നിന്നുള്ള നിരവധി വിപ്ലവകാരികളെ പ്രകോപിപ്പിക്കുകയും, ഗോഖലയെ വധിക്കുവാന്‍ ഒരു വിഫല ശ്രമം നടത്തുകയും ചെയ്തു. വളരെക്കാലത്തിനുശേഷം, ഈ ശ്രമത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ കുറ്റം സമ്മതിക്കുകയും, ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നാണ്, സാവര്‍ക്കര്‍ ജീവചരിത്രകാരന്‍ ഡോ. വിക്രം സമ്പത്ത്എഴുതിയിരിക്കുന്നതv- (Savarkar: Echoes from a forgotten Past, page 149).

1906 ജൂലായിലാണ് സാവര്‍ക്കര്‍ ലണ്ടനില്‍ എത്തുന്നത്. അതിനു വളരെ മുന്‍പുതന്നെ സാവര്‍ക്കര്‍ സഹോദരന്മാര്‍, ബ്രിട്ടീഷ് ഇന്ത്യയില്‍, രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ്, സാവര്‍ക്കര്‍ നാസിക്കിലും, പൂനയിലും നിരവധി പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ഈ പ്രസംഗങ്ങളിലെല്ലാം, പോലീസ് ചാരന്മാര്‍ പങ്കെടുക്കുകയും, പ്രസംഗങ്ങളുടെ ഉള്ളടക്കം ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇവയെല്ലാം വര്‍ഷങ്ങള്‍ക്കുശേഷം സാവര്‍ക്കര്‍ക്കെതിരെ ‘രാജ്യദ്രോഹ’ക്കുറ്റം ചുമത്തുവാന്‍ ഉപയോഗിക്കപ്പെട്ടു. നാസിക്കിലെ ഒരു പ്രസംഗത്തിനുശേഷം, സാവര്‍ക്കറിന്റെയും, അദ്ദേഹത്തിന്റെ വിപ്ലവ സുഹൃത്തുക്കളുടേയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയും പില്‍ക്കാലത്ത് സാവര്‍ക്കര്‍ക്കെതിരായ വിചാരണ നടക്കുന്ന അവസരത്തില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ ബ്രിട്ടീഷുകാര്‍ക്കെതിരെ രോഷാകുലമായ പ്രസംഗങ്ങള്‍ നടത്തിയതോടെയാണ് സാവര്‍ക്കര്‍ ആദ്യമായി പോലീസ് നിരീക്ഷണത്തിലാവുന്നത്. അതിനുശേഷം തന്റെ ജീവിതകാലം മുഴുവനും അദ്ദേഹം പോലീസ് നിരീക്ഷണത്തില്‍ ജീവിച്ചു. സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷ് പോലീസും, അതിനുശേഷം 1966 ല്‍ മരിക്കുന്നതുവരെ ഇന്ത്യന്‍ പോലീസും സാവര്‍ക്കറെ നിരീക്ഷിച്ചു.





















