തുഞ്ചത്തെഴുത്തച്ഛന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ തമസ്‌കരിക്കാനും അതിനുപകരം ഭാഷാപിതാക്കന്മാരായി ചില ക്രൈസ്തവ മിഷണറിമാരെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങള്‍ അടുത്ത കാലത്തായി കേരളത്തില്‍ നടക്കുകയാണ്. മതപരിവര്‍ത്തനത്തിനു വേണ്ടി നിഘണ്ടുക്കള്‍ തയ്യാറാക്കിയ മിഷണറിമാര്‍ ഭാഷകളെയും സംസ്‌കാരങ്ങളെയും ലോക ഭൂപടത്തില്‍നിന്നും ഉന്മൂലനം ചെയ്യുകയാണ് ഉണ്ടായത്. മിഷണറിമാര്‍ ഓരോ പ്രദേശത്തെയും ഭാഷ പഠിക്കാന്‍ ശ്രമിക്കുകയും നിഘണ്ടുക്കള്‍ ഉണ്ടാക്കുകയും ചെയ്തത് ബൈബിള്‍ പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് മതവ്യാപാരം സാധാരണ ജനങ്ങളുടെയിടയില്‍ നടത്താന്‍ കഴിയുക? വ്യാപാരികള്‍ കണക്കു പഠിക്കുന്നത് നാട്ടുകാരെ കണക്കു പഠിപ്പിക്കാന്‍ അല്ലല്ലോ! കച്ചവടം നടത്തുന്നതിനും മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ്. മിഷണറിമാരുടെ മതവ്യാപാരം മെച്ചപ്പെടുത്തുന്നതിനായിരുന്നു നിഘണ്ടുവിന്റെ ആവശ്യം വന്നത്. പക്ഷേ അവര്‍ ശ്രദ്ധിക്കാതെപോയ കാര്യം, ഭാഷയില്ലാത്തിടത്ത് നിഘണ്ടു എങ്ങനെ ഉണ്ടാകും? ഇന്നു നാം കാണുന്ന മലയാളഭാഷ രൂപപ്പെട്ടത് എഴുത്തച്ഛന്റെ കാലശേഷമാണ് എന്നു തിരിച്ചറിയാന്‍ മതാന്ധത ബാധിക്കാത്ത ആര്‍ക്കും കഴിയും.
ഇന്നു നാം ഉപയോഗിക്കുന്ന മലയാളം ഏറ്റവും തെളിമയോടെ രൂപപ്പെടുത്തിയത് തുഞ്ചത്തെഴുത്തച്ഛനാണ്. ഹരിനാമകീര്‍ത്തനത്തിലൂടെ അക്ഷരമാല ചിട്ടപ്പെടുത്തിയപ്പോള്‍ അതു മാറ്റിയെഴുതാന്‍ ഇന്നോളം ഒരു ഭാഷാപണ്ഡിതര്‍ക്കും കഴിഞ്ഞിട്ടില്ല. അക്ഷരമാല മാത്രമല്ല രാമാനുജഗുരു ചിട്ടപ്പെടുത്തിയത്. അതിലൂടെ സനാതനധര്‍മ്മത്തിന്റെ ആഴവും പരപ്പും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിക്കുക കൂടിയാണ് ചെയ്തത്. ഈശ്വരനു മുന്നിലെ തുല്യത, മനുഷ്യരുടെ സമത്വം, വേദാന്തത്തിന്റെ ഔന്നത്യം, ഹിന്ദുത്വത്തിന്റെ ആഴവും പരപ്പും ഒക്കെ ഈ മഹത്തായ കൃതിയില്‍ അയത്‌നലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിലൊന്നും കൈവെക്കാന്‍ പോലുമുള്ള യോഗ്യതയോ ബൗദ്ധികക്ഷമതയോ ദാര്‍ശനികഗരിമയോ ഏതെങ്കിലും ഒരു മിഷണറിക്കെങ്കിലും ഉണ്ടായിരുന്നുവോ?
അദ്ധ്യാത്മരാമായണത്തിന്റെ രചനയിലൂടെ മലയാളഭാഷയ്ക്ക് അതിലപ്പുറം കടന്നുപോകാനില്ലെന്ന് എഴുത്തച്ഛന്‍ നമ്മെ ബോധ്യപ്പെടുത്തി. സുന്ദരകാണ്ഡത്തിലെ ഭാഷാപ്രയോഗത്തോളം ഗഹനമായ ഒരു രചന ഏതെങ്കിലും മിഷണറിമാര്‍ ചെയ്തിട്ടുണ്ടോ? അത്തരമൊരു പത്തുവരി എങ്കിലും എഴുതാന്‍ അറിയാവുന്നവര്‍ ആ കൂട്ടത്തില്‍ ആരുണ്ടായിരുന്നു? സുന്ദരകാണ്ഡത്തിനപ്പുറം കടന്നുപോകാന്‍ മലയാളവും സംസ്‌കൃതവും തമിഴും പഠിച്ച ഒരു മലയാളകവിക്കും സാഹിത്യകാരനും ഇന്നോളം കഴിഞ്ഞിട്ടില്ല. രാമായണത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച മലയാളത്തിന്റെ മഹാസൗന്ദര്യങ്ങളെ മുഴുവനായി ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും പോലുമുള്ള കഴിവ് മലയാളി ഇതുവരെ നേടിയിട്ടുണ്ടോ? എഴുത്തച്ഛന് മുമ്പ് ചീരാമനും നിരണംകവികളും ഒക്കെയാണ് മലയാളത്തിന്റെ ഘടന ഏതാണ്ടൊക്കെ ശരിയാക്കിയത്. എന്നാല്‍ അതിനെ പൂര്‍ണസൗന്ദര്യത്തിലും ആഴത്തിലും പരപ്പിലും ശില്പസൗന്ദര്യത്തോടെ ചിട്ടപ്പെടുത്തിയത് എഴുത്തച്ഛന്‍ ആണെന്ന് സുവ്യക്തമാണ്. അതു മനസ്സിലാക്കാന്‍ ഇന്നുവരെ ‘വികസിച്ചെടുത്ത’ മലയാളവും ഹരിനാമകീര്‍ത്തനത്തിലെയും രാമായണത്തിലെയും മലയാളവും തമ്മില്‍ ഒത്തുനോക്കിയാല്‍ മതിയാവും. അതിന് ഗവേഷണബുദ്ധി ആവശ്യമില്ല. സാമാന്യബുദ്ധി ഉണ്ടായാല്‍ മതി. എഴുത്തച്ഛന്റെ സംഭാവനകളെ ഉള്‍ക്കൊണ്ടാല്‍ മിഷണറിമാരുടെ കാപട്യത്തെ ജനങ്ങള്‍ തിരിച്ചറിയും. അങ്ങനെ സംഭവിക്കാതിരിക്കാനാണോ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കുന്നതിന് രൂക്ഷമായ എതിര്‍പ്പുണ്ടായത്? മതേതരത്വത്തിന്റെ മൂലകേന്ദ്രം എന്ന് അവകാശപ്പെടുന്ന മലപ്പുറത്തിന്റെ മണ്ണില്‍, എഴുത്തച്ഛന്റെ ജന്മദേശത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ പോലും എതിര്‍പ്പുണ്ടാകുന്നത് എന്തുകൊണ്ടാണ്? എഴുത്തച്ഛനെ പഠിപ്പിച്ചതും സഹായിച്ചതും മുസ്ലിം വ്യാപാരികളാണ് എന്ന കള്ളപ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്താണ്? ആചാര്യന്റെ പ്രതിമയെപോലും സഹിക്കാന്‍ കഴിയാത്തവരെയാണ് മതേതരത്വത്തിന്റെ മണിമുത്തുകള്‍ എന്ന വാഴ്ത്തുപാട്ടുമായി കേരളത്തിലെ ഒരുപറ്റം കൂലിയെഴുത്തുകാര്‍ നടക്കുന്നത്!
മിഷണറിമാര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചത് ലോകജനതയെ നന്നാക്കാന്‍ ആയിരുന്നോ അതോ സുവിശേഷീകരണത്തിലൂടെ മതം മാറ്റാനായിരുന്നോ എന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. എന്തുകൊണ്ടാണ് ലോകത്തിലെ പ്രാചീന സംസ്‌കാരങ്ങളൊക്കെ ഇല്ലാതായത്? ആഫ്രിക്കയിലെ ശ്രേഷ്ഠജീവിതം നയിച്ചിരുന്ന വര്‍ഗ്ഗങ്ങള്‍ ഏറ്റവും ദരിദ്രരായത് എങ്ങനെയാണ്? ഉഗാണ്ടയിലെ മഹത്തായ ക്ഷേത്രങ്ങളും ആരാധനാസമ്പ്രദായങ്ങളും ആരാണ് തല്ലിക്കെടുത്തിയത്? അമേരിക്കയില്‍ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന, തഴച്ചുവളര്‍ന്ന മഹത്തായ സംസ്‌കാരങ്ങളെ ആരാണ് കൊന്നു കുഴിച്ചുമൂടിയത്? ഉന്നതമായ ചിന്തയും മഹത്തായ ഗണിതപാരമ്പര്യവും ഒക്കെയുണ്ടായിരുന്ന മായന്‍മാരെ എന്തിനാണ് മിഷണറിമാര്‍ നശിപ്പിച്ചത്? ഇങ്ക സംസ്‌കാരത്തെയും ആസ്‌ടെക് സംസ്‌കാരത്തെയും ചതിച്ചുകൊന്നത് എന്തിനായിരുന്നു?
തങ്ങളെക്കഴിഞ്ഞും ഉയര്‍ന്ന ചിന്തയുള്ളവര്‍, ശ്രേഷ്ഠമായ സംസ്‌ക്കാരമുള്ളവര്‍, ഐശ്വര്യവും സമ്പത്തും ആര്‍ജ്ജിച്ചിരുന്നവര്‍, മഹത്തായ വിദ്യാകേന്ദ്രങ്ങളും ദര്‍ശനങ്ങളും ഉണ്ടായിരുന്നവരൊന്നും ലോകത്തില്‍ നിലനില്‍ക്കേണ്ട എന്ന പൈശാചികചിന്തയായിരുന്നു പാശ്ചാത്യര്‍ക്ക് ഉണ്ടായിരുന്നത്. അവയെ തകര്‍ക്കുക എന്ന മിഷനുമായാണ് മിഷണറിമാര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചതും വെട്ടിപ്പിടിച്ചതും. ഇതര ജനങ്ങളെ കീഴടക്കാനുള്ള പടനയിച്ചു വന്നതുകൊണ്ടാണ് ‘പാതിരിപ്പട’, ‘സുവിശേഷപ്പട’ തുടങ്ങിയ വാക്കുകള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉണ്ടായത്. അധിനിവേശക്കാരുടെ കര- നാവിക – വായുസേനകള്‍ക്കൊപ്പം നാലാം സൈന്യം എന്ന വിശേഷണം എന്തുകൊണ്ടാണ് മിഷണറിമാര്‍ക്കു വന്നുഭവിച്ചത്? ചരിത്രം മറന്നുപോയതുകൊണ്ടല്ല ഹിന്ദുക്കള്‍ അതൊന്നും വിളിച്ചുപറയാത്തതും ശത്രുത പരത്താത്തതും. അത്തരമൊരു സാഹചര്യത്തിലേക്കാണ് തല്‍ക്കാല രാഷ്ട്രീയലാഭത്തിന് ചിലര്‍ ശ്രമിക്കുന്നത്. അതാര്‍ക്കും ഗുണം ചെയ്യുന്ന കാര്യമല്ലെന്ന് മതവ്യാപാരികളും കള്ളച്ചരിത്രകാരന്മാരും ഓര്‍ക്കുന്നത് നന്ന്.
കേരളചരിത്രത്തെ പലതരത്തില്‍ വക്രീകരിക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് അഞ്ചു നൂറ്റാണ്ട് മുന്‍പ് മുതലുള്ള പദ്ധതികളും പരിപാടികളുമാണ്. അതിന്റെ തുടക്കമായിരുന്നു ഉദയംപേരൂര്‍ സുന്നഹദോസ്. അതിനുമുന്‍പും ഇവിടെ ക്രൈസ്തവവിശ്വാസികള്‍ ഉണ്ടായിരുന്നു. അവര്‍ എങ്ങനെയാണ് സ്വന്തം സംസ്‌കാരവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് മതപരമായി ക്രിസ്ത്യാനി എന്നനിലയില്‍ ജീവിച്ചിരുന്നത് എന്ന് ജര്‍മ്മന്‍ ജെസ്യൂട്ട് മിഷനറി ആയിരുന്ന അര്‍ണോസ് പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും പിന്തുടരുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഉദയംപേരൂര്‍ സൂന്നഹദോസ് വിളിച്ചുചേര്‍ത്തത്. അവിടെനിന്നുള്ള കല്‍പ്പനകളായിരുന്നു എല്ലാത്തരം ഹൈന്ദവ അടയാളങ്ങളും ആചാരങ്ങളും വലിച്ചെറിയണം എന്നത്. സുന്നഹദോസിന്റെ കാനോനകള്‍ വായിച്ചു നോക്കിയാല്‍ ആര്‍ക്കും അതു മനസ്സിലാകും. ഡോ. സ്‌കറിയ സക്കറിയ ഉദയംപേരൂര്‍ സുന്നഹദോസ് എന്ന പേരില്‍ തന്നെ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

പാശ്ചാത്യ മതാധിപത്യം അംഗീകരിക്കാന്‍ താല്പര്യം ഇല്ലാതിരുന്ന ഒരുപറ്റം വിശ്വാസികള്‍ മട്ടാഞ്ചേരിയില്‍ കുരിശില്‍ ആലാത്തു കെട്ടി (വടം) അതില്‍ പിടിച്ചുകൊണ്ട് അധിനിവേശക്കാര്‍ക്കെതിരെ സത്യം ചെയ്തു. എല്ലാവരും തിരക്കിട്ട് പിടിച്ചപ്പോള്‍ കുരിശ് അല്പം ചരിഞ്ഞു പോയി. അതുകൊണ്ടാണല്ലോ ആ ചരിത്രസംഭവത്തെ കൂനന്‍കുരിശ് സത്യം എന്നു വിശേഷിപ്പിച്ചത്. ഈ ചിത്രം ഇന്നു വെല്ലുവിളി നടത്തുന്ന സഭാനേതാക്കന്മാര്‍ക്ക് അറിയുമോ? ഇതിനെത്തുടര്‍ന്നാണ് മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ആചരണംകൊണ്ടും വിശ്വാസികളെ പാശ്ചാത്യരാക്കാന്‍വേണ്ടി കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും വികലമായി ചിത്രീകരിക്കാനുള്ള കൃത്യമായ അജണ്ട അവര്‍ ആരംഭിച്ചത്. അതില്‍ ഒന്നായിരുന്നു സെന്റ് തോമസിന്റെ ആഗമനത്തെ സംബന്ധിച്ചുള്ള കെട്ടുകഥ. അത്തരം നിരവധി കെട്ടുകഥകള്‍ ചരിത്രമാക്കി പ്രചരിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഗുരുവായൂരിനടുത്ത് പാലയൂരും മലയാറ്റൂരും ഒക്കെ അമ്പലം പള്ളിയാക്കിയതിനെ ന്യായീകരിക്കാന്‍ നമ്പൂതിരിമാര്‍ മതംമാറി എന്ന കഥ മറ്റൊന്നാണ്. ശബരിമലയെ തകര്‍ക്കാന്‍ നിലയ്ക്കലില്‍ കുരിശു സ്ഥാപിച്ചുകൊണ്ട് ഏഴരപ്പള്ളികളുടെ കെട്ടുകഥ വേറൊന്ന്. ഇങ്ങനെ എത്രയോ വ്യാജചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതൊന്നും അറിയാത്തതുകൊണ്ടല്ല ഹിന്ദുസമൂഹം അതിനെതിരെ പ്രതികരിക്കാത്തത്. പുതിയകാലത്ത് പുതിയജീവിതം ഒന്നിച്ചു കെട്ടിപ്പടുക്കാം എന്ന പ്രതീക്ഷകൊണ്ടു മാത്രമാണ് മൗനമവലംബിക്കുന്നത്. അതിനെ തകര്‍ത്തുകളയാന്‍ പുരോഹിതന്മാര്‍ ശ്രമിക്കരുതെന്നേ പറയാനുള്ളൂ!
മറ്റൊരു കള്ളച്ചരിത്രമാണല്ലോ കേരളത്തിന്റെ നവോത്ഥാനം ആരു തുടങ്ങി എന്നത്. ഹൈന്ദവ നവോത്ഥാനങ്ങള്‍ ഒരുകാലത്തും പുറമേ നിന്നുള്ളവരല്ല നടത്തിയിട്ടുള്ളത്; അതനുവദിച്ചിട്ടുമില്ല. ആധുനിക കേരളനവോത്ഥാനം തുടങ്ങിയത് അയ്യാവൈകുണ്ഠസ്വാമികളാണ്. അതിനുമുന്‍പ് ഒരു മിഷണറി ഉണ്ടായിരുന്നു ഇതൊക്കെ ചെയ്യാന്‍ എന്ന് ധിക്കാരത്തോടെ പറയുമ്പോള്‍ എഴുത്തച്ഛനെയും പൂന്താനത്തെയും കുഞ്ചന്‍നമ്പ്യാരെയുമൊക്കെ തമസ്‌കരണത്തിന്റെ തമോഗര്‍ത്തത്തില്‍ തള്ളാനുള്ള വിലകുറഞ്ഞ ശ്രമമായിട്ടേ കാണാന്‍ കഴിയൂ. അതിനുംമുന്നേ ശങ്കരാചാര്യര്‍ ഉണ്ടായിരുന്നു. അതിനുമുന്‍പ് ബുദ്ധന്‍ വന്നു. അതിനും എത്രയോ മുന്‍പ് ഗീതാകാരന്‍ എത്തി. അന്നൊക്കെ ഈ പറയുന്ന മിഷണറിമാരുടെ നാട്ടില്‍ ‘മനുഷ്യര്‍ പച്ചമാംസം തിന്ന് പച്ചിലകൊണ്ട് നാണവും മറച്ച് ശരീരം മുഴുവന്‍ നീലച്ചായവും പുരട്ടി കാട്ടില്‍ മൃഗങ്ങളോടൊപ്പം തെണ്ടി അലയുകയായിരുന്നു.’ അന്നും ഭാരതത്തില്‍ നവോത്ഥാനവും പരിഷ്‌കരണവും മുന്നേറ്റവും ഒരു തുടര്‍പ്രക്രിയയായി നടന്നുപോരുന്നുണ്ട്.
കേരളത്തില്‍ വിദ്യാഭ്യാസം പ്രചരിപ്പിച്ചതും മിഷനറിമാരുടെ കരുത്തുകൊണ്ടല്ല എന്ന് ഡോക്ടര്‍ പി.കെ. ഗോപാലകൃഷ്ണന്‍ വസ്തുതകളും കണക്കുകളും വിവരിച്ചുകൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സുവിശേഷപ്പട നൂറുകൊല്ലം വിചാരിച്ചിട്ടും നടക്കാത്ത വിദ്യാഭ്യാസ പരിവര്‍ത്തനം വെറും പത്തുവര്‍ഷംകൊണ്ട് നമ്മുടെ ഹിന്ദുനവോത്ഥാനനായകര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. കുറുമ്പന്‍ ദൈവത്താനും കാവാരികുളം കണ്ടന്‍കുമാരനും മഹാത്മ അയ്യങ്കാളിയും മന്നത്ത് പത്മനാഭനും വി.ടി. ഭട്ടതിരിപ്പാടും അടക്കമുള്ള അനേകം നവോത്ഥാന നായകരായ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ട് അയ്യാവൈകുണ്ഠസ്വാമികളും ശ്രീനാരായണഗുരുദേവനും പോലെയുള്ള അനേകം ഗുരുക്കന്മാരും ആചാര്യന്മാരും വേറെയുണ്ടായിരുന്നു.
കേരളത്തില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഉന്നതവിദ്യാകേന്ദ്രങ്ങളായ ശാലകളെക്കുറിച്ച് എന്തുകൊണ്ടാണ് മിഷണറിമാര്‍ രേഖപ്പെടുത്താതിരുന്നത്? നിരണം ശാല, തിരുവല്ല ശാല, തിരുവനന്തപുരത്തെ വലിയശാല, മൂഴിക്കുളം ശാല തുടങ്ങി എത്രയോ കലാലയങ്ങള്‍ കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്നു. അത്തരം ചരിത്രങ്ങളെയും കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്നവരാണ് കപടചരിത്രകാരന്മാര്‍. എത്രമാത്രം പാതാളങ്ങളിലേക്ക് ഇത്തരം വസ്തുതകളെ കുഴിച്ചുമൂടാന്‍ ശ്രമിച്ചാലും അതൊക്കെ വീണ്ടും പുറത്തേക്ക് തെളിഞ്ഞു വരുകതന്നെ ചെയ്യും. അതിനു വേഗത കൂട്ടാന്‍ ഇത്തരം പ്രകോപനങ്ങള്‍ ഉപകരിക്കും. അതിന് എന്നും ഈ നാടിന്റെ മക്കള്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ഇത്തരം യഥാര്‍ത്ഥ ചരിത്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും പഠിക്കുന്നതിനും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പ്രകോപനം ഉണ്ടാക്കി എന്നുള്ളതാണ് പണ്ടും ഇന്നും എന്നും ഉള്ള മതപ്രചാരകരുടെ സംഭാവന. സ്വാതന്ത്ര്യസമരകാലത്തും അത്തരം പ്രകോപനങ്ങള്‍ ദേശീയതലത്തിലും ഉണ്ടാക്കിയിരുന്നല്ലോ. അതിനു മുഴുവന്‍ ഭാരതവും വിശേഷിച്ച് കേരളവും ഈ കപടചരിത്രകാരന്മാരോടും മിഷണറി സംഘങ്ങളോടും നന്ദിയുള്ളവരായിരിക്കും!





















