2026 ഫെബ്രുവരി 28 ന് ഇറാന്‍ സമയം പകല്‍ 9.30 ന്, ആണവോര്‍ജ്ജ നിര്‍മാണത്തിന്റെയും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധവും ധനസഹായവും ചെയ്യുന്നതിന്റെയും ജനാധിപത്യവിരുദ്ധതയുടെയും പേരില്‍ അമേരിക്ക-ഇസ്രായേല്‍ സംയുക്തമായി തുടങ്ങിയ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമീനിയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ചില ഉന്നതരുടെയും സൈന്യത്തിലെ പല പ്രമുഖരുടെയും മരണം സ്ഥിതീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഈ യുദ്ധത്തെ ഐതിഹാസിക ക്രോധമെന്ന് അമേരിക്കയും സിംഹഗര്‍ജനമെന്ന് ഇസ്രായേലും വിശേഷിപ്പിച്ചു. അമേരിക്കയുടെ ബി2 ബോംബറുകളും യുദ്ധക്കപ്പലുകളും ബോംബുവര്‍ഷം നടത്തിയതോടെ ഖമീനിയുടെ കൊട്ടാരം ഉള്‍പ്പെടെ ചാമ്പലായി. ആയത്തുള്ള സയ്യിദ് അലി ഖമീനി വധിക്കപ്പെട്ടപ്പോള്‍, ഇറാനിലെ മതതീവ്രവാദികളല്ലാത്ത മനുഷ്യര്‍ ആഹ്ലാദിച്ചു. മറുവശത്ത് തെക്കന്‍ ഇറാനിലുള്ള മിനബിലെ ഷാജറെ പെണ്‍പള്ളിക്കൂടത്തിലെ കുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരങ്ങളുടെ കരളലിയിപ്പിക്കുന്ന കാഴ്ചയും ഇറാനില്‍ കാണാമായിരുന്നു. ആയത്തുള്ള ഖമീനിയ്ക്ക് രക്തസാക്ഷി പരിവേഷവും കിട്ടിയിരിക്കുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ 1935 വരെ പേര്‍ഷ്യയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 98 ശതമാനം മുസ്ലീങ്ങള്‍ അധിവസിക്കുന്ന രാജ്യമാണ് ഇറാന്‍. ഇവിടെ ഷാമാര്‍ രാജഭരണം നടത്തി വരവേ, 1941 ല്‍ അധികാരമേറ്റ ഒടുവിലത്തെ ഷാ മുഹമ്മദ് റേസ പഹ്‌വലിയെ, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നാടുകടത്തപ്പെട്ടിരുന്ന റുഹൂള്ള ഖൊമേനി 1979 ല്‍ മടങ്ങിയെത്തി; ആ വര്‍ഷം തന്നെ ഇസ്ലാമിക് വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടമാക്കുകയായിരുന്നു. അങ്ങനെയാണ് ആയത്തുള്ളമാര്‍ ഇറാനില്‍ അധികാരത്തിലെത്തുന്നത്. ഇസ്ലാമിക് വിപ്ലവത്തിന്റെ മുന്‍നിര നേതാവായ ആയത്തുള്ള റൂഹൂള്ള ഖൊമേനി ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു. അദ്ദേഹം അധികാരത്തിലെത്തിയ ഉടനെ തന്നെ, ഇസ്ലാമിക് ഭരണകൂടം, ഷാ ഭരണകൂടം നിരോധിച്ചിരുന്ന പര്‍ദ്ദ നിര്‍ബന്ധമാക്കുകയും അവിടെ നിലനിന്നിരുന്ന മതേതര വിദ്യാഭ്യാസ സമ്പ്രദായം നിര്‍ത്തലാക്കുകയും ഇസ്ലാമിക് നിയമപ്രകാരമുള്ള ഭരണം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഷാ ഭരണകൂടവുമായി സഹകരണത്തില്‍ കഴിഞ്ഞുകൂടുകയായിരുന്ന ഇസ്രായേലിനെ ശത്രുവായി പ്രഖ്യാപിക്കുകയുമുണ്ടായി. ഇത്തരത്തില്‍ സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്ന ഇറാനെ ഒരു മതഭ്രാന്തന്‍ രാജ്യമാക്കി മാറ്റിയെടുക്കാന്‍ ഖൊമേനി ശ്രമം തുടങ്ങി. 1989 ല്‍ രോഗശയ്യയിലായ ആയത്തുള്ള റൂഹൂള്ള ഖൊമേനി ടെഹറാനിലെ ജംറാന്‍ ആശുപത്രിയില്‍ വെച്ച് 11 -ാം ദിവസം അന്ത്യശ്വാസം വലിച്ചു. 1989 ജൂണ്‍ 4-ാം തീയതി ആയത്തുള്ള സയ്യിദ് അലി ഖമീനി ഇറാന്റെ പരമോന്നത നേതാവായി ഉയര്‍ത്തപ്പെട്ടു.
1981 മുതല്‍ 1989 വരെ രണ്ടു തവണ ആയത്തുള്ള ഖമീനി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഷാ രാജവംശത്തെ പുറത്താക്കിയ ആയത്തുള്ള റുഹൂള്ള ഖൊമേനിയെന്ന മതനേതാവിന്റെ വിശ്വസ്തനായിരുന്നു ഖമീനി. ഇദ്ദേഹം ഇറാന്റെ പരമോന്നത നേതാവായതോടെ റൂഹൂള്ള ഖൊമേനിയെക്കാള്‍ ശരിയത്ത് നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ തുടങ്ങി. ഇറാനില്‍ എല്ലാ രംഗത്തും പ്രശോഭിച്ചിരുന്ന പെണ്‍കുട്ടികളെ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി. സര്‍വ്വകലാശാലകളില്‍ പല കോഴ്‌സുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അന്ന് സര്‍വകലാശാലകളില്‍ 60 ശതമാനം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നും 35 ശതമാനമായി കൂപ്പുകുത്തി. പല ജോലികളും സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്ന് വിധിച്ചു. ആണും പെണ്ണും തുല്യരല്ലെന്ന് മാത്രമല്ല, അവര്‍ വീട്ടമ്മമാരായി കഴിയുന്നതാണ് ഉത്തമമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 13 വയസ്സായി നിജപ്പെടുത്തി. ലിംഗസമത്വത്തില്‍ ഖമീയിനിക്ക് വിശ്വാസമില്ലായിരുന്നു. ഖമീനി ഭരണകൂടം മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടാരമായി മാറുകയായിരുന്നു. ഖമീനിയുടെ മതതീവ്രവാദം ദൈവനിയോഗമാണെന്ന് ഇറാന്‍ ജനതയുടെ മനസ്സിലുറപ്പിക്കാനായി ഭരണകൂടം പ്രചാരണങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരുന്നു.
ഇസ്ലാമിക തീവ്രവാദ ഭരണകൂടമായ ഇറാന്റെ ആണവ സ്മ്പുഷ്ടീകരണം തങ്ങളുടെ രാജ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന ഭയത്താലാണ് ഇസ്രായേല്‍ ‘സിംഹഗര്‍ജന’മെന്ന പേരില്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്. ഇറാന്റെ അയല്‍രാജ്യങ്ങളായ ഗള്‍ഫ് സഹകരണ സമിതി (ജിസിസി) രാജ്യങ്ങള്‍ക്കും ഇറാന്റെ ആണവ ആയുധനിര്‍മ്മാണത്തില്‍ ഭയാശങ്ക നിലനില്‍ക്കുന്നുണ്ട്. ഷിയാ, സുന്നി സംഘര്‍ഷം എപ്പോള്‍ വേണമെങ്കിലും ഉടലെടുക്കാമെന്ന് അവര്‍ കരുതുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണം പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലൂടെ ഈ മേഖലയില്‍ സ്വാധീനം പുലര്‍ത്തിവരുന്ന അമേരിക്കയെയും ആശങ്കയിലേക്ക് തള്ളിവിടുകയുണ്ടായി. ഈ മൂന്ന് ആശങ്കകളും ഈ യുദ്ധത്തിന് ഉപോല്‍ബലകമായിത്തീരുകയാണുണ്ടായത്.
ഇസ്രായേലില്‍ 2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ ഇസ്ലാമിക മതതീവ്രവാദ ത്തെ ഉന്മൂലനം ചെയ്താലല്ലാതെ തങ്ങള്‍ക്ക് ഇനി ജീവിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹമാസിനെയും ഹിസ്ബുള്ളയെയും ഇസ്രായേല്‍ ഏതാണ്ട് നിര്‍വീര്യമാക്കിയിരിക്കുകയാണ്. ആയത്തൊള്ള അലി ഖമീനിയുടെ 37 വര്‍ഷം നീണ്ട മതതീവ്രവാദ ഉരുക്കുമുഷ്ടി ഭരണത്തിന് ഇസ്രായേല്‍-യു.എസ് സംയുക്ത ആക്രമണത്തോടെ വിരാമ മായിരിക്കുകയാണ്. മതവാദത്തില്‍ കര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഖമീനി മിതവാദികളായ പുരോഹിതരെയും ഇടതുപക്ഷക്കാരെയും വിമതരെയും അമര്‍ച്ച ചെയ്തിരുന്നു. ഇതിനായി ഇസ്ലാമിക് വിപ്ലവ ഗാര്‍ഡ് എന്ന സൈനിക വിഭാഗത്തെ പശ്ചിമേഷ്യയിലെ വലിയ സൈനിക ശക്തിയായി വളര്‍ത്തിയെടുത്തിരുന്നു. ആണവോര്‍ജ നിര്‍മ്മാണ പദ്ധതി മുതല്‍ മിക്ക കാര്യങ്ങളിലും ഖമീനിയുടെ വാക്കാണ് അന്തിമം. ആണവസമ്പുഷ്ടീകരണം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന യു.എസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടാണ് ഇറാന്‍ എടുത്തിരുന്നത്. ഇറാന്റെ ആണവശേഷികളെ ദേശീയ സുരക്ഷയുടെയും പ്രതിരോധത്തിന്റെയും കേന്ദ്രബിന്ദുവാക്കി മാറ്റിയത് ആയത്തുള്ള ഖമീനിയാണ്.
ഇറാന്റെ ആണവോര്‍ജപദ്ധതി പ്രധാനമായും അണവായുധ നിര്‍മ്മാണം ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലാക്കിയ രാജ്യങ്ങള്‍ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ ഒറ്റപ്പെട്ടുപോയ ഇറാന്‍ സാമ്പത്തികമായ മറ്റ് പ്രതിസന്ധികളിലേക്ക് നീങ്ങുകയും ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതന്‍ ഹസര്‍ മഹാനി അന്താരാഷ്ട്ര തലത്തില്‍ ഇറാന്‍ നേരിടുന്ന ഉപരോധം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഹസര്‍ മഹാനി, ആയത്തുള്ള ഖമീനിയുടെ അനുമതിയും അതിനായി നേടിയെടുത്തു. അങ്ങനെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുമായി 2015 ല്‍ ഇറാന്‍ ആണവകരാര്‍ ഒപ്പിട്ടു. അതോടെ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടെങ്കിലും ഇറാന്‍ ജനതയുടെ ജീവിതം ദുസ്സഹമായിത്തന്നെ തുടര്‍ന്നു. 2017 ല്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. പ്രതിഷേധക്കാരില്‍ പലരും കൊല്ലപ്പെടുകയോ, തടവറയില്‍ അകപ്പെടുകയോ ചെയ്തു.
2018 മെയ് മാസത്തില്‍ യു.എസ്. പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപ് ഇറാനെ നിയന്ത്രിക്കാന്‍ ഈ കരാര്‍ അപര്യാപ്തമാണെന്നും ഊര്‍ജ്ജാവശ്യങ്ങള്‍ക്കും മറ്റ് പൊതു ആവശ്യങ്ങള്‍ക്കും യുറേനിയം സമ്പുഷ്ടീകരണം 10 ശതമാനത്തിന് താഴെ ആവശ്യമുള്ളപ്പോള്‍ യുറേനിയം 50 ശതമാനത്തിലധികം സമ്പുഷ്ടീകരണം നടത്തുന്നുവെന്നും ആരോപിച്ച് കരാര്‍ പിന്‍വലിക്കുകയും ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. ആണവോര്‍ജ പദ്ധതിയുമായി ഇറാന്‍ മുന്നോട്ടു പോകുന്നതായി കണ്ടതോടെ അന്താരാഷ്ട്രതലത്തില്‍ തന്നെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി. ഇറാന്‍ വീണ്ടും ഒറ്റപ്പെട്ടു തുടങ്ങുകയും ചെയ്തു. വീണ്ടും ഉപരോധം നിലവില്‍ വന്നതോടെ ഇറാന്റെ സാമ്പത്തിക നില വഷളാകാന്‍ തുടങ്ങി. 2020 ജനുവരിയില്‍ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ ഖസിം സുലൈമാനിയെ യു.എസ്.വധിച്ചതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
2022 ഡിസംബറില്‍ മഹ്‌സ് അമീനി എന്ന യുവതി ധരിച്ച ശിരോവസ്ത്രത്തിലൂടെ മുടിയിഴകള്‍ പുറത്തുകാണപ്പെട്ടുവെന്ന പേരില്‍ മതപോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ആ യുവതിയെ വാനില്‍ വച്ചു തന്നെ മര്‍ദ്ദിച്ച് അവശയാക്കുകയും കസ്റ്റഡിയില്‍ വെച്ച് അവര്‍ കൊല്ലപ്പെടുകയുമാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ നിരവധി പേരെ നിര്‍ദ്ദാക്ഷിണ്യം കൊല്ലുകയും പതിനായിരങ്ങളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ പ്രതിഷേധത്തില്‍ നൂറ് കണക്കിന് സ്ത്രീകളെയാണ് വെടിവെച്ചു കൊന്നത്. പ്രതിഷേധം അടിച്ചമര്‍ത്തപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നുവെന്നാരോപിച്ച് 2009 ല്‍ തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് ഇറാനികളെ ഖമീനിയുടെ പോലീസ് നിഷ്ഠൂരമായി നേരിട്ടു. ഇതില്‍ പലരും കൊല്ലപ്പെട്ടു. 1999 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഇതേ രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ടു. 2024 ല്‍ നടന്ന പ്രതിഷേധത്തില്‍, പ്രതിഷേധക്കാര്‍ പര്‍ദ്ദകളും ഹിജാബുകളും കത്തിക്കാന്‍ തുടങ്ങി. ആ പ്രതിഷേധക്കാരില്‍ സിംഹഭാഗത്തിനും വിധിക്കപ്പെട്ടത് കഴുമരങ്ങളായിരുന്നു. 2025 ഡിസംബറില്‍ പണപെരുപ്പവും വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും പുരോഹിതഭരണത്തിന്റെ അസഹ്യമായ ഇടപെടലും കൊണ്ട് പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങി. ഇതില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെ മതപട്ടാളമായ റവല്യൂഷണറി ഗാര്‍ഡ് കൊന്നുതള്ളി. എഴുപത്തിയയ്യായിരത്തിലധികം പേര്‍ തടവറകളിലേക്ക് എടുത്തെറിയപ്പെട്ടു. ഭരണകൂടത്തിന്റെ ക്രൂരമര്‍ദ്ദനങ്ങളും കൊലകളും ഭയന്ന് പ്രക്ഷോഭം അവസാനിപ്പിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഹായം തങ്ങളെ തേടിയെത്തുമെന്ന് പ്രതിഷേധക്കാര്‍ പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. അതേസമയം നിങ്ങള്‍ ഖമീനി മതഭരണകൂടത്തെ പുറത്താക്കൂ എന്ന പ്രസ്താവന മാത്രം ട്രംപ് നടത്തിക്കൊണ്ടിരുന്നു. യുവാക്കള്‍ മുന്‍കൈയെടുത്ത് നടത്തിയ കലാപം മതഭ്രാന്തന്‍ ഭരണകൂടത്തെ തൂത്തെറിയുമെന്ന് അമേരിക്കയും ഇസ്രായേലും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായതുമില്ല.

2023 ഒക്‌ടോബര്‍ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഖമീനിയുടെ മരണത്തിന് പ്രധാന കാരണമായിത്തീര്‍ന്നത്. ഹമാസ് നടത്തിയ ആക്രമണത്തോടെ ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്താലല്ലാതെ തങ്ങള്‍ക്ക് ഇനി ജീവിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഏതാണ്ട് നിര്‍വീര്യമാക്കിയിരുന്നു. ഇതിനിടയിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്മാര്‍ വധിക്കപ്പെടുന്നത്. ഇതിന് പ്രതികാരമായി ഇസ്രായേലിനു നേരെ ഇറാന്‍ ആദ്യമായി മിസൈലുകളും ഡ്രോണുകളും പായിച്ചു. ഇതിനെ തുടര്‍ന്ന് 2025 ജൂണില്‍ ഇസ്രായേല്‍ ഇറാനെതിരെ നടത്തിയ മിഡ്‌നൈറ്റ് ഹാമര്‍ (പാതിരച്ചുറ്റിക) എന്ന 12 ദിനയുദ്ധത്തിന്റെ അവസാന ദിവസം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു.
ആണവ ആയുധം നിര്‍മ്മിക്കാന്‍ 90% സമ്പുഷ്ടീകരിച്ച യുറേനിയമാണ് വേണ്ടത്. 60 ശതമാനം വരെയുള്ള സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ വിജയം നേടിയിരിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് കണ്ടെത്തുകയുണ്ടായി. ഇങ്ങനെ സമ്പുഷ്ടീകരിച്ചെടുത്തിരുന്ന യുറേനിയം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ബോംബിടുന്നതിനു തൊട്ടുമുന്‍പ് തന്നെ മാറ്റിയിരുന്നു. ആണവായുധപദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ശക്തമായി ആവര്‍ത്തിച്ചതിന്റെ ഫലമായി 2026 ജനുവരിയിലും ഫെബ്രുവരിയിലുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും അത് വിജയിച്ചില്ല. ഒമാന്റെ മദ്ധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ മൂന്നുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ഈ ചര്‍ച്ചകളില്‍ ഫോര്‍ധേ, താന്‍സ്, ഇസഫ്ഹാര്‍ ആണവകേന്ദ്രങ്ങള്‍ പൊളിച്ചു കളയണമെന്നും കൈവശം അവശേഷിക്കുന്ന സമ്പുഷ്ടയുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍, ഇവ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറല്ലായിരുന്നു. യുറേനിയത്തിന്റെ സമ്പുഷ്ടീകരണം മാത്രം തല്‍ക്കാലം നിര്‍ത്തി വയ്ക്കാമെന്നതില്‍ അവര്‍ ഉറച്ചുനിന്നു. പൂര്‍ണമായി ഉപേക്ഷിക്കുക എന്നതിനോട് യോജിക്കാന്‍ ഇറാന്‍ തയ്യാറല്ലായിരുന്നു.
ഒമാന്റെ മദ്ധ്യസ്ഥതയില്‍ വീണ്ടും ജനീവയില്‍ വെച്ച് അടുത്ത ചര്‍ച്ച തുടരാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) അവരുടെ അടുത്ത് നടക്കാനിരിക്കുന്ന ത്രൈമാസ യോഗത്തിന് മുന്നോടിയായി അതിലെ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ള ഐ.എ.ഇ.എയുടെ രഹസ്യ റിപ്പോര്‍ട്ട് കൈമാറുന്നത്. അതില്‍ ഇറാന്‍ ഊര്‍ജ ആവശ്യം ലക്ഷ്യംവെച്ചല്ല യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നും ആയുധനിര്‍മ്മാണത്തിന് വേണ്ടിയാണെന്നും വ്യക്തമാക്കപ്പെടുന്നു. ഇറാനിലെ എല്ലാ ആണവകേന്ദ്രങ്ങളിലും പരിശോധന വേണമെന്നും, സമ്പുഷ്ടീകരണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ഫാഹാനില്‍ പ്രത്യേകം പരിശോധന ആവശ്യമാണെന്നും എടുത്തു പറഞ്ഞു. ഇറാന്‍ വീണ്ടും പുതിയൊരു കേന്ദ്രം സ്ഥാപിച്ചതായും അവിടെ വന്‍തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉല്പാദിപ്പിച്ചു സംഭരിക്കുന്നതായി ഐ.എ.ഇ.എയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഈ പുതിയ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ ഐ.എ.ഇ.എയെ ഒരിക്കലും പരിശോധിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഈ വ്യക്തമായ തെളിവുകള്‍ മുന്നില്‍ നില്‍ക്കെ ഇനി ചര്‍ച്ചയുമായി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് അമേരിക്ക-ഇസ്രായേല്‍ സംയുക്തമായി കടുത്ത ആക്രമണം നടത്തിയത്. ഈ ആക്രമണത്തിന് ആണവ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതിലുപരി ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം കൂടി ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. എണ്ണപ്പാടങ്ങളെ ആക്രമണത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഈ യുദ്ധത്തോടെ ലോക രാജ്യങ്ങളില്‍ നിന്നും ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യയും ചൈനയും നീണ്ട മൗനത്തിലാകുകയും ചെയ്തു. മാത്രമല്ല, ഇവരില്‍ നിന്നും വാങ്ങിക്കൂട്ടിയ ആകാശപ്രതിരോധ സംവിധാനങ്ങളും, ആയുധങ്ങളും പ്രതീക്ഷിച്ച തരത്തില്‍ പ്രവര്‍ത്തിച്ചതുമില്ല.
ഉരുക്കു മുഷ്ടി ഉപയോഗിച്ച് ഭരണം നടത്തുകയും മതതീവ്രവാദ നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിഷ്‌ക്കര്‍ഷപുലര്‍ത്തുകയും ചെയ്ത ഇറാന്‍ ഭരണകൂടം ഇപ്പോള്‍, വിറങ്ങലിച്ചു നില്‍ക്കുകയാണ്. രാഷ്ട്രീയ വിമതരെ നിഷ്‌ക്കരു ണം കൊലചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്ത സ്വേച്ഛാധിപതി ആയത്തുള്ള അലി ഖമീനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഇറാന്‍ ഭരണകൂടം അറച്ചു നില്‍ക്കുന്നു. ഉന്നതതലത്തിലെ മൂന്നംഗങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. പരമോന്നത നേതാവായി തെരഞ്ഞെടുക്കേണ്ട 89 അംഗങ്ങള്‍ അടങ്ങുന്ന പുരോഹിത കൗണ്‍സില്‍ കൂടി പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയുന്നുമില്ല. യു.എസ്, ഇസ്രാ യേല്‍ സഖ്യം ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച ആക്രമണം പശ്ചിമേഷ്യയെ മുഴുവന്‍ ഗ്രസിക്കുന്ന മാറ്റങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അമേരിക്കയ്ക്ക് സൈനിക താവള സൗകര്യം ഒരുക്കി കൊടുത്ത രാജ്യങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണം ആ രാജ്യങ്ങളുടെ ശത്രുത നേടിയെടുക്കുകയും ചെയ്തു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകാധിപത്യഭരണത്തില്‍ നിന്നും മുക്തരാകാന്‍ ഇറാന്‍ ജനതയ്ക്ക് വഴിയൊരുക്കിയിരിക്കുന്നുവെന്നുവേണം കരുതാന്‍. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ വിമാനത്താവളങ്ങളെ ആക്രമിക്കുകയെന്ന തന്ത്രമാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. അടുത്ത തന്ത്രമായി സ്വീകരിച്ചത് ഹോര്‍മൂസ് കടലിടുക്ക് അടച്ചുകൊണ്ടായിരുന്നു. യുദ്ധം തുടര്‍ന്നാല്‍ പശ്ചിമേഷ്യയിലെ സമ്പദ്ഘടനയെ അത് കാര്യമായി ബാധിക്കും. എണ്ണവില കുതിച്ചുയരും. പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാകും. വ്യാപാര മേഖലയില്‍ താളപ്പിഴയുണ്ടാകും. ലോകസാമ്പത്തികാവസ്ഥ മാന്ദ്യത്തിലേക്ക് എടുത്തെറിയപ്പെടാം. മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ പോകുന്നില്ല. അനാഥത്വവും, ദുരന്തങ്ങളും ദാരിദ്ര്യവും മാത്രമേ അത് സമ്മാനിക്കുകയുള്ളൂ. ഏത് അര്‍ത്ഥതലങ്ങളിലൂടെ നോക്കിയാലും യുദ്ധം വിനാശകരമാണ്. ഈ യുദ്ധം അവസാനിപ്പിക്കുക തന്നെയാണ് വേണ്ടത്.





















