Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശ്രീ രാമാനുജ-അരവിന്ദ വേദാന്തത്തിന്റെ  സാമൂഹ്യതലങ്ങള്‍

ഡോ. രഞ്ജിത്ത് കൃഷ്ണന്‍കുട്ടി നായര്‍ പയറ്റുപാക്കഡോ. രഞ്ജിത്ത് കൃഷ്ണന്‍കുട്ടി നായര്‍ പയറ്റുപാക്ക
17 April 2026

ഭാരതീയ ആദ്ധ്യാത്മിക മണ്ഡലത്തെ ആഴത്തില്‍ സ്വാധീനിച്ച രണ്ടു മഹാ വ്യക്തികളാണ് ശ്രീ രാമാനുജനും ശ്രീ അരവിന്ദനും. രാമാനുജനും അരവിന്ദനും വ്യാവഹാരിക സത്തയ്ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആദര്‍ശവാദമാണ് മുന്നോട്ടു വെക്കുന്നത്. മനുഷ്യരാശിയെ മുഴുവനും ദൈവീകരിക്കുക എന്ന ലക്ഷ്യമാണ് രണ്ടുപേരെയും മുന്നോട്ട് നയിച്ചിരുന്നത് എന്ന് കാണാം. ചരത്തെയും അചരത്തെയും അവയുടെ യാഥാര്‍ത്ഥ്യത്തില്‍ തന്നെ രണ്ടുപേരും അംഗീകരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ചേതനയുടെ വികാസത്തിന് രണ്ടുപേരും വളരെ പ്രാധാന്യം നല്‍കി. അജ്ഞാനത്തില്‍ നിന്നും മോചിപ്പിച്ച് സ്വരൂപ ജ്ഞാനം നല്‍കി ചേതനയെ, പാരമാര്‍ത്ഥിക സത്തയോട് ചേര്‍ക്കുന്നതില്‍ പൂര്‍ണാദ്വൈതവും വിശിഷ്ടാദ്വൈതവും വിജയിച്ചു. അതിലേക്കായി, സമൂഹ മനസ്സിനെ പരിണമിപ്പിക്കുക എന്ന പദ്ധതിയാണ് രണ്ടുപേരും നടപ്പിലാക്കിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അല്ലാത്തവരുമായ ജനതയുടെ അജ്ഞാനത്തെ ദുരീകരിക്കുന്ന പ്രക്രിയ ഇരുദര്‍ശനവും ഇന്നും തുടരുന്നു. സമൂഹത്തിന്റെ പരിണാമമാണ് രണ്ട് ചിന്തകരും ലക്ഷ്യമാക്കിയതെന്ന് കാണാം.
മനുഷ്യന്റെ ബാഹ്യജീവിത സംവിധാനം വളരെയേറെ വികസിച്ചിരിക്കുന്നു. സ്വന്തം ആത്മീയവും ധാര്‍മ്മികവും ഭൗതികവുമായ ശക്തികളെ തിരിച്ചറിയാനോ അവയെ ഉപയോഗിക്കാനോ സാധിക്കാത്ത വിധത്തില്‍ ഈ ബാഹ്യസംവിധാന ഉപഭോഗം മനുഷ്യനെ അപ്രാപ്യനാക്കുന്നു. മനുഷ്യന്‍ മനുഷ്യനെ മറക്കുന്ന ഒരു യന്ത്രലോകത്തിലേക്ക് ഇതവനെ നയിക്കുന്നു. ഈ മനുഷ്യോത്തര കാലഘട്ടങ്ങളില്‍ മനുഷ്യനെ കണ്ടെത്താനും അതുവഴി സമൂഹത്തിന്റെ ഈ മൃതാവസ്ഥയ്ക്ക് ചേതന നല്‍കാനും ഈ ദര്‍ശനങ്ങള്‍ക്ക് സാധിക്കുന്നു.

അജ്ഞാന ഹേതുവായി അപര്യാപ്തങ്ങളായി തീര്‍ന്ന ആത്മീയ, ധാര്‍മ്മിക ശക്തി വിശേഷങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന സാമൂഹ്യ കര്‍മ്മമായിരുന്നു അരവിന്ദനും രാമാനുജനും നിര്‍വ്വഹിച്ചിരുന്നത്. ഇവരുടെ വ്യത്യസ്തമായ രണ്ട് കര്‍മ്മമേഖലകളിലും ഈ ആശയങ്ങള്‍ പ്രായോഗികമായി എന്നുള്ളത് തന്നെയാണ് ഈ ദര്‍ശനത്തിന്റെ വ്യാപ്തി. ആത്മബോധത്തെയും അതിന്റെ അന്തമില്ലാത്ത സാധ്യതകളേയും ഉണര്‍ത്തി മനുഷ്യജീവിതത്തെ അമൃതത്വത്തിലേക്ക് എത്തിക്കുന്ന ആത്മീയവല്ക്കരണത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു ഇരുവരും. അസ്പൃശ്യരെ തിരുക്കുലത്താര്‍ തലത്തിലേക്കുയര്‍ത്തി പ്രതിഷ്ഠിച്ച് നവോത്ഥാനം രചിക്കാന്‍ രാമാനുജനും സ്വാതന്ത്ര്യസമര രംഗത്ത് നിവൃത്തി യോഗികളായ പുതിയ കര്‍മ്മധീരരെ സൃഷ്ടിക്കാന്‍ അരവിന്ദനും സാധിച്ചു.

ADVERTISEMENT

രാമാനുജ ചരിതം പരിശോധിച്ചാല്‍ വ്യക്തമാകുന്ന അനുകരണീയമായ ഒരു മാതൃക എന്തെന്നാല്‍ അതിക്രമിച്ചു പോകാനുള്ള ബോധതലത്തിന്റെ ശേഷിയെ ഓരോ വ്യക്തിയിലും വര്‍ദ്ധിപ്പിച്ചു എന്നതാണ്. യഥാര്‍ത്ഥമായ ആന്തരികജീവിതത്തെയാണ് അരവിന്ദദര്‍ശനം ലക്ഷ്യമാക്കുന്നത്. ഭാരതീയ ജ്ഞാനപരമ്പരയിലെ നിവൃത്തിയും പ്രവൃത്തിയും ഒരുപോലെ സമ്മേളിപ്പിച്ചുകൊണ്ട് സമൂഹത്തെ ദിവ്യവല്‍ക്കരിക്കുകയായിരുന്നു ശ്രീ അരവിന്ദ മഹര്‍ഷി. അരികുവല്ക്കരിക്കപ്പെട്ടവരുടെ നഷ്ടമായ സ്വാഭിമാനത്തെ വീണ്ടെടുത്ത് അവരില്‍ ശ്രേഷ്ഠതയും അന്തസ്സും നിറക്കുന്ന കര്‍മ്മപദ്ധതിയായിരുന്നു രാമാനുജന്‍ നടപ്പിലാക്കിയത്. തിരുകുലത്താരുടെ ഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തിയും അവരോടൊപ്പം ഭക്ഷണം സേവിച്ചും ക്ഷേത്രഭരണകാര്യത്തില്‍ അവരെ ഉള്‍പ്പെടുത്തിയും രാമാനുജന്‍ അവരെ ഉദ്ധാരണം ചെയ്തു.

അങ്ങനെ ഐക്യത്തിന്റെ, പാരസ്പര്യത്തിന്റെ, സാമഞ്ജസ്യത്തിന്റെ, താദാത്മ്യത്തിന്റെ സമൂഹത്തെ പുനര്‍രചിക്കാന്‍ അവരുടെ ആശയസംഹിതയ്ക്ക് സാധിച്ചു. സാര്‍വത്രികമായ ഈ പരിണാമത്തിലേക്കായി കര്‍മ, ജ്ഞാന, ഭക്തി മാര്‍ഗ്ഗങ്ങളുടെ കൂടെ യോഗമാര്‍ഗ്ഗത്തെയും ശ്രീ അരവിന്ദന്‍ അവലംബിച്ചു. പൂര്‍ണയോഗമെന്ന് അരവിന്ദദര്‍ശനത്തെ വിളിക്കുന്നു. ജ്ഞാന, കര്‍മ്മ, ഭക്തി മാര്‍ഗങ്ങളെ കൂടാതെ പ്രപത്തി മാര്‍ഗ്ഗമാണ് രാമാനുജന്‍ അവതരിപ്പിച്ചത്. സര്‍വ്വ പ്രാപ്യവും സര്‍വ്വാശ്ലേഷ്യവുമായ ഈ പ്രപത്തി മാര്‍ഗം ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കി. എന്‍.വി. കൃഷ്ണവാര്യര്‍ പറയുന്നു, ‘അരവിന്ദദര്‍ശനം, വേദാന്തദര്‍ശനത്തിന്റെ ദ്വൈത-വിശിഷ്ടാദ്വൈത-അദ്വൈതാദി ധാരകളേയും ആധുനിക (പാശ്ചാത്യ) പരിണാമവാദത്തേയും സമന്വയിപ്പിക്കുന്ന ഒരു പുതിയ സരണി ഉദ്ഘാടനം ചെയ്യുകയും സമകാല രാഷ്ട്രീയ – സാമൂഹ്യദര്‍ശനങ്ങളുമായി അതിനെ പൊരുത്തപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്തു.’

ദിവ്യജീവിതം (The Divine Life) എന്ന കൃതിയിലാണ് ശ്രീ അരവിന്ദന്‍ ഈ പൂര്‍ണാദ്വൈതത്തെ അവതരിപ്പിക്കുന്നത്. ശ്രീഭാഷ്യത്തിലും ഗീതാ ഭാഷ്യത്തിലും രാമാനുജന്റെ വിപ്ലവകരമായ സിദ്ധാന്തങ്ങളെ നമുക്കു കാണാവുന്നതാണ്.

വ്യാവഹാരിക പ്രപഞ്ചം മായ ആണെന്ന വീക്ഷണം രാമാനുജനും അരവിന്ദനും ഉണ്ടായിരുന്നില്ല. ഭൗതികമല്ലാത്തതെല്ലാം മിഥ്യയാണെന്ന ഭൗതിക ചിന്തയെ അരവിന്ദന്‍ ശക്തമായി അപലപിക്കുകയാണ്. ജഡവസ്തുവിനെ ആത്മചൈതന്യത്തിന്റെ അടിസ്ഥാനമായാണ് അദ്ദേഹം കാണുന്നത്. അന്നം ‘ബ്രഹ്മേതി വ്യജാനാത്’ അതായത് ഭൗതിക വസ്തുവും ബ്രഹ്മമാണ് എന്നുള്ള തൈത്തിരിയത്തിലെ ആപ്തവാക്യം ശ്രീ അരവിന്ദന്‍ പ്രാമാണ്യമായി സ്വീകരിച്ചിരുന്നു. ശ്രീ രാമാനുജന്റെ വേദാന്തത്തിലും ശ്രീ അരവിന്ദന്റെ വേദാന്തത്തിലുമുള്ള മറ്റൊരു സാമ്യതയാണിത്. മായയെ അംഗീകരിക്കാത്തത് കൊണ്ടുതന്നെ അവരുടെ ദര്‍ശനം ജീവിതനിരാസത്തിനു കാരണമായില്ല. ഒരേ യാഥാര്‍ത്ഥ്യത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ് ആത്മ ചൈതന്യവും ഭൗതിക പ്രപഞ്ചവുമെന്നുള്ള വാദത്തെ രണ്ടുപേരുടെയും ചിന്താധാരയില്‍ കാണാം. സാമൂഹ്യ ജീവിതം നയിച്ചുകൊണ്ടു തന്നെ പാരമാര്‍ത്ഥിക സത്യത്തിന്റെ സാലോക്യത്തിലെത്തി ചേരുക എന്നതായിരുന്നു അവരുടെ സന്ദേശം.

പ്രപത്തിയേയും യോഗയേയും ശ്രീ രാമാനുജനും ശ്രീ അരവിന്ദനും സ്വന്തം സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗങ്ങളായല്ല ഉപയോഗിച്ചത്. ആ മാര്‍ഗങ്ങളുമായി ഏതെങ്കിലും ഗുഹാപീഠങ്ങളിലേക്കല്ല അവര്‍ പോയത്. സമൂഹമാകുന്ന ശരീരത്തില്‍ മറഞ്ഞു കിടക്കുന്ന ചൈതന്യത്തെ കണ്ടെത്തി സമൂഹശരീരത്തിനു നവോര്‍ജ്ജം നല്‍കാനായി അവര്‍ ഭൗതികതയിലേക്ക് ഇറങ്ങി വന്നു. ലഭിച്ച ആത്മാനന്ദത്തില്‍ പരിഗ്രഹ ബുദ്ധി പുലര്‍ത്താതെ അപരിഗ്രഹ ചിന്തയോടു കൂടി സമൂഹത്തിലെ മറ്റുള്ളവരെയും ആത്മാനന്ദത്തിന് അവകാശികളാക്കി തീര്‍ക്കുകയായിരുന്നു അവര്‍. ഇതില്‍ നിന്നും ഇരുവേദാന്തവും ചിട്ടപ്പെടുത്തിയിരിക്കുന്ന ജൈവിക വ്യവസ്ഥയുടെ പ്രാധാന്യം മനസ്സിലാക്കാം.

സച്ചിദാനന്ദ സ്വരൂപമാണ് പ്രപഞ്ചമെന്ന് ഇരുവരും വെളിപ്പെടുത്തുന്നുണ്ട്. ചരാചര സമൂഹവും ആ സ്വരൂപാംശം തന്നെ. ഭൗതികപ്രപഞ്ചത്തെ സേവിക്കുക എന്നത് പരംപൊരുളിനോടുള്ള സമര്‍പ്പണം തന്നെയായിരുന്നു ഇരുവര്‍ക്കും. സച്ചിദാനന്ദ സാക്ഷാല്‍ക്കാര അനുഭവത്തിന്റെ നിറവില്‍ തുടരുമ്പോഴും രണ്ടുപേരും സമൂഹത്തിന്റെ ജഡാവസ്ഥയിലേക്ക് വന്നെത്തി പ്രവര്‍ത്തിച്ചിരിക്കുന്നത് മുഴുവന്‍ സമൂഹത്തിനും അനുകരണീയമായ പ്രവര്‍ത്തനമാണ്.

സമൂഹത്തെ പാരമാര്‍ത്ഥിക സത്യത്തിലേക്ക് ഉദ്ഗമിപ്പിക്കാനുള്ള പ്രവര്‍ത്തനമായിരുന്നു ഇരുവരും നടത്തി വന്നിരുന്നത്. ഈശ്വര സാക്ഷാത്കാരം നേടിയവര്‍ സമൂഹത്തിലെ മറ്റു ജനതയ്ക്ക് കൂടി ആത്മജ്ഞാനത്തിന്റെ സ്വാതന്ത്ര്യത്തെ നേടിക്കൊടുക്കണമെന്നുള്ള സാമൂഹ്യദര്‍ശനമാണ് അവര്‍ പങ്കുവെച്ചത്.

ജഡവസ്തുവിനെ ആത്മാവിലേക്ക് പരിണമിപ്പിക്കുക എന്നതായിരുന്നു അവരുടെ സാമൂഹ്യ ഉദ്യമം. അജ്ഞാനത്താല്‍ പരമമായ സത്യത്തെ അനുഭവിച്ചറിയാതെ പോകുന്നവരുടെ ഉദ്ധാരണമായിരുന്നു ഇരുവേദാന്തത്തിന്റെയും കര്‍മ്മപദ്ധതി. ആത്മജ്ഞാനികള്‍ നിശ്ശബ്ദരാകരുത് എന്നുള്ള സന്ദേശമാണ് പൂര്‍ണ്ണ – വിശിഷ്ടാദ്വൈത വേദാന്തങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ആത്മജ്ഞാനം നേടിയവര്‍ സമൂഹത്തിലെ മറ്റുള്ളവരെ കൂടി ആ തലത്തിലേക്കുയര്‍ത്തി സമൂഹത്തില്‍ സുസ്ഥിരത സൃഷ്ടിക്കേണ്ടതാണ്. സമൂഹത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ സമൂഹത്തെ സഹായിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ അറിവുള്ളവര്‍ തുടരുന്ന മൗനം വലിയ സാമൂഹ്യ അനീതിയാണ്. സ്വാമി വിവേകാനന്ദന്‍ പറയുന്നു,

‘എല്ലാ ആത്മാവിലും ഏറ്റവും അജ്ഞനില്‍പ്പോലും ജ്ഞാന സര്‍വ്വസ്വം അടങ്ങിയിരിപ്പുണ്ട്. അയാള്‍ അത് ആവിഷ്‌ക്കരിച്ചിട്ടില്ല. സന്ദര്‍ഭം കിട്ടിയാല്‍ അയാളതു പ്രകാശിപ്പിക്കും. ഒരുവന്‍ മറ്റൊരുവനേക്കാള്‍ ഉയര്‍ന്നു ജനിക്കുന്നു എന്ന ആശയം വേദാന്തദൃഷ്ട്യാ അര്‍ത്ഥശൂന്യമാണ്.  രണ്ട് ജനതകളില്‍ ഒന്ന് ഉയര്‍ന്നതും മറ്റേത് താഴ്ന്നതുമാണെന്ന പറച്ചിലിന് ഒരര്‍ത്ഥവുമില്ല. മനുഷ്യ സമുദായ സേവനം ഒരു വിശേഷാവകാശമാണ്, വിശേഷാനുഗ്രഹമാണ്. എന്തെന്നാല്‍ അത് ഈശ്വരാരാധനയാണ്. ഈശ്വരന്‍ ഈ സര്‍വ്വ മനുഷ്യാത്മാക്കളിലുമായി ഇവിടെത്തന്നെയുണ്ട്. അവന്‍ മനുഷ്യന്റെ ആത്മാവാണ്.’
മനസ്സിന്റെ വൈകല്യമായി അജ്ഞാനത്തെ കാണാം. അങ്ങനെ ഉള്ളവരെ ചേര്‍ത്തുപിടിച്ച്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു അവരുടേത്. ആ അവസ്ഥയില്‍ തന്നെ അജ്ഞാനികള്‍ തുടര്‍ന്നാല്‍ അവര്‍ സമൂഹത്തില്‍ ഒരു നിഷേധാവസ്ഥ സൃഷ്ടിച്ചേക്കാം. ജ്ഞാനികളും അജ്ഞാനികളും തമ്മിലുള്ള പാരസ്പരിക ബന്ധത്തിലൂടെയാണ് സമൂഹത്തില്‍ ഐക്യം പുലരുന്നതെന്നുള്ള പാഠമാണ് ഇവരുടെ സാമൂഹ്യദര്‍ശനത്തിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്.

ജീവപരിണാമത്തിന്റെ, വ്യക്തിത്വ വികാസത്തിന്റെ ഉന്നതമായ സ്ഥിതിവിശേഷമായി ശ്രീ അരവിന്ദന്‍ കണ്ടിരുന്നത് ദിവ്യജീവിതത്തെ ആയിരുന്നു. എന്തായിരുന്നു ദിവ്യജീവിതം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്?

ചരാചരങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ, താദാത്മ്യത്തിന്റെ, ഐക്യത്തിന്റെ സമഗ്രമായ സമ്മേളനമാണത്. മൃതവും ജഡവും നീചവുമായ പ്രകൃതിയില്‍ നിന്നും അമൃതവും ചൈതന്യവും ഉന്നതവുമായ സ്വരൂപത്തിലേക്കുള്ള അതിക്രമണമാണത്. രാമാനുജ ചരിതം പരിശോധിച്ചാല്‍ ഗുരുവായ യാദവപ്രകാശനുണ്ടായ ദൈവികമായ വ്യക്തി പരിണാമം ശ്രീ അരവിന്ദന്‍ ലക്ഷ്യമാക്കിയ ദിവ്യപരിണാമം തന്നെയാണ്.

മേല്‍ക്കോട്ടയിലെയും ശ്രീ പെരുംപുത്തൂരിലേയും അശരണരും അബലരുമായ മനുഷ്യസമൂഹത്തിന്റെ അജ്ഞാന – ഭയപങ്കിലമായ മനസ്സിനെ പരിചരിച്ച് എത്തിച്ചേരേണ്ട യഥാര്‍ത്ഥ സ്ഥാനത്ത് അവരെ എത്തിക്കാന്‍ രാമാനുജാചാര്യര്‍ക്ക് സാധിക്കുകയുണ്ടായി. ഇവിടെ പൂര്‍ണ്ണ-വിശിഷ്ടാദ്വൈതങ്ങള്‍ സമഗ്രമായി സമ്മേളിക്കുന്നത് അഭിവ്യക്തമാകുന്നു. അതിരുകളില്ലാത്ത ചേതനയുടെ സാധ്യതകളെ തുറന്നുവിടുകയായിരുന്നു ഇരുവേദാന്തവും. ഒരു വ്യക്തിയുടെ മഹത്വം ആ വ്യക്തിയുടെ പദവിയിലോ പ്രസിദ്ധിയിലോ അല്ല സ്ഥിതി ചെയ്യുന്നത്. ആ വ്യക്തി ആന്തരികമായി എന്തായിതീരുന്നു എന്നതിലാണ്.
സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ വരെ അരവിന്ദദര്‍ശനം വ്യാപിച്ചു കിടക്കുന്നു. ഗാന്ധിജിയെ ശ്രീ രാമാനുജന്‍ സ്വാധീനിച്ചതു പോലെ ശ്രീ അരവിന്ദനും സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലാരംഭിച്ച സമരമുറകള്‍ക്കെല്ലാം പ്രചോദനം ശ്രീ അരവിന്ദദര്‍ശനം ആയിരുന്നു എന്ന് ഡോ. വേലായുധന്‍ നായര്‍ ‘അരവിന്ദദര്‍ശനം’ എന്ന സ്വന്തം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു (അരവിന്ദദര്‍ശനം 64). രണ്ട് വേദാന്തത്തേയും സ്വാതന്ത്ര്യ സമരരംഗത്താണ് ഗാന്ധിജി ഉപയോഗിച്ചിരുന്നത് എന്നത് അതിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.  അരവിന്ദ ഗീതാവ്യാഖ്യാനം ആക്രമണോത്സുക രാജ്യങ്ങളില്‍ നിന്നും കോളനിവല്‍ക്കരണത്തില്‍ നിന്നും മോചനം നേടി തന്നപ്പോള്‍, രാമാനുജ ഗീത അജ്ഞാനത്തില്‍ നിന്നും അനാത്മബോധത്തില്‍ നിന്നുമുള്ള മുക്തിയെ ഉറപ്പാക്കി. അജ്ഞാനവും അടിമത്തവുമായ സംഗ്രാമത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ഋണാത്മകവും ഋതാല്മകവുമായ ധാര്‍മികതയും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ശ്രീ അരവിന്ദനും ശ്രീ രാമാനുജനും അവതരിപ്പിച്ച വേദാന്തത്തിനു ഇന്നും സാധിക്കുന്നു.

സമൂഹത്തിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയാണ് രണ്ടുപേരും ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആത്മവാദികളായ രണ്ടുപേരും ഭൗതികപ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്തു. അരവിന്ദനേയും രാമാനുജനേയും സംബന്ധിച്ച് അത്യന്തിക യാഥാര്‍ത്ഥ്യത്തിന്റെ രണ്ട് തലങ്ങളായിരുന്നു ആത്മചൈതന്യവും ഭൗതിക പ്രപഞ്ചവും. ആത്മചൈതന്യത്തിന്റെ ഇരിപ്പിടമായിട്ടാണ് ഭൗതികശരീരത്തെ അവര്‍ കണ്ടിരുന്നത്. ശരീരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഭഗവദ് ഗീത പറയുന്നത് ‘ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേതകര്‍മ്മണ’ എന്നാണ്. അതായത് കര്‍മ്മം ചെയ്യാതിരുന്നാല്‍ ശരീര നിര്‍വഹണം പോലും സാധ്യമല്ല എന്ന്.

ആന്തരികമായി വ്യക്തി ആയിത്തീരേണ്ട പരിണാമത്തെയാണ് ഈ മാര്‍ഗങ്ങളിലൂടെ അവര്‍ ആവിഷ്‌ക്കരിച്ചത്. താഴ്ന്ന ജാതിയിലുള്ള ശിഷ്യനായ ധനുര്‍ദാസനെ എതിര്‍ത്ത ഉന്നതകുലജാത ശിഷ്യന്മാരുടെ ജാതിമനോഭാവത്തെ അവരെ ചേര്‍ത്തുനിര്‍ത്തി കൊണ്ടു തന്നെയായിരുന്നു ശ്രീ രാമാനുജന്‍ പരിഷ്‌ക്കരിച്ചെടുത്തത്. സാമൂഹ്യ കര്‍മ്മങ്ങളെല്ലാം ജനതയുടെ ആന്തരിക വികാസത്തിനും സര്‍വമുക്തിക്കും പര്യാപ്തമാകുന്ന വിധത്തിലാണ് പൂര്‍ണ്ണ-വിശിഷ്ടാദ്വൈത വേദാന്തങ്ങളുടെ രീതിശാസ്ത്രം അരവിന്ദനും രാമാനുജനും ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നാം ഭൗതിക പ്രപഞ്ചത്തെ അംഗീകരിക്കുക എന്നു പറഞ്ഞാല്‍ ആ വ്യാവഹാരിക സത്തയിലുള്ള എല്ലാ നിലനില്‍പ്പുകളുടെയും വൈവിദ്ധ്യത്തെ ബഹുമാനിക്കുക എന്നുള്ളതാണ്. ഇവിടെ വിശിഷ്ടാദ്വൈതത്തിന്റെ കാതലായ ആശയങ്ങളായ വൈവിദ്ധ്യം, വ്യത്യസ്തത, വ്യക്തി വിശിഷ്ടത, സഹജമായ സവിശേഷതകള്‍ തുടങ്ങിയവയിലേക്ക് എത്തുന്നു. ജീവനുകളുടെ വൈവിദ്ധ്യവും വ്യത്യസ്തവുമായ വിശിഷ്ടവ്യക്തിത്വത്തിനു വിശിഷ്ടാദ്വൈതം പ്രാധാന്യം നല്‍കുന്നു. അവിടെ, നമ്മുടെ അനശ്വര സാധ്യതകളുടെ, അനന്തചൈതന്യത്തിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്താന്‍ ജാതി, നിറം, പദവി, സമ്പത്ത് അങ്ങനെ ഒന്നിനും സാധിക്കില്ല. ശ്രീ അരവിന്ദന്റെ ഭാഷയില്‍  മനസ്സിന്റെ വിവിധ അടരുകളായ വര്യമനസ്സ്, പ്രബുദ്ധ മനസ്സ്, അന്തഃപ്രജ്ഞാത്മക മനസ്സ്, ഉപരിമനസ്സ്, അതിമനസ്സ് എന്നിവയിലൂടെ കടന്ന് സച്ചിദാനത്തില്‍ എത്തിച്ചേരുന്നു. അങ്ങനെ പ്രപഞ്ചത്തെ, സമൂഹത്തെ അവയുടെ സാകല്യത്തിലും ഏകത്വത്തിലും വീക്ഷിക്കാന്‍ ഒരു വ്യക്തിക്കു സാധിക്കുന്നതായി അരവിന്ദന്‍ അഭിപ്രായപ്പെടുന്നു.

ഇനി ഈ ജഡപ്രകൃതിയെ നോക്കൂ, ജീവിതത്തിന്റെ ഏകതാനത, സമത്വം ഈ ബാഹുല്യതയില്‍ നമുക്ക് ദര്‍ശിക്കാനാകുന്നുണ്ടോ? ദര്‍ശിക്കാന്‍ സാധിക്കുന്നു എങ്കില്‍ നമുക്ക് സമൂഹത്തെ ഐക്യപ്പെടുത്താന്‍ സാധിക്കും എന്നാണര്‍ത്ഥം. നരസിംഹ മെഹ്ത പാടിയതും ‘അദ്വേഷ്ടാ സര്‍വ്വ ഭൂതാനാം’ എന്ന് ശ്രീകൃഷ്ണന്‍ ഉദ്‌ഘോഷിക്കുന്നതും ഇതുതന്നെയാണ്. ”മിത്രസ്യ ചക്ഷുഷാ ഇക്ഷാമഹേ” എന്ന് യജുര്‍വേദം നല്‍കുന്ന മുന്നറിയിപ്പും ഇതുതന്നെയാണ് ജീവാത്മാവിന്റെ ഭൗതിക തലത്തേയും ആത്മതലത്തേയും പോഷിപ്പിക്കുക എന്ന വ്യക്തിപരവും സാമൂഹ്യപരവുമായ സ്വധര്‍മ്മമാണ് ശ്രീ അരവിന്ദനും രാമാനുജനും നിര്‍വഹിച്ചു വന്നിരുന്നത്. ഭൗതിക തലത്തില്‍ വ്യക്തിയുടെ സന്തോഷം, ഉത്തരവാദിത്തങ്ങള്‍, ധര്‍മ്മ അര്‍ത്ഥ കാമ മോക്ഷങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ആത്മതലത്തില്‍ ആന്തരിക ശക്തി ചേതനയുടെ സാക്ഷാത്ക്കാരവും ഇച്ഛാശക്തിയുടെ സാധ്യതകളും ഉള്‍പ്പെടുന്നു. ഈ രണ്ട് തലങ്ങളേയും തുല്യ അളവില്‍ പരിശീലിപ്പിക്കുമ്പോഴാണ് വ്യക്തിയുടെ വളര്‍ച്ചയും അതുവഴി വ്യക്തിക്ക് ലോകസംഗ്രഹം എന്ന സമഷ്ടി ഭാവവും കൈവരികയുള്ളൂ. ഈ പരിശീലനമാണ് അരവിന്ദ – രാമാനുജന്മാര്‍ സ്വന്തം ദര്‍ശന രീതിശാസ്ത്രത്തില്‍ പൂര്‍ണ്ണമാക്കിയത്. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ തലത്തില്‍ മാത്രം നിലനില്‍ക്കുന്നത് കൊണ്ട് വ്യക്തിയും അതുവഴി സമൂഹവും നേരിടുന്ന പ്രതിസന്ധികളേയും സംഘര്‍ഷങ്ങളേയും പരിഹരിക്കാനാണ് വ്യക്തിയെ ആത്മനിഷ്ഠനാക്കുന്ന പദ്ധതി ഇരുവരും ആവിഷ്‌ക്കരിച്ചത്. ഇന്ദ്രിയ തലത്തില്‍ തുടരുന്നത് കാരണമായി വ്യക്തി വൈകാരികവും മാനസികവുമായ അനവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. വ്യക്തിയും സമൂഹവും അങ്ങനെയൊരു ചട്ടക്കൂടില്‍ മാത്രം ഒതുങ്ങുന്നത് വ്യക്തിത്വ വികാസത്തിനു തടസ്സം സൃഷ്ടിക്കുന്നു.

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗത്തില്‍ പറയുന്നു, ‘ജീവന്റെ സംശുദ്ധിക്കും പരിപൂര്‍ണ്ണതയ്ക്കും സങ്കോച വികാസങ്ങളുണ്ടെന്നു വിശിഷ്ടാദ്വൈതികള്‍ പറയുന്നു. ജീവനു സ്വതസിദ്ധമായ (ഇപ്പോള്‍ സങ്കുചിതമായ) ജ്ഞാനനൈര്‍മല്യചൈതന്യങ്ങളെ വീണ്ടും പ്രകാശിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ജീവന് അനേകഗുണങ്ങളുണ്ട്. എന്നാല്‍ സര്‍വ്വജ്ഞത്വമോ സര്‍വ്വശക്തിത്വമോ ഇല്ല. ഓരോ ദുഷ്‌കര്‍മ്മവും ജീവനു സങ്കോചമുണ്ടാക്കും, സത്കര്‍മ്മം വികാസവും. ജീവന്‍ ഈശ്വരാംശം തന്നെ. ഭാരതീയ ജ്ഞാനപാരമ്പര്യത്തില്‍  പ്രവൃത്തിക്കും നിവൃത്തിക്കും തുല്യപ്രാധാന്യമാണുള്ളത്. പ്രവൃത്തി എന്ന ഭൗതികമായ കര്‍മ്മതലവും നിവൃത്തി എന്ന ആന്തരികമായ അപഗ്രഥനം അല്ലെങ്കില്‍ ആന്തരികമായ എത്തിനോട്ടവും കൂടി ഒരുമിച്ചു ചേരുമ്പോള്‍ മാത്രമാണ് വ്യഷ്ടി-സമഷ്ടി സങ്കലനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ. അജ്ഞരായ ജനതയെ കര്‍മ്മമേഖലയില്‍ പ്രജ്ഞരാക്കി, നിവൃത്തിയിലൂടെ ആത്മപ്രകാശനത്തിന് അവരെ പ്രാപ്തരാക്കുകയായിരുന്നു അരവിന്ദനും രാമാനുജനും. നിവൃത്തിയുടെ അഭാവത്തിലുള്ള പ്രവൃത്തി മാര്‍ഗ്ഗവും പ്രവൃത്തി ഇല്ലാത്ത നിവൃത്തി മാര്‍ഗ്ഗവും വ്യക്തിത്വ വികാസത്തിനോ സാമൂഹ്യ സഞ്ചലനത്തിനോ സഹായിക്കുന്നതല്ല. ആത്മീയതയേയും ഭൗതികതയേയും അടിസ്ഥാനമാക്കി കൊണ്ടുള്ള ദിവ്യജീവിതത്തിനു- (Divine Life) ശ്രീ അരവിന്ദന്‍ ജ്ഞാനഖഡ്ഗത്തെ വീശുമ്പോള്‍ ഇതേ അടിസ്ഥാനത്തില്‍ പ്രപത്തി ജീവിതത്തിനു (Life of- Sevice)- ശ്രീ രാമാനുജനും വിളംബരം മുഴക്കി.

കര്‍മ്മമേഖലയില്‍ മാത്രം മുഴുകാനും പാടില്ല. മനസ്സിന്റെ വ്യക്തിത്വത്തിന്റെ അത്യുന്നത തലങ്ങളിലേക്ക് നാം എത്തേണ്ടതുമാണ്. അതുകൊണ്ട് ആത്മചൈതന്യത്തെ നിരാകരിക്കാനും പാടില്ല. ആത്മജ്ഞാനം ഇല്ലാത്ത വ്യക്തി നിശ്ചിതമായ കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ അത് അനീതിയാണെന്ന് ശ്രീ ശങ്കരാചാര്യര്‍ ഗീതാഭാഷ്യത്തില്‍ പറയുന്നു (3.5). സാമൂഹ്യമനനത്തിനായി ഇരുവരും ഉയര്‍ത്തുന്ന ചോദ്യമിതാണ്. നമ്മുടെ ഉള്ളിലിരുന്നു കൊണ്ട് നമ്മെ നയിക്കുന്ന ശക്തിയെ അനുസരിക്കണോ? വിഷയഭോഗത്തിനായി ഇന്ദ്രിയങ്ങളുടെ അടിമകളായി തീരണോ?… ഒന്നിനേയും വിഭജിച്ചു കാണാത്ത ഒരു മനസ്സിനെ സൃഷ്ടിക്കാനാണ് അരവിന്ദന്‍ ആഹ്വാനം ചെയ്യുന്നത്.

ആത്യന്തിക യാഥാര്‍ത്ഥ്യമായ സച്ചിദാനന്ദ സ്വരൂപത്തിന്റെ സ്വാത്മ വ്യാപനമായാണ് പ്രപഞ്ചത്തേയും നിമ്‌നതലത്തിലുള്ള ജീവനേയും ശ്രീ അരവിന്ദന്‍ കാണുന്നത്. ഈ നിമ്‌നതലത്തിലുള്ള ജീവനെ ഉന്നതതലത്തിലുള്ള സച്ചിദാനന്ദ സ്വരൂപത്തിലേക്ക് പരിണമിപ്പിക്കുക എന്ന ദൗത്യമാണ് അരവിന്ദ ദര്‍ശനം  നിര്‍വഹിക്കുന്നത്. അരവിന്ദന്റെ അഭിപ്രായത്തില്‍ ജഡ വസ്തുവിനും ജീവനും മനസ്സിനും ഉന്നതതലത്തിലേക്ക് അല്ലെങ്കില്‍ അതിമനസ്സിലൂടെ സച്ചിദാനന്ദത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. മനസ്സ് ജഡ-ജീവനു സച്ചിദാനന്ദ പ്രകൃതി ഉണ്ടെന്നു അരവിന്ദന്‍ നിരീക്ഷിക്കുന്നു. പ്രപഞ്ചത്തിന്റെ വൈവിദ്ധ്യത്തെ അരവിന്ദന്‍ സ്വീകരിക്കുന്നു. വിവിധീകരണമില്ലാതെ പ്രപഞ്ചത്തിന്റെ അസ്തിത്വം സാധ്യമല്ല. ജീവാത്മാക്കളുടെ വൈവിദ്ധ്യത്തെ രാമാനുജനും അടിസ്ഥാനമാക്കുന്നുണ്ടല്ലോ. ഒരേ ബ്രഹ്മാംശം ആണ് സര്‍വ്വജഗത്തിലും കാണപ്പെടുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. അജ്ഞാനത്താല്‍ സ്വന്തം ധര്‍മ്മഭൂതജ്ഞാനസ്വരൂപത്തെ പ്രകാശിക്കാനാകാത്ത മേല്‍ക്കോട്ടയിലെയും കാഞ്ചിയിലെയും സമൂഹത്തെ രാമാനുജന്‍ ഉദ്ധരിക്കുന്നത് ദേശീയോദ്ഗ്രഥനത്തിനു സഹായിക്കുന്ന ചരിത്രനിര്‍മ്മിതിയാണ്. എന്നാല്‍ ഈ വൈവിദ്ധ്യത്തെ വിഘടിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രീതിയില്‍ വീക്ഷിക്കാതെ ഏകത്വത്തിന്റെ നാനാത്വമായി കാണുന്നിടത്താണ് സാമൂഹ്യമായ ഐക്യം പുഷ്ടിക്കപ്പെടുക. എന്താണ് ഇങ്ങനെയൊരു ബോധതലത്തിന്റെ പരിണാമത്തിനു രാമാനുജനും അരവിന്ദനും ഇത്രയും പ്രാധാന്യം നല്‍കിയത്? എന്താണ് ഈ ജൈവിക പരിണാമത്തിന്റെ സാമൂഹ്യവശം? എന്തുകൊണ്ടെന്നാല്‍ ചേതനയെ വിക്ഷേപണം ചെയ്യാത്ത പരിമിതിമായ മനസ്സിന് സര്‍ഗാത്മകത ഉണ്ടാകില്ല. സമൂഹത്തില്‍ നവരചനകള്‍ സൃഷ്ടിക്കാന്‍ പരിമിതമനസ്സിന് സാധിക്കാതെ വരുന്നു. നവസമൂഹത്തെ സൃഷ്ടിക്കാന്‍ പ്രപഞ്ചമാകെയും ഏകാത്മകതയെ ദര്‍ശിക്കുന്ന വ്യക്തികള്‍ക്കാണ് സാധ്യമാവുക. അപരിമിതവും അവിഘടിതവുമായ ബോധമണ്ഡലങ്ങള്‍ക്ക് സമൂഹത്തെ സ്വന്തം പിറകെ നടത്താന്‍ സാധിക്കുന്നു.

ഭഗവദ്ഗീതയില്‍ പറയുന്നത് പോലെ, ശ്രേഷ്ഠനായുള്ളവര്‍ എന്തൊക്കെ ചെയ്യുന്നുവോ അത് തന്നെ മറ്റുള്ള ജനങ്ങളും അനുവര്‍ത്തിക്കുന്നു. ആ ശ്രേഷ്ഠന്‍ എന്തിനെ പ്രമാണമായി സ്വീകരിക്കുന്നുവോ ലോകരും അതിനെ അനുകരിക്കുന്നു. (3.21)

ശ്രീരാമാനുജാചാര്യരും ശ്രീ അരവിന്ദ മഹര്‍ഷിയും സമൂഹത്തെ ഇങ്ങനെ ചലിപ്പിച്ചവരായിരുന്നു. സ്വന്തം ജീവിതകാലഘട്ടത്തിനു ശേഷവും അവരുടെ ശിഷ്യര്‍ സമൂഹത്തെ പുനഃസൃഷ്ടിച്ചുകൊണ്ടേയിരുന്നു എന്നതിലാണ് അവരുടെ വേദാന്തത്തിന്റെ പ്രാധാന്യം. ആത്മയോഗികളുടെ സമൂഹത്തിലേക്കുള്ള അവരോഹണമാണ് അജ്ഞാനികളെ അവരുടെ മനസ്സിന്റെ പരിമിതികളെ ഉല്ലംഘിച്ച് പരംപൊരുളിനെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നത് എന്നുള്ള നവവേദാന്തമാണ് ഇരുവരും പങ്കുവെക്കുന്നത്. വ്യക്തികള്‍ക്കായുള്ള പലവിധ ശക്തികളെ കുറിച്ച് അരവിന്ദന്‍ പറയുന്നത് ആ ശക്തികളെ നേടാന്‍ നമ്മെ സഹായിക്കും. മനസ്സിന്റെ ഉപരിമേഖലയായ അന്തഃപ്രജ്ഞ മനസ്സിന് സത്യദര്‍ശന ശക്തി, സത്യശ്രവണശക്തി, സത്യസ്പര്‍ശനശക്തി, സത്യവിവേചനശക്തി എന്നിങ്ങനെ ചതുര്‍വിധ ശക്തികളുണ്ടെന്നു ശ്രീ അരവിന്ദന്‍ സ്ഥാപിക്കുന്നു.

ശ്രീ രാമാനുജന്റെ സാലോക്യ, സാമീപ്യ, സായൂജ്യ, സാരൂപ്യ സത്യസാക്ഷാല്ക്കാരങ്ങളുമായി ഇത് വളരെ സാമ്യം പുലര്‍ത്തുന്നുണ്ട്. മനസ്സിന്റെ പിടിയില്‍ നിന്നും വ്യക്തികളെ വിമുക്തമാക്കി സത്യപ്രകാശത്തിനും സത്യസാക്ഷാത്ക്കാരത്തിനും സഹായിച്ചു കൊണ്ട് അവരാല്‍ സമൂഹത്തെ നയിക്കുക എന്ന സാമൂഹ്യ മനഃശാസ്ത്രമായിരുന്നു അരവിന്ദ-രാമാനുജന്റേത്. ശരീരത്തിന് വൈകല്യങ്ങള്‍ ഉള്ളതുപോലെ അജ്ഞാനത്തെ മനസ്സിന്റെ വൈകല്യമായി രാമാനുജനും അരവിന്ദനും പരിഗണിച്ചു. അവരെ ചേര്‍ത്തുപിടിച്ച് അജ്ഞരായ മനുഷ്യരുടെ ധര്‍മ്മഭൂതജ്ഞാനത്തെ പ്രകാശിപ്പിക്കുന്നതിനായി പ്രപത്തി ഉള്‍പ്പെടെയുള്ള ചതുര്‍വിധ മാര്‍ഗങ്ങളെ രാമാനുജന്‍ ജനങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്. ശ്രീ അരവിന്ദന്‍ അജ്ഞാനത്തെ ഭാഗികമായ അപൂര്‍ണ്ണ ജ്ഞാനം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വരൂപ അജ്ഞാനമെന്ന ആദിമ അജ്ഞാനം, പ്രപഞ്ചസ്വരൂപ അജ്ഞാനമെന്ന പ്രാപഞ്ചിക അജ്ഞാനം, അഹംബോധ അജ്ഞാനമെന്ന അഹം അജ്ഞാനം, കാലസ്വരൂപ അജ്ഞാനമെന്ന കാലിക അജ്ഞാനം, ഇന്ദ്രിയജ്ഞാനം സത്യമെന്ന മാനസിക അജ്ഞാനം, ശരീരം സത്യമെന്നു ചിന്തിക്കുന്ന ഘടനാപര അജ്ഞാനം, ഈ അജ്ഞാനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുന്ന പ്രായോഗിക അജ്ഞാനം എന്നിങ്ങനെ സപ്തവിധ അജ്ഞാനങ്ങളെ അരവിന്ദന്‍ അവതരിപ്പിക്കുന്നു. ശ്രീ രാമാനുജന്റെ സത്ഖ്യാതിവാദ – പഞ്ചീകരണസിദ്ധാന്തങ്ങളും ഭാഗിക ജ്ഞാനത്തെ അംഗീകരിക്കുകയാണ്. പ്രത്യക്ഷപ്രമാണം മുഖേന യഥാര്‍ത്ഥ വസ്തു മറ്റൊരു വസ്തുവായി ദൃശ്യമാകുന്നത് പൂര്‍ണ്ണമായും അയഥാര്‍ത്ഥമല്ലെന്ന് രാമാനുജന്റെ ജ്ഞാനമീമാംസയില്‍ കാണാം. വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെയോ അതിന്റെ പ്രായോഗിക പ്രവര്‍ത്തനക്ഷമതയോ അറിയാത്തത് മൂലമാണ് ഇത്തരത്തിലൊരു അജ്ഞാനത്തില്‍ ജീവന്‍ ബന്ധിക്കപ്പെടുന്നതെന്ന് രാമാനുജന്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ സ്വരൂപം പ്രപന്നന്റേതാണെന്നു ശ്രീ രാമാനുജന്‍ പറയുന്നു. ശ്രീ പെരുംപുത്തൂരിലെ അനേകം ജനതയെ ദിവ്യപ്രബന്ധമോതികൊണ്ട് അവരുടെ ആദിമഅജ്ഞാനത്തെ രാമാനുജന്‍ ഇല്ലാതാക്കിയതായി കാണാം.

പ്രപഞ്ചമെന്നത് ഈശ്വരന്റെ ശരീരമാണെന്നും പ്രപഞ്ചത്തിന്റെ പ്രസ്ഥിതി ഈശ്വരസ്വരൂപമാണെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ട് പ്രാപഞ്ചിക അജ്ഞാനത്തെ രാമാനുജന്‍ ദുരീകരിച്ചു. നമ്മുടെ യഥാര്‍ത്ഥ പദവിയെ കുറിച്ചുള്ള അജ്ഞാനത്തെ അഹം അജ്ഞാനമെന്നാണ് ശ്രീ അരവിന്ദന്‍ വിളിക്കുന്നത്. ബ്രഹ്മസ്വരൂപമായ ചരാചരങ്ങള്‍ക്ക് കൈങ്കര്യം അഥവാ സേവനം ചെയ്യുന്നതായിരിക്കണം നമ്മുടെ പദവിയെന്നു രാമാനുജന്‍ പറയുന്നു. അത് ജീവാത്മാവിനെ സാലോക്യ പദവിയില്‍ എത്തിക്കുമെന്നും ആചാര്യന്‍ പറയുന്നു. നമ്മുടെ യഥാര്‍ത്ഥപ്രകൃതി ശരീരമല്ലെന്ന് രാമാനുജ-അരവിന്ദന്മാര്‍ ഉദ്‌ഘോഷിക്കുന്നു. ശരീരമാണ് നമ്മുടെ ചേതനയെന്നുള്ള അജ്ഞാനത്തില്‍ നിന്നും പുറത്തുകടന്നു ധര്‍മ്മി-ധര്‍മ്മഭൂതജ്ഞാനത്തെ തിരിച്ചറിഞ്ഞു അപൃഥക് സിദ്ധിയെന്ന പാരസ്പര്യതയുടെ മൂല്യമറിഞ്ഞ് ജീവിക്കാനാണ് രാമാനുജാചാര്യര്‍ ഉദ്ദേശിക്കുന്നത്. ഈ അജ്ഞാനങ്ങളെല്ലാം ശരിയാണെന്നു ചിന്തിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ സംവിധാനം ചെയ്യുന്നത് പ്രായോഗിക അജ്ഞാനമാണ്. വര്‍ത്തമാന കാല സമൂഹവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഈ അജ്ഞാനത്തിന്റെ മണ്ഡലത്തിലേക്കാണ് ശ്രീ അരവിന്ദ-രാമാനുജന്മാര്‍ ആഴ്ന്നിറങ്ങിയത്. ഡോ. വേലായുധന്‍ നായര്‍ അരവിന്ദദര്‍ശനം എന്ന ഗ്രന്ഥത്തില്‍ പറയുന്നു, അതിചേതനയുടെ അജ്ഞാനത്തിലേക്കുള്ള അവഗാഹനമത്രെ സൃഷ്ടി (P. 233).അതിചേതനയുടെ തലത്തിലുള്ള വ്യക്തികള്‍ ഇങ്ങനെയൊരു സാമൂഹ്യ പുനരുദ്ധാരണത്തിന് തയ്യാറാകേണ്ടതാണ് എന്നുള്ള സന്ദേശമാണ് ഇതിലടങ്ങിയിരിക്കുന്നത്. അജ്ഞാനത്തില്‍ നിന്നും സ്ഥിതപ്രജ്ഞതയിലേക്കും വിഷാദത്തില്‍ നിന്ന് ആനന്ദസ്വരൂപത്തിലേക്കും സമൂഹത്തെ ഉയര്‍ത്തുക എന്നുള്ള ലക്ഷ്യത്തോടെ രാമാനുജ – അരവിന്ദായനം ഇന്നും തുടരുന്നു.

 

Tags: വേദാന്തംരാമാനുജന്‍മഹര്‍ഷി അരവിന്ദന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies