കവിത വികാരത്തിന്റെ കുത്തൊഴുക്കാണെന്ന് പറഞ്ഞവരുണ്ട്. വേറെയാരുമല്ല, ഇംഗ്ലീഷ് കവി വേര്‍ഡ്‌സ്‌വര്‍ത്ത്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു, ആ വികാരങ്ങള്‍ മനസ്സിന്റെ പരമശാന്തതയില്‍ സമാഹരിക്കപ്പെട്ടവയാണെന്നും. കവിതയുടെ ശുദ്ധതയാണ് അദ്ദേഹം തേടിയതെന്ന് വ്യക്തം. ഈ ലോകത്തിന്റെ സങ്കീര്‍ണമായ, നഗരവത്കൃതമായ, ആത്മാവ് നഷ്ടപ്പെട്ട കോലാഹലങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഒരു കവി അയാളുടെ മൗലികശോകങ്ങളിലേക്ക്, പരമശാന്തതയുടെ അറിവുകളിലേക്ക് മടങ്ങുമ്പോഴാണ് കവിത ഉണ്ടാകുന്നതെന്ന് വേര്‍ഡ്‌സ് വര്‍ത്ത് പറഞ്ഞു. അതൊരു സ്വാഭിപ്രായ ദൃഢതയും വൈയക്തികമായ ജ്ഞാനോദയവുമാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും യുക്തിബലങ്ങള്‍ക്കകത്ത് കവിത നിലവിളിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് കവി അവിടെ നിന്ന് മാറിപ്പോകുന്നു. അയാളുടെ ആത്മലോകം ഒരു വിശുദ്ധ ഗേഹമാണ്. അവിടെ സ്വകീയമായ സത്യാന്വേഷണങ്ങള്‍ക്ക് എപ്പോഴും സാധ്യതയുണ്ട്. ഈ തിരിച്ചറിവ് ഒരു കവിയെ സൃഷ്ടിക്കുകയാണ്. ബാഹ്യലോകത്തിന്റെ നിര്‍ദ്ദയമായ പ്രകടനങ്ങളെ കവി പ്രതിരോധിക്കേണ്ടതുണ്ട്. അവിടെ തരിശുഭൂമികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ട് മറ്റൊരു പച്ചപ്പ് തേടുകയാണ് കവി. ആ പച്ചപ്പ് ശാന്തവും അന്തര്‍മണ്ഡലവുമാണ്. അത് കറയറ്റ ഒരു സ്വരലോകമാണ്. അവിടെ ജ്ഞാനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതിജീവനം
വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ഈ കാഴ്ചപ്പാട് അല്പം പഴകിയതാണ്. കവിത ശാന്തതയില്‍ നിന്നുള്ള വികാരങ്ങളുടെ കുത്തൊഴുക്കാണെന്ന് പറഞ്ഞ് ഇന്ന് ലഘൂകരിക്കാനാവില്ല. അതിനേക്കാള്‍, കവിത സ്വയം അതിജീവനവും സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണവുമാണ്. അത് ആത്മാവിന്റെ ശുദ്ധവികാരങ്ങള്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല. കുറേക്കൂടി ഏകാന്തത അതില്‍ കലര്‍ന്നിരിക്കുന്നു. ഭാവനപോലും അപകടകരമായവിധം സാമ്പ്രദായികമായ ഈ കാലത്ത് കവി സ്വയം അന്വേഷിക്കുകയാണ് ചെയ്യുന്നത്. അപകടകരവും ധര്‍മ്മവിരുദ്ധവുമായ ഒരു കെണിയില്‍ അകപ്പെട്ട ആധുനികമനുഷ്യന്റെ ജീവിതം തന്നെ ഒരു കെണിയാണ്. അങ്ങേയറ്റത്തെ പൗരബോധവും ധര്‍മ്മബോധവും പ്രകടിപ്പിക്കുന്ന ഇന്നത്തെ മനുഷ്യന്‍ മൃഗങ്ങളോടും സഹജീവികളോടും തുടരുന്ന ക്രൂരത അവസാനിപ്പിച്ചിട്ടില്ല. പോത്തിന്റെയോ, ആടിന്റെയോ, വെന്ത തുടമാംസത്തില്‍ കടിച്ചുകൊണ്ട് മഹാമാനുഷിക സദാചാരത്തെക്കുറിച്ച് തത്ത്വശാസ്ത്രപരമായി സംസാരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. മനുഷ്യന്‍ അവന്റെ ഭാരത്തേക്കാള്‍ കൂടുതല്‍ മറ്റു മൃഗങ്ങളുടെ ഇറച്ചി രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കഴിച്ചുതീര്‍ക്കുകയാണ്. കടലിലൂടെ യഥേഷ്ടം സഞ്ചരിക്കുന്ന സ്രാവുകളെ പിടിച്ച് അതിന്റെ ചിറകുകള്‍ അരിഞ്ഞെടുത്തശേഷം സമുദ്രത്തിലേക്ക് തന്നെ പറഞ്ഞുവിടുന്നതായി അടുത്തിടെ വായിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്തിലെ വാര്‍ത്തയായിരുന്നു അത്. അതിപ്പോള്‍ എല്ലായിടത്തേക്കും വ്യാപിച്ചു കാണും. ആ സ്രാവ് ചിറകുകളില്ലാതെ തുഴഞ്ഞ് പരാജയപ്പെട്ട് കടലില്‍ എവിടെയെങ്കിലും അടിഞ്ഞു കിടക്കും. ഇത് കവിത പരാജയപ്പെട്ടതിന്റെ വ്യക്തമായ ചിത്രമല്ലേ? കവിത ആരെയും സ്വാധീനിച്ചിട്ടില്ല എന്ന് ഇത് തെളിവു നല്‍കുന്നു.
ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നു
അമേരിക്കന്‍ പെണ്‍കവി ഡയാനാ ഗ്‌ളന്‍സി മുപ്പത്തിയാറ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ കവിതയെക്കുറിച്ച് ചില വെളിപാടുകള്‍ നല്‍കുന്നുണ്ട്. വര്‍ത്തമാനകാലത്ത് ഒരു കവി എങ്ങനെ സ്വയം തിരിച്ചറിയുന്നു എന്ന ചോദ്യം അതിലുണ്ട്. അല്ലെങ്കില്‍, നാം എന്തായാണോ ജീവിക്കുന്നത്, അതിനപ്പുറത്ത് നമ്മള്‍ എങ്ങനെയെല്ലാം ജീവിക്കുന്നു എന്ന ചോദ്യമുണ്ട്. യാഥാര്‍ത്ഥ്യത്തിന് ഒരു മുഖമല്ല ഉള്ളതെന്ന് അവര്‍ കരുതുന്നു. അല്ലെങ്കില്‍ പല മുഖങ്ങളുണ്ട്. അതുകൊണ്ട് കവിതയുടെ പ്രധാന ലക്ഷ്യം ഈ ‘മുഖം’ ഏതാണെന്ന് കണ്ടുപിടിക്കുകയാണ്. അതോടെ ആ കണ്ടുപിടിത്തം നമ്മെക്കുറിച്ചുള്ള ഒരു തീര്‍പ്പുകല്പിക്കലായി മാറും.
ഗ്ലന്‍സി ഇങ്ങനെ എഴുതുന്നു: ”കവിത ഓര്‍മ്മയാണ്. ഇത് വലിയൊരു പാരമ്പര്യത്തില്‍ നിന്നാണ് വരുന്നത്. കവിത ഇതുവരെ എഴുതപ്പെട്ട എല്ലാ കവിതകളുടെയും ഭാഗമാണ്. അതിനുള്ളില്‍ വളരെ പ്രാചീനമായ ജീവിതവുമുണ്ട്. നമ്മുടെ ശ്വാസത്തെ, ഉണ്മയെ അതില്‍ തേടാവുന്നതാണ്. നമ്മള്‍ ജീവിക്കുന്ന ദുര്‍ഗ്രഹതയില്‍ നിഗൂഢതയില്‍ അര്‍ത്ഥത്തെ വ്യാഖ്യാനിക്കുന്നതുപോലെയാണത്. കവിത മറ്റൊരു പ്രപഞ്ചമാണ്. കവിതയില്‍ കാലെടുത്തുവച്ചവരുടെ മാത്രം പ്രപഞ്ചം.”
കവിതയിലേക്ക് ഒരാള്‍ പ്രവേശിക്കുന്നത് ഒരു അജ്ഞാതലോകവുമായുള്ള സംവാദമായിരിക്കണം. എല്ലാം നേരത്തെതന്നെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍, അത് കവിതയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ സൃഷ്ടിപ്രക്രിയയുടെ സാഹസികതയില്ല.
വായന
പ്രഭാകരന്‍ പഴശ്ശിയുടെ ‘മംഗളവനത്തിലെ പ്രേമയക്ഷി’ (കലാകൗമുദി) നല്ലൊരു കഥാനുഭവം തന്നു. മഴ, രാത്രി, യക്ഷി എന്നീ അനുഭവങ്ങളെ നല്ലൊരു ഭാവനയാക്കിയതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
പി.എന്‍. ഗോപീകൃഷ്ണന്റെ ശബ്ദം (മാതൃഭൂമി) എന്ന കവിത പരേതന്റെ പിതാവിന്റെ മനസ്സിലൂടെ കയറി ഇറങ്ങുകയാണ്. അഗാധമായ ചില അനുരണനങ്ങള്‍ ഈ കവിത ഉണര്‍ത്തിവിടാതിരുന്നില്ല. അച്ഛന്റെ ശബ്ദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അമ്മ നല്‍കുന്ന മറുപടി ഇങ്ങനെ: ”അത് ഇരിക്കുകയല്ല, എപ്പോഴും നടക്കുകയായിരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ഒരു മൃഗത്തെപ്പോലെ.” ഒരുപക്ഷേ, ജീവിത ദുരിതത്തില്‍ മുങ്ങുന്ന ഓരോ പിതാവിന്റെയും ശബ്ദം ഇങ്ങനെയായിരിക്കും.
കല്ലറ അജയന്റെ ‘ഇരുട്ടുപക്ഷം’ (കേസരി) എന്ന കവിതയിലെ ‘ചിതല്‍ചിത്തം ചിതംകെട്ട് മരവിച്ചു ചിറികോട്ടി’ എന്ന പ്രയോഗം ചിന്തിപ്പിച്ചു.
ആനന്ദിന്റെ ചിന്തകളാണ് പച്ചക്കുതിര മാസികയുടെ മാനിഫെസ്റ്റോ. ആനന്ദ് നിസ്വാര്‍ത്ഥചിന്തകനാണ്. പക്ഷേ, അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മെ എവിടെയും എത്തിക്കുകയില്ല. അത് വിശകലനം മാത്രമേ നിര്‍വ്വഹിക്കൂ: ലക്ഷ്യമില്ല. ‘പച്ചക്കുതിര’ ഇനിയും അതിന്റെ തട്ടകമോ ലക്ഷ്യമോ കണ്ടെത്തിയിട്ടില്ല. സമീപകാലം വരെ സാഹിത്യത്തോട് മുഖം തിരിച്ചുനിന്നു. ഇപ്പോള്‍ കഥകളും കവിതകളും ആകാമെന്നായി. ചില നക്‌സലൈറ്റുകളെ, ഓര്‍മ്മവരും ‘പച്ചക്കുതിര’യുടെ പേജുകള്‍ മറിക്കുമ്പോള്‍ – കവിതയോ കഥയോ വായിക്കാത്ത, അരസികരായ നക്‌സലൈറ്റുകളെ.
ശബരിമല, ശ്രീഅയ്യപ്പന്‍ സമാധിസ്ഥനായ സ്ഥലമാണെന്ന് പ്രൊഫ. കെ. ശശികുമാര്‍ (ഗുരുപ്രഭ) എഴുതുന്നു.
അനുരാഗത്തിന്റെ നക്ഷത്രദൂരം അളക്കുവാന്‍ നിന്റെ മിഴികളെ അളവുകോലാക്കുന്നുവെന്ന നാസര്‍ ഇബ്രാഹിമിന്റെ വരികള്‍ ഹൃദ്യമാണ് (സ്ത്രീശബ്ദം).
കുട്ടികളുടെ ആനന്ദം അറിവില്ലായ്മയുടേതാണെന്ന് പി.എ. നാസിമുദ്ദീന്‍ ‘ഒരാള്‍ ഒരിടം രണ്ടു യാത്ര’ (മലയാളം) എന്ന കവിതയില്‍ കുറിക്കുന്നു. അറിവില്ലാത്തതുകൊണ്ട് സൗന്ദര്യം എന്ന നിലപാട് ശരിയല്ല. കുട്ടികള്‍ നേടുന്ന ആനന്ദം ബ്രഹ്മമയമാണ്. ജീവന്റെ നൈസര്‍ഗികമായ സസ്യാത്മകമായ ആനന്ദമാണത്. അത് നഷ്ടപ്പെടുന്നതോടെ മനുഷ്യന്‍ ബുദ്ധിയുടെ ആനന്ദമാണ് തേടുന്നത്. അതാകട്ടെ പൂര്‍ണമായും ദുഃഖമയവും.
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവി പാമ്പുകടിയേറ്റ് മരിക്കുന്ന അവസാനരംഗം സച്ചിദാനന്ദന്‍ മറ്റൊരു കഥയായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. (അനന്തരം, മാതൃഭൂമി). ഇന്നത്തെ മാതൃഭൂമി വാരികയെ നയിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് സച്ചിദാനന്ദനും ശങ്കരപ്പിള്ളയും. എന്നാല്‍ സച്ചിദാനന്ദന്റെ ഈ ഖസാക്ക് കഥ സിദ്ധാന്തപരമായി ഔട്ട് ഓഫ് ഫോക്കസാണ്, നിലനില്‍ക്കില്ല. കാരണം രവിക്ക് ഇനി ഉയിര്‍ത്തുവരാനൊക്കില്ല. രവി മരിച്ചശേഷം മണ്ണാകുകയും ആ മണ്ണില്‍ കാലം കുറ്റിച്ചെടികളും മഴുകളുമായി രൂപാന്തരപ്പെടുകയും ചെയ്യുന്നതായാണ് വിജയന്‍ എഴുതിയിരിക്കുന്നത്. സച്ചിദാനന്ദനാകട്ടെ നോവലിന്റെ ആത്മാവ് വിട്ടിട്ട് കുറെ ജഡസംഭവങ്ങള്‍ വിവരിക്കുന്നു.
കാലടി സംസ്‌കൃത വാഴ്‌സിറ്റിയിലെ മലയാളം വകുപ്പ് ശ്രീനാരായണ ഗുരുവിന്റെ കവിതകളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതറിഞ്ഞു. യുജിസിയുടെ സാമ്പത്തിക സഹായമുള്ളതുകൊണ്ട് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാം. പക്ഷേ, ഗുരു നിന്നുകൊടുക്കുമെന്ന് തോന്നുന്നില്ല. അധ്യാപകരോട് മാത്രം മിണ്ടുന്ന, അദ്ധ്യാപകരോടു മാത്രം സൗഹൃദം സ്ഥാപിക്കുന്ന, ബാക്കി സമൂഹങ്ങളോടെല്ലാം പദ്ധതികളോടെ അകലം പാലിക്കുന്ന ഇന്നത്തെ ചില അദ്ധ്യാപകരുടെയെങ്കിലും ജീവിത വീക്ഷണത്തോട്, തീര്‍ത്തും അനാസക്തമായ, ബ്രഹ്മവിദ്യാപരമായ, അഹിംസാത്മകമായ, ജ്ഞാനകേന്ദ്രിതമായ, അന്‍പാര്‍ന്നതായ ഗുരുവിനു യോജിക്കാനാവില്ല.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, വാഗ്ഭടാനന്ദന്‍, തുടങ്ങിയവരുടെയൊന്നും ഒരു ചിത്രമോ വാക്യമോ മലയാളസിനിമയില്‍ കാണിക്കാറില്ല; പതിറ്റാണ്ടുകളായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ ഇതിനു അപവാദമായി കണ്ടേക്കും. ഇക്കാര്യത്തിലൊന്നും ഒരഭിപ്രായവും പ്രകടിപ്പിക്കാന്‍ പുരോഗമനകലാസംഘത്തിനോ, യുജിസി അദ്ധ്യാപകര്‍ക്കോ, സാഹിത്യ അക്കാദമിക്കോ ധൈര്യമില്ല. തിരക്കഥാക്യാമ്പുകളും ചലച്ചിത്ര സംവിധാനകളരികളുമൊക്കെ കൂണുപോലെ മുളയ്ക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം അദ്ധ്യാപനം യാന്ത്രികമാണ്, വിമുഖമാണ്.
ഈ കാലഘട്ടം വെറുപ്പിന്റെയും വിവേകശൂന്യതയുടെയും അന്തസ്സാരരാഹിത്യത്തിന്റെയും ദുര്‍മേദസ്സുകൊണ്ട് രോഗഗ്രസ്തമാണ്.
നുറുങ്ങുകള്‍
-
സച്ചിദാനന്ദന്റെയും സംഘത്തിന്റെയും സാഹിത്യ ഫെസ്റ്റിവല്‍ പ്രതീക്ഷിച്ചപോലെ, യാതൊരു ആശയവും മുന്നോട്ടുവയ്ക്കാനില്ലാതെ അവസാനിച്ചു. എഴുത്തുകാരെ വര്‍ഗീയമായി ചേരിതിരിക്കുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ തമസ്‌കരിക്കുകയുമാണ് ഫെസ്റ്റിവല്‍ മേല്‍നോട്ടക്കാരായ സച്ചിദാനന്ദ സംഘം ചെയ്തത്.
-
പതിറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ റോസാപ്പൂക്കള്‍ പോലെ സ്‌നിഗ്ദ്ധമായ വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. കവി എം.പി. അപ്പന്‍, എം.എച്ച് ശാസ്ത്രികള്‍, ജി.എന്‍.പിള്ള, ടി.എന്‍.ഗോപിനാഥന്‍ നായര്‍, കൈനിക്കര കുമാരപിള്ള, സി.പി.ശ്രീധരന്‍ തുടങ്ങിയവര്‍. ഇന്ന് അവരുടെ സ്ഥാനത്ത് സ്വാര്‍ത്ഥമതികളും വര്‍ഗീയ ചേരിതിരിവുകാരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
-
കേരളസാഹിത്യഅക്കാദമിയുടെ അവാര്‍ഡ് വീതം വയ്ക്കലും സന്തോഷിപ്പിക്കലും കഴിഞ്ഞ ദിവസം വിജയകരമായി നടന്നു. തികച്ചും രാഷ്ട്രീയപ്രേരിതമാണ് അക്കാദമി അവാര്‍ഡുകള്‍. രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളവര്‍ക്ക് അവാര്‍ഡുകൊടുക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് സാഹിത്യ അക്കാദമി. സര്‍ക്കാര്‍ ഈ രാഷ്ട്രീയപക്ഷപാതമുള്ള സാഹിത്യ സമീപനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. ഒരു കൃതിയുടെയും മൂല്യം പരിശോധിച്ച് അവാര്‍ഡുകൊടുക്കുന്ന സമീപനം അവിടെ ഇല്ല. വ്യക്തി താല്പര്യങ്ങളും രാഷ്ട്രീയ ബന്ധങ്ങളും മാത്രമേയുള്ളൂ.
-
പുരോഗമനകലാസാഹിത്യസംഘത്തിന്റെ മുഖമുദ്ര അസ്പൃശ്യതയാണ്. സാഹിത്യകാരന്മാരെ മുന്‍വിധിയോടെ അസ്പൃശ്യരായി കാണുകയാണ്. ‘കൃതി’ സാഹിത്യോത്സവം അതിന്റെ തെളിവാണ്.
-
”ആത്മജ്ഞാനമില്ലാത്തവന്‍ ശവമാണ്” എന്ന് യോഗവാസിഷ്ഠത്തില്‍ പറഞ്ഞത്, തന്നെ ഏറെ സ്വാധീനിച്ചതായി സുകുമാര്‍ അഴീക്കോട് എഴുതിയിട്ടുണ്ട്. പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ പരിഭാഷപ്പെടുത്തിയ ‘വസിഷ്ഠസുധ’ (യോഗവാസിഷ്ഠസാരം) എന്ന ഗ്രന്ഥത്തിനെഴുതിയ അവതാരിക (1996)യിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. ചിന്തിക്കാതിരിക്കുന്നത് ഏറ്റവും വലിയ ദുരന്തമാണെന്ന് യോഗവാസിഷ്ഠം ചൂണ്ടിക്കാട്ടുന്നു. വിചാരശൂന്യനായി ജീവിക്കുന്നത് മലത്തില്‍ പുഴുവായിരിക്കുന്നതിനേക്കാള്‍ മോശമാണെന്ന് വിവരിക്കുന്നുണ്ട്.